Sunday, February 10, 2008

സത്യത്തെ കുരിശിലേറ്റുന്നവര്‍

1945ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശസാല്‍ക്കരണ സംരംഭത്തെ എതിര്‍ത്തുകൊണ്ട് ചങ്ങനാശേരി രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജെയിംസ് കാളാശേരി തിരുമനസുകൊണ്ട് ആഗസ്ത് 15-ആം തീയതി ഒരിടയലേഖനം പുറപ്പെടുവിക്കുകയുണ്ടായി. 'പള്ളിക്കൂടങ്ങളുടെ രാഷ്ട്രസാല്‍ക്കരണം നമ്മുടെ സഭയുടെ അനുമതി കൂടാതെ നടപ്പില്‍വരുന്നതുന്നപക്ഷം രാഷ്ട്രസാല്‍ക്കരണപ്രസ്ഥാനക്കാരായ ജനപ്രതിനിധികള്‍ ദൈവദ്രോഹം, മാതൃദ്രോഹം, ശിശുദ്രോഹം, ഗുരുഹത്യ എന്ന നാലുതരം പാതകങ്ങള്‍ക്ക് ഉത്തരവാദികളായിത്തീര്‍ന്നേക്കും' എന്നു വ്യക്തമാക്കിക്കൊണ്ട് അതിനെതിരായി ശക്തിയായി പ്രക്ഷോഭം നടത്താന്‍ ആഹ്വാനംചെയ്യുന്ന ഇടയലേഖനം തുടങ്ങുന്നതുതന്നെ 'അവര്‍ അവരോടരുളിചെയ്യുന്നു, ഇപ്പോള്‍ മുതല്‍ മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ, വാളില്ലാത്തവന്‍ തന്റെ കുപ്പായംവിറ്റ് തനിക്കായി വാള്‍ വാങ്ങട്ടെ....' എന്ന ലൂക്കോസിന്റെ സുവിശേഷത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്.

പ്രസ്തുത ഇടയലേഖനം പിന്‍വലിച്ച് ക്ഷമായാചനം ചെയ്യണമെന്നു കാണിച്ച് തിരുവിതാംകര്‍ ഗവര്‍മെന്റ് അയച്ച നോട്ടീസിനെ തുടര്‍ന്ന് സെപ്തംബര്‍ 14-ന് ചങ്ങനാശേരി രൂപതയുടെ മെത്രാന്‍തന്നെ മറ്റൊരു ഇടയലേഖനം പ്രസിദ്ധംചെയ്തു. അതിലിങ്ങനെ പറയുന്നു: 'നമ്മുടെ സ്കൂളുകളെയും മതത്തെയും സംരക്ഷിക്കുകയാണ് നമ്മുടെ ഏറ്റവും പ്രധാന ഉദ്ദേശ്യമെന്നു നിങ്ങള്‍ വിസ്മരിക്കുകയില്ലെന്നു നാം വിശ്വസിക്കുന്നു. അതിനു പ്രക്ഷോഭത്തെക്കാള്‍ സഹായമായിരിക്കുന്നത് ദൈവത്തോടുള്ള ആത്മാര്‍ഥമായ പ്രാര്‍ഥനയാണെന്നു ഒരിക്കല്‍കൂടി നിങ്ങളെ ഓര്‍മിപ്പിച്ചുകൊള്ളുന്നു. നാം നിര്‍ദേശിച്ചിരിക്കുന്ന ക്രൂശിതരൂപത്തോടുള്ള പ്രാര്‍ഥന നിങ്ങള്‍ ദിവസേന കൂട്ടമായി ചൊല്ലിക്കൊള്ളണം. എന്നാല്‍ പ്രാര്‍ഥനയും പോരാ ഉപവാസവും ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ പ്രാര്‍ഥനയും ഉപവാസവും കൊണ്ടല്ലാതെ വന്‍കാര്യങ്ങളൊന്നും സാധിക്കുകയില്ലെന്ന് ഓര്‍ത്തിരിക്കണം.....' (1958 മെയ് 28-ാനുത്തെ ദീപികയില്‍ ഉദ്ധരിച്ചത്)

കേരളത്തിലെ കമ്യൂണിസ്റ്റ് ഗവര്‍മെന്റ് അവതരിപ്പിക്കുകയും കേരള നിയമസഭ പാസാക്കുകയും ചെയ്ത വിദ്യാഭ്യാസനിയമത്തില്‍ 'പള്ളിക്കൂടങ്ങളുടെ രാഷ്ട്രസാല്‍ക്കരണ'മില്ല; മതവികാരങ്ങളെ വ്രണപ്പെടുത്തുകയോ വിശ്വാസസ്വാതന്ത്ര്യത്തെ നിഹനിക്കുകയോ ചെയ്യുന്ന യാതൊന്നുമില്ല. പ്രധാനമായും മാനേജര്‍മാരുടെ ചൂഷണത്തില്‍നിന്ന് അധ്യാപകന്മാരുടെ താല്‍പര്യങ്ങളെ കാത്തുരക്ഷിക്കാനുള്ള ഒരു നിയമം മാത്രമാണത്. എന്നിട്ടും കത്തോലിക്ക വൈദികനേതൃത്വം നിയമംകൊണ്ടുവന്ന കമ്യൂണിസ്റ്റ് ഗവര്‍മെന്റിനെതിരായ അവ്യവസ്ഥാപിതവും ജനാധിപത്യവിരുദ്ധവും അക്രമാസക്തവുമായ ഒരു ലഹളക്ക് നേതൃത്വം നല്‍കുകയാണ് ചെയ്തത്. കത്തോലിക്കാ വൈദികനേതൃത്വത്തിന്റെ മുഖപത്രമായ ദീപിക 'ഭൌതികമായ എന്തു നഷ്ടവും സഹിച്ച്' സമരം നടത്താന്‍ തങ്ങളുടെ അനുയായികളോട് ആഹ്വാനംചെയ്തു.

'കേസുകളും അറസ്റ്റുകളും മര്‍ദ്ദനങ്ങളും ഉണ്ടാകും. ഡസന്‍കണക്കിനു മെത്രാന്മാരും ആയിരക്കണക്കിന് വൈദികരും ലക്ഷക്കണക്കിന് അല്‍മേനികളും ജയിലറകളില്‍ അടയ്ക്കപ്പെട്ടെന്നുവരും. ഇതിനെയൊക്കെ നേരിടുവാനുള്ള തന്റേടവും ആത്മാഭിമാനവും ഇല്ലാത്തവര്‍ ഇനിമേലില്‍ ക്രിസ്ത്യാനികളായി തുടരുകയില്ല.... സമരം ചെയ്യാന്‍ ധൈര്യമില്ലാത്തവരായും ജഡഭാരംകൊണ്ട് ഓടാന്‍ വയ്യാത്തവരായും ഇന്ത്യയുടെ ഒരു മൂലയില്‍ കിടന്നു നരകിക്കേണ്ട ഗതികേട് നാം സ്വയം വരുത്തിവെക്കരുത്. സര്‍വവും ത്യജിക്കുവാന്‍ നാം തയ്യാറായാല്‍ ഒന്നും പോകാനില്ലാത്തവരെപ്പോലെ നമുക്ക് സമരംചെയ്യാം'. (ദീപിക, ഏപ്രില്‍ 29)

ഈ വ്യത്യാസത്തിനു കാരണമെന്താണ്? സര്‍ സി പി രാമസ്വാമി അയ്യരുടെ ഭരണകാലത്ത് 'പ്രക്ഷോഭം സഹായകരമല്ലെ'ന്നും 'പ്രാര്‍ഥനയും ഉപവാസവുംകൊണ്ടല്ലാതെ വന്‍ കാര്യങ്ങളൊന്നും സാധിക്കുകയില്ലെ'ന്നും പ്രഖ്യാപിച്ച അതേ വൈദികനേതൃത്വം തര്‍ക്കവിഷയങ്ങളില്‍ കൂടിയാലോചനവഴി പരിഹാരം കാണാനുള്ള ഗവര്‍മെന്റിന്റെ നിര്‍ദേശങ്ങളെപോലും പിച്ചിച്ചീന്തിക്കൊണ്ട് വാളെടുക്കാനൊരുങ്ങിയത് എന്തുകൊണ്ടാണ്? 'പള്ളിക്കൂടങ്ങളുടെ ദേശസാല്‍ക്കരണ'ത്തിനൊരുങ്ങിയ സര്‍ സി പി യുടെ ഗവര്‍മെന്റിനെപോലും സ്നേഹിക്കാന്‍ മടിക്കാത്ത വൈദികനേതൃത്വം, മതതാല്‍പര്യങ്ങള്‍ക്കും വിശ്വാസസ്വാതന്ത്ര്യത്തിനും ഹാനിതട്ടിക്കാതെ തന്നെ അധ്യാപകന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് ഗവര്‍മെന്റിനെ ഇത്രമേല്‍ വെറുക്കാനുള്ള കാരണമെന്താണ്? കമ്യൂണിസ്റ്റ് ഗവര്‍മെന്റ് എന്തു കുറ്റമാണ് ചെയ്തത്?

എന്തു കുറ്റമാണെന്നോ? കുറ്റമിതാണ്: ഇരുപതു നൂറ്റാണ്ടുകള്‍ക്കു മുമ്പ് വി. ലൂക്കോസ് ചൂണ്ടിക്കാണിച്ചതിനെ അനുസ്മരിപ്പിക്കുന്ന ചില പരിഷ്കരണങ്ങള്‍ നടപ്പില്‍ വരുത്താന്‍ കമ്യൂണിസ്റ്റ് ഗവര്‍മെന്റ് പരിശ്രമിച്ചു.

'അവര്‍ പ്രബലന്മാരെ അവരുടെ ഇരിപ്പിടങ്ങളില്‍ നിന്ന് പിടിച്ചിറക്കുകയും താഴ്ന്നവരെ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു; അവന്‍ വിശക്കുന്നവരെ നല്ല വസ്തുക്കള്‍കൊണ്ട് നിറയ്ക്കുകയും ധനികന്മാരെ വെറുംകയ്യോടെ മടക്കിഅയക്കുകയും ചെയ്തു'! (വി. ലൂക്കോസിന്റെ സുവിശേഷം)

കൃഷിക്കാരെ ഭൂമിയില്‍നിന്ന് ഒഴിപ്പിക്കുന്നതിനെ തടയല്‍, കാര്‍ഷിക കടാശ്വാസനിയമം, വിദ്യാഭ്യാസനിയമം, കാര്‍ഷിക തൊഴിലാളികള്‍ക്കും മറ്റു തൊഴിലാളി വിഭാഗങ്ങള്‍ക്കും കൂലിവര്‍ധനവ്, വ്യാവസായിക തൊഴിലാളികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ട പിന്തുണ, സഹകരണപ്രസ്ഥാന വിപുലീകരണം, സ്ത്രീതൊഴിലാളികള്‍ക്ക് പ്രസവകാല വേതനം, സര്‍വ്വോപരി കാര്‍ഷികബന്ധ ബില്‍ - എന്നിങ്ങനെ സാധാരണ ജനങ്ങളുടെ താല്‍പര്യസംരക്ഷണത്തിനുള്ള ചില പ്രായോഗിക നടപടികളാണ് കമ്യൂണിസ്റ്റ് ഗവര്‍മെന്റ് കൈക്കൊണ്ടത്.

ഈ നടപടികള്‍ മതത്തിനെതിരാണോ? വിശ്വാസസ്വാതന്ത്ര്യത്തെ നിഹനിക്കുന്നവയാണോ? ക്രൈസ്തവ ആദര്‍ശങ്ങള്‍ക്കെതിരാണോ? തീര്‍ച്ചയായും അല്ല. നേരെമറിച്ച്, മറ്റെല്ലാ സമുദായങ്ങളെയുമെന്നപോലെ തന്നെ ഭൂരിപക്ഷക്കാരായ ക്രിസ്ത്യാനികളെയും സമാശ്വസിപ്പിക്കാനുതകുന്ന നടപടികളാണിവ.

പക്ഷേ, ഒരുകാര്യം ശരിയാണ്: തോട്ടം മുതലാളികളും പിന്തിരിപ്പന്‍ ബാങ്കര്‍മാരും വന്‍കിട ജന്മികളും വന്‍കിടക്കാരായ ധനികകൃഷിക്കാരും ഈ പരിപാടികളെ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെയാണ് കത്തോലിക്കാ വൈദികനേതൃത്വം കമ്യൂണിസ്റ്റ് ഗവര്‍മെന്റിനെ അട്ടിമറിക്കാന്‍ ആഹ്വാനം നല്‍കിയത്.

തങ്ങളുടെ മതപരമായ സ്വാധീനശക്തി ഉപയോഗിച്ചുകൊണ്ടും ജനങ്ങളുടെ മതവികാരങ്ങളെ ചൂഷണംചെയ്തുകൊണ്ടും അവര്‍ പരിശുദ്ധ ദേവാലയങ്ങളെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കുള്ള താവളങ്ങളാക്കിമാറ്റി. കമ്യൂണിസ്റ്റ് ഗവര്‍മെന്റ് പള്ളികളെ തകര്‍ക്കാനും ക്രിസ്ത്യാനികളെ നാമാവശേഷമാക്കാനും വേണ്ടിയാണ് ശ്രമിക്കുന്നത് എന്ന് അവര്‍ പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം സങ്കുചിത താല്‍പര്യങ്ങള്‍ക്കുവേണ്ടി അവര്‍ സത്യത്തെ മറച്ചുപിടിച്ചു.

ഇതില്‍ അത്ഭുതമില്ല. എന്തെന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം അസത്യവും വഞ്ചനയും കാര്യസാധ്യത്തിനു അനുവദനീയമാണ്. സെയിന്റ് അല്‍ഫോണ്‍സോ ലിഗൂറി എന്ന ദിവ്യനായ ഒരു കത്തോലിക്കാ മഹാത്മാവാണ് 'മോറല്‍ തിയോളജി' എന്ന തന്റെ ഗ്രന്ഥത്തില്‍ 'ഒരു കാരണമുള്ളേടത്ത് സത്യത്തെ മറച്ചുപിടിക്കുന്നത് നിയമവിധേയമാണ്' എന്നു പ്രസ്താവിച്ചത്.

പക്ഷെ, ഇതെങ്ങിനെ ക്രൈസ്തവാദര്‍ശമാകും? സത്യത്തെ കുരിശിലേറ്റുന്നവര്‍ക്ക് യഥാര്‍ഥ ക്രൈസ്തവാദര്‍ശങ്ങളുമായി എന്തു ബന്ധമാണുള്ളത്?

-കെ.ദാമോദരന്‍, ക്രിസ്തുമതവും കമ്യൂണിസവും എന്ന പുസ്തകത്തില്‍നിന്ന്.

3 comments:

വര്‍ക്കേഴ്സ് ഫോറം said...

സര്‍ സി പി രാമസ്വാമി അയ്യരുടെ ഭരണകാലത്ത് 'പ്രക്ഷോഭം സഹായകരമല്ലെ'ന്നും 'പ്രാര്‍ഥനയും ഉപവാസവുംകൊണ്ടല്ലാതെ വന്‍ കാര്യങ്ങളൊന്നും സാധിക്കുകയില്ലെ'ന്നും പ്രഖ്യാപിച്ച അതേ വൈദികനേതൃത്വം തര്‍ക്കവിഷയങ്ങളില്‍ കൂടിയാലോചനവഴി പരിഹാരം കാണാനുള്ള ഗവര്‍മെന്റിന്റെ നിര്‍ദേശങ്ങളെപോലും പിച്ചിച്ചീന്തിക്കൊണ്ട് വാളെടുക്കാനൊരുങ്ങിയത് എന്തുകൊണ്ടാണ്? 'പള്ളിക്കൂടങ്ങളുടെ ദേശസാല്‍ക്കരണ'ത്തിനൊരുങ്ങിയ സര്‍ സി പി യുടെ ഗവര്‍മെന്റിനെപോലും സ്നേഹിക്കാന്‍ മടിക്കാത്ത വൈദികനേതൃത്വം, മതതാല്‍പര്യങ്ങള്‍ക്കും വിശ്വാസസ്വാതന്ത്ര്യത്തിനും ഹാനിതട്ടിക്കാതെ തന്നെ അധ്യാപകന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് ഗവര്‍മെന്റിനെ ഇത്രമേല്‍ വെറുക്കാനുള്ള കാരണമെന്താണ്?

ഇടയലേഖനങ്ങളിലെ വ്യത്യസ്തസ്വരങ്ങളെപ്പറ്റി ഒരു കുറിപ്പ്. ശ്രീ. കെ.ദാമോദരന്‍ രചിച്ച ക്രിസ്തുമതവും കമ്മ്യൂണിസവും എന്ന ഗ്രന്ഥത്തില്‍ നിന്ന്‌.

neelima said...

please ask veliyam to read this article.always playing as enemies megaphone,and trying to whither the unity among workers and pesents.

ഡി .പ്രദീപ് കുമാർ said...

സ്വകാര്യവിദ്യാലയമാനേജ്മെന്റുകളെ നിലക്കു നിര്‍ത്താന്‍ ത്രാണിയുള്ള ഒരു സര്‍ക്കാര്‍ കേരളത്തിലിനിയും പിറന്നിട്ടില്ലെന്ന് മുന്‍പ് ഞാന്‍ ബ്ലോഗിലെഴുതിയിരുന്നു.അതിനു അടിവരയിടുന്നതാണു കെ.ഈ. ആര്‍ പരിക്ഷ്കരണസമിതിയുടെ ശുപാര്‍ശകള്‍.നിയമനം പീ.എസ് സിക്കു വിടുന്നതിനു പകരം സ്വതന്ത്ര ഏജന്‍സി തയ്യറാക്കുന്ന ലിസ്റ്റില്‍ നിന്ന് റാങ്ക് ലിസ്റ്റ് നോക്കാതെ മാനേജര്‍മാര്‍ക്ക് ഇഷ്ടടമുള്ളവരെ നിയമിക്കാമെന്നത് വരുന്നത് കോഴയെ അംഗീകരിക്കലാണു....ജാതിമത ശക്തികളുടെ ഈ തീവെട്ടിക്കൊള്ളക്ക് കടിഞ്ഞാണിടാന്‍ ഇപ്പോഴത്തെ നേതൃത്വങ്ങള്‍ക്കു കഴിയില്ല.