Wednesday, March 19, 2008

ഉള്ളുപൊള്ളിക്കുന്ന ദൃശ്യാനുഭവം

"ഭക്ഷണമില്ലാതിന്നാട്ടില്‍ ജന-
കോടികളിക്കാലം
ലക്ഷ്യം മുട്ടിയുഴന്നീടുന്നു
ലഹളകള്‍ വളരുന്നു.
ഉരിയരിപോലും കിട്ടാനില്ലാ
പൊന്നുകൊടുത്താലും...''

ക്ഷാമം കൊടുമ്പിരിക്കൊണ്ട നാല്‍പ്പതുകളില്‍ ഉത്തരകേരളത്തിലെ തെരുവോരങ്ങളില്‍ മുഴങ്ങിക്കേട്ട ഈരടികള്‍. മനുഷ്യര്‍ ഹൃദയത്തിലേറ്റു വാങ്ങിയ ഈ വരികള്‍ ജനതയുടെ വികാരമായി മാറിയപ്പോഴാണ് ജന്മിമാരുടെ നെല്ലറകള്‍ കുത്തിത്തുറന്ന് പാവങ്ങള്‍ക്ക് വിതരണം ചെയ്തത്. വിശപ്പിന് മറുമരുന്ന് തേടിയവരെ അക്രമികളെന്ന് തമ്പുരാക്കള്‍ വിളിച്ചു. പൊലീസ് അവരുടെ കൂരകള്‍ ഉഴുതുമറിച്ചു; പെണ്ണുങ്ങളെ അപമാനിച്ചു. നെല്ലെടുപ്പിനു പോയവരാരും സ്വന്തം മനഃസാക്ഷിക്കുമുന്നിലും സമൂഹത്തിനുമുന്നിലും കുറ്റവാളികളായിരുന്നില്ല. എന്നാല്‍ പൊലീസിന്റെ നിറതോക്കുകള്‍ അവര്‍ക്കുനേരെ തീതുപ്പി. ലാത്തികള്‍ മിന്നല്‍പ്പിണരുകളായി. പിടഞ്ഞുവീണവരേറെ. പതംവന്ന ശരീരവുമായി ജീവന്‍ ബാക്കിയായവരെ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തി. കണ്ണുകെട്ടപ്പെട്ട നീതിപീഠങ്ങള്‍ അവര്‍ക്ക് കൊലയറ വിധിച്ചു. ചോരയും കണ്ണീരും വീണ വഴികളില്‍ കാലം കനകം വിളയിച്ചു. സംഘശക്തിയുടെ പുതിയ പാഠങ്ങളുമായി ചുവന്ന ഗ്രാമങ്ങള്‍ മുന്നേറി.

ചരിത്രം പുനര്‍ജനിച്ചു. വിശപ്പിന്റെ വിളിയില്‍ ഉണര്‍ന്ന ഇറ്റാലിയന്‍ തെരുവുകളില്‍ കുടുംബിനികള്‍ കൊടികളുമായി നീങ്ങി. സഹനവും രോഷവും തിളച്ച നട്ടുച്ചയില്‍ അവര്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കൈയേറി. അവിടെ വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞുവച്ച വിഭവങ്ങള്‍ തങ്ങളുടെ അന്നമാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. അധ്വാനിക്കുന്നവന് ഒന്നിനും അവകാശമില്ലാത്ത അധിനിവേശ കാലത്തും വിലക്കയറ്റം വിധിയാണെന്ന് വിശ്വസിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല......

വിഖ്യാത ഇറ്റാലിയന്‍ നാടകകാരന്‍ ദാരിയോ ഫോ യുടെ "Can't Pay! Won't Pay!" എന്ന നാടകം പുനരാവിഷ്കരിക്കപ്പെടുമ്പോള്‍ പഴയ നെല്ലെടുപ്പു കാലത്തിന്റെ ഉള്‍ത്തുടിപ്പുകളാണ് മലയാളിമനസ്സില്‍ ഉണരുന്നത്. കേരള സംഗീത നാടക അക്കാദമിക്കുവേണ്ടി ജെ ശൈലജയുടെ മുന്‍കൈയില്‍ ഒരുസംഘം കലാകാരന്മാര്‍ ഒരുക്കിയ 'സൂപ്പര്‍മാര്‍ക്കറ്റ്' കണ്ടു ശീലിച്ച അരങ്ങുകളില്‍നിന്നൊരു മാറിനടത്തമാണ്. മുഖ്യധാര നാടകവേദി കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ മിക്കപ്പോഴും ഉപരിപ്ലവവും വൈയക്തികവുമാവുമ്പോള്‍ യഥാര്‍ഥ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള്‍ അരങ്ങില്‍ പ്രതിഫലിക്കാതെപോകുന്നു. അപൂര്‍വമായി വേദിയിലെത്തിയാല്‍ത്തന്നെ ആരെയും സ്പര്‍ശിക്കാറുമില്ല.

ഈ യാഥാര്‍ഥ്യങ്ങള്‍ തൊട്ടറിഞ്ഞ്, അരങ്ങിന്റെ ശക്തി ദൌര്‍ബല്യങ്ങള്‍ മനസ്സിലാക്കിയാണ് 'സൂപ്പര്‍മാര്‍ക്കറ്റ്' രൂപപ്പെടുത്തിയതെന്ന് ഏതൊരു സാധാരണ പ്രേക്ഷകനും തിരിച്ചറിയും. ആവിഷ്കരിക്കപ്പെടുന്നത് സ്വാനുഭവമാണെന്ന കണ്ടെത്തല്‍ കാഴ്ചക്കാരനും വേദിയും തമ്മിലുള്ള അകലം ഇല്ലാതാക്കുന്നു. കമേഴ്‌സ്യല്‍ നാടകത്തിന്റെ പതിവു സങ്കേതങ്ങള്‍ വിട്ട് കലാമൂല്യത്തിന് ഊന്നല്‍ നല്‍കുമ്പോഴും പ്രേക്ഷകനാണ് വിധികര്‍ത്താവെന്ന ഉള്‍ക്കാഴ്ച ഒരോ രംഗവും സാക്ഷ്യപ്പെടുത്തുന്നു.

രാഷ്ട്രീയനാടകങ്ങള്‍ ഏറെ കണ്ടവരാണ് മലയാളികള്‍. കേരളത്തിന്റെ സാമൂഹ്യമനസ്സിനെ മാറ്റിമറിച്ചവയാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പാട്ടബാക്കി, നമ്മളൊന്ന് തുടങ്ങിയ നാടകങ്ങള്‍. സമീപകാല രാഷ്ട്രീയനാടകങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ തൊലിപ്പുറത്തൂടെ സമീപിക്കുകയും വാചകക്കസര്‍ത്തുകളായി പരിണമിക്കുകയും ചെയ്തവയാണ്. മറ്റു ചിലതാവട്ടെ രാഷ്ട്രീയ ഉള്ളടക്കത്തെ വെറും ആക്ഷേപഹസ്യത്തിന്റെ നിലവാരത്തിലേക്കു താഴ്ത്തി. ഇതില്‍നിന്നെല്ലാം ഭിന്നമായി ആഗോളവല്‍ക്കരണം എന്ന വലിയ രാഷ്ട്രീയപ്രശ്നത്തെ സമകാലിക ജീവിതസമസ്യകളുമായി ഇഴചേര്‍ത്ത് അവതരിപ്പിച്ചതാണ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ വിജയം. സജീവ രാഷ്ട്രീയപ്രശ്നത്തെ തീവ്രത ചോരാതെ അവതരിപ്പിക്കുമ്പോഴും ഹാസ്യത്തിന്റെ അടിയൊഴുക്ക് നാടകത്തിലുടനീളമുണ്ട്.

ആഗോളവല്‍ക്കരണത്തിന്റെ കാണാച്ചരടുകള്‍ നമ്മുടെ കുടുംബ (കുടുംബിനിയുടെ) ജീവിതത്തില്‍ സൃഷ്ടിക്കുന്ന അപസ്വരങ്ങളിലാണ് കഥയുടെ കാതല്‍. ഇവിടെ 'കുറ്റവാളിയായ' വീട്ടമ്മ ഭയപ്പെടുന്നത് പൊലീസിനെയും നിയമത്തെയും മാത്രമല്ല; സ്വന്തം ഭര്‍ത്താവിനെക്കൂടിയാണ്. ദാരിദ്ര്യവും പട്ടിണിയുംമൂലം സംഘം ചേര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ കടന്നുകയറിയ സ്ത്രീകള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് പിടിച്ചെടുത്ത സാധനങ്ങളോടൊപ്പം സ്വന്തം മനസ്സാക്ഷികൂടിയാണ്. അവകാശപ്പെട്ട ആഹാരമാണ് തങ്ങള്‍ കൈവശപ്പെടുത്തിയതെന്ന് ആരോടും പറയാനാവാതെ അവര്‍ വീര്‍പ്പുമുട്ടുന്നു.

സമൂഹത്തെ ഭരിക്കുന്ന കപടവും അര്‍ഥശൂന്യവുമായ മൂല്യബോധവും എന്നും സ്ത്രീക്കുനേരെ വിരല്‍ ചൂണ്ടുന്ന പുരുഷമേധാവിത്വത്തിന്റെ കല്‍പ്പനകളുമാണ് അവളെ നിരാലംബയാക്കുന്നത്. പണം കൊടുക്കാതെ സാധനങ്ങളെടുത്തുവെന്ന് 'ആദര്‍ശപുരുഷനായ' ഭര്‍ത്താവിനോട് ഉരിയാടാനാവാത്ത ശാരദ സാധനങ്ങളുടെ ഒരു പങ്ക് അയല്‍ക്കാരിയും ആത്മമിത്രവുമായ മാലിനിക്ക് നല്‍കുന്നു. "നീ എന്തുകൊടുത്താണ് ഈ സാധനങ്ങള്‍ സ്വന്തമാക്കിയതെ''ന്ന ഭര്‍ത്താവിന്റെ (ഗോപി) ചോദ്യത്തെ ഭയപ്പെടുന്ന മാലിനി. സ്ത്രീയെ വിചാരണചെയ്യുന്ന ആദര്‍ശവും സദാചാരവുമെല്ലാം വിശപ്പെന്ന വലിയ ചോദ്യത്തിന് ഉത്തരം തേടുന്നില്ല.

പുരോഗമനപക്ഷത്ത് അടിയുറച്ചു നില്‍ക്കുമ്പോഴും യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാകാതെ സങ്കല്‍പ്പലോകത്ത് അഭിരമിക്കുകയായിരുന്നു മാധവന്‍. ഈ ശൂന്യതയിലാണ് കാക്കിക്കുള്ളില്‍ കമ്യൂണിസ്റ്റ് പുസ്തകങ്ങള്‍ കൊണ്ടുനടക്കുന്ന പൊലീസുകാരന്‍, താനാണ് ഏറ്റവും വലിയ വിപ്ലവകാരിയെന്ന അവകാശവുമായി രംഗപ്രവേശം ചെയ്യുന്നത്. സൂപ്പര്‍ മാര്‍ക്കറ്റ് 'കൊള്ളക്കാരെ' തേടിയിറങ്ങുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മനുഷ്യസ്നേഹത്തിന്റെ മുഖംമൂടി അണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. സാധനങ്ങള്‍ ഒളിപ്പിക്കുന്നതിനായി പെടാപ്പാടുപെടുന്ന മാലിനി ഒടുവില്‍ അവ വസ്ത്രത്തിനുള്ളില്‍ തിരുകിവച്ച് ഗര്‍ഭിണിയായി അഭിനയിക്കുന്നു. അന്വേഷണത്തെ വഴിതിരിച്ചു വിടാന്‍ അസുഖം ഭാവിക്കുന്ന മാലിനിയുടെ ഗര്‍ഭം മറ്റൊരാളിലേക്ക് മാറ്റാമെന്ന നിര്‍ദേശം വരുന്നത് പൊലീസില്‍നിന്നുതന്നെയാണ്. ഗര്‍ഭം ശാരദയിലേക്ക് മാറ്റുന്നതടക്കമുള്ള സംഭവവികാസങ്ങള്‍ക്ക് സമാന്തരമായി മാധവന്റെയും ഗോപിയുടെയും ഫാക്ടറി പൂട്ടപ്പെടുന്നു.

സംഘര്‍ഷഭരിതമായ കുടുംബാന്തരീക്ഷത്തില്‍ എല്ലാ മറകളും ചീന്തിയെറിയപ്പെടുന്നു. വീര്‍ത്ത വയറിനു മുകളിലെ വസ്ത്രങ്ങള്‍ വലിച്ചുകീറുമ്പോള്‍ ചിതറിത്തെറിച്ചത് അരിയും പച്ചക്കറികളും. എല്ലാ പൊയ്‌മുഖങ്ങളും അഴിഞ്ഞുവീണപ്പോള്‍ സമൂഹമാകെ തിരിച്ചറിവിലേക്ക് ഉണരുകയാണ്. കപട മൂല്യബോധം വെടിഞ്ഞ് പോരാട്ടത്തിനിറങ്ങുന്ന മാധവനോട് കൈകോര്‍ക്കാനെത്തുന്നത് വിപ്ലവനാട്യക്കാരനായ പൊലീസുകാരനുള്‍പ്പെടെയുള്ള സമൂഹത്തിന്റെ പരിഛേദമാണ്. നിലവിലുള്ള മൂല്യവ്യവസ്ഥ സാമൂഹ്യതിന്മകളെ ചെറുക്കാന്‍ പര്യാപ്തമല്ലെന്നും ചൂഷണത്തിനെതിരായ പോരാട്ടത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് നാടകം അവസാനിക്കുന്നത്.

മൂലധനതാല്‍പ്പര്യങ്ങള്‍ സ്ത്രീകളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന കടുത്ത പീഡനങ്ങളും അതിന്റെ സാമൂഹ്യപ്രത്യാഘാതങ്ങളും ഉള്ളില്‍ തട്ടുംവിധം ആവിഷ്കരിച്ച സൂപ്പര്‍മാര്‍ക്കറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത നാടകാവതരണത്തിലെ തനിമയാണ്. അഭിനയം, രംഗസജ്ജീകരണം തുടങ്ങി എല്ലാ സൂക്ഷ്മാംശങ്ങളിലും വ്യതിരിക്തത ദൃശ്യമാണ്. അഭിനേതാക്കളുടെ ശരീരഭാഷയും സംഭാഷണവും രംഗാവിഷ്കരണത്തിലെ ലാളിത്യവുമെല്ലാം എടുത്തു പറയേണ്ടതാണ്. ആദ്യന്തം ഒറ്റ രംഗമായി അവതരിപ്പിക്കുന്ന നാടകത്തില്‍ സൂപ്പര്‍മാര്‍ക്കറ്റും തെരുവും ആശുപത്രിയും വീടുമെല്ലാം മാറിവരുന്നത് ലളിതമായ മാറ്റങ്ങളിലൂടെയാണ്. രംഗസജ്ജീകരണത്തിലെ സങ്കീര്‍ണതയല്ല ആവിഷ്കാരത്തിലെ അകൃത്രിമത്വമാണ് സൂപ്പര്‍ മാര്‍ക്കറ്റിനെ അനുഭവമാക്കുന്നത്. അമേച്വര്‍-അക്കാദമിക് നാടകങ്ങളുടെ ദുര്‍ഗ്രഹത അപൂര്‍വം രംഗങ്ങളെ ബാധിക്കാതിരുന്നിട്ടില്ല. സംഗീത നാടക അക്കാദമി നേരിട്ടവതരിപ്പിക്കുന്ന ആദ്യത്തെ നാടകത്തില്‍ത്തന്നെ വ്യത്യസ്തമായ രംഗഭാഷ പ്രേക്ഷകനു മുന്നിലെത്തിച്ചതില്‍ നാടകത്തിന്റെ മുഖ്യശില്‍പ്പിയായ ശൈലജയ്ക്ക് അഭിമാനിക്കാം. ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍ നാടക പഠനം പൂര്‍ത്തിയാക്കിയ ശൈലജ നിരവധി അന്താരാഷ്ട്രവേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ശൈലജയുടെ ആദ്യമലയാളസംരംഭമായ സൂപ്പര്‍ മാര്‍ക്കറ്റില്‍ രചന, അഭിനയം, രംഗസജ്ജീകരണം, വേഷവിതാനം, പ്രകാശ സംവിധാനം, ഗാനരചന തുടങ്ങി ഇവരുടെ ശ്രദ്ധ പതിയാത്ത ഒരു മേഖലയുമില്ല. മുഖ്യ കഥാപാത്രമായ ശാരദ ശൈലജയിലൂടെ അസാമാന്യ മികവിലേക്കുയരുന്നു.

മാലിനിയായി സുജാതയും മാധവനായി ടി എസ് സജിയും ഗോപിയായി പ്രിയരാജും വേഷമിടുന്നു. വി ചന്ദ്രന്റേതാണ് സംഗീതം.

-മനോഹരന്‍ മോറായി, കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

അധിക വായനയ്ക്ക്

Kerala Theatre Perspectives - Shailaja J

In the Killing Fields and Other Climes with Asian Women Directors

Scenes of a festival

A woman's point of view?

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമൂഹത്തെ ഭരിക്കുന്ന കപടവും അര്‍ഥശൂന്യവുമായ മൂല്യബോധവും എന്നും സ്ത്രീക്കുനേരെ വിരല്‍ ചൂണ്ടുന്ന പുരുഷമേധാവിത്വത്തിന്റെ കല്‍പ്പനകളുമാണ് അവളെ നിരാലംബയാക്കുന്നത്.

കേരള സംഗീത നാടക അക്കാദമിക്കുവേണ്ടി ജെ ശൈലജയുടെ മുന്‍കൈയില്‍ ഒരുസംഘം കലാകാരന്മാര്‍ ഒരുക്കിയ 'സൂപ്പര്‍മാര്‍ക്കറ്റ്' കണ്ടു ശീലിച്ച അരങ്ങുകളില്‍നിന്നൊരു മാറിനടത്തമാണ്. മുഖ്യധാര നാടകവേദി കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ മിക്കപ്പോഴും ഉപരിപ്ലവവും വൈയക്തികവുമാവുമ്പോള്‍ യഥാര്‍ഥ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള്‍ അരങ്ങില്‍ പ്രതിഫലിക്കാതെപോകുന്നു. അപൂര്‍വമായി വേദിയിലെത്തിയാല്‍ത്തന്നെ ആരെയും സ്പര്‍ശിക്കാറുമില്ല.

മൂലധനതാല്‍പ്പര്യങ്ങള്‍ സ്ത്രീകളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന കടുത്ത പീഡനങ്ങളും അതിന്റെ സാമൂഹ്യപ്രത്യാഘാതങ്ങളും ഉള്ളില്‍ തട്ടുംവിധം ആവിഷ്കരിച്ച ജെ.ശൈലജയുടെ സൂപ്പര്‍മാര്‍ക്കറ്റ് എന്ന നാടകത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ്...