Thursday, February 28, 2008

സ്ത്രീധനഭ്രാന്തിന് പുത്തന്‍ ഔഷധം

ഇപ്പോള്‍ എന്റെ അന്തരംഗം അഭിമാനപൂരിതമാകുന്നത് ഭാരതമെന്ന പേരുകേട്ടിട്ടല്ല; ഞരമ്പുകളില്‍ ചോരതിളയ്ക്കുന്നത് കേരളമെന്നു കേട്ടിട്ടുമല്ല. രണ്ടു സഹോദരിമാരെ ഓര്‍ത്തിട്ടാണ്-ശ്രീകലയെയും ഫ്ലിറ്റിയെയും. ഈ കുറിപ്പിനു പ്രചോദനവും അവര്‍ മാത്രം.

ഏതു ഫെമിനിസ്റ്റിനേക്കാളും ഭംഗിയായി സ്ത്രീത്വത്തിന്റെ പ്രശ്നങ്ങള്‍ ആവിഷ്കരിച്ച എഴുത്തുകാരാണ് കുമാരനാശാനും വൈക്കം മുഹമ്മദ്ബഷീറും ഒളപ്പമണ്ണയുമെല്ലാം. 'ചിന്താവിഷ്ടയായ സീത' യില്‍ രാജാവായ രാമനെ, ഭര്‍ത്താവായ രാമനെ സീത വിചാരണ ചെയ്യുന്നുണ്ട്. ബഷീറിന്റെ 'പ്രേമലേഖന'ത്തിലെ സാറാമ്മ, കേശവന്‍നായരെക്കാള്‍ സ്വത്വബോധവും അഭിമാനബോധവുമുള്ള ഉത്തമസ്ത്രീയാണ്. ഒളപ്പമണ്ണയുടെ 'നങ്ങേമക്കുട്ടി'

"നിങ്ങള്‍ക്കു പുരുഷന്മാരേ
നേരമ്പോക്കാണു ജീവിതം
തീയുകൊണ്ടുള്ളൊരിക്കളി !''

എന്നു പറയുമ്പോള്‍ ഏതു മനുഷ്യമനസ്സാണു പൊള്ളാത്തത്? എന്നിരുന്നാലും രാജലക്ഷ്മി എഴുതുമ്പോള്‍, ബാലാമണിയമ്മ എഴുതുമ്പോള്‍, ലളിതാംബിക അന്തര്‍ജനം എഴുതുമ്പോള്‍, മാധവിക്കുട്ടി എഴുതുമ്പോള്‍ അനുഭവം ഏറെ വ്യത്യസ്തമാകുന്നു.

സ്ത്രീത്വത്തിന്റെ മഹിമ തിരിച്ചറിയാനാകാത്ത, ആത്മാവില്‍ ശൂന്യരായ ചില പുരുഷന്മാരെ തിരുത്താന്‍ ആയിരം നരന്മാര്‍ തോല്‍ക്കുന്നിടത്ത് ഒരു നാരി മതിയാകും.

ശ്രീകലയെയും ഫ്ലിറ്റിയെയും കുറിച്ചു പറയാം. കാലിച്ചന്തകളെ നാണിപ്പിക്കും വിധം, സ്ത്രീധനത്തുക കുറഞ്ഞുപോയതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാരെ അധിക്ഷേപിച്ച സ്ത്രീധനക്കോന്തനെ ഭര്‍ത്താവായി വേണ്ടെന്നു ദൃഢനിശ്ചയം ചെയ്ത സഹോദരിയാണ് ശ്രീകല. കൊല്ലം കലക്ടറേറ്റിനടുത്ത് തെക്കേകച്ചേരിമുക്കിനടുത്തുള്ള വിഘ്നേഷ് വിഹാര്‍ എന്ന വാടകവീട്ടിലെ, സ്വര്‍ണ്ണപ്പണിക്കാരനായ ഗോപാലകൃഷ്ണനാചാരിയുടെ മകള്‍. കല്യാണം മുടങ്ങിയതില്‍ ശ്രീകലയ്ക്കു ദു:ഖമില്ല. അതിഥികള്‍ക്കായി ഒരുക്കിയ ചോറും കറികളും കുഴിച്ചുമൂടേണ്ടി വന്നതിലുമല്ല ദു:ഖം. ക്ഷണിച്ചുവരുത്തിയ ബന്ധുമിത്രാദികളെ അപമാനിക്കേണ്ടിവന്നതില്‍ മാത്രം. ശ്രീകലയുടെ നിശ്ചയദാര്‍ഢ്യം വായിച്ചറിഞ്ഞ് വനിതാകമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി നേരിട്ടെത്തി ശ്രീകലയെ അഭിനന്ദിച്ചു.

നാടിന്റെ നാനാഭാഗത്തുനിന്നും വന്ന പിന്തുണ ശ്രീകലയ്ക്കു കരുത്തേകി. യാതൊരു സ്ത്രീധനവുമില്ലാതെ ശ്രീകലയെ സ്വന്തമാക്കാന്‍ മുറച്ചെറുക്കനെ പ്രേരിപ്പിച്ചതും ഈ നിശ്ചയദാര്‍ഢ്യവും തുടര്‍ന്നുള്ള പ്രതികരണങ്ങളുമാവാം.

സ്ത്രീധനക്കോന്തന്‍ എത്താഞ്ഞതില്‍ സ്വന്തം വിവാഹം മുടങ്ങിപ്പോയതില്‍ ആശ്വസിക്കുന്ന സഹോദരിയാണ് ഫ്ലിറ്റി-ഇരിങ്ങാലക്കുട മാപ്രാണത്തെ പാറോക്കാരന്‍ ജോജോ ആന്റണിയുടെയും എല്‍സയുടെയും മകള്‍. സ്ത്രീധനത്തെച്ചൊല്ലി കലഹിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറിയ വരനെയും ബന്ധുക്കളെയും നിയമത്തിന്റെ മുന്നിലെത്തിക്കാനും ബംഗ്ളൂരില്‍ ശാസ്ത്രജ്ഞയായ ഫ്ലിറ്റിക്കു സാധിച്ചു. "സ്ത്രീധനം ചോദിച്ച് വീട്ടുപടിക്കല്‍ വരാന്‍ ഇനി ഒരുത്തനും ധൈര്യപ്പെടില്ലല്ലോ'' എന്നും ഫ്ലിറ്റി ആശ്വസിക്കുന്നു.

സ്ത്രീധനക്കോമരങ്ങളെ, ജീവിതംകൊണ്ടു പാഠംപഠിപ്പിച്ച ശ്രീകലയും ഫ്ലിറ്റിയുമാണ് ഇപ്പോള്‍ എന്റെ മനസ്സിലെ അഭിമാനചിഹ്നങ്ങള്‍. അവരെപ്പോലെ കരുത്താര്‍ജിക്കാന്‍ എല്ലാ സഹോദരിമാര്‍ക്കും കഴിഞ്ഞാല്‍, 'സ്ത്രീധനം' എന്നുച്ചരിക്കാന്‍ ഒരാളും ധൈര്യപ്പെടില്ല. സ്ത്രീധനഭ്രാന്തിന് സ്ത്രീശക്തിയേക്കാള്‍ മികച്ച ഒരൌഷധവുമില്ല.

-മണമ്പൂര്‍ രാജന്‍ബാബു. കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

ഈ വിഷയത്തില്‍ ഈയിടെ വന്ന പോസ്റ്റുകള്‍

പ്രതിഭാപാട്ടീലിന്റെ ആകാശം - ഭൂമിപുത്രി

ഭൂമിപുത്രിയുടെ ലേഖനം - സി.കെ.ബാബു

പ്രസക്തമായ മറ്റൊരു പോസ്റ്റ്

നയം വ്യക്തമാക്കുന്നു - കൊച്ചുത്രേസ്യ

7 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്ത്രീധനക്കോമരങ്ങളെ, ജീവിതംകൊണ്ടു പാഠംപഠിപ്പിച്ച ശ്രീകലയെയും ഫ്ലിറ്റിയെയും പോലെ കരുത്താര്‍ജിക്കാന്‍ എല്ലാ സഹോദരിമാര്‍ക്കും കഴിഞ്ഞാല്‍, 'സ്ത്രീധനം' എന്നുച്ചരിക്കാന്‍ ഒരാളും ധൈര്യപ്പെടില്ല. സ്ത്രീധനഭ്രാന്തിന് സ്ത്രീശക്തിയേക്കാള്‍ മികച്ച ഒരൌഷധവുമില്ല

മണമ്പൂര്‍ രാജന്‍ബാബുവിന്റെ കുറിപ്പ്

ഭൂമിപുത്രി said...

ഒരു ലിങ്ക്കൂടി- കൊച്ചുത്രേസ്യയെ വായിയ്ക്കുക

ഒരു പക്ഷെ,എന്റേതിനെക്കാളും ബാബുവിന്റേതിനേക്കാളും സാമൂഹ്യപ്രസക്തിയുണ്ട് ഈ ബ്ലോഗിനു-അവിവാഹിതയായ ഒരു മലയാളിപ്പെണ്‍കുട്ടിയെടുക്കുന്ന ശക്തമായ നിലപാടെന്നനിലയില്.അതുറക്കെപ്പറയാനുള്ള
ധൈര്യം ആക്കുട്ടിയ്ക്കുണ്ടായി എന്നതും ചെറിയകാര്യമല്ല.

വര്‍ക്കേഴ്സ് ഫോറം said...

നന്ദി ഭൂമിപുത്രി
കൊച്ചുത്രേസ്യയുടെ പോസ്റ്റിന്റെ ലിങ്ക് കൂടി കൊടുത്തിട്ടുണ്ട്

കൊച്ചുത്രേസ്യ said...

ഈ വിഷയത്തെ പറ്റി അല്‍പം വ്യത്യസ്തമായ അഭിപ്രായം ഇവിടെ കാണാം. പ്രസക്തമായ കുറച്ചു കമന്റുകളും (സപ്തവര്‍ണ്ണങ്ങള്‍,കിരണ്‍ തോമസ്‌etc..)
http://veruthey.blogspot.com/2008/02/blog-post.html

ഡോക്ടര്‍ said...

ellavarkum upakaaramaakenda post...അഭിനന്ദനങല്‍.....

കൃഷ്‌ണ.തൃഷ്‌ണ said...

Thank you for a great posting.....

Suraj said...

ഈ മികച്ച പോസ്റ്റിനും, പിന്നെ ഇതേക്കുറിച്ചുള്ള നല്ല ബൂലോക ലേഖനങ്ങള്‍ പരിചയപ്പെടുത്തിയതിനും വര്‍ക്കേഴ്സ് ഫോറത്തിനു നന്ദി.
ആശംസകള്‍!