ജനാധിപത്യത്തിന് എബ്രഹാം ലിങ്കണ് മുമ്പ് നല്കിയ അര്‍ഥപൂര്‍ണമായ നിര്‍വചനത്തിന് ഇപ്പോള്‍ ജരാനരകള്‍ ബാധിച്ചിരിക്കുന്നു. ഇന്നുള്ളത് ജനങ്ങള്‍ക്കുവേണ്ടിയുള്ള ജനാധിപത്യമല്ല, "ഡ്യൂപോണ്ടിനുവേണ്ടി, ജനറല്‍ ഇലക്ട്രിക്കിനായുള്ള ജനറല്‍ മോട്ടോഴ്സിന്റെ ജനാധിപത്യമാണ്'! ഇപ്പോള്‍ മനുഷ്യജീവിതത്തെ നിയന്ത്രിക്കുകയും നിര്‍ണയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്, 'ധനമൂലധന'മാണ്. അതിന്റെ ന്യൂക്ലിയസായി മാറിക്കഴിഞ്ഞ, വിപണിയുടെ പരസ്യവിസ്മയങ്ങള്ക്ക് പിറകില്‍ വിയോജിക്കുന്നവരെ മുഴുവന്‍ വെട്ടിവീഴ്ത്തുന്ന ഒരു ആയുധപ്പുര മുഴുവനുണ്ട്. പ്രപഞ്ചമാകെത്തന്നെ പ്രമാണിമാര്‍ക്ക് പകുത്തുകൊടുത്ത് മനുഷ്യജന്മത്തെത്തന്നെ പാപ്പരാക്കാനുള്ള മൂലധനഭീകരതയുടെ അക്രാമകപദ്ധതികള്ക്കിടയില് മനുഷ്യരാശിക്ക് നഷ്ടമാകുന്നത് തൊഴിലും സുരക്ഷിതത്വവും പുഴയും മാത്രമല്ല, പ്രാഥമിക ജനാധിപത്യ അവകാശങ്ങള്‍ മുഴുവനുമാണ്.
എന്തുംചെയ്യുന്ന അക്രമാസക്തമായ സാമ്രാജ്യത്വശക്തികള്‍ക്കു മുന്നില്‍ ചിതറിപ്പോകുന്ന ജനശക്തിയെ സുസംഘടിതമാക്കാനും സമരോത്സുകമാക്കാനും അതിനു സഹായിക്കുംവിധത്തില്‍ വ്യത്യസ്ത കാഴ്പ്പാടുകള്‍ പുലര്‍ത്തുന്ന മനുഷ്യര്‍ക്കിടയില്‍ ഉരുക്കുപോലെ ഉറച്ച, 'പ്രായോഗിക ഐക്യം' ഉണ്ടാക്കിയെടുക്കാനും കഴിയുംവിധം സാംസ്കാരിക അന്വേഷണങ്ങള്‍ക്കും കലാപ്രവര്‍ത്തനങ്ങള്‍ക്കും സ്വയം പരിണമിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അത്തരമൊരു മാറ്റത്തിന് ധീരമായ നേതൃത്വം നല്കാന് സാംസ്കാരികപ്രസ്ഥാനങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍, 'നിര്‍ത്തൂ നിങ്ങളുടെ ഒതളങ്ങ വര്‍ത്തമാനം' എന്ന് മനുഷ്യരായ മനുഷ്യര്‍ക്ക് മുഴുവന്‍ വിളിച്ചുപറയേണ്ടിവരും.
ചരിത്രം ചത്ത വിവരങ്ങളുടെ ചുരുക്കെഴുത്തല്ല. സംഭവങ്ങളുടെ കേവലക്രമീകരണമല്ല. 'വിശുദ്ധഭൂത'ത്തെക്കുറിച്ചുള്ള വിവരണമല്ല. തിരിച്ചുവരാനാവാത്തവിധം അവസാനിച്ചുപോയ മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള സ്മരണകളല്ല. ഇ എച്ച് കാര്‍ വ്യക്തമാക്കിയവിധം ചരിത്രം എന്നും, 'ഭൂതവര്‍ത്തമാനകാലങ്ങള്‍ തമ്മിലുള്ള നിരന്തര സംവാദമാണ്'. ഇടതടവില്ലാത്ത ഇടപെടലുകളുടെ ഭാഗമായി ജീവിതം മാറലാണ്. നുരച്ചുപതയുന്ന നിമിഷ ശിഥിലതകളില്നിന്ന് കാലനൈരന്തര്യത്തിന്റെ സമഗ്രതയിലേക്കുള്ള മിഴിതുറക്കലാണ്.'തുടര്‍ച്ചകളെന്നപോലെ' ഇടര്‍ച്ചകളും സംഭവങ്ങളുടെ ഭാഗമാണ്. ഉപരിപ്ലവതകള്‍ മാത്രം ശ്വസിച്ച് ജീവിക്കുന്നവരെ, അസ്വസ്ഥഭരിതമാക്കുംവിധം കാലിന്നടിയിലെ മണ്ണിനെക്കുറിച്ചും, തലയ്ക്കുമുകളിലെ ആകാശത്തെക്കുറിച്ചും നിരന്തരം ഓര്‍മിപ്പിക്കലാണ്. എന്തൊക്കെ സംഭവിച്ചു എന്ന പതിവ് കണക്കെടുക്കലുകള്ക്കപ്പുറം സംഭവങ്ങളെത്തന്നെയും കീറിമുറിക്കലാണ്. കാഴ്ചകളില്‍നിന്ന് കാഴ്ചപ്പാടുകള്‍ കണ്ടെടുക്കലാണ്. 'വേദനകളൊക്കെയും കുഴിവെട്ടിമൂടി', 'പ്രതിരോധമൊക്കെയും തട്ടിനീക്കി' ഇടശ്ശേരി എഴുതിയപോലെ, ശക്തിയിലേക്ക് കുതിക്കലാണ്. ക്ലിയോപാട്രയുടെ മൂക്കിന്റെ വളവില്വച്ചോ, വന്‍കിട മാധ്യമങ്ങളുടെ അകത്തളങ്ങളില്വച്ചോ അല്ല, ജനാധിപത്യം തളിരിടുന്നതെന്ന തിരിച്ചറിയലാണ്. സൂക്ഷ്മമായ കാര്യങ്ങളോട് സംവദിക്കുന്നതില്‍ എന്നും ബഹുദൂരം പിറകില്‍ നില്‍ക്കുന്നവരെ കെട്ടിപ്പുണര്ന്നുകൊള്ളാമെന്ന് ഞങ്ങളാരോടും ഒരു കരാറുണ്ടാക്കിയിട്ടില്ലെന്ന് തുറന്ന് പ്രഖ്യാപിക്കലാണ്.
രാഷ്ട്രീയത്തെ അരാഷ്ട്രീയംകൊണ്ട്, നവോത്ഥാനത്തെ പുനരുത്ഥാനംകൊണ്ട്, തത്വചിന്തയെ പരസ്യംകൊണ്ട്, തിരിച്ചറിവുകളെ തരികിടകള്കൊണ്ട്, പ്രബുദ്ധതയെ ഉപഭോഗപരതകൊണ്ട്, സംഘടനാബോധ്യങ്ങളെ വ്യക്തിസങ്കീര്ത്തനങ്ങള്കൊണ്ട്, സംവാദങ്ങളെ വിവാദങ്ങള്‍കൊണ്ട്, സമരോത്സുകമായ ശുഭാപ്തിവിശ്വാസത്തെ വന്ധ്യമായ അശുഭാപ്തിവിശ്വാസംകൊണ്ട്, യുക്തിബോധത്തെ അയുക്തികതകൊണ്ട്, മതനിരപേക്ഷതയെ മതാന്ധതകൊണ്ട്, അന്വേഷണങ്ങളെ അപവാദങ്ങള്‍കൊണ്ട് അട്ടിമറിക്കാനുള്ള തീവ്രശ്രമമാണ് വലതുപക്ഷ, തീവ്ര ഇടതുപക്ഷ, വ്യാജ ഇടതുപക്ഷ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷവും കൊമ്പുകുലുക്കിയത്. മുഖ്യധാരാമാധ്യമങ്ങളുടെ തണലില്‍നിന്ന് ജീവിതത്തിന്റെ വെയിലില്‍ നില്‍ക്കുന്നവര്‍ക്കെതിരെ വ്യാജവിമര്ശനത്തിന്റെ എത്രമാത്രം ശരങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും ചീറിവന്നത്.
ഇടതുപക്ഷം വലതുപക്ഷമായിത്തീര്ന്നിരിക്കുന്നു എന്ന വായ്ത്താരിയാണ് വലതുപക്ഷ മാധ്യമങ്ങളിലൊക്കെയും തിളച്ചുമറിഞ്ഞത്! കമ്യൂണിസ്റ്റുകാര്‍ 'കട്ടന്‍ചായയും ബീഡിയും' ഉപേക്ഷിച്ചതോര്‍ത്ത് ചാനലുകളില്‍ ക്രീമും പൌഡറുമിട്ട 'സാംസ്കാരികപ്രതിഭകള്' എത്ര സമയമാണ് പൊട്ടിക്കരഞ്ഞത്. വേണ്ടതിനും വേണ്ടാത്തതിനും പേനതുറക്കുന്ന ചിലരാകട്ടെ ഇത്തരം വിഷയങ്ങളെക്കുറിച്ചൊന്നും ഒരുവരിപോലും എഴുതാതെ, ശരീരം എവിടെയായാലും 'മനസ്സവിടെയാണെന്ന്' തൊമ്മികളെപ്പോലെ എത്രതവണയാണ് തെളിയിച്ചത്.
ഇടതുപക്ഷത്തിനെതിരെയുള്ള സാംസ്കാരികാക്രമണത്തിന്റെ കേന്ദ്രമായി മുഖ്യധാരാ മാധ്യമങ്ങള്‍തന്നെ മാറുന്ന കാഴ്ചയാണ് കഴിഞ്ഞവര്‍ഷവും കരുത്താര്‍ജിച്ചത്. വലതുപക്ഷശക്തികള്‍ നേരിടുന്ന ആധിപത്യ പ്രതിസന്ധിയുടെ ശൂന്യതയിലാണ്, 'മീഡിയാ സിന്‍ഡിക്കറ്റ്' സജീവമായത്. വലതുപക്ഷത്തിന്റെ നേതൃശൂന്യതയിലേക്കാണവര് ഇടിച്ചുകയറിയത്. ഒരു വന്‍ ഭൂവുടമയുടെ മാധ്യമമാണ് നവഭൂവുടമകള്ക്കെതിരെ ജാഗ്രത പാലിക്കാനുള്ള ആഹ്വാനത്തെ, 'കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനമെന്നോണം', പ്രത്യേകമായി 'കൊണ്ടാടിയത്'. ആന്ധ്രാപ്രദേശില്‍ നടന്ന ഗംഭീരമായ കര്‍ഷകസമരത്തെ മറവിയില്‍ മൂടിക്കിടത്തുന്നതില് മുന്നില്‍നിന്ന ഇവര്‍തന്നെയാണ്, നന്ദിഗ്രാമിനെ കൊണ്ടാടിയത്. നന്ദിഗ്രാമിനെ സര്‍വരുടെയും നാവിന്തുമ്പില് നിറഞ്ഞുനില്ക്കുംവിധം അവതരിപ്പിച്ചവര്‍, മുടിഗോണ്ടയെക്കുറിച്ച് പുലയര്ത്തിയ മൌനം 'വാചാലമെന്നതിലേറെ' വര്ഗപരമായിരുന്നു!
സ്വന്തം ജീവിതത്തെ സൂക്ഷ്മമായും സമഗ്രമായും തിരിച്ചറിയുന്നതില്‍നിന്ന് മനുഷ്യരെ തടയുംവിധമാണ് വ്യവസ്ഥാനുകൂലമായ മുഖ്യധാരാ മാധ്യമവ്യവസായം പൊതുവില്‍ പ്രവര്‍ത്തിക്കുന്നത്. വിവരങ്ങളുടെയും വാര്‍ത്തകളുടെയും കുത്തൊഴുക്കില്‍, 'തിരിച്ചറിവ്' ഒരു പൊങ്ങുതടിപോലെ ഒലിച്ചുപോവുന്ന ഭീതിദമായ ഒരവസ്ഥയെയാണ് മനുഷ്യരാശി ഇന്നഭിമുഖീകരിക്കുന്നത്. പണമൊഴുക്കിന്റെയും പ്രകൃതിവിഭവങ്ങളുടെയും ആണവായുധങ്ങളുടെയും ഉന്നതസാങ്കേതികവിദ്യയുടെയും മേല്‍ ആധിപത്യം സ്ഥാപിച്ച സാമ്രാജ്യത്വശക്തികള്തന്നെയാണ് ഇന്ന് മാധ്യമരംഗത്തും 'കുത്തക' സ്ഥാപിച്ചിരിക്കുന്നത്. സ്വന്തം ചൂഷണതാല്പ്പര്യങ്ങളെയും അതിനനുസൃതമാംവിധം വികസിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകളെയും ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാനുള്ള തിരശ്ശീലയായും അതിനെയും തുളച്ചുകടന്ന് തിരിച്ചറിയുന്നവരെ കടന്നാക്രമിക്കാനുള്ള ആയുധമായും മാധ്യമങ്ങളെ സാമ്രാജ്യത്വം മാറ്റിക്കഴിഞ്ഞിരിക്കുന്നു. പ്രത്യയശാസ്ത്ര മര്‍ദ്ദനത്തിന്റെ മാരകസാന്നിധ്യമായി മാധ്യമങ്ങള്‍ വളരുമ്പോഴാണ് സത്യം വിളറുന്നത്. 'നമ്മളായിരുന്നില്ലേ ശരി, എന്നിട്ടും നമ്മളെന്താണ് തോറ്റുപോകുന്നത്' എന്ന ഹൊര്വാര്ഡ് ഫോസ്റ്റിന്റെ, സ്പാര്‍ട്ടക്കസിലെ ഡേവിഡ് എന്ന കുരിശേറ്റപ്പെട്ട അടിമയുടെ പഴയ ചോദ്യം അസ്വസ്ഥതകളുടെ പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ച് ഇന്നും നമ്മെ തുറിച്ചുനോക്കുന്നു. അബുഗരീബും ഗ്വാണ്ടനാമയും ഗുജറാത്തും ഒറീസയും... ഉയര്‍ത്തുന്ന ചോദ്യങ്ങളെ ഉള്ളില്‍ ഏറ്റുവാങ്ങാന്പോലുമാവാതെ തലപോവുന്നകാലത്തും തലമുടി വെട്ടണോ നീട്ടണോ എന്ന തര്‍ക്കത്തില്‍ ആവേശഭരിതമാകുന്ന ഉപരിപ്ലവമായ ഒരവസ്ഥ മാധ്യമങ്ങള്‍ നിരന്തരമായ മനുഷ്യവേട്ടയിലൂടെ നിര്‍മിച്ചതാണെന്ന് മനസ്സിലാക്കാന്‍പോലും ഇന്ന് പലര്‍ക്കും കഴിയുന്നില്ല.
എവിടെ 'ഭയ'മുണ്ടോ അവിടെ 'വിശ്വാസ'മില്ലെന്ന് മുമ്പ് ഗാന്ധിജി പറഞ്ഞത്, അദ്ദേഹത്തിന്റെ ജന്മദേശമായ ഗുജറാത്തിന് ബാധകമല്ല. അവിടെ ഇക്കുറിയും ജയിച്ചത് 'ഭയ'മാണ്. ഗുജറാത്തിനെ ഒരര്‍ഥത്തില്‍ നിലനിര്‍ത്തുന്നതുതന്നെ 'ഭയ'മാണ്. ഇരകള്‍ മാത്രമല്ല വേട്ടക്കാരും ഭയചകിതരാണ്. കൊലവിളികള്‍ക്കും നിലവിളികള്‍ക്കുമിടയില്‍ അവിടെ അദൃശ്യമാംവിധം വളരുന്നത് ഭയത്തിന്റെ നരച്ച നിഴലുകളാണ്. വംശഹത്യയുടെ ചോരയില്‍ വിടര്‍ന്ന താമരയിതളുകള്‍ക്കുള്ളില്‍ വിങ്ങുന്നത് അഭയാര്ഥിജനതയുടെ തേങ്ങലാണ്. വംശഹത്യകളുടെ ഭീകരതകള്‍ ഓരോന്നായി പുറത്തുവന്നപ്പോള്‍, ഇത്തവണയെങ്കിലും മോഡി മുട്ടുകുത്തുമെന്ന് കരുതിയവര്‍ മറന്നത് ശവങ്ങളെന്നും കഴുകന്മാര്ക്ക് സദ്യയൊരുക്കുമെന്ന സത്യമാണ്. 'ചോര, അല്ലല്ല ചോപ്പാണ് കുഞ്ഞെ / നേരറിഞ്ഞാല്‍ നീ നീറിമരിക്കും'/ എന്നതൊക്കെ കവികളുടെ വെറും വ്യാമോഹങ്ങളാണെന്ന് ഗുജറാത്ത് തെളിയിച്ചിരിക്കുന്നു. നേരറിഞ്ഞിട്ടും നെഞ്ചത്തടിച്ച് നിലവിളിക്കുന്ന നീതിയുടെ ശബ്ദം കേട്ടിട്ടും ഗുജറാത്ത് മോഡിയെത്തന്നെയാണ് സ്വന്തം മാറോടു ചേര്‍ത്തുപിടിച്ചത്. വംശഹത്യ മോഡി നടപ്പാക്കിയത് ആയുധംകൊണ്ടും അധികാരംകൊണ്ടുമായിരുന്നെങ്കില് ഈ തെരഞ്ഞെടുപ്പിലും മോഡി വിജയിച്ചത് ആ ചോരയുടെമാത്രം ചെലവിലാണ്. ഗര്‍ഭിണിയായിരുന്ന കൌസര്‍ ഭാനുവിന്റെ വയറ് കുത്തിപ്പിളര്‍ന്നത് ഞാനാണെന്ന ബാബു ബജ്രംഗിമാരുടെ അലറലുകള്ക്ക് മുകളിലാണ് മോഡിയുടെ വിജയത്തിന്റെ കൊലച്ചിരി മുഴങ്ങുന്നത്.
ശ്രീരാമനെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ രവീന്ദ്രനാഥ ടാഗോര്‍ മുതല്‍ ബുദ്ധദേവ് വരെയുള്ളവരെ ഇപ്പോള്‍ വെല്ലുവിളിക്കുന്നവര്, അമ്മൂമ്മക്കഥകള്‍മാത്രം കേട്ട്, അപഗ്രഥനശേഷി നഷ്ടപ്പെട്ട്, മുതിര്‍ന്നിട്ടും വളരാന്‍ മടിക്കുന്ന കുട്ടികളാണ്. ശ്രീരാമന് കവിയുടെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്ന രവീന്ദ്രനാഥ ടാഗോറിന്റെ താരതമ്യേന നിരുപദ്രവകരമായ ഒരഭിപ്രായത്തോട് ഇത്രമേല്‍ രേഷാകുലരായവര്, ഒരുപാടുപേര് ഹൃദയത്തില്‍ പവിത്രമായി സൂക്ഷിക്കുന്ന സാക്ഷാല്‍ ഉപനിഷത് ദര്‍ശനം ലോകനിഷേധിയാണെന്നും അത് കൂട്ടക്കൊലകള്‍ക്കുള്ള സമ്മതപത്രമാണ് നിര്‍മിക്കുന്നതെന്നും കണ്ടെത്തിയ ടാഗോറിനെക്കുറിച്ചുകൂടി കേട്ടിരുന്നെങ്കില്‍ എന്തൊക്കെ സംഭവിക്കുമായിരുന്നു? ഇതിഹാസപുരാണങ്ങളുടെ സ്ഥാനം അമ്മൂമ്മമാരുടെ മടിയില്‍നിന്ന് സാമൂഹ്യ പരിവര്ത്തനങ്ങള്ക്കിടയിലേക്ക് മാറിയത് അറിയാത്തവരാണ് രവീന്ദ്രനാഥ ടാഗോര്‍ മുതല്‍ ബുദ്ധദേവ് വരെയുള്ളവര്‍ക്കെതിരെ വെറുതെ കിടന്ന് ബഹളംവച്ചത്!
ഇസ്ലാം മതവിശ്വാസികള്‍ വേദഗ്രന്ഥമായി ആദരിക്കുന്ന ഖുര്‍ ആനില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചിട്ടുള്ളത്, കാരുണ്യം എന്നര്‍ഥത്തിലുള്ള 'റഹ്മത്ത്' എന്ന പദമാണെന്ന് അബ്ദുല്‍ കലാം ആസാദ് തന്റെ പ്രശസ്തമായ 'തര്‍ജമാനുല്‍ ഖുര്ത്തനില്' എഴുതിയത് മുമ്പ് വായിച്ചത് ഓര്‍മയിലുണ്ട്. പ്രവാചകന്റെ മുന്നിലേക്ക് അദ്ദേഹത്തോടുള്ള അമര്‍ഷം പ്രകടിപ്പിക്കാന്‍ എന്നും സ്വന്തം മാളികമുകളില്‍നിന്ന് പ്രവാചകനുനേരെ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. ഒരുദിവസം പതിവുപോലെ നടന്നുപോകുമ്പോള്‍ പ്രസ്തുത വീടിന്റെ മാളികമുകളില്‍നിന്ന് തനിക്കുനേരെ സ്ഥിരമായി വലിച്ചെറിയപ്പെടാറുള്ള മാലിന്യം വരാത്തതുകണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. ആ സ്ത്രീക്ക് എന്തുപറ്റി എന്നദ്ദേഹം അന്വേഷിച്ചു. അപ്പോഴാണറിയുന്നത് അവര്‍ രോഗിയായി കിടക്കുകയാണെന്ന്. അദ്ദേഹം അവരെ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയുമാണത്രേ ചെയ്തത്! മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ പുച്ഛിക്കുകയും ഖുര്ത്തില് മുഹമ്മദിന്റെ സൃഷ്ടിയാണെന്ന് പരിഹസിക്കുകയുംചെയ്ത അറേബ്യയിലെ സാഹിത്യകാരന്മാരോട്, 'എങ്കില്‍ നിങ്ങള്‍ ഇതിലുള്ളതുപോലൊരു വരിയെങ്കിലും സ്വന്തമായി സൃഷ്ടിക്കൂ' എന്ന് സര്ഗാത്മകഭാഷയില് വെല്ലുവിളിക്കുകയാണ് ഖുര്ത്തില് ചെയ്തത്. 'തായേ' എന്ന് വിളിക്കേണ്ടിടത്ത്, 'തായേ' എന്നുതന്നെ വിളിക്കാന്‍ മടിക്കാത്ത ഖുര്ത്തിലാണിങ്ങനെ പ്രതികരിച്ചതെന്ന് മറക്കരുത്! പേന സമരായുധമാക്കിയ ഒരെഴുത്തുകാരിയെ പിച്ചാത്തികൊണ്ട് നേരിടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതൊന്നും മനസ്സിലാവില്ല. മനസ്സിലായിരുന്നെങ്കില്‍ തസ്ലീമ നസ്രീന്റെ പേരില്‍ 'ഇത്രയുമൊക്കെ സംഭവിക്കുമായിരുന്നില്ല'!
പ്രത്യയശാസ്ത്രങ്ങള്‍ പലപ്പോഴും അബോധപൂര്വമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആദിവാസിസമൂഹത്തില്‍നിന്ന് ഉയര്‍ന്നുവന്ന കാളേട്ടനെ മരണാനന്തരവും വേണ്ടവിധം അടയാളപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് പൊതുവില്‍ കഴിയാതെപോയത്, പരോക്ഷമായിട്ടാണെങ്കിലും 'സവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ ശക്തിയെതന്നെയാണ് സൂചിപ്പിക്കുന്നത്. മുപ്പത് വര്‍ഷത്തോളം സ്വയം അടിമയായി ജീവിച്ചിട്ടും, അക്ഷരമറിയാന്‍ അവസരം ലഭിക്കാതിരുന്നിട്ടും ശാസത്രസാങ്കേതികവിദ്യയുടെ വെളിച്ചം അനുഭവിക്കാന്‍ കഴിയാതിരുന്നിട്ടും ആധുനികനായി മാറിയ കാളേട്ടന്റെ മഹത്വം, മാധ്യമസമൂഹം അര്‍ഹിക്കുംവിധം തിരിച്ചറിയാതെപോയി എന്നതുപോലും ഇപ്പോഴും തിരിച്ചറിയപ്പെടാതിരിക്കുകയാണ്! വാര്‍ത്ത കൊടുത്തു, മുഖപ്രസംഗങ്ങള്‍ എഴുതി, അനുസ്മരണക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു. പക്ഷേ പ്രധാനപ്പെട്ട എന്തോ ഒന്ന് അറിഞ്ഞോ അറിയാതെയോ ഒഴിഞ്ഞുപോയി! മുഖ്യധാരാസമൂഹത്തിനൊപ്പം നിന്ന ഒരു കാളനെമാത്രമാണ് നാം കണ്ടത്. മുഖ്യധാരാ സമൂഹത്തിലേക്ക് അദ്ദേഹം നടന്നെത്തിയ വഴികളാണ് വിസ്മരിക്കപ്പെട്ടത്. കേരളത്തിന്റെ കാളേട്ടനായി അദ്ദേഹത്തെ മാറ്റിയ സംഭവബഹുലമായ ഒരു ജീവിതത്തിന്റെ മഹത്വമാണ് മാധ്യമങ്ങളില്‍ തെളിയാതെപോയത്. വേദിയിലെ ചുവടുവയ്പുകളും തുടിയുടെ താളവും കേട്ടപ്പോള്‍, കേള്‍ക്കാതെപോയത് ഒരു നിശബ്ദസമൂഹത്തിന്റെ ചങ്കിടിപ്പുകളായിരുന്നു. കേരളത്തിന്റെ സ്പാര്‍ട്ടക്കസ് എന്ന് ന്യായമായും സംബോധനചെയ്യേണ്ട, നവോത്ഥാനനായകനായ അയ്യങ്കാളിയോട് മുമ്പുചെയ്തത്, ഇന്ന് കേരളം കാളേട്ടനോട് ആവര്‍ത്തിക്കുന്നതിലെ അവികസിത സമീപനമാണ് അപഗ്രഥനങ്ങളില്നിന്നെല്ലാം 'വഴുക്കിമാറുന്നത്'. 'ഇര'കളാക്കപ്പെട്ടവര് ആത്മബോധമാര്ജിക്കുന്നൊരു കാലത്ത് ഇങ്ങനെ സംഭവിച്ചുകൂടാത്തതാണ്.
-കെ.ഇ.എന്‍. കടപ്പാട്: ദേശാഭിമാനി
1 comment:
“എന്തും ചെയ്യുന്ന അക്രമാസക്തമായ സാമ്രാജ്യത്വശക്തികള്‍ക്കു മുന്നില്‍ ചിതറിപ്പോകുന്ന ജനശക്തിയെ സുസംഘടിതമാക്കാനും സമരോത്സുകമാക്കാനും അതിനു സഹായിക്കുംവിധത്തില്‍ വ്യത്യസ്ത കാഴ്പ്പാടുകള്‍ പുലര്‍ത്തുന്ന മനുഷ്യര്‍ക്കിടയില്‍ ഉരുക്കുപോലെ ഉറച്ച, 'പ്രായോഗിക ഐക്യം' ഉണ്ടാക്കിയെടുക്കാനും കഴിയുംവിധം സാംസ്കാരിക അന്വേഷണങ്ങള്‍ക്കും കലാപ്രവര്‍ത്തനങ്ങള്‍ക്കും സ്വയം പരിണമിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അത്തരമൊരു മാറ്റത്തിന് ധീരമായ നേതൃത്വം നല്കാന് സാംസ്കാരികപ്രസ്ഥാനങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍, 'നിര്‍ത്തൂ നിങ്ങളുടെ ഒതളങ്ങ വര്‍ത്തമാനം' എന്ന് മനുഷ്യരായ മനുഷ്യര്‍ക്ക് മുഴുവന്‍ വിളിച്ചുപറയേണ്ടിവരും.”
ശ്രീ കെ ഇ എന്‍ എഴുതിയ ലേഖനം പുന:പ്രസിദ്ധീകരിക്കുന്നു.
Post a Comment