Thursday, February 14, 2008

വാലന്റൈന്‍ വിശേഷങ്ങള്‍

നൂറ്റാണ്ട് മുമ്പെങ്ങോ ആണത്രേ ഈ 'ഡേ'യ്ക്ക് ആസ്പദമായ സംഭവങ്ങള്‍ സംഭവിച്ചത്. ഇത്രനാളും ഇതെവിടെപ്പോയിരുന്നുവെന്ന് ആര്‍ക്കുമറിയില്ല. നമ്മെ സംബന്ധിച്ച് ജീവിതവുമായി ബന്ധപ്പെട്ട് കുറച്ചുദിനങ്ങളുണ്ടായിരുന്നു. റിപ്പബ്ലിക് ഡേ, ഇന്റിപ്പെന്റന്‍സ് ഡേ, മെയ് ഡേ... അതുമായി സന്തോഷത്തോടെ ആവേശത്തോടെ കഴിഞ്ഞുപോകുമ്പോള്‍ പെട്ടെന്നതാ പൊട്ടിവീഴുന്നു വാലന്റൈന്‍ ഡേ. അഗ്നിപര്‍വതംപോലെ പുകഞ്ഞുപുകഞ്ഞു കിടന്നതായിരിക്കും ഇത്രനാളും; പൊട്ടിത്തെറിക്കാന്‍ ഒരനുകൂലസന്ദര്‍ഭം കാത്ത്. ഇപ്പോഴാണ് എല്ലാം ഒത്തുവന്നത്. ആഗോളവല്‍ക്കരണം വന്നു, മൊബൈലുകള്‍ സാര്‍വത്രികമായി, വീട്ടില്‍ അപ്പനും അമ്മയും കുടുംബകാര്യം പറയുന്നതുപോലും കമ്പ്യൂട്ടര്‍ ചാറ്റിങ്ങിലൂടെയായി, ആയിരം രൂപ അടച്ചാല്‍ കാറും ഗിഫ്റ്റ് വൌച്ചറും കിട്ടുമെന്നായി, കാറ് കളിപ്പാട്ടമായി, പാട്ടിന് ഫ്ലാറ്റായി, ഭൂമി റിയല്‍ എസ്റ്റേറ്റായി, ചിക്കന്‍ എന്നുപറയുന്നത് ബ്രോയ്ലര്‍ ചിക്കനായി, ഇരുപതുവയസ്സുകഴിഞ്ഞാല്‍ ഷുഗറായി, കല്യാണം കഴിച്ചാല്‍ പ്രഷറായി, വീടുവച്ചാല്‍ ഹാര്‍ട്ടായി. അങ്ങനെ ആകപ്പാടെ അടിമുടി മാറ്റവും അടിപൊളി മാറ്റവും സംഭവിച്ചു.

വാലന്റൈന്‍ മെല്ലെ മാളത്തില്‍ നിന്നിറങ്ങി. നാലുപാടും നോക്കി. കൊള്ളാം. അവതരിക്കാന്‍ ബെസ്റ്റ് ടൈം. ഇനി നമ്മുടെ കുറവും കൂടിയേയുള്ളൂ.

പ്രണയിക്കുന്നവരുടെ ദിവസമാണത്രെ നാത്തൂനേ വാലന്റൈന്‍ ദിനം. ഭാവിയില്‍ പ്രണയിക്കുന്നവര്‍ക്കുള്ള ഡേ പോലെ, കല്യാണം കഴിക്കുന്നവര്‍ക്കുവേണ്ടി ഒരു 'ഡേ' വരും. ഡൈവോഴ്സ് ചെയ്യുന്നവര്‍ക്കുവേണ്ടി അങ്ങനെ ഒരു ഡേ. ഒന്നാമതേ ഇപ്പോള്‍ 'ഡേ'യെ തട്ടി നടക്കാന്‍ വയ്യ. ഓരോ കലണ്ടര്‍ ദിവസവും ഒമ്പതു ഡേക്കാര്‍ വീതിച്ചുകൊണ്ടുപോയിരിക്കുകയാണ് നാത്തൂനേ. ഡയബറ്റിസ് ഡേ, ടീ ഡേ, മദേഴ്സ് ഡേ, അമ്മായിയപ്പന്‍ ഡേ...

ഒരു മാസമായി വാലന്റൈന്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു നാത്തൂനേ. പൂക്കള്‍, ബൊക്കെകള്‍, എസ്എംഎസുകള്‍, വാലന്റൈന്‍ സന്ദേശങ്ങള്‍, വാലന്റൈന്‍ ചിത്രങ്ങള്‍... അങ്ങനെ ലോകത്തിലെ ഏറ്റവും മധുരവും പ്രസാദാത്മകവും ഒക്കെയായ 'വികാരം' ഇപ്പോള്‍ നന്നായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ട്. ഫെബ്രുവരി പതിനാലാകാന്‍ വേണ്ടി 'പൂ വാലന്റൈന്‍'മാര്‍ കാത്തിരിക്കുകയാണ്.

പണ്ടും ഉണ്ടായിരുന്നു പ്രണയം. കേട്ടറിവാണേ നാത്തൂനേ. അതില്‍ ഒരു ജീവിതമുണ്ടായിരുന്നു. ആദര്‍ശമുണ്ടായിരുന്നു ഇല്ലേ നാത്തൂനേ. ഏതു വികാരമോ ആയിക്കോട്ടേ, പ്രണയമോ, ചിരിയോ, കരച്ചിലോ, കോപമോ... അതില്‍ ആദര്‍ശവും ജീവിതവും വേണം. മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന പ്രണയമായിരുന്നില്ല പണ്ടത്തേത്. രസകരവും ആയിരുന്നു. കത്തു കൈമാറലായിരുന്നു ആദ്യചടങ്ങ്. മനസ്സ് അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പ്രണയം അറിയിക്കുകയാണ്. കത്തിലൂടെ. രമേശന്‍ രാധികയ്ക്ക് കത്തുകൊടുത്തു എന്നൊക്കെ പെട്ടെന്ന് ഭൂകമ്പങ്ങള്‍ ഒക്കെയുണ്ടാകും. (ഇന്നിപ്പോള്‍ നോക്ക് നാത്തൂനേ, അച്ഛനമ്മമാരുടെ മുന്നില്‍വച്ചാണ് റിയാലിറ്റിഷോകളില്‍ ഡ്യൂവറ്റ് റൌണ്ടും പ്രണയവുമൊക്കെ നടക്കുന്നത് - കാലത്തിന്റെ ഓരോ വികാസങ്ങളേ) അതൊരു വലിയ വാര്‍ത്തയാകും. പ്രണയിക്കുന്നവരുടെ സമുദായം, സാമ്പത്തികം അതൊന്നും ഒരു ഘടകമായിരുന്നില്ല. ആദര്‍ശം-പ്രണയം- ഇതു മാത്രമേ പ്രണയിനികളുടെ മുന്നിലുണ്ടായിരുന്നുള്ളൂ.

പ്രണയം ദൈവികമായതുകൊണ്ടും കൂടിയാകാം അമ്പലവും പള്ളിയുമൊക്കെയായിരുന്നു പണ്ടത്തെ പ്രധാന മീറ്റിങ് പ്ലേസുകള്‍. ബസ്‌സ്റ്റാന്റുപോലുള്ള പൊതുസ്ഥലങ്ങളും അനുകൂലസാഹചര്യങ്ങളില്‍ പ്രയോജനപ്പെടുത്തിയിരുന്നു. വീട്ടുകാരെ എതിര്‍ക്കല്‍, ഇഷ്ടപ്പെട്ടവരോടൊപ്പം ഇറങ്ങിപ്പോകല്‍, ചിലപ്പോള്‍ അവള്‍ വേറെ കല്യാണം കഴിച്ചുപോകല്‍, താടിവളര്‍ത്തല്‍, തൂങ്ങിച്ചാകാന്‍ ശ്രമിക്കല്‍, ശ്രമം ഫലിക്കാതിരിക്കല്‍, അവനും അവളും വേറെ വേറെ കല്യാണം കഴിക്കല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞ് ജീവിതത്തിന്റെ ഇടവഴികളിലെങ്ങോവച്ച് പിള്ളേര്‍ കുട്ടി പരാധീനങ്ങളുമായി ഫേസ് ടു ഫേസ് കാണല്‍, കാണാത്ത മട്ടില്‍ ഒഴിഞ്ഞുപോകല്‍ അങ്ങനെ എത്രയെത്ര ജീവിതമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു അന്നത്തെ പ്രണയം. ലക്ഷ്യം പ്രണയം മാത്രമായിരുന്നു. പ്രണയജീവിതത്തിലെ കണ്ണീരിനും, പ്രണയം വിവാഹത്തിലെത്തിച്ചേര്‍ന്നതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളിലും ഒക്കെ ജീവിതത്തിന്റെ ഒരു തുടിപ്പുണ്ടായിരുന്നു. അല്ല ചിലപ്പോള്‍ വാലന്റൈന്‍ പ്രണയങ്ങളിലും അതൊക്കെ കാണുമായിരിക്കും. നമ്മള്‍ പഴഞ്ചന്മാരും പഴഞ്ചികളുമൊക്കെയായതുകൊണ്ട് തോന്നുന്നതാകും നാത്തൂനേ. എന്നാലും വളരെ ചുരുക്കം പേരുടെ കാര്യത്തിലൊഴുകില്‍ ഒട്ടുമുക്കാല്‍ പേര്‍ക്കും പ്രേമവും പ്രണയവും പണ്ടത്തെപ്പോലെ സ്വാഭാവികമായി സംഭവിക്കുന്നതല്ല. മനസ്സുകള്‍ മനസ്സിലാക്കിയുള്ള സഞ്ചാരമല്ല. കാലം ഫാസ്റ്റായി. പ്രണയിനികള്‍ എസ്എംഎസ് ചാറ്റിങ്ങിലൂടെയായി കാണലും പരിചയപ്പെടലും. ഇതാ ഒരു എസ്എംഎസ് വാലന്റൈന്‍ പ്രണയം തുടങ്ങുന്നത് നോക്കണം നാത്തൂനേ.

അയാളെ റെജി എന്നും പെണ്‍കുട്ടിയെ റിമിയെന്നും വിളിക്കാം. കമ്പ്യൂട്ടറിലെയോ മൊബൈലിലെയോ ചാറ്റിങ്ങില്‍ അവര്‍ മീറ്റ് ചെയ്യുന്നു. ദാ റെജിക്ക് റിമിയോട് പ്രണയം വരുന്നത് എങ്ങനെയാണെന്ന് നോക്കണം നാത്തൂനേ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് കളിക്കുകയാണ്.

റെജി: എന്റെ പേര് റെജി. എന്താ നിന്റെ പേര്

റിമി: റിമി

റെജി: സുന്ദരിയാണോ?

റിമി: അത്ര വലിയ സുന്ദരിയല്ല.

റെജി: ഡാഡി എന്തുചെയ്യുന്നു?

റിമി: സ്റ്റേറ്റ്സിലാണ്.

റെജി: ആരുപറഞ്ഞു നീ സുന്ദരിയല്ലെന്ന്. നീ സുന്ദരിയാണ്. സ്റ്റേറ്റ്സില്‍ ഡാഡി എന്തുചെയ്യുന്നു.

റിമി: ന്യൂയോര്‍ക്കില്‍ സ്വന്തമായി ഹോസ്പിറ്റലുണ്ട്. ന്യൂയോര്‍ക്കിലെ വലിയ ഹോസ്പിറ്റലുകളിലൊന്നാണ്.

റെജി: നീ അതിസുന്ദരിയാണ് റിമീ. നിന്റെ കണ്ണുകള്‍ ഹാ എത്ര മനോഹരങ്ങളാണ്. റിമിയുടെ വീട് എവിടെയാണ്.

റിമി: എല്ലാ സിറ്റീസിലും സ്വന്തമായി ഫ്ളാറ്റുണ്ട്.

റെജി: ഹായ്... നിന്റെ കണ്ണുകളിലെ ആ തിളക്കം... അതിന്റെ പ്രകാശത്തില്‍ പ്രിയപ്പെട്ടവളെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നാണിച്ചുനില്‍ക്കുന്നു.

റിമി: എന്റെ ഒരങ്കിള്‍ എംപിയാണ്.

റെജി: റിമീ... ഐ ലവ് യൂ റിമീ... റിയലി ഐ ലവ് യൂ.

-കൃഷ്ണ പൂജപ്പുര, കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വാലന്റൈന്‍ മെല്ലെ മാളത്തില്‍ നിന്നിറങ്ങി. നാലുപാടും നോക്കി. കൊള്ളാം. അവതരിക്കാന്‍ ബെസ്റ്റ് ടൈം. ഇനി നമ്മുടെ കുറവും കൂടിയേയുള്ളൂ.

കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന.