Wednesday, April 8, 2009

ഇടതുപക്ഷം: ഉയിര്‍ത്തെഴുന്നേല്‍പിന്റെ ഒരു പതിറ്റാണ്ട്

ശ്രീ. കെ എന്‍ പണിക്കരുമായി പി പി ഷാനവാസ് നടത്തുന്ന അഭിമുഖം

ഇടതുപക്ഷം എന്ന ആശയം ഇന്ത്യയില്‍ നാമ്പെടുത്തത് എങ്ങനെയാണ്?

പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ ഇടതുപക്ഷ ആശയം ഇന്ത്യയില്‍ വേരോടുന്നുണ്ട്. യുട്ടോപ്യന്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഇക്കാലത്ത് ഇന്ത്യയിലെ പല ബുദ്ധിജീവികളുടെയും ചിന്താമണ്ഡലത്തില്‍ ഇടം നേടിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ പല ആനുകാലികങ്ങളിലും ഇടതുപക്ഷ ആശയങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കാറല്‍ മാക്സിനെക്കുറിച്ച് കേരളത്തിലും പഞ്ചാബിലും ഓരോ ജീവചരിത്ര കൃതി പുറത്തിറങ്ങി. ലോകത്താകെ ഇടതുപക്ഷ സോഷ്യലിസ്റ് ആശയങ്ങളും കമ്യൂണിസ്റ്റ് വിപ്ലവ പ്രവര്‍ത്തനവും മുന്നേറിയ കാലഘട്ടമായിരുന്നു അത്. വ്ളാഡ്മീര്‍ ഇലിയച്ച് ഉളിയനോവ് ലെനിന്റെ സോഷ്യലിസ്റ്റ് മാതൃക സോവിയറ്റ് യൂണിയനില്‍ സാക്ഷാല്‍ക്കാരം കണ്ടു. സോവിയറ്റ് യൂണിയന്‍ സോഷ്യലിസത്തിന്റെ ഒരു വാഗ്ദത്ത ഭൂമിയായി പലരും ഉള്‍ക്കൊണ്ടു. ബ്രിട്ടീഷ് കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ ആദ്യകാലത്ത് പലായനം ചെയ്യേണ്ടിവന്ന പല വിപ്ലവകാരികളും അന്താരാഷ്ട്ര ബന്ധങ്ങള്‍ സ്ഥാപിച്ചു. എം എന്‍ റോയിയും, മുസാഫര്‍ അഹമ്മദുമെല്ലാം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളായി ഉയര്‍ന്നുവന്നു. തല്‍ഫലമായി സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിക്കപ്പെട്ടു.

തൊള്ളായിരത്തി ഇരുപതുകളില്‍ ആരംഭിച്ച ഗാന്ധിപ്രസ്ഥാനവും ഒരര്‍ഥത്തില്‍ ഇടതുപക്ഷ സ്വഭാവത്തിലുള്ളതായിരുന്നില്ലേ?

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് ഒരു ജനകീയ സ്വഭാവം കൊണ്ടുവന്നത് ഗാന്ധിജി ആയിരുന്നു. തൊഴിലാളികളെയും കര്‍ഷകരെയും അദ്ദേഹം ഇന്ത്യന്‍ദേശീയ പ്രസ്ഥാനത്തില്‍ പങ്കാളികളാക്കി. കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തു. അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി അഖിലേന്ത്യാ സമ്മേളനങ്ങളില്‍ പ്രമേയങ്ങള്‍ പാസ്സാക്കി. ഇടതുപക്ഷം വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത്. അവര്‍ നിസ്വവര്‍ഗത്തെ സംഘടിപ്പിച്ചത് മുതലാളിത്തവുമായി ആ വര്‍ഗങ്ങളുടെ വൈരുധ്യത്തെ കണക്കിലെടുത്തുകൊണ്ടാണ്. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തിന്റെ സമരരൂപങ്ങള്‍ വ്യത്യസ്തമായി. ഗാന്ധിജി സാമൂഹ്യ ജീവിതത്തിലെ സാമ്പത്തിക വൈരൂധ്യങ്ങളും അധികാര ശ്രേണീബന്ധങ്ങളും അല്ല കണക്കിലെടുത്തത്. അദ്ദേഹം സാധാരണക്കാരെ സംബോധന ചെയ്തത് കൊളോണിയല്‍ വിരുദ്ധസമരത്തിന് കൂടുതല്‍ ജനപിന്തുണ സമാഹരിക്കുക എന്ന ലക്ഷ്യം വച്ചായിരുന്നു . അതുകൊണ്ട് സാമ്പത്തിക അസമത്വത്തിന്റെ പ്രശ്നം ചര്‍ച്ചക്കു വന്നപ്പോള്‍ ട്രസ്റ്റിഷിപ്പിലൂടെ അതിനു പരിഹാരം കാണണമെന്നാണ് ഗാന്ധിജി നിര്‍ദേശിച്ചത്. മുതലാളിത്തത്തിന്റെ കാരുണ്യം സ്ഥിതിസമത്വം കൊണ്ടുവരും എന്ന കാഴ്ച്ചപ്പാട് അപ്രായോഗികമാണെന്ന് ഇടതുപക്ഷം തിരിച്ചറിഞ്ഞു.

ജന്മിത്വത്തിന്റെയും കൊളോണിയലിസത്തിന്റെയും ദ്വിമുഖ ചൂഷണം എന്ന ആശയത്തിന്മേലായിരുന്നു ഇടതുപക്ഷം പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസില്‍ നിന്നു വ്യത്യസ്തമായ പ്രത്യയശാസ്ത്രമായിരുന്നു അത്. ഇന്ത്യയിലെ പല പ്രദേശങ്ങളിലും ജനങ്ങളെ തങ്ങളുടെ നേതൃത്വത്തിനു കീഴില്‍ അണിനിരത്താനും ഭൂസമരങ്ങളെ ചാലകശക്തിയാക്കാനും അവര്‍ക്കായി. ഈ പ്രവര്‍ത്തനത്തില്‍ ജന്മിത്വത്തിന്റെ ഗുണ്ടാപ്പടയെയും കൊളോണിയല്‍ സര്‍ക്കാരിന്റെ പൊലീസിനെയും അവര്‍ക്ക് നേരിടേണ്ടിവന്നു. ആ സമരങ്ങള്‍ ഇന്ത്യയില്‍ പലയിടത്തും വീരേതിഹാസങ്ങള്‍ രചിക്കുകയും ചെയ്തു. കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ വിപുലമായ ക്യാന്‍വാസില്‍ നിന്നുകൊണ്ടുതന്നെയാണ് ഇടതുപക്ഷം ജനങ്ങളുടെ പ്രശ്നം ഏറ്റെടുത്തുകൊണ്ട് സവിശേഷമായ രീതിയില്‍ വര്‍ഗസമരങ്ങളില്‍ ഇടപെട്ടത്. അങ്ങനെ അവര്‍ ദേശീയ പ്രസ്ഥാനത്തിലും പങ്കാളികളായി.

1942 ആകുമ്പോള്‍ ഇടതുപക്ഷം ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുന്ന ഒരു സ്ഥിതി ഉണ്ടായില്ലേ?

വളരെ വിഷമംപിടിച്ച ഒരു രാഷ്ട്രീയ സ്ഥിതിയാണ് ഇടതുപക്ഷത്തിന് നേരിടേണ്ടിവന്നത്. ഫാസിസം ഒരുവശത്ത്, സാമ്രാജ്യത്വം മറുവശത്ത്. രണ്ടിനെയും എതിര്‍ക്കുന്നവരാണ് ഇടതുപക്ഷം. ഫാസിസം അപ്പോഴേക്കും വ്യത്യസ്തമായ ഒരു രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. ഒരു ആഗോള വിപത്തായി വിപുലമായിക്കൊണ്ടിരിക്കുന്ന ഹിറ്റ്ലറുടെ നാസിപ്പടയുടെ ഭീഷണിയെ നേരിടാന്‍ രണ്ടാംലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് സഖ്യത്തിനെ സഹായിക്കേണ്ടതാണെന്ന നിലപാടാണ് ഇടതുപക്ഷം കൈക്കൊണ്ടത്. ഗാന്ധിജിയും കോണ്‍ഗ്രസുമാകട്ടെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി മുന്നോട്ടുപോയി. ദേശീയസമരത്തിന്റെ ശക്തമായ ഒരു തിരതള്ളലിന്റെ സാധ്യതയെ ഇടതുപക്ഷത്തിന് ഉപയോഗിക്കാനാകാതെ പോയി. സോവിയറ്റ് യൂണിയന്‍ ഫാസിസത്തിനെതിരായി രംഗത്തുവന്നത് ഇടതുപക്ഷത്തെ സ്വാധീനിച്ച ഒരു ഘടകമായിരുന്നു. ഫാസിസത്തെയും സാമ്രാജ്യത്വത്തെയും ഒരുപോലെ എതിര്‍ക്കാന്‍ ഇടതുപക്ഷത്തിന് കഴിയേണ്ടതായിരുന്നു.

സാര്‍വദേശീയ കാഴ്ച്ചപ്പാട് ദേശീയ യാഥാര്‍ഥ്യങ്ങളോട് ഇണക്കികൊണ്ടുപോകാന്‍ കഴിയാത്തതുകൊണ്ടല്ലേ ഇതു സംഭവിച്ചത്?

സാര്‍വദേശീയ കാഴ്പ്പപ്പാടില്‍ നിലയുറപ്പിച്ചു തന്നെ തനതായ ഒരു സമര രൂപത്തിന്റെ ആവശ്യകതയാണ് ഇവിടെ ഉയരുന്നത്. തനതായ ജീവല്‍ പ്രതിഭാസങ്ങളില്‍ ഇടപെടണം. അതോടൊപ്പം സാര്‍വദേശീയമായ ഫാസിസ്റ്റ് ഭീഷണിയെ നേരിടുകയും വേണം. ഇതിനെ രണ്ടിനെയും ക്രിയാത്മകമായി ബന്ധിപ്പിക്കുന്നതാണ് ഒരു കമ്യൂണിസ്റ്റ് പാര്‍ടിയുടെ കര്‍ത്തവ്യം.

സമഗ്രമായ പരിഹാരരൂപങ്ങള്‍ തേടുന്ന കാഴ്ച്ചപ്പാട് നമ്മെ എപ്പോഴും പ്രതിസന്ധിയിലാക്കുന്നു. നാം എപ്പോഴും മോഡലുകള്‍ തേടുന്നു. സോവിയറ്റ് രീതി, ചൈനീസ് മാര്‍ഗം തുടങ്ങിയ ചര്‍ച്ചകള്‍ എല്ലാകാലത്തും ഇടതുപക്ഷത്തെ തര്‍ക്കഭൂമിയാക്കിയിട്ടുണ്ട്. കേരളത്തെക്കുറിച്ചു പറയുമ്പോള്‍ ബംഗാള്‍ മോഡലോ ചൈനീസ് മോഡലോ ആണ് വിഭാവനം ചെയ്യുന്നത്. ഇത് സവിശേഷ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയുന്നതിന് തടസ്സമാവുകയല്ലേ?

മോഡലുകളുടെ ഉപയോഗം ഉണ്ട്. മറ്റ് സമൂഹങ്ങളുടെ അനുഭവം വളരെ പ്രധാനപ്പെട്ടതാണ്. അവ മാര്‍ഗദര്‍ശകങ്ങളാവുകയുംചെയ്യാം. പക്ഷേ റഷ്യന്‍ മോഡലായാലും ചൈനീസ് സമീപനമായാലും അവയെല്ലാം തങ്ങളുടെ സാഹചര്യത്തെ മാര്‍ക്സിസത്തിന്റെ രീതികള്‍ ഉപയോഗിച്ച് കൈകാര്യം ചെയ്ത അനുഭവങ്ങളാണ്. അങ്ങനെ അവയെല്ലാം ഓരോ പാഠങ്ങള്‍ നിര്‍മിച്ചു. ഈ പാഠം ഒരു റഫറല്‍ പോയിന്റാണ്. അതിനപ്പുറം ഒന്നുമല്ല. റഷ്യയാണോ ചൈനയാണോ ശരി എന്ന തര്‍ക്കങ്ങള്‍ അര്‍ഥശൂന്യമായിത്തീരുന്നത് അതുകൊണ്ടാണ്. ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നമ്മുടെ പ്രശ്നങ്ങളെ ക്രിയാത്മകമായി സമീപിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

പലപ്പോഴും പ്രാദേശിക സാമൂഹിക ഇടങ്ങളില്‍ നടത്തിയ ഇടപെടലുകളാണ് പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയത്. എ കെ ജി യുടെ പ്രവര്‍ത്തന ശൈലി, ഭാഷാ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം എന്നിവയെല്ലാം ഉദാഹരണങ്ങള്‍. ഇടതുപക്ഷം വ്യവഹാരാത്മകമായി (discursive) ഇടപെട്ടപ്പോഴാണ് വിജയം വരിക്കാനായത് എന്ന് ഇന്നു പറയുകയാണെങ്കില്‍?

കൊളോണിയല്‍ വ്യവസ്ഥയോട് പ്രതികരിച്ചുകൊണ്ടാണ് ആധുനിക രാഷ്ട്രീയവും ദേശീയസ്വത്വബോധവും വളര്‍ന്നുവരുന്നത്. അതേസമയത്തുതന്നെ ഓരോ പ്രദേശത്തും തനതായ സാമൂഹ്യസാമ്പത്തിക പ്രശ്നങ്ങളുണ്ട്. ബംഗാളിലെ നീലം കൃഷിക്കാരുടെ പ്രശ്നങ്ങള്‍ കേരളത്തിലെ കാണക്കുടിയാന്മാരുടെ പ്രശ്നങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നുവല്ലോ? ഇവയുടെ സങ്കീര്‍ണതയുമായി രാഷ്ട്രീയത്തെ ബന്ധപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിച്ചത്. ഇതില്‍ എല്ലായ്പ്പോഴും വിജയംനേടാന്‍ കഴിഞ്ഞില്ല. കഴിഞ്ഞിടത്തൊക്കെ ഇടതുപക്ഷം മുന്നേറുകയുംചെയ്തു.

മറ്റൊരു പ്രശ്നം 1947 ആകുമ്പോഴേക്ക് ദേശീയത ഒരു യാഥാര്‍ഥ്യമാകുന്നുണ്ട്. അതിനകത്തെ ഭാഷാദേശീയതയുടെ പ്രശ്നം സ്വാഭാവികമായും പൊന്തിവന്നു. ഇന്ത്യന്‍ ദേശീയത തന്നെ എന്താണെന്ന നിര്‍വചനം ഇതിലൂടെ പ്രശ്നവല്‍ക്കരിക്കപ്പെട്ടു. അതിനൊരു പ്രായോഗിക പരിഹാരം വേണം. ഭാഷാ ദേശീയതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് രാഷ്ട്രീയ രൂപീകരണം നടക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇന്ത്യന്‍ ദേശീയതയുടെതന്നെ കെട്ടുറപ്പിന് ഇത് അടിത്തറയിട്ടു എന്നു വേണം പറയാന്‍. ഇന്ത്യന്‍ ദേശീയത മറ്റ് യൂറോപ്യന്‍ ദേശരാഷ്ട്രങ്ങള്‍ക്ക് സംഭവിച്ചപോലെ ബാള്‍ക്കണൈസ് ചെയ്യപ്പെടാതെ നിലനില്‍ക്കുന്നത് ഇതു കൊണ്ടാണ്. ഭാഷാടിസ്ഥാനത്തിലുള്ള തനത് ദേശീയതയെ തിരിച്ചറിയുന്നതില്‍ നാം വിജയിച്ചതുകൊണ്ടാണ്. അതിനെ പ്രായോഗികമായി സാക്ഷാത്കരിക്കുന്നതിലും സൈദ്ധാന്തികമായി നിര്‍വചിച്ചതിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രധാന പങ്കു വഹിച്ചു. ഇത് പ്രസ്ഥാനത്തിന്റെ ജനകീയാടിത്തറയെ വിപുലമാക്കി.

ഇടതുപക്ഷ ആശയങ്ങള്‍ ഗാന്ധിജിയും നെഹ്റുവുമെല്ലാം തങ്ങളുടേതാക്കി മാറ്റി. ബാങ്ക് ദേശവല്‍ക്കരണം വഴി പില്‍ക്കാലത്ത് ഇന്ദിരാഗാന്ധി തന്നെ ഇടതുപക്ഷ ആശയങ്ങളുടെ വക്താവായി ജനപ്രീതിനേടി. ഇതും ഇടതുപക്ഷത്തെ ബാധിച്ചില്ലേ?

ഇത് ആവര്‍ത്തിച്ചു പഴകിയ ഒരു വാദമാണ്. അധികാരത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കായി സമ്മര്‍ദം ചെലുത്തി അത് ഭരണവര്‍ഗത്തെക്കൊണ്ട് അംഗീകരിപ്പിക്കുക എന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. ഇന്ത്യയുടെ ഭരണനേതൃത്വം ഇപ്രകാരമെടുത്തിട്ടുള്ള പല നടപടികളും ഇടതുപക്ഷ സാന്നിധ്യത്തിന്റെ വിജയത്തെയാണ് കാണിക്കുന്നത്. ഒരു സമ്മര്‍ദ ശക്തിയായി ഇടതുപക്ഷം വര്‍ത്തിക്കുക എന്ന കാഴ്ച്ചപ്പാട് സ്വാതന്ത്ര്യസമരകാലംമുതല്‍ കാണാന്‍ കഴിയും. 1947 നു ശേഷം ഒട്ടനവധി സന്ദര്‍ഭങ്ങള്‍ ഇതിനു തെളിവായിട്ടുണ്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഗോത്ര നിയമവുമെല്ലാം ഇപ്രകാരം ഇടതുപക്ഷ സാന്നിധ്യവും സമ്മര്‍ദവും സ്വാധീനവും മൂലം സാധ്യമായ കാര്യങ്ങളാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ ക്ഷേമം എന്നതാണ് മുന്നിലുള്ള പ്രശ്നം. രാഷ്ട്രീയത്തിന്റെ വിപുലമായ മണ്ഡലത്തില്‍ ഇത്തരം കാര്യങ്ങള്‍ സാധ്യമാകുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിനേല്‍ക്കുന്ന തിരിച്ചടിയായി കാണരുത്. പല ജനഹിത പദ്ധതികളും ബൂര്‍ഷ്വ ഭരണകൂടങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ജനങ്ങളുടെ അവബോധത്തില്‍ ഇടതുപക്ഷ ആശയങ്ങളുടെ സ്വാധീനമാണ് അവരെ അത്തരം നടപടിയിലേക്ക് നയിച്ചത്. തങ്ങളുടെ വര്‍ഗതാല്‍പര്യങ്ങളുമായി യോജിക്കാത്ത പദ്ധതികള്‍ ബൂര്‍ഷ്വാ ഭരണകൂടങ്ങള്‍ ഏറ്റെടുക്കില്ല. അപ്പോള്‍ അതിനായി സമ്മര്‍ദവും സമരവും നടത്തുക ഇടതുപക്ഷ പ്രവര്‍ത്തനത്തിന്റെ പ്രധാന ഭാഗമാണ്. അതില്‍ വിജയം കാണുമ്പോള്‍ അത് ഇടതുപക്ഷത്തിന്റെ പരാജയമായി കാണരുത്.

സൈദ്ധാന്തികമായ പിഴവുകള്‍ക്കും പിളര്‍പ്പുകള്‍ക്കും പിന്നോട്ടടിക്കും ശേഷം ഇടതുപക്ഷം ഒരു റീസര്‍ജന്‍സ് നടത്തുന്ന അനുഭവമുണ്ട്, ഇന്ന് ഇന്ത്യയില്‍. ഇടതുപക്ഷ നേതാക്കള്‍ ദേശീയതലത്തില്‍ ആദരിക്കപ്പെടുന്ന പ്രതിഛായകളുടെ ഉടമകളായിത്തീരുന്നു. രാഷ്ട്രീയ പ്രതിസന്ധിയുടെ ഘട്ടത്തില്‍ ഇടതുപക്ഷ നേതാക്കളുടെ അഭിപ്രായങ്ങള്‍ക്കായി കാതോര്‍ക്കുന്നു. ഇതു വാസ്തവമല്ലേ?

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്നത്തേക്കാളും വര്‍ധിച്ചിരിക്കുന്നു. മാറിവന്ന ദേശീയ രാഷ്ട്രീയ സമവാക്യങ്ങളാണ് ഈ സ്ഥിതി സൃഷ്ടിച്ചത്. വര്‍ഗീയതയുടെയും സാമ്രാജ്യത്വത്തിന്റെയും തിരതള്ളലുണ്ടാകുമ്പോള്‍ ഇടതുപക്ഷനിലപാട് പ്രാധാന്യംനേടുക സ്വാഭാവികമാണ്. മതനിരപേക്ഷത ആശയതലത്തിലും പ്രയോഗമേഖലയിലും സാക്ഷാത്കരിച്ച ഒരേ ഒരു പ്രസ്ഥാനം ഇടതുപക്ഷമാണ്. അതോടൊപ്പം സാമ്രാജ്യത്വത്തിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രഖ്യാപിക്കുന്നതും ഇടതുപക്ഷമാണ്. ഇന്ത്യയില്‍മാത്രമല്ല ആഗോളതലത്തില്‍തന്നെ ഇടതുപക്ഷത്തിന്റെ ശബ്ദം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. സമകാലീന രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് വ്യത്യസ്തമായൊരു ഇമേജ് ഉണ്ടായിരിക്കുന്നു. അതേസമയം, ഇന്ത്യയുടെ വികസനപ്രക്രിയക്ക് എതിരാണ് ഇടതുപക്ഷം എന്ന ആശയമാണ് വലതുപക്ഷം പ്രചരിപ്പിക്കുന്നത്. വികസനത്തെക്കുറിച്ച് ഇടതുപക്ഷത്തിന്റെ പരിപ്രേക്ഷ്യം നിലവിലുള്ള ഭരണവര്‍ഗങ്ങളില്‍നിന്ന് വിഭിന്നമാണ്. പക്ഷേ അതിന്റെ ജനകീയ സ്വഭാവം തിരിച്ചറിയപ്പെടുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ്. എങ്കില്‍മാത്രമേ ഇടതുപക്ഷം ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന ആശയം സാമൂഹ്യാവബോധത്തിന്റെ ഭാഗമാകുകയുള്ളു. ദിവസത്തില്‍ 20രൂപയില്‍ താഴെ വരുമാനമുള്ള 75 ശതമാനം ജനങ്ങളുടെ ശബ്ദമാണ് ഇടതുപക്ഷം എന്ന് തിരിച്ചറിയപ്പെടണം.

ദേശീയ രാഷ്ട്രീയത്തില്‍ ഒരു പ്രതിസന്ധി ഉടലെടുത്തപ്പോള്‍ മൂന്നാം ചേരിയുടെ ശക്തികള്‍ ഇടതുപക്ഷത്തിനെയാണ് നേതൃത്വമേറ്റെടുക്കാന്‍ ക്ഷണിച്ചത്. സുര്‍ജിത്തിനും ജ്യോതിബസുവിനും, ഇപ്പോള്‍ പ്രകാശ് കാരാട്ടിനും ദേശീയ രാഷ്ട്രീയത്തില്‍ സമവായത്തിന്റെ നായകഛായ കൈവന്നു...

ഈ പ്രതിഛായ സൃഷ്ടിച്ചത് ഹര്‍കിഷന്‍സിങ് സുര്‍ജിത് ആയിരുന്നു. വര്‍ഗീയതയുടെ ഭീഷണിയെ നേരിടാന്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എല്ലാവരും വിലമതിച്ചു. വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ അദ്ദേഹംചെയ്ത ശ്രമങ്ങള്‍ ശ്ളാഘനീയമാണ്. വര്‍ഗീയതയ്ക്കും സാമ്രാജ്യത്വ ഭീക്ഷണിക്കുമെതിരെ ഐക്യത്തിന്റെ ചാലകമാകാന്‍ നടത്തിയ ആ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഇന്ന് പ്രകാശ് കാരാട്ടും സഹപ്രവര്‍ത്തകരും മുന്നോട്ട് കൊണ്ടുപോകുന്നു. പക്ഷേ അത്തരത്തില്‍ ഇടതുപക്ഷം സമവായത്തിന്റെ ശക്തിയായാല്‍ മാത്രം പോര. മധ്യവര്‍ത്തിയുടെ റോളില്‍ നിന്ന് ഉയര്‍ന്ന് രാഷ്ട്രീയ കൂട്ടായ്മയുടെ നേതൃത്വം ഏറ്റെടുക്കാന്‍ ഇടതുപക്ഷം മുന്‍കൈയെടുക്കണം. അതിന് സഹായകമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞു വരുന്നത്.

വര്‍ഗീയ ഇതര, കോണ്‍ഗ്രസ് ഇതര ഗവണ്‍മെന്റ് ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. ആ ഗവണ്‍മെന്റിന് ഈ ആദര്‍ശങ്ങളോട് പ്രതിബദ്ധത വേണം. ഇടതുപക്ഷം പിന്‍താങ്ങിയ യുപിഎ സര്‍ക്കാരിന് അത്തരമൊരു പ്രതിബദ്ധതയില്ലെന്ന് തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടാണല്ലോ ഇടതുപക്ഷത്തിന് പിന്തുണ പിന്‍വലിക്കേണ്ടിവന്നത്. ആ കാഴ്ച്ചപ്പാട് ഉണ്ടാകാനും പ്രാവര്‍ത്തികമാക്കാനും ഇടതുപക്ഷത്തിനു നേതൃത്വമുണ്ടെങ്കിലേ സാധ്യമാകൂ. അത്തരം ഒരു ഘട്ടത്തിലേക്ക് ഇന്ത്യന്‍ ഇടതുപക്ഷം പ്രവേശിക്കേണ്ടതുണ്ട്.

40 കളിലെയും 60 കളിലെയും വിപ്ലവത്തെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ എത്രത്തോളം കാലികമാണ്?

വിപ്ലവത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ചരിത്രവല്‍ക്കരിച്ചുകൊണ്ടു മാത്രമേ സാധ്യമാകുകയുള്ളൂ. എല്ലാ സാമൂഹ്യ രാഷ്ട്രീയ സന്ദര്‍ഭങ്ങളിലും ഒരുപോലെ പ്രായോഗികമായ വിപ്ല സിദ്ധാന്തങ്ങളില്ല. 1917ല്‍ വിപ്ലവത്തിന്റെ അനിവാര്യതയെക്കുറിച്ച് ലെനിന്‍ പറഞ്ഞതിന്റെ അര്‍ഥമതാണ്. വിപ്ലവ കാഴ്ച്ചപ്പാടുകള്‍ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിലാണ് ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിജയം കിടക്കുന്നത്. ഇന്ന് നിലനില്‍ക്കുന്ന പാര്‍ലമെന്ററി സംവിധാനത്തിനകത്തെ ജനാധിപത്യപ്രക്രിയയില്‍ ഇടപെടാന്‍, ഇന്നത്തെ സാഹചര്യം എത്തരത്തിലാണെന്ന് തിരിച്ചറിയണം. ഒരു ജനാധിപത്യ-മതനിരപേക്ഷ കൂട്ടായ്മയിലൂടെ ചരിക്കുവാനും, അതില്‍ നേതൃത്വപരമായി ഇടപെടാനും കഴിയുന്നതിലൂടെയേ ഇന്നത്തെ രാഷ്ട്രീയത്തിന്റെ ശരിയായ വക്താവാകാന്‍ ഇടതുപക്ഷത്തിനു കഴിയൂ.

ഇന്ത്യയില്‍ ഇടതുപക്ഷം ഇന്ന് ഒരു തെന്നിന്ത്യന്‍-കിഴക്കേ ഇന്ത്യന്‍ പ്രതിഭാസമാണ്. ഉത്തരേന്ത്യയില്‍ ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ സാന്നിധ്യം സാമാന്യമായി ഉണ്ടായിരുന്നല്ലോ...

വടക്കേ ഇന്ത്യയില്‍ ഇടതുപക്ഷം ഒരിക്കലും ഗണ്യമായ ഒരു രാഷ്ട്രീയ ശക്തിയായി വളര്‍ന്നിട്ടില്ല. തെക്കേ ഇന്ത്യ തന്നെയായിരുന്നു ഒരു പ്രധാന കേന്ദ്രം. ആന്ധ്രയില്‍ ഉണ്ടായിരുന്ന ശക്തി പില്‍ക്കാലത്ത് നഷ്ടപ്പെട്ടതാണ്. മഹാരാഷ്ട്രയിലും കുറച്ചൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ ഹിന്ദി ബെല്‍റ്റില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി, യുപിയിലും ബീഹാറിലും രാജസ്ഥാനിലും സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബംഗാളിലും കേരളത്തിലും ഇടതുപക്ഷം ശക്തിപ്പെട്ടത് അവിടങ്ങളിലെ ജനപ്രശ്നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടതുപക്ഷം മുഴുകി. ഓരോ പ്രദേശത്തെയും സാമൂഹ്യ വൈരുധ്യങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിച്ചു. ഈ സവിശേഷ സമരങ്ങളെ ദേശീയതയുമായി ബന്ധപ്പെടുത്തി സമരമുഖങ്ങള്‍ തുറക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞു. അങ്ങനെ സാമൂഹ്യാവബോധത്തില്‍ വലിയ പരിവര്‍ത്തനം കൊണ്ടുവരാനായി. ഇപ്രകാരം പ്രവര്‍ത്തിച്ച ഇടങ്ങളില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല എന്നതിനാല്‍ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ, അവബോധതലത്തില്‍ നടത്തുന്ന പരിവര്‍ത്തനത്തിലൂടെയാണ് ഇടതുപക്ഷത്തിന് നിതാന്തമായ ഒരു സാന്നിധ്യമാകാന്‍ കഴിയുക.

ഇടതുപക്ഷം പോയകാലത്ത് രണ്ട് മുദ്രാവാക്യങ്ങള്‍ ഒരുമിച്ച് ഉയര്‍ത്തിയാണ് പ്രവര്‍ത്തിച്ചത്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ. ഇന്ന് ഈ മുദ്രാവാക്യങ്ങളുടെ പ്രസക്തിയെന്താണ്?

സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ പത്തുവര്‍ഷമായി പ്രസക്തി വര്‍ധിച്ചിരിക്കുന്നു. പുതിയ സാമ്രാജ്യത്വരൂപങ്ങള്‍ രംഗത്തു വന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണ്. അതിനു കീഴ്പ്പെടാനുള്ള പ്രവണതയാണ് ഇന്ത്യന്‍ ഭരണവര്‍ഗം പ്രദര്‍ശിപ്പിക്കുന്നത്. അതിനാല്‍ സാമ്രാജ്യത്വ വിരുദ്ധത കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. ജന്മിത്വത്തേക്കാള്‍ ഇന്ന് മുതലാളിത്തമാണ് ഭീഷണി ഉയര്‍ത്തുന്നത്. പുതുതായി വളര്‍ന്നു വന്ന മുതലാളിത്ത ശക്തികള്‍ സമ്പത്തിനെ കീഴടക്കി വെച്ചിരിക്കുകയാണ്. അത് പല മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കാര്‍ഷിക മുതലാളിത്തത്തെ ഈ പൊതുപ്രവണതയുടെ ഭാഗമായി വേണം കാണാന്‍. കാര്‍ഷിക മേഖലയില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന വൈരുധ്യത്തെയും പരാധീനതകളെയും ആഗോളീകരണ സന്ദര്‍ഭത്തില്‍ ഉരുത്തിരിയുന്ന സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെടുത്തേണ്ടിയിരിക്കുന്നു.

സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെ എന്ന മുദ്രാവാക്യമാണ് ഇന്ന് ഇടതുപക്ഷം ഉയര്‍ത്തുന്നത്. ഫാസിസവും സംഘപരിവാരശക്തികളും നാടുവാഴിത്തത്തിന്റെ ഒരവശിഷ്ടം തന്നെയാണെന്ന കാഴ്ച്ചപ്പാടുണ്ടല്ലോ...

ഫാസിസത്തിനെതിരെ എന്ന മുദ്രാവാക്യം പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഫാസിസവും വര്‍ഗീയതയും നാടുവാഴിത്തത്തിന്റെ റെമ്നന്റ് ആണ് എന്ന് പറയാനാവില്ല. അത്തരം ഒരംശം അതിലുണ്ട്. ജന്മിത്വവും നാടുവാഴിത്തവും അവസാനിക്കുന്നതുകൊണ്ട് വര്‍ഗീയത അവസാനിക്കുന്നില്ല.

സാംസ്കാരിക പിന്നോക്കാവസ്ഥയുടെയും മറ്റും പ്രശ്നങ്ങള്‍ വര്‍ഗീയതയിലും ഫാസിസത്തിലുമുണ്ട്. എന്നാല്‍ മുതലാളിത്തവുമായി ബന്ധപ്പെട്ടു വളര്‍ന്ന മധ്യവര്‍ഗത്തിന്റെ അടിത്തറയിലാണ് വര്‍ഗീയത വളരുന്നത്. അതിനാല്‍ മധ്യവര്‍ഗാവബോധത്തിനെതിരായ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുവേണം ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യത്തെ കാണാന്‍. പ്രത്യേകിച്ചും വര്‍ഗീയതയെ ഇന്ത്യയിലെ മുതലാളിത്ത ശക്തികള്‍ തങ്ങളുടെ ഒരു പ്രത്യയശാസ്ത്രമായാണ് ഉപയോഗിക്കുന്നത്.

ഇവിടെ സാമ്രാജ്യത്വ വിരുദ്ധതയ്ക്കാണോ ഫാസിസ്റ്റ് വിരുദ്ധതയ്ക്കാണോ മുന്‍തൂക്കം കൊടുക്കേണ്ടത് എന്ന തര്‍ക്കം വരുന്നുണ്ട്. ചിലര്‍ സാമ്രാജ്യത്വത്തേക്കാള്‍ ഫാസിസത്തെ ഭീഷണിയായിക്കാണുന്നു. ചിലര്‍ തിരിച്ചും...

ഫാസിസത്തിനെതിരായ സമരം സാമ്രാജ്യത്വത്തിനെതിരായ സമരം പോലെത്തന്നെ പ്രധാനപ്പെട്ടതാണ്. ഫാസിസം ഇന്ത്യയില്‍ ആന്തരികമായി വളര്‍ന്നുവന്ന യാഥാര്‍ഥ്യമാണ്. അതിനെതിരായ പ്രവര്‍ത്തനം വേണം. അതേസമയം സാമ്രാജ്യത്വം, അത് ഇന്ത്യയില്‍ ഫാസിസവുമായി സന്ധി ചെയ്യാന്‍ ഇടയുണ്ട്. ബിജെപി സര്‍ക്കാര്‍ അമേരിക്കയോട് വളരെ വിധേയത്വമാണ് പ്രകടിപ്പിച്ചിരുന്നത്. ഇന്ന് ഇതില്‍ ഏതെങ്കിലും ഒന്നിന് മുന്‍തൂക്കം കൊടുക്കേണ്ടതില്ല. രണ്ടും ഒരു പോലെ അപകടകരമാണ്, എതിര്‍ക്കപ്പെടേണ്ടതാണ്.

80-കളിലാണ് ഹിന്ദുത്വ ശക്തികള്‍ കരുത്താര്‍ജിച്ചത്. 92-ല്‍ ബാബറി മസ്ജിദും 2000-ല്‍ ഗുജറാത്തും 2008-ല്‍ ഒറീസയും അരങ്ങേറി. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇന്ത്യയില്‍ നിയോലിബറലിസം ക്രമാനുഗതമായി വളരുന്നതും കാണാം. 2000 ആകുമ്പോഴേക്കും അതിന്റെ വിധ്വംസക മുഖം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ഫാസിസം ഒരാന്തരിക ശക്തി മാത്രമല്ല. പുത്തന്‍ സാമ്രാജ്യത്വ വികാസത്തിന് സമാന്തരമായും അനുബന്ധമായും ഒത്തുചേര്‍ന്നും സംഭവിക്കുന്ന ഒന്നാണ്. അവ നിയോലിബറലിസത്തിന് മണ്ണൊരുക്കുന്നു, സാധുതയായിത്തീരുന്നു...

സാമ്രാജ്യത്വം വര്‍ഗീയതയുമായി സന്ധി ചെയ്യുന്നു. വര്‍ഗീയത സാമ്രാജ്യത്വത്തിന് മണ്ണൊരുക്കുന്നു. ഇതില്‍ കൂടുതലായി, വര്‍ഗീയതയെ സാമ്രാജ്യത്വം ഉപയോഗിക്കുകയാണ്. തിരിച്ച് സാമ്രാജ്യത്വത്തെ വര്‍ഗീയതക്കും ഉപയോഗിക്കാം. മതമൌലികതയെ സാമ്രാജ്യത്വം എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ട്. സാമ്രാജ്യത്വവുമായി അടുപ്പം ബി ജെപിയും കോണ്‍ഗ്രസും നിലനിര്‍ത്തി. സാമ്രാജ്യത്വത്തിന് അനുകൂലമായ സന്ദര്‍ഭം സൃഷ്ടിച്ചത് ബിജെപിയാണ്. കോണ്‍ഗ്രസ്സാണ് വാതില്‍ തുറന്നത് എങ്കില്‍ക്കൂടി.

ഫാസിസം സാമ്രാജ്യത്വ വികസനത്തിന്റെ മറ്റൊരു മുഖമാണ് പലപ്പോഴും പ്രദര്‍ശിപ്പിക്കുന്നത്. മനുഷ്യ സെറ്റില്‍മെന്റിനെ ഇല്ലായ്മ ചെയ്ത്, വികസനത്തിന്റെ ഇടനാഴികളും പരപ്പുകളും മേഖലകളും ഉണ്ടാക്കുക. ഫാസിസത്തിന്റെ വംശഹത്യകള്‍, ദരിദ്രരുടെ ഇടങ്ങളെ ഇല്ലായ്മ ചെയ്യുന്ന വികസനബുള്‍ഡോസറായി പ്രവര്‍ത്തിക്കുന്നു. ഫാസിസത്തിന്റെ പരീക്ഷണശാലയായി തീര്‍ന്ന ഗുജറാത്ത് തന്നെ വികസനത്തിന്റെയും നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും വേദിയാകുന്നു. മോഡി വികസന നായകനാകുന്നു. മാറാട് കലാപം ജനങ്ങളെ കുടിയൊഴിപ്പിച്ച് വെളിമ്പറമ്പുകള്‍ സൃഷ്ടിക്കുന്നതിലേക്കാണ് നയിച്ചത്. അവിടെ ഇനി ഐടി പാര്‍ക്കുകള്‍ കൊണ്ടുവരാം...

വര്‍ഗീയതയുടെ പ്രവര്‍ത്തനം വളരെ സങ്കീര്‍ണമാണ്. വര്‍ഗീയതയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധം, അല്ലെങ്കില്‍ സാമ്രാജ്യത്വ വികസന പ്രക്രിയയും ഫാസിസവും തമ്മിലുള്ള ബന്ധം ലളിതമായ സമവാക്യങ്ങള്‍ കൊണ്ട് മനസ്സിലാക്കാനായി എന്നു വരില്ല. സാമ്രാജ്യത്വത്തിന്റെ സാന്നിധ്യം വികസനവുമായി ബന്ധപ്പെട്ട് കടന്നുവരുമ്പോള്‍ അതിന്ന് പ്രത്യയശാസ്ത്ര സ്വാധീനം ലഭിക്കുന്നു. ഇവിടെ വികസനത്തിന്റെ പരിണത ഫലങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. നല്ല റോഡുകള്‍ ഉണ്ടാക്കാനും മറ്റ് വികസന സാധ്യതകള്‍ തുറക്കാനും തടസ്സമാണെന്നു വരുമ്പോള്‍ നിര്‍ദയമായ ബലപ്രയോഗങ്ങള്‍ നടന്നെന്നു വരും. ഇന്ത്യയിലെ ദരിദ്രരോടു നടത്തിയ പല അക്രമങ്ങളുടെയും പിന്നില്‍ സാമ്രാജ്യത്വവും മുതലാളിത്ത വികസനവുമുണ്ട്. അത് അടിയന്തരാവസ്ഥക്കാലത്ത് തുര്‍ക്ക്മാന്‍ ഗേറ്റില്‍ നിന്ന് ആരംഭിക്കുന്നു.

വര്‍ഗീയത എന്ന പ്രതിഭാസം ഗ്രാമീണമായ ഒന്നല്ല. അതൊരു നഗരപ്രതിഭാസമായാണു പലപ്പോഴും കണ്ടുവരുന്നത്. നഗരവികാസത്തിന്റെ ഭാഗമായി ഒരു ഭാഗത്ത് ദാരിദ്ര്യവല്‍ക്കരണവും ചേരികളുടെ രൂപീകരണവും നടക്കുന്നു. വികസനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഈ ചേരികള്‍ തന്നെ ഒരു തടസ്സമായിത്തീരുന്നു. അപ്പോള്‍ അതില്ലായ്മചെയ്യുക ആവശ്യമായി വരുന്നു. സഞ്ജയ്ഗാന്ധി ഡല്‍ഹിയില്‍ നടത്തിയ ബുള്‍ഡോസര്‍ വികസനം ഉദാഹരണം. നിയോ-ലിബറലിസത്തിന്റെ അക്രമാസക്തമായ വികസന തേരോട്ടത്തില്‍, വര്‍ഗീയതയും വംശശുദ്ധീകരണവും നടക്കുന്നത്, നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ട ദാരിദ്ര്യത്തിന്റെ മേഖലകളിലാണ്. ഈ കാര്യം പ്രസക്തമല്ലേ?

ഫാസിസം അത്തരമൊരു ആധുനികവല്‍ക്കരണം ആവശ്യപ്പെടുന്നുണ്ട്. ഈ ശ്രമത്തില്‍ അത് പലതിനെയും എലിമിനേറ്റ് ചെയ്യും. വംശീയമായ ഒരു ആശയത്തിന്റെ പേരിലാണെങ്കില്‍ ഇത് കുറേക്കൂടി എളുപ്പമാണ്. ഇപ്രകാരം വികസനവും ഫാസിസവുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ സങ്കീര്‍ണമായ പല പ്രത്യയശാസ്ത്ര പ്രശ്നവും കടന്നുവരുന്നുണ്ട്. ചേരികള്‍ പൊളിച്ചുനീക്കാതെ വികസനം സാധ്യമല്ല. അതിനാല്‍ അത്തരം ദാരിദ്ര്യത്തിന്റെ മേഖലകളെ നിര്‍മാര്‍ജനം ചെയ്യണം. അപ്പോള്‍ അവരുടെ അവകാശങ്ങളെച്ചൊല്ലി ചോദ്യം ഉയരും. അതിന്റെ ബാധ്യത നിയോ-ലിബറല്‍ ശക്തികള്‍ വഹിക്കാന്‍ തയ്യാറാകാതെ എലിമിനേഷന്‍ എന്ന യുക്തിയില്‍ എത്തിച്ചേരുന്നു. ഗുജറാത്തിലെ വികസനത്തിന്റെ ഒരു വശം അതാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു.

ഫാസിസത്തെ ഒരു വംശീയ പ്രതിഭാസമായി ചുരുക്കിക്കാണുമ്പോള്‍, നിയോ- ലിബറല്‍ വികസനവും നിയോ ഫാസിസവും തമ്മിലുള്ള ജൈവബന്ധത്തെ കാണാതെ പോകുന്നു...

ഇത് ഫണ്ടമെന്റല്‍ ആയ ചോദ്യമാണ്. ഫാസിസത്തിന്റെ വേരുകള്‍ എന്താണ് എന്ന പ്രശ്നം. ഇതില്‍ രണ്ടുകാര്യങ്ങളുണ്ട്. ഒന്ന് ദാരിദ്ര്യവല്‍ക്കരണം. രണ്ട് ഫണ്ടമെന്റലിസം. ദരിദ്രരായവരെ ഫണ്ടമെന്റലിസത്തിനായി ഉപയോഗിക്കാന്‍ കഴിയും. ഫണ്ടമെന്റലിസം ദരിദ്രരുടെ ഐഡിയോളജിയായി മാറുന്നു. ഗുജറാത്തില്‍ കലാപസമയത്ത് കൊലയും കൊള്ളയും നടന്നു. കവര്‍ച്ചയും കൊള്ളയും പ്രത്യേകിച്ച് ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യം വെച്ചല്ല. സാമ്പത്തിക ലക്ഷ്യമാണുണ്ടായിരുന്നത്. അതിനാല്‍ ദാരിദ്ര്യത്തിന് ഒരു പോംവഴി കാണാതെ ഫാസിസത്തിന് പരിഹാരമില്ല എന്നു വരുന്നു.

ഇവിടെ സാമ്രാജ്യത്വ വിരുദ്ധതയും ഫാസിസ്റ്റ് വിരുദ്ധതയും പ്രയോറിറ്റൈസ് ചെയ്യുന്നതിലുള്ള പ്രശ്നം വരുന്നു. അവ രണ്ടായി കാണേണ്ടതല്ല എന്നു വരുന്നു..

അറകളായി തിരിച്ചുകൂട. രണ്ടിനെതിരെയുമുള്ള പ്രവര്‍ത്തനം പ്രാമുഖ്യമുള്ളതാണ്. സാമ്രാജ്യത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയിലുള്ള വൈരൂധ്യങ്ങളെ വര്‍ധിപ്പിക്കുന്നു. ദാരിദ്ര്യം കൂട്ടുന്നു. ഇത് അബ്സൊല്യൂട്ട് പവര്‍ടി ആയിക്കൊള്ളണമെന്നില്ല. ജീവിതനിലവാരത്തിലുള്ള വലിയ വിടവുകള്‍. ഇത് ഒരു തരത്തിലുള്ള സെന്‍സ് ഓഫ് ഡിപ്രിവേഷന്‍ സൃഷ്ടിക്കുന്നു. ഇത് പല മാനസിക-സാമൂഹിക സങ്കീര്‍ണതകള്‍ക്കും വഴിവെക്കുന്നു. പല സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നു. മധ്യവര്‍ഗത്തിന്റെ മനഃശാസ്ത്രം ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നു.

ഈ പൊതുപശ്ചാത്തലത്തില്‍ നോക്കിക്കാണുമ്പോള്‍ എന്താണ് ഇടതുപക്ഷത്തിന്റെ ഇന്നത്തെ പ്രസക്തി?

ഇന്ത്യയില്‍ ഔദ്യോഗിക കണക്കുപ്രകാരം 66 ശതമാനം ജനങ്ങള്‍ ഒരുദിവസത്തില്‍ 20 രൂപയില്‍ കുറവ് വരുമാനമുള്ളവരാണ്. യഥാര്‍ഥ കണക്ക് ഇത് 85 ശതമാനം വരെ വരും. നമുക്ക് ഔദ്യോഗിക കണക്കു തന്നെ പരിഗണിക്കാം. 20 രൂപയ്ക്ക് ഒരു നേരത്തെ ശരിയായ ആഹാരം പോലും കിട്ടില്ല. അത്തരം ഒരു വലിയ വിഭാഗമാണ് ഇന്ത്യയില്‍ അധിവസിക്കുന്നത്. അവരില്‍ ചെറിയ പക്ഷം മാത്രമേ സംഘടിതരായുള്ളൂ. ബാക്കിയെല്ലാവരും അസംഘടിതരാണ്. ഈ വിഭാഗത്തെ സംഘടിപ്പിക്കുക, അവര്‍ക്ക് നേതൃത്വം കൊടുക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ഇന്ത്യയിലെ പ്രസക്തി. നമ്മുടേത് വളര്‍ന്നുവരുന്ന ഒരു രാജ്യമാണ്. അതിന് സമ്പന്നതയുടെ മേഖലയുണ്ട്. എന്നാല്‍ ഏറിയകൂറും ദരിദ്രരാണ്. വലിയവിഭാഗം ജനങ്ങള്‍ക്ക് സമീകൃതാഹാരം കിട്ടുന്നില്ല. അനാരോഗ്യവും പോഷകക്കുറവും ജനങ്ങളുടെ മുഖത്തുനോക്കിയാല്‍ അറിയാം. അതിനു പലപ്പോഴും കണക്കുകള്‍ നോക്കേണ്ട ആവശ്യമില്ല. ഈ വിഭാഗത്തിന്റെ പ്രശ്നം ഏറ്റെടുക്കാന്‍ കഴിയുന്ന ഏക ശക്തി ഇടതുപക്ഷമാണ്.

കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണല്ലോ. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പിന്റെ പ്രസക്തി എന്താണ്?

അഖിലേന്ത്യാതലത്തില്‍ നിന്ന് കേരളം വ്യത്യസ്തമാണ്. കേരളം രണ്ടു മൂന്ന് പ്രശ്നങ്ങള്‍ നേരിടുന്നു. ഒന്ന് വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹം കേരളത്തിലുണ്ട്. പ്രത്യേകിച്ചും മധ്യവര്‍ഗം. ഈ വിഭാഗത്തിനിടയില്‍ മതനിരപേക്ഷ അവബോധം വളര്‍ത്തിയെടുക്കാനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ട്. അവബോധത്തിലുള്ള മാറ്റത്തിനായി ഇടതുപക്ഷം ശക്തമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വളരെ പ്രതിലോമകരമായ സമൂഹമായി കേരളം മാറും.

രണ്ടാമതായി കേരളം അന്യസംസ്ഥാനങ്ങളില്‍ നിന്ന് സാമൂഹികക്ഷേമത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമാണ്. അതേ സമയം പല തുറകളിലും ആധുനികവല്‍ക്കരണം ആവശ്യമാണ്. ഇന്‍ഫ്രാസ്ട്രക്ചറിന്റെ കാര്യമായാലും ശരി, മറ്റ് വികസന പ്രക്രിയയായാലും ശരി. പൊതുവെ വികസനത്തിന്റെ പ്രശ്നം എന്നു പറയാം. അപ്പോള്‍ ഏതുതരം വികസനം എന്ന ചോദ്യം വരുന്നു. അത് ജനകീയ സ്വഭാവമുള്ള വികസനമായിരിക്കണം. ആധുനികവല്‍ക്കരണം നടക്കുമ്പോള്‍, വികസനം നടപ്പാക്കുമ്പോള്‍ അതില്‍ പലവിധ താല്‍പര്യങ്ങളും ഉണ്ടാകും. ജനങ്ങളുടെ താല്പര്യങ്ങള്‍ കണക്കിലെടുക്കുന്ന ഒരു വികസന കാഴ്ച്ചപ്പാട് കേരളത്തില്‍ രൂപപ്പെടുത്താന്‍ കഴിയണം. കേരളത്തിലെ മുഖ്യധാരാ സമൂഹത്തില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട മൂന്ന് വിഭാഗങ്ങളുണ്ട്. ആദിവാസികള്‍, ദളിതര്‍, സ്ത്രീകള്‍. ഈ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഇടതുപക്ഷത്തിന് ഏറ്റെടുക്കാന്‍ കഴിയണമെന്നതാണ് മൂന്നാമത്തെ പ്രധാനപ്പെട്ട കാര്യം.

മതനിരപേക്ഷത ഇത്തവണ തെരഞ്ഞെടുപ്പില്‍, കേരളത്തില്‍ പധാന വിഷയമാണ്. പ്രത്യേകിച്ചും മുസ്ലിം ജനവിഭാഗത്തെ ഇടതുപക്ഷം പ്രത്യേകമായിത്തന്നെ സംബോധന ചെയ്യുന്നു. മതനിരപേക്ഷതയുടെ കാര്യമെടുത്താല്‍, ജാതി സംസ്കാരത്തിനുള്ളില്‍ വര്‍ത്തിക്കുന്ന ഹിന്ദു സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണമാണ്, മുസ്ലിം ജനവിഭാഗങ്ങള്‍ വെച്ചുപുലര്‍ത്തുന്നത്. മതനിരപേക്ഷ ആശയത്തില്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ജാതി വിമോചനത്തിന്റെയും മറ്റും തലത്തിലുള്ള ഇമേന്‍സിപേഷന്റെ വശമുണ്ട്. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ അവബോധത്തില്‍ ഈ ഘടകങ്ങള്‍ അപ്രകാരമല്ല പ്രവര്‍ത്തിക്കുന്നത്. ഇത് എങ്ങനെ കാണുന്നു?

മതനിരപേക്ഷതയെ സംബന്ധിച്ചുള്ള ഈ വ്യത്യാസം വാസ്തവമാണ്. മുസ്ലിങ്ങള്‍ മതനിരപേക്ഷതയെ ഇന്ന് മതത്തിനുള്ളില്‍ നിന്നാണ് നോക്കിക്കാണുന്നത്. എന്നാല്‍ വിശ്വാസത്തിനു പുറത്ത്നിന്ന് മതനിരപേക്ഷതയെ നോക്കിക്കാണാന്‍ കഴിയണം. മുസ്ലിം ജനസാമാന്യത്തിന് അത് പുതിയൊരു കാഴ്ച്ചപ്പാട് നല്‍കും. അത് വിശ്വാസത്തെ നിഷേധിച്ചുകൊണ്ടാകണമെന്നില്ല. വിശ്വാസവും ബൌദ്ധിക ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു പുനഃപരിശോധന ആവശ്യമാണ്. വിശ്വാസസംഹിതകളുടെ അടിസ്ഥാനത്തില്‍ തന്നെയാകാം. ആശയങ്ങളും വിശ്വാസവുമൊക്കെ ചരിത്രവല്‍ക്കരിക്കേണ്ട ആവശ്യത്തെക്കുറിച്ച് ഗൌരവപൂര്‍ണമായ ചര്‍ച്ച ആവശ്യമാണെന്നു തോന്നുന്നു.

ഇതില്‍ ചരിത്രപരമായ ചില വസ്തുതയും ഉണ്ടെന്നു തോന്നുന്നു. മതനിരപേക്ഷതയെ സംബന്ധിച്ച പാശ്ചാത്യ മാതൃകകള്‍ നമുക്ക് പ്രോബ്ളമറ്റൈസ് ചെയ്യേണ്ടിവരും. ഫ്രാന്‍സില്‍ മതനിരപേക്ഷതയുടെ ഭാഗമായി ഉണ്ടായ ഒരു ചര്‍ച്ചയില്‍ അവിടെ മുസ്ലിം പെണ്‍കുട്ടികള്‍ സ്കൂളില്‍ സ്കാര്‍ഫ് കെട്ടിപ്പോകുന്നത് വിവാദമായിരുന്നു.

ഇത് മതവും സംസ്കാരവും തമ്മിലുള്ള ബന്ധത്തിന്റെ പ്രശ്നമാണ്. സ്കാര്‍ഫ് ഉപയോഗിക്കുന്നത് ഒരു സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണ്. അതിന് മതത്തില്‍ നിന്നുള്ള ന്യായീകരണം ഉണ്ടാകാം. എന്നാല്‍ നാം ആചരിച്ചുപോരുന്ന ഒരു പ്രാക്ടീസാണത്. ഇതും, പ്രവാചകനിലും മതഗ്രന്ഥത്തിലുമുള്ള വിശ്വാസവും രണ്ടും രണ്ടാണ്.

തെരഞ്ഞെടുപ്പ് ഒരു പൊതുമണ്ഡലത്തെ കൊണ്ടുവരുന്നു. ചര്‍ച്ചകളും സംവാദങ്ങളും കണക്കെടുപ്പും വീണ്ടെടുപ്പും നടക്കുന്നു. അതോടൊപ്പം മത-സമുദായവല്‍ക്കരണത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു പ്രക്രിയയും അടിയൊഴുക്കായുണ്ട്. സമൂഹത്തെ സമുദായങ്ങളുടെയും മതങ്ങളുടെയും അടിസ്ഥാനത്തില്‍ നോക്കിക്കാണുന്നത് എത്രത്തോളം സഹായകരമാണ്?

എല്ലാ പാര്‍ടികളിലും കാണുന്ന ഒരു ദൌര്‍ബല്യമാണിത്. നമ്മുടെ മതനിരപേക്ഷതയുടെ അപര്യാപ്തതയാണിതെന്നു പറയാം. വളരെ സെക്കുലര്‍ ആയി സ്വയം പ്രതിഷ്ഠിച്ചിരുന്ന നെഹ്റുവിന്റെ കാലം മുതല്‍ തെരഞ്ഞെടുപ്പുകളില്‍ ഈ സമീപനമാണ് പ്രാമുഖ്യം നേടുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ജാതി മത അവബോധവും സംഘടനകളും ഒരു വലിയ പങ്കു വഹിക്കുന്നു. ഇത് ജനാധിപത്യവല്‍ക്കരണത്തിന്റെ പരിമിതിയാണ്. ഇത് 2004ലെ തെരഞ്ഞെടുപ്പിന് ശേഷം ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ കടുത്ത വിമര്‍ശനത്തിനു വിധേയനായി. സമുദായ സംഘടനാ നേതാക്കളുടെ ഇടയലേഖനങ്ങള്‍ ജനാധിപത്യ പ്രക്രിയയെ നിയന്ത്രിക്കുകയാണെങ്കില്‍ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും കുറിച്ച് വാചാലരാകുന്നതില്‍ അര്‍ഥമില്ല.

ഈ തെരഞ്ഞെടുപ്പില്‍ ഏതെല്ലാം പ്രശ്നങ്ങളാകും പൊതുമണ്ഡലത്തില്‍ ചര്‍ച്ചയ്ക്ക് വരിക എന്നാണ് താങ്കള്‍ കരുതുന്നത്?

സാമ്രാജ്യത്വത്തിനെതിരായ മുദ്രാവാക്യങ്ങള്‍ ഒരു പ്രധാന ശക്തിയാകേണ്ടതാണ്. പക്ഷേ ഇക്കാര്യത്തില്‍ ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ആണവക്കരാറിന്റെ പ്രശ്നം സാധാരണ ജനങ്ങള്‍ എത്രമാത്രം ഉള്‍ക്കൊള്ളുമെന്നു പറയാന്‍ വയ്യ. വര്‍ഗീയതയ്ക്ക് ഇത്തവണ പിന്നോട്ടടിയാണ് കാണുന്നത്. രണ്ടു മൂന്നു സംസ്ഥാനങ്ങളില്‍ അവര്‍ പിടിമുറുക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണകളിലെപ്പോലെ ഒരു മേല്‍ക്കൈ ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ വര്‍ഗീയത ഒരു സാമൂഹ്യാവബോധമായി വളര്‍ന്നു വന്നിരിക്കുന്നു. അതിനെക്കുറിച്ച് സെക്കുലര്‍ രാഷ്ട്രീയ കക്ഷികള്‍ എത്രത്തോളം ബോധവാന്മാരാണെന്നറിയില്ല. അത് ജനങ്ങളെ പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നുമില്ല. കാരണം വര്‍ഗീയതക്ക് രാഷ്ട്രീയ ശക്തി നഷ്ടപ്പെട്ടിരിക്കുന്നു. മതനിരപേക്ഷത കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രധാനപ്പെട്ട ഒരു മുദ്രാവാക്യവും പ്രശ്നവുമായിരുന്നു. ഇത്തവണ അതൊരു മുദ്രാവാക്യമായി പ്രത്യക്ഷപ്പെടാന്‍ സാധ്യതയില്ല. അതുകൊണ്ട് മിക്കവാറും പ്രാദേശികമായി നിലനില്‍ക്കുന്ന ജീവിത പ്രശ്നങ്ങളാവും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പൊതുമണ്ഡലത്തില്‍ ചര്‍ച്ചക്കെത്തുക എന്നു തോന്നുന്നു. ദൈനംദിന ജീവിത പ്രശ്നങ്ങളായിരിക്കും ഈ തെരഞ്ഞെടുപ്പിലെ നിര്‍ണായക പ്രശ്നങ്ങള്‍.

കേന്ദ്രഭരണത്തിന്റെ കാര്യത്തില്‍ ഒരര്‍ഥത്തില്‍ അരാജകമായ ഒരു സ്ഥിതിവിശേഷം ഉണ്ടെന്നു തോന്നുന്നു. ആര്‍ക്കും മതിയായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം.

ഇതു ഭാവി പ്രവചനമാണ്. അതിനു ഞാന്‍ തുനിയുന്നില്ല. പക്ഷേ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ഒരു മൂന്നാം ചേരിയുടെ രൂപീകരണവും വിജയവും സാധ്യമാണ്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭരണത്തിന്റെ കെടുതികള്‍ ജനം അനുഭവിച്ചു കഴിഞ്ഞു. ഇടതുപക്ഷത്തിന്റെ കൂടെ ഇപ്പോഴുള്ള കക്ഷികള്‍ എത്രത്തോളം പ്രതിജ്ഞാബദ്ധരാണ് എന്നതു പ്രശ്നം. അവരുടെ രാഷ്ട്രീയ ചരിത്രം വിശ്വാസം നല്‍കുന്നതല്ല. പക്ഷേ എല്ലാ ദിവസവും പുതിയ ദിവസങ്ങളാണ്. ഒരു പക്ഷേ ഒരു പുതിയ പ്രഭാതത്തിന്റെ സാധ്യതയായി മൂന്നാം ചേരി ഉരുത്തിരിഞ്ഞു കൂടെന്നില്ല. എന്തായാലും ഇടതുപക്ഷത്തിന്റെ പുതിയ നീക്കങ്ങള്‍ പ്രതീക്ഷയ്ക്കു വക നല്‍കുന്നു.

*
കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്നത്തേക്കാളും വര്‍ധിച്ചിരിക്കുന്നു. മാറിവന്ന ദേശീയ രാഷ്ട്രീയ സമവാക്യങ്ങളാണ് ഈ സ്ഥിതി സൃഷ്ടിച്ചത്. വര്‍ഗീയതയുടെയും സാമ്രാജ്യത്വത്തിന്റെയും തിരതള്ളലുണ്ടാകുമ്പോള്‍ ഇടതുപക്ഷനിലപാട് പ്രാധാന്യംനേടുക സ്വാഭാവികമാണ്. മതനിരപേക്ഷത ആശയതലത്തിലും പ്രയോഗമേഖലയിലും സാക്ഷാത്കരിച്ച ഒരേ ഒരു പ്രസ്ഥാനം ഇടതുപക്ഷമാണ്. അതോടൊപ്പം സാമ്രാജ്യത്വത്തിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രഖ്യാപിക്കുന്നതും ഇടതുപക്ഷമാണ്. ഇന്ത്യയില്‍മാത്രമല്ല ആഗോളതലത്തില്‍തന്നെ ഇടതുപക്ഷത്തിന്റെ ശബ്ദം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. സമകാലീന രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് വ്യത്യസ്തമായൊരു ഇമേജ് ഉണ്ടായിരിക്കുന്നു. അതേസമയം, ഇന്ത്യയുടെ വികസനപ്രക്രിയക്ക് എതിരാണ് ഇടതുപക്ഷം എന്ന ആശയമാണ് വലതുപക്ഷം പ്രചരിപ്പിക്കുന്നത്. വികസനത്തെക്കുറിച്ച് ഇടതുപക്ഷത്തിന്റെ പരിപ്രേക്ഷ്യം നിലവിലുള്ള ഭരണവര്‍ഗങ്ങളില്‍നിന്ന് വിഭിന്നമാണ്. പക്ഷേ അതിന്റെ ജനകീയ സ്വഭാവം തിരിച്ചറിയപ്പെടുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ്. എങ്കില്‍മാത്രമേ ഇടതുപക്ഷം ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന ആശയം സാമൂഹ്യാവബോധത്തിന്റെ ഭാഗമാകുകയുള്ളു.,,,,,

ശ്രീ. കെ എന്‍ പണിക്കരുമായി പി പി ഷാനവാസ് നടത്തുന്ന അഭിമുഖം