Friday, March 7, 2008

പിടികിട്ടാപ്പുള്ളികള്‍ - “ലോക“ത്തിന്റേതും ലോകത്തിന്റേതും

ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് ഹിസ്‌‌ബൊളളായുടെ സീനിയര്‍ കമാണ്ടര്‍ ആയ ഇമാദ് മൌഘ്നിയേ (Imad Moughniyeh) ഡമാസ്കസില്‍ വെച്ച് വധിക്കപ്പെട്ടു. “ആ മനുഷ്യന്‍ ഇല്ലാത്ത ഈ ലോകം കുറെക്കൂടി മെച്ചപ്പെട്ട സ്ഥലമാണ്” എന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് സീന്‍ മക്‍കോമാക് പറഞ്ഞത്. “ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അയാള്‍ നീതിക്കു വിധേയനായി” എന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ മൈക് മക്‍കോണെല്‍ ഇമാദിനെപ്പറ്റി പറഞ്ഞത് “ ഒസാമ ബിന്‍ ലാദനെ മാറ്റിനിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ അമേരിക്കക്കാരുടേയും ഇസ്രായേലികളുടേയും മരണത്തിനുത്തരവാദി” എന്നാണ്.

ഇസ്രായേലിലും അടക്കാനാവാത്ത ആഹ്ലാദമായിരുന്നു, കാരണം ലണ്ടന്‍ ഫൈനാന്‍ഷ്യല്‍ ടൈംസ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തതുപോലെ “അമേരിക്കയുടെയും ഇസ്രായേലിന്റെയും പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലെ ഒരു പ്രധാനി നീതിക്കു മുന്നിലേക്ക് കൊണ്ടു വരപ്പെട്ടു“. “ആഗോളപിടികിട്ടാപ്പുള്ളി” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഒരു അനുബന്ധ വാര്‍ത്തയില്‍ അവര്‍ പറഞ്ഞത് “ ലോകത്തിലെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ ഒസാമാ ബിന്‍ലാദന്‍ മാത്രം മുന്നിലുള്ളയാള്‍ അഥവാ ലോകത്തിലെ ഭീകരരുടെ ലിസ്റ്റിലെ രണ്ടാമന്‍“. എന്നാണ്.

ആംഗ്ലോ-അമേരിക്കന്‍ സംവാദങ്ങളുടെ നിയമങ്ങള്‍ അനുസരിച്ച് വിലയിരുത്തിയാല്‍ വാര്‍ത്തകളിലെ പദപ്രയോഗങ്ങളൊക്കെ കിറുകൃത്യം തന്നെ. പ്രസ്തുത നിയമം അനുസരിച്ച് “ലോകം“ എന്നാല്‍ അമേരിക്കയിലേയും ബ്രിട്ടനിലേയും അധികാരിവര്‍ഗവും അവരെ വിവിധ വിഷയങ്ങളില്‍ അനുകൂലിക്കുന്നവരും ആണ്. ഉദാഹരണത്തിന് അഫ്‌ഗാനിസ്ഥാനില്‍ ബോംബ് വര്‍ഷിക്കുവാന്‍ ബുഷ് ആജ്ഞ കൊടുക്കുമ്പോള്‍ “ലോകം” മുഴുവന്‍ ഇക്കാര്യത്തില്‍ ബുഷിനെ പിന്‍‌തുണക്കുന്നു എന്ന് മാധ്യമങ്ങളില്‍ വായിക്കാന്‍ കഴിയുന്നത് സാധാരണയാണ്. “ലോകത്തെ”സംബന്ധിച്ച് അത് ശരിയായിരിക്കാം, പക്ഷെ ലോകത്തെ സംബന്ധിച്ച് അങ്ങിനെയല്ല എന്നാണ് ബോംബിങ്ങ് പ്രഖ്യാപിച്ചതിനുശേഷം ശേഷം നടത്തിയ ഒരു അന്താരാഷ്ട്ര അഭിപ്രായ സര്‍വെ സൂചിപ്പിച്ചത്. ആഗോള പിന്തുണ വളരെ കുറവായിരുന്നു. അമേരിക്കന്‍ രീതികളെക്കുറിച്ച് നല്ല ബോദ്ധ്യമുള്ള ലാറ്റിന്‍ അമേരിക്കയില്‍ ഈ നടപടിക്ക് ഏറ്റവും കുറവു പിന്തുണ മെക്സിക്കോയിലും(2%) കൂടിയത് പനാമയിലും (16%) ആയിരുന്നു. ആ പിന്തുണ പോലും സിവിലിയന്‍ ലക്ഷ്യങ്ങള്‍ ഒഴിവാക്കണം (എങ്കിലും ആദ്യം തന്നെ ആക്രമിക്കപ്പെട്ടത് അത്തരം ലക്ഷ്യങ്ങളാണ്), കുറ്റവാളികളെ പിടികൂടണം (എഫ്.ബി.ഐ.റിപ്പോര്‍ട്ടനുസരിച്ച് 8 മാസമായിട്ടും അവര്‍ പിടിയിലായിട്ടില്ല) എന്നൊക്കെയുള്ള ഉപാധികളുടെ അടിസ്ഥാനത്തിലായിരുന്നു. നയതന്ത്ര തലത്തിലൂടെയും കോടതികള്‍ മുഖേനയും പ്രശ്നം പരിഹരിക്കണം എന്ന ലോകമാസകലമുള്ള മഹാഭൂരിപക്ഷത്തിന്റെയും ആവശ്യം “ലോകം” അപ്പോള്‍ത്തന്നെ തള്ളിക്കളഞ്ഞിരുന്നു.

ഭീകരതയുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന്..

മുകളില്‍ പറഞ്ഞ കാര്യത്തില്‍ “ലോകം” എന്നത് ലോകം ആകുകയാണെങ്കില്‍ ഏറ്റവും വെറുക്കപ്പെട്ട കൊടുംകുറ്റവാളി എന്ന പദവിക്ക് അര്‍ഹതയുള്ള മറ്റു ചിലരെ നമുക്ക് കാണുവാന്‍ കഴിയും. ഇതെങ്ങനെ ശരിയാകും എന്ന ചോദ്യം ഉന്നയിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ സഹായിക്കും.

ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് മൌഘ്നിയേക്കെതിരായ മിക്കവാറും കുറ്റാരോപണങ്ങള്‍ തെളിയിക്കപ്പെടാത്തവയാണെന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ സംശയരഹിതമായി അദ്ദേഹത്തിന്റെ പങ്ക് ഉറപ്പിക്കാമെങ്കില്‍ അത് 1985ല്‍ TWA വിമാനം റാഞ്ചിയ സംഭവത്തില്‍ മാത്രമാണ് എന്നുമാണ്. ഒരു അമേരിക്കന്‍ നേവി മുങ്ങല്‍ വിദഗ്ദന്‍ ആ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതാണ് ലോകമാസകലമുള്ള പത്രാ‍ധിപന്മാരെക്കൊണ്ട് 1985ലെ ‘ടോപ്പ് സ്റ്റോറി’യായി ഭീകരവാദത്തെ തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ച രണ്ട് സംഭവങ്ങളില്‍ ഒന്ന്‌, മറ്റേത് Achille Lauro എന്ന കപ്പലിന്റെ റാഞ്ചലാണ്. അമേരിക്കക്കാരനായ ലിയോണ്‍ ക്ലിങ്ഹോഫര്‍ എന്ന ശാരീരികമായ വെല്ലുവിളികള്‍ (crippled) നേരിടുന്ന ആള്‍ ഈ സംഭവത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. ഇത് “ലോകത്തിന്റെ” നീതിബോധത്തെ പ്രതിഫലിപ്പിക്കുന്നു. ഒരു പക്ഷെ ലോകം കാര്യങ്ങളെ വേറൊരു രീതിയില്‍ ആയിരിക്കും കണ്ടത്.

ഇസ്രായേലി പ്രധാനമന്ത്രിയായിരുന്ന ഷിമോണ്‍ പെരെസ് (Shimon Peres) ഈ രണ്ട് റാഞ്ചലുകള്‍ നടക്കുന്നതിനു ഒരാഴ്ച മുന്‍പ് ടൂണിസില്‍ ബോംബ് വര്‍ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനു പ്രതികാരമായി ആയിരുന്നു Achille Lauro റാഞ്ചപ്പെട്ടത്. പെരസിന്റെ വ്യോമസേന ട്യൂനീഷ്യക്കാരും പാ‍ലസ്തീനികളും ആയ 75 പേരെ കൊന്നിരുന്നു. അതിനായി ഉപയോഗിച്ച സ്മാര്‍ട്ട് ബോംബുകള്‍ അവരുടെ ശരീരങ്ങളെ ഛിന്നഭിന്നമാക്കുകയും ചെയ്തു. മറ്റു ക്രൂരതകള്‍ക്ക് പുറമെയാണിത്. ഇക്കാര്യങ്ങളെല്ലാം സംഭവ സ്ഥലത്തു നിന്ന് ഇസ്രായേലി പത്രപ്രവര്‍ത്തകനായ അംനോണ്‍ കപെലിയൌക് (Amnon Kapeliouk) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. അമേരിക്കന്‍ ഇന്റലിജന്‍സും ആറാം കപ്പല്‍പ്പടയും ഇക്കാര്യം അറിയാതിരിക്കാന്‍ യാതൊരു സാധ്യതയുമില്ലെങ്കിലും, ബോംബര്‍ വിമാനങ്ങള്‍ വരുന്നുണ്ട് എന്ന വിവരം സഖ്യ രാജ്യമായ ടുണീഷ്യയെ അറിയിക്കാതെ വാഷിങ്ങ്ടന്‍ (കൊലയുമായി) സഹകരിച്ചു. സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ജോര്‍ജ്ജ് ഷള്‍സ്(George Shultz) ഇസ്രായേലി വിദേശകാര്യമന്ത്രി യിസാക് ഷമീറിനോട്‌ ഇസ്രായേലിന്റെ നടപടിയെ “ഭീകരാക്രമണങ്ങള്‍”ക്കെതിരായ “നിയമവിധേയമായ മറുപടിയായി” വിശേഷിപ്പിച്ചുകൊണ്ട് പറഞ്ഞത് വാഷിങ്ങ്ടണ് “ ഇസ്രായേലിന്റെ നടപടിയോട് തികഞ്ഞ അനുഭാവമുണ്ടെന്നും പൊതുവില്‍ അതിനെ അംഗീകരിക്കുന്നുണ്ട്” എന്നുമാണ്. അല്പദിവസങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ കൌണ്‍സില്‍ ഐക്യകണ്ഠേന ഈ ബോംബാക്രമണത്തെ “ആയുധമുപയോഗിച്ചുകൊണ്ടുള്ള കടന്നാക്രമണം” എന്നു വിശേഷിപ്പിച്ചു. അമേരിക്ക ഈ യോഗത്തില്‍ പങ്കെടുത്തില്ല. കടന്നാക്രമണം (Aggression) എന്നത് തീര്‍ച്ചയായും അന്താരാഷ്ട്ര ഭീകരവാദത്തേക്കാള്‍ എത്രയോ വലിയൊരു കുറ്റകൃത്യമാണ്. എങ്കിലും അമേരിക്കക്കും ഇസ്രായേലിനും സംശയത്തിന്റെ ആനുകൂല്യം നല്‍കി അവരുടെ നായകര്‍ക്കെതിരെ നമുക്ക് വളരെ ചെറിയ കുറ്റം മാത്രം ചുമത്താം.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പെരസ് വാഷിങ്ങ്ടണിലെത്തി, അന്നത്തെ പ്രമുഖ അന്താരാഷ്ട്ര ഭീകരനായ റൊണാള്‍ഡ് റീഗനെ സന്ദര്‍ശിക്കുവാന്‍. റീഗന്‍ “ ഭീകരവാദമെന്ന മഹാവിപത്തിനെ” “ലോകം” അപലപിക്കുന്നതായി പ്രഖ്യാപിച്ചു.

ടൂണീഷ്യക്കെതിരായ ബോബാക്രമണത്തിനു ന്യായീകരണമായി പെരസും ഷള്‍സും ചൂണ്ടിക്കാട്ടിയ “ഭീകരാക്രമണം” സൈപ്രസിലെ ലര്‍ണാക്കയില്‍ വെച്ച് മൂന്ന്‌ ഇസ്രായേലികള്‍ കൊല്ലപ്പെട്ട സംഭവമാണ്. കൊലപാതകികള്‍ക്ക്, ഇസ്രായേലിനു സമ്മതിക്കേണ്ടിവന്നപോലെ, ടൂണിസുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല, സിറിയയുമായി വേണമെങ്കില്‍ വല്ല ബന്ധവും ഉണ്ടായിരുന്നിരിക്കാം. എന്നിരുന്നാലും ടൂണിസ് ആയിരുന്നു അവര്‍ക്ക് ഇഷ്ടപ്പെട്ട ലക്ഷ്യം. ഡമാസ്കസില്‍ നിന്നു വിഭിന്നമായി ടൂണിസിനു പ്രതിരോധ സംവിധാനങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പിന്നെ അധികസന്തോഷത്തിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. ടുണീസ് ആക്രമിച്ചാല്‍ ഒരു പക്ഷെ മറുനാടുകളില്‍ താമസിക്കുന്ന കൂടുതല്‍ പാലസ്തീനികളെ കൊല്ലാന്‍ കഴിയും!

ലര്‍ണാക്കയില്‍ വെച്ച് മൂന്ന്‌ ഇസ്രായേലികള്‍ കൊല്ലപ്പെട്ട സംഭവമാകട്ടെ , ഒരു തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അന്താരഷ്ട്ര ജലപാതകളില്‍ നിന്ന് ഇസ്രായേല്‍ സ്ഥിരമായി ആളുകളെ തട്ടിക്കൊണ്ടുപോയതിനും-ഇതിനിടെ കുറെയേറെപ്പേര്‍ കൊല്ലപ്പെടുകയും ചെയ്തു- കുറെയേറെ ആളുകളെ വിചരണയൊന്നും കൂടാതെ അനേകവര്‍ഷം തടവറകളില്‍ പാര്‍പ്പിച്ചതിനുമുള്ള ഒരു തിരിച്ചടിയായിരുന്നു പ്രസ്തുത സംഭവം. 1391 എന്ന നമ്പറിലറിയപ്പെട്ടിരുന്ന് രഹസ്യ തടവറ / പീഡന മുറി വളരെയേറെ കുപ്രസിദ്ധി നേടിയിരുന്നു. ഇസ്രായേലി- വിദേശ വര്‍ത്തമാന പത്രങ്ങളില്‍ നിന്നും ഇവയെക്കുറിച്ച് ധാരാളം മനസ്സിലാക്കാനാവും. അമേരിക്കന്‍ ദേശീയപത്രങ്ങളുടെ പത്രാധിപന്മാര്‍ക്കും ഇസ്രായേലിന്റെ ഇത്തരം അതിക്രമങ്ങളെക്കുറിച്ച് ധാരാളംഅറിയാം, എന്നാല്‍ അവര്‍ വല്ലപ്പോഴും മാത്രം ആനുഷംഗികമായ എന്തെങ്കിലും പരമാര്‍ശങ്ങള്‍ നടത്തി ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.

ക്ലിങ്ങ്ഹോഫറുടെ കൊലപാതകം ഭീതിയോടെത്തന്നെയാണ് വീക്ഷിക്കപ്പെട്ടത്, എല്ലാവര്‍ക്കും അതിനെക്കുറിച്ച് അറിയാം. പ്രശസ്തമായ ഒരു ഓപ്പറക്കും ടെലിവിഷനു വേണ്ടി നിര്‍മ്മിച്ച ഒരു സിനിമക്കുമൊക്കെ ഇത് വിഷയീഭവിച്ചു. ഇതിനു പുറമെ പാലസ്തീനികളുടെ ക്രൂരതയെ അപലപിച്ചുകൊണ്ടുള്ള കമന്ററികള്‍ക്കും - “രണ്ടു തലയുള്ള മൃഗങ്ങള്‍” എന്ന് പ്രധാനമന്ത്രി മെനാചെം ബെഗിന്‍. “കഞ്ചാവടിച്ച പാറ്റകളുടെ കുപ്പിക്കുള്ളിലെ പരക്കം‌പാച്ചില്‍ എന്ന് ചീഫ് ഓഫ് സ്റ്റാഫ് റഫുല്‍ ഐറ്റാന്‍, “നമ്മോട് താരതമ്യം ചെയ്യുമ്പോള്‍ വെട്ടുകിളികളെപ്പോലെ”, അവരുടെ തലകള്‍ “ചുവരിലിടിച്ച് തകര്‍ക്കണം” എന്ന് പ്രധാനമന്ത്രി യിറ്റ്സാക്ക് ഷമീര്‍. സാധാരണയായി "nigger", "kike" എന്നീ അവഹേളന പദങ്ങള്‍ക്ക് തത്തുല്യമായ "Araboushim"(derogatory slang for Arabs) എന്ന വാക്കുകൊണ്ടും ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടു.

അങ്ങനെ, ഇസ്രായേലിന്റെ ആക്രമണാത്മകമായ വിദേശനയങ്ങളെ അനുകൂലിക്കുന്നവരുടെ പോലും വെറുപ്പിനു പാത്രമായ കുടിയേറ്റ-സൈനിക ഭീകരതയുടെ പ്രദര്‍ശനത്തിനും, 1982ല്‍ ഹാല്‍ഹള്‍ എന്ന വെസ്റ്റ് ബാങ്ക് നഗരത്തില്‍ നടന്ന ബോധപൂര്‍വമായുള്ള അപമാനത്തിനും ശേഷം സൈനിക രാഷ്ട്രീയ അനാലിസ്റ്റായ യോരം പെറി അന്ധാളിപ്പോടെ എഴുതിയത് “ സൈന്യത്തിന്റെ ഇന്നത്തെ ദൌത്യം നമുക്ക് ദൈവം വാഗ്ദാനം ചെയ്ത ഭൂമിയായ പ്രദേശത്ത് താമസിക്കുന്ന “Araboushim" ആണ് അവര്‍ എന്ന ഒറ്റക്കാരണത്താല്‍ നിരപരാധികളായ ആ ജനതയുടെ അവകാശങ്ങളെ തച്ചുതകര്‍ക്കുക” എന്നതാണ്. ആ ദൌത്യം കൂടുതല്‍ കൂടുതല്‍ അടിയന്തിര സ്വഭാവമുള്ളതാവുകയും “Araboushim" തലപൊക്കാന്‍ തുടങ്ങിയപ്പോള്‍ നാളിതുവരെയും ദര്‍ശിച്ചിട്ടില്ലാത്ത ക്രൂരതയോടെ നടപ്പിലാക്കപ്പെടുകയും ചെയ്തു.

ക്ലിങ്ഹോഫറുടെ വധത്തിനെക്കുറിച്ചുള്ള വികാരപ്രകടനങ്ങളിലെ ആത്മാര്‍ത്ഥത നമുക്കു എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ നടത്തുന്ന സമാനമായ ആക്രമണത്തോടുള്ള പ്രതികരണങ്ങളെക്കുറിച്ച് കൂടി അന്വേഷിക്കണം എന്നുമാത്രം. ഉദാഹരണത്തിന് 2002 ഏപ്രിലില്‍ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സംഹാര താണ്ഢവമാടിക്കൊണ്ടിരുന്ന ഇസ്രായേലി സൈന്യം വധിച്ച കെമാല്‍ സുഗ്യാര്‍, ജമാല്‍ റഷീദ് എന്നീ ശാരീരികമായി നിസ്സഹായരായ രണ്ട് പാലസ്തീന്‍കാരുടെ കാര്യമെടുക്കാം. ഇസ്രായേലി ടാങ്കുകളില്‍ നിന്നും രക്ഷപ്പെടുവാനുള്ള ശ്രമത്തിനിടയില്‍ വെടിയേറ്റു മരിച്ച സുഗ്യാറിന്റെ ചതഞ്ഞരഞ്ഞ ശരീരവും അദ്ദേഹത്തിന്റെ വീല്‍ചെയറിന്റെ ഭാഗങ്ങളും അദ്ദേഹം കയ്യില്‍ കരുതിയിരുന്ന വെള്ളക്കൊടിയും പിന്നീട് ബ്രിട്ടീഷ് റിപ്പോര്‍ട്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ടാങ്കുകള്‍ മുകളിലൂടെ കയറിയിറങ്ങിയപ്പോള്‍ സുഗ്യാറിന്റെ മുഖം രണ്ട് പകുതിയാവുകയായിരുന്നു; കൈകളും കാലുകളും വേര്‍പെട്ട് കിടക്കുകയായിരുന്നു. ജെനിനിലെ തന്റെ വസതിയില്‍ കുടുംബാംഗങ്ങളുമൊത്ത് കഴിയവെ , അമേരിക്ക നല്‍കിയ ഭീമന്‍ കാറ്റര്‍പില്ലാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇസ്രായേലി സേന റഷീദിന്റെ വീട് തകര്‍ക്കുകയായിരുന്നു, അദ്ദേഹവും കുടുംബാംഗങ്ങളും അകത്തുണ്ട് എന്നറിഞ്ഞുകൊണ്ട് തന്നെ. തന്റെ വീല്‍ചെയറിനോട് ചേര്‍ത്തരക്കപ്പെടുകയായിരുന്നു റഷീദ്. ഈ സംഭവത്തെക്കുറിച്ചുണ്ടായ പ്രതികരണം, അല്ല പ്രതികരണമില്ലായ്മ ഒരു പതിവാക കൊണ്ട് കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ?

കാര്‍ ബോംബ്

വാസ്തവം പറഞ്ഞാല്‍ 1985ലെ ട്യൂണിസ് ബോംബിങ്ങ് അതേ വര്‍ഷം നടന്ന “മൌഘ്നിയേയുടെ പങ്ക് സംശയലേശമന്യെ ഉറപ്പാക്കാവുന്ന” Achille Lauro റാഞ്ചലിനേക്കാള്‍ ഗുരുതരമായ ഭീകരവാദ കുറ്റകൃത്യമാണ്. എന്നാല്‍ ഏറ്റവും ഗുരുതരമായ ഭീകരവാദ പൈശാചിക പ്രവൃത്തിക്കുള്ള സമ്മാനത്തിനായി ഈ ബോംബിങ്ങുമായി മത്സരിക്കാന്‍ അര്‍ഹതയുള്ള മറ്റു ചില സംഭവങ്ങളും 1985ല്‍ മിഡില്‍ ഈസ്റ്റില്‍ അരങ്ങേറിയിട്ടുണ്ട്.

അതിലൊന്ന്, വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് ആരാധകര്‍ മടങ്ങുന്ന അവസരത്തില്‍ ബെയ്‌റൂട്ടിലെ പള്ളിക്ക് പുറത്ത് നടന്ന കാര്‍ ബോംബ് സ്ഫോടനമാണ്. സ്ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും 256 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പള്ളിയില്‍ നിന്നും മടങ്ങുന്ന സ്ത്രീകളും പെണ്‍കുട്ടികളുമായിരുന്നു ആ ഹതഭാഗ്യരില്‍ ഭൂരിഭാഗവും. സ്ഫോടനത്തിന്റെ ഭീകരതയെക്കുറിച്ച് “കുഞ്ഞുങ്ങളെ കട്ടിലോട് ചേര്‍ത്ത് വേവിച്ചു”, “വസ്ത്രം വാങ്ങിക്കൊണ്ടിരുന്നു വധുവിനെ കൊന്നു”, “ പള്ളിയില്‍ നിന്നും വീട്ടിലേക്ക് നടക്കുകയായിരുന്ന മൂന്ന് കുട്ടികളെ തരിപ്പണമാക്കി”, “ബെയ്‌റൂട്ട് നഗരപ്രാന്തത്തിലെ ജനസാന്ദ്രതയേറിയ തെരുവിനെ നാമാവശേഷമാക്കി” എന്നൊക്കെ മൂന്നു വര്‍ഷത്തിനുശേഷം നോറാ ബൌസ്റ്റാനി (Nora Boustany) വാഷിങ്ങ്ടന്‍ പോസ്റ്റില്‍ എഴുതി.

സ്ഫോടനത്തിന്റെ ലക്ഷ്യം ഷിയാ പ്രമുഖനായ പുരോഹിതന്‍ ഷെയ്ക്ക് മൊഹമ്മദ് ഹുസൈന്‍ ഫദ്‌ലള്ളാ ആയിരുന്നുവെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടറായ ബോബ് വുഡ്‌വാര്‍ഡ് തന്റെ Veil: The Secret Wars of the CIA, 1981-1987 എന്ന പുസ്തകത്തില്‍ ()പറഞ്ഞതുപോലെ സി.ഐ.എ ഡയറക്ടറുടെ പ്രത്യേക അനുമതിയോടെ, ബ്രിട്ടന്റെ സഹായത്താല്‍ റീഗന്റെ സി.ഐ.എയും അവരുടെ സൌദി കൂട്ടാളികളും ചേര്‍ന്ന് ഒരുക്കിയതായിരുന്നു ഈ ആക്രമണം. മറച്ചുവെക്കുവാന്‍ തീര്‍ത്തും അസാദ്ധ്യമായ രീതിയില്‍ പ്രാമുഖ്യം നേടുകയോ, അന്വേഷണം താഴെ തട്ടിലുള്ള ചില “വികൃതിക്കുട്ടികളില്‍” ഒതുക്കിനിര്‍ത്താം എന്നുറപ്പുണ്ടാവുകയോ ചെയ്യുന്ന അവസരത്തിലല്ലാതെ, സ്വന്തം കുറ്റകൃത്യങ്ങള്‍ ഞങ്ങള്‍ അന്വേഷിക്കാറില്ല എന്ന സിദ്ധാന്തം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുന്നതുമൂലം പ്രാഥമിക വിവരങ്ങള്‍ക്കപ്പുറം ഇതിനെക്കുറിച്ച് ഒന്നും തന്നെ വെളിയില്‍ വന്നിട്ടില്ല.

ഭീകരവാദികളായ ഗ്രാമീണര്‍

1985ലെ മിഡില്‍ ഈസ്റ്റിലെ ഭീകരവാദത്തിനുള്ള സമ്മാനത്തിനര്‍ഹതയുള്ള മൂന്നാമത്തെ സംഭവം സെക്യൂരിറ്റി കൌണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഇസ്രായേല്‍ കയ്യടക്കിവെച്ചിരുന്ന ലെബനീസ് പ്രദേശങ്ങളില്‍ പ്രധാനമന്ത്രി പെരസ് നടത്തിയ “ഉരുക്കുമുഷ്ടി” പ്രയോഗങ്ങളാണ്. ഇസ്രായേലിലെ ഉന്നതാധികാരികള്‍ “ഭീകരവാദികളായ ഗ്രാമീണര്‍” എന്നു വിളിച്ചിരുന്നവരായിരുന്നു ഇതിന്റെ ഉന്നം. ആ പ്രദേശത്തെക്കുറിച്ച് അറിവുള്ള ഒരു പാശ്ചാത്യ നയതന്ത്രജ്ഞന്റെ അഭിപ്രായത്തില്‍ “കണക്കുകൂട്ടി നടപ്പിലാക്കിയ ക്രൂരതയും ഏകപക്ഷീയമായ കൊലപാതകവും” എന്ന വിശേഷണത്തിനര്‍ഹത നേടുന്ന തരത്തില്‍ പെരസിന്റെ കുറ്റകൃത്യങ്ങള്‍ തരം താണിരുന്നു. ഈ വാദം സമര്‍ത്ഥിക്കുന്നതിനാവശ്യമായ ധാരാളം തെളിവുകള്‍ ലഭ്യമായിരുന്നു താനും. അത് “ലോകത്തിന്” അത്ര താല്പര്യമുള്ള വിഷയമല്ല എന്നതുകൊണ്ടു തന്നെ നിലവിലുള്ള രീതികളനുസരിച്ച് അന്വേഷണ വിധേയമാകാതിരിക്കുകയാണ്. അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പരിധിയിലാണോ അതോ അതിനേക്കാള്‍ ഗുരുതരമായ കടന്നാക്രമണം (അഗ്രഷന്‍) എന്നതിന്റെ പരിധിയിലാണോ ഇതൊക്കെ വരിക എന്നു നമുക്ക് വേണമെങ്കില്‍ ചോദിക്കാം; എങ്കിലും ഇത്തവണയും നമുക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി ഇസ്രായേലിനെയും അവരെ പിന്തുണക്കുന്ന വാഷിങ്ടനെയും വിട്ടയയ്ക്കുകയും ചെറിയ കുറ്റം മാത്രം അവരില്‍ ആരോപിക്കുകയും ചെയ്യാം.

ഭീകരവാദ കുറ്റകൃത്യവുമായി ഇമാദ് മൌഘ്നിയേ ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായും ഉറപ്പിക്കാവുന്നത് വളരെ കുറച്ചു സംഭവങ്ങളില്‍ മാത്രമാണ് .അതില്‍ ഒരെണ്ണമാണിതെന്നത് പരിഗണിക്കുമ്പോള്‍ “ലോകത്തില്‍” ഉള്ളവരുടെ മനസ്സില്‍ വന്നില്ലെങ്കിലും ലോകത്തിലെ ജനങ്ങളുടെ മനസ്സില്‍ വരുന്ന ചില ചിന്തകളില്‍ ചിലതാണിവ.

1983ല്‍ 241 അമേരിക്കന്‍ മറൈനുകളുടേയും 58 ഫ്രഞ്ച് പാരാട്രൂപ്പര്‍മാരുടേയും മരണത്തില്‍ കലാശിച്ച ലെബനണിലെ മറൈന്‍-പാരാട്രൂപ്പ് ബാരക്കുകള്‍ക്കു നേരെയുണ്ടായ ഇരട്ട ചാവേര്‍ ട്രക്ക് ബോംബ് ആക്രമണത്തിനും, ബെയ്‌റൂട്ട് അമേരിക്കന്‍ എംബസിക്കു നേരെ അതിനു മുന്‍പ് നടന്ന ആക്രമണത്തിനും മൌഘ്നിയേ ഉത്തരവാദിയാണെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്. സി.ഐ.എ. ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത് എന്നതിനാല്‍ രണ്ടാമത്തെ സംഭവത്തെ കൂടുതല്‍ ഗൌരവത്തോടെ അമേരിക്ക കാണുന്നു.

എങ്കിലും ഫൈനാന്‍ഷ്യല്‍ ടൈംസ് പറയുന്നത് മറൈനുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനുത്തരവാദി ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയാണെന്നും ഹിസ്‌ബോള്ളാ അല്ലെന്നുമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് ജിഹാദ് എന്ന അറിയപ്പെടാത്ത സംഘം ഏറ്റെടുത്തിട്ടുണ്ടെന്ന് ജിഹാദി സംഘടനകളുടെയും ലെബനോണിന്റെയും കാര്യത്തില്‍ വിശാരദനായ ഫവാസ് ജെര്‍ജെസ്(Fawaz Gerges) എഴുതിയിട്ടുണ്ട്. ക്ലാസിക്കല്‍ അറബിയില്‍ സംസാരിക്കുന്ന ഒരു ശബ്ദം ലെബനോണിലെ എല്ലാ അമേരിക്കക്കാരോടും സ്ഥലം കാലിയാക്കുകയോ മരിക്കാന്‍ തയ്യാറെടുക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൌഘ്നിയേ ആ സമയത്ത് ഇസ്ലാമിക് ജിഹാദിന്റെ തലവനായിരുന്നു എന്നാണ് (എതിരാളികളുടെ) അവകാശവാദം. എങ്കിലും എന്റെ അറിവനുസരിച്ച് അതിനുള്ള തെളിവുകള്‍ തുലോം വിരളമാണ്.

ഇക്കാര്യത്തിലുള്ള ലോകാഭിപ്രായം പരിശോധിക്കാന്‍ ആ‍രും മിനക്കെട്ടിട്ടില്ല. എങ്കിലും 1982ല്‍ ബെയ്‌റൂട്ടിന്റെ പല ഭാഗങ്ങളേയും തകര്‍ത്തുകൊണ്ടും 20000 പേരുടെ മരണത്തിനിടയാക്കിക്കൊണ്ടും ഇസ്രാ‍യേല്‍ നടത്തിയ ലെബനോണ്‍ അധിനിവേശത്തിനു അമേരിക്ക നല്‍കിയ പിന്തുണയും, അമേരിക്കന്‍-ഫ്രഞ്ച് സൈന്യങ്ങള്‍ ലെബനോണില്‍ നടത്തിയ കനത്ത നാവിക ആക്രമണവുമൊക്കെ കണ്‍‌മുന്നിലിരിക്കെ, ഒരു വിദേശരാജ്യത്തിലെ സൈനികത്താവളത്തെ ആക്രമിക്കുന്നതിനെ “ഭീകരാക്രമണം” എന്നു വിളിക്കുവാന്‍ ഒരല്പം ശങ്കിക്കേണ്ടിയിരിക്കുന്നു. സാബ്ര-ഷാറ്റില്ല കൂട്ടക്കൊലക്കുശേഷമുണ്ടായ ആഗോള പ്രതിഷേധം അവഗണിക്കാനാവാത്തവിധം ശക്തമായിരുന്നതിനാല്‍ പ്രസിഡന്റ് റീഗന്‍ ആ ആക്രമണങ്ങള്‍ അവസാനിപ്പിക്കുവാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

മനഃപൂര്‍വമല്ലാത്ത കൊലപാതകം

ഫൈനാന്‍ഷ്യള്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തപോലെ, മൌഘ്നിയേക്കെതിരായ മറ്റൊരാരോപണം മുന്‍ ഹിസ്‌ബോള്ളാ തലവന്‍ അബ്ബാസ് അല്‍ മുസാവിയെ ഇസ്രായേല്‍ വധിച്ചതിനു പ്രതികാരമായി,1992 മാര്‍ച്ച് 17ന് ഇരുപത്തിഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ ബ്യൂണസ് അയേഴ്സിലെ ഇസ്രായേലി എംബസി ആക്രമണത്തിനു ചുക്കാന്‍ പിടിച്ചു എന്നതാണ്. മുസാവിയുടെ വധത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് തെളിവാവശ്യമില്ല, കാരണം ഇസ്രായേല്‍ അഭിമാനപൂര്‍വം അതിന്റെ ക്രെഡിറ്റ് ഏറ്റെടുത്തിരുന്നു. ലോകത്തിന് ഈ കഥയുടെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ആയിരിക്കും താല്പര്യം കണ്ടേക്കുക. അല്‍ മുസാവി വധിക്കപ്പെട്ടത് ലെബനോണിലെ ഇസ്രായേലിന്റെ നിയമവിരുദ്ധമായ “സുരക്ഷിത മേഖല”ക്ക് കുറെ വടക്കുഭാഗത്തു വച്ചാണ്, അതും അമേരിക്ക നല്‍കിയ ഹെലികോപ്റ്റര്‍ ഉപയോഗിച്ച്. ഇസ്രായേലി സൈന്യത്താല്‍ വധിക്കപ്പെട്ട മറ്റൊരു ഇമാമിന്റെ അനുസ്മരണച്ചടങ്ങില്‍ സംസാരിച്ചതിനുശേഷം ജിബ്‌സിറ്റില്‍ നിന്നും സിഡോണിലേക്ക് മടങ്ങിവരികയായിരുന്നു അദ്ദേഹം. ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും അഞ്ചുവയസ്സുകാരന്‍ മകനും കൊല്ലപ്പെട്ടു. ആദ്യ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറിനേയും അമേരിക്ക നല്‍കിയ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഇസ്രായേല്‍ ആക്രമിച്ചിരുന്നു.

ആ കുടുംബത്തിന്റെ കൊലപാതകത്തിനുശേഷം ഹിസ്‌ബൊള്ളാ “കളിയുടെ നിയമങ്ങള്‍ മാറ്റി” എന്ന് പ്രധാനമന്ത്രി റാബിന്‍ ഇസ്രായേലി നിയമനിര്‍മ്മാണ സഭയായ Knessetനെ അറിയിച്ചു. അതിനു മുന്‍പ് ഇസ്രായേലിനെതിരെ റോക്കറ്റ് ആക്രമണം ഉണ്ടായിരുന്നില്ല. അതുവരെയുള്ള രീതി ഇസ്രായേല്‍ തങ്ങളുടെ ഇഷ്ടാനുസരണം ലെബനോണിലെവിടേയും മൃഗീയമാ‍യ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു; ഹിസ്‌ബൊള്ളായുടെ എതിര്‍ ആക്രമണം ഇസ്രായേല്‍ കയ്യടക്കിയിട്ടുള്ള ലെബനീസ് പ്രദേശത്ത് മാത്രമായി ഒതുങ്ങിയിരുന്നു.

തങ്ങളുടെ നേതാവിന്റെയും കുടുംബത്തിന്റേയും വധത്തിനുശേഷം ഹിസ്‌ബൊള്ളാ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ വടക്കന്‍ ഇസ്രായേലിലെ വിവിധ പ്രദേശങ്ങളെ റോക്കറ്റ് ഉപയോഗിച്ച് ആക്രമിക്കാനും തിരിച്ചടിക്കാനും തുടങ്ങി. ആ ആക്രമണം ദുസ്സഹമായതിനാല്‍ റാബിന്‍ ഒരു പിടിച്ചടക്കല്‍ നടപടിയിലേക്ക് നീങ്ങുകയും അത് അഞ്ച് ലക്ഷം ആളുകളെ തങ്ങളുടെ വാസസ്ഥലത്തുനിന്ന് നിഷ്കാസിതരാക്കുകയും നൂറില്‍പ്പരം പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ദയാരഹിതമായ ഇസ്രായേല്‍ ആക്രമണം ഏതാണ്ട് വടക്കന്‍ ലെബനോണ്‍ വരെ എത്തിയിരുന്നു.

ദക്ഷിണഭാഗത്ത് ടൈര്‍ നഗരത്തിലെ 80% ജനങ്ങളും ഒഴിഞ്ഞുപോവുകയും നബാറ്റിയേ ഒരു “പ്രേത നഗരം” ആയി മാറുകയും ചെയ്തു. ജിബ്‌സിറ്റിന്റെ 70% നശിപ്പിക്കപ്പെട്ടു .ഒരു ഇസ്രായേലി വക്താവ് പറഞ്ഞത് “ ഷിയാ ജനതയെ സംബന്ധിച്ച് പ്രധാനമാകയാല്‍ ആ ഗ്രാമത്തെ പൂര്‍ണ്ണമായി നശിപ്പിക്കുക” എന്നതായിരുന്നു തങ്ങളുടെ ഉദ്ദേശം എന്നാണ്. “ഭൂമുഖത്തു നിന്നു തന്നെ ആ ഗ്രാമങ്ങളെ തുടച്ചുനീക്കുകയും അതിനു ചുറ്റും നാശത്തിന്റെ വിത്തുവിതയ്ക്കുകയുമാണ് ലക്ഷ്യം“ എന്നാണ് ഒരു ഉയര്‍ന്ന ഇസ്രായേലി ഉത്തര കമാണ്ട് ഉദ്യോഗസ്ഥന്‍ ആ ഓപ്പറേഷനെക്കുറിച്ച് പറഞ്ഞത്.

ജിബ്‌ഷിറ്റ് ലക്ഷ്യമായതിനു ഒരു പ്രത്യേക കാരണം ഉണ്ടായിരുന്നു. കുറച്ച് വര്‍ഷം മുന്‍പ് ഇസ്രായേലിലേക്ക് തട്ടിക്കൊണ്ട് പോകപ്പെട്ട ഷെയ്ക് അബ്ദുള്‍ കരീം ഒബീദിന്റെ വീട് അവിടെയായിരുന്നു എന്നതായിരുന്നു അത്. ഒബീദിന്റെ വീട് “നേരിട്ടുള്ള മിസൈല്‍ ആക്രമണത്തിനു വിധേയമായി“ എന്ന് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ റോബര്‍ട്ട് ഫിസ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലികള്‍ ഉന്നം വച്ചത് ഒബീദിന്റെ ഭാര്യയേയും മൂന്ന് കുഞ്ഞുങ്ങളേയും ആയിരിക്കാം. “രക്ഷപ്പെടാന്‍ കഴിയാതെ പോയവര്‍ പേടിച്ച് ഒളിക്കുകയായിരുന്നു. കാരണം ഏത് തരത്തിലുള്ള ആളനക്കവും ഇസ്രായേലി വെടിവെപ്പ് വിദഗ്ദരുടെ ശ്രദ്ധപിടിച്ചുപറ്റുമായിരുന്നു. അവരാകട്ടെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍ച്ചയായി തിരഞ്ഞെടുത്ത ലക്ഷ്യങ്ങളിലേക്ക് ഷെല്‍ വര്‍ഷം നടത്തുകയായിരുന്നു” എന്നാണ് മാര്‍ക് നിക്കോള്‍സണ്‍ ഫൈനാന്‍ഷ്യല്‍ ടൈംസില്‍ എഴുതിയത്. “ഒരു മിനിറ്റില്‍ പത്തിലേറെ ഷെല്ലുകളാണ് ചിലഗ്രാമങ്ങളില്‍ വന്നു വീണുകൊണ്ടിരുന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇതിനെല്ലാം തന്നെ “പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഉറച്ച പിന്‍‌തുണയുണ്ടായിരുന്നു. അദ്ദേഹം “കളിയുടെ നിയമങ്ങളെ“ക്കുറിച്ച്, Araboushimനെ ശക്തമായ ഒരു പാഠം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാനായിരുന്നു ! റാബിനാവട്ടെ രണ്ടു തലയുള്ള മൃഗങ്ങളില്‍ നിന്നും, വെട്ടുകിളികളില്‍ നിന്നും, മയക്കുമരുന്ന് കഴിച്ച പാറ്റകളില്‍ നിന്നും വ്യത്യസ്തനായ ഒരു ധീരനായകന്റെ പരിവേഷം നേടിയെടുത്തു.

ബ്യൂണസ് അയേഴ്സില്‍ ഉണ്ടായ എതിര്‍ ഭീകരാക്രമണത്തിനു (retaliatory terrorist act) ഉത്തരവാദി മൊഘ്നിയേ ആണെന്ന ആരോപണങ്ങളോടനുബന്ധിച്ച് ലോകത്തിനു താല്പര്യം തോന്നിയേക്കാവുന്ന വസ്തുതകളുടെ ഒരു ചെറിയ സാമ്പിള്‍ മാത്രമാണിതൊക്കെ.

മൌഘ്നിയേക്കെതിരായ മറ്റൊരാരോപണം 2006ലെ ഇസ്രായേലിന്റെ ലെബനോണ്‍ അധിനിവേശത്തിനെതിരെ ഹിസ്‌ബൊള്ളയുടെ പ്രതിരോധത്തിനു വേണ്ടതായ സഹായം ചെയ്തു എന്നതാണ്. അമേരിക്കക്കും അവരുടെ കക്ഷികള്‍ക്കും അവരുടെ ആക്രമണങ്ങള്‍ക്കും ഭീകരതക്കുമൊന്നും ഒരു തടസ്സവും ഉണ്ടാവരുത് എന്നു കരുതുന്ന “ലോകത്തിന്റെ” രീതികള്‍ക്കനുസരിച്ച് തീര്‍ച്ചയായും ഇത് പൊറുക്കാനാവാത്ത ഭീകര കുറ്റകൃത്യം തന്നെയാണ്.

കുറച്ചുകൂടി കടുത്ത അമേരിക്കന്‍ ഇസ്രായേലി പക്ഷപാതികള്‍ (apologists) യഥാവിധി വിശദീകരിക്കുന്നത് അറബികള്‍ മനഃപൂര്‍വമായി ആളുകളെ കൊല്ലുന്നു എന്നും, അമേരിക്കയും ഇസ്രായേലും ജനാധിപത്യസമൂഹങ്ങളാകയാല്‍ അങ്ങനെ ചെയ്യുന്നില്ല എന്നുമാണ്. അവര്‍ ചെയ്യുന്ന കൊലപാതകങ്ങളെല്ലാം സന്ദര്‍ഭവശാല്‍ സംഭവിക്കുന്നതാകകൊണ്ട് അവര്‍ ശത്രുവിന്റെ അത്ര ധാര്‍മ്മികമായി അധഃപതിച്ചിട്ടില്ല എന്നുമാണ്. ഈയിടെ ഗാസയിലെ ജനങ്ങള്‍ക്ക് ഒന്നാകെ കടുത്ത ശിക്ഷ നല്‍കുന്നതിനായി അവര്‍ക്കുള്ള വൈദ്യുതി(അത് വഴി കുടിവെള്ളം, മലിനജല നിര്‍മാര്‍ജ്ജനം, മറ്റു പ്രാഥമിക ആവശ്യങ്ങള്‍ ഒക്കെ) നിഷേധിക്കുവാന്‍ അനുമതി നല്‍കിയ ഇസ്രായേലി ഹൈക്കോടതിയുടെ നിലപാടും ഇതു തന്നെയായിരുന്നു!

ഇതേ രീതിയിലുള്ള സ്വയം ന്യായീകരണശ്രമങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. വാഷിങ്ങ്ടണ്‍ 1998ല്‍ സുഡാനിലെ മരുന്നു നിര്‍മ്മാണക്കമ്പനി തകര്‍ത്തതു പോലുള്ള ചെറു കുറ്റകൃത്യങ്ങള്‍ ചെയ്തപ്പോഴും നാമിത് കേട്ടതാണ്. ആ ആക്രമണം പതിനായിരക്കണക്കിനു ജനങ്ങളുടെ മരണത്തിനിടയാക്കിയെങ്കിലും കൊല്ലാനുള്ള ഉദ്ദേശം ഇല്ലാതിരുന്നതുകൊണ്ട് അത് മനഃപൂര്‍വമായുള്ള കൊലപാതകം എന്ന കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നില്ല - ഇത്തരത്തിലുള്ള സ്വയം ന്യായീകരണശ്രമങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ തുടര്‍ച്ചയായി മൂടിവെക്കുന്ന സന്മാര്‍ഗവാദികള്‍ നമ്മെ പഠിപ്പിക്കുന്നത് അത്തരം ന്യായീകരണശ്രമങ്ങള്‍ നടത്താനാണ്.

ഒന്നു കൂടി ആവര്‍ത്തിക്കട്ടെ; നമുക്ക് കുറ്റകൃത്യങ്ങളെ മൂന്നായി തരം തിരിക്കാം. മനഃപൂര്‍വമായുള്ള കൊലപാതകം, ആകസ്മികമായുള്ള കൊലപാതകം, മുന്നറിവുള്ളതും എന്നാല്‍ പ്രത്യേകിച്ച് കൊല്ലണമെന്ന് ഉദ്ദേശമില്ലാത്തതുമായ കൊലപാതകം. അമേരിക്കയുടേയും ഇസ്രായേലിന്റേയും പാതകങ്ങള്‍ മൂന്നാമത്തെ വിഭാഗത്തിലാണ് വരുന്നത്. അതായത് ഇസ്രായേല്‍ ഗാസയിലെ വൈദ്യുതി ബന്ധങ്ങളെ ആക്രമിക്കുകയോ, വെസ്റ്റ് ബാങ്കില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനു തടസ്സങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുമ്പോള്‍, മലിനജലം ഉപയോഗിക്കുന്നതു മൂലവും, ആംബുലന്‍സിന് ആശുപത്രിയില്‍ എത്താന്‍ സാധിക്കാത്തതുമൂലവും മരിക്കുന്നവരെ കൊല്ലാന്‍ അവര്‍ക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന് നമുക്ക് വിശ്വസിക്കാം. ബില്‍ ക്ലിന്റണ്‍ അല്‍-ഷിഫ ഫാക്ടറി ബോംബിട്ടു തകര്‍ക്കുവാന്‍ അനുമതി നല്‍കിയപ്പോള്‍ വ്യക്തമായിരുന്നു അത് ഒരു മാനുഷിക ദുരന്തത്തിനിടയാക്കുമെന്ന്‌. Human Rights Watch ഉടനടി തന്നെ എല്ലാ വിശദവിവരങ്ങളോടെയും അദ്ദേഹത്തെ ഇതിനെക്കുറിച്ച് അറിയിച്ചിരുന്നു. എന്നിരുന്നാലും ക്ലിന്റണോ അദ്ദേഹത്തിന്റെ ഉപദേശകര്‍ക്കോ, ഒരു ദരിദ്ര ആഫ്രിക്കന്‍ രാജ്യത്തിന്റെ പകുതിയോളം ജനങ്ങള്‍ക്കുള്ള മരുന്നു സപ്ലൈ തകര്‍ക്കുമ്പോള്‍ ആ നടപടി മൂലം മരിക്കാനിടയാകുന്നവരെ കൊല്ലണമെന്ന പ്രത്യേകമായ ഉദ്ദേശം ഇല്ലായിരുന്നല്ലോ?

കുറച്ച് കൂടി വ്യക്തമാക്കുകയാണെങ്കില്‍, അവരും അവര്‍ക്ക് ന്യായീകരണം ചമയ്ക്കുന്നവരും ആഫ്രിക്കക്കാരെക്കുറിച്ച് കരുതിയിരുന്നത് തെരുവിലൂടെ നടക്കുമ്പോള്‍ ചവിട്ടിയരക്കപ്പെടുന്ന ഉറുമ്പുകളെ നാം എങ്ങിനെ കണക്കിലെടുക്കുന്നുവോ അതുപോലെയാണ്. ചവിട്ടി അരയ്ക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് നമുക്കുമറിയാം, ചിന്തിക്കാന്‍ മെനക്കെടുകയാണെങ്കില്‍. എങ്കിലും കൊല്ലണം എന്ന ഉദ്ദേശം നമുക്കില്ല, അതു കണക്കിലെടുക്കാന്‍ മാത്രം പ്രാധാന്യം അവയ്‌ക്കുണ്ടെന്ന് നാം കരുതുന്നുമില്ലല്ലോ? എന്നാല്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ Araboushim നടത്തുന്ന ഇതേപോലുള്ള ആക്രമണങ്ങള്‍ മറ്റൊരു രീതിയിലായിരിക്കും വിലയിരുത്തപ്പെടുക എന്നത് എടുത്തുപറയേണ്ടതില്ലല്ലോ.

ഒരു നിമിഷത്തേക്കെങ്കിലും നമുക്ക് ലോകത്തിന്റെ വീക്ഷണം സ്വീകരിക്കുവാന്‍ കഴിയുമെങ്കില്‍ നാം ചോദിച്ചേക്കും ഏത് കുറ്റവാളികളാണ് “ ആഗോള പിടികിട്ടാപ്പുള്ളികളെന്ന്.”

(നോം ചോംസ്കി എഴുതിയ The Most Wanted List എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു നിമിഷത്തേക്കെങ്കിലും നമുക്ക് ലോകത്തിന്റെ വീക്ഷണം സ്വീകരിക്കുവാന്‍ കഴിയുമെങ്കില്‍ നാം ചോദിച്ചേക്കും ഏത് കുറ്റവാളികളാണ് “ ആഗോള പിടികിട്ടാപ്പുള്ളികളെന്ന്...

നോം ചോംസ്കി പറയുന്നു...

അമേരിക്കയും അവരുടെ കൂട്ടാളികളും അടങ്ങുന്ന “ലോക“ത്തിന്റേയും, ലോകത്തിന്റേയും വീക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കെ യഥാര്‍ത്ഥ കുറ്റവാളികള്‍ ആരൊക്കെ എന്ന കാര്യത്തിലും വ്യത്യസ്ഥമായ അഭിപ്രായം സ്വാഭാവികം.

ഗാസയിലെ humanitarian crisisനെപ്പറ്റി ഇക്കഴിഞ്ഞ ദിവസം പുറത്ത് വന്ന ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിന്റേയും സമീപദിവസങ്ങളില്‍ അവിടെ നടന്ന കൂട്ടക്കൊലയുടേയും പശ്ചാത്തലത്തില്‍ തികച്ചും പ്രസക്തം എന്നു കരുതുന്ന ഈ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

Anonymous said...

നോം ചോംസ്കിയുടെ The Most Wanted List എന്ന ലേഖനത്തിന്റെ മലയാളം പരിഭാഷ പ്രസിദ്ധീകരിച്ചതിനു നന്ദി

ചിതല്‍ said...

നോം ചോംസ്കിയുടെ ഈ ലേഖനത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചത്തിന്ന് നന്ദി...
സസ്നേഹം
ചിതല്‍

ചിതല്‍ said...

നോം ചോംസ്കിയുടെ ഈ ലേഖനത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചത്തിന്ന് നന്ദി...
സസ്നേഹം
ചിതല്‍