Saturday, March 29, 2008

ഭംഗിവാക്ക്

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വായനക്കാരന്‍ ചോദിക്കുന്നു: കപടനാട്യം എന്ന പ്രയോഗംകൊണ്ട് എന്താണുദ്ദേശിക്കുന്നത്? മലയാളികള്‍ കപടനാട്യക്കാരാണ് എന്ന് ഈയിടെ ഒരു പ്രസംഗത്തില്‍ കേട്ടു. ശരിയാണോ?

എല്ലാ മലയാളികളും എല്ലാ അര്‍ഥത്തിലും ഒരുപോലെ കപടനാട്യക്കാരാണ് എന്ന് സിദ്ധാന്തിക്കുന്നത് കടന്നകൈയാവും. എങ്കിലും മലയാളിസംസ്കാരത്തിന്റെ പല തലങ്ങളില്‍ കപടനാട്യം ഉണ്ട് എന്നത് വസ്തുത മാത്രമാണ്.

ഉദാഹരണം: മുംബൈയിലോ കൊല്‍ക്കത്തയിലോ ചെന്നൈയിലോ ബസ്സില്‍ അപരിചിതരായ ആണും പെണ്ണും അടുത്തടുത്ത് ഇരിക്കും. കേരളത്തില്‍ ഈ പതിവില്ല. അങ്ങനെ വല്ലവരും ചെയ്താല്‍ അതൊരു ധര്‍മഭ്രംശമായി ഇവിടെ തോന്നുകയും ചെയ്യും. എന്നാലോ, ബസ്സില്‍ വളരെ ചേര്‍ന്ന് ആണും പെണ്ണും നില്‍ക്കുന്നതിനെപ്പറ്റി ഇവിടെ ആര്‍ക്കും ഒരു പ്രശ്നവും ഇല്ലതാനും.

തീവണ്ടിയിലോ, ടാക്സി ജീപ്പിലോ, ഓട്ടോറിക്ഷയിലോ, ടാക്സി കാറിലോ, കടത്തുതോണിയിലോ, ബോട്ടിലോ അപരിചിതരായ ആണും പെണ്ണം അടുത്തടുത്ത് ഇരിക്കുന്നതിനെപ്പറ്റി മലയാളികള്‍ക്കും ഒരു ബേജാറുമില്ല. ഇതേ മലയാളിയാണ് മേല്‍പ്പറഞ്ഞ തരത്തില്‍ ബസ്സിലെ ഇരിപ്പിടത്തില്‍ ആണ്‍-പെണ്‍ അയിത്തം പാലിച്ചുപോരുന്നത്.

തമാശതന്നെ: ബസ്സില്‍ സ്ത്രീകള്‍ക്ക് ഏറ്റവും മോശമായ പെരുമാറ്റം കിട്ടുന്നത് കേരളത്തിലാണ്!

ഇക്കണ്ടതാണ് കപടനാട്യം, ആത്മവഞ്ചന.

വേറെ മാതൃക: ഒരാള്‍ മരിച്ച സന്ദര്‍ഭത്തില്‍ ആളുകള്‍ അയാളുടെ കുറ്റങ്ങള്‍ എടുത്തുപറയുന്നില്ല എന്നത് നമുക്ക് മനസ്സിലാക്കാം. അയാള്‍ക്ക് ഇല്ലാത്ത ഗുണഗണങ്ങള്‍ ഉണ്ടെന്ന് പറയുന്നത് നമ്മുടെ നാട്ടില്‍ ചടങ്ങാണ്. ഇത് കപടനാട്യമല്ലാതെ മറ്റെന്താണ്? കടമ്മനിട്ട രാമകൃഷ്ണന്റെ 'ചാക്കാല' എന്ന കവിത ഈ നാട്യത്തിന്റെ അനാവരണമാണ്.

അന്യനാടുകളില്‍ സമ്മാനം കൊടുക്കുമ്പോള്‍ അത് തുറന്നുകാണിച്ചാണ് കൊടുക്കുക. നമ്മളത് വര്‍ണക്കടലാസില്‍ മൂടിപ്പൊതിഞ്ഞ് കൊടുക്കും. അങ്ങനെയാണ് കേരളത്തിലെ ഒരു കോളേജ് യൂണിയന് മുഖ്യാതിഥിയായി വന്ന സിനിമാനടന് കെട്ടിപ്പൊതിഞ്ഞ പെട്ടിയില്‍ വിഷസര്‍പ്പം സമ്മാനിക്കാന്‍ സാധിച്ചത്!

സന്തോഷം പ്രകടിപ്പിക്കുന്നതില്‍ നമ്മളെത്രയോ മടിയന്മാരാണ്. സ്നേഹം പ്രകടിപ്പിക്കാന്‍ ഈ നാട്ടിലെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുടുംബക്കാര്‍ക്കും എന്തൊരു പിശുക്കാണ്! സ്നേഹം ഇല്ലെന്ന് ഭാവിക്കുന്നതാണ് അന്തസ്സ്, തന്റേടം, വിവേകം!

സ്വന്തം കുട്ടികളെ തലോടുകയും അവരോട് മധുരം പറയുകയും ചെയ്യാത്തതിന്റെ ഖേദം കേരളത്തില്‍ മാതാപിതാക്കള്‍ തീര്‍ക്കുന്നത് ഇതൊക്കെ പേരക്കുട്ടികളോട് കാണിച്ചിട്ടാണ്!

ജാതിസ്പര്‍ധ, മതവര്‍ഗീയത, പ്രാദേശികത, രാഷ്ട്രീയപക്ഷപാതം തുടങ്ങി അനേകം കൊള്ളരുതായ്മകള്‍ ഉള്ളില്‍ ഒളിപ്പിച്ച് പുറമേക്ക് 'ഭംഗിയായി' പെരുമാറുന്നവര്‍ നമ്മുടെ നാട്ടില്‍ ആയിരക്കണക്കിനാണ്. ഏതെങ്കിലും സാഹചര്യം വന്നെത്തുമ്പോള്‍ ഈ വെടക്കത്തരം പുറത്തുചാടുന്നത് കാണാം- ആ കൊള്ളരുതാത്ത വികാരമല്ല; അതിന് വിപരീതം പുറമേക്ക് കാണിക്കുന്ന ഈ മിനുസമാണ് കപടനാട്യം.

നമ്മുടെ കൂട്ടത്തില്‍ ഉള്ളുതുറക്കുന്നവരും ഉള്ളത് ഉള്ളതുപോലെ പറയുന്നവരും കുറയും. പലര്‍ക്കും ഉള്ളുതുറക്കണമെങ്കില്‍ മദ്യപിച്ച് ലഹരി കയറണം. വല്ലപ്പോഴുമൊന്ന് ഉള്ള് തുറക്കാന്‍ വേണ്ടിയാണോ നമ്മുടെ കൂട്ടത്തില്‍ പലരും മദ്യപിക്കുന്നത്? കേരളീയരുടെ അമിതമദ്യപാനശീലത്തിന് ഈ ആത്മവഞ്ചനാസ്വഭാവം കൂടി കാരണമായിത്തീര്‍ന്നിട്ടുണ്ടോ? ആലോചിക്കാവുന്നതാണ്.

ഈ കെട്ട ശീലത്തിന് നമ്മള്‍ക്കിടയില്‍ അംഗീകാരം ഉണ്ട് എന്നതിന് ഭാഷയില്‍ നിന്ന് ഞാന്‍ തെളിവ് തരാം:

മലയാളത്തില്‍ 'ഭംഗിവാക്ക്' എന്നൊരു പ്രയോഗമുണ്ട്. ഉദ്ദേശിക്കാത്ത കാര്യം പറയുക എന്ന 'ഭംഗികെട്ട' ശീലത്തിന് കൊടുത്തിരിക്കുന്ന പേരാണത്. സദ്യ നന്നായില്ല എന്ന് അഭിപ്രായമുള്ളപ്പോഴും അത് കേമമായി എന്ന് മുഖസ്തുതി പറയുന്നതിനെ വിശേഷിപ്പിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന പദമാണത്. സ്വന്തം ജീവിതത്തില്‍നിന്ന് മറ്റു ഉദാഹരണങ്ങള്‍ ഓര്‍ത്തുനോക്കുക. നുണ നമ്മളെത്ര ഭംഗിയായി പറയുന്നു, അത് നേരാണ് എന്ന് ഭാവിക്കുന്നതിനെ നമ്മുടെ സംസ്കാരം എങ്ങനെ കൊണ്ടാടുന്നു എന്നതിന്റെ സൂചകം ആണ് 'ഭംഗിവാക്ക്'.

-ശ്രീ.എം എന്‍ കാരശ്ശേരി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

നമ്മുടെ കൂട്ടത്തില്‍ ഉള്ളുതുറക്കുന്നവരും ഉള്ളത് ഉള്ളതുപോലെ പറയുന്നവരും കുറയും. പലര്‍ക്കും ഉള്ളുതുറക്കണമെങ്കില്‍ മദ്യപിച്ച് ലഹരി കയറണം. വല്ലപ്പോഴുമൊന്ന് ഉള്ള് തുറക്കാന്‍ വേണ്ടിയാണോ നമ്മുടെ കൂട്ടത്തില്‍ പലരും മദ്യപിക്കുന്നത്? കേരളീയരുടെ അമിതമദ്യപാനശീലത്തിന് ഈ ആത്മവഞ്ചനാസ്വഭാവം കൂടി കാരണമായിത്തീര്‍ന്നിട്ടുണ്ടോ? ആലോചിക്കാവുന്നതാണ്.

മലയാളത്തില്‍ 'ഭംഗിവാക്ക്' എന്നൊരു പ്രയോഗമുണ്ട്. ഉദ്ദേശിക്കാത്ത കാര്യം പറയുക എന്ന 'ഭംഗികെട്ട' ശീലത്തിന് കൊടുത്തിരിക്കുന്ന പേരാണത്. സദ്യ നന്നായില്ല എന്ന് അഭിപ്രായമുള്ളപ്പോഴും അത് കേമമായി എന്ന് മുഖസ്തുതി പറയുന്നതിനെ വിശേഷിപ്പിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന പദമാണത്.

ശ്രീ.എം.എന്‍.കാരശ്ശേരി ദേശാഭിമാനിയിലെ തന്റെ പംക്തിയില്‍‍ എഴുതിയ കുറിപ്പ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഭൂമിപുത്രി said...

‘സോപ്പ്’,‘സുഖിപ്പിയ്ക്കല്‍’ എന്നൊക്കെയും പറയും അല്ലെ?
ചിലപ്പോളിതൊരു കാപട്യം തന്നെയാണ്‍.
പക്ഷെ,ചിലപ്പോളെങ്കിലും,ശ്രോതാവിനെ വേദനിപ്പിയ്ക്കാതിരിയ്ക്കാനായും ഭംഗിവാക്കു പറയേണ്ടി വരും

Anonymous said...

Ettavum valiya kaaptyakkar Keralathil etathupakshakkaaranu. Chirikkanum karayaanum praarthikkanum onnum pattaatha reethiyil malayalikale bandhiyaakki oru idiot samooham untakkiyathu commies thanne.....