Monday, March 3, 2008

അമേലിയയിലൂടെ വീണ്ടും മീരാനായര്‍

ഇന്ത്യന്‍ ചലച്ചിത്രപ്രതിഭ മീരാനായര്‍ വീണ്ടും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്. ഹോളിവുഡിലെ അതിപ്രശസ്തമായ സിനിമാസംരംഭത്തിന്റെ സംവിധാനത്തിന് അവര്‍ തെരഞ്ഞെടുക്കപ്പെട്ടതാണ് ഈ പരിഗണനയ്ക്ക് അടിസ്ഥാനം. സാഹസികതയുടെ അതിരില്ലാത്ത ആകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്ത അമേരിക്കന്‍ യാത്രിക മേരി ഇയര്‍ഹാര്‍ടിനെക്കുറിച്ചുള്ള ചലച്ചിത്രമാണ് മീരയുടെ കൈകളിലെത്തിയിരിക്കുന്നത്. 'അമേലിയ' എന്ന് പേരിട്ടിരിക്കുന്ന അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ എങ്ങും ചര്‍ച്ചയായിരിക്കുകയാണ്.

അറ്റ്ലാന്റിക്കിന് കുറുകെ തനിച്ച് ആകാശവാഹനത്തില്‍ പറന്ന ആദ്യ വനിതയായിരുന്നു ഇയര്‍ഹാര്‍ട് അമേലിയ . 1928ലായിരുന്നു ചരിത്രം കുറിച്ച ആ പരീക്ഷണം.1932 ലും 1935 ലും സമാനമായ ധീരതകളുണ്ടായി. ഹാവായില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് ആദ്യമായി തനിച്ചുപറന്നതും അവരായിരുന്നു. 1937 ല്‍ ഫ്രഡറിക് ജെ നൂമാനൊപ്പം ലോകം കീഴടക്കാന്‍ പുറപ്പെടുകയും ചെയ്തു. പദ്ധതിയിട്ട യാത്രയുടെ മൂന്നില്‍ രണ്ടും താണ്ടിക്കഴിഞ്ഞപ്പോഴേക്കും വിമാനം പസഫിക് സമുദ്രത്തില്‍ തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാവുകയായിരുന്നു. ആ കാണാതാവലിനുപിന്നിലെ ദുരൂഹതകള്‍ ഇപ്പോഴും നീങ്ങിയിട്ടില്ല. ബോസ്റ്റണില്‍ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളും സാമൂഹ്യസേവനങ്ങളും നടത്തിയതിലൂടെയും ഇയര്‍ഹാര്‍ട് ഏറെ തിളങ്ങിയിരുന്നു. എന്നിരുന്നാലും സാഹസികതയ്ക്കും ആത്മധൈര്യത്തിനും സ്വയംസന്നദ്ധതയ്ക്കുമാണ് അവര്‍ കൂടുതല്‍ പേരുകേട്ടത്. 1937 ലെ സങ്കടകരമായ വിമാനദുരന്തത്തെക്കുറിച്ച് സമുദ്രാന്വേഷകരും ഭൂഗര്‍ഭശാസ്ത്രജ്ഞരും പലവട്ടം അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഒരു നിഗമനത്തിലേക്കും കയറിയിരിക്കാനായിട്ടില്ല. മീരാനായരുടെ 'അമേലിയ' എന്ന സിനിമയില്‍ ഇയര്‍ഹാര്‍ടിനെ അവതരിപ്പിക്കുന്നത് പ്രശസ്ത ഹോളിവുഡ് അഭിനേത്രി ഹിലാരി സ്വാങ്ങ് ആണ്.

കാഴ്ചയിലെയും അന്വേഷണത്തിലെയും കൃത്യതയാവണം 'അമേലിയ' സംവിധാനം ചെയ്യാന്‍ മീരയെ ഹോളിവുഡ് ക്ഷണിച്ചതിനു പിന്നിലെ ആദ്യ പ്രേരകശക്തി. 2006 ഒക്ടോബറില്‍ ജര്‍മന്‍നഗരമായ ഫ്രാങ്ക്ഫര്‍ട്ടില്‍ അവരുമൊത്ത് കുറച്ചുനേരം ചെലവഴിച്ചതില്‍ നിന്ന് ആ കണിശത ബോധ്യപ്പെട്ടതുമാണ്. അന്നത്തെ ഏറ്റവും പുതിയ സിനിമയായ ദ നെയിം സെയ്ക്കുമായാണ് മീര ഫ്രാങ്ക്ഫര്‍ട്ടിലെത്തിയത്. ജുമ്പാലാഹിരിയുടെ നോവലിനെ ആസ്പദമാക്കിയതായിരുന്നു ആ ചലച്ചിത്രം. സാഹിത്യത്തില്‍ നിന്ന് ഇതിവൃത്തം സ്വീകരിക്കുന്ന സിനിമകളുടെ പ്രത്യേക പാക്കേജിലായിരുന്നു ദ നെയിം സെയ്ക്ക്. ഇത്തരം പാക്കേജ് ഫ്രാങ്ക്ഫര്‍ട്ട്മേളയുടെ പ്രത്യേകതകളിലൊന്നായിരുന്നു. ചിത്രപ്രദര്‍ശനത്തിനുശേഷം സംവിധായിക പ്രേക്ഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുകയുമുണ്ടായി. അക്കൂട്ടത്തിലെ ഏക ഇന്ത്യക്കാരന്‍ എന്ന പരിഗണനയില്‍ എനിക്ക് കാര്യമായ അവസരവും നല്‍കി.

ഏത് സമൂഹമായാലും കലാകാരന്റെ പങ്കെന്താണ്? ആഗോളവത്കരണത്തിന്റെ സാംസ്കാരികാഭിരുചികള്‍ക്കിടയില്‍ സിനിമയുടെ ഭാവിയെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ ചിലര്‍ അവരോടുന്നയിച്ചു. ഇന്ത്യന്‍ വൈരുധ്യങ്ങളുടെ ഭയാനകമായ ജീവിതചിത്രങ്ങള്‍ എടുത്തിട്ടായിരുന്നു പല മറുപടികളും. ജാതിയുടെ പേരിലുള്ള കൂട്ടക്കുരുതികളും ആണവായുധപരീക്ഷണങ്ങളും. പള്ളി പൊളിക്കലുകളും ഫാഷന്‍ഷോകളും. ചര്‍ച്ചുകള്‍ക്ക് തീയിടലും മൊബൈല്‍ശൃംഖലാവ്യാപനവും. അടിമത്തൊഴിലും ഡിജിറ്റല്‍ വിപ്ലവവും. സ്ത്രീധനത്തിനായി നവവധുക്കളെ കൊല്ലലും മിസ്‌വേള്‍ഡുകളുടെ പുഞ്ചിരിയും-യാഥാര്‍ത്ഥ്യങ്ങളുടെ ഈ അവസ്ഥ കാണാതെ ഒരു കലാകാരനും തന്റെ മേഖലയോട് നീതി കാട്ടാനാവില്ലെന്നും മീരാനായര്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ തുറന്നടിക്കുകയുണ്ടായി.

കലയിലെയും സിനിമയിലെയും വ്യാപാരവത്കരണത്തെയും അവര്‍ രൂക്ഷമായി കടന്നാക്രമിച്ചു. ബോളിവുഡ്, വാണിജ്യസിനിമയുടെ ഉത്പാദനകേന്ദ്രം മാത്രമാണ്. വിഭവധൂര്‍ത്തിന്റെയും അമിതസംഗീത-നൃത്താവേശത്തിന്റെയും പുരാണപ്രണയത്തിന്റെയും സാംസ്കാരികക്കെണി തന്നെ. അതാവട്ടെ ജനങ്ങള്‍ക്ക് ഒളിച്ചോട്ടത്തിന്റെ വിനോദകാലാവസ്ഥയാണ് ഒരുക്കുന്നതെന്നും മീര പറയുകയുണ്ടായി. ഈ ധാരയോടുള്ള വിമര്‍ശനമാണ് അവരുടെ മിക്ക ഡോക്യുമെന്ററികളും സിനിമകളും. ജനങ്ങള്‍ക്കുവേണ്ടിയാണ് തങ്ങള്‍ സിനിമ പിടിക്കുന്നതെന്ന ബോളിവുഡ് മുഖ്യധാരയുടെ അവകാശവാദം എന്നാല്‍ ജനവിരുദ്ധതയിലാണ് വിടര്‍ന്നുനില്‍ക്കുന്നതെന്നും മീരാനായര്‍ കൂട്ടിച്ചേര്‍ത്തു.

ഏറെ പ്രശംസ നേടിയ 'സലാംബോബെ'യില്‍ റിയലിസത്തിനാണ് അവര്‍ പ്രാധാന്യം നല്‍കിയത്. ആ മഹാനഗരത്തിലെ തെരുവില്‍ അലിഞ്ഞുതീരുന്ന കുട്ടികളെക്കുറിച്ചായിരുന്നു അത്. ഒരു ചായക്കടയിലെ കൃഷ്ണ എന്ന ബാലന്റെ ദുരന്തസങ്കടങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നതും. വേശ്യാവൃത്തിയും മയക്കുമരുന്ന് കച്ചവടവും കൈകോര്‍ത്തതായിരുന്നു ആ തെരുവ്. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപ്പോകും മുമ്പ് കൃഷ്ണയ്ക്ക് അഞ്ഞൂറ് രൂപയെങ്കിലും സമ്പാദിച്ച് കൊണ്ടുപോകേണ്ടിയിരുന്നു. ഇത്തരം കുറേ സന്ദര്‍ഭങ്ങളിലൂടെ പ്രതീക്ഷാരാഹിത്യം എല്ലാവരെയും ചൂഴ്ന്നുനില്‍ക്കുന്നതായും മീര ഓര്‍മ്മിപ്പിച്ചു. സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും തെരുവില്‍ നിന്നുള്ളവരായിരുന്നുവെന്നത് മറ്റൊരു പ്രത്യേകത. ഇവരുടെയെല്ലാം പ്രതിസന്ധികള്‍ക്ക് ലളിതപരിഹാരങ്ങളില്ലെന്നും തുറന്ന രക്ഷാമാര്‍ഗങ്ങളില്ലെന്നും ചിത്രം കൂട്ടിച്ചേര്‍ത്തു.

യു എസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ട, 1985 ലെ ഗ്ലോബല്‍ വില്ലേജ് ഫിലിം ഫെസ്റ്റിവലില്‍ ആദരിക്കപ്പെട്ട, 'ഇന്ത്യന്‍ കാബറെ' എന്ന ഡോക്യുമെന്ററിയും ഇതിന്റെ മറ്റൊരനുബന്ധം തന്നെ. 1987 ല്‍ പുറത്തിറങ്ങിയ 'ചില്‍ഡ്രണ്‍ ഓഫ് എ ഡിസയര്‍ഡ് സെക്സ്' ഗര്‍ഭിണികളുടെ സംഘര്‍ഷമനസ്സിനെയാണ് അഭിമുഖീകരിച്ചത്. പെണ്‍കുട്ടികളെ ഗര്‍ഭത്തില്‍ വഹിക്കുന്ന സ്ത്രീകള്‍ കടുത്ത അവഗണനയോടും നിറഞ്ഞ മുന്‍വിധിയോടും മാത്രം പരിഗണിക്കപ്പെടുന്നതിന്റെ സാമൂഹ്യ മന:ശാസ്ത്രമാണ് ഇതില്‍ പരിശോധിക്കുന്നതും. അവകാശനിഷേധം ഭയന്ന് പെണ്‍ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിക്കപ്പെടുകയാണ് ഇതില്‍ സ്ത്രീകള്‍. ഇന്ത്യന്‍ സാമൂഹ്യാവസ്ഥകളിലേക്ക് തുറന്നുപിടിച്ച മീരാനായരുടെ കണ്ണുകള്‍ക്കും ക്യാമറകള്‍ക്കും ലഭിച്ച വലിയ അംഗീകാരമാണ് 'അമേലിയ'യുടെ സംവിധായകസ്ഥാനം. ജനപ്രിയതയുടെ ചേരുവകള്‍ കടന്നുവെച്ചുകൊണ്ടുള്ള അനുരഞ്ജനരഹിതമായ ആ ഇടപെടല്‍ തീര്‍ച്ചയായും ഹോളിവുഡിലും ചരിത്രം സൃഷ്ടിക്കാതിരിക്കില്ല.

-അനില്‍കുമാര്‍ എ വി, ചിത്രങ്ങള്‍ക്ക് കടപ്പാട്: ദേശാഭിമാനി, വിക്കിപീഡിയ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ ചലച്ചിത്രപ്രതിഭ മീരാനായര്‍ വീണ്ടും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്. ഹോളിവുഡിലെ അതിപ്രശസ്തമായ സിനിമാസംരംഭത്തിന്റെ സംവിധാനത്തിന് അവര്‍ തെരഞ്ഞെടുക്കപ്പെട്ടതാണ് ഈ പരിഗണനയ്ക്ക് അടിസ്ഥാനം. സാഹസികതയുടെ അതിരില്ലാത്ത ആകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്ത അമേരിക്കന്‍ യാത്രിക മേരി ഇയര്‍ഹാര്‍ടിനെക്കുറിച്ചുള്ള ചലച്ചിത്രമാണ് മീരയുടെ കൈകളിലെത്തിയിരിക്കുന്നത്. 'അമേലിയ' എന്ന് പേരിട്ടിരിക്കുന്ന അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ എങ്ങും ചര്‍ച്ചയായിരിക്കുകയാണ്.