കൃസ്തുവര്‍ഷം 2007 ലെ മാന്‍ ബുക്കര്‍ സാഹിത്യ സമ്മാനം പതിവുപോലെ കണക്കു കൂട്ടലുകളും വാതുവെപ്പുകളും തെറ്റിച്ച് ഐറിഷ് എഴുത്തുകാരിയായ ആന്‍ എന്‍റൈറ്റിനെ (Ann Enright) അന്വേഷിച്ചെത്തിയിരിക്കുന്നു. പുരസ്കാരങ്ങളുടെ കാര്യത്തിലായാലും റിയാലിറ്റി ഷോവിന്റെ കാര്യത്തിലായാലും രാജകുടുംബാംഗങ്ങളുടെ കല്യാണക്കാര്യത്തിലായാലും ബ്രിട്ടീഷുകാര്‍ ബെറ്റു വെക്കും. അതൊരു ദേശീയ ശീലമാണ്. ജാത്യാലുള്ള ശീലം. അതു തൂത്താല്‍ പോവില്ല. ഊഹക്കമ്പോളത്തില്‍ ഉയര്‍ന്നുകേട്ട പേരുകള്‍ ബ്രിട്ടീഷ് നോവലിസ്റ്റ് ഇയാന്‍ മാക് ഇവാന്റേയും (Ian Mc Evan), ന്യൂസിലണ്ടുകാരന്‍ ലോയ്‌ഡ് ജോണ്‍സിന്റേയും (Lloyd Jones) ആയിരുന്നു. മാക് ഇവാന്റെ 'ചെസില്‍ ബിച്ചും' ജോണ്‍സിന്റെ 'മിസ്റ്റര്‍ പിപ്പും' ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മറ്റൊരു ബ്രിട്ടീഷ് എഴുത്തുകാരി നിക്കോള ബാര്‍ക്കറുടെ (Nicola Barker) 'Darkmans' എന്ന പ്രകൃത്യാതീത കഥയും ഇന്ത്യക്കാരിയായ ഇന്ദിരാ സിന്‍ഹ (Indira Sinha)യുടെ ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ചുള്ള Animal's People എന്ന നോവലും ഷോര്‍ട് ലിസ്റ്റില്‍ സ്ഥലം കണ്ടിരുന്നു. പന്തയത്തിലെ മുന്‍ കുതിരകളിലൊന്നായി ആന്‍ എന്‍ റൈറ്റി ന്റെ 'The Gathering' ('സദസ്സ്' എന്നു വേണമെങ്കില്‍ വിവര്‍ത്തനം ചെയ്തു വഷളാക്കാം)നെ അധികമാരും കണ്ടില്ല. പക്ഷേ ബുക്കര്‍ ജഡ്ജിമാര്‍ കണ്ടു.
ബുക്കര്‍ പ്രൈസ് 1967ലാണ് നിലവില്‍ വന്നത്. ബ്രിട്ടനിലേയും അയര്‍ലന്‍ഡിലേയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേയും എഴുത്തുകാരെയാണ് പുരസ്കാരത്തിനു പരിഗണിക്കുക. അഞ്ചു കൊല്ലം മുമ്പ് മാന്‍ ഗ്രൂപ്പ് എന്ന സാമ്പത്തിക സ്ഥാപനം ഈ സമ്മാനം സ്പോണ്‍സര്‍ ചെയ് തു തുടങ്ങിയതോടെ അത് മാന്‍ ബുക്കര്‍ പ്രൈസായി. അമ്പതിനായിരം ബ്രിട്ടീഷ് സ്റ്റെര്‍ലിങ്ങ് പൌണ്ടാണ് സമ്മാനത്തുക.
കഴിഞ്ഞ പതിനാലു കൊല്ലമായി അക്ഷരമുറ്റത്തുള്ള ആന്‍ എന്‍ റൈറ്റ് എന്ന നാല്പത്തഞ്ചുകാരി ഐറിഷ് റിപ്പബ്ലിക്കിന്റെ ഇന്ദ്രപ്രസ്ഥമായ ഡബ്ലിനിലാണ് ജനിച്ചത്. കാനഡയിലും ഡബ്ലിനിലും ഇംഗ്ലണ്ടിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 'ക്രിയേറ്റീവ് റൈറ്റിങ്ങി'ലാണ് എം.എ. ബിരുദം സമ്പാദിച്ചത്. RTE(Radio Telefis Eirean- Irish Radio and Television-BBC പോലെ) പ്രൊഡ്യൂ സറും ഡിറക്ടറുമായിരുന്നു. ഭര്‍ത്താവ് മാര്‍ട്ടിന്‍ മര്‍ഫി ഒരു തിയേറ്റര്‍ സംവിധായകനാണ്. രണ്ടു മക്കളുണ്ട്.
'The Portable Virgin' എന്ന രസികന്‍ പേരുള്ള കഥാസഞ്ചികയാണ് കന്നി കൃതി. 1995ല്‍ പ്രസിദ്ധീകരിച്ച 'The Wig My Father Wore' എന്ന നോവല്‍ ഈ എഴുത്തുകാരിക്കു ഒരു പ്ലാറ്റ്ഫോം നേടിക്കൊടുത്തു. അഞ്ചു കൊല്ലത്തെ ഇടവേളക്ക്ശേഷമാണ് രണ്ടാമത്തെ നോവല്‍ എഴുതിയത്. 'What Are You Like? ' The Pleasure of Eliza Lynch (2002) എന്ന ആഖ്യായികയും നിരൂപക ലോകം ശ്രദ്ധിച്ചു. നാലാമത്തെ നോവലാണ് ബുക്കര്‍ നേടിയ 'The Gathering'. ഇക്കൊല്ലമാണ് ഇത് പുറത്തു വന്നത്.
'The Wig My Father Wore' (എന്റപ്പന്‍ ചൂടിയിരുന്ന പൊയ് മുടി) എന്ന നോവലിലെ ആഖ്യാതാവ് ഗ്രേസ് ആണ്. ഡബ്ലിന്‍ നഗരത്തില്‍ താമസിക്കുന്ന അവള്‍ ഒരു ഗെയിം ഷോയില്‍ പ്രവര്‍ത്തിക്കുന്നു. ഗ്രേസിന്റെ അച്ഛനൊരു വിഗ് - കൃത്രിമ കേശം - ഉണ്ട്. അച്ഛന്റെ മുമ്പില്‍ വെച്ച് ആ പൊയ്‌മുടിയെക്കുറിച്ച് സംസാരിക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. സ്റ്റീഫന്‍ എന്നു പേരുള്ള ഒരു മാലാഖ ഗ്രേസി ന്റെ വീട്ടില്‍ വന്നു ചേരുന്നു. 1934ല്‍ ജീവനൊടുക്കിയ ആളാണ് ഈ മാലാഖ. വഴി തെറ്റിയ ആത്മാക്കളെ നേര്‍വഴിക്കു നയിക്കുക എന്നതാണ് മൂപ്പരുടെ ദൌത്യം. ഗ്രേസ്, സ്റ്റീഫനുമായി പ്രേമത്തിലാവുന്നു. പല വിഷയങ്ങളും ഈ നോവല്‍ വിശകലനം ചെയ്യുന്നുണ്ട്. മാതൃത്വം, പ്രേ മം, കത്തോലിക്കാ വിശ്വാസം, ലൈംഗികത.
മേരിയും മരിയയും ഇരട്ടകളാണ്. അവരുട കഥയാണ് 'What Are You Like?' എന്ന നോവലില്‍ ആന്‍ എന്‍റൈറ്റ് വിസ്തരിക്കുന്നത്. ജനിച്ച ഉടനെ ഈ ഇരട്ടക്കുട്ടികള്‍ വേര്‍പിരിയുന്നു. ഒരാള്‍ ഡബ്ലിനിലും മറ്റെയാള്‍ ലണ്ടനിലുമാണ് വളരുന്നത്. കുടുംബ ബന്ധങ്ങളില്‍ സാധാരണമായ സംഘര്‍ഷങ്ങളിലേക്കും സമസ്യകളിലേക്കുമാണ് നോവലിസ്റ്റ് നമ്മെ നടത്തുന്നത്.
എലിസ ലിന്‍ച്(Eliza Lynch) എന്നൊരു ഐറിഷ് വനിത ലാറ്റിന്‍ അമേരിക്കന്‍ നാടായ പരാഗ്വേയുടെ രാഷ്ട്രീയത്തില്‍ വലിയ കളി കളിക്കുകയുണ്ടായി. പരാഗ്വന്‍ പ്രസിഡണ്ടായിരുന്ന ഫ്രാന്‍സിസ് കോ സൊലാനോ ലോവസ്റ്റിന്റെ കെട്ടിലമ്മയായിരുന്നു എലിസ. അവരുടെ ജീവിതത്തിന്റെ നോവല്‍ രൂപമാണ് 'The Pleasure of Eliza Lynch' എന്ന പുസ്തകം.
ആന്‍ എന്‍റൈറ്റിന്റെ ഈ വര്‍ഷമിറങ്ങിയ നോവലിനാണല്ലോ മാന്‍ ബുക്കര്‍ പ്രൈസ് കൈവന്നത്. 'The Gathering'. മുഖ്യപാത്രമായ വെറോണിക്ക ഹെഗാര്‍ട്ടിയുടെ ചുറ്റുമായി പ്ലോട്ട് വികസിക്കുന്നു. സഹോദരന്‍ ലിയാമിന്റെ അകാലമായ മരണം അവളില്‍ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇയ്യാള്‍ തീര്‍ത്തും മദ്യത്തിനടിമപ്പെട്ടാണ് ജീവിച്ചത്. ശവമടക്കിന് അടുത്തവരും അകന്നവരുമായ എല്ലാ ബന്ധുജനങ്ങളും എത്തുന്നു ഐറിഷ് സമൂഹത്തില്‍ കുടുംബബന്ധങ്ങള്‍ക്ക് ഇന്നും വലിയ ശൈഥില്യം സംഭവിച്ചിട്ടില്ല. പോയ കാലങ്ങളിലേക്കും പഴയസ്ഥലങ്ങളിലേക്കും കഥാനായികയുടെ മനസ്സ് യാത്ര ചെയ്യുന്നു. ഓര്‍മ്മകളിലൂടെ, വിഭ്രാന്തികളിലൂടെ മരിച്ച സഹോദരന്റെ സാന്നിധ്യം അവര്‍ തിരിച്ചറിയുന്നു. വെറോണിക്കയുടെ വ്യവസ്ഥിത ജീവിതത്തിന്റെ താളം തന്നെ തെറ്റുന്നു. ഭര്‍ത്താവ്, കുട്ടികള്‍ ഇവരൊക്കെ അപ്രധാനമാകുന്നു.
'ദ ഗാതറിങ്ങ്' അലസമായി വായിച്ച് രസിക്കാവുന്ന പുസ്തകമല്ല. സ്നേഹം, മരണം എന്നീ സത്യങ്ങളെ തുറിച്ചു നോക്കുകയും അവയുടെ പൊള്ളിക്കുന്ന ചൂട് തൊട്ടറിയുകയുമാണ് ഈ നോവല്‍ ചെയ്യുന്നത്. ഇവ തരുന്ന നൊമ്പരങ്ങളെ, ഭയങ്ങളെ, അപൂര്‍വ്വ മാധുര്യങ്ങളെ നോവലിസ്റ്റ് ഒരു തരം ശരീരവിച്ഛേദനത്തിന് വിധേയമാക്കുന്നു. കഥയിലുടനീളം മുഴങ്ങുന്ന ഒരു പദമുണ്ട്- ' roar' (അലര്‍ച്ച, ഗര്‍ജ്ജനം). ഓരോ കഥാപാത്രത്തിന്റെയും ഉള്ളിലുള്ള ഇരമ്പലിനെയാണ് ഈ പദം പ്രതീകവത്കരിക്കുന്നത് എന്ന് തോന്നുന്നു. ഒരു ഹോട്ടലില്‍ അപരിചിതര്‍ കണ്ടുമുട്ടുന്നു, പരസ്പരം സ്പര്‍ശിക്കാതെ തന്നെ ലീനമായ ഒരു നഗ്നതയുടെ സാന്നിധ്യം തിരിച്ചറിയുന്നു. മദ്യത്തിനുവേണ്ടിയുള്ള ലിയാമിന്റെ ദാഹം ഒരു 'rage' (രൌദ്രത) ആണ്. അതിന് ഒരു ശരീരസ്വഭാവം, ഒരു മൂര്‍ത്തത ഉണ്ടെന്ന് വായനക്കാരന് അനുഭവപ്പെടും. ഒരു ഭാഗം മുഖ്യകഥാപാത്രമായ വെറോണിക്കയെയും, അവളുടെ നിദ്രാവിഹീനമായ രാത്രികളിലൂടെ പിന്തുടരുന്നുണ്ട്. വിശ്വാസ്യത അസാദ്ധ്യമായ ലോകമാണ് എന്‍റൈറ്റ് ആവിഷ്കരിക്കുന്നത്. ഇവിടെ ലൈംഗികത ഒരു യാഥാര്‍ത്ഥ്യവും അസംബന്ധവുമാകുന്നു. സ്നേഹമോ? അത് ഒരു മുറിപ്പാട്, ഒരു വടുകെട്ടല്‍. വികാരത്തിന്റെ, ഓര്‍മ്മയുടെ ശാരീരികമായ അടയാളങ്ങളെ അന്വേഷിക്കുകയും അപഗ്രഥിക്കുകയും ചെയ്യാന്‍ മാര്‍ദ്ദവമില്ലാത്ത ഭാഷ ആവശ്യമുണ്ട്. ആ ഭാഷയാണ് എന്‍റൈറ്റ് സമര്‍ത്ഥമായി ഉപയോഗിക്കുന്നത്.
ക്രിസ്തു കുരിശു ചുമക്കാന്‍ പുറപ്പെടുമ്പോള്‍ കര്‍ത്താവിന്റെ വിയര്‍പ്പണിഞ്ഞ മുഖം തന്റെ കൈലേസ് കൊണ്ട് തുടച്ച പരിശുദ്ധതയുടെ പേരാണ് തന്റേതെന്ന് വെറോണിക്ക ഓര്‍മ്മപ്പെടുത്തുന്നു. ആ കൈലേസില്‍ ക്രിസ്തുനാഥന്റെ മുഖം അത്ഭുതകരമാംവിധം പതിയുകയും ചെയ്തുവത്രെ. ചൈനീസ് ഭക്ഷണത്തിന് ശേഷം ഒരു നനഞ്ഞ ടവ്വല്‍ കിട്ടുമ്പോഴൊക്കെ വേറോണിക്ക ആ പഴയ കഥ ഓര്‍ക്കും.
ഉദാത്തതയും അപവിത്രതയും കൂട്ടിക്കുഴക്കുന്ന ഒരു ആചാരരീതിയാണ് നോവലിസ്റ്റ് സ്വീകരിക്കുന്നത്. ഇതില്‍ അലിവും ക്രോധവും കടുത്ത ഹാസ്യവും ഇടകലര്‍ന്ന് കിടക്കുന്നു. ഒരു നോവ്, ഒരു പുകച്ചില്‍ തുടക്കം മുതല്‍ ഒടുക്കംവരെ കഥാഗതിയെ അനുഗമിക്കുന്നു. കേന്ദ്രകഥാപാത്രം എല്ലാം കാണുന്നുണ്ട്. എല്ലാ അനുഭവങ്ങളും കൃത്യമായി വരവുവെക്കുന്നുമുണ്ട്. വെറോണിക്ക ഒരു പാട് ചിത്രങ്ങള്‍ ബിംബങ്ങള്‍ ചമയ്‌ക്കുന്നു. ഒരു ഘട്ടത്തില്‍ അവള്‍ ഭര്‍ത്താവുമായി കിടക്കപങ്കിടുന്ന പതിവുതന്നെ ഉപേക്ഷിക്കുന്നു. സ്വന്തം മകളെ സ്നേഹിക്കാന്‍ തന്നെ മറക്കുന്നു. സ്വന്തം കുടുംബമെന്നത് വെറോണിക്കക്ക് ഒരു അസ്വസ്ഥതയാവുന്നു. എല്ലാ വിചാരങ്ങളും മരിച്ചുപോയ മദ്യപനായ സഹോദരനില്‍ വട്ടം കറങ്ങുന്നു.
ഇയാള്‍ - ലിയാം - മറക്കാനാവാത്ത ഒരു രേഖാചിത്രം പോലെ നിറഞ്ഞുനില്‍ക്കുന്നു. സ്വയം നശിപ്പിക്കുന്ന സുന്ദരനായ തരുണന്‍, പല പെണ്‍കുട്ടികളുടെയും ഹൃദയം തകര്‍ക്കുന്ന വിലാസി, മരണത്തിന്റെ കടലിലേക്ക് കീശയില്‍ നിറയെ കല്ലുമായി നീങ്ങുന്ന സാഹസികനായ വിഡ്ഢി. സ്നേഹത്തിന്റെ മൂഢത്വം ലിയാമില്‍ പ്രതീകവത്കരിക്കപ്പെടുന്നു. നിര്‍വ്വചിക്കപ്പെടുന്നു. നശ്വരതയെക്കുറിച്ചുള്ള വിചാരണ കൂടിയാണ് ഈ ആഖ്യായിക.
ഈ പുസ്തകം അന്തഃസ്ഥിതമായ ഒരു സാഹസികയാത്രയാണ്. മരണവും സ്നേഹവുമൊക്കെ വഴിത്താവളങ്ങള്‍ മാത്രം. ഈ യാത്രക്ക് വിശേഷിച്ച് ഒരു ഉദ്ദേശവും ഇല്ല, ലക്ഷ്യസ്ഥാനവും.
ഐറിഷ് കുടുംബബന്ധങ്ങളില്‍ നിന്നാണ് നോവലിസ്റ്റ് ഊര്‍ജ്ജം ഉള്‍കൊണ്ടത് എന്ന് നേരത്തെ പറഞ്ഞു. ' Families are endlessly interesting. The family is where the stories are'. എന്നാണ് എന്‍റൈറ്റ് നിരീക്ഷിച്ചത്. കുടുംബങ്ങള്‍ എക്കാലവും താല്‍പര്യം തരുന്നു. കുടുംബത്തിലാണ് കഥയുള്ളത്.
ബുക്കര്‍ ജഡ്‌ജിങ്ങ് പാനലിന്റെ ചെയര്‍മാന്‍ ഹോവേഡ് ഡേവിസ്, ആന്‍ എന്‍റൈറ്റിന്റെ പുസ്തകത്തെ ഈ വണ്ണം വര്‍ണ്ണിച്ചു. 'Powerful,uncomfortable and at times angry' (ശക്തം, അസുഖകരം,ചിലപ്പോള്‍ ക്രുദ്ധം) ഇതിനേക്കാള്‍ ഭംഗിയായി ഈ നോവലിനെ വിലയിരുത്താന്‍ ആവില്ല.
ഇതിനുമുമ്പ് പല അവാര്‍ഡുകളും എന്‍റൈറ്റ് നേടിയിട്ടുണ്ട്. റോയല്‍ സൊസൈറ്റി ഓഫ് ഓതേര്‍സിന്റെ എന്‍കോര്‍ പ്രൈസ് , ഡേവി ബൈന്‍സ് ഐറിഷ് റൈറ്റിങ്ങ് അവാര്‍ഡ് എന്നിവ എടുത്തു പറയാവുന്ന പുരസ്കാരങ്ങളാണ്. ഒരു ആക്റ്റിവിസ്റ്റ് അല്ലെങ്കിലും ഒരു എഴുത്തുകാരി എന്ന നിലയില്‍ അവരെടുക്കുന്ന നിലപാടുകള്‍ എപ്പോഴും പുരോഗമനപരമായിരുന്നു. 'Making babies:Stumbling into Motherhood '(2004) എന്നഗ്രന്ഥം ധീരമായ രചനയാണ്.
പ്രസിദ്ധിയോട് ഏറെ വൈമുഖ്യം പ്രദര്‍ശിപ്പിക്കുന്ന എഴുത്തുകാരിയാണ് എന്‍റൈറ്റ്.
'I never mind at not being well known. It was n't priority in life. I always wanted the space to write the books 'എന്നാണ് അവര്‍ പറഞ്ഞത്.
( പ്രസിദ്ധി കിട്ടാത്തതിനെക്കുറിച്ചു ഞാന്‍ വേവലാതി പെടാറില്ല. ജീവിതത്തില്‍ അതല്ല എന്റെ മുന്‍ഗണന. പുസ്തകം എഴുതാനുള്ള ഇടം വേണമെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.)
-വി സുകുമാരന്‍ കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം
4 comments:
പ്രസിദ്ധി കിട്ടാത്തതിനെക്കുറിച്ചു ഞാന്‍ വേവലാതി പെടാറില്ല. ജീവിതത്തില്‍ അതല്ല എന്റെ മുന്‍ഗണന. പുസ്തകം എഴുതാനുള്ള ഇടം വേണമെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.
2007 ലെ മാന്‍ ബുക്കര്‍ സാഹിത്യ സമ്മാനം നേടിയ ഐറിഷ് എഴുത്തുകാരിയായ ആന്‍ എന്‍റൈറ്റിനെക്കുറിച്ചും അവരുടെ സാഹിത്യജീവിതത്തെക്കുറിച്ചും ഒരു ലേഖനം.
നല്ല ലേഖനം. ഈ പരിചയപ്പെടുത്തലിന് നന്ദി.
''ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപെടും ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ രാജ്യം ക്രമേണെ മരിച്ചുകൊണ്ടിരുന്നപ്പോള്‍. എന്തു ചെയ്‌തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും അന്ന് ദരിദ്രരായ മനുഷ്യര്‍വരും
ഈ അരാഷ്ടീയ ബുദ്ധി ജീവികളുടെ കവിതകളിലും കഥകളിലും ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവര്‍ എന്നാല്‍,ദിവസവും അവര്‍ക്ക് അപ്പവും പാലും കൊടുത്തവര്‍ ഇറച്ചിയും ,മുട്ടയും കൊടുത്തവര്‍ അവരുടെ വസ്‌ത്രങ്ങള്‍ അലക്കി കൊടുത്തവര്‍ അവരുടെ കാറോടിച്ചവര്‍ അവരുടെ പട്ടികളെ വളര്‍ത്തിയവര്‍ അവരുടെ ഉദ്യാനങ്ങള്‍ കാത്തു സൂക്ഷിച്ചവര്‍ അവര്‍ വരും വന്നു ചോദിക്കും യാതനകളില്‍ ദരിദ്രന്റെ ജീവിതവും സ്വപ്‌നവും കത്തിയെരിയുകയായിരുന്നപ്പോള്‍, എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍ ....?''
evideyo oru tiri anayate kathunnunddallo nandhi suhruthe ...
tudaruka.
sasneham,
ennum nanmakalmatram
നല്ല കുറിപ്പ്. നന്ദി.
en_Rait -- എന്‍റൈറ്റ്
Post a Comment