ദേശീയ വികസന സമിതി പതിനൊന്നാം പഞ്ചവത്സര പദ്ധതിക്ക് അംഗീകാരം നല്‍കിയതിനുശേഷവും പദ്ധതിയെപ്പറ്റിയും അതിന്റെ നടത്തിപ്പിനെപ്പറ്റിയും നിരവധി തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ പദ്ധതിക്കാലത്ത് ഓരോവര്‍ഷവും ഒന്‍പതുശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇവിടെ രണ്ട് ചോദ്യങ്ങളാണുയരുന്നത് ? ഒന്ന് പതിനൊന്നാം പദ്ധതിയില്‍ ലക്ഷ്യമിട്ടിരിക്കുന്ന ഒന്‍പതുശതമാനം വളര്‍ച്ച സാധ്യമാകുമോ? രണ്ട് പതിനൊന്നാം പദ്ധതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്ന രീതിയില്‍ നടപ്പാക്കി ഒന്‍പതുശതമാനം വളര്‍ച്ച കൈവരിച്ചാല്‍തന്നെ അത് ഇന്ത്യയിലെ സാധാരണക്കാര്‍ക്കും, തൊഴിലാളികള്‍ക്കും എത്രമാത്രം ഗുണം ചെയ്യും?
ധനകാര്യമന്ത്രി ചിദംബരം ഡിസംബറില്‍ ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിയുടെ അര്‍ദ്ധവാര്‍ഷിക അവലോകനം, പാര്‍ലമെന്റില്‍ വയ്ക്കുകയുണ്ടായി. അര്‍ദ്ധവാര്‍ഷിക അവലോകനത്തില്‍ ധനകാര്യമന്ത്രിതന്നെ സാമ്പത്തികരംഗത്തെ ഒന്‍പതുശതമാനം വളര്‍ച്ച നിലനിര്‍ത്തികകൊണ്ടു പോകുന്നതില്‍ നാനാതരം വെല്ലുവിളികള്‍ കാണുന്നുണ്ട്. ഏറ്റവും പ്രധാന വെല്ലുവിളിയായി അദ്ദേഹം കാണുന്നത് ഇന്ത്യയിലേക്കൊഴുകുന്ന വിദേശമൂലധനം തന്നെയാണ്. വിദേശ മൂലധന പ്രവാഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്നുവര്‍ഷമായി. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ധനമന്ത്രി ചിദംബരത്തിന് ഇത് ഗൌരവപൂര്‍വ്വം പരിഗണിയ്ക്കേണ്ട ഒരു വിഷയമാണെന്ന് ബോധ്യമായത്. ഇത് സംബന്ധിച്ച് അര്‍ദ്ധവാര്‍ഷിക അവലോകനത്തില്‍ പറയുന്നത് "മൂലധന പ്രവാഹത്തിന്റെ വേഗതയ്ക്കനുസരിച്ച്, ഒഴുകിയെത്തിയ വിദേശമൂലധനത്തെയാകെ ഉള്‍ക്കൊള്ളത്തക്കവിധം സമ്പദ്ഘടനയുടെ ശേഷി വര്‍ദ്ധിച്ചില്ല'' എന്നാണ്. ഇന്ത്യയിലേക്കു കുത്തിയൊഴുകുന്ന വിദേശ മൂലധനം കൈകാര്യം ചെയ്യുന്നതുവഴി റിസര്‍വ്ബാങ്കിന് വന്‍ സാമ്പത്തികബാധ്യതയാണുണ്ടായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തികരംഗത്ത് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴത്തെ നയം തുടര്‍ന്നാല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെയാകെ ബാധിക്കുകയും ആത്യന്തികമായി ഒന്‍പതു ശതമാനം വളര്‍ച്ച കൈവരിക്കുക എന്ന ലക്ഷ്യം നേടുക സാധ്യമല്ലാതാവുകയും ചെയ്യും.
ഫിസ്കല്‍ റസ്പോണ്‍സിബിലിറ്റി ആന്റ് ബജറ്റ് മാനേജ്‌മെന്റ് ആക്ട് (FRBM) മുന്നോട്ടുവച്ചിട്ടുള്ള നിബന്ധനകള്‍മൂലം ഇപ്പോള്‍ത്തന്നെ താങ്ങാനാവാത്ത സ്ഥിതിയാണ് പൊതുകടബാധ്യത, പലിശബാധ്യത എന്നീ ഇനങ്ങളിലുള്ളത്. ഒഴകിയെത്തുന്ന വിദേശമൂലധനം കൂടി കൈകാര്യം ചെയ്യേണ്ടിവരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. അന്തര്‍ദേശീയ കമ്പോളത്തിലെ വിലവര്‍ദ്ധനവുമൂലം പെട്രോളിയം രാസവള ഭക്ഷ്യ, സബ്‌സിഡികള്‍ വളരെയധികം ഉയര്‍ന്നിരിക്കുകയാണ്. ഈ ബാധ്യതകള്‍ നിറവേറ്റാനുള്ള സാമ്പത്തിക സ്ഥിതി കേന്ദ്രസര്‍ക്കാരിനില്ലാതായിക്കൊണ്ടിരിക്കുകയാണ്.
ലോകസാമ്പത്തികരംഗത്തു വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ഇന്ത്യയിലേക്കു കുത്തിയൊഴുകി വന്നുകൊണ്ടിരിക്കുന്ന വിദേശ മൂലധനപ്രവാഹവും മൂലം രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഡോളറിന്റെ വിലയിടിവുമൂലം കയറ്റുമതിയെ ആശ്രയിച്ചുനില്‍ക്കുന്ന ടെക്സറ്റൈല്‍, ലെതര്‍, എന്‍ജിനീയറിംഗ്, കെമിക്കല്‍, സോഫ്റ്റ്വെയര്‍ തുടങ്ങി വിവിധ മേഖലകള്‍ ബുദ്ധിമുട്ടിലോ, പ്രതിസന്ധിയിലോ ആണ്. കയറ്റുമതിയെ ആശ്രയിച്ചുനില്‍ക്കുന്ന വ്യവസായങ്ങളും അവയ്ക്ക് അസംസ്കൃത വസ്തുക്കള്‍ നല്‍കുന്ന വ്യവസായങ്ങളും സ്വാഭാവികമായും പ്രതികൂല കാലാവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്.
ഡോളറിന്റെ വിലയിടിവുമൂലം ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 2007-ല്‍ ടെക്സ്റ്റൈല്‍ കയറ്റുമതിയില്‍ 22 ശതമാനവും, ഹാന്റിക്രാഫ്റ്റ് കയറ്റുമതിയില്‍ 66 ശതമാനവും, ലെതര്‍ കയറ്റുമതിയില്‍ ഒന്‍പതു ശതമാനവും കുറവു രേഖപ്പെടുത്തി. ഇപ്പോള്‍തന്നെ ഈ മേഖലയില്‍ മുപ്പതു ലക്ഷത്തോളം ആള്‍ക്കാര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. മാര്‍ച്ച് 2008 ആകുമ്പോള്‍ അത് 80 ലക്ഷമായി ഉയരും എന്നാണ് കണക്കാക്കപ്പെടുന്നത്. വ്യവസായ വളര്‍ച്ചാസൂചിക കഴിഞ്ഞ ഏപ്രില്‍ - സെപ്തംബര്‍ കാലഘട്ടത്തില്‍ 11.1 ശതമാനമായിരുന്നത് 9.2 ശതമാനമായിക്കുറയാന്‍ കാരണമായി. ഇന്ത്യയുടെ വ്യാപാരക്കമ്മി 2007 സെപ്തംബറായപ്പോള്‍ 5 ബില്യന്‍ ഡോളര്‍ ഉയര്‍ന്ന് 16.8 ബില്യന്‍ ഡോളറായിരിക്കുകയാണ്. ഈ സ്ഥിതിഗതികളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പരുങ്ങലിലാക്കും.
ഉയര്‍ന്നുകൊണ്ടിരിക്കുന്ന സബ്‌സിഡികള്‍ കുറക്കണം എന്ന് പ്രധാനമന്ത്രിതന്നെ വാദിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒരുവശത്ത് സബ്‌സിഡി ഇനത്തിലുള്ള ചിലവുകള്‍ വര്‍ദ്ധിക്കുന്നതും മറുവശത്ത് അര്‍ഹിക്കുന്നവര്‍ക്ക് സബ്‌സിഡികള്‍ അനുവദിക്കാന്‍ കഴിയില്ല എന്നു വരുന്നതും കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികരംഗത്തു തുടര്‍ന്നുവരുന്ന കുത്തക പ്രീണനനയം മൂലമാണ് എന്ന വസ്തുത കാര്യമായി ചര്‍ച്ചചെയ്യപ്പെടുന്നതേയില്ല.
ഓഹരികമ്പോളത്തിലെ നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായത്തിന് ഏര്‍പ്പെടുത്തിയിരുന്ന നികുതി ഒഴിവാക്കാന്‍ 2004-ല്‍ ധനമന്ത്രി കൈക്കൊണ്ട തീരുമാനം ഇത്തരം നിലപാടിനൊരുദാഹരണമാണ്. ഈ നടപടിയിലൂടെ ഓഹരികമ്പോളത്തിലെ നിക്ഷേപങ്ങള്‍ക്കു ബാധകമായ നികുതി വ്യവസ്ഥയെ മറ്റു രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ മൂലധന നിക്ഷേപകര്‍ക്ക് അനുകൂലമാക്കുകയുണ്ടായി. തല്‍ഫലമായാണ് ഓഹരിക്കമ്പോളത്തിലേക്ക് വിദേശ സ്ഥാപന മൂലധന നിക്ഷേപകരുടെ അഭൂതപൂര്‍വ്വമായ കടന്നുവരവുണ്ടായതും ഇപ്പോള്‍ അതുകൈകാര്യം ചെയ്യാന്‍ റിസര്‍വ്ബാങ്കും, കേന്ദ്രസര്‍ക്കാരും ബുദ്ധിമുട്ടുന്നതും, ഇതുമൂലമുണ്ടാകുന്ന പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാന്‍ കഴിയാത്തതും. കുത്തകകള്‍ക്കും ചൂതാട്ടക്കാര്‍ക്കും നികുതിയിനത്തിലും മറ്റും ധാരാളം ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ നാനാതരം പ്രത്യാഘാതങ്ങളാണ് സംഭവിക്കുന്നത്. ഒന്ന് സര്‍ക്കാരിന്റെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുന്നു. പലപ്പോഴും ഈ നയം വിലക്കയറ്റവും സൃഷ്ടിക്കും. വിലക്കയറ്റം വര്‍ദ്ധിക്കുമ്പോള്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ചിലവുകള്‍ ഉയരും. അങ്ങിനെ ഉയരുന്ന സബ്‌സിഡിയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും ആധാരമെന്ന് നവലിബറലിസ്റ്റുകള്‍ വാദിക്കും, സബ്‌സിഡി കുറവു ചെയ്യുന്നത് സാധാരണക്കാരെ ദുരിതത്തിലാഴ്ത്തും. സര്‍ക്കാര്‍ വരുമാനം കുറയുകയും ചെലവുകള്‍ കൂടുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ കാര്‍ഷികമേഖലയുള്‍പ്പെടെയുള്ള നാനാ രംഗങ്ങളിലെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കും. ഇത് ധനമന്ത്രി മുന്നോട്ടുവച്ചിട്ടുള്ള ഒന്‍പതുശതമാനം വളര്‍ച്ച എന്ന ലക്ഷ്യം സാധിതമാക്കാന്‍ പ്രതിബന്ധമായി നില്‍ക്കും.
സമീപഭാവിയില്‍ സാമ്പത്തികവും സാമൂഹികവുമായ സ്ഥിതി വഷളാക്കാന്‍ സാധ്യതയുള്ള ഒരു മുഖ്യഘടകം ലോകമാകെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും, ദൌര്‍ലഭ്യവുമായിരിക്കും , ഗോതമ്പ്, അരി, ഭക്ഷ്യഎണ്ണകള്‍, പാല്‍, മാംസം തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്കെല്ലാം റിക്കാര്‍ഡുവിലയാണ് ഇപ്പോള്‍ ലോകമാകെ അനുഭവപ്പെടുന്നത്. സാമ്പത്തികശാസ്ത്രജ്ഞര്‍ പറയുന്നത് വരുംകാലത്ത് ഭക്ഷ്യവില ഇനിയും കുതിച്ചുയരാനാണ് സാധ്യത എന്നാണ്. സാധാരണക്കാരന്റെ കുടുംബ ബഡ്‌ജറ്റിന്റെ സിംഹഭാഗവും ഇനി ഭക്ഷണ ചിലവുകള്‍ക്കായി നീക്കിവക്കേണ്ടിവരും എന്നാണ് സൂചനകള്‍ കാണിക്കുന്നത്. ജനസംഖ്യാവര്‍ദ്ധന, ഭക്ഷണരീതിയിലെമാറ്റം തുടങ്ങിയ പല കാരണങ്ങളാല്‍ ഭക്ഷ്യവസ്തുക്കളുടെ ആവശ്യം അനുദിനം വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഭക്ഷ്യലഭ്യത കുറയുകയുമാണ്. പെട്രോളിനും ഡീസലിനും പകരം ജൈവ-ഇന്ധനങ്ങള്‍ (bio-fuels) ഉല്പാദിപ്പിക്കാന്‍ ഭക്ഷ്യവസ്തുക്കള്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു. കൂടാതെ കോടിക്കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങള്‍ ജൈവ-ഇന്ധന ഉല്പാദനത്തിനായി മാറ്റുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും ഭക്ഷ്യഉല്പാദനത്തെ ഇപ്പോള്‍ മുന്‍കാലങ്ങളിലേക്കാള്‍ ബാധിക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് ഈ മാറ്റങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കാന്‍ കഴിയില്ല. ഇപ്പോള്‍തന്നെ നാനാതരം ഭക്ഷ്യവസ്തുക്കളുടെ വില അഭൂതപൂര്‍വ്വമായി ഇന്ത്യയിലും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (FAO) പറയുന്നത് വികസ്വര രാജ്യങ്ങളിലെ സാധാരണക്കാരുടെ ഭക്ഷ്യലഭ്യത കുത്തനെ ഇടിയും എന്നാണ്. ഭക്ഷ്യവസ്തുക്കളുടെ വില 40% വരെ ഈ വര്‍ഷം ഉയര്‍ന്നുകഴിഞ്ഞു, ഗോതമ്പിന്റെ വില 52% മാണ് ഉയര്‍ന്നത്. ലോകത്തെ ഗോതമ്പിന്റെ കരുതല്‍ശേഖരം 1980 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്. ഇന്ത്യയാണെങ്കില്‍ ഒരു ഗോതമ്പിറക്കുമതി രാജ്യമായി മാറിക്കഴിഞ്ഞു. പതിനൊന്നാം പദ്ധതിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന "സമത്വത്തിലൂന്നിയ വളര്‍ച്ച'' (equity based growth) , "എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച'' (inclusive growth) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഈ സാഹചര്യത്തില്‍ പൊള്ളയായി മാറാനാണ് സാധ്യത.
അന്തര്‍ദേശീയ സാമ്പത്തിക രംഗത്തുനിന്നു വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളും അങ്കലാപ്പുളവാക്കുന്നവയാണ്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ സബ്-പ്രൈം വായ്പാരംഗത്ത് ഉടലെടുത്ത പ്രശ്നങ്ങളും അതിന്റെ തുടര്‍ സംഭവങ്ങളും മൂലം ഒരു മാന്ദ്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഗോള്‍ഡമാന്‍ സാക്സ് ജനുവരി 10, 2008 ലെ ഒരു പഠനത്തില്‍ പറയുന്നത് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന്‍ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്കു വീഴാന്‍ അമ്പതുശതമാനം സാധ്യതയുണ്ടെന്നാണ്.
തീവ്രമായ ശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ ലോക സമ്പദ്‌രംഗമാകെ ഒരു മാന്ദ്യത്തിന്റെ പിടിയിലമരും എന്നാണ് ഐക്യരാഷ്ട്രസംഘടന തന്നെ പറയുന്നത്. ലോകസാമ്പത്തികവളര്‍ച്ച 5.2ല്‍ നിന്ന് 4.7 ശതമാനമായി കുറയും എന്നാണ് ഐ.എം.എഫ് പറയുന്നത്. ഇതോടൊപ്പം പെട്രോളിന്റെ വില അഭൂതപൂര്‍വ്വമായി ഉയര്‍ന്ന് ഒരു ബാരലിന് 100 ഡോളറിലെത്തിയിരിക്കുകയാണ്. ലോകസാമ്പത്തികരംഗത്തുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ഇന്ത്യയെ സ്പര്‍ശിക്കില്ല എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.
ഈയൊരു പശ്ചാത്തലത്തില്‍ പതിനൊന്നാം പദ്ധതിയിലെ ഒന്‍പതുശതമാനം വളര്‍ച്ച എത്രത്തോളം സാധിക്കും എന്നു കണ്ടുതന്നെ അറിയണം. അത് ഏതുവിധേനെയും സാധിച്ചാല്‍തന്നെ സാധാരണ ജനങ്ങളേയും, തൊഴിലാളികളേയും കൂടുതല്‍ ദുരിതത്തിലാക്കിക്കൊണ്ടായിരിക്കും.
- ജോസ് ടി എബ്രഹാം
1 comment:
ദേശീയ വികസന സമിതി പതിനൊന്നാം പഞ്ചവത്സര പദ്ധതിക്ക് അംഗീകാരം നല്‍കിയതിനുശേഷവും പദ്ധതിയെപ്പറ്റിയും അതിന്റെ നടത്തിപ്പിനെപ്പറ്റിയും നിരവധി തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ പദ്ധതിക്കാലത്ത് ഓരോവര്‍ഷവും ഒന്‍പതുശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇവിടെ രണ്ട് ചോദ്യങ്ങളാണുയരുന്നത് ? ഒന്ന് പതിനൊന്നാം പദ്ധതിയില്‍ ലക്ഷ്യമിട്ടിരിക്കുന്ന ഒന്‍പതുശതമാനം വളര്‍ച്ച സാധ്യമാകുമോ? രണ്ട് പതിനൊന്നാം പദ്ധതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്ന രീതിയില്‍ നടപ്പാക്കി ഒന്‍പതുശതമാനം വളര്‍ച്ച കൈവരിച്ചാല്‍തന്നെ അത് ഇന്ത്യയിലെ സാധാരണക്കാര്‍ക്കും, തൊഴിലാളികള്‍ക്കും എത്രമാത്രം ഗുണം ചെയ്യും?
Post a Comment