ബി.ഇ.എഫ്.ഐ. യുടെ ഈ സമ്മേളനത്തില്‍ വന്ന് സംസാരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടത് വഴി ഞാന്‍ ബഹുമാനിതനായിരിക്കുകയാണ്. സംസാരിക്കാന്‍ ആവശ്യപ്പെട്ട വിഷയം ധനപരമായ ഉള്‍ചേര്‍ക്കല്‍ ( financial inclusion) എന്നതാണ്. അതേ പറ്റി ആമുഖമായി ഏതാനും ചില വാക്കുകള്‍ പറഞ്ഞുകൊണ്ട് സമകാലിക മുതലാളിത്ത വികസനത്തിന്റെ പശ്ചാത്തലത്തില്‍ അതിനെ പരിശോധിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്തോ അമേരിക്കന്‍ ആണവകരാര്‍ ഈ പൊതു ചിത്രത്തിനകത്ത് എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന കാര്യം പരിശോധിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കാം.
കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളെ ഉള്‍ചേര്‍ത്തുകൊണ്ട് ഒപ്പം നിര്‍ത്തുക എന്ന കാര്യം മുതലാളിത്ത വ്യവസ്ഥിതിയില്‍ സാധ്യമല്ല തന്നെ. മുതലാളിത്തത്തിന്റെ അടിസ്ഥാനം തന്നെ ധനപരമായ പാര്‍ശ്വവല്‍ക്കരണമാണ്, ഒഴിവാക്കി നിര്‍ത്തലാണ്. (Exclusion) . ധനം എന്നത് മൂലധനത്തിന്മേലുള്ള നിയന്ത്രണമാണ്. എല്ലാവര്‍ക്കും അത്തരമൊരു നിയന്ത്രണാധികാരം നല്‍കികൊണ്ട് മുതലാളിത്തത്തിന് നിലനില്‍ക്കാനാവില്ല. മുതലാളിത്തത്തിന്റെ അടിസ്ഥാനം തന്നെ, ആശയം തന്നെ, യുക്തിതന്നെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ മൂലധനലഭ്യതയില്‍ നിന്ന് മാറ്റി നിര്‍ത്തികൊണ്ട് അവരെ സ്വന്തം അദ്ധ്വാനശക്തി വില്‍ക്കാന്‍ മാത്രം കഴിയുന്ന തൊഴിലാളി വര്‍ഗ്ഗമാക്കി തീര്‍ക്കുക എന്നതാണ്. അങ്ങനെ വരുമ്പോള്‍ മുതലാളിത്തത്തിന് കീഴില്‍ ധനപരമായ ഉള്‍ചേര്‍ക്കല്‍ ( financial inclusion) തീര്‍ത്തും അസാധ്യമാണ്. മുതലാളിത്തം മൂലധനത്തിന്റെ കേന്ദ്രീകരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വ്യവസ്ഥയായതുകൊണ്ട് ചെറുകിട ഉല്‍പാദകര്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെ തന്നെയും ധനപരമായി ഉള്‍ചേര്‍ക്കാനുള്ള സാധ്യത വര്‍ദ്ധിച്ച തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വളരെ കുറച്ച് ആളുകളുടെ കയ്യില്‍ മൂലധനം കേന്ദ്രീകരിക്കുന്ന ഒരു വ്യസ്ഥയാണ് മുതലാളിത്തം. അതുകൊണ്ടുതന്നെ ചെറുകിട ഉല്‍പാദകരില്‍ മഹാഭൂരിപക്ഷവും മൂലധന സമാഹരണത്തിനുള്ള സാധ്യതയില്‍ നിന്ന് ഒഴിവാക്കപ്പെടുകയാണ്.
ജനകീയസമരങ്ങളുടെയും ജനാധിപത്യ മുന്നേറ്റങ്ങളുടെയും സമ്മര്‍ദ്ദം മൂലം മുതലാളിത്തഭരണകൂടങ്ങള്‍പോലും ചില വിട്ടു വീഴ്ചകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യവസ്ഥിതിയുടെ സാമൂഹികവും രാഷ്ട്രീയവുമായ ദൃഢതക്കുവേണ്ടി പലപ്പോഴും അവയുടെ സഹജമായ പ്രവണതകളേയും നിയമങ്ങളേയും താല്‍ക്കാലികമായി മാറ്റി വയ്ക്കേണ്ടി വരാറുമുണ്ട്. നമ്മുടേത് പോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ വിശേഷിച്ചും ഇതിന് സാധ്യതയേറും. കാരണം വന്‍തോതിലുള്ള മുതലാളിത്ത വികസനം ഇവിടെ സാധ്യമായത് കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഫലമായാണ്. ആ സമരങ്ങളാകട്ടെ വന്‍തോതിലുള്ള ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കും വഴി വെച്ചു. അതിന്റെ ഫലമായി വ്യവസ്ഥയുടെ രാഷ്ട്രീയവും സാമൂഹികവുമായ ദൃഢതക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുതലാളിത്തത്തിന്റെ സഹജ സ്വഭാവമായ പുറംതള്ളലിനെ തല്‍ക്കാലം തടുത്തു നിര്‍ത്തികൊണ്ട് ഇനിയും കൂടുതല്‍ ജനങ്ങളെ ( accomodate) ചെയ്യുന്നതിനായുള്ള ബാങ്ക് ദേശവല്‍ക്കരണം തന്നെ ഏറ്റവും നല്ല ഒരു ഉദാഹരണം.
ഇതൊന്നും പെട്ടന്നുണ്ടായ ഒന്നല്ല. വര്‍ദ്ധിച്ചു തോതില്‍ ജനങ്ങളെ ആട്ടിപുറത്താക്കുന്നതിന് പകരം ബാങ്കിങ്ങ് മേഖലയുടെ വലിയൊരു ഭാഗത്തെ ദേശസാല്‍ക്കരിച്ചു കൊണ്ടാണ് നാം നമ്മുടെ ധനമേഖല കെട്ടിപ്പടുത്തത്. കര്‍ഷകര്‍ക്ക് വേണ്ട ധനം എത്തിച്ചുകൊടുത്തു കൊണ്ടാണ് ഹരിത വിപ്ലവം സാധ്യമായത് - ധനിക കര്‍ഷകര്‍ക്കെങ്കിലും. ഇതോടൊപ്പം ഇതര മേഖലകളിലും മുമ്പ് പുറംതള്ളപെട്ട വിഭാഗങ്ങള്‍ക്കും വായ്പ ലഭ്യമായി. സ്വാതന്ത്ര്യത്തിന് മുമ്പ് കര്‍ഷകര്‍ക്ക് സ്ഥാപന വായ്പകള്‍ക്ക് (Institutional Credit) അര്‍ഹതയുണ്ടായിരുന്നില്ല. അവര്‍ക്ക് ആശ്രയം ഹുണ്ടികക്കാരായിരുന്നു. മുതലാളിത്ത വികസനത്തിന്റെ അടിത്തറ വിപുലപ്പെടുത്താനായി സര്‍ക്കാര്‍ ഇടപെടല്‍ വഴിയുള്ള ഒരു ധനമേഖലാ സമ്പ്രദായം നാം ബോധപൂര്‍വ്വം കെട്ടിപ്പടുക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഈ വികസനത്തിന് കുറേകൂടി ദൃഢമായ സാമൂഹിക രാഷ്ട്രീയ അടിത്തറ ഉണ്ടായി. അന്നത്തെ മുതലാളിമാരും സര്‍ക്കാരും- അവരുടെ നേതൃത്വത്തിലായിരുന്നല്ലോ മുതലാളിത്ത വികസനം നടന്നത്- വിപുലമായ വിഭാഗങ്ങള്‍ക്കു കൂടി വായ്പ ലഭ്യമാക്കത്തക്ക രീതിയില്‍ കൃത്യമായ നടപടികള്‍ എടുത്തു. ആ സര്‍ക്കാര്‍തന്നെ നിലവില്‍ വന്നത് ജനാധിപത്യപരവും കൊളോണിയല്‍ വിരുദ്ധവുമായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലായിരുന്നല്ലോ. എന്നാല്‍ അത് എല്ലാവര്‍ക്കും ലഭ്യമായിരുന്നില്ല. പക്ഷേ കൂടുതല്‍ വിപുലമായ തോതില്‍ പല വിഭാഗങ്ങള്‍ക്കും വായ്പ കിട്ടാനിടയായി. അതാകട്ടെ മുതലാളിത്തത്തിന് കീഴല്‍ സാധാരണ സംഭവിക്കാത്തതാണു താനും. ബാങ്ക് ദേശസാല്‍ക്കരണത്തിന് മുമ്പ് സ്ഥിതി അതായിരുന്നില്ലല്ലോ.
ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ഫലത്തെ കുറിച്ച് ഞാന്‍ പറയേണ്ടതില്ല. അത് നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. കടുത്ത ക്ഷാമത്തിന്റെ പിടിയിലമര്‍ന്നിരുന്ന, ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന നമ്മുടെ നാട് ഹരിത വിപ്ലവം സാധ്യമാക്കിയതിന്റെ ഫലമായി, നാട്ടിന്‍ പുറങ്ങളില്‍ മുതലാളിത്ത വികസനം നടപ്പാക്കിയതിന്റെ ഫലമായി, കാര്‍ഷിക മേഖലയില്‍ വികസനം സാധ്യമാക്കിയതിന്റെ ഫലമായി 60കളുടെ മധ്യത്തോടെ ആ കുഴപ്പത്തില്‍ നിന്ന് കരകയറി. മുതലാളിത്തം സ്വയം ശക്തമാകുന്നത് അതിന്റെ സാമൂഹിക രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്തിക്കൊണ്ടാണ്. ആഭ്യന്തര സാമ്പത്തിക ഉല്‍പ്പാദനം വികസിപ്പിച്ചുകൊണ്ടാണ്. അതിനായി ഒരു ധനമേഖലാ സംവിധാനം വളര്‍ത്തിക്കൊണ്ടാണ്. അതിലൊന്നാണ് ബാങ്ക് ദേശസാല്‍ക്കരണം. നാം ഇങ്ങനെ കെട്ടിപ്പടുത്ത ധനമേഖലയുടെ പ്രധാന സവിശേഷതകള്‍ എന്തെല്ലാമാണ്?
ഒന്നാമത്തെ സവിശേഷത ധനത്തെ ഉല്‍പ്പാദനാവശ്യങ്ങള്‍ക്ക് കീഴ്പ്പെടുത്തുന്നു എന്നതാണ്. ധനമേഖലയെ, വിശേഷിച്ച് ബാങ്കുകളെ, സര്‍ക്കാര്‍ തന്നെ കൈകാര്യം ചെയ്യുന്നത് കൊണ്ട് ബാങ്കിങ്ങ് മേഖലയിലെ പണം ഒഴുകി എത്തിയത് ഉല്‍പ്പാദനാവശ്യങ്ങള്‍ക്കായി ധനം ആവശ്യമുള്ള മേഖലകളിലേക്കാണ്. ഉദാഹരണത്തിന് ദേശസാല്‍ക്കരണത്തിന് ശേഷം ഷെയര്‍മാര്‍ക്കറ്റിലെ ഊഹക്കച്ചവടത്തിന് വായ്പകൊടുക്കുന്നതിന് ബാങ്കുകളെ അനുവദിച്ചില്ല. ഉത്പാദനമേഖലയും ഊഹക്കച്ചവടവും തമ്മില്‍ ഒരു വന്‍ ചൈനീസ് മതില്‍ തന്നെ ഉയര്‍ന്നുവന്നു, അത് എല്ലായ്പ്പോഴും വിജയിച്ചില്ലെങ്കിലും. ചരക്കുകളുടെ (commodities) ഊഹകച്ചവടത്തിന്റെ മേഖലയില്‍ വിശേഷിച്ചും. എന്നാല്‍ ഷെയര്‍മാര്‍ക്കറ്റിലെ ഊഹക്കച്ചവടത്തിന്റെ സ്ഥിതി അതായിരുന്നില്ല. അതിനായി വായ്പ നല്‍കാന്‍ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഇങ്ങനെ ദേശസാല്‍കൃതബാങ്കുകള്‍ക്ക് പ്രാമുഖ്യമുള്ള ധനമേഖലയില്‍ ഉല്‍പ്പാദനാവശ്യത്തിനായി വായ്പ എത്തിക്കുന്നതിനുള്ള പരിശ്രമം ഉണ്ടായിരുന്നു. ധനമേഖലയില്‍ ഊഹകച്ചവടത്തിനായി വായ്പ നല്‍കുന്നതിന് പകരം ഉല്‍പ്പാദനാവശ്യത്തിനുവേണ്ടിയുള്ള വായ്പ എത്തിക്കുന്നതിനായി ശ്രദ്ധ.
രണ്ടാമത്തെ പ്രത്യേകത ഉള്‍ച്ചേര്‍ക്കലിന്റെ ( Inclusion) തോതാണ്. ചെറുകിട ഉല്‍പാദകര്‍ക്കും കര്‍ഷകര്‍ക്കും വായ്പ ലഭ്യമായി. ഒരു നിശ്ചിത ശതമാനം വായ്പ കാര്‍ഷിക മേഖല അടക്കമുള്ള മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നീക്കി വെച്ചു. കാര്‍ഷികമേഖലക്കുള്ള വായ്പയുടെ തോത് 1980 വരെ ക്രമാനുഗതമായി ഉയര്‍ന്നുകൊണ്ടേ ഇരുന്നു. അപ്പോഴാണല്ലോ ഉദാരവല്‍ക്കരണം നടപടികള്‍ തുടങ്ങിയത്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ നമുക്ക് ഒരു വ്യത്യസ്ഥമായ സമ്പ്രദായം ഉണ്ടായിരുന്നു. നിയോ ലിബറല്‍ നയങ്ങള്‍ നടപ്പാക്കി തുടങ്ങിയ 1980കളുടെ അവസാനവും 90കളുടെ തുടക്കവും വരെ നടപ്പാക്കിപ്പോന്ന ഒന്ന്. കൂടുതല്‍ വിപുലമായ ജനവിഭാഗങ്ങളുടെ വായ്പാ ആവശ്യം നിറവേറ്റാന്‍ പര്യാപ്തമായ ഒന്നായിരുന്നു അത്.
മൂന്നാമത്തെ സവിശേഷത മുഴുവന്‍ ധനമേഖലയും, കേന്ദ്ര ബാങ്കിന്റെ ധനകകാര്യ നയങ്ങളടക്കം രാജ്യത്തിലെ രാഷ്ട്രീയ പ്രക്രിയക്ക് വിധേയമായിരുന്നു എന്നതായിരുന്നു. റിസര്‍വ് ബാങ്കിന് തോന്നുംപടി പ്രവര്‍ത്തിക്കാന്‍ ആവുമായിരുന്നില്ല. അതിന് രാഷ്ട്രീയ നേതൃത്വം പറയുന്നത് കേള്‍ക്കേണ്ടിയിരുന്നു. അതിന് ബാധ്യത ജനങ്ങളോട് നേരിട്ടെന്നപോലെ പാര്‍ലമെന്റിനോട് ബാധ്യതയുള്ള സര്‍ക്കാറിനോട് കൂടി ആയിരുന്നു. അതിന്റെ ഫലമായി റിസര്‍വ്വ് ബാങ്ക് നയങ്ങള്‍ കാലാകാലങ്ങളില്‍ സര്‍ക്കാറുകള്‍ രാഷ്ട്രീയ ഉത്തരവാദിത്തതോടെ ഏറ്റെടുക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിനെയൊക്കെ നാം സ്വാഭാവികമെന്ന നിലയ്ക്ക് അംഗീകരിക്കുമ്പോള്‍ നിങ്ങളൊന്ന് അമേരിക്കയിലേക്ക് നോക്കൂ. അവിടെ ഫെഡറല്‍ റിസര്‍വിന് സ്വതന്ത്രപദവിയാണ്. അതിന് ആരോടും ഉത്തരവാദിത്തമില്ല. ധനനയവും വായ്പാനയവും സ്വതന്ത്രമായി നിര്‍ദ്ദേശിക്കാന്‍ അതിന് കഴിയും. പാര്‍ലമെന്റിനോട് ഉത്തരവാദിത്തം ഇല്ല. സെനറ്റിനോടോ ആരോടെങ്കിലുമോ ബാധ്യതയുമില്ല. ഇന്ത്യയില്‍ ധനമേഖല ആകെ സര്‍ക്കാര്‍ മേഖലയിലായതുകൊണ്ട്, അത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രക്രിയയോട് ബാധ്യതപ്പെട്ടിരുന്നു. അത് ഏറെ പ്രധാനപ്പെട്ട് ഒരു സംഗതിയാണ്. അതോടൊപ്പം മറ്റൊന്നുകൂടിയുണ്ട് .വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് രൂപം നക്കിയ ദീര്‍ഘകാല വായ്പാസ്ഥാപനങ്ങള്‍ (long term credit) . ഐ.ഡി.ബി.ഐ. ഐ.എഫ്.സി.എല്‍ തുടങ്ങിയവ ചുരുങ്ങിയ പലിശക്ക് വായ്പ നല്‍കികൊണ്ട് വ്യവസായങ്ങള്‍ക്കാവശ്യമായ നിക്ഷേപം ഉറപ്പുവരുത്തി. അതില്‍ പലതും കുത്തക വ്യവസായികളുടെ കൂട്ടുടമസ്ഥതയിലായിരുന്നു എന്നത് വേറെ കാര്യം. എന്നാല്‍ ഇതൊക്കെ സാധ്യമായത് നമ്മുടെ ധനമേഖല ലോക ധനമേഖലയില്‍ നിന്ന് ഇന്‍സുലേറ്റ് ചെയ്യപ്പെട്ടതുകൊണ്ടാണ്. നമ്മുടെ ധനമേഖലയില്‍ നിന്ന് ലോകധനമേഖലയിലേക്ക് സ്വതന്ത്രമായ ഒഴുക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നമുക്ക് ശരി എന്ന് തോന്നിയ നയങ്ങള്‍ ധനമേഖലയില്‍ നടപ്പിലാക്കാന്‍ നമുക്ക് കഴിഞ്ഞു. ഇങ്ങനെ ഒരു ഘട്ടം നമുക്ക് ഉണ്ടായതിന് ചരിത്രപരമായ കാരണങ്ങളുണ്ട്.
നേരത്തെ ചൂണ്ടിക്കാട്ടിയതു പോലെ സ്വാതന്ത്ര്യാനന്തരകാലത്തുണ്ടായ മുതലാളിത്ത വികസനത്തിന് അടിസ്ഥാനമായിരുന്നത് കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭങ്ങളായിരുന്നല്ലോ. 1960കളില്‍, വിശേഷിച്ചും 60കളുടെ മധ്യത്തില്‍ ഈ മുതലാളിത്ത വികസനം വളരെ ഗുരുതരമായ പ്രതിസന്ധി നേരിടുകയായിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഇത്തരം വികസന സമീപനത്തിനെതിരെ ഉയര്‍ന്നു വന്നുകൊണ്ടിരുന്ന ജനാധിപത്യ മുന്നേറ്റങ്ങളോട് ചെറിയ തോതിലെങ്കിലും സന്ധി ചെയ്തുകൊണ്ടേ കഴിയൂ എന്ന നിലവന്നു. 1967 ലെ തെരഞ്ഞെടുപ്പില്‍ ഒട്ടേറെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെട്ടത് ഓര്‍ക്കുക. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും മൂന്നാം ലോകരാജ്യങ്ങളിലും മുതലാളിത്ത വികസനത്തിന് കീഴില്‍പോലും ചെറിയൊരംശം ധനപരമായ ഉള്‍ച്ചേര്‍ക്കല്‍ (financial inclusion) നടന്നത്. സാമൂഹിക - വികസനാത്മക ഉള്ളടക്കം ബാങ്കിങ്ങിന് ഉണ്ടായത് ഇതു വഴിയാണ്.
ധനമേഖലക്ക് മേലെ രാഷ്ട്രീയപ്രക്രിയ മേധാവിത്വം സ്ഥാപിച്ചത് വഴി നമ്മുടെ ധനമേഖല ആഗോളമായി ധനമേഖലയിലുണ്ടാകുന്ന ചലനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നു അല്ലെങ്കില്‍ ഇന്‍സുലേറ്റ് ചെയ്യപ്പെട്ടു. എന്നാല്‍ നിയോ ലിബറല്‍ നയങ്ങള്‍ സ്വീകരിച്ചതോടെ ഇത് തുടരാനാവാതെയായി. നാം ആഗോളസമ്പദ് വ്യവസ്ഥയോട് കണ്ണിചേര്‍ക്കപ്പെട്ടു. ആഗോളമൂലധനവുമായി ഉദ്ഗ്രഥിതമായി. ആഗോളവല്‍ക്കരണത്തിന് വിവിധ മാനങ്ങളുണ്ട്. അത് ചരക്കുകളുടെ ഒഴുക്കിനെ സുഗമമാക്കുന്നു. വാണിജ്യഗതി അനുസ്യൂതമാക്കുന്നു. എല്ലാറ്റിനുമുപരിയായി ഇന്നത്തെ അര്‍ത്ഥത്തില്‍ ആഗോളവല്‍ക്കരണമെന്നാല്‍ ധനമൂലധനത്തിന്റെ ആഗോളവല്‍ക്കരണമാണ്. ആഗോളധന ഒഴുക്കിനെതിരെ നമ്മുടെ നാട് ഇന്‍സുലേറ്റ് ചെയ്യപ്പെട്ടിരുന്നു, മുതലാളിത്തത്തിന് അനുയോജ്യമായ രീതിയില്‍ തന്നെ. 1960 വരെ ബ്രിട്ടണിലാകട്ടെ ഫ്രാന്‍സിലാകട്ടെ ധനമേഖലയിലേക്കും പുറത്തേക്കുമുള്ള തടസ്സമറ്റ ഒഴുക്ക് അനുവദിക്കപ്പെട്ടിരുന്നില്ല. 60കളില്‍ മാത്രമാണ് ധനമേഖലയുടെ ആഗോളവല്‍ക്കരണം ആരംഭിച്ചതും നാം അതുമായി കണ്ണിചേര്‍ക്കപ്പെട്ടതും.
നേരത്തെ തന്നെ ലത്തീന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ധനമേഖലയുടെ ആഗോളവല്‍ക്കരണവുമായി ഉദ്ഗ്രഥിതമായിരുന്നു. നമ്മുടെ നാടാകട്ടെ 1991ലെ നിയോലിബറല്‍ നയങ്ങളോടെയാണ് ആഗോളമൂലധനവുമായി സംയോജിക്കപ്പെട്ടത്. ഇന്നും ഈ ഉദ്ഗ്രഥനം പൂര്‍ണ്ണമായിട്ടില്ല. പക്ഷെ ഇപ്പോഴത് മിക്കവാറും പൂര്‍ണ്ണമാണ് - ഉറുപ്പികയുടെ വിനിമയ നിരക്ക് വര്‍ദ്ധനവോടെ വിശേഷിച്ചും. ഇന്ന് ആഗോളമൂലധനവുമായി നമ്മുടെ രാജ്യം ഉദ്ഗ്രഥിതമാവുകയാണ്. ധനത്തിന് രാജ്യത്തുനിന്നും പുറത്തേക്കും അതേപോലെ അകത്തേക്കും സ്വതന്ത്രമായി ഒഴുകാവുന്ന നിലയാണ്. അത്രത്തോളം നാം ആഗോളധന ഒഴുക്കിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഫലമോ? ഒന്നാമതായി ചില വിഭാഗം ചെറുകിട - ഇടത്തരം ഉല്‍പാദകരെ കൂട്ടിച്ചേര്‍ത്തുകൊണ്ട് നാം കെട്ടിപ്പടുത്ത ധനമേഖലയിലെ ഉള്‍ച്ചേര്‍ക്കല്‍ (inclusiveness) ഇല്ലാതാകുന്നു. കാര്‍ഷികമേഖലക്കും ചെറുകിട ഉല്‍പാദകര്‍ക്കുമുള്ള സ്ഥാപനവായ്പ ചുരുങ്ങിച്ചുരുങ്ങി വരികയാണ്, ഹുണ്ടികക്കാരുടെ ദയാദാക്ഷിണ്യത്തിന് ഈ വിഭാഗത്തെ വലിച്ചെറിഞ്ഞുകൊണ്ട് വായ്പാ സ്ഥാപനങ്ങള്‍ പിന്‍വാങ്ങുകയാണ്. ഈ ഹുണ്ടികക്കാര്‍ ഇപ്പോള്‍ വെറും ഹുണ്ടികക്കാരല്ല. അവര്‍ക്കൊരു പുതിയ പേര് കിട്ടിയിട്ടുണ്ട്. ഫെസിലിറ്റേറ്റര്‍മാര്‍. പല ബാങ്കുകളും ഇപ്പോള്‍ പറയാന്‍ തുടങ്ങി : ഞങ്ങള്‍ നിശ്ചിത വിഭാഗത്തിനായി വായ്പ നല്‍കാനില്ല. പകരം നടുനിലക്കാരെ വെച്ചുകൊള്ളാം. നടുനിലക്കാരാകട്ടെ ഹുണ്ടികക്കാരില്‍ നിന്ന് ഒട്ടും വ്യത്യസ്ഥരല്ല തന്നെ. കൊളോണിയല്‍ കാലത്തെ ഹുണ്ടികക്കാരെയും ബാങ്കുകള്‍ സഹായിച്ചിരുന്നു. ഈ നടുനിലക്കാരെ ഫെസിലിറ്റേറ്റര്‍മാര്‍ എന്ന പേരില്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് പ്രോത്സാഹിപ്പിക്കുകയാണ്. ബാങ്കുകള്‍ക്കും സ്വയംസഹായസംഘങ്ങള്‍ക്കും നടുക്കുനില്‍ക്കുന്ന മധ്യവര്‍ത്തികളാണ് ഇവയില്‍ പലരും. ഇവര്‍ വെറും പരമ്പരാഗത ഹുണ്ടികക്കാരല്ല. മാതൃകാഹുണ്ടികക്കാരാണ്. അയാള്‍ ബാങ്കുകള്‍ക്കും കര്‍ഷകര്‍ക്കും ഇടക്കുള്ള നടുനിലക്കാരനാണ്. ഇതുവഴി ബാങ്കുകളും ഗവണ്‍മെന്റും നേട്ടമുണ്ടാക്കുന്നുണ്ട്. ഫെസിലിറ്റേറ്റര്‍മാര്‍ക്ക് നല്‍കുന്ന വായ്പ കൂടി മുന്‍ഗണനാ വിഭാഗമായാണ് കണക്കാക്കുന്നത്. മുന്‍ഗണനാ വിഭാഗത്തിന്റെ നിര്‍വ്വചനം തന്നെ ഏറെ വിപുലമാണിപ്പോള്‍. കാര്‍ഷികമേഖലയില്‍ നിന്നുള്ള അസംസ്കൃത സാധനം ഉപയോഗിച്ച് കൊക്കക്കോള ഒരു പ്ലാന്റ് തുടങ്ങുന്നു എന്ന് കരുതുക. ബാങ്ക് അതിന് വായ്പ കൊടുക്കും. അതിനെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യും.
സമീപകാലത്താണ് ബാങ്കുകകള്‍ ആയിരക്കണക്കിന് ഗ്രാമീണ ശാഖകള്‍ അടച്ചുപൂട്ടിയത്. അനേകായിരം ലഘുനിക്ഷേപങ്ങള്‍ ക്ലോസ് ചെയ്യുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ധനകാര്യമേഖലയില്‍ നിന്നുള്ള പുറം തള്ളലാണ്, ഉള്‍ച്ചേര്‍ക്കലല്ല. ചെറുകിട ഉല്‍പാദകരും കര്‍ഷകരുമൊക്കെയായി നിലവിലുള്ള ബന്ധം തന്നെ വേണ്ടെന്നു വെച്ച് തടിയൂരുകയാണ് ബാങ്കുകള്‍. ഗവണ്‍മെന്റ് ഇടക്കിടെ ബാങ്കുകളെ ഓര്‍മ്മിപ്പിക്കും; നോക്കൂ കാര്‍ഷിക മേഖലക്ക് നിങ്ങള്‍ വായ്പ കൊടുക്കണം. കാരണം അല്ലെങ്കില്‍ പാര്‍ലമെന്റില്‍ ഒച്ചപ്പാടുണ്ടായേക്കും. അതിനായാണ് പുതിയ ഹുണ്ടികക്കാരെ ബാങ്കുകള്‍ ഫെസിലിറ്റേറ്റര്‍മാരായി നിയോഗിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകള്‍ വഴി നടപ്പാക്കിപോന്നിരുന്ന നിലവിലുള്ള ഉള്‍ചേര്‍ക്കല്‍ തന്നെ ക്രമേണ ക്രമേണ ഇല്ലാതാവുകയാണ്. ഇത് യാദൃശ്ചികമല്ല താനും. ഞാന്‍ നേരത്തേ ചൂണ്ടിക്കാട്ടിയതുപോലെ ധനമേഖല ഇതുവരെ ഉല്‍പാദനമേഖലക്ക് കീഴ്‌പെട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴോ? ധനമേഖലയിലെ ആഗോളവല്‍ക്കരണമെന്നാല്‍ ധനം ഉല്‍പാദനമേഖലയില്‍ മാത്രമായി വിന്യസിക്കുന്നതിന് പകരം അത് ആഗോളമൂലധനവുമായി ബന്ധപ്പെടുക എന്നതാണ്.
ഇപ്പോള്‍ വായ്പ കൃഷിക്കും വ്യാപാരത്തിനും വ്യവസായത്തിനും മാത്രമല്ല ഷെയറുകള്‍ വാങ്ങാനും പുറത്ത് സ്വത്ത് സമ്പാദിക്കാനും കൂടി കിട്ടും. ഇപ്പോള്‍ ഒരു ഇന്ത്യന്‍ വ്യവസായിക്ക് മലേഷ്യയില്‍ സ്വത്ത് വാങ്ങാന്‍ കൂടി ബാങ്കുകള്‍ വായ്പ നല്‍കും. എന്നുവെച്ചാല്‍ ആഗോളധനമൂലധനത്തിന്റെ ഭാഗമായി തീരുമ്പോള്‍ ബാങ്കുകള്‍ ആഭ്യന്തര ഉല്‍പാദനമേഖലയില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഇങ്ങനെ വരുമ്പോള്‍ ചെറുകിട ഉല്‍പാദകര്‍ കൂടുതല്‍ കൂടുതലായി പാര്‍ശ്വവല്‍ക്കരിക്കപ്പെടും. അതേ സമയം കൂടുതല്‍ കൂടുതല്‍ സംഖ്യ ഷെയര്‍മാര്‍ക്കറ്റിലേക്ക് എത്തുകയും ചെയ്യും. കര്‍ഷകര്‍ക്ക് വായ്പ ലഭിക്കില്ലെങ്കിലും ഇടത്തരക്കാര്‍ക്ക് ഉപഭോഗ സാധനങ്ങള്‍ വാങ്ങാനായി വായ്പ കൂടുതല്‍ കൂടുതല്‍ കിട്ടിക്കൊണ്ടിരിക്കും. ഈ പ്രക്രിയയിലാണ് ധനമേഖലയിലെ ഒഴിവാക്കല്‍ (financial exclusion) കൂടിക്കൂടി വരിക. ചെറിയ തോതിലെങ്കിലും ഉണ്ടായിരുന്ന ഉള്‍ച്ചേര്‍ക്കലിനുപകരം വന്‍തോതിലുള്ള ഒഴിവാക്കല്‍ ഉണ്ടാവും എന്നര്‍ത്ഥം.
അതേപോലെ തന്നെയുള്ള മറ്റൊരു നീക്കം ഇടതുപക്ഷ കക്ഷികളുടെ സമ്മര്‍ദ്ദഫലമായി തല്‍ക്കാലം തടയപ്പെട്ടിരിക്കുന്നു. റിസര്‍വ് ബാങ്കിനെ ഫെഡറല്‍ റിസര്‍വ് പോലെ സര്‍വ്വതന്ത്ര സ്വതന്ത്രമാക്കുന്ന കാര്യം. അതിനെ രാഷ്ട്രീയവിമുക്തമാക്കണമത്രെ. ഭരിക്കുന്നത് ആരായാലും, ഇടതായാലും വലതായാലും, നയരൂപീകരണം വേറെ ചിലര്‍ നടത്തും. ഈ സ്വതന്ത്രര്‍ ആരാണ്? സ്വാഭാവികമായും ആഗോളമൂലധനത്തിന് ഇണങ്ങിയവര്‍ തന്നെ. ലോകബാങ്കിലോ ഐ.എം.എഫിലോ പണിയെടുത്ത് പിരിഞ്ഞവര്‍. അവരാണ് സ്വീകാര്യര്‍. അവരാണ് നിങ്ങളുടെ വിനിമയ നിരക്ക് നിശ്ചയിക്കുക. വായ്പാ നയവും പലിശത്തോതും ധനനയവും തീരുമാനിക്കുക. ഇതിന്റെ ഫലമോ? അടിസ്ഥാനപരമായ സാമ്പത്തിക തീരുമാനങ്ങള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് എടുത്തുകളയപ്പെടും. ഇതാണ് ഇടതുപക്ഷ കക്ഷികളുടെ എതിര്‍പ്പ് കാരണം മാറ്റിവെക്കപ്പെട്ടത്. സര്‍ക്കാരിന് ഇടതുപക്ഷത്തെ കൂടാതെ ഭൂരിപക്ഷമില്ലാത്തത് കൊണ്ടു മാത്രമാണ് അതിങ്ങനെ തടയപ്പെട്ടത്.
ഫൈനാന്‍സ് മേഖലയിലെ വമ്പന്‍ ഊഹക്കച്ചവടത്തിന്റെ കഥ പരിശോധിക്കുകയാണെങ്കില്‍, അത്ഭുതകരമാണത്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് അതിവേഗതയില്‍ കുത്തിയൊലിക്കുകയാണ് മൂലധനം. ആഗോളമൂലധന നാഥന്‍മാര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നുവന്നാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. ഉദാഹരണത്തിന് നാളെ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വ്വെ സൂചിപ്പിക്കുന്നുവെന്ന് കരുതുക. അല്ലെങ്കില്‍ ഇടതുപക്ഷ കക്ഷികളെ ആശ്രയിച്ചേ കേന്ദ്രസര്‍ക്കാരിന് നിലനില്‍ക്കാനാവൂ എന്ന നിലയാണ് സര്‍വ്വെ വെളിപ്പെടുത്തതെന്ന് കരുതുക. അത്തരമൊരവസ്ഥയില്‍ നിക്ഷേപകരെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ഊഹക്കച്ചവടക്കാരുടെ - രാവിലെ ഇന്ത്യയിലെത്തി നിക്ഷേപിച്ച് ഉച്ചയാകുമ്പോള്‍ പാക്കിസ്ഥാനിലേക്ക് അതു മാറ്റി നിമിഷങ്ങള്‍ക്കകം പോളണ്ടിലേക്ക് വഴിതിരിക്കുന്ന ശതകോടികളുടെ വന്‍ ഊഹക്കച്ചവടമാണല്ലോ അവര്‍ നടത്തുന്നത് - നിലയെന്താകും? അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ നമ്മുടെ നാട്ടില്‍ നിന്ന് കെട്ടുകെട്ടും. അതും നാടിനെ വമ്പിച്ച കുഴപ്പത്തിലേക്ക് നയിക്കും. കിഴക്കന്‍ ഏഷ്യയില്‍ നാം അത് കണ്ടതാണ്. ഇത് ഒഴിവാക്കണമെങ്കിലോ, ഇവര്‍ക്ക് ഞെട്ടലുളവാകാത്ത രീതിയില്‍ നിക്ഷേപകസൌഹൃദ സമീപനം കൈക്കൊള്ളാന്‍ നാം നിര്‍ബന്ധിതരാകും. ഇത്തരം നയങ്ങളില്‍ അവര്‍ക്ക് പഥ്യമേറിയ ഒന്നാണ് സ്വകാര്യവല്‍ക്കരണം. മറ്റൊന്നാണ് ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ തടിയൂരല്‍. സാധാരണക്കാര്‍ക്കുള്ള എല്ലാ സേവനങ്ങളും പിന്‍വലിക്കല്‍. അവരെല്ലാത്തിനും യൂസര്‍ ഫീ കൊടുക്കട്ടെ. സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സേവനത്തിനും വിലനല്‍കട്ടെ എന്നതാണ് ഇവരുടെ നിലപാട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ സര്‍ക്കാര്‍ വിറ്റുതുലക്കുകയാണ്. തൊഴില്‍ചന്ത കൂടുതല്‍ അയവേറിയതാക്കണം. എന്നുവെച്ചാല്‍ തൊഴിലാളികള്‍ക്ക് വിലപേശാന്‍ കഴിവില്ലാതാക്കണം. ഇങ്ങനെയൊക്കെയായാല്‍ ഊഹക്കച്ചവടക്കാര്‍ക്ക് തൃപ്തിയായി.
ഒരുരാജ്യം ജനവിരുദ്ധമായി തൊഴിലാളിവിരുദ്ധമായി പെരുമാറുന്നുവെങ്കില്‍ തങ്ങളുടെ ഫണ്ട് അവിടെ സുരക്ഷിതമാണെന്ന് കരുതി ഇവര്‍ അവിടെ മുതല്‍ മുടക്കും. ഇതില്‍ നിന്ന് വ്യതിചലിക്കുന്ന ഗവണ്‍മെന്റുകള്‍ക്ക് കനത്ത വില നല്‍കേണ്ടിവരും. അവ ധനപ്രതിസന്ധിയിലേക്ക് വലിച്ചിഴക്കപ്പെടും. അതുകൊണ്ടുതന്നെയാണ് ഗവണ്‍മെന്റുകള്‍ യാഥാസ്ഥിതിക നയങ്ങള്‍ പിന്‍തുടരാന്‍ ബാധ്യസ്ഥമാവുന്നത്.
കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി ലോകത്താകെ വന്‍തോതിലുള്ള തൊഴിലില്ലായ്‌മയാണ്. ദശകങ്ങളായി പത്തുശതമാനത്തില്‍ കുറയാത്ത തൊഴിലില്ലായ്‌മ . മുമ്പാണെങ്കില്‍ സര്‍ക്കാര്‍ ഇടപെടാറുണ്ടായിരുന്നു. പലതരത്തിലുള്ള സര്‍ക്കാര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ തൊഴിലവസരസാധ്യതകള്‍ ഉണ്ടാക്കിയിരുന്നു. ഇത് ആഗോളമൂലധനത്തിന് പഥ്യമല്ല. അതുകൊണ്ടുതന്നെ തങ്ങള്‍ക്കിഷ്ടപ്പെട്ട സ്വതന്ത്രമായ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാത്തതു വഴി തൊഴിലില്ലായ്മ കുറക്കാന്‍ അവര്‍ക്ക് കഴിയാതെപോകുന്നു. കഴിഞ്ഞ രണ്ടര - മൂന്ന് ദശകമായി ലോകത്തെ സാമ്പത്തിക സ്ഥിതി മാന്ദ്യത്തിന്റെതാണ് (stagnation). അതോടെ പ്രാഥമിക ചരക്കുല്‍പാദകരുടെ സ്ഥിതിയും കുഴപ്പത്തിലാകുന്നു. കേരളത്തിലെ കര്‍ഷകരടക്കം ലോകത്താകെയുള്ള കര്‍ഷകര്‍ക്ക് കിട്ടുന്ന ഉല്‍പന്നവില കുത്തനെ കുറയുന്നു.
ലോകസാമ്പത്തികമേഖലയിലെ ചെറിയ ചലനങ്ങള്‍ പോലും മൂന്നാം ലോകത്തെ സാധാരണപൌരന്‍മാരെ ബാധിക്കുമെന്നായിരിക്കുന്നു. ലോകസാമ്പത്തികസ്ഥിതി മാന്ദ്യത്തിന്റെതാണ് എന്ന് ഞാന്‍ സൂചിപ്പിച്ചു. മാന്ദ്യത്തിന് നടുക്കും ചില കുതിപ്പുകളുണ്ട്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ ഹൌസിങ്ങ് ബൂം ഉദാഹരണം. എല്ലാതരം ഭവനനിര്‍മ്മാണ പ്രൊജക്ടുകള്‍ക്കും അമേരിക്കന്‍ ബാങ്കുകള്‍ വമ്പിച്ചതോതില്‍ വായ്പ കൊടുത്തു. ഇവയില്‍ പലതും ഗുണനിലവാരം കുറഞ്ഞ വായ്പകളായിരുന്നു. ഇതിനെയാണ് സബ് പ്രൈം വായ്പ എന്ന് പറയുന്നത്. ഇതിന്റെ ഫലമായി ഇന്നു ബാങ്കുകള്‍ കുഴപ്പം നേരിടുകയാണ്. ഇവയില്‍ പലതും തിരിച്ചുപിടിക്കാന്‍ കഴിയാത്തവയാണ്. അങ്ങനെ വരുമ്പോള്‍ ബാങ്കുകള്‍ കുറേക്കൂടി ജാഗ്രത പാലിക്കും. അങ്ങനെ ബാങ്കുകള്‍ വായ്പ നല്‍കുന്നതില്‍ കൂടുതല്‍ കൂടുതല്‍ കരുതല്‍ കാട്ടുമ്പോള്‍ അവ അമേരിക്കയിലെ സ്റ്റോക്ക്മാര്‍ക്കറ്റിലെ ഓഹരിക്കായി നല്‍കുന്ന വായ്പകളും ചുരുങ്ങും. അതുകൊണ്ടുതന്നെ അത് സ്റ്റോക്ക് മാര്‍ക്കറ്റിനെയും ബാധിക്കും. അത് ചാഞ്ചാടാന്‍ തുടങ്ങും. അങ്ങനെ വരുമ്പോള്‍ അമേരിക്കന്‍ വ്യവസായികള്‍ നിലപാട് മാറ്റും. അവര്‍ ഇന്ത്യയിലേക്ക് കടന്നുവരും.
ഇവിടെ സെന്‍സെക്സ് കുതിച്ചുകയറുകയാണല്ലോ. പതിനയ്യായിരത്തില്‍ നിന്ന് പതിനാറായിരം ആയി മാറിയിരിക്കുന്നു കഴിഞ്ഞ രണ്ടാഴ്ചക്കകം. ഇപ്പോഴത് പതിനാറായിരത്തിന് മേലെയാണ്. (ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആണ് ഈ പ്രസംഗം ചെയ്തത് ) ഇങ്ങനെ കുതിച്ചുയരാന്‍ കാരണം, അന്യഥാ അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുമായിരുന്ന കാശ് ഇങ്ങോട്ടൊഴുകിയെത്തിയതുകൊണ്ടാണ്. അപ്പോഴെന്താണ് സംഭവിക്കുക? ഫണ്ട് ഒഴുകിയെത്തുമ്പോള്‍ സെന്‍സെക്സ് കുതിച്ചുയരും. ഡോളര്‍ വരവ് കൂടും. അങ്ങനെ വരുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് വര്‍ദ്ധിക്കും. രൂപയുടെ വിനിമയനിരക്ക് ഇപ്പോള്‍ ഏതാണ്ട് 15% വര്‍ദ്ധിച്ചിരിക്കുന്നു. വിനിമയ നിരക്ക് കൂടുമ്പോള്‍ കുരുമുളകാണെങ്കിലും റബ്ബറാണെങ്കിലും കാപ്പിയായാലും തേയിലയായാലും പ്രാഥമിക വിഭവങ്ങളുടെ സ്ഥിതിയെന്താവും? അത് പഴയപടി തുടരുകയാണ്. രൂപയുടെ വിനിമയ നിരക്ക് കൂടുമ്പോള്‍ ഈ ചരക്കുകളുടെ ഉറുപ്പിക വില കുറയും. കര്‍ഷകര്‍ക്ക് കിട്ടുന്ന ഉല്‍പന്നവിലയില്‍ പതിനഞ്ച് ശതമാനത്തോളം ഇടിവ് വന്നിട്ടുണ്ട്. സബ് പ്രൈം ലെന്റിംഗ് ഭവനവായ്പയുടെ കാര്യത്തില്‍ അമേരിക്കയിലുണ്ടായ ഒരു പ്രശ്നം നമ്മുടെ നാട്ടിന്‍പുറത്തെ കര്‍ഷകനെയാണ് എതിരായി ബാധിക്കുന്നത്. ഇതാണ് ആഗോളവല്‍ക്കരിക്കപ്പെട്ട സമ്പദ് വ്യവസ്ഥയുടെ സ്ഥിതി.
ഈ ആഗോളവല്‍ക്കരിക്കപ്പെട്ട സമ്പദ് വ്യവസ്ഥ നിങ്ങളുടെ ധനമേഖലയെ ഉദാരവല്‍ക്കരണത്തിലേക്ക് തള്ളിയിടും. കറന്‍സി കണ്‍വെര്‍ട്ടബിലിറ്റി നടപ്പാക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. ചരക്കുകളുടെ സ്വതന്ത്രചലനത്തിനായി നിങ്ങളുടെ വാതിലുകള്‍ തുറന്നിടാന്‍ നിര്‍ബന്ധിതമാവും. അന്താരാഷ്ട്ര ധനമൂലധനത്തിന് അതിന് മുമ്പിലുള്ള എല്ലാ തടസ്സങ്ങളും നീക്കിക്കിട്ടണം. ഏതെങ്കിലും ഒരു രാജ്യം അതു പറ്റില്ലെന്ന് പറഞ്ഞാല്‍ എല്ലാതരത്തിലുമുള്ള സമ്മര്‍ദ്ദങ്ങളാണ് പ്രയോഗിക്കപ്പെടുക. ലോകബാങ്കിന്റെ, ഐ.എം.എഫിന്റെ, സാമ്രാജ്യത്വത്തിന്റെ, അമേരിക്കയുടെ, അമേരിക്കന്‍ വിദേശ വകുപ്പിന്റെ - എല്ലാവിധ സമ്മര്‍ദ്ദങ്ങളും ആ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടും.
അങ്ങനെ രാജ്യങ്ങളായ രാജ്യങ്ങളാകെ നിര്‍ബാധമായ ധനഒഴുക്ക് ഉറപ്പു വരുത്തത്തക്ക വിധം നിയോലിബറല്‍ നയങ്ങള്‍ നടപ്പാക്കി വരികയാണ്. ആഗോള മൂലധനത്തിന്റെ അവിഘ്നമായ കുത്തൊഴുക്കാണ് ഇതു വഴി സാധിതമാവുന്നത്.
ലെനിന്റെ കാലത്ത് സാമ്രാജ്യങ്ങള്‍ തമ്മില്‍ തമ്മില്‍ തര്‍ക്കമായിരുന്നു, മത്സരമായിരുന്നു. ജര്‍മ്മന്‍ മൂലധനം ജര്‍മ്മനിക്കു വേണ്ടിയുള്ള കോളനികള്‍ക്കായുള്ള മത്സരപ്പാച്ചിലിലായിരുന്നു. ബ്രിട്ടീഷ് മൂലധനം ബ്രിട്ടീഷ് കോളനികള്‍ക്കായും. അവ തമ്മില്‍ തമ്മില്‍ ഇക്കാരണം കൊണ്ടു തന്നെ കടുത്ത ശത്രുതയുമായിരുന്നു. എന്നാല്‍ ഇന്നാകട്ടെ, ജര്‍മ്മനാണോ ഫ്രഞ്ചാണോ ബ്രിട്ടീഷാണോ മൂലധനം എന്നത് പ്രശ്നമേ അല്ലാതായിരിക്കുന്നു. എല്ലാ തടസ്സങ്ങളും തട്ടി നീക്കി മൂലധനം കുത്തിയൊഴുകുകയാണ്. ഈ പാച്ചിലില്‍ കടുത്ത ദാരിദ്ര്യവും ദുരിതവുമാണ് ലോകത്തെങ്ങുമുള്ള കര്‍ഷകര്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും അത് സമ്മാനിക്കുന്നത്.
രൂപയുടെ വിനിമയ നിരക്ക് എല്ലാ തരത്തിലുമുള്ള ചെറുകിട യൂണിറ്റുകളെയും അടച്ചുപൂട്ടലിലേക്കെത്തിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നിങ്ങള്‍ കാണുന്നുണ്ടാവും. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ പ്രതിസന്ധിയിലാണ്. രൂപയുടെ വിനിമയനിരക്ക് വര്‍ദ്ധനവാണ് കാരണം. കയറ്റുമതി വ്യവസായങ്ങളാകെ തകര്‍ച്ചയിലാണ്. കര്‍ഷകര്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും തീരാദുരിതവും കഷ്ടപ്പാടുമാണ് വന്നു പെടുന്നത്. ഇതൊക്കെ സംഭവിക്കുന്നത് ആരെങ്കിലും മോശക്കാരായതു കൊണ്ടല്ല. വ്യക്തികളിലല്ല, വ്യവസ്ഥിതിയിലാണ് കുഴപ്പം. മുതലാളിത്ത വ്യവസ്ഥിതിയാണ് പ്രതിസ്ഥാനത്ത്.
ഇന്ന് മുതലാളിത്തം സാമ്രാജ്യത്വരൂപം കൈവരിച്ച് വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. പ്രത്യേകിച്ചും എണ്ണക്കു വേണ്ടി. എണ്ണയുടെ മേലുള്ള നിയന്ത്രണം ധനപരമായ മേല്‍കൈക്കു കൂടി ആവശ്യമാണ്. ഡോളര്‍ പ്രധാന കറന്‍സിയായി നിലനില്‍ക്കണമെങ്കില്‍ ജനങ്ങള്‍ക്ക് അതില്‍ വിശ്വാസം വേണം. അതെങ്ങനെ ഉണ്ടാക്കാനാവും? അതിന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസം വേണം. അതിനോ? തങ്ങള്‍ക്കടുത്തും ചുറ്റുമായി ശത്രുക്കളാരുമില്ലാത്ത ഒരു അവസ്ഥ അമേരിക്കക്ക് കൈവരിക്കാനാവണം-പ്രത്യേകിച്ച് പ്രധാന വിഭവങ്ങളുടെ കൈകാര്യ കര്‍തൃത്വകാര്യത്തില്‍.
ഏറ്റവും തന്ത്രപ്രധാന വിഭവങ്ങളിലൊന്നാണല്ലോ എണ്ണ. അങ്ങനെ വരുമ്പോള്‍ എണ്ണയുടെ നിയന്ത്രണം സാധിക്കുക എന്നത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസം ഉണ്ടാക്കുന്നതിനുള്ള മുന്നുപാധിയായി മാറുന്നു. ഇതിനു വേണ്ടിയുള്ള പരക്കം പാച്ചിലാണ് മലേഷ്യയിലാണെങ്കിലും ഓറഞ്ച് വിപ്ലവ കാര്യത്തിലാണെങ്കിലും വെല്‍വറ്റ് വിപ്ലവത്തിന്റെ പേരിലാണെങ്കിലും സംഭവിക്കുന്നത്. മലേഷ്യയിലെ എണ്ണ-വാതക വിഭവങ്ങളുടെ നിയന്ത്രണമാണ് പ്രശ്നം. ഇറാഖ് അധിനിവേശത്തിനു പിറകിലെ പ്രധാന കാര്യവും ഇതു തന്നെയാണ്.
യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ അധ്യക്ഷനായിരുന്ന അലന്‍ ഗ്രീന്‍സ്‌പാന്‍ തന്റെ ആത്മകഥയില്‍ ഒരു ചോദ്യമുന്നയിച്ചു: എന്തിനാണ് ആളുകള്‍ ബുഷിനെ കുറ്റം പറയുന്നത്? ഇറാഖിനെ വേട്ടയാടിയത് എണ്ണക്ക് വേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതല്ലെ? അതിനുള്ള എല്ലാ അവകാശവും തങ്ങള്‍ക്കുണ്ടെന്നാണ് ഗ്രീന്‍സ്‌പാന്‍ പറഞ്ഞത്. പാശ്ചാത്യനാഗരികതക്ക് എണ്ണ വേണം. ഇറാഖില്‍ അതുണ്ട്. അതുകൊണ്ടു തന്നെ നമുക്കത് കൈവശത്താക്കേണ്ടതുണ്ട്. പിന്നെന്തിനാണ് ആളുകള്‍ ഒച്ച വെക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
അതേ, മൌലിക പ്രശ്നം എണ്ണയുടെതു തന്നെയാണ്. അതു തന്നെയാണ് അമേരിക്കയുടെ ഇറാന്‍ നിലപാടിനു പിന്നിലും. സാമ്രാജ്യത്വത്തിന് എല്ലാ തരത്തിലുമുള്ള പ്രാദേശിക സഖ്യകക്ഷികള്‍ അവശ്യം ആവശ്യമാണ്. ബ്രിട്ടണ്‍ അവരുടെ ബന്ധുവാണ്. യൂറോപ്പിലാരും അമേരിക്കയെ വെല്ലുവിളിക്കുന്നില്ല. ഫ്രാന്‍സ് അമേരിക്കക്ക് എതിര്‍ നിന്നേക്കും എന്ന ഒരു ധാരണയുണ്ടായിരുന്നു. എന്നാല്‍ പുതിയ ഫ്രഞ്ച് വിദേശകാര്യ മന്ത്രി പച്ചക്ക് വെട്ടിത്തുറന്നു പറഞ്ഞു- ഇറാനു നേരെ അമേരിക്കയല്ല, തങ്ങളാണ് ആദ്യം ആക്രമണം നടത്തേണ്ടതെന്ന് !
അമേരിക്കക്ക് ലോകത്തെങ്ങും തന്ത്രപരമായ പാര്‍ട്ട്ണര്‍മാര്‍ വേണം. ഇവിടെ, ഇപ്പുറത്ത് ഇന്ത്യയാണ് അതിനു പറ്റിയ ഏറ്റവും വലിയ കക്ഷി. അതിനാണെങ്കില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസി തയ്യാറുമാണ്. അമേരിക്കക്ക് സങ്കല്‍പിക്കാനാവുന്ന ഏറ്റവും നല്ല തന്ത്രപരമായ പങ്കാളിത്തം അമേരിക്കന്‍-ഇസ്രയേലി- ഇന്ത്യന്‍ സഖ്യമാണ്.
ഇന്ത്യയെ ഇങ്ങനെ വശത്താക്കി നിര്‍ത്തണമെങ്കില്‍ അതിനു പറ്റിയ ഏറ്റവും നല്ല ഒരു പടിയാണ് ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍. ആണവ കരാര്‍ യഥാര്‍ത്ഥത്തില്‍ ആണവ ഊര്‍ജ്ജത്തെ സംബന്ധിച്ച കരാറല്ല തന്നെ. അത് ഇന്ത്യയെ ഇസ്രായേലി-അമേരിക്കന്‍-ഇന്ത്യന്‍ സഖ്യത്തില്‍ പങ്കാളിയാക്കുന്നതിനു വേണ്ടിയുള്ള കരാറാണ്. ഊര്‍ജ്ജ സുരക്ഷയുടെ പേരിലാണ് അതിനെ ന്യായീകരിക്കുന്നത് എന്ന കാര്യം ഏറെ രസകരമാണ്. 10-ആം പഞ്ചവത്സര പദ്ധതി ഊര്‍ജ സുരക്ഷയെക്കുറിച്ച് എന്താണ് പറഞ്ഞത് എന്നു നാം കണ്ടു. 11-ആം പദ്ധതിയുടെ സമീപന രേഖയും വന്നു കഴിഞ്ഞു. അതിലും ഊര്‍ജ്ജ സുരക്ഷയെക്കുറിച്ച് ഏറെ വേവലാതിയില്ല. പെട്ടെന്നെങ്ങനെയാണ് ആണവ ഊര്‍ജം നമ്മുടെ ഊര്‍ജസുരക്ഷിതത്വത്തിനു അത്ര അത്യാവശ്യമായി മാറിയത്?
എല്ലാവര്‍ക്കുമറിയാം, ആണവ വൈദ്യുതി താപവൈദ്യുതിയേക്കാള്‍ ഏറെ ചെലവ് കൂടിയതാണെന്ന്. താപ വൈദ്യുതിക്ക് സാധ്യതകള്‍ ഏറെയുള്ളതുകൊണ്ട് നാമിപ്പോള്‍ ഇതര ഊര്‍ജ്ജ സാധ്യതയെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല തന്നെ. ഈ കരാര്‍ നടപ്പായാല്‍ തന്നെ ആകെ ഊര്‍ജ്ജത്തിന്റെ 7 ശതമാനമേ അതു വഴി ഉണ്ടാക്കാനാവൂ. നമ്മുടെ ഊര്‍ജ്ജാവശ്യത്തിന് ആണവ ഊര്‍ജം എത്രമേല്‍ ആവശ്യമാണന്ന് കണക്കാക്കാന്‍ പ്ലാനിങ്ങ് കമ്മിഷന്‍ ചെലവ്-മെച്ച വിശകലനമോ കണക്കുകൂട്ടലുകളോ ഇതുവരെ നടത്തിയിട്ടില്ല.
നമ്മുടെ ഊര്‍ജാവശ്യത്തിനായുള്ള മറ്റൊരു സ്രോതസ്സാവുമായിരുന്ന ഇന്തോ-ഇറാന്‍ ഗ്യാസ് പൈപ്പ് ലൈനിന്റെ കാര്യം കുഴിച്ചു മൂടിയതെന്തു കൊണ്ടാണ് ? എന്തുകൊണ്ടാണ് ഇന്ത്യ അതില്‍ നിന്നൊഴിഞ്ഞു മാറുന്നത് ? ഊര്‍ജത്തെക്കുറിച്ചുള്ള ആകാംക്ഷയാണെങ്കില്‍ വിവിധങ്ങളായ സ്രോതസ്സുകളെക്കുറിച്ചാണ് നാം ആലോചിക്കേണ്ടത്. അതിനായി നാം വസ്തുനിഷ്ഠമായ ഒരു കണക്കുകൂട്ടലാണ് നടത്തേണ്ടത്. ചെലവ്-വരുമാന വിശകലനമാണ് ചെയ്യേണ്ടത്. ഏതാണ് ഏറ്റവും ചെലവ് കുറഞ്ഞത്. എത്രത്തോളം എങ്ങനെയെല്ലാം അതുണ്ടാക്കാനാവും, എപ്പോഴാണ് അത് തീര്‍ന്നുപോവാന്‍ സാധ്യത, എപ്പോഴാണ് മറ്റൊരു സാദ്ധ്യതയിലേക്ക് നാം മാറേണ്ടത്, ഒരു പ്രത്യേക കാലഘട്ടത്തിലേക്ക് ഏതേതെല്ലാം ഊര്‍ജസാദ്ധ്യതകള്‍ എങ്ങനെയെങ്ങനെയെല്ലാമാണ് നാം ഉപയോഗിക്കേണ്ടത് - ഇതിനായുള്ള വ്യക്തമായ ഒരു രൂപരേഖ നാം തയ്യാറാക്കേണ്ടിയിരിക്കുന്നു. അതല്ല ഇവിടെ സംഭവിച്ചത്. സംഭവിച്ചതെന്താണ് ? പെട്ടെന്നാണ് ഒരു കൂട്ടം ആളുകള്‍ ഒറ്റയടിക്ക് നമ്മളോട് പറയുന്നത് - യാതൊരു തരം കണക്കെടുപ്പുമില്ലാതെ ഒരു തരത്തിലുള്ള രേഖയും ഹാജരാക്കാതെ, നമുക്ക് അത്യാവശ്യം ആണവ ഊര്‍ജമാണെന്ന്. ആണവ ഊര്‍ജമെന്നത് ഭാവിയിലേക്കുള്ള ഊര്‍ജമാണ്. പക്ഷേ എന്തുകൊണ്ടാണ് അത് നമ്മുടെ മുന്നിലേക്ക് പെട്ടെന്നു കയറി വരുന്നത് ?
നാം ഈ കരാറിനെത്തന്നെ ശരിയായി നോക്കിക്കാണുക. എന്താണത് ? ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍ ഒരന്താരാഷ്ട്ര കരാറല്ല. സാധാരണ ഇത്തരം കരാറുണ്ടാക്കുമ്പോള്‍ അതില്‍ ഒരു വ്യവസ്ഥയുണ്ടാവും. വ്യക്തമായ വ്യവസ്ഥ. ഈ കരാര്‍ അതിനു മുമ്പുണ്ടാക്കിയ ഇതു സംബന്ധമായ ഏത് ആഭ്യന്തര നിയമത്തിനും മേലെയാണെന്ന്. ആഭ്യന്തര നിയമങ്ങളില്‍ കരാര്‍ വ്യവസ്ഥക്കെതിരായി എന്തു തന്നെ ഉണ്ടായിരുന്നാലും കരാറിനെതിരായി ബാധിക്കാതിരിക്കാനാണത്. എന്നാല്‍ ഇന്തോ- അമേരിക്കന്‍ കരാറില്‍ ഇങ്ങനെയൊരു വ്യവസ്ഥയേ ഇല്ല. ആഭ്യന്തര നിയമം ഉഭയകക്ഷിക്കരാറിനും മേലെയാണെന്നാണ് അതിലെ വ്യവസ്ഥ. ഈ കരാറിനെ സംബന്ധിച്ചേടത്തോളം ആഭ്യന്തര നിയമമെന്നു പറയുന്നത് ഹൈഡ് ആക്ടാണ്. ഹൈഡ് ആക്ടാണെങ്കില്‍ അത് വളരെ വ്യക്തമായി പറയുന്നത്, ഇന്തോ-അമേരിക്കന്‍ കരാറിനായി ഉണ്ടാക്കിയ നിയമമാണ് അത് എന്നാണ്. ഇന്ത്യയുടെ വിദേശ നയം അമേരിക്കന്‍ വിദേശനയത്തിനിണങ്ങുന്നതാണോ എന്നു കാലാകാലങ്ങളില്‍ പരിശോധിക്കേണ്ടതുണ്ട് എന്നാണ് പ്രസ്തുത നിയമം പറയുന്നത്. എന്നു വെച്ചാല്‍ ഇന്ത്യയുമായി ഉണ്ടാക്കിയ 123 കരാര്‍ അവരുടെ ആഭ്യന്തര നിയമത്തിന് കീഴ്പ്പെട്ടാണ് എന്ന്.
ഇന്ത്യന്‍ വിദേശനയം തങ്ങള്‍ക്കിണങ്ങിയതല്ല എന്ന് ഏതെങ്കിലുമൊരു ഘട്ടത്തില്‍ അമേരിക്കക്ക് തോന്നുന്നു എന്നിരിക്കട്ടെ. ഈ കരാര്‍ റദ്ദാക്കപ്പെടാം. അമേരിക്കക്കൊപ്പം വോട്ടു ചെയ്യുന്നില്ലെങ്കില്‍ 123 കരാര്‍ റദ്ദാക്കപ്പെടാനുള്ള ഭീഷണി നിലനില്‍ക്കുന്നു എന്നര്‍ത്ഥം. അമേരിക്കയില്‍ നിന്ന് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന ആണവച്ചരക്കുകള്‍ കിട്ടില്ല. നമ്മുടെ പ്രധാന മന്ത്രി ഇക്കാര്യത്തില്‍ പറയുന്നത് എന്താണെന്നോ? "ഒരിക്കലുമില്ല. അങ്ങനെ വന്നാല്‍ പോലും യുറേനിയം സപ്ലൈ തുടരുമെന്ന് അമേരിക്ക സമ്മതിച്ചിട്ടുണ്ട് '' എന്ന്. അങ്ങനെ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ കോണ്‍ഗ്രസ്സിനോട് ശുപാര്‍ശ ചെയ്യുമത്രെ, അമേരിക്കന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറിന് അനുമതി നല്‍കണമെന്ന്. എന്തിനെന്നല്ലേ? ഇന്ത്യക്ക് ആണവ സപ്ലൈ നല്‍കാന്‍ മറ്റേതെങ്കിലും രാജ്യത്തോട് ചര്‍ച്ച നടത്താന്‍ അനുവാദം നല്‍കാന് ! എന്താണ് ഇതിനര്‍ത്ഥം? യുറേനിയം സപ്ലൈക്കുള്ള നിങ്ങളുടെ സാദ്ധ്യത ഇല്ലാതാവുമെന്ന്. ആ ഭീഷണി എന്നും നിങ്ങളുടെ തലക്ക് മുകളില്‍ തൂങ്ങി നില്‍ക്കുമെന്ന് ! നിങ്ങളുടെ കൈ പിടിച്ച് തിരിക്കുകയാണവര്‍. അതിനാണ് നിങ്ങള്‍ സമ്മതം നല്‍കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയെ തന്ത്രപരമായ പങ്കാളിയാക്കി മാറ്റാന്‍ അവര്‍ക്ക് ആവണം. അങ്ങനെ ഇന്തോ-യു എസ്-ഇസ്രായേല്‍ അച്ചുതണ്ട് രൂപപ്പെടുത്തിയെടുക്കാനാവണം. നാം സാമ്രാജ്യത്വത്തിന്റെ ഇളംമുറക്കാരാവണമെന്നര്‍ത്ഥം. ഇറാഖ് യുദ്ധത്തിന്റെ ചോരപ്പാടുകള്‍ നമ്മുടെ കൈകളില്‍ നാം ഏറ്റുവാങ്ങണമെന്ന് ! ഇറാനില്‍ വരാന്‍ പോവുന്ന മനുഷ്യക്കുരുതിയുടെ ചുടുനിണം നമ്മുടെ കുഞ്ഞിക്കൈകളിലാക്കി രസിക്കണമത്രെ!
കാറല്‍ മാര്‍ക്സ് മുമ്പ് പറഞ്ഞിട്ടുണ്ട്, ഒരു രാജ്യത്തെ ആക്രമിക്കുന്ന മറ്റൊരു രാജ്യത്തിന് സ്വതന്ത്രമായിരിക്കുന്ന നാവില്ലെന്ന്. അമേരിക്കയുടെ തന്ത്രപരമായ കൂട്ടാളിയായി ഇന്ത്യ മാറിയാല്‍ അവര്‍ക്ക് ഇവിടെ താവളങ്ങള്‍ കിട്ടുക എന്നാണര്‍ത്ഥം. ഇറാഖ് യുദ്ധത്തിന് ഇന്ത്യന്‍ മണ്ണ് ഉപയോഗപ്പെടുത്താമെന്ന്. അങ്ങനെ ഈ മണ്ണ് ഉപയോഗിക്കണമെങ്കിലോ, ഇവിടെ സുരക്ഷ ഉറപ്പാക്കേണ്ടതായുണ്ട്. എതിര്‍ ശബ്ദം ഉയരാതെ നോക്കേണ്ടതുമുണ്ട്. സ്വാതന്ത്ര്യവും ജനാധിപത്യവും അനുഭവിച്ചു പോരുന്ന ഒരു ജനതക്ക് അത് നഷ്ടപ്പെടും എന്നര്‍ത്ഥം. നാം അമേരിക്കക്ക് കീഴ്പ്പെടും. അമേരിക്കന്‍ സൈനിക സാന്നിധ്യം ഇവിടെ അനുവദിക്കേണ്ടതായി വരും.
ഇതാണ് പുതിയ സാമ്രാജ്യത്വം. വിഭവങ്ങള്‍ക്കും അസംസ്കൃത സാധനങ്ങള്‍ക്കുമായുള്ള നെട്ടോട്ടമാണ്. ലാഭത്തിനായുള്ള കുതിച്ചോട്ടം, യുദ്ധാവശ്യങ്ങള്‍ക്കായുള്ള കരാര്‍ ഉറപ്പിച്ചു കിട്ടാനായുള്ള തത്രപ്പാട്. ഇറാഖിലെ യുദ്ധത്തെക്കുറിച്ച് നമുക്കറിയാം. പക്ഷേ ഏറെപ്പേര്‍ക്കറിയില്ല, അവിടെ തന്നെ പുറംപണിക്കായി പതിച്ചു കൊടുത്ത കഥ. ഇറാഖിലെ കരാര്‍ പതിച്ചു കിട്ടിയത് ഒറ്റക്കൈയ്യിലെണ്ണാവുന്നത്ര ചുരുക്കം കമ്പനികള്‍ക്കാണ്. ഒരാഗോള ടെണ്ടറും വിളിച്ചിട്ടില്ല. ഡിക്‍ചെനിയുടെ സുഹൃത്തിന്, മറ്റൊരാളുടെ ബന്ധുവിന്. ചെലവും അതിനു പുറമെ ഇത്ര ശതമാനവും എന്നാണ് കണക്ക്. അതുകൊണ്ട് ചെലവ് ഊതിപ്പെരുപ്പിച്ചു കാട്ടുകയാണ്. ചെലവിന്റെ 15 ശതമാനം കൂടുതലിനാണ് കരാറെങ്കില്‍ ചെലവ് വര്‍ദ്ധിപ്പിച്ചു കിട്ടിയാല്‍ അത്രക്ക് കണ്ട് മാര്‍ജിനും കൂടുമല്ലോ. ഇങ്ങനെ കൊള്ള നടത്താനുള്ള അവസരമാണ് നമ്മുടെ കാല ത്തെ സാമ്രാജ്യത്വം തുറന്നു കൊടുക്കുന്നത്. ഇന്തോ യുഎസ് ആണവക്കരാര്‍ ഇത്തരമൊരു സാമ്രാജ്യത്വപദ്ധതിയില്‍ ഇന്ത്യയെ കൂടി പങ്കാളിയാക്കുകയാണ്. അതിനെ അതേപടി നിരാകരിച്ചേ പറ്റൂ. നമ്മുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായിരിക്കുമെന്നതുകൊണ്ടു തന്നെ നാമതിനെ എതിര്‍ത്തേ പറ്റൂ. നമ്മുടെ കര്‍ഷകരും ചെറുകിട ഉല്‍പാദകരും സാധാരണ മനുഷ്യരും അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതത്തിന് കാരണമെന്തെന്ന് തിരിച്ചറിയുമ്പോള്‍ ഈ ആഗോളക്രമത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം ബാധ്യസ്ഥരാണ്.
ആ ദിശയില്‍ ഒരു വലിയ മുന്നേറ്റം നമ്മുടെ നാട്ടില്‍ വളര്‍ന്നു വരുന്നു എന്നു കാണുന്നത് ഏറെ സന്തോഷകരമാണ്. സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടം മുന്നോട്ടു കൊണ്ടു പോവുന്നതില്‍ നിങ്ങള്‍ക്കോരോരുത്തര്‍ക്കുമുള്ള പങ്ക് നിങ്ങള്‍ മനസ്സിലാക്കുന്നു എന്നു കാണുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.നന്ദി.
(ബെഫി സംസ്ഥാന സമ്മേളനത്തില്‍ ശ്രീ. പ്രഭാത് പട്നായിക് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം)
കാര്‍ട്ടൂണുകള്‍ക്ക് കടപ്പാട്: ഹിന്ദു ദിനപ്പത്രം
1 comment:
“നമ്മുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായിരിക്കുമെന്നതുകൊണ്ടു തന്നെ നാമതിനെ എതിര്‍ത്തേ പറ്റൂ. നമ്മുടെ കര്‍ഷകരും ചെറുകിട ഉല്‍പാദകരും സാധാരണ മനുഷ്യരും അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതത്തിന് കാരണമെന്തെന്ന് തിരിച്ചറിയുമ്പോള്‍ ഈ ആഗോളക്രമത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം ബാധ്യസ്ഥരാണ്.”
ധനപരമായ ഉള്‍ച്ചേര്‍ക്കല്‍, സമകാലിക മുതലാളിത്ത വികസനം, ആണവകരാര്‍ ഇവയെല്ലാം എങ്ങിനെ ഒരു പൊതു ചിത്രത്തിനകത്ത് ബന്ധപ്പെട്ടിരിക്കുന്നു എന്നു പരിശോധിക്കുകയാണ് ശ്രീ. പ്രഭാത് പട്നായിക്.
Post a Comment