മുമ്പൊരു അധ്യാപകന്‍ ക്ലാസില്‍ കോമ്പോസിഷന് വിഷയം കൊടുത്തു. 'ഭാവിയില്‍ ആരാകണം'. ക്ലാസിലെ ആസ്ഥാനബുദ്ധിജീവികള്‍ എഴുത്തോടെഴുത്തുതന്നെ. കുട്ടപ്പന്‍ ഒറ്റവരിയില്‍ രചന നിര്‍വഹിച്ചു. സാറ് മാര്‍ക്കിട്ടു. കുട്ടപ്പന് നൂറില്‍ നൂറ്. കുട്ടപ്പന്‍ എഴുതിയ ആ ഒരു വരി ഇങ്ങനെയായിരുന്നു.
"എനിക്ക് ഭാവിയില്‍ സാറിനെപ്പോലെ മിടുമിടുക്കനായ, സാറിനെപ്പോലെ ബുദ്ധിമാനായ, സാറിനെപ്പോലെ കാണാന്‍ സുന്ദരനായ, സാറിനെപ്പോലെ വിദ്യാര്‍ഥികളുടെ സ്നേഹം പിടിച്ചുപറ്റുന്നവനായ ഒരു സാറാകാനാണാഗ്രഹം."
നൂറിന് നൂറ്റൊന്നുകൊടുക്കാന്‍ നിയമമില്ലാത്തതിനാല്‍ മാര്‍ക്ക് സാറ് നൂറില്‍ ഒതുക്കിയതാണ്. ക്ലാസിലെ മറ്റ് മന്ദബുദ്ധികള്‍ക്ക് സാറിന്റെ വക ഉപദേശവും കിട്ടി.
"ഒരു വരിയായാലും സാരമില്ല പക്ഷെ എഴുതുന്നത് പോയിന്റായിരിക്കണം.''
അതാണ് സാറെ മുഖസ്തുതിയുടെ പവര്‍. റൊട്ടി, കപ്പടാ ഓര്‍ മക്കാന്‍ (അതോ മഖാനോ) - ആഹാരം, വസ്ത്രം പിന്നെ വാസസ്ഥലവും - മനുഷ്യന് അത്യാവശ്യമായ അടിസ്ഥാനാവശ്യങ്ങള്‍ ഇവയാണെന്നാണ് മനുഷ്യശാസ്ത്രം പറയുന്നത്. അല്ല സാറെ. നാലാമതൊന്നുകൂടി നമുക്ക് ആവശ്യമുണ്ട് മുഖസ്തുതി. പച്ചക്കള്ളമാണെന്നറിഞ്ഞുകൊണ്ട്, ലോകത്തിലെ ഏറ്റവും പരമമായ സത്യംപോലെ അവതരിപ്പിക്കാനും കേട്ടാസ്വദിക്കാനും നമുക്കുവേണം മുഖസ്തുതി.
മുഖസ്തുതി എപ്പോഴാണ് പറയേണ്ടത്
എപ്പോഴും പറയാം. എത്ര വേണമെങ്കിലും പറയാം. എത്ര അധികമായാലും വിഷമാകാത്ത ഒരേ ഒരു അമൃത് മുഖസ്തുതിയമൃതാണ്. സമ്മേളനങ്ങളില്‍ സ്വാഗതംപറയുന്ന ചങ്ങാതി, പ്രാസംഗികനെക്കുറിച്ചു പറയുന്നതു കേട്ടിട്ടില്ലേ?
"ഇന്നത്തെ നമ്മുടെ പ്രാസംഗികനെക്കുറിച്ച് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. (സ്വന്തം വീട്ടില്‍പോലും പരിചയപ്പെടുത്താതെ തിരിച്ചറിയാന്‍ പറ്റാത്ത ആളാണ്). സാഹിത്യ സാംസ്കാരിക മേഖലയിലെ ശുഭ്രനക്ഷത്രമാണ് ഇദ്ദേഹം (ആളുകള്‍ ആകാശത്തേക്ക് നോക്കും) നിരവധി ജോലിത്തിരക്കുകള്‍ക്കിടയില്‍നിന്നാണ് ഇദ്ദേഹം ഇന്നിവിടെ പ്രസംഗിക്കാനെത്തിയത്. (ശരിയാണ്, ഉറക്കവും ഇദ്ദേഹത്തിനൊരു ജോലിയാണ്). ഇദ്ദേഹത്തെ നമുക്കിവിടെ പ്രസംഗിക്കുവാന്‍ കിട്ടിയത് മഹാഭാഗ്യമാണ് (വീട്ടുകാര്‍ക്ക് അത്രയും നേരമെങ്കിലും അവിടത്തെ ശല്യം കുറഞ്ഞുകിട്ടുമല്ലോ) ഇദ്ദേഹത്തെ നമുക്ക് സ്വാഗതം ചെയ്യാം."
കണ്ടോ പാല്‍പുഞ്ചിരിയോടെ അദ്ദേഹം എണീറ്റ് കൈകൂപ്പുന്നതു കണ്ടോ?, രണ്ടുമണിക്കൂര്‍ പ്രസംഗതാണ്ഡവമാടാനുള്ള ഊര്‍ജ്ജമാണ് ഏതാനും വാക്കുകളിലൂടെ സ്വാഗതക്കാരന്‍ അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. മിക്ക സ്വാഗതവേദികളും മുഖസ്തുതിമേളകളാണ്.
എങ്ങനെയാണ് മുഖസ്തുതി അവതരിപ്പിക്കേണ്ടത്?
മുഖസ്തുതി പറയുകയാണെന്ന് അറിയിക്കാതെ വേണം മുഖസ്തുതി അവതരിപ്പിക്കേണ്ടത്. ചിലപ്പോള്‍ മറ്റേയാളെ ശകാരിക്കുന്ന മട്ടിലാകാം. ദാ നോക്കണം. "സാറെ, സാറിന്റെ ഈ വാരിക്കോരിയുള്ള ദാനധര്‍മിഷ്ടാദികള്‍ അവസാനിപ്പിച്ചാലേ സാറിന് പത്തുകാശ് സമ്പാദിക്കാന്‍ പറ്റൂ''. അല്‍പം ദേഷ്യത്തിലാണ് അപരന്‍ ഇതുപറഞ്ഞിരിക്കുന്നത്. നമ്പര്‍ വണ്‍ മുഖസ്തുതിയാണ്. മറ്റേയാള്‍ ദാനധര്‍മിഷ്ടാദികാര്യങ്ങള്‍ക്ക് വാരിക്കോരി നല്‍കുന്നവനാണെന്നുള്ള മുഖസ്തുതി, ശകാരമാണെന്നമട്ടില്‍ എത്ര തന്ത്രജ്ഞതയോടെ അവതരിപ്പിച്ചിരിക്കുന്നു.
മുഖസ്തുതിയില്‍ വീഴാത്ത ഒരു ഓഫീസറെ വീഴ്ത്താന്‍ ക്ലര്‍ക്ക് പറഞ്ഞത് ഇത്രമാത്രമാണത്രെ.
"സാറിനെപ്പോലെ മുഖസ്തുതിയില്‍ വീഴാത്ത ഒരോഫീസര്‍ ഈ ലോകത്ത് വേറെയില്ല''.
സ്തുതികേട്ട് ഫ്ളാറ്റായിവീണ ഓഫീസറെ പിന്നെ നാലുപേര്‍ കൂടിയാണ് പിടിച്ചെണീല്‍പിച്ചത്.
സ്തുതികള്‍ വിശ്വസിക്കാതെയും വരുമോ?
വരാം. ജോസഫ് ചേട്ടന്‍ മരിച്ചുകിടക്കുന്നു. പതിവുപോലെ നാട്ടുകാര്‍കൂടി. ഒരാള്‍ പറഞ്ഞു. "ഹൊ - ജോസഫ് ചേട്ടനെപ്പോലെ ഇത്രയും കുടുംബസ്നേഹമുള്ള ഒരു ഗൃഹനാഥന്‍ വേറെയില്ല''- മറ്റൊരാള്‍ പറഞ്ഞു "ഭാര്യയും മക്കളുമെന്നുവച്ചാല്‍ ജോസഫ് ചേട്ടന് ജീവനായിരുന്നു''. മൂന്നാമന്‍ പറഞ്ഞു "മറ്റുള്ളവരോട് ഇത്രേം സ്നേഹമുള്ള ഒരു മനുഷ്യന്‍ ഇനി വേണം ജനിക്കാന്‍''.
ദുഃഖവായ്‌വച്ച് കിടക്കുകയായിരുന്ന മിസിസ് ജോസഫ് ചേട്ടന്‍ ഇതൊക്കെ കേട്ട് മെല്ലെ എണീറ്റു. പുറത്തേക്കുവന്ന് ശവപ്പെട്ടിയുടെ മൂടി ഒന്നു മാറ്റി - "എന്താ ചേടത്തീ'' എന്ന് ആരോ ഉയര്‍ത്തിയ സംശയത്തിന് അവര്‍ ഇങ്ങനെ ഉത്തരം പറഞ്ഞു - "അല്ല, നിങ്ങള്‍ പറയുന്നതുകേള്‍ക്കുമ്പോള്‍ മരിച്ചുകിടക്കുന്നത് എന്റെ കെട്ട്യോന്‍തന്നെയാണോ എന്ന് എനിക്കൊരു സംശയം''.
ബുദ്ധിമാന്മാര്‍ ഇങ്ങനെയാണ്. അവര്‍ക്ക് സ്തുതിപാഠകന്മാരുടെ പാഠങ്ങള്‍ എളുപ്പത്തില്‍ പഠിക്കാന്‍ പറ്റും. സ്തുതിയില്‍ കോണ്‍സണ്‍ട്രേറ്റ് ചെയ്താല്‍ നടക്കുന്ന വഴി ശ്രദ്ധിക്കാന്‍ പറ്റില്ലെന്നും കാലുവയ്ക്കുന്നത് പടുകുഴിയിലേക്കായിരിക്കുമെന്നും അവര്‍ക്കറിയാം.
മുഖസ്തുതി എന്തിനുവേണ്ടി
പറയുന്ന ആള്‍ക്ക് ഭൌതിക പ്രയോജനവും കേള്‍ക്കുന്നയാള്‍ക്ക് മാനസികനിര്‍വൃതിയും. അങ്ങനെ ഒരു പാലമിട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന പ്രക്രിയയോ, പണംകൊണ്ടെറിഞ്ഞ് പണത്തില്‍കൊള്ളിക്കുന്ന പ്രക്രിയയോ ഒക്കെയാണ് മുഖസ്തുതി. ഭര്‍ത്താവിന്, പണയംവയ്ക്കാനായി ഭാര്യയുടെ വളയോ മാലയോ വേണം. "കമാലാക്ഷീ നിന്റെ വള ഇങ്ങുതന്നേ'' എന്ന് ഡയറക്ടായി പറഞ്ഞാല്‍ അന്നവിടെ കൊലപാതകമൊഴികെ ബാക്കിയൊക്കെ നടക്കും. അപ്പോള്‍ ആ സിറ്റ്വേഷന്‍ ബുദ്ധിമാന്മാര്‍ ഇങ്ങനെ മാറ്റിയെടുക്കും. ഭാര്യയുടെ മുന്നില്‍ ചെല്ലുന്നു - എന്നിട്ട് ഗാനരൂപത്തില്‍ പറയും.
"സന്ധ്യയ്ക്കെന്തിന് സിന്ദൂരം
ചന്ദ്രികയ്ക്കെന്തിന് വൈഡൂര്യം
കാട്ടാറിനെന്തിന് പാദസരം
എന്‍ കണ്‍മണിക്കെന്തിനാഭരണം''
ഏതു ഭാര്യയാണ് സാര്‍ ഇതുകേട്ടാല്‍ കെട്ടുതാലിമാലവരെ അഴിച്ചുനല്‍കി പോകാത്തത്.
മുഖസ്തുതിയുടെ ഫലം
മുഖസ്തുതിയെ മുഖവിലയ്ക്കെടുക്കുന്നവര്‍ മിക്കവാറും വഴിയാധാരമാകുന്ന കാഴ്ച പല മേഖലകളിലും നമുക്ക് കാണാവുന്നതാണ്. സാമ്പത്തികമായും സാമൂഹ്യമായും ഔദ്യോഗികതലത്തിലുമൊക്കെ ഉയര്‍ന്നുനില്‍ക്കുന്നവര്‍ക്കുചുറ്റും സ്തുതിപാഠകരുടെ തള്ളിക്കയറ്റമായിരിക്കും. സ്തുതികേട്ട് മയങ്ങി അധികൃതവും അനധികൃതവുമായിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കും. അവസാനം 'അയ്യടാ'ന്നാകുമ്പോള്‍ പാഠകന്മാരുടെ പൊടിപോലും കാണില്ല.
ഒരു പ്രശസ്ത നേരമ്പോക്കുണ്ടല്ലോ. ഓഫീസര്‍ വിറ്റുപറഞ്ഞാല്‍ വിറ്റില്ലെങ്കിലും ക്ലാര്‍ക്കന്മാര്‍ ചിരിച്ചുകൊടുക്കും. പക്ഷെ ഒരിക്കല്‍ ഒരു ക്ലാര്‍ക്ക് ചിരിച്ചില്ല. ഓഫീസര്‍ കാര്യം തിരക്കി. അപ്പോള്‍ ക്ലാര്‍ക്ക് ഹാപ്പിയായി പറയുകയാണ് - "സാറെ എനിക്കിവിടുന്ന് ട്രാന്‍സ്ഫര്‍ ആയി. ഇനി പുതിയ ഓഫീസില്‍ചെന്ന് ചിരിച്ചാല്‍ മതി''.
തിരിച്ചടി
മുഖസ്തുതിയില്‍ ചില തിരിച്ചടികളും കിട്ടും. ഒരു കാശുകാരനെ മുഖസ്തുതി പറഞ്ഞുവീഴ്ത്തി കാശടിക്കാന്‍ ഒരു ബുദ്ധിമാനെത്തി. മുഖസ്തുതി തുടങ്ങി.
"സാറിനെപ്പോലെ ഇത്രയും വലിയ ഉദാരമനസ്കന്‍ ഈ നാട്ടില്‍ വേറെയില്ല''.
സന്തോഷവാനായ സമ്പന്നന്‍ പറഞ്ഞു "തനിക്ക് നൂറുരൂപ തരാം''.
പാഠകന് ഉല്‍സാഹം കൂടി "സാറ് നടന്നുപോകുന്ന വഴിയിലെ പൂഴിമണ്ണാകാന്‍ കഴിഞ്ഞാല്‍ തന്നെ മഹാഭാഗ്യം''.
"തനിക്ക് ഇരുന്നൂറ് രൂപ തരാം''
"സാറിനെപ്പോലെ...''
"മുന്നൂറ് രൂപ തരാം''
"സാറ് ഒരു വ്യക്തിയല്ല...''
"നാനൂറ്''
"സാറ്....''
"അഞ്ഞൂറ്''
പറഞ്ഞുപറഞ്ഞ് പാഠകന്‍ ആയിരംരൂപ വരെ എത്തിച്ചു. ഇന്നത്തേക്ക് ആയിരം മതി. ബാക്കി നാളെവന്ന് പുകഴ്ത്താം എന്നു തീരുമാനിച്ച് പാഠകന്‍ എണീറ്റു. തലചൊറിഞ്ഞുനിന്നു.
"എന്താ പോകുന്നില്ലേ?'' സമ്പന്നന്‍ ചോദിച്ചു.
"അല്ല... ആയിരം രൂപ...''
"ഏത് ആയിരം രൂപ?''
"അല്ല. സാറ് പറഞ്ഞുകൊണ്ടിരുന്ന''
"ഓ... അതാണോ'' കാശുകാരന്‍ പറഞ്ഞു "അതില്‍ വലിയ കാര്യമൊന്നുമില്ല കേട്ടോ. എന്നെ സന്തോഷിപ്പിക്കാന്‍ താന്‍ ഓരോന്നു പറഞ്ഞു. അപ്പോള്‍ തനിക്കും ഒരു സന്തോഷമാകട്ടെ എന്നുകരുതി ഞാനും പറഞ്ഞു. സമയം ഉണ്ടെങ്കില്‍ ഇരിക്ക്. നമുക്ക് ഒരയ്യായിരം രൂപവരെ പറഞ്ഞുകളിക്കാം''.
മുന്‍കരുതല്‍
ഉറച്ച മനസ്സുള്ളവര്‍, ജീവിതത്തില്‍ വിശാലമായ കാഴ്ചപ്പാടുള്ളവര്‍, സാമൂഹ്യപ്രതിബദ്ധതയുള്ളവര്‍ തുടങ്ങിയവരെ ഒരു സ്തുതിക്കും ഇളക്കാന്‍ കഴിയുകയില്ല. സ്തുതിപാഠകനെ കാണുമ്പോള്‍തന്നെ തിരിച്ചറിയാനും അകറ്റിനിര്‍ത്താനും അവര്‍ക്ക് കഴിവുണ്ട്.
അതുപോലെതന്നെ പത്രാധിപന്മാര്‍... അവര്‍ക്ക് സ്തുതിപാഠകരായ ലേഖകരെ കാണുമ്പോള്‍തന്നെ തിരിച്ചറിയാം....
പത്രാധിപര്‍: അതുകൊണ്ട് ലേഖനം പ്രസിദ്ധീകരിക്കാന്‍ സ്തുതി ഇങ്ങോട്ടെടുക്കണ്ട.
-കൃഷ്ണ പൂജപ്പുര, കടപ്പാട്: ദേശാഭിമാനി
7 comments:
മുഖസ്തുതിയില്‍ വീഴാത്ത ഒരു ഓഫീസറെ വീഴ്ത്താന്‍ ക്ലര്‍ക്ക് പറഞ്ഞത് ഇത്രമാത്രമാണത്രെ.
"സാറിനെപ്പോലെ മുഖസ്തുതിയില്‍ വീഴാത്ത ഒരോഫീസര്‍ ഈ ലോകത്ത് വേറെയില്ല''.
സ്തുതികേട്ട് ഫ്ളാറ്റായിവീണ ഓഫീസറെ പിന്നെ നാലുപേര്‍ കൂടിയാണ് പിടിച്ചെണീല്‍പിച്ചത്.
ശ്രീ കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന
ഗംഭീരം!
നര്‍മ്മഭാവന ആണേല്‍ ഇതുപോലെ വേണം...മറ്റൊരു മുഖസ്തുതി...ഹേ..വളരെ നന്നായിരിക്കുന്നു
ഇഷ്ടപ്പെട്ടു!
മുഖസ്തുതി പറയുന്നതാണെന്നു വിചാരിക്കരുത്, വളരെ നന്നായി ഈ പോസ്റ്റ്. :)
"ഉറച്ച മനസ്സുള്ളവര്‍, ജീവിതത്തില്‍ വിശാലമായ കാഴ്ചപ്പാടുള്ളവര്‍....... തുടങ്ങിയവരെ ഒരു സ്തുതിക്കും ഇളക്കാന്‍ കഴിയുകയില്ല."
ഈ സ്തുതി വിശാലമനസ്ക്കനെ ഉദ്ദേശിച്ചാണോ?
വീണിതല്ലോ കിടക്കുന്നു
വിശാലമനസ്ക്കന്‍..മുകളില്‍..:)
നന്ദി വിശാലമനസ്കന്‍, കേരളക്കാരന്‍, പാമരന്‍, ശ്രീലാല്‍, അനോണിമസ്...
Post a Comment