Saturday, March 29, 2008

എല്‍ ബി ഡബ്ല്യു

എല്ലാ പ്രതീക്ഷകളും വിഫലമാക്കി, ഞങ്ങളെ തീരാക്കണ്ണീരില്‍ ആഴ്ത്തി 99 ല്‍ ഔട്ടായ ഞങ്ങളുടെ പ്രിയപ്പെട്ട പപ്പയുടെ മുന്നില്‍ സ്കോര്‍ബോര്‍ഡായി ഈ ഓര്‍മക്കുറിപ്പ് സമര്‍പ്പിക്കുന്നു.

സ്നേഹപൂര്‍വം
പപ്പയുടെ ധോണി കുലശേഖരമംഗലം

അന്ന്, പപ്പ 99ല്‍ നില്‍ക്കുന്ന കാലം. ഞങ്ങളെല്ലാം ആ ധന്യമുഹൂര്‍ത്തത്തിനുവേണ്ടി ഡ്രെസ്സിങ് റൂമിലിരുന്ന് പ്രാര്‍ഥിക്കുകയാണ്. പപ്പയുടെ സെഞ്ചുറി ഫാമിലിയില്‍ വലിയൊരു ഹിസ്റ്ററി ആയിരിക്കും. ഞങ്ങളുടെ ചെത്തിക്കോട് തറവാട് വലിയൊരു ടീമാണെങ്കിലും ഇന്നുവരെ ആരും സെഞ്ചുറി തികച്ചിട്ടില്ല. അകാലത്തില്‍ ഔട്ടാകാനായിരുന്നു പലരുടെയും വിധി.

80 കടന്നവര്‍ തന്നെ ഇതുവരെ രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ. ഗ്രാന്‍ഡ് ഫാദര്‍ 83 ലെത്തി. ഓള്‍റൌണ്ടറായിരുന്നു. നാട്ടുകാര്‍ പലവട്ടം പുറത്താക്കാന്‍ ശ്രമിച്ചിട്ടും ഗ്രാന്‍ഡ് ഫാദര്‍ പുല്ലുപോലെ ബാറ്റുചെയ്തു. ചരിത്രത്തില്‍ ബോഡിലൈന്‍ ബൌളിങ് ആരംഭിച്ചതുതന്നെ ഗ്രാന്‍ഡ് ഫാദറെ പുറത്താക്കാനായിരുന്നു. പുലിപോലെ ക്രീസില്‍ നിന്ന ഗ്രാന്‍ഡ് ഫാദറിന് 83ല്‍ ഒരു പനി പിടിച്ചു. ഈ അവസരം മുതലാക്കി നാട്ടിലെ ഒരു വൈദ്യര് തന്നെയാണ് ഗ്രാന്‍ഡ് ഫാദറെ പുറത്താക്കിയത്. വൈദ്യര് നല്‍കിയ കഷായം കുടിച്ച് ഗ്രാന്‍ഡ് ഫാദര്‍ വൈദ്യര്‍ക്ക് തന്നെ ക്യാച്ച് നല്‍കി ഔട്ടായി.

പിന്നെ പപ്പയുടെ മൂത്ത ബ്രദറാണ് 80 കടന്നത്. 89 വരെയെത്തി. ഗ്രാന്‍ഡ് ഫാദറിന്ശേഷം ഈ പുള്ളിക്കാരനായിരുന്നു ചെത്തിക്കോട് ടീമിന്റെ ക്യാപ്റ്റന്‍. വളരെ സൂക്ഷിച്ചു കളിക്കുന്ന പ്രകൃതമായിരുന്നു. ഒരു സാഹസികതക്കും മുതിരില്ല. എന്നാല്‍ 89ല്‍ നില്‍ക്കുമ്പോള്‍ ഒരു അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ സിക്സറടിക്കാന്‍ ശ്രമിച്ചത് അതിര്‍ത്തിയില്‍ അയല്‍ക്കാരന്‍ ഡൈവ് ചെയ്തുപിടിച്ചു. ബൌണ്ടറിയില്‍ ക്യാച്ച് നല്‍കി ഔട്ടായ ചെത്തിക്കോട് ടീമിലെ ആദ്യ അംഗമായിരുന്നു ഇദ്ദേഹം.

പിന്നീട് എല്ലാവരുടെയും പ്രതീക്ഷ പപ്പയിലായിരുന്നു. ഇന്റലിജന്റാണ് പപ്പ. കളിക്കേണ്ട പന്ത് ഏതാണെന്ന് പപ്പക്കറിയാം. അതിലേ കളിയുള്ളൂ. കൈവിട്ടൊരു കളിയില്ല.

വൈഡ്‌ബോളില്‍ വെറുതെ ബാറ്റ് വെച്ചുകൊടുക്കുന്നത് മാത്രമായിരുന്നു പപ്പയുടെ ദൌര്‍ബല്യം. അതിനെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്.

പപ്പ കോളേജില്‍ പഠിക്കുന്ന കാലം. ഹോസ്റ്റലിലായിരുന്നു താമസം. ചെത്തിക്കോട് ടീമില്‍ വിദ്യാഭ്യാസമുള്ള ഏക കളിക്കാരനും പപ്പയായിരുന്നു. അതുകൊണ്ടാണ് പപ്പയെ ഹോസ്റ്റലില്‍ ആക്കിയത്. മറ്റുള്ളവര്‍ പഠനത്തിനിടയില്‍ ബൌളിങ്ങില്‍ ശ്രദ്ധിച്ചതുകൊണ്ട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല.

വീണ്ടും പപ്പയിലേക്ക് വരട്ടെ. ഒരു ദിവസം വൈകുന്നേരം ഹോസ്റ്റലില്‍നിന്ന് പാര്‍ക്കിലേക്ക് പോയി. അന്ന് അങ്ങനെ യായിരുന്നു. വൈകുന്നേരങ്ങളില്‍ പാര്‍ക്കില്‍ നടക്കാനിറങ്ങും. അങ്ങനെ കൂട്ടുകാരോടൊത്ത് തമാശയൊക്കെ പറഞ്ഞ് നടക്കുമ്പോഴാണ് ഓഫ് സ്റ്റംബിനപ്പുറത്തുകൂടെ ഒരു പന്ത്. പപ്പയല്ലെ ആള്! ബാറ്റുവെച്ചുകൊടുത്തു. പുറകില്‍ വിക്കറ്റ് കീപ്പറുള്ള കാര്യം പപ്പ മറന്നു. പിടിച്ച് അയാള്‍ സ്റ്റംബൂരി.

മമ്മി എപ്പോഴും ഈ കഥ പറഞ്ഞ് ചിരിക്കും. ഇപ്പോഴും ഈ ശൈലി മാറിയിട്ടില്ലെന്നും മമ്മി ഓര്‍മിപ്പിക്കും. ചൊട്ടയിലെ ബാറ്റിങ് ചുടലവരെ എന്നല്ലെ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്!

പപ്പയുടെ കല്യാണം തന്നെ ഒരു ഫുള്‍ടോസ് എക്സ്ട്രാ കവറിലൂടെ ബൌണ്ടറിയടിച്ചുകൊണ്ടായിരുന്നു. മമ്മിയുടെ വീട്ടുകാര്‍ക്ക് കല്യാണത്തോട് വലിയ എതിര്‍പ്പായിരുന്നു. അവര്‍ പ്രശസ്തരായ രണ്ട് ബൌളര്‍മാരെയാണ് കൊണ്ടുവന്നത്. പപ്പ തന്നെയായിരുന്നു ഓപ്പണറായി ഇറങ്ങിയത്. രണ്ടുപേരെയും പപ്പ തലങ്ങും വിലങ്ങും അടിച്ചു. ഇരുവരും ഓവര്‍ പൂര്‍ത്തീകരിക്കാതെ ഓടി. അരിശം തീരാഞ്ഞ് പപ്പ കുരിശുപള്ളിക്കവലയിലെ ഷാപ്പില്‍ കയറി ഒറ്റ ഓവറില്‍ നൂറടിച്ചു എന്നാണ് കേള്‍വി. അതോടെയാണത്രെ ചാരായ നിരോധനം നിലവില്‍ വന്നത്.

വിശ്വസിക്കാവുന്ന കളിക്കാരനായിരുന്നു പപ്പ. ഒരു ക്രൈസിസ് ഉണ്ടാകുമ്പോഴാണ് പപ്പയുടെ വിശ്വരൂപം കാണുക. ഒളിച്ചോടുന്ന പ്രശ്നമേയില്ല. മുന്നില്‍നിന്നുതന്നെ നയിക്കും. ഫാമിലിയില്‍ സ്വത്തു തര്‍ക്കം ഉണ്ടായിരുന്നപ്പോഴാണ് പപ്പയുടെ കളി കാണേണ്ടിയിരുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഓരോ സെന്റിനും വേണ്ടി പപ്പ കളിച്ച ഇന്നിങ്സ് മാര്‍വലസായിരുന്നു. മിഡ്വിക്കറ്റിലേക്ക് വരെ തട്ടിയിട്ട് രണ്ട് സെന്റ് ഈസിയായി പപ്പ ഓടിയെടുക്കുകയായിരുന്നു. സ്ളിപ്പില്‍ നാലുപേരെ നിര്‍ത്തിയിട്ടുവരെ പപ്പയെ കിട്ടിയില്ല. പപ്പ സ്ളിപ്പായി.

അന്ന് ഭയങ്കര ടെന്‍ഷനിലായിരുന്നു കളി. അന്ന് റജിസ്ട്രോഫീസില്‍വെച്ച് സ്കോര്‍ബോര്‍ഡ് എഴുതുമ്പോള്‍ പപ്പ പപ്പയുടെ പപ്പയെ മങ്കി എന്ന് വിളിച്ചത് വലിയ വിവാദമായി. അവസാനം റജിസ്ട്രാര്‍ തന്നെ ഇടപെട്ട് 'ക്രിക്കറ്റ് ഈസ് എ ജെന്റില്‍മാന്‍സ് ഗെയിം' എന്ന് ഓര്‍മിപ്പിച്ചാണ് ആ വിവാദം അവസാനിപ്പിച്ചത്.

പപ്പയുടെ ഏറ്റവും വലിയ പ്രത്യേകത ഫിറ്റ്നസാണ്. എപ്പോഴും ഫിറ്റായിരിക്കും പപ്പ. ഒരോവറില്‍ നാല് പെഗ് കൂളായി അടിക്കും. ബാറില്‍നിന്ന് ബാറിലേക്കോടുന്നതില്‍ വിദഗ്ദനായിരുന്നു പപ്പ. എന്തൊരു സ്പീഡാണ്! കാള്‍ ലൂയിസ് പോലും അടുത്തെങ്ങും എത്തില്ല. ഒറ്റത്തവണപോലും പപ്പ റണ്‍ഔട്ടായിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത. എത്ര തവണ ഔട്ടായെന്ന് പലരും കരുതി! പക്ഷേ ടെലിവിഷന്‍ റീപ്ളേ വരുമ്പോള്‍ കാണാം, പപ്പാ ദാ ക്രീസില്‍ കിടക്കുന്നു!

അവസാനമായപ്പോള്‍ പപ്പ മിഡില്‍ ഓവറിലാണ് ഇറങ്ങിയത്. ആഴ്ചയിലൊരിക്കല്‍ ഞങ്ങളുടെ ഡോക്ടര്‍ വന്ന് പപ്പയുടെ പിച്ച് പരിശോധിക്കുമായിരുന്നു. ബ്ളഡ്പ്രഷര്‍ നോര്‍മല്‍, ഡയബറ്റിക്സ് കണ്‍ട്രോള്‍ഡ്, നോ കൊളസ്റ്ററോള്‍. എ പെര്‍ഫെക്റ്റലി ഓള്‍ഡ് യങ്മാന്‍. റിട്ടയര്‍മെന്റിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ട്വൊന്റി-ട്വെന്റി വേണമെങ്കില്‍ ഒഴിവാക്കാം. വണ്‍ഡേയിലും ടെസ്റ്റിലും ഇപ്പോഴും കളിക്കാം. കളിക്കാമെന്നല്ല കളിക്കണം.

കളി പപ്പയുടെ ജീവനായിരുന്നു. കളിക്കപ്പുറത്ത് ഒരു പപ്പയില്ല. തലങ്ങുംവിലങ്ങും പായുന്ന ഷോട്ടുകളായിരുന്നു ആ മനസ്സിലാകെ. മരണക്കിടക്കയില്‍ കിടക്കുമ്പോള്‍പോലും ചാര്‍ജ് ചെയ്യാന്‍ ക്രീസ് വിട്ടിറങ്ങി.

ഒരിക്കല്‍ ഡോക്ടര്‍ പപ്പയോട് പറഞ്ഞു:

"ശ്രദ്ധിക്കണം. ശരീരത്തിനൊരു ബലക്കുറവുണ്ട്. ബാത്ത്റൂമില്‍ പോകുമ്പോള്‍ ഒരാളെ സഹായത്തിന് വിളിക്കണം. തെന്നിവിഴാന്‍ സാധ്യതയുണ്ട്.''

ഉടന്‍ വന്നു പപ്പയുടെ മറുപടി: "ഒരു റണ്ണറെവെച്ച് ബാത്ത് റൂമില്‍പോകാന്‍ എന്നെ കിട്ടില്ല.''

ധീരനായ പപ്പ, സമ്മര്‍ദങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് സെഞ്ച്വറി തികയ്ക്കുമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. ആ നിമിഷം ഷാമ്പെയ്ന്‍ പൊട്ടിച്ച് ആഘോഷിക്കാന്‍ ഞങ്ങള്‍ ചെത്തിക്കോട് ടീം ഒരുങ്ങി.

മമ്മി പത്തു താറാവും പന്ത്രണ്ട് കോഴിയും ബുക്ക് ചെയ്തു. നെയ്മീനും കരിമീനും വേറെ. എല്ലാവരും സന്തോഷത്തോടെ കാത്തിരിക്കുമ്പോഴാണ് ആ ശപ്തനിമിഷം കടന്നുവന്നത്.

മകരമാസത്തിലെ നിലാവുള്ള രാത്രി. അത് പപ്പയുടെ വീക്നെസ്സാണ്. പപ്പ ആരും കാണാതെ ബാറ്റിങ്ങിനിറങ്ങി. പപ്പക്കുവേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ പപ്പ ഇല്ലാത്ത റണ്‍സിന് ഓടി.

ആ റണ്‍ കിട്ടാത്ത റണ്ണായി. ക്രീസിലെത്തും മുമ്പെ വിധിയുടെ വിരല്‍ ഉയര്‍ന്നു.

"പപ്പ റണ്‍ ഔട്ട്.''

ഒരുപാട് ഓവറുകള്‍ ശേഷിക്കെ ഒരു റണ്‍ ബാക്കിനിര്‍ത്തി പപ്പ കണ്ണടച്ചു.

പപ്പയുടെ വിക്കറ്റിന് മുന്നില്‍ ഞങ്ങള്‍ തേങ്ങിപ്പോയി. ചരിത്രത്തിന് മായ്ക്കാന്‍ കഴിയാതെ ഈ തേങ്ങല്‍ ചെത്തിക്കോട് ടീം ഉള്ള കാലത്തോളം നിലനില്‍ക്കും.

-എം.എം.പൌലോസ്, കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എല്ലാ പ്രതീക്ഷകളും വിഫലമാക്കി, ഞങ്ങളെ തീരാക്കണ്ണീരില്‍ ആഴ്ത്തി 99 ല്‍ ഔട്ടായ ഞങ്ങളുടെ പ്രിയപ്പെട്ട പപ്പയുടെ മുന്നില്‍ സ്കോര്‍ബോര്‍ഡായി ഈ ഓര്‍മക്കുറിപ്പ് സമര്‍പ്പിക്കുന്നു.

സ്നേഹപൂര്‍വം,
പപ്പയുടെ ധോണി കുലശേഖരമംഗലം

ശ്രീ.എം.എം.പൌലോസിന്റെ നര്‍മ്മഭാവന...