Saturday, February 16, 2008

ആഭ്യന്തരയുദ്ധം ഒരു മൂഢപ്രവൃത്തിയല്ല

യുദ്ധത്തേയും അക്രമത്തേയും വിശകലനം ചെയ്യുക സാമൂഹ്യശാസ്ത്രത്തില്‍ ശ്രമകരമായ ഒരു ജോലിയാണ്. ഈ വിഷയം വൈകാരിക പ്രതികരണങ്ങളും സൈനിക പ്രശ്നങ്ങളും ഉയര്‍ത്തുന്നു എന്നതു മാത്രമല്ല കര്‍ക്കശവും നിഷ്പക്ഷവുമായ ഒരു വിശകലനം അസാധ്യമാക്കുന്നത്; മറിച്ച് അക്രമങ്ങളിലും പ്രത്യേകിച്ച് യുദ്ധമെന്ന സംഘടിത അക്രമത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന മറ്റനേകം സങ്കീര്‍ണ്ണതകള്‍ കൊണ്ടുകൂടിയാണ്.

മേല്‍പറഞ്ഞ കാരണങ്ങളാല്‍ വികസ്വര രാജ്യങ്ങളില്‍ ആഭ്യന്തരമായി സംഭവിക്കുന്ന അക്രമാസക്തമായ സംഘര്‍ഷങ്ങള്‍ വിശകലനം ചെയ്യുക എന്നത് ശ്രമകരമായ വെല്ലുവിളിയാണ്. എന്നിരിക്കിലും ക്രിസ്‌റ്റഫര്‍ ക്രാമര്‍ "ആഭ്യന്തരയുദ്ധം ഒരു മൂഢപ്രവൃത്തിയല്ല'' എന്ന തന്റെ പുതിയ പുസ്തകത്തില്‍ ഈ വിഷയത്തെപ്പറ്റി ഒരു സുദൃഢമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു.

പുസ്തകത്തിന്റെ തലക്കെട്ടുതന്നെ വിഷയത്തെസംബന്ധിച്ച ഒരുള്‍ക്കാഴ്ച നല്‍കുന്നു. ഇറ്റാലിയന്‍ എഴുത്തുകാരനായ ലിയണാര്‍ഡോ സിയാസിയയുടെ (Leonardo Siasi) ഒരു കഥയിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തില്‍ നിന്നാണ് പുസ്തകത്തിന്റെ തലക്കെട്ട് സ്വീകരിച്ചിരിക്കുന്നത്. ആഭ്യന്തരയുദ്ധം ഒരു മൂഢത്വമല്ല, രണ്ടുരാജ്യങ്ങള്‍ തമ്മിലുണ്ടാകുന്ന യുദ്ധത്തേക്കാള്‍ യുക്തി ആഭ്യന്തര യുദ്ധങ്ങള്‍ക്കുണ്ട്. "ആഭ്യന്തര യുദ്ധത്തില്‍ ഒരാള്‍ താന്‍ സ്നേഹിക്കുന്ന ജനവിഭാഗത്തിനും ലക്ഷ്യങ്ങള്‍ക്കും വേണ്ടിയാണ് അക്രമത്തിലേര്‍പ്പെടുന്നത്. വളരെ വ്യക്തതയോടെ താന്‍ വെറുക്കുന്ന ശക്തികളെ നശിപ്പിച്ച് താന്‍ സ്നേഹിക്കുന്ന സമൂഹത്തിന് വേണ്ടിയാണ് പൊരുതുന്നത്''. ഈ കാഴ്ചപ്പാട് എപ്പോഴും ശരിയല്ലെങ്കിലും എത്ര വിനാശകരവും ദൌര്‍ഭാഗ്യകരവുമാണെങ്കിലും ആഭ്യന്തര യുദ്ധങ്ങളില്‍ ചില ആശയങ്ങള്‍ അന്തര്‍ലീനമായിരിക്കുന്നു എന്ന വസ്തുത ഈ പരാമര്‍ശം ചൂണ്ടിക്കാട്ടുന്നു. ക്രാമറുടെ പുസ്തകം ഈ പരാമര്‍ശത്തില്‍ അടങ്ങിയിരിക്കുന്ന പൊരുള്‍ തേടുന്നു. ക്രാമറുടെ വാദത്തില്‍ രണ്ടുതരം സമീപനങ്ങളെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്ന പ്രബലങ്ങളായ മാതൃകകളെ ആസ്പദമാക്കി യുദ്ധത്തെയും അക്രമത്തെയും മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. ഒന്ന് വികസ്വര രാജ്യങ്ങളിലെ ആഭ്യന്തര അക്രമങ്ങളെ അപരിഷ്കൃത സമൂഹങ്ങള്‍ തമ്മിലുള്ള പ്രാചീന യുദ്ധമായി മാത്രം ചിത്രീകരിക്കുന്ന രീതി. മറ്റേത് വ്യക്ത്യാധിഷ്ഠിതമായ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നിയോക്ലാസിക്കല്‍ സാമ്പത്തിക ശാസ്ത്രത്തിലുള്ളവര്‍ക്ക് പ്രിയപ്പെട്ട തരത്തില്‍ ചിത്രീകരിക്കുന്ന രീതി. എന്നാല്‍ വികസനം പ്രത്യേകിച്ച് മുതലാളിത്ത വികസനം അക്രമങ്ങളിലൂടെയും യുദ്ധത്തിലൂടെയും കൂടി മാത്രമേ സാധിക്കൂ എന്ന് ക്രാമര്‍ വാദിക്കുന്നു. വിനാശകരമായ അക്രമങ്ങളില്‍ പുരോഗമനപരമായ മാറ്റത്തിനുള്ള അടിയൊഴുക്കുകളും അന്തര്‍ലീനമായിരിക്കുന്നു എന്നാണ് ക്രാമര്‍ പറയുന്നത്.

ഇത് തികച്ചും ഒരു പുതിയ വാദമുഖമല്ല കാറല്‍മാക്സ് മൂലധനത്തിന്റെ ഒന്നാം വാള്യത്തില്‍ പറഞ്ഞിട്ടുണ്ട് "പുതിയ സമൂഹത്തെ ഗര്‍ഭം ധരിച്ച് നില്‍ക്കുന്ന പഴയ സമൂഹത്തിന്റെ വയറ്റാട്ടിയാണ് ബലപ്രയോഗം'' എന്ന്. ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ സമകാലിക അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന പല ധാരണകളേയും ക്രാമര്‍ പൊളിച്ചെഴുതുന്നു.വിഭവങ്ങളുടെ ദൌര്‍ലഭ്യവും ആധിക്യവും തമ്മിലുള്ള സംഘര്‍ഷം എന്നുതുടങ്ങി യുദ്ധത്തേയും അക്രമത്തേയും സംബന്ധിച്ചുള്ള സാമ്പത്തിക ബന്ധങ്ങളെ ആശ്രയിച്ചുള്ള പല വിശകലനങ്ങളേയും ക്രാമര്‍ ഈ പുസ്തകത്തിലൂടെ ചോദ്യം ചെയ്യുന്നു. വര്‍ദ്ധിച്ചുവരുന്ന വിഭവങ്ങളും അതിന്മേലുള്ള ആധിപത്യത്തിനുവേണ്ടിയും വിഭവ ദാരിദ്ര്യം മൂലവും സംഘര്‍ഷം സൃഷ്ടിക്കുന്നു എന്ന വാദം യുദ്ധത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്നു എന്ന് ക്രാമര്‍ ചൂണ്ടിക്കാട്ടുന്നു. മറിച്ച് അക്രമങ്ങളും യുദ്ധങ്ങളും ഒരു സമൂഹത്തിന്റെ മാറ്റത്തിനുവേണ്ടിയുള്ള ക്ലേശകരമായ ശ്രമങ്ങളുടെ പ്രതിഫലനമായാണ് ഗ്രന്ഥകര്‍ത്താവ് കാണുന്നത്. ഈ നിഗമനങ്ങളിലൂടെ വികസ്വരരാജ്യങ്ങളിലെ അക്രമങ്ങളും യുദ്ധങ്ങളും അവിടങ്ങളിലെ പ്രാചീന സംസ്കൃതികളില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിണാമത്തില്‍ സംഘര്‍ഷം അനിവാര്യമാകുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഈ സംഘര്‍ഷങ്ങളുടെ കോട്ടങ്ങള്‍ പരമാവധി കുറയ്ക്കാനും ഗുണപരമായ മാറ്റങ്ങള്‍ക്കുള്ള സാദ്ധ്യത പരമാവധി വര്‍ദ്ധിപ്പിക്കാനും സാധിക്കുക എന്നതാണ് ഏറ്റെടുക്കേണ്ട വെല്ലുവിളി.

സംഘര്‍ഷശേഷമുള്ള സമൂഹം ഒരു ക്ലീന്‍ സ്ലേറ്റായിരിക്കുമെന്നും ശൂന്യതയില്‍ നവലിബറല്‍ സാമ്പത്തിക ക്രമവും സംസ്കാരവും എളുപ്പത്തില്‍ സ്ഥാപിച്ചെടുക്കാന്‍ കഴിയും എന്നും സ്വതന്ത്രമാര്‍ക്കറ്റ് പ്രവര്‍ത്തനം സമാധാനവും സമൃദ്ധിയും പ്രദാനം ചെയ്യുമെന്നുമുള്ള കാഴ്ചപ്പാടിനെയും ക്രാമര്‍ ചോദ്യം ചെയ്യുന്നു.

അംഗോളയിലെ സംഘര്‍ഷങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഈ പുസ്തകം ആഭ്യന്തര യുദ്ധങ്ങളെയും അക്രമങ്ങളെയും കൂടുതല്‍ ശാസ്ത്രീയമായി സാമ്പത്തിക ശാസ്ത്രത്തിന്റെയും വികാസത്തിന്റെയും അടിസ്ഥാനത്തില്‍ കാണുന്നു എന്നതാണ് പ്രത്യേകത.

(ജയതിഘോഷ് ഫ്രന്റ്ലൈനില്‍ എഴുതിയ അവലോകനത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുറിപ്പ്)

അധിക വായനയ്ക്ക്

The sense that war makes - Christopher Cramer

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുദ്ധത്തേയും അക്രമത്തേയും വിശകലനം ചെയ്യുക സാമൂഹ്യശാസ്ത്രത്തില്‍ ശ്രമകരമായ ഒരു ജോലിയാണ്. ഈ വിഷയം വൈകാരിക പ്രതികരണങ്ങളും സൈനിക പ്രശ്നങ്ങളും ഉയര്‍ത്തുന്നു എന്നതു മാത്രമല്ല കര്‍ക്കശവും നിഷ്പക്ഷവുമായ ഒരു വിശകലനം അസാധ്യമാക്കുന്നത്; മറിച്ച് അക്രമങ്ങളിലും പ്രത്യേകിച്ച് യുദ്ധമെന്ന സംഘടിത അക്രമത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന മറ്റനേകം സങ്കീര്‍ണ്ണതകള്‍ കൊണ്ടുകൂടിയാണ്. മേല്‍പറഞ്ഞ കാരണങ്ങളാല്‍ വികസ്വര രാജ്യങ്ങളില്‍ ആഭ്യന്തരമായി സംഭവിക്കുന്ന അക്രമാസക്തമായ സംഘര്‍ഷങ്ങള്‍ വിശകലനം ചെയ്യുക എന്നത് ശ്രമകരമായ വെല്ലുവിളിയാണ്. എന്നിരിക്കിലും ക്രിസ്‌റ്റഫര്‍ ക്രാമര്‍ "ആഭ്യന്തരയുദ്ധം ഒരു മൂഢപ്രവൃത്തിയല്ല'' എന്ന തന്റെ പുതിയ പുസ്തകത്തില്‍ ഈ വിഷയത്തെപ്പറ്റി ഒരു സുദൃഢമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു.

ആ പുസ്തകത്തെക്കുറിച്ച് ഒരു ചെറുകുറിപ്പ്.