Tuesday, February 12, 2008

ഫിഡല്‍ കാസ്ട്രോ - ഉടനീളം കനല്‍‌വഴികളിലൂടെ

"ഞങ്ങളുടെ രാജ്യത്തിന്റെ വാതിലുകള്‍ എല്ലാ താല്‍പ്പര്യങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും നേരെ എപ്പോഴും തുറന്നുവച്ചിരിക്കുന്നു. ഞങ്ങള്‍ ഒരിക്കലും നുണ പറയില്ല''

-നൂറുമണിക്കൂറിലധികം നീണ്ടുനിന്ന അഭിമുഖത്തിന്റെ അവസാനം ഫിഡലിന്റെ വാക്കുകള്‍

ഉടനീളം കനല്‍വഴികളിലൂടെ നടന്നുകൊണ്ടിരിക്കുന്ന ഫിഡല്‍ കാസ്ട്രോയുടെ ജീവിതത്തിന്റെ നേര്‍രേഖകളാണ് 'എന്റെ ജീവിതം' എന്ന ആത്മകഥയിലുള്ളത്. പ്രശസ്ത ഫ്രഞ്ച് മാഗസിന്‍ എഡിറ്ററും അധ്യാപകനും ആദ്യ സോഷ്യല്‍ ഫോറത്തിന്റെ പ്രധാന സംഘാടകനുമായ ഇഗ്നേഷ്യോ റാമോനെറ്റ് കാസ്ട്രോയുമായി നടത്തിയ അഭിമുഖമാണ് ആത്മകഥനത്തിന്റെ ആവേശം പകരുന്ന അനുഭവമായി പുസ്തകരൂപത്തില്‍ ഇറങ്ങിയിരിക്കുന്നത്. 1926 ആഗസ്ത് 13 മുതലുള്ള മനുഷ്യജീവിതത്തിന്റെ പകര്‍ത്തിയെഴുത്തല്ല ഈ പുസ്തകം. ബാപ്റ്റിസ്റ്റയുടെ ഏകാധിപത്യവാഴ്ചയെ കടപുഴക്കിയെറിഞ്ഞ മഹത്തായ വിപ്ലവത്തിന്റെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ തുടര്‍ച്ചയായി നടത്തുന്ന ചെറുത്തുനില്‍പ്പിന്റെയും ആവേശോജ്വലമായ ചിത്രംകൂടി ആത്മകഥയില്‍ വായിക്കാം. അമേരിക്കന്‍ പക്ഷപാതിത്വ മാധ്യമങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതല്ല കാസ്ട്രോയുടെ യഥാര്‍ഥ ജീവിതം. 'യഥാര്‍ത്ഥ കാസ്ട്രോ' എന്നപേരില്‍ സമീപകാലത്ത് ഇറങ്ങിയ പുസ്തകം ഉള്‍പ്പെടെയുള്ളവ വരച്ചിട്ട നിര്‍മിതകഥകളില്‍നിന്നു വ്യത്യസ്തമായ വ്യക്തിത്വത്തിന്റെ ശരിയായ മുഖം അവതരിപ്പിക്കാന്‍ ഇതിനു കഴിഞ്ഞിരിക്കുന്നു.

അസാധാരണ സൌഹൃദങ്ങളുടെ ഉടമയാണ് ഫിഡല്‍. 'ആകാശത്തെ കൈകൊണ്ട് തൊട്ടതുപോലെ' എന്നാണ് അദ്ദേഹത്തെ ആദ്യമായി സ്പര്‍ശിച്ച നിമിഷത്തെ ഓര്‍ത്തെടുത്ത് പ്രശസ്ത ഫുട്ബോളര്‍ ദ്യോഗോ മാറഡോണ പറഞ്ഞത്. എണസ്റ്റോ ഹെമിങ്വേ കാസ്ട്രോയുടെ അടുത്ത സുഹൃത്തായിരുന്നു. 'മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി' എന്ന പ്രശസ്തമായ ഹെമിങ്വേ പുസ്തകം പലതവണ വായിച്ചിട്ടും മതിയായില്ലത്രേ. ക്യൂബന്‍ വിപ്ലവത്തിനായുള്ള പ്രവര്‍ത്തനത്തില്‍ തന്റെ ജീവിതത്തിന്റെ അഭേദ്യഭാഗമായിരുന്നു ഈ പുസ്തകം എന്നു സാക്ഷ്യപ്പെടുത്തുന്നുണ്ട്. "യാഥാര്‍ഥ്യത്തിന്റെ വിശ്വസനീയമായ അവതരണം, വായിച്ചാല്‍ മനസ്സിലുറച്ചുപോകുംവിധം ശക്തമായ രചനാരീതി''- ഫിഡല്‍ ആധികാരികമായി പുസ്തകത്തെ വിലയിരുത്തുന്നു. ഗറില്ല പോരാട്ടത്തിന്റെ വഴികളില്‍ ശത്രുവിന്റെ ആധിപത്യമേഖലകളിലെ പ്രവര്‍ത്തനത്തിന്റെ രൂപരേഖ ഈ പുസ്തകത്തില്‍നിന്ന് വിപ്ലവകാരികള്‍ പകര്‍ത്തിയെടുക്കുന്നുണ്ട്. മാജിക്കല്‍ റിയലിസത്തിന്റെ അമ്പരപ്പിക്കുന്ന ആഖ്യാനരീതി പിന്തുടരുന്ന ഇന്നത്തെ ലോകസാഹിത്യത്തിലെ അതുല്യപ്രതിഭയായ ഗാര്‍സ്യ മാര്‍ക്കേസും ഫിഡലിന്റെ എല്ലാ തിരിക്കുകള്‍ക്കിടയിലും കടന്നുചെല്ലാവുന്ന സൌഹൃദത്തിന്റെ ഉടമയാണ്. കേള്‍വിക്കാരെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന അസാമാന്യമായ വൈഭവം ഫിഡലിന്റെ പ്രസംഗങ്ങള്‍ക്കുണ്ടെന്ന് മാര്‍ക്കേസ് സാക്ഷ്യപ്പെടുത്തുന്നു. പതിഞ്ഞ ശബ്ദത്തിലുള്ള ചെറിയ തുടക്കത്തില്‍നിന്ന് എപ്പോഴോ പ്രത്യക്ഷപ്പെടുന്ന ഒരു സ്ഫുലിംഗത്തിലൂടെ സദസ്സിനെ മുഴുവനും കൈയിലെടുക്കാന്‍ കഴിയുന്ന രീതിയാണത്. ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ വാഗ്മികളിലൊരാളാണ് ഫിഡല്‍ കാസ്ട്രോ.

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖരായ എല്ലാ രാഷ്ട്രത്തലവന്‍മാരുമായി അടുത്ത ബന്ധമുള്ള മറ്റൊരാള്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല. എന്നാല്‍ മാവോയെയും ഹോചിമിനെയും നേരില്‍ പരിചയപ്പെടാന്‍ കഴിയാഞ്ഞതിന്റെ വിഷമവും ഫിഡലിനുണ്ട്. ഐസന്‍ഹോവര്‍ മുതല്‍ ജോര്‍ജ് ബുഷ് രണ്ടാമന്‍വരെ ചുരുങ്ങിയത് പത്ത് അമേരിക്കന്‍ പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട അനുഭവസമ്പത്തും മറ്റൊരാള്‍ക്കുമുണ്ടാവില്ല. കാസ്ട്രോയില്ലാത്ത ഒരു പ്രഭാതം വിടരുന്നതിനെക്കുറിച്ച് ആഗ്രഹിക്കുന്ന ജൂനിയര്‍ ബുഷിന് ഇടതുപക്ഷ രാഷ്ട്രീയത്തെ പുല്‍കിയ ലാറ്റിനമേരിക്കയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുംവിധം മാറിയ ഫിഡലിനെ കണ്ട് അധികാരത്തിന്റെ പടിയിറങ്ങേണ്ട ഗതികേടിലാണ്. 600 തവണ ഫിഡലിനെ കൊലപ്പെടുത്താന്‍ അമേരിക്ക നടത്തിയ ശ്രമങ്ങള്‍ കാസ്ട്രോ അയവിറക്കുന്നുണ്ട്. റൊണാള്‍ഡ് റീഗന്‍ രൂപംനല്‍കിയ ജനാധിപത്യം സ്ഥാപിക്കാനുള്ള സംഘടന 2005ല്‍ മാത്രം 24ലക്ഷം ഡോളറാണ് ക്യൂബയിലെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ചത്്. അമേരിക്കയുടെ മറ്റൊരു സംഘടനയായ യുഎസ് എയ്ഡ് ക്യൂബന്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് 1996നുശേഷംമാത്രം നല്‍കിയത് ആറര കോടി ഡോളറാണ്.

വിപ്ലവത്തിന്റെ നാള്‍വഴികള്‍ ലോകത്തിനുമുമ്പിലേക്ക് അതിശയോക്തിയുടെ തരിമ്പുപോലുമില്ലാതെ അവതരിപ്പിക്കുന്നത് പുസ്തകത്തിന്റെ സവിശേഷതയാണ്. ഭീകരപ്രവര്‍ത്തനത്തിന്റെയും കൊലപാതകത്തിന്റെയും ചോരമണക്കുന്ന വഴിയാണ് വിപ്ലവമെന്ന ചിലരുടെ അബദ്ധധാരണയെ അനുഭവങ്ങളെ അണിനിരത്തി തിരുത്തിക്കുറിക്കുന്നു. തങ്ങള്‍ക്കൊപ്പം വരേണ്ട ജനങ്ങളെ ശത്രുക്കളാക്കാന്‍ മാത്രമേ അത്തരം വഴികള്‍ സഹായിക്കുകയുള്ളൂ. 25 മാസത്തെ ഗറില്ലാപ്രവര്‍ത്തനത്തിന്റെ വഴികളില്‍ ആരെയും കൊലപ്പെടുത്തുക തങ്ങളുടെ അജന്‍ഡയില്‍ ഉണ്ടായിരുന്നില്ല. വിപ്ലവാനന്തര ക്യൂബയും ഈ വഴിയാണ് പിന്തുടരുന്നത്. ലോകത്തെ ഒരു ഭീകരപ്രവര്‍ത്തനത്തെയും തങ്ങള്‍ പിന്തുണക്കില്ലന്ന് ആര്‍ജവത്തോടെ പറയാന്‍ ഫിഡലിനു കഴിയുന്നുണ്ട്.

വിപ്ലവത്തിന്റെ വഴിയില്‍ പരിചയപ്പെടുകയും തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുകയും ചെയ്ത പ്രിയസഖാവ് ചെഗുവേരയുടെ ഓര്‍മകള്‍ വീണ്ടെടുക്കുന്ന സന്ദര്‍ഭം ഈ പുസ്തകത്തിലെ ഏറ്റവും വികാരനിര്‍ഭരമായ ഭാഗമാണ്. ജനതയ്ക്കു ലഭിച്ച സമ്മാനമാണ് അദ്ദേഹം എന്നു കാസ്ട്രോ പറയുന്നു. എല്ലാത്തിനോടും നൂറുശതമാനം പ്രതിബദ്ധത പുലര്‍ത്തിയ വ്യക്തിത്വം, ആസ്ത്മയുടെ കടുത്ത ആഘാതത്തിനിടയിലും ഏറ്റവും കടുപ്പമേറിയ ചുമതലകള്‍ സ്വയം ആദ്യം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന ഗറില്ലാ പോരാളി, മരണത്തെ തരിമ്പും ഭയമില്ലാത്ത പോരാളി, ശരിയായ മാര്‍ക്സിസ്റ്റ് ലെനിനിസറ്റ് വിശേഷണങ്ങള്‍ എത്ര നല്‍കിയിട്ടും മതിയാകുന്നില്ല കാസ്ട്രോയ്ക്ക്. ചെയുടെ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികത്തില്‍ ഫിഡല്‍ പറഞ്ഞതുപോലെ തങ്ങളുടെ ഭാവിതലമുറ ആരെപ്പോലെയായിരിക്കണമെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ- അത് ചെ ഗുവേരയാണ്. അസാധാരണവും ആവേശഭരിതവുമായ വിപ്ലവസൌഹാര്‍ദമായിരുന്നു ഇരുവരുടേതും. ചെ ബൊളീവിയയിലേക്ക് പോയതിനുശേഷം ക്യൂബയില്‍ വന്നപ്പോള്‍ തന്നോടൊപ്പം വേഷംമാറി ഒരു യോഗത്തില്‍ പങ്കെടുത്തിട്ട് ആര്‍ക്കും അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതും ഫിഡല്‍ പങ്കുവയ്ക്കുന്നു.

വ്യക്തികളുമായുള്ള ബന്ധത്തിന്റെ തീവ്രത അയവിറക്കുമ്പോള്‍ എല്ലാതരത്തിലുള്ള വ്യക്തി ആരാധനകള്‍ക്കും വിപ്ലവം എതിരാണെന്ന് ഓര്‍മിപ്പിക്കുന്നു. ലോകത്ത് ഏറ്റവും അധികം ശ്രദ്ധാകേന്ദ്രമായ വ്യക്തിത്വമാണെങ്കിലും കാസ്ട്രോയുടെ പ്രതിമകളോ ചിത്രങ്ങളോ പൊതുഇടങ്ങളില്‍ ഒന്നുംതന്നെ കാണാന്‍ കഴിയില്ല. ജീവിച്ചിരിക്കുന്നവരുടെ പേരില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നതും റോഡുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പേരിടുന്നതും കുറ്റകരമാക്കുന്ന നിയമമുള്ള രാജ്യമാണ് ക്യൂബ. കാസ്ട്രോയുടെ ക്യൂബ എന്ന പ്രയോഗത്തെത്തന്നെ എതിര്‍ക്കുന്നുണ്ട്. എല്ലാത്തിനെയും വ്യക്തികേന്ദ്രീകൃതമാക്കുന്നത് തെറ്റായ പ്രവണതയാണ്. വിപ്ലവപോരാട്ടങ്ങളില്‍ അണിനിരന്നവര്‍, വിപ്ലവത്തെ സംരക്ഷിക്കുന്നതിനായി ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുന്നവര്‍, ഈ ജനതയെ കാണാതെ വ്യക്തികളെ കാണുന്നത് അങ്ങേയറ്റം പ്രതിലോമകരമാണ്. ക്യൂബന്‍ വിപ്ലവത്തിനുശേഷം പ്രസിഡന്റാകാതിരുന്നതിനെ സംബന്ധിച്ച ചോദ്യത്തിനുള്ള ഉത്തരത്തില്‍ തന്റെ മനോഭാവം അദ്ദേഹം പ്രകടിപ്പിക്കുന്നു."വിപ്ലവത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴും അതിനുവേണ്ടി കടമകള്‍ നിര്‍വഹിക്കാന്‍ ശ്രമിക്കുമ്പോഴും സ്ഥാനമാനങ്ങള്‍ തനിക്കു പ്രശ്നമല്ല.'' നേതാക്കളോടുള്ള വിധേയത്വത്തിന്റെ അടിസ്ഥാനത്തിലല്ല വിപ്ലവത്തില്‍ ജനങ്ങള്‍ ഇടപെടുന്നത്. അവിടെ ആശയങ്ങളാണ് പ്രധാനം. എപ്പോഴും ഫിഡല്‍ പറയുന്നു: "ഉപകരണങ്ങള്‍ വസ്തുക്കളെ മാറ്റുന്നതുപോലെ ആശയങ്ങള്‍ ലോകത്തെ മാറ്റിമറിക്കുന്നു.''

ലാറ്റിനമേരിക്കയിലെ രാഷ്ട്രീയമാറ്റത്തിനു കേവലപ്രചോദനം മാത്രമല്ല ക്യൂബയും കാസ്ട്രോയുമെന്ന് വ്യക്തമാക്കുന്ന അനുഭവങ്ങളുണ്ട്. വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തില്‍ ഫിഡല്‍ നേരിട്ടു നടത്തിയ ഇടപെടലിന്റെ ശ്വാസം പിടിച്ചുനിര്‍ത്തുന്ന വിവരണം 524 മുതല്‍ 532 വരെ പേജുകളില്‍ വായിക്കാം. പൊരുതി മരിക്കാന്‍ നിശ്ചയിച്ച ഷാവേസിനെ തന്ത്രപരമായ സമീപനത്തിലേക്ക് നയിച്ചതിലും വിവിധ തലത്തിലുള്ളവരുമായി നടത്തിയ ഇടപെടലുകളും ശ്രദ്ധേയമാണ്. ഒരു ഘട്ടത്തില്‍ യാഥാര്‍ഥ്യം ലോകത്തോട് വിളിച്ചുപറയുന്ന പത്രറിപ്പോര്‍ട്ടറുടെ ജോലിയും കാസ്ട്രോ ഏറ്റെടുക്കുന്നുണ്ട്. ഷാവേസിന്റെ മകളില്‍നിന്നു ലഭിച്ച യാഥാര്‍ഥ്യം ലോകത്തിനു മുമ്പിലേക്ക് എത്തുന്നത് അങ്ങനെയാണ്. അതാണ് ഫിഡലിന്റെ പ്രത്യേകത. വിപ്ലവത്തിനുവേണ്ടി എന്തു ചുമതലയും ഏറ്റെടുക്കാന്‍ ഇപ്പോഴും മടിയില്ല.

ലളിതജീവിതത്തിന്റെ ആള്‍രൂപമായ ഫിഡല്‍ കാസ്ട്രോ ലോകത്തെ മറ്റു രാഷ്ട്രനേതാക്കളില്‍നിന്നു വ്യത്യസ്തമാണ്. എത്രയാണ് അങ്ങയുടെ ശമ്പളം എന്ന ചോദ്യത്തിന് ഫിഡല്‍ ഇങ്ങനെ മറുപടി പറയുന്നു:"20 പെസോയ്ക്ക് ഒരു ഡോളര്‍ എന്ന നിരക്കില്‍ എന്റെ ശമ്പളം മാസം 30 ഡോളറാണ്. പക്ഷേ, ഞാന്‍ പട്ടിണി കിടന്നു മരിക്കുന്നില്ല. പാര്‍ട്ടിക്കുള്ള ലെവിയും വാടകയിനത്തില്‍ പത്തുശതമാനവും കൃത്യമായി നല്‍കുന്നു. .....ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യത്തിനനുസരിച്ച് എന്ന ഫോര്‍മുലയാണ് ഞങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുന്നത്. എന്റെ സ്വന്തം ആവശ്യങ്ങള്‍ പരിമിതമാണ്. അതുകൊണ്ട് ശമ്പളവര്‍ധന ആവശ്യമേയല്ല. പ്രസിഡന്റെന്ന നിലയിലുള്ള ചെലവുകളെല്ലാം ഓഫീസ് വഹിക്കുകയും ചെയ്യുന്നു.'' ജീവിതത്തിന്റെ ഈ പ്രായത്തിലും കഠിനാധ്വാനിയാണ് ഫിഡല്‍. (ആശുപത്രികിടക്കയിലെ ജീവിതകാലമല്ല) വെളുപ്പിന് അഞ്ചുമണിവരെ നീളുന്നതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനസമയം. കൂടെയുള്ളവര്‍ തളരുമ്പോഴും ഇനിയും അങ്കത്തിനു ബാല്യമുണ്ടെന്ന ഉണര്‍വിലായിരിക്കും ഫിഡല്‍. രാത്രയില്‍ പരമാവധി നാലുമണിക്കൂറാണ് ഉറക്കം. സമയം കിട്ടിയാല്‍ ഉച്ചയ്ക്ക് ഒന്നോ രണ്ടോ മണിക്കൂര്‍. തളരാതെ ലോകത്തിനു പ്രചോദനമായി മാറാന്‍ ഇദ്ദേഹത്തിനു കഴിയുന്നു. 32-ാംവയസ്സില്‍ രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തയാളുടെ അരനൂറ്റാണ്ടിലേക്കെത്തുന്ന അനുഭവത്തില്‍ ഇനിയും ഏടുകള്‍ ബാക്കിയാണ്.

ക്യൂബയുടെ ഭാവിയെ സംബന്ധിച്ചും തനിക്കുശേഷം പ്രളയമുണ്ടാകില്ലെന്നതിനെ സംബന്ധിച്ചും ആധികാരികമായി കാസ്ട്രോ വിശദീകരിക്കുന്നുണ്ട്. 626 പുറങ്ങളില്‍ പടര്‍ന്നുകിടക്കുന്ന അനുഭവക്കുറിപ്പുകളില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും സോഷ്യലിസത്തിന്റെ ഭാവിയും നവഉദാരവല്‍ക്കരണവും മാധ്യമങ്ങളുടെ ഇടപെടലും എല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വ്യാമോഹങ്ങള്‍ നിര്‍മിക്കുന്ന കച്ചവടപരസ്യങ്ങള്‍ക്ക് ഒരു പെനിപോലും ചെലവഴിക്കാത്ത രാജ്യമാണ് ക്യൂബ. ജനങ്ങളാല്‍ നിരന്തരം വിലയിരുത്തപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന, എന്റെയും രാജ്യത്തിന്റെയും ഏറ്റവും ശക്തനായ വിമര്‍ശകന്‍ താന്‍തന്നെയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഫിഡലിന്റെ വ്യക്തിജീവിതത്തിന്റെയും വളര്‍ച്ചയുടെയും പടവുകള്‍ ചിത്രീകരിക്കുന്ന ഈ പുസ്തകം വായിക്കാതിരിക്കാനാവില്ല.

-പി.രാജീവ്

('എന്റെ ജീവിതം' ചിന്ത പബ്ലിഷേഴ്സ് മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഉടനീളം കനല്‍വഴികളിലൂടെ നടന്നുകൊണ്ടിരിക്കുന്ന ഫിഡല്‍ കാസ്ട്രോയുടെ ജീവിതത്തിന്റെ നേര്‍രേഖകളാണ് 'എന്റെ ജീവിതം' എന്ന ആത്മകഥയിലുള്ളത്. പ്രശസ്ത ഫ്രഞ്ച് മാഗസിന്‍ എഡിറ്ററും അധ്യാപകനും ആദ്യ സോഷ്യല്‍ ഫോറത്തിന്റെ പ്രധാന സംഘാടകനുമായ ഇഗ്നേഷ്യോ റാമോനെറ്റ് കാസ്ട്രോയുമായി നടത്തിയ അഭിമുഖമാണ് ആത്മകഥനത്തിന്റെ ആവേശം പകരുന്ന അനുഭവമായി പുസ്തകരൂപത്തില്‍ ഇറങ്ങിയിരിക്കുന്നത്.
626 പുറങ്ങളില്‍ പടര്‍ന്നുകിടക്കുന്ന അനുഭവക്കുറിപ്പുകളില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും സോഷ്യലിസത്തിന്റെ ഭാവിയും നവഉദാരവല്‍ക്കരണവും മാധ്യമങ്ങളുടെ ഇടപെടലും എല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വ്യാമോഹങ്ങള്‍ നിര്‍മിക്കുന്ന കച്ചവടപരസ്യങ്ങള്‍ക്ക് ഒരു പെനിപോലും ചെലവഴിക്കാത്ത രാജ്യമാണ് ക്യൂബ. ജനങ്ങളാല്‍ നിരന്തരം വിലയിരുത്തപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന, എന്റെയും രാജ്യത്തിന്റെയും ഏറ്റവും ശക്തനായ വിമര്‍ശകന്‍ താന്‍തന്നെയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഫിഡലിന്റെ വ്യക്തിജീവിതത്തിന്റെയും വളര്‍ച്ചയുടെയും പടവുകള്‍ ചിത്രീകരിക്കുന്ന ഈ പുസ്തകം വായിക്കാതിരിക്കാനാവില്ല

ഒരു “ദേശാഭിമാനി” said...

ഫിഡല്‍ ഇങ്ങനെ മറുപടി പറയുന്നു:"20 പെസോയ്ക്ക് ഒരു ഡോളര്‍ എന്ന നിരക്കില്‍ എന്റെ ശമ്പളം മാസം 30 ഡോളറാണ്. പക്ഷേ, ഞാന്‍ പട്ടിണി കിടന്നു മരിക്കുന്നില്ല. പാര്‍ട്ടിക്കുള്ള ലെവിയും വാടകയിനത്തില്‍ പത്തുശതമാനവും കൃത്യമായി നല്‍കുന്നു. .....ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് ഓരോരുത്തര്‍ക്കും ---- നമ്മുടെ നേതാക്കള്‍ ഇതു വായിച്ചാല്‍ ഒരു പക്ഷേ പറഞ്ഞേക്കും ഇയാളെന്നാ വട്ടനാണോ? എന്നു!