Thursday, June 25, 2009

ഹബീബ് തന്‍വീര്‍: ജീവിതത്തിന്റെ ചോരച്ചൂട്

ഹബീബ് തന്‍വീര്‍ ഒരു നവോത്ഥാന വ്യക്തിത്വമാണ്. നാടകം എഴുതാതിരിക്കാനും വിവര്‍ത്തനം ചെയ്യാതിരിക്കാനും വിദേശനാടകങ്ങള്‍ കണ്ടെത്തി അതിനെ അരങ്ങിലേക്ക് പറിച്ചുനടാതിരിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. സംവിധായകരിലെ മാസ്റ്റര്‍, കേമനായ നടന്‍, നല്ല പാട്ടുകാരന്‍, കവി, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ഡിസൈനര്‍...എല്ലാമായിരുന്നു ഹബീബ് സാബ്. കൃത്യം അമ്പതുവര്‍ഷം ഭാര്യ മോനിക്കയോടൊപ്പം നയാ തിയറ്ററിനെ നയിച്ചത് അദ്ദേഹമായിരുന്നു, മോനിക്കയുടെ മരണശേഷം ഒറ്റക്കും. ചെറുപ്പക്കാരായ നാടകപ്രവര്‍ത്തകരുടെ തലമുറകള്‍ക്ക് അദ്ദേഹം നിരൂപകനും, സൈദ്ധാന്തികനും ദാര്‍ശനികനും ഗുരുവുമൊക്കെയായിരുന്നു. ആറു പതിറ്റാണ്ടുനീണ്ട ബൃഹത്തും സമൃദ്ധവുമായ നാടക ജീവിതത്തില്‍ ഗാഢമായ സാമൂഹ്യാവബോധവും സാമൂഹ്യ ഇടപെടലും കാത്തുസൂക്ഷിച്ച ജനകീയ ധൈഷണികനായ ഹബീബ് തന്‍വീര്‍ പുരോഗമന, മതനിരപേക്ഷ ആശയങ്ങളുമായി തന്റെ പേര് കൂട്ടിച്ചേര്‍ക്കുന്നതില്‍ ഒട്ടും മടികാണിച്ചില്ല. അതിനുവേണ്ടി എക്കാലവും ശക്തമായി നിലകൊള്ളുകയും ചെയ്തു.

അദ്ദേഹത്തിന്റെ മരണത്തിന് മൂന്നുദിവസങ്ങള്‍ക്കുശേഷമാണ് ഈ വരികള്‍ എഴുതുന്നത്. ആദരാഞ്ജലികളുടെ പ്രവാഹമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. അദ്ദേഹം അര്‍ഹിക്കുന്ന തരത്തിലുള്ള ആദരമായിരുന്നു ദൃശ്യമാധ്യമങ്ങള്‍ അടക്കമുള്ള മാധ്യമങ്ങള്‍ നല്‍കിയത്.

എങ്ങനെയാണ് ഹബീബ് തന്‍വീര്‍ ഇത്രയും ശ്രദ്ധേയനായ ഒരു കലാകാരനായത്. 1958ല്‍ ഇംഗ്ളണ്ടില്‍ നിന്നും യൂറോപ്പില്‍ നിന്നും മടങ്ങുമ്പോള്‍ തന്നെ ആവിഷ്കാരത്തിന്റെ ഭാഷാശൈലി എങ്ങനെ രൂപപ്പെടുത്തണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ടി(റാഡ)ല്‍ നിന്നും ഓള്‍ഡ് വിക്കില്‍ നിന്നും പഠിച്ചതില്‍ നിന്ന് ഭിന്നമാവണം അതെന്നും നിശ്ചയിച്ചുറപ്പിച്ചു. പ്രാചീന സംസ്കൃത നാടകങ്ങളില്‍ പ്രത്യേകിച്ച് അതിന്റെ ലാളിത്യത്തിലും ആവിഷ്കാരക്ഷമതയിലും ആകൃഷ്ടനായിരുന്ന അദ്ദേഹം സ്വന്തം നാടകപരീക്ഷണങ്ങളില്‍ ഇവയുടെ സാധ്യതയും ഉപയോഗിച്ചു. ഒപ്പം ബെര്‍തോള്‍ഡ് ബ്രെഹ്തിന്റെ ബെര്‍ലിനെര്‍ എന്‍സെംബിളും അദ്ദേഹത്തെ സ്വാധീനിച്ചു. തന്‍വീര്‍ ബെര്‍ലിനില്‍ എത്തുമ്പോഴേക്കും ബ്രെഹ്ത് മരിച്ചിരുന്നു. ബ്രെഹ്തിന്റെ ഭാര്യയും വിഖ്യാത നടിയുമായ ഹെലെന്‍ വെയ്ഗലുമായി അദ്ദേഹം സന്ധിച്ചു. അവരുടെ എല്ലാ നാടങ്ങളും അദ്ദേഹം കണ്ടു. അവിടെയും അദ്ദേഹം കണ്ടത് ലാളിത്യവും സംവേദനക്ഷമതയും തന്നെയായിരുന്നു.

പ്രാചീന സംസ്കൃത നാടകങ്ങളെക്കുറിച്ചറിയാനായി പലരും നാട്യശാസ്ത്രത്തിന്റെ വഴിയിലാണ് സഞ്ചരിച്ചത്. പുസ്തകങ്ങള്‍ കാര്‍ന്നു തിന്നുന്ന ഇക്കൂട്ടര്‍ എങ്ങനെയാണ് നാടകങ്ങള്‍ പണ്ടുകാലത്ത് അരങ്ങേറിയത് എന്നതിനെക്കുറിച്ചുള്ള സൂചനകള്‍ തേടി. രാജ്യത്തെ പ്രധാന സംവിധായകരില്‍ ഒരാള്‍ സംവിധാനം ചെയ്ത ശാകുന്തളം ഞാന്‍ കണ്ടിരുന്നു. അഭിനേതാക്കള്‍ സംസ്കൃതമാണ് പറഞ്ഞത്. വേഷവിധാനങ്ങളെല്ലാം നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളത്. പഴയകാലത്തേതിനുസമാനമായ ഒരു വേദി പുനഃസൃഷ്ടിച്ചു. അതൊരു അറുബോറന്‍ സൃഷ്ടിയായിരുന്നു. എത്രമാത്രം അധ്വാനം, ശ്രദ്ധാപൂര്‍വമായ തയ്യാറെടുപ്പുകള്‍. ഒരു പാവം നാടകത്തെ കൊലപ്പെടുത്താന്‍ ഇത്രയൊക്കെ വേണമായിരുന്നോ എന്നായിരുന്നു ആ നാടകം കണ്ടപ്പോള്‍ തോന്നിയത്.

ഹബീബ് തന്‍വീറിന് തന്റെ നാട്യശാസ്ത്രം അറിയാമായിരുന്നു. അതില്‍ അദ്ദേഹം ചെറിയ തെറ്റുപോലും വരുത്തിയില്ല. സ്വന്തം തിയറ്ററിന്റെ പണ്ഡിതനും ധൈഷണികനും നരവംശശാസ്ത്രജ്ഞനും കൂടിയായിരുന്നു അദ്ദേഹം. സമയം, ഇടം, പ്രയോഗം (ടൈം, സ്പേസ്, ആക്ഷന്‍) എന്ന ത്രിത്വത്തെയാണ് അരിസ്റ്റോട്ടിലിയന്‍ തത്വങ്ങളെ അടിസ്ഥാനമാക്കുന്ന പാശ്ചാത്യ നാടകങ്ങള്‍ ആവശ്യപ്പെടുന്നത്. സംസ്കൃത നാടകങ്ങളാവട്ടെ ഈ ത്രിത്വത്തെ നിഷേധിക്കുന്നവയാണ്. സംസ്കൃതക്ളാസിക്കുകള്‍ യഥാതഥമായി അരങ്ങേറുമ്പോള്‍ എഴുതപ്പെട്ടതില്‍ ഉണ്ടെന്ന് തോന്നുന്ന വ്യതിയാനങ്ങളെ പരുപരുത്ത ഗ്രാമീണ നാടകസങ്കേതങ്ങള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ മറികടക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിന് മനസ്സിലാവുന്നു. സംസ്കൃതനാടകങ്ങളിലും ബ്രെഹ്തിന്റെ നാടകങ്ങളിലും ഉള്ളതിനെക്കാള്‍ കൂടുതല്‍ ലാളിത്യവും സംവേദനക്ഷമതയും ഛത്തീസ്ഗഡിലെ ഗ്രാമീണ നാടകരൂപമായ 'നാച്ച'യില്‍ അദ്ദേഹം കണ്ടെത്തി. നാട്യശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്ന ഒരു ചെറിയ പ്രയോഗം പോലും യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നില്ലെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഗ്രാമീണ നാടകങ്ങളില്‍ പ്രയോഗിക്കുന്ന സങ്കേതങ്ങള്‍ സമാനമാണെന്നും അദ്ദേഹത്തിനുള്ളിലെ നരവംശശാസ്ത്രജ്ഞന്‍ കണ്ടെത്തി.

മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ പ്രാചീന ഇന്ത്യയിലെ ക്ളാസിക്കല്‍ നാടകങ്ങളെയും ആധുനിക ഇന്ത്യയിലെ ഗ്രാമീണനാടക രൂപങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ചരടുണ്ട്. ഇതാകട്ടെ വര്‍ത്തുളവും മുറിഞ്ഞതുമായിരുന്നു. ഈ ബന്ധം ഏപ്പോഴും വ്യക്തമായിരുന്നില്ല. എങ്കിലും ഒരു ബന്ധം ഉണ്ടായിരുന്നു. അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നെങ്കില്‍ ക്ളാസിക്കല്‍, നാടോടി നാടകങ്ങള്‍ തമ്മിലും ഉയര്‍ന്നതും താണതും തമ്മിലും 'മാര്‍ഗി'യും 'ദേശി'യും തമ്മിലും മൌലികമായ വിടവിന് സാധ്യതയുണ്ടാവുകയില്ല. ഇത് ഒരു അസാധാരണമായ ഉള്‍ക്കാഴ്ചയാണ്. ഇങ്ങനെയൊരു ഉള്‍ക്കാഴ്ചയിലെത്തുക എളുപ്പവുമല്ല. നൃത്തത്തിലെയും സംഗീതത്തിലെയും ക്ളാസിക്കല്‍ പാരമ്പര്യം കണ്ടെത്തുകയെന്നത് 'ദേശി'യും 'മാര്‍ഗി'യും തമ്മിലുള്ള അകല്‍ച്ചയെന്ന വൈരുധ്യത്തില്‍ ഊന്നുക കൂടിയാണ്. ഈ നിഗൂഢത ആദ്യം കണ്ടെത്തിയവരില്‍ ഒരാളാണ് ഹബീബ് തന്‍വീര്‍.

ഗ്രാമീണ നാടകസങ്കേതങ്ങള്‍ക്കുവേണ്ടിയല്ല, ഈ നാടകങ്ങളിലെ നടന്മാര്‍ക്കു വേണ്ടി അലഞ്ഞു എന്നതാണ് തന്‍വീറിന്റെ ഉള്‍ക്കാഴ്ചയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. 'നാച്ച' ശില്പശാലകള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം അമ്പതുകളുടെ ഒടുവില്‍ പലവട്ടം ഛത്തീസ്ഗഡിലെ ഗ്രാമങ്ങളില്‍ യാത്ര ചെയ്തു. ഖൈരാഗഡില്‍ 2001ല്‍ സംഘടിപ്പിച്ച നാച്ച ശില്പശാലയില്‍ ഞാനും പങ്കെടുത്തിരുന്നു. അത് അത്ഭുതകരമായ അനുഭവമായിരുന്നു. സംസ്ഥാനത്തെങ്ങുമുള്ള നാച്ച ട്രൂപ്പുകള്‍ അവിടെയെത്തിയിരുന്നു. ഓരോ സംഘം ഓരോ ദിവസം പാട്ടും നാടകവും നൃത്തവും അവതരിപ്പിച്ചു. ചുണ്ടത്തുവച്ച പൈപ്പില്‍ നിന്ന് പുകയൂതിക്കൊണ്ട്, കാണുന്ന കലാകാരന്മാരുമായി സംസാരിച്ച് അവര്‍ പറയുന്നതും പാടുന്നതുമെല്ലാം ഹബീബ് സാബ് കുറിച്ചെടുക്കുന്നതു കാണാമായിരുന്നു. നാടകത്തിന്റെ രീതിശാസ്ത്രങ്ങളെയും നാടകപൈതൃകത്തെയും സ്ക്രിപ്റ്റിന്റെ ആശയഉറവിടത്തെയും കുറിച്ച് അദ്ദേഹം നാടകപ്രവര്‍ത്തകരോട് ചോദിച്ചറിഞ്ഞു. മോനിക്കാദീദിക്ക് ശ്രദ്ധ ഗ്രാമീണ നാടകപ്രവര്‍ത്തകരുടെ വേഷവിധാനത്തിലും മുഖച്ചമയങ്ങളിലും പാഴ്വസ്തുക്കളില്‍നിന്ന് അവര്‍ മെനഞ്ഞെടുത്ത ആഭരണങ്ങളിലുമായിരുന്നു. തന്റെ ട്രൂപ്പിലെ ഗായകരോട് നാച്ച കലാകാരന്മാര്‍ക്കൊപ്പം പാടി പുതിയ പാട്ടുകളും ഈണങ്ങളും പഠിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഇതിനിടയില്‍ അവിടെ കൂടിയവരില്‍ നിന്ന് ഒരു നാടകം രൂപപ്പെടുത്തുന്നതിലും അദ്ദേഹം ദത്തശ്രദ്ധനായി. ഒരു കടുവ അഹിംസാവാദിയായി മാറുന്നതിനെക്കുറിച്ചുള്ള 'ചന്ദന്‍വന്‍ കി ബാഘ്' എന്ന നാടകം അങ്ങനെ രൂപപ്പെട്ടതാണ്. മൂന്നാഴ്ച നീണ്ട ഈ ശില്പശാലക്കൊടുവില്‍ അദ്ദേഹത്തിന്റെ സ്വന്തം ട്രൂപ്പായ നയാ തിയറ്ററിലെ പ്രവര്‍ത്തകര്‍ നാച്ചാ കലാകാരന്മാരെ അവരുടെ സംഘത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചു. ചരണ്‍ദാസ് ചോര്‍ എന്ന വിഖ്യാത നാടകത്തില്‍ ഇപ്പോള്‍ ഗുരുവായി അഭിനയിക്കുന്ന മന്‍ഹരന്‍ എന്ന കലാകാരന്‍ ഈ ശില്പശാലയുടെ കണ്ടെത്തലാണ്.

താന്‍ ഗ്രാമീണനാടകരൂപങ്ങള്‍ തേടിയല്ല, ഗ്രാമീണ കലാകാരന്മാരെ തേടിയാണ് അലയുന്നതെന്ന് അദ്ദേഹം എല്ലാ സംഭാഷണങ്ങളിലും അഭിമുഖങ്ങളിലും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഇങ്ങനെയുള്ള ഊന്നിപ്പറയലുകള്‍ക്ക് കാരണം തേടി കൂടുതല്‍ കഷ്ടപ്പെടേണ്ടതില്ല. 'നാടോടി നാടകവേദിയുടെ സമകാലിക സാധ്യതകള്‍' എന്ന വിഷയത്തില്‍ 1971ല്‍ സംഗീത നാടക അക്കാദമി ഒരു വട്ടമേശ സമ്മേളനം നടത്തിയിരുന്നു. അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ച സുരേഷ് അവസ്തിയും തിയറ്റര്‍ ഓഫ് ദ റൂട്സിന്റെ ആചാര്യന്‍ നെമിചന്ദ്ര ജെയിനും ആയിരുന്നു ഈ സമ്മേളനത്തിന്റെ പ്രേരണാശക്തികള്‍. കണിശക്കാരനായിരുന്നെങ്കിലും നെമിണ്‍ചന്ദ്ര ജെയിനിന് പ്രായോഗിക പരിചയം കുറവായിരുന്നു. തിയറ്റര്‍ ഓഫ് ദ റൂട്സിന്റെ മുദ്രാവാക്യം ഏറ്റെടുക്കാന്‍ ബാദല്‍ സര്‍ക്കാര്‍, ഉത്പല്‍ ദത്ത്, വിജയ് തെണ്ടുല്‍ക്കര്‍, ഗിരീഷ് കര്‍ണാഡ്, ഇബ്രാഹിം അല്‍കാസി തുടങ്ങി വട്ടമേശ സമ്മേളനത്തിലെ അംഗങ്ങള്‍ ഏറെ ശ്രദ്ധകാട്ടി. എണ്‍പതുകളുടെ തുടക്കത്തിലാണ് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന നാടോടി കലാരൂപങ്ങളെ ഡോക്യുമെന്റ് ചെയ്യാന്‍ ഫോഡ് ഫൌണ്ടേഷന്‍ പണം നല്‍കാന്‍ തുടങ്ങിയത്. അതിന് അവര്‍ക്ക് സമകാല നാടകപ്രവര്‍ത്തകരെ ഉപയോഗിക്കേണ്ടതായും വന്നു. 1984ല്‍ നാടോടി നാടകങ്ങളില്‍ നിന്ന് സ്വാംശീകരിച്ച ശൈലീകൃത പാരമ്പര്യം ഉപയോഗിച്ച് നാടകം നിര്‍മിക്കാന്‍ യുവ നാടകപ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഒരു പദ്ധതിക്ക് അക്കാദമി മുന്‍കൈയെടുത്തിരുന്നു. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സങ്കുചിത പ്രാദേശികവാദത്തെ പ്രതിരോധിക്കാനായി നാടോടി നാടകങ്ങളുടെ പരീക്ഷണങ്ങള്‍ക്കുവേണ്ടി ഒരു ഡസന്‍ തിയറ്റര്‍ ലാബറട്ടറികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ഫോഡ് മുന്‍കൈയെടുത്തിരുന്നു.

അക്കാദമിയും ഫോഡ് ഫൌണ്ടേഷനും ചേര്‍ന്നുള്ള ഈ ശ്രമങ്ങള്‍ക്ക് രണ്ട് തലങ്ങളുണ്ട്. ഒന്ന്: ഗ്രാമീണ നാടകവേദിയുമായി ബന്ധമില്ലാത്തതും ആധികാരികതക്കുവേണ്ടി ശ്രമിക്കുന്നവരുമായ നഗരങ്ങളിലെ നാടകപ്രവര്‍ത്തകര്‍ക്കുവേണ്ടിയായിരുന്നു ഇതെല്ലാം. രണ്ട്: ആഴത്തില്‍ പ്രത്യയശാസ്ത്രപരമായിരുന്ന ഈ ശ്രമങ്ങള്‍ തിരക്കഥയെ അവഗണിച്ച് പാട്ട്, നൃത്തം തുടങ്ങിയ ഔപചാരികതലങ്ങളില്‍ ഊന്നിയതായിരുന്നു. ഇത് തുറന്ന അരാഷ്ട്രീയതയിലാണ് കലാശിച്ചത്. ഫോഡിന്റെയും അക്കാദമിയുടെയും ശില്പശാലകളില്‍ തുടക്കത്തില്‍ പങ്കെടുത്തുവെങ്കിലും ഇത്തരം ശ്രമങ്ങളെ എക്കാലവും സംശയത്തോടെയാണ് ഹബീബ് തന്‍വീര്‍ നോക്കിക്കണ്ടത്. വിദേശത്തും അദ്ദേഹം നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. 1982ലെ എഡിന്‍ബറോ ഫെസ്റ്റിവലില്‍ ഒന്നാം സമ്മാനം നേടിയെങ്കിലും വിദേശപ്രേക്ഷകര്‍ക്കുവേണ്ടി ഒരിക്കലും അദ്ദേഹം നാടകം ചെയ്തിരുന്നില്ല. തനിക്ക് പറയാനുള്ള കാര്യങ്ങളെപ്പറ്റി പറയുന്നതില്‍ അദ്ദേഹം അദ്വിതീയനായിരുന്നു.

എണ്‍പതുകളുടെ മധ്യം മുതലായിരുന്നു അദ്ദേഹത്തിന്റെ നാടകപരീക്ഷണങ്ങളുടെ മൌലികമായ മാറ്റങ്ങളുടെ രണ്ടാംഘട്ടം. ഒന്നാമത്തേത് അദ്ദേഹം ഇന്ത്യന്‍ പീപ്പിള്‍ തിയറ്റര്‍ അസോസിയേഷനില്‍ ചേര്‍ന്ന കാലമായിരുന്നു. രാജീവ്ഗാന്ധിയും നരസിംഹറാവുവും നവലിബറല്‍ സാമ്പത്തിക നയത്തിന്റെ സ്റ്റീംറോളര്‍ ദരിദ്രരുടെ മേല്‍ ഉരുട്ടിക്കയറ്റുകയും ഹിന്ദുത്വവാദം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടനക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്ത വര്‍ഷങ്ങളാണ് രണ്ടാം ഘട്ടം. 1985 മുതലുള്ള ഹബീബ് തന്‍വീറിന്റെ നാടകങ്ങള്‍ രാഷ്ട്രീയനാടകങ്ങള്‍ തന്നെയായിരുന്നു. 'ഹിര്‍മ കി അമര്‍ കഹാനി', 'സഡക്' എന്നിവ വികസനത്തെയും ആദിവാസികളെയും കുറിച്ചായിരുന്നു. 'മോട്ടേറാം കി സത്യഗ്രഹ', 'ബാഘ്', 'ജിസ് ലാഹോര്‍ നഹി ദേഖ്യാ വോ ജന്‍മിയ ഹി നഹി' എന്നിവയില്‍ വര്‍ഗീയതയാണ് വിഷയം. മാക്സിം ഗോര്‍ക്കിയുടെ 'എനിമീസി'ന് സഫ്ദര്‍ ഹശ്മി നല്‍കിയ നാടകാഖ്യാനം ഹബീബ് തന്‍വീര്‍ സംവിധാനം ചെയ്തപ്പോള്‍ അത് ശക്തമായ മുതലാളിത്തവിരുദ്ധ സൃഷ്ടിയായി. 'സഹരീലി ഹവ' ഭോപ്പാല്‍ വിഷവാതക ദുരന്തത്തെ പരാമര്‍ശവിഷയമാക്കിയപ്പോള്‍ ഹിംസയും അഹിംസയുാണ് 'രാജ് രക്തി'ന്റെ ഇതിവൃത്തം. സംഘപരിവാറിന്റെ കടന്നാക്രമണത്തിന് വിധേയമായതുകൊണ്ടുതന്നെ 'പോങ്കാ പണ്ഡിറ്റ്' അരങ്ങേറിയ വേദികളുടെ എണ്ണം തിട്ടപ്പെടുത്തുക വയ്യ. സംഘപരിവാറിന്റെ ശാരീരികാക്രമണങ്ങള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന അദ്ദേഹം സാമൂഹികപ്രതിബദ്ധതയുടെയും ധീരതയുടെയും പുതിയ പാഠമാണ് നമുക്ക് നല്‍കിയത്.

അറുപത് വയസ് തികഞ്ഞ 1983ലാണ് അദ്ദേഹം സര്‍ഗാത്മകയുടെ ഉത്തുംഗങ്ങളിലെത്തിയത്. സംവിധാനം ചെയ്ത നാടകങ്ങളുമായി ഹബീബ് സാബ് ഇന്ത്യയിലും വിദേശത്തും നാടോടിയെപ്പോലെ അലഞ്ഞു. കൈവന്ന അംഗീകാരങ്ങളുടെ ആലസ്യത്തില്‍ വിശ്രമിക്കാന്‍ എളുപ്പമായിരുന്ന ആ കാലത്ത് അദ്ദേഹം അങ്ങേയറ്റം ഊര്‍ജസ്വലനായി കാണപ്പെട്ടിരുന്നു. നാടകങ്ങള്‍ സംവിധാനം ചെയ്തും നാടകശില്‍പശാലകളിലും നാടകസ്കൂളുകളിലും ക്ളാസെടുത്തും ലോകമെങ്ങും യാത്രചെയ്തും അദ്ദേഹം അലഞ്ഞു. സ്റ്റഫ് ചെയ്ത ഒരു പുലിയെപ്പോലെ നിരുപദ്രവകാരിയാവാനോ ഒരു മ്യൂസിയം വസ്തുപോലെ നിര്‍ഗുണനാവാനോ പഴയ ക്ഷോഭത്തിന്റെ സ്മാരകമാവാനോ അദ്ദേഹം തയ്യാറായിരുന്നില്ല. അവസാനശ്വാസം വരെ ഒരു ദീപസ്തംഭമായി, ഒരു പോരാളിയായി അദ്ദേഹം അരങ്ങു നിറയുകയായിരുന്നു.

സലാം, ഹബീബ് സാബ്, ഞങ്ങള്‍ക്ക് വെളിച്ചവും ഊഷ്മളതയും സമ്മാനിച്ച നിങ്ങളുടെ ചോരച്ചൂടുള്ള ജീവിതത്തിന്.

*
സുധന്‍വ ദേശ്‌പാണ്ഡെ കടപ്പാട്: ദേശാഭിമാനി വാരിക 2009 ജൂണ്‍ 28 ലക്കം

അധിക വായനയ്ക്ക്

ഹബീബ് തന്‍‌വീറിനെക്കുറിച്ചുള്ള വിക്കി പേജ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഹബീബ് തന്‍വീര്‍ ഒരു നവോത്ഥാന വ്യക്തിത്വമാണ്. നാടകം എഴുതാതിരിക്കാനും വിവര്‍ത്തനം ചെയ്യാതിരിക്കാനും വിദേശനാടകങ്ങള്‍ കണ്ടെത്തി അതിനെ അരങ്ങിലേക്ക് പറിച്ചുനടാതിരിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. സംവിധായകരിലെ മാസ്റ്റര്‍, കേമനായ നടന്‍, നല്ല പാട്ടുകാരന്‍, കവി, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ഡിസൈനര്‍...എല്ലാമായിരുന്നു ഹബീബ് സാബ്. കൃത്യം അമ്പതുവര്‍ഷം ഭാര്യ മോനിക്കയോടൊപ്പം നയാ തിയറ്ററിനെ നയിച്ചത് അദ്ദേഹമായിരുന്നു, മോനിക്കയുടെ മരണശേഷം ഒറ്റക്കും. ചെറുപ്പക്കാരായ നാടകപ്രവര്‍ത്തകരുടെ തലമുറകള്‍ക്ക് അദ്ദേഹം നിരൂപകനും, സൈദ്ധാന്തികനും ദാര്‍ശനികനും ഗുരുവുമൊക്കെയായിരുന്നു. ആറു പതിറ്റാണ്ടുനീണ്ട ബൃഹത്തും സമൃദ്ധവുമായ നാടക ജീവിതത്തില്‍ ഗാഢമായ സാമൂഹ്യാവബോധവും സാമൂഹ്യ ഇടപെടലും കാത്തുസൂക്ഷിച്ച ജനകീയ ധൈഷണികനായ ഹബീബ് തന്‍വീര്‍ പുരോഗമന, മതനിരപേക്ഷ ആശയങ്ങളുമായി തന്റെ പേര് കൂട്ടിച്ചേര്‍ക്കുന്നതില്‍ ഒട്ടും മടികാണിച്ചില്ല. അതിനുവേണ്ടി എക്കാലവും ശക്തമായി നിലകൊള്ളുകയും ചെയ്തു.

സുധന്‍വ ദേശ്‌പാണ്ഡെ എഴുതിയ ഓര്‍മ്മക്കുറിപ്പ്..