Friday, February 8, 2008

അവള്‍ക്ക് ജോലി ഒന്നും ഇല്ല

ഡോക്ടര്‍: താങ്കള്‍ക്ക് എത്ര കുട്ടികളുണ്ട്?

രോഗി: ദൈവം എന്നെ വേണ്ട പോലെ സഹായിച്ചില്ല. പതിനഞ്ചുകുട്ടികളുണ്ടായി. പക്ഷെ ഇപ്പോള്‍ ഒന്‍പതെണ്ണമേ ബാക്കിയുള്ളൂ.

ഡോക്ടര്‍: ഭാര്യക്കു ജോലിയുണ്ടോ?

രോഗി:ഇല്ല. അവര്‍ വീട്ടില്‍ തന്നെ കഴിയുന്നു.

ഡോക്ടര്‍: അങ്ങിനെയോ? അവര്‍ എങ്ങിനെയാണ് സമയം പോക്കുന്നത്?

രോഗി: അസ്സലായി! അവള്‍ കാലത്ത് നാലുമണിക്ക് എഴുന്നേല്‍ക്കും. വെള്ളം കൊണ്ടു വരും. വിറക് ശേഖരിക്കും. പിന്നെ പുഴയില്‍ പോയി തുണിയലക്കും. പട്ടണത്തില്‍ പോയി സാധനങ്ങളൊക്കെ വാങ്ങും. ഉച്ചക്കുള്ള ഭക്ഷണം ഒരുക്കും.

ഡോക്ടര്‍: താങ്കള്‍ ഉച്ചഭക്ഷണത്തിനു വീട്ടില്‍ വരികയാണോ പതിവ്? അതോ....

രോഗി: അവള്‍ എനിക്കു ഞാന്‍ പണിയെടുക്കുന്ന പാടത്ത് കൊണ്ടുവന്നു തരും.

ഡോക്ടര്‍: വീട്ടില്‍ നിന്ന് പാടത്തിലേക്ക് എത്ര ദൂരം വരും?

രോഗി: അത്...രണ്ട് മൂന്നു കിലോമീറ്റര്‍ വരും.

ഡോക്ടര്‍: അതിനുശേഷം?

രോഗി: പിന്നെ അവള്‍ കോഴികളെയും ആടുകളെയുമൊക്കെ നോക്കും. സമയമായാല്‍ രാത്രിഭക്ഷണത്തിന് തയ്യാറെടുക്കും. ഊണുകഴിക്കാറാകുമ്പോള്‍ ഞാന്‍ വീട്ടിലെത്തും.

ഡോക്ടര്‍: അത്താഴത്തിനുശേഷം അവര്‍ ഉറങ്ങാന്‍ പോകുമോ?

രോഗി: അതില്ല. അതിനുമുമ്പ് ഒന്‍പതു കുട്ടികള്‍ക്കും ഭക്ഷണം കൊടുത്ത് പാത്രങ്ങളൊക്കെ കഴുകി വെക്കും. പത്തുമണിവരെ വീട് സംബന്ധമായ മറ്റ് ജോലികളൊക്കെ ചെയ്യാനുണ്ടാവും. അതിനു മുമ്പേ ഞാന്‍ ഉറങ്ങിയിരിക്കും.

ഡോക്ടര്‍: പക്ഷെ, താങ്കള്‍ പറയുന്നത് അവര്‍ക്ക് ജോലിയൊന്നുമില്ല എന്നല്ലേ?

രോഗി: തീര്‍ച്ചയായും. അവള്‍ക്ക് ജോലിയൊന്നുമില്ലെന്ന് ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ഡോക്ടര്‍. അവള്‍ വീട്ടില്‍ തന്നെ കഴിയുന്നു.

-പി എം ബാലകൃഷ്ണന്‍. കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

“ ഈ ഡോക്ടര്‍ക്കെന്താ പറഞ്ഞാ മനസ്സിലാവാത്തേ..അവള്‍ക്കൊരു ജോലിയും ഇല്ലെന്നേ..”
ശ്രീ. പി എം ബാലകൃഷ്ണന്‍ എഴുതുന്നു.

ഭൂമിപുത്രി said...

ഈക്കണ്ട പണിയൊക്കെയെടുക്കുന്ന പലസ്ത്രീകള്‍തന്നെയും പറയാന്‍ ശീലിച്ചിരിയ്ക്കുന്നതു
‘വീട്ടില്‍ വെറുതെയിരിയ്ക്കുന്നു’എന്നാണ്‍

റീനി said...

ഡൊമെസ്റ്റിക് എഞ്ചിനീയര്‍, ഹൌസ്‌ഹോള്‍ഡ് റ്റെക്നീഷ്യന്‍ എന്നീ പദവികളൊന്നും അവര്‍ക്ക് അറിയില്ലേ?

Anonymous said...

Good and strong

ബിന്ദു said...

കൊള്ളാം, നന്നായി. :)
പക്ഷേ ഡോകടറെന്തിനാ രോഗിയോട്‌ ഭാര്യയുടെ കാര്യങ്ങള്‍ ചോദിക്കുന്നതെന്നു മനസ്സിലായില്ല.

വര്‍ക്കേഴ്സ് ഫോറം said...

നന്ദി ഭൂമിപുത്രി, റീനി, തോമസ്, ബിന്ദു..വായിച്ചതിനും ബ്ലോഗ് സന്ദര്‍ശിച്ചതിനും...സ്ത്രീകളുടെ അദ്ധ്വാനം അംഗീകരിക്കപ്പെടാറില്ല എന്നത് ദുഃഖകരമായ യാഥാര്‍ത്ഥ്യമാണ്.