വളരെക്കാലം മുന്‍പ്, അമേരിക്കയില്‍ ഇടത്തരക്കാരുടെ (middle class)ശക്തമായ സാന്നിദ്ധ്യം ഉണ്ടായിരുന്നപ്പോള്‍ അവിടെ ശക്തമായ ട്രേഡ് യൂണിയന് പ്രസ്ഥാനവും ഉണ്ടായിരുന്നു.
ഈ രണ്ടു വസ്തുതകള്‍ക്കും പരസ്പര ബന്ധമുണ്ട്. യൂണിയനുകള്‍ കൂടിയാലോചനകളിലൂടെ, ഉഭയകക്ഷി ചര്ച്ചലളിലൂടെ തൊഴിലാളികള്‍ക്ക് മികച്ചവേതനവും മറ്റാനുകൂല്യങ്ങളും നേടിക്കൊടുത്തു. ഈ നേട്ടങ്ങള്‍ യൂണിയന് ഇല്ലാത്ത സ്ഥാപനങ്ങളിലെ തൊഴില്‍ ഉടമകളും ഒട്ടൊക്കെ അംഗീകരിച്ചിരുന്നു. കോര്‍പ്പറേറ്റുകളുടെയും സാമ്പത്തിക രംഗത്തെ പ്രമാണിവര്ഗ്ഗത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന് അവര്‍ അതിപ്രധാനമായ ഒരു എതിര്‍ബലം (counterbalance) ആയിരിക്കുകയും ചെയ്തു.
എന്നാല്‍, ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇടയില്‍ ഒഴികെ അമേരിക്കന്‍ ട്രേഡ് യൂണിയന് പ്രസ്ഥാനം പഴയകാലത്തേതിന്റെ ഒരു നിഴല്‍മാത്രമാണ്. 1973-ല്‍ സ്വകാര്യമേഖലാ ജീവനക്കാരില്‍ ഏകദേശം നാലില്‍ ഒരു ഭാഗവും യൂണിയന് അംഗങ്ങളായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ കണക്കുപ്രകാരം യൂണിയന് അംഗത്വമുള്ളവര്‍ 7.4 ശതമാനം മാത്രമാണ്.
എന്നിട്ടും ഇപ്പോഴും യൂണിയനുകള്‍ക്ക് രാഷ്ട്രീയമായ പ്രസക്തിയുണ്ട്. ഇപ്പോള്‍ അവര്‍ ഡെമോക്രാറ്റുകള്‍ക്കിടയിലെ വൃത്തികെട്ട രാഷ്ട്രീയ മല്പിടുത്തത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുകയാണ്. എന്നാല്‍, അതിലേക്ക് കടക്കുംമുന്‍പ്, കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ അമേരിക്കന്‍ തൊഴിലാളി പ്രസ്ഥാനത്തിന് എന്താണ് സംഭവിച്ചതെന്ന് നമുക്ക് നോക്കാം.
അമേരിക്കന്‍ തൊഴിലാളി പ്രസ്ഥാനം സ്വാഭാവികമായ മരണം വരിച്ചതാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആഗോളവല്ക്കരണവും സാങ്കേതികവിദ്യയിലെ മാറ്റവും അതിനെ അപ്രസക്തമാക്കിയിരിക്കുന്നു എന്നാണ് പ്രചരണം. എന്നാല്‍ വാസ്തവമെന്താണ് ? മുന്‍പ് ട്രേഡ് യൂണിയനുകളുമായി വിപുലമായ സഹകരണബന്ധം നിലനിര്‍ത്തിയിരുന്ന കോര്‍പ്പറേറ്റുകള്‍1970 കളുടെ തുടക്കത്തില്‍ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിനു നേരെ, ഫലത്തില്‍, ഒരു യുദ്ധ പ്രഖ്യാപനം തന്നെ നടത്തുകയായിരുന്നു. ഞാന്‍ പറയുന്നതുമാത്രം കണക്കിലെടുക്കണ്ട; 2002-ല്‍ ബിസിനസ്സ് വീക്ക് "വാള്‍മാര്‍ട്'' യൂണിയനുകളെ അകറ്റിനിര്‍ത്തുന്നത് എങ്ങനെ?'' (How Wal-Mart Keeps Unions at Bay എന്നപേരില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിച്ചാല്‍ മതി. "കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി തൊഴിലാളി സംഘടനകളെ ചെറുക്കുന്നതിനുവേണ്ടി കോര്‍പ്പറേറ്റ് അമേരിക്ക സര്‍വശക്തിയുമെടുത്ത് പരിശ്രമിക്കുകയായിരുന്നു'' എന്നാണ് ആ ലേഖനത്തില്‍ വിശദീകരിക്കുന്നത്. വാള്‍മാര്‍ട്ടും മറ്റു കൂറ്റന്‍ സ്ഥാപനങ്ങളും സംഘടിക്കാനുള്ള നീക്കങ്ങളെ ചെറുക്കാന്‍ പ്രയോഗിച്ച അടവുകളെക്കുറിച്ച് ആ ലേഖനത്തില്‍ വിശദീകരിക്കുന്നു - ഇതില്‍ ചില അടവുകള്‍ നിയമാനുസൃതവും ചിലവ നിയമവിരുദ്ധവും ആയിരുന്നു; എല്ലാറ്റിലും കടുത്ത ഭീഷണിയുടെ സ്വരം ഉള്‍ച്ചേര്‍ന്നിരുന്നു.
സംഘടിത തൊഴിലാളി പ്രസ്ഥാനത്തോട് ശത്രുത പുലര്‍ത്തിയിരുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഈ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ അവരെ പ്രാപ്തരാക്കിയത്. ഈ രാഷ്ട്രീയ കാലാവസ്ഥയ്ക്കു രണ്ടു കാരണങ്ങളുണ്ട് - രാഷ്ട്രീയക്കാര്‍ പൊതുവില്‍ തൊഴിലുടമകളുടെ താല്പര്യങ്ങള്ക്കൊപ്പമായിരുന്നു എന്നതായിരുന്നു ഒന്നാമത്തെ കാരണം. രണ്ടാമത്തേത് യാഥാസ്ഥിതികര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നു എന്നതായിരുന്നു. "തൊഴിലാളി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ അസ്തിത്വം ഞങ്ങള്‍ തകര്‍ക്കാന്‍ പോകുകയാണ് '' - നികുതി വിരുദ്ധ പ്രവര്‍ത്തകനായ ഗ്രോവര്നോര്ക്വിസ്റ്റ് ഒരിക്കല്‍ ഇങ്ങനെ പ്രഖ്യാപിച്ചു.
എന്നാല്‍ കാലം മാറുകയാണ്. ഊര്‍ജ്ജസ്വലമായ പുതിയ ഒരു പുരോഗമന പ്രസ്ഥാനം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്; ആ പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദു യൂണിയനുകളുമാണ്. ഏറ്റവും ശ്രദ്ധേയമായ സംഗതി, ആരോഗ്യപരിരക്ഷാ പരിഷ്ക്കരണത്തിനുവേണ്ട നീക്കത്തില്‍ പ്രധാനപങ്കുവഹിച്ചത് സര്‍വീസ് എംപ്ളോയീസ് ഇന്റര്‍നാഷണല്‍ യൂണിയനാണ് . 2008-ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്ക്കനുകൂലമായ പ്രധാനശക്തി കേന്ദ്രം യൂണിയനുകളായിരിക്കും.
ചിലപ്പോള്‍ അങ്ങനെ സംഭവിച്ചില്ലെന്നും വരാം - അയോവയില്‍ നിന്നുള്ള ഒടുവിലത്തെ റിപ്പോര്‍ട്ടിന്റെ സൂചന അങ്ങിനെയുമാകാം.
ഡെമോക്രാറ്റിക് കക്ഷിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നത് ആര്‍ക്കായാലും, പൊതു തെരഞ്ഞെടുപ്പില്‍ ആ ആള്‍ക്കായിരിക്കും തൊഴിലാളികളുടെ പിന്തുണ. എന്നാല്‍, അതേസമയം യൂണിയനുകള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. കൂടുതല്‍ യൂണിയനുകളുടെയും പിന്തുണ ലഭിച്ചിരുന്നത് ഹിലാരി ക്ലിന്റനാണ് - ഒരു ഘട്ടം വരെ അവര്‍തന്നെയായിരുന്നു വ്യക്തമായും മുന്‍നിരയില്‍. തൊഴിലാളികളുടെ ആവശ്യങ്ങള്‍ തന്റെ ജനപ്രിയ മുദ്രാവാക്യങ്ങളില്‍ പ്രതിദ്ധ്വനിപ്പിച്ചിരുന്ന ജോണ്‍ എഡ്വേര്‍ഡ്സിനും ഗണ്യമായ വിഭാഗം തൊഴിലാളികളുടെ പിന്‍ബലം ലഭിച്ചിരുന്നു.
എന്നാല്‍ വ്യക്തമായ തൊഴിലാളി അനുകൂല നിലപാട് ഉണ്ടായിട്ടും ബാരക് ഒബാമയ്ക്ക് അങ്ങനെ പിന്തുണ ലഭിച്ചില്ല. ഒരുപക്ഷെ,"പുതിയ തരത്തിലുള്ള ഒരു രാഷ്ട്രീയ''ത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സന്ദേശം കാരണമാകാം അത്. കടുത്ത പക്ഷപാതിത്വം ഒഴിവാക്കണമെന്ന ഒബാമയുടെ സന്ദേശം കോര്പ്പറേറ്റുകളുമായും അവയുടെ സഖ്യകക്ഷികളുമായും ഏറ്റുമുട്ടിയതിന്റെ അനുഭവജ്ഞാനമുള്ള യൂണിയന് നേതാക്കന്മാര്ക്ക് അല്പവും സ്വീകാര്യമാകാന്‍ ഇടയില്ല. കാരണം പക്ഷപാതിത്വം അത്ര എളുപ്പമൊന്നും മാറാന്‍ പോകുന്നില്ല.
ശരി. അതെല്ലാം രാഷ്ട്രീയം. എന്നാല്‍ ഇപ്പോള്‍ മി. ഒബാമ, മി. എഡ്വേര്‍ഡ്സിനെ കടന്നാക്രമിക്കുകയാണ്. എഡ്വേര്‍ഡിനുവേണ്ടി രണ്ട് 527 കള്‍ (സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കാന് അനുവാദമുള്ള, എന്നാല്‍ നേരിട്ട് തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിയമപരമായി അവകാശമില്ലാത്ത സ്വതന്ത്ര ഗ്രൂപ്പുകള്‍) പരസ്യം നല്‍കിയെന്നാണ് ആരോപണം. മി. ഒബാമയുടെ അഭിപ്രായത്തില്‍ "വാഷിംഗ്ടണില്‍ വളരെയേറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന'' "പ്രത്യേക താല്പര്യ''മുള്ള വിഭാഗത്തിന്റെ പ്രതനിധികളാണ് ഈ ഗ്രൂപ്പുകള്‍. എന്നാല്‍ ഈ രണ്ട് 527 കളും ചില യൂണിയനുകളുടെ പ്രതിനിധികളാണ്. ഇതില്‍ വലിയ വിഭാഗം S.E.I.U. വിന്റെ പ്രാദേശിക ഘടകമാണ്. ആരോഗ്യപരിരക്ഷാ പരിഷ്ക്കരണത്തില്‍ (health reform)ശക്തമായ നിലപാടുള്ള സ്ഥാനാര്‍ത്ഥിയാണ് മി. എഡ്വേര്‍ഡ്സ് എന്നാണ് S.E.I.U. കരുതുന്നത്. ഈ പശ്ചാത്തലത്തില്‍ മി. ഒബാമയുടെ ആക്രമണം ചില ചോദ്യങ്ങള്‍ക്ക് ഇട നല്കുന്നു.
ഇന്നത്തെ സാമ്പത്തിക-രാഷ്ട്രീയ ചുറ്റുപാടുകളില്‍ , ചെറുത്തുതോല്പിക്കേണ്ട പ്രത്യേക താല്പര്യമുള്ള വിഭാഗങ്ങളുടെ ഉദാഹരണമായി കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ കൂട്ടത്തില്‍ യൂണിയനുകളെ കൂടി ഡെമോക്രാറ്റുകള്‍ ഉള്‍പ്പെടുത്തുന്നത് ബുദ്ധിപൂര്‍വമോ എന്നതാണ് ഒന്നാമത്തെ ചോദ്യം? രണ്ടാമത്തേത്, താന്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയാണെങ്കില്‍, ഡെമോക്രാറ്റുകളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ 527 തൊഴിലാളി ഗ്രൂപ്പുകളുടെ പിന്തുണ വേണ്ടെന്നു വെക്കുമെന്നാണോ ഒബാമ പറയുന്നത്? തൊഴിലാളി യൂണിയനുകളുടെ പിന്തുണ വേണ്ടെന്നുവെക്കാനായില്ലെങ്കില്, റിപ്പബ്ലിക്കന്‍ പ്രതിനിധി അദ്ദേഹത്തിനെതിരെ ഉപയോഗിച്ചേക്കാവുന്ന അദ്ദേഹത്തിന്റെ തന്നെ വാക്കുകളെ എങ്ങനെ നേരിടാനാനാകും?
ഒരു പക്ഷെ സംഭവിച്ചത് ഇതായിരിക്കാം. പ്രചരണത്തിന്റെ ഈയൊരു ഘട്ടത്തില്‍ കുറച്ചൊരു ആയം നേടിയിട്ടുള്ള എതിരാളിയെ അടിക്കാനൊരു വടി തേടിക്കൊണ്ടിരുന്ന ഒബാമ, ഒന്നുകില്‍ അശ്രദ്ധമായി അല്ലെങ്കില്‍ ഒരു ദോഷൈകദൃഷ്ടി മൂലം, തന്റെ വാചോടോപങ്ങള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി അന്തിമമായി തെരഞ്ഞെടുക്കപ്പെടുന്നയാളുടെ സാധ്യതകളെ എങ്ങിനെ ബാധിക്കും എന്ന് ചിന്തിക്കുന്നതില്‍ പരാജയപ്പെട്ടു. ഈ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ഒടുവിലത്തെ ഈ കരുനീക്കം, സാമൂഹിക സുരക്ഷ സംബന്ധിച്ച മുന്‍ നിലപാടുകളുമായി ഒത്തുപോകുന്നതാണ്.
ഇതിനൊക്കെ ഉപരിയായി, പക്ഷപാതമുണ്ടെന്ന തോന്നല്‍ ഒഴിവാക്കിക്കൊണ്ടുള്ളതും രാഷ്ട്രീയ മാറ്റത്തെ സംബന്ധിച്ച പൊതുതത്വത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതുമായ പ്രചരണം കൊണ്ടുണ്ടാകാവുന്ന അപകടം എന്താണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
ആരോഗ്യ പരിരക്ഷാ പരിഷ്ക്കരണത്തെ പിന്തുണയ്ക്കുന്ന തൊഴിലാളി യൂണിയനുകളുടെ നിയന്ത്രണത്തിലുള്ള 527 നെയും അതിനെതിരെ നിലപാടെടുക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളല്‍ നയിക്കപ്പെടുന്ന 527 നെയും ഒന്നുപോലെ കാണാനാവില്ല എന്ന് പറയുന്നത് ഒരു പക്ഷെ പക്ഷപാതം ആയിരിക്കും.
എന്നാല്‍ ഇതൊരു ലളിതമായ സത്യമാണ്.
(പോള്‍ ക്രൂഗ്മാന്‍ ന്യൂയോര്‍ക്ക് ടൈസില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)
1 comment:
അമേരിക്കന്‍ തൊഴിലാളി പ്രസ്ഥാനം സ്വാഭാവികമായ മരണം വരിച്ചതാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആഗോളവല്ക്കരണവും സാങ്കേതികവിദ്യയിലെ മാറ്റവും അതിനെ അപ്രസക്തമാക്കിയിരിക്കുന്നു എന്നാണ് പ്രചരണം. എന്നാല്‍ വാസ്തവമെന്താണ് ? മുന്‍പ് ട്രേഡ് യൂണിയനുകളുമായി വിപുലമായ സഹകരണബന്ധം നിലനിര്‍ത്തിയിരുന്ന കോര്‍പ്പറേറ്റുകള്‍1970 കളുടെ തുടക്കത്തില്‍ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിനു നേരെ, ഫലത്തില്‍, ഒരു യുദ്ധ പ്രഖ്യാപനം തന്നെ നടത്തുകയായിരുന്നു. ഞാന്‍ പറയുന്നതുമാത്രം കണക്കിലെടുക്കണ്ട; 2002-ല്‍ ബിസിനസ്സ് വീക്ക് "വാള്‍മാര്‍ട്'' യൂണിയനുകളെ അകറ്റിനിര്‍ത്തുന്നത് എങ്ങനെ?'' (How Wal-Mart Keeps Unions at Bay എന്നപേരില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിച്ചാല്‍ മതി. "കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി തൊഴിലാളി സംഘടനകളെ ചെറുക്കുന്നതിനുവേണ്ടി കോര്‍പ്പറേറ്റ് അമേരിക്ക സര്‍വശക്തിയുമെടുത്ത് പരിശ്രമിക്കുകയായിരുന്നു'' എന്നാണ് ആ ലേഖനത്തില്‍ വിശദീകരിക്കുന്നത്. വാള്‍മാര്‍ട്ടും മറ്റു കൂറ്റന്‍ സ്ഥാപനങ്ങളും സംഘടിക്കാനുള്ള നീക്കങ്ങളെ ചെറുക്കാന്‍ പ്രയോഗിച്ച അടവുകളെക്കുറിച്ച് ആ ലേഖനത്തില്‍ വിശദീകരിക്കുന്നു - ഇതില്‍ ചില അടവുകള്‍ നിയമാനുസൃതവും ചിലവ നിയമവിരുദ്ധവും ആയിരുന്നു; എല്ലാറ്റിലും കടുത്ത ഭീഷണിയുടെ സ്വരം ഉള്‍ച്ചേര്‍ന്നിരുന്നു.
പോള്‍ ക്രൂഗ്മാന്‍ ന്യൂയോര്‍ക്ക് ടൈസില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
Post a Comment