Friday, April 17, 2009

'പരിപാടിക്കിടയില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു'

വിചാരിച്ചതിലും നേരത്തെ കച്ചോടം കഴിഞ്ഞതിനാല്‍ അടയ്ക്കാമൊതലാളി റപ്പായിയും അനുചരന്‍ വേലായുധങ്കുട്ടിയും നഗരത്തില്‍ നടക്കാനിറങ്ങി. നായ്ക്കനാലും നടുവിനാലും മണികണ്ഠനാലും ചുറ്റി ഭൂമി ഇന്നും ഉരുണ്ടതാണെന്ന് റപ്പായി വേലായുധങ്കുട്ടിയെ ബോധ്യപ്പെടുത്തി.

ശാസ്ത്രസത്യം ദഹിച്ച് തീര്‍ന്നതോടെ വേലായുധങ്കുട്ടിക്ക് വിശപ്പ് കലശലായി. വിവരം നേരിട്ട് ധരിപ്പിക്കാന്‍ അഭിമാനം അനുവദിക്കാതിരുന്നതിനാല്‍ വിഷയം വളച്ചുകെട്ടി.

"മൊതലാളീ, ഇവ്ട അരിക്കൊക്കെ നല്ല വെലക്കൊറവാണെന്ന് കേക്കണ്ണ്ടല്ലാ..ശര്യാ?''

"..നിനക്കെന്തഡാ വട്ടാ..?. കണ്ടത്തില് മുഴവന്‍ വെഷോല്ലേഡാ ചീറ്റണ്ത്. അതിലും ഭേദം വെശന്ന് ചാകണതല്ലെഡാ.''

ആ വഴി എന്നെന്നേക്കുമായി അടഞ്ഞു. വേലായുധങ്കുട്ടി വേറൊരു വഴി നോക്കി.

"മൊതലാളീ, ഇവ്ട നല്ല ബിരിയാണി കിട്ടൂന്ന് കേക്ക്ണ്ണ്ടല്ലാ..അത് ശര്യാ?''

"നിനക്ക് ബിരിയാണി വേണോഡാ?''

വടക്കുന്നാഥന്‍ വേലായുധങ്കുട്ടിയുടെ പ്രാര്‍ഥന കേട്ട മട്ടാണ്. ഏറ്റവും വിനയത്തോടെ 'വേണം' എന്ന് പറയാന്‍ തൊണ്ടയിലെ പിച്ച് ശരിയാക്കുമ്പോഴേക്കും റപ്പായി കടത്തിയടിച്ചു.

"..വെഷോല്ലേഡാ..ചത്ത് പോക്ണ സാതനോക്കെ അതിലിട്ടണ്ട്റാ..എന്തൂട്ട് കോഴ്യാടാ..അത്?.കോഴീനെയൊക്കെ വെഷം കുത്തിവെച്ച് വെലുതാക്കണതല്ലേഡാ.''

ചത്താല്‍ മതിയെന്ന് തോന്നി, വേലായുധങ്കുട്ടിക്ക്. അവസാനം എല്ലാ അഭിമാനവും മാറ്റിവെച്ച് വേലായുധങ്കുട്ടി നേരെ വിഷയത്തിലേക്ക് പ്രവേശിച്ചു.

"..മൊതലാളീ..വെശന്നട്ട് കണ്ണ് കാണണില്ല.''

"വെശക്ക്ണാ..എന്തൂട്ട്റാ വയറ്റില് ?''

അതിരാവിലെ കുന്നങ്കുളത്തു നിന്ന് പോന്നപ്പോ "തൃശൂര് എത്തട്ട്റ..നല്ല ഒന്നാന്തരം ദോശ വാങ്ങിത്തരാഡാ'' എന്ന് പറഞ്ഞ് പ്രാതല്‍മുടക്കിയ തന്റെ സ്വന്തം മൊതലാളിയാണ് ഈ പറയുന്നത്!

തൃശൂരെത്തിയപ്പോള്‍ പ്രാതലിന്റെകാര്യം റപ്പായി സൌകര്യപൂര്‍വം മറന്നു. കൃത്യാന്തരബാഹുല്യം അഭിനയിക്കുന്നതിനിടയില്‍ വേലായുധങ്കുട്ടിയും അത് ഓര്‍മിപ്പിച്ചില്ല.

എന്നാല്‍ ഇപ്പോള്‍ വയറ് സമ്മതിക്കുന്നില്ല. യു എന്‍ രക്ഷാസംഘം അടിയന്തരമായ ഇറങ്ങിയില്ലെങ്കില്‍ ആമാശയത്തിന് തീ പിടിക്കും.

അവസാനം റപ്പായി അയഞ്ഞു.

"ഷോഡ മത്യാഡാ..?''

നിലവിളിച്ച് പോയി വേലായുധങ്കുട്ടി. ആരെ ശപിച്ചിട്ടും കാര്യമില്ലാത്തതുകൊണ്ട് അവനവനെത്തന്നെ ശപിച്ച് കലിയടക്കി.

റപ്പായി വിളിച്ചു.

"ബാഡാ..''റപ്പായി മുന്നിലും വേലായുധങ്കുട്ടി പിന്നിലുമായി ആ ദ്വയാംഗ പട്ടിണി ജാഥ നീങ്ങി. ദാരിദ്യ്ര രേഖയിലൂടെയുള്ള അതിന്റെ പ്രയാണം ഒരു പോയിന്റു കടക്കാന്‍ ഒരു മിനിറ്റെടുത്തു.

സാധാരണ പെട്ടിക്കടകളെ അവഗണിച്ച് റപ്പായി മുന്നോട്ട് നീങ്ങിയപ്പോള്‍ വേലായുധങ്കുട്ടിയില്‍ പലവിധ സംശയങ്ങള്‍ ഒന്നിച്ച് നാവ് നീട്ടി.

"ദുഷ്ടന്‍ കൊല്ലാങ്കുണ്ടോവ്വാ..''വേലായുധങ്കുട്ടിയില്‍ ഇത്തരം അശുഭ ചിന്തകള്‍ ആത്മഗതമായി രൂപപ്പെട്ടു.

പക്ഷേ റപ്പായി മൊതലാളി ഞെട്ടിച്ചുകളഞ്ഞു.

റപ്പായി മൊതലാളി കയറിയത് ബാറിലേക്കാണ്. വേലായുധങ്കുട്ടിക്ക് റപ്പായി മൊതലാളിയെ അച്ചാറ് പോലെ തൊട്ട് നക്കാന്‍ തോന്നി.

കൌണ്ടറില്‍ ചെന്ന് റപ്പായി മൊതലാളി പതിവ് പോലെ നാണം കെടുത്തി.

ഓരോന്നും ചൂണ്ടി വില ചോദിച്ചു.

"ദാ കുപ്പിക്കെത്രാ?''

അയാള്‍ വിലപറഞ്ഞു.

"അപ്പ രണ്ട് ഔണ്‍സിനെത്രയാ?''

അയാള്‍ ക്ഷമയോടെ അതും പറഞ്ഞു.

ഉടനെ അടുത്ത ചോദ്യം.

"അപ്പ ഒരൌണ്‍സിനാ..?''

അയാള്‍ ക്ഷമയുടെ നെല്ലിപ്പടിയില്‍ വടികുത്തിനിന്നു.

വേലായുധങ്കുട്ടിയോട് റപ്പായി മൊതലാളി ചോദിച്ചു.

"നിനക്കെന്തൂട്ട്റാ നാണം വരണ്ണ്ട്റാ?കാശ് കുലുക്ക്യാ കിട്ടൂല്ലഡാ..''

അവസാനം റപ്പായി മൊതലാളി ഒന്നില്‍ ഉറച്ചു.

"കപ്പലണ്ടീണ്ട്റാ?എത്യ്രേഡാ കാശ്..?''

വിലകേട്ട് റപ്പായി ചിരിച്ചു.

"പൊട്ടിക്കണ്ട്റാ അതവ്ട വെച്ചേക്ക.്''

ഒരു രണ്ടിന്റെ നാണയം പുല്ലെന്നപോലെ വേലായുധങ്കുട്ടിയുടെ നേരെയെറിഞ്ഞ് റപ്പായി മൊതലാളി പറഞ്ഞു.

"പൊറത്ത് കിട്ടൂഡാ..മേടിച്ചോണ്ട് വാഡാ?...എനിക്കാണ്‍ന്ന് പറയഡാ.''

റപ്പായി മൊതലാളിയും വേലായുധങ്കുട്ടിയും കൂടി ശേഷിച്ച ചടങ്ങുകള്‍ ഭംഗിയാക്കി. ചുണ്ട് തുടച്ച്, മുണ്ടൊന്നു കൂടി മേലോട്ട് കുത്തി കൌണ്ടറില്‍ ചെന്ന് പണം കൊടുത്ത് റപ്പായി അനുഗ്രഹിച്ചു.

"നന്നായി വാഡാ.''

ഇരുവരും പുറത്തിറങ്ങി.

ഉച്ചിയില്‍ ഉച്ച തിളക്കുന്നു.

ഒന്നുകൂടി നായ്ക്കനാലും നടുവിനാലും മണികണ്ഠനാലും ചുറ്റി ഭൂമിക്കൊപ്പം ഉരുണ്ടു.

അപ്പോള്‍ ദൂരെ ചെറിയൊരു ആള്‍ക്കൂട്ടം.

റപ്പായി ചോദിച്ചു.

"എന്തൂട്ട്റ അത്?''

"സില്‍മ പിടുത്തോണന്ന് തോന്നണ് മൊതലാളി.''

"എന്നാ പുവ്വാഡാ..നമ്മക്കും അഭിനയിക്കണ്ട്റാ?''

"അത് വേണോ മൊതലാളി..?''

"എന്തൂട്ട്റാ നമ്മക്കൊരു കൊറവ്..?. നമ്മളെക്കാണാന്‍ ജോറല്ലഡാ..?നമ്മ്ട ഡാന്‍സ് കണ്ടട്ട്ണ്ട്റാ നീ.ചെനക്കത്തൂര്‍ പൂരത്തിന് ഞാനൊര് കള്യാ കളിച്ച്.. കണ്ട്റാ നീ..?കാട്ടിത്തരാഡാ.''

റപ്പായി മുണ്ട് ഒന്നു കൂടി മേലോട്ട് കുത്തി. കളിക്കൊരുങ്ങിയപ്പോള്‍ വേലായുധങ്കുട്ടി തടുത്തു.

"അരുത് മൊതലാളീ..നാട്യദേവിയെ പീഡിപ്പിക്കരുത്.''

"..ന്നാ..ബാഡാ.''

അവര്‍ ചെന്നു. ഷൂട്ടിംഗാണ്.പക്ഷേ സില്‍മയല്ല.

"എന്തൂട്ട്റാ ഈ സാതനം..?''

"മൊതലാളി, ഇത് സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നതാണ്.''

"എന്നാ നമ്മക്കൊന്നു അഭിമുഖീകരിക്കണ്ട്റാ?''

ഒഴിഞ്ഞ കസേരയൊന്നില്‍ റപ്പായി മൊതലാളിയും മറ്റൊന്നില്‍ വേലായുധങ്കുട്ടിയും കളികാണാനിരുന്നു.

റപ്പായി മൊതലാളി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.

മൂന്ന് സ്ഥാനാര്‍ഥികളെയാണ് ആണിയടിച്ച് നിര്‍ത്തിയിരിക്കുന്നത്. റപ്പായിക്ക് ഈശോമിശിഹാത്തമ്പുരാന്റെ ഓര്‍മ വന്നു. എഴുന്നേറ്റ് നിന്ന് കുരിശ് വരച്ചു.

വേലായുധങ്കുട്ടിയോട് ചോദിച്ചു.

"അടക്കം കഴിഞ്ഞാ പിന്നെ ഇവരെണിക്കോഡാ?''

വേലായുധങ്കുട്ടി പതിതാളത്തില്‍ ചിരിച്ചു.

"ആരാണ്‍ടാ ആ പ്റാന്തന്‍?''

മൈക്കും കൊണ്ട് ഓടി നടന്ന് കലശലായി അഭിനയിക്കുന്നവനെ നോക്കിയാണ് റപ്പായിയുടെ ഈ ചോദ്യം.

"..നമ്മക്ക് ചായ തരാനാണ്‍ടാ ..?''

"അല്ല മൊതലാളി. അവനാണ് ഇതിന്റെ നടത്തിപ്പുകാരന്‍.''

റപ്പായി ഒന്നിരുത്തി മൂളി.

കാണികളില്‍ നിന്ന് ചോദ്യം.

"..കഴിഞ്ഞവര്‍ഷം മെയ് 12ന് പുലര്‍ച്ചെ 5.21നും മെയ് 13ന് 5.22നുമാണ് സൂര്യന്‍ ഉദിച്ചത്. ഇത് ജനങ്ങള്‍ക്ക് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. താങ്കള്‍ ജയിച്ചു വന്നാല്‍ ഇക്കാര്യത്തില്‍ കൃത്യനിഷ്ഠയുണ്ടാക്കുമോ..?''

റപ്പായി വേലായുധങ്കുട്ടീടെ ചെവിട്ടില്‍ പറഞ്ഞു.

"കൊള്ളാല്ലാഡാ...അവന് ബുത്തീണ്ട്ല്ലാഡാ.''

സ്ഥാനാര്‍ഥിയുടെ ഉത്തരം:

"തീര്‍ച്ചയായും ഇത്തരം കാര്യങ്ങളില്‍ ഒരു സമവായം ആവശ്യമാണ്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ വിവിധ രാഷ്ട്രീയ- സാമുദായിക സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ക്കും.''

കയ്യടി. കൂക്കുവിളി.

നടത്തിപ്പുകാരന്റെ ഓട്ടം, ചാട്ടം, ശീതങ്കന്‍ തുള്ളല്‍, പറയന്‍ തുള്ളല്‍.

റപ്പായിക്ക് സഹിച്ചില്ല.

"..ഡാ..എന്തൂട്ട്റാ അവന്‍ കാണിക്ക്ണാ?''

"ക്ഷമിക്ക് മൊതലാളി. പയ്യനല്ലെ. അവനുമുണ്ടാവില്ലെ ആഗ്രഹങ്ങള്‍?''

"..നിന്റെ പേര് വേലായുധങ്കുട്ടീന്ന് തന്നല്ലെ? അന്തോണീസ് പുണ്യാളന്‍ന്നല്ലല്ലാ?''

വീണ്ടും കാണിയുടെ ചോദ്യം.

"കഴിഞ്ഞ കാലവര്‍ഷത്തില്‍ രണ്ട് ശക്തമായ മഴക്കാറുകള്‍ ഇവിടെ പെയ്യാതെ പോയി. നിങ്ങള്‍ എന്തു ചെയ്തു?''

നടത്തിപ്പുകാരന്‍ സ്ഥാനാര്‍ഥിയുടെ പീഠത്തില്‍ കൈകുത്തി. നവരസങ്ങളും പുറത്തെടുത്തു. എന്നിട്ട് വിശദീകരിച്ചു.

"..കാറ്റ്, കാറ്, കാലാവസ്ഥ..പരിസ്ഥിതി സംബന്ധിച്ചാണ് ഈ ചോദ്യം. എന്തു പറയുന്നു?''

"ആ പെയ്യാതെ പോയ കാറ് തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചത് ഞങ്ങളാണ്.''

വീണ്ടും കൈയടി, കൂക്കുവിളി. നടത്തിപ്പുകാരന്റെ ഓട്ടം, ചാട്ടം, തുള്ളല്‍. ഒരടി പിന്നോട്ട് വെക്കുന്നു. മപ്പും താക്കി മുന്നോട്ട് കുതിക്കുന്നു. മുഖത്ത് നവരസങ്ങളുടെ വിമ്മിട്ടം.

റപ്പായിക്ക് സഹികെട്ടു.

"ഇവനാരാണ്‍ടാ..ശിവാജി ഗണേശനാ..?അവനെന്തഡാ..രാജാപ്പാര്‍ട് അഭിനയിക്കണാ?''

റപ്പായി ബാഗ് വേലായുധങ്കുട്ടിയെ ഏല്‍പിച്ചു.

"..ഇപ്പ വരാഡാ.''

കുറച്ച് കഴിഞ്ഞ് 'ഠേ' എന്നൊരു ശബ്ദം കേട്ടു.

റപ്പായിയുടെ മുന്നില്‍ നടത്തിപ്പുകാരന്‍ പിടയുന്നു. റപ്പായി അവനെ വലിച്ചെടുത്ത് ഒരു കസേരയിലിട്ടു. കൈ ചൂണ്ടി പറഞ്ഞു.

"കൊന്നുകളയും ഞാന്‍. കൊറെ നേരായില്ലഡാ കൊരങ്ങ് കളി. അവര് വെവരോള്ളോര് വെല്ലതും പറയണേന്റെടേക്കേറി നിന്റെയീ ഡാണ്ടിക്കിടി..ഡീണ്ടിക്കിടി..കൊതിയാവണ്‍ണ്ടെങ്കി കൂര്‍ക്കഞ്ചേരീ കാവടിയെടുക്കാമ്പോഡാ.. നിനക്കങ്ങ്ട് അര്‍മാദിച്ച് തുള്ളാഡാ..അനങ്ങര്ത് ഇവ്ടന്ന്.അവര് പറയണത് വല്ലതും കേക്കഡാ..നാല് കാശിന് വെവരം വെക്കട്ട്റാ.''

പിന്നെ ചടങ്ങ് സമംഗളം സമാരംഭിച്ചു. പരിപാടിക്കിടയില്‍ തടസ്സം നേരിട്ടതേയില്ല.

*
എം എം പൌലോസ്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

വിചാരിച്ചതിലും നേരത്തെ കച്ചോടം കഴിഞ്ഞതിനാല്‍ അടയ്ക്കാമൊതലാളി റപ്പായിയും അനുചരന്‍ വേലായുധങ്കുട്ടിയും നഗരത്തില്‍ നടക്കാനിറങ്ങി. നായ്ക്കനാലും നടുവിനാലും മണികണ്ഠനാലും ചുറ്റി ഭൂമി ഇന്നും ഉരുണ്ടതാണെന്ന് റപ്പായി വേലായുധങ്കുട്ടിയെ ബോധ്യപ്പെടുത്തി.

ശാസ്ത്രസത്യം ദഹിച്ച് തീര്‍ന്നതോടെ വേലായുധങ്കുട്ടിക്ക് വിശപ്പ് കലശലായി. വിവരം നേരിട്ട് ധരിപ്പിക്കാന്‍ അഭിമാനം അനുവദിക്കാതിരുന്നതിനാല്‍ വിഷയം വളച്ചുകെട്ടി.

"മൊതലാളീ, ഇവ്ട അരിക്കൊക്കെ നല്ല വെലക്കൊറവാണെന്ന് കേക്കണ്ണ്ടല്ലാ..ശര്യാ?''

"..നിനക്കെന്തഡാ വട്ടാ..?. കണ്ടത്തില് മുഴവന്‍ വെഷോല്ലേഡാ ചീറ്റണ്ത്. അതിലും ഭേദം വെശന്ന് ചാകണതല്ലെഡാ.''

എം.എം.പൌലോസിന്റെ നര്‍മ്മഭാവന

Anonymous said...

തലക്കെട്ടു കണ്ടപ്പോള്‍ മറ്റേ എമ്മെല്ലെടെ മകന്റെ കൈ ബൊംബുപൊട്ടി തകര്‍ന്നതിനെക്കുറിച്ചയിരിക്കുമെന്നു.

Baiju Elikkattoor said...

"മൂന്ന് സ്ഥാനാര്‍ഥികളെയാണ് ആണിയടിച്ച് നിര്‍ത്തിയിരിക്കുന്നത്....."


ha ha ha................

Jayasree Lakshmy Kumar said...

മൂന്ന് സ്ഥാനാര്‍ഥികളെയാണ് ആണിയടിച്ച് നിര്‍ത്തിയിരിക്കുന്നത്. റപ്പായിക്ക് ഈശോമിശിഹാത്തമ്പുരാന്റെ ഓര്‍മ വന്നു. എഴുന്നേറ്റ് നിന്ന് കുരിശ് വരച്ചു.

ഹ ഹ. പോസ്റ്റ് മൊത്തത്തിൽ രസിച്ചു