ജരാനരകള്‍ക്കൊപ്പം ഭക്തിയും കൂടിക്കൂടി വരുമത്രെ...! ദേവകി ടീച്ചറുടെ ഭക്തിയും ഈയിടെയായി കലശലായിട്ടുണ്ട്. മുപ്പെട്ട തിങ്കളാഴ്ച മാത്രമല്ല, ഇപ്പോള്‍ എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും വ്രതത്തിലാണ്. എല്ലാ ഒന്നാംതീയതിയിലെയും ക്ഷേത്രദര്‍ശനമെന്നത് നിത്യേനയെന്നായി. പുലര്‍കാല നിദ്ര എന്നേ ഉപേക്ഷിച്ചു.
ദേവകി ടീച്ചറുടെ കുളിയും ജപവും കഴിഞ്ഞുവരുമ്പോഴും പരമേശ്വരന്‍നായര്‍ എണീറ്റിട്ടുണ്ടാവില്ല. ഭാര്യയുടെ ഭക്തിലഹരിയില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ഭര്‍ത്താവിന് അങ്ങനെയങ്ങു കിടന്നുറങ്ങി രക്ഷപ്പെടാനാവില്ലല്ലോ. അദ്ദേഹവും അല്‍പസ്വല്‍പം ആത്മീയതയുടെ മുഖാവരണമണിഞ്ഞു. അങ്ങനെ അമ്പലകമ്മറ്റിയുടെ പ്രസിഡന്റായി. അടുത്തൂണ്‍കാലത്ത് സമൂഹത്തിലൊരു അംഗീകാരം കിട്ടാന്‍ അതുപകരിച്ചു. സര്‍ക്കാര്‍ സേവനത്തിലൂടെ ഉണ്ടാക്കിവെച്ച ചീത്തപ്പേരും കുറച്ചൊക്കെ പോയിക്കിട്ടി. റവന്യൂ വകുപ്പിലെ ഔദ്യോഗികജീവിതം പഠിപ്പിച്ച കുതന്ത്രങ്ങള്‍ അമ്പലനടത്തിപ്പിനും ഉപകരിച്ചു.
"ഒന്ന് എണീറ്റ് വന്നേ... എനിക്കിന്ന് നേരത്തെ പോവണം''... ദേവകി ടീച്ചര്‍ വേഷം മാറ്റുന്നതിനിടയ്ക്ക് വിളിച്ചുപറഞ്ഞു.
"ഇന്നെന്താ ഇത്ര നേരത്തെ...? പരമേശ്വരന്‍നായര്‍ കിടക്കയില്‍ നിന്നെണീറ്റുകൊണ്ടു ചോദിച്ചു.
"ഇന്ന് നിഷയുടെ മംഗല്യപൂജയാണ്. നേരത്തെ ചെന്ന് ക്യൂ നിന്നാലേ പ്രസാദം കിട്ടൂ...''
പേരമകളുടെ കല്യാണം നടന്നുകാണാനുള്ള ബദ്ധപ്പാടിലാണ്. മകളുടെ മംഗല്യം കഴിയാത്തതിലുള്ള മനോവ്യാധിയിലാണ് മകളും മരുമകനും. ന്യൂയോര്‍ക്കിലിരുന്ന് അവര്‍ വരനുവേണ്ടി ശ്രമിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഏകമകളാണ്. സോഫ്‌ട് വെയര്‍ എഞ്ചിനീയര്‍. ഏതെങ്കിലും അണ്ടനോ അടകോടനോ പിടിച്ചുകൊടുക്കാന്‍ പറ്റില്ല. പ്രഗല്‍ഭ പ്രൊഫഷണലാവണം. സാമ്പത്തികം മോശമാവാന്‍ പറ്റില്ല. കാണാന്‍ നല്ല ഹാന്‍സം. സ്മാര്‍ടായി തിളങ്ങുന്നവന്‍. തറവാടിത്തം നിര്‍ബന്ധം. കിരീയത്തില്‍ നായരുതന്നെ. ജാതകപ്പൊരുത്തം പത്തും വേണം. ഇന്റര്‍നാഷണല്‍ മേട്രിമോണിയല്‍ ഡോട്ട് കോമിലും ഭാരത് മേട്രിമോണിയല്‍ ഡോട്ട് കോമിലും രജിസ്റ്റര്‍ ചെയ്തു. മാരേജ് ബ്യൂറോയില്‍ വിശദവിവരം നല്‍കി. പത്രത്തില്‍ പരസ്യംകൊടുത്തു. 'നായര്‍ സുന്ദരി, ഉയര്‍ന്ന സാമ്പത്തികം. അമേരിക്കയില്‍ സോഫ്‌ട് വെയര്‍ എഞ്ചിനീയര്‍'.
ആലോചനകള്‍ പലതും വന്നു. പലതും പലതുകൊണ്ടും പൊരുത്തപ്പെട്ടില്ല. എല്ലാം ഒത്തുനോക്കി ശരിയായെന്നു കരുതിയതാണ്. 'ഇ' മെയില്‍ ചിത്രത്തില്‍ പെണ്ണിനെ ചെക്കന് നന്നേ ബോധിച്ചു. നേരിട്ടു കണ്ടപ്പോള്‍ മോര്‍ഫിങ്ങിന്റെ അനന്തസാധ്യതകളെക്കുറിച്ചവന്‍ ചിന്തിച്ചുപോയി. അങ്ങനെ അത് അലസിപ്പോയി.
മറ്റൊന്നു വന്നത് എല്ലാംകൊണ്ടും ഉത്തമം. പക്ഷെ ചെറുക്കന്‍ നായരല്ലാതായിപ്പോയി.
വേറൊന്ന് അവസാന മാച്ചിങ്ങില്‍ എത്തിയതാണ്. രക്ഷപ്പെട്ടുവെന്നു കരുതിയപ്പോഴാണ് അറിയുന്നത് വരന് വധുവിനോടല്ല ഇഷ്ടം അമേരിക്കയോടാണെന്ന്. ജാതകക്കുറ്റം പറഞ്ഞ് അതില്‍നിന്ന് രക്ഷപ്പെട്ടു. യോഗമാവുമ്പോള്‍ എല്ലാം ശരിയാവുമെന്ന് സമാധാനിച്ചുകഴിയുമ്പോഴാണ് നല്ലൊരാലോചന വരുന്നത്. എല്ലാ യോഗ്യതയും ചേര്‍ന്ന ബന്ധം. പക്ഷെ ഓലക്കെട്ട് വേണ്ടത്ര യോജിപ്പില്ല. മധ്യമമാണ് മരുമകന്‍ തീര്‍ത്തുപറഞ്ഞു. 'പറ്റില്ല്യച്ഛാ...' പഠിക്കുന്നകാലത്ത് വിപ്ലവം ചീറ്റിയ മരുമകനോട് ചോദിച്ചു.
'എങ്ങനെയെങ്കിലും അഡ്‌ജസ്റ്റ് ചെയ്‌തൂടെ'...?
'നന്ദിനി സമ്മതിക്കില്ല' - പത്നീപ്രീതനായ മരുമകന്റെ ധര്‍മസങ്കടം.
താനും പണ്ട് ഈ പൊടിക്കൈ പരീക്ഷിച്ചതാണല്ലോ. നിസ്സാരകാര്യത്തിനുപോലും ദേവകിയെ കരുവാക്കി. സമരകാലത്ത് പത്രം മാറാന്‍ പറഞ്ഞ സഹപ്രവര്‍ത്തകരെപ്പോലും ഒഴിവാക്കിയത് 'ദേവകിക്ക് ഇഷ്ടല്ല്യാ' എന്നു പറഞ്ഞിട്ടായിരുന്നു. ഇരട്ടമനസ്സുള്ള മലയാളി പുരുഷനെ രക്ഷിക്കുന്നത് ഈ അര്‍ദ്ധനാരീശ്വരവേഷമാണ്.
മലയാളി മാത്രമല്ല ഇന്ത്യക്കാരൊക്കെ ഇരട്ട മനസ്സുള്ളവരാണ്. അതുകൊണ്ടാണല്ലോ ഇന്ത്യയുടെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലായത്. ജ്യോതിഷവും യുക്തിചിന്തയും തമ്മിലൊരു സന്ധി.
'ഞാ... പിന്നെ ഇറങ്ങാട്ട്വോ...' കുളിച്ച് കുറിയിട്ട് നേര്യത് ചുറ്റിയ ദേവകി ടീച്ചര്‍ സമ്മതം ചോദിച്ചു.
ഈ വേഷത്തില്‍ ഇവള്‍ സുന്ദരിയായിരിക്കുന്നു. പതിറ്റാണ്ടുകള്‍ പെട്ടെന്ന് പുറകോട്ടുപോയി.
'കലക്കീട്ട് ഉണ്ട് ട്ട്വൊ...' പരസ്യവാചകത്തിലെ ശൃംഗാരം കടമെടുത്ത് അയാള്‍ പറഞ്ഞു.
"ഓ... ഒരു ശൃംഗാരം... പ്രായമായീന്ന ചിന്ത്വോന്നും ല്ല്യ... ങ്ഹാ... പിന്നെ... ഞാന്‍ വരാന്‍ വൈകിയാല്‍ കണ്ണന് പാല് കൊടുക്കണം''.
പേരക്കുട്ടിയുടെ സാന്നിധ്യം അറിയിക്കാനെന്നവണ്ണം അവര്‍ പറഞ്ഞു.
'എവിടെ കണ്ണന്‍?' ചെറിയ ജാള്യതയോടെ പരമേശ്വരന്‍നായര്‍ അന്വേഷിച്ചു.
'അവന്‍ കമ്പ്യൂട്ടറില്‍ കളിക്കുന്നുണ്ടാവും...' മറുപടി പറഞ്ഞുകൊണ്ട് ദേവകി ടീച്ചര്‍ യാത്രയായി.
വയസ്സ് ഒമ്പതായിട്ടേയുള്ളൂവെങ്കിലും കണ്ണന് കൂട്ട് കമ്പ്യൂട്ടറാണ്. അതു കഴിഞ്ഞാല്‍ ക്രിക്കറ്റും. ഇവിടെ പിച്ചും സ്റ്റമ്പും കൂട്ടുകാരെയും എവിടുന്നു കിട്ടാന്‍. അതുകൊണ്ടവന്‍ ടിവിയില്‍ മാച്ച് കണ്ടിരിക്കും.
മകനും മരുമകളും അവധിയാഘോഷിക്കാന്‍ ഏതോ ഒരു ടൂര്‍ പാക്കേജില്‍ പോയപ്പോള്‍ പേരക്കുട്ടിയെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തുകൊണ്ടുവന്നു നിര്‍ത്തിയതാണ്. വരുമ്പോള്‍തന്നെ അവന്‍ ചോദിച്ചത് - "ഗ്രാന്റ് പപ്പാ, സിസ്റ്റത്തില്‍ റോഡ് ക്രാഷ് ഉണ്ടോ?'' എന്നാണ്.
ദേവകി ടീച്ചര്‍ ഭക്തിമാര്‍ഗത്തിലാറാടിയപ്പോള്‍ തനിക്ക് രസിക്കാനുണ്ടായിരുന്നത് ഈ കമ്പ്യൂട്ടറായിരുന്നു. ടീച്ചര്‍ ദേവീഭജനയിലും രാമായണ പാരായണത്തിലും ആത്മനിര്‍വൃതിയടയുമ്പോള്‍ പരമേശ്വരന്‍നായര്‍ യാഹു ഡോട്ട് കോമിലൂടെ ഗോപികമാരുമായി സല്ലപിച്ചു. പേരമകന്റെ വരവോടുകൂടി അതും നഷ്ടമായി.
മംഗല്യപൂജയുടെ പ്രസാദം വാങ്ങി പ്രസാദൂട്ടും കഴിഞ്ഞ് ദേവകി ടീച്ചര്‍ വരുമ്പോഴേക്കും ഉച്ചകഴിയും. അതുവരെ സ്വാതന്ത്ര്യത്തിന്റെ നാഴികകളാണ്.
പക്ഷെ പേരക്കുട്ടി...?
പരമേശ്വരന്‍നായര്‍ അടുക്കളയിലേക്ക് ചെന്ന് ഫ്ലാസ്കുകളില്‍ സൂക്ഷിച്ച പാലും ചായയും ഗ്ലാസുകളില്‍ പകര്‍ന്നു. താന്‍ ചായ ഉണ്ടാക്കാതിരിക്കാനാണ് ചായ ഫ്ലാസ്കില്‍ തയ്യാറാക്കിവെച്ചിരിക്കുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് തന്റെ മറവിയും വര്‍ദ്ധിക്കുന്ന കാര്യം ദേവകി മനസ്സിലാക്കിയിരിക്കുന്നു. ചായയുണ്ടാക്കിയാല്‍ ഗ്യാസ് പൂട്ടാന്‍ മറന്നാലോ എന്നവര്‍ കരുതിക്കാണും. ഇല്ലെങ്കിലും പലതും മറക്കുകയാണിപ്പോള്‍.
ചായ കുടിച്ചപ്പോള്‍ ഒരു ഉന്മേഷം തോന്നി. പാലുമായി കണ്ണന്റെ അടുത്തേക്ക് നടന്നു. കാല്‍പെരുമാറ്റം കേട്ടപ്പോള്‍ മൌസ് ചലിച്ചു. കീബോര്‍ഡില്‍ വിരലുകളമര്‍ന്നു. പരമേശ്വരന്‍നായര്‍ കാണുമ്പോള്‍ അവന്‍ റോഡ്ക്രാഷ് കളിക്കുകയായിരുന്നു.
"മോന്‍ പാല് കുടിക്ക്...'' കണ്ണനെ നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചു.
"കണ്ണന്‍ കുട്ടന്‍പോയി ഇനി കുറച്ച് പന്തുകളിച്ചോ... ബോണ്‍വിറ്റ വാങ്ങിയപ്പോള്‍ കിട്ടിയ 'സച്ചിന്റെ' ഒപ്പുള്ള ബാള്‍ അവനു കൊടുത്തു. അവന്‍ മനസ്സില്ലാ മനസ്സോടെ കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ചെയ്തു. പന്തുമായി മുറ്റത്തേയ്ക്ക് ഓടി.
കൊച്ചുകുട്ടിയുടെ ഉല്‍സാഹത്തോടെ പരമേശ്വരന്‍നായര്‍ ചാടി ഇരുന്നു. സിസ്റ്റം ഓണ്‍ ചെയ്തു. മോണിറ്റര്‍ തെളിഞ്ഞു. മൌസിനൊപ്പം കഴ്‌സര്‍ ചലിച്ചു. വിരലുകള്‍ കീബോര്‍ഡില്‍ താളം പിടിച്ചു. ബിഎസ്എന്‍എല്ലിന്റെ ലോഗോ സ്ക്രീനില്‍ തെളിഞ്ഞു. ഡയലോഗ് ബോക്സില്‍ കണക്ട് ചെയ്തു. ടെലിഫോണ്‍ മണി സമ്മതംമൂളി. ആകാശസാഗരത്തില്‍ സാറ്റ്ലൈറ്റുകള്‍ സന്ദേശങ്ങള്‍ കൈമാറി. വെബ് പേജ് തെളിഞ്ഞുവന്നു. ഹോം പേജിലെ ലിങ്കിലൂടെ ക്ലിക്ക് ചെയ്ത് മുന്നേറി. മേഘപാളികളില്‍ പാറിനടന്ന സൈബര്‍ സുന്ദരികളെ ആവാഹിച്ച് കളത്തില്‍ കുടിയിരുത്തി. നീലക്കണ്ണുകളോടെ ചെമ്പന്‍മുടി അഴിച്ചിട്ട ദേവദാസികള്‍ വേദി നിറച്ചു. ആടയാഭരണങ്ങളോടെ ദേവേന്ദ്രന്‍ ദര്‍ശിച്ച അപ്‌സരസ്സുകള്‍ ദിഗംബരികളായി നൃത്തമാടി. ആസ്വാദനത്തിന്റെ അത്യുന്നതിയില്‍ മറ്റൊരു ലിങ്ക് പ്രത്യക്ഷപ്പെട്ടു. 'ക്ലിക്ക് മി' കൂടുതല്‍ ആലോചിച്ചില്ല. ക്ലിക്ക് ചെയ്തു. സ്ക്രീന്‍ മിന്നിത്തെളിഞ്ഞു.
ഇവളാര്...! രംഭയോ... തിലോത്തമയോ... മേനകയോ....?
വീണ്ടും ക്ലിക്ക് മി ലിങ്ക് പ്രത്യക്ഷപ്പെട്ടു - ക്ലിക്ക് ചെയ്തു. ഒരു മാറ്റവുമില്ല.
ഇവളെന്തു യക്ഷി... ഒഴിയാബാധയായി നിന്നിളിക്കുന്നു...!
'ഗ്രാന്റ് പപ്പാ'... കണ്ണന്‍ വിളിക്കുന്നു.
അവന്‍ കളിമതിയാക്കി വരികയാണ്.
'എന്റീശ്വരാ... ചെക്കനിതു കണ്ടാല്‍'...!
ടൈറ്റില്‍ ബാറില്‍ ക്ലോസ് ബട്ടണ്‍ കാണുന്നില്ല... എങ്ങനെ ഷട്ട് ഡൌണ്‍ ചെയ്യും...?
ഉള്ളിലൊരു കാളല്‍... ബുദ്ധി മരവിച്ചു... ഉള്ള ഓര്‍മശക്തിയും നഷ്ടമായി... ഓടിച്ചെന്ന് മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു. എന്നിട്ടും രക്ഷയില്ല.
അവള്‍ ഇളകി ചിരിക്കുകയാണ്.
കണ്ണന്‍ ഇപ്പോള്‍ വന്നാല്‍...
മറ്റൊന്നും ആലോചിക്കാതെ വാതിലടച്ചു പുറത്തിറങ്ങി.
ഇരുമ്പു ഗെയിറ്റിന്റെ ഞെരുക്കം...
മകനും മരുമകളും പടികടന്നുവരുന്നു... പുറകില്‍ ദേവകിയും.. മുന്നില്‍ കണ്ണനും...
ഭൂമിയുടെ ഭ്രമണം ഭയാനകമായി.
വാതില്‍ തുറന്ന് അയാള്‍ അകത്തേയ്ക്കോടി.
കയ്യില്‍ കിട്ടിയ കസേര വീശിയെറിഞ്ഞു.
ഇളകിയാടിയവള്‍ ഇ-വെയ്‌സ്റ്റായി മോക്ഷം നേടി...!
-മോഹന്‍ ചെറുകര. കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്
1 comment:
ആലോചനകള്‍ പലതും വന്നു. പലതും പലതുകൊണ്ടും പൊരുത്തപ്പെട്ടില്ല. എല്ലാം ഒത്തുനോക്കി ശരിയായെന്നു കരുതിയതാണ്. 'ഇ' മെയില്‍ ചിത്രത്തില്‍ പെണ്ണിനെ ചെക്കന് നന്നേ ബോധിച്ചു. നേരിട്ടു കണ്ടപ്പോള്‍ മോര്‍ഫിങ്ങിന്റെ അനന്തസാധ്യതകളെക്കുറിച്ചവന്‍ ചിന്തിച്ചുപോയി. അങ്ങനെ അത് അലസിപ്പോയി......
ശ്രീ മോഹന്‍ ചെറുകരയുടെ നര്‍മ്മഭാവന
Post a Comment