Monday, June 22, 2009

'വീക്ഷണ'ത്തിന്റെ വീക്ഷണ വൈകല്യം

ഇ എം എസിന്റെ ജന്മശതാബ്ദിവേളയില്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തില്‍ (പുസ്തകം 31, ലക്കം 922, 2009 ജൂണ്‍ 16 ചൊവ്വ) 'ഗവേഷകനും ചരിത്രാധ്യാപകനു'മായ ഡോ. എം.എസ് ജയപ്രകാശ് എഴുതിയ 'ഇ എം എസ് ഭക്തര്‍ വിളമ്പുന്ന നുണക്കഥ' എന്ന ലേഖനം ഗവേഷണ ചരിത്രവിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതിനു തുല്യമാണ്. വസ്തുതകള്‍ക്ക് തീരെ വിരുദ്ധമായ കാര്യങ്ങളാണ്, ശുദ്ധ നുണയാണ്, ജയപ്രകാശ് "വീക്ഷണ''ത്തില്‍ വിളമ്പുന്നത്. വീക്ഷണം വായനക്കാര്‍ക്ക് രസിക്കാവുന്നവിധത്തിലെഴുതാന്‍ പത്രാധിപര്‍ നിര്‍ദ്ദേശിച്ചിട്ടാവുമോ ഇതെഴുതിയത് എന്നു മാത്രമെ അറിയാനുള്ളൂ.

ഇ എം എസ് സ്വത്തുവിറ്റത് രണ്ടു പ്രാവശ്യമായിട്ടാണ്. വിവാഹത്തിനുമുമ്പും പിമ്പും. വിവാഹത്തിനുമുമ്പ് ആകെയുണ്ടായിരുന്ന സ്വത്ത് പന്ത്രണ്ട് ഓഹരിയായിട്ടാണ് കുടുംബത്തില്‍ വീതം വെച്ചത്. ഇതില്‍ ആറ് ഓഹരികള്‍ ഇ എം എസിന്റെ അച്ഛന്റെ ആദ്യഭാര്യയിലെ മൂത്തമകനായ (വല്യേട്ടന്‍) ഇ എം രാമന്‍ നമ്പൂതിരിപ്പാടിനായിരുന്നു. (രാമന്‍നമ്പൂതിരിപ്പാടിനും ഭാര്യയ്ക്കും നാലുമക്കള്‍ക്കും ഉള്‍പ്പെടെ). കുഞ്ഞനിയേട്ടന്‍ (ഇ എം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്) ഇ എം എസിന്റെ അച്ഛന്റെ ആദ്യഭാര്യയിലെ രണ്ടാമത്തെ മകന്‍. അദ്ദേഹം ഓഹരിവെയ്ക്കുമ്പോള്‍ വിവാഹിതനായിരുന്നു. അദ്ദേഹത്തിന് അന്ന് കുട്ടികളുണ്ടായിരുന്നില്ല; വിവാഹം കഴിഞ്ഞ സമയം അദ്ദേഹത്തിനും ഭാര്യയ്ക്കും ഓരോ ഓഹരി. ഇ എം എസിന്റെ ജ്യേഷ്ഠന്‍ കുഞ്ഞുണ്ണിയേട്ടന്‍ (ഇ എം പരമേശ്വരന്‍ നമ്പൂതിരിപ്പാട്) അന്ന് വിവാഹിതനായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് രണ്ട് ഓഹരി. ഇ എം എസ് അവിവാഹിതനായിരുന്നതിനാല്‍ ഒരോഹരി. കുഞ്ഞുണ്ണിയേട്ടനും ഇ എം എസു രണ്ടാം ഭാര്യയിലെ മക്കളാണ്. ഇ എം എസിന്റെ അമ്മയ്ക്ക് ഒരോഹരി. ഇങ്ങനെയാണ് പന്ത്രണ്ട് ഓഹരികള്‍.

അമ്മ മരിക്കുന്നതിനുമുമ്പുതന്നെ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലും മറ്റും തനിക്ക് ലഭിച്ച ഭാഗസ്വത്തുക്കള്‍ വിറ്റ് ഇ എം എസ് പാര്‍ടിക്ക് കൊടുത്തിരുന്നു. ഇ എം എസിന്റെ അമ്മ, പതിവിനുവിപരീതമായി, തന്റെ ഓഹരി പെണ്‍ക്കള്‍ക്ക് തുല്യമായി വീതിച്ചുകൊടുത്തു. സാധാരണയായി ആണ്‍കുട്ടികള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും മാത്രമെ പിതൃസ്വത്തിന് അവകാശമുള്ളൂ. പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുത്താല്‍, വിവാഹം കഴിച്ച ഇല്ലത്തെ സ്വത്തിനേ പെണ്‍മക്കള്‍ക്ക് അവകാശമുള്ളൂ. ഈ പതിവാണ് ഇ എം എസിന്റെ അമ്മ തെറ്റിച്ചത്. ആജ്ഞാശക്തിയും സ്വപ്രത്യയ സ്ഥൈര്യവുമുള്ള അവരുടെ പ്രവൃത്തി അന്നത്തെ തലമുറയ്ക്ക് അത്ഭുതമായിരുന്നു. അതിനുമുമ്പ് ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലതാനും.

അമ്മയുടെ മരണത്തിനുശേഷമായിരുന്നു ഇ എം എസിന്റെ വിവാഹം. 1948-52 കാലത്ത്, വിവാഹത്തിനുശേഷം, ഇരുപത്തിയേഴുമാസം ഇ എം എസ് ഒളിവില്‍ പോയി. ഇ എം എസ് എഴുതുന്നു:

"ഇരുപത്തി ഏഴുമാസത്തെ ഒളിവു ജീവിതത്തിനിടയ്ക്ക് ഒരിക്കല്‍പോലും ഞാനെന്റെ ഭാര്യയെയോ കുഞ്ഞുമോളെയോ കണ്ടില്ല. ഒരു തവണമാത്രം ഒരു കത്തെഴുതി. ഞാന്‍ ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്നതിനെച്ചൊല്ലി നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്ന കാലമാണത്. എന്റെ ഭാര്യ ആകെ ഭയപ്പെട്ടു. ഇനിയെന്നെങ്കിലും എന്നെ ജീവനോടെ കാണാനാകുമോ? അവര്‍ വ്യാകുലപ്പെട്ടു. മകളില്‍ ആശ്വാസംകണ്ട് അവര്‍ ദിവസങ്ങള്‍ തള്ളിനീക്കി.

"ഞാന്‍ ഒളിവില്‍ പോയത് എന്റെ ഭാര്യയെ മാത്രമല്ല, അവരുടെ അമ്മയെയും സഹോദരനെയും കൂടി അമ്പരപ്പിച്ചു. എന്റെ മുന്‍കാല ചരിത്രമറിയാവുന്ന അവര്‍, ഞാനൊരിക്കല്‍കൂടി തടവിലാക്കപ്പെട്ടിരുന്നെങ്കില്‍ അത്ഭുതപ്പെടുമായിരുന്നില്ല. ഞാന്‍ ഒളിവില്‍പോയതോടെ തറവാട്ടില്‍നിന്ന് ഭാഗമായി കിട്ടിയ എന്റെ സ്വത്തുക്കളെല്ലാം ഗവണ്‍മെന്റ് കണ്ടുകെട്ടി. ഇത് അവരെ കൂടുതല്‍ സ്തബ്ധരാക്കി. എന്നെ പിടിച്ചുകൊടുക്കുകയോ പിടിക്കാന്‍ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് 10,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നല്ലോ. സ്വത്ത് കണ്ടുകെട്ടല്‍ നടപടി എന്നെ പിടികൂടാനുള്ള അവസാനത്തെ അടവായാണ് ഗവണ്‍മെന്റ് കണക്കാക്കിയിരുന്നത്.

"എന്റെ പേരിലുള്ള വാറണ്ട് പിന്‍വലിച്ചതോടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ എനിക്കു മടക്കികിട്ടി. എന്നാല്‍ ഈ കണ്ടുകെട്ടല്‍ നടപടി എന്റെ ഭാര്യയുടെ ബന്ധുക്കളുടെ കണ്ണുതുറപ്പിച്ചു. തങ്ങള്‍ ആലോചിച്ചുറപ്പിച്ച ഈ വിവാഹം അബദ്ധമായോ എന്നവര്‍ ഭയപ്പെട്ടു. പോരാത്തതിന് ഗവണ്‍മെന്റില്‍നിന്നു വിട്ടുകിട്ടിയ സ്വത്ത് ഒട്ടാകെ ഞാന്‍ വില്‍ക്കുകയും പണം മുഴുവന്‍ പാര്‍ട്ടിക്കു നല്‍കുകയും ചെയ്തിരുന്നു.

"അഞ്ചുവര്‍ഷം മുമ്പ് ഈ വിവാഹം നടത്തുമ്പോള്‍ എന്റെ ഭാര്യയുടെ ബന്ധുക്കള്‍ തികച്ചും ഉത്സാഹഭരിതരായിരുന്നു. നല്ല തറവാട്, ബുദ്ധിയുള്ള ചെറുപ്പക്കാരന്‍-വരന്‍ തങ്ങളുടെ കുട്ടിക്ക് തികച്ചും അനുരൂപനെന്നവര്‍ കരുതി. എന്റെ വധൂ സഹോദരനായ ഗൃഹനാഥനാകട്ടെ, ഞാന്‍ കൂടി ഭാഗഭാക്കായ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിലെ നേതാക്കളിലൊരാളായി ഉയര്‍ന്നുവരികയായിരുന്നുതാനും. ലോകത്തിന്റെ ഗതിവിഗതികളെക്കുറിച്ച് തികച്ചും ബോധവാനായ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എന്റെ രാഷ്ട്രീയവും അസ്പൃശ്യമായിരുന്നില്ല. എന്നാല്‍ ഇത്രയും നീണ്ടകാലത്തെ ഒളിവുജീവിതവും സ്വത്ത് വിറ്റ് പാര്‍ടിക്ക് നല്‍കലും അദ്ദേഹത്തിനും സഹിക്കത്തക്കതായിരുന്നില്ല. അദ്ദേഹത്തിന്റെ രോഷം തിളച്ചു മറിയുകയായിരുന്നു. ("ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍-ഇഎംഎസ് ചിന്ത പബ്ളിഷേഴ്സ്, തിരുവനന്തപുരം-ആദ്യ പ്രസിദ്ധീകരണം:1987 ഓഗസ്റ്റ്; പേജ്'' 106-107).

ഇങ്ങനെയാണ് രണ്ടാമത്തെ ഓഹരിയും വിറ്റ് പാര്‍ടിക്ക് കൊടുത്ത ചരിത്രം. ഈ സത്യത്തെ മൂടിവെച്ച് ഇ എം എസ് സ്വത്തുവില്‍ക്കാതെ, അതുപയോഗിച്ച് സ്വന്തം കാര്യം നോക്കി എന്ന് കേരള സമൂഹത്തെ പറഞ്ഞു പറ്റിക്കാന്‍ നോക്കിയാല്‍ ജയപ്രകാശ് സ്വയം വിഡ്ഢിയാവുകയേയുള്ളൂ. ഇന്ത്യയിലെ, കേരളത്തിലെ, പൊതുസമൂഹം ഇ എം എസിന്റെ ജീവിതം സസൂക്ഷ്മം വീക്ഷിച്ചിരുന്നു എന്ന് വീക്ഷണവൈകല്യമില്ലാത്ത എല്ലാവര്‍ക്കും മനസ്സിലാവും.

ഇനി ഇ എം എസ് പറഞ്ഞതുകൊണ്ട് വിശ്വാസം വരുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭൂസ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ആപ്പീസില്‍നിന്ന് പകര്‍പ്പെടുത്ത് തെളിയിക്കാമല്ലോ? എത്ര പഴയ വിവരവും അവിടെനിന്ന് കിട്ടും. അതിനൊന്നും തയ്യാറാവാതെ എം ജി എസ് നാരായണന്റെ വിവരക്കേട് പകുത്തെടുത്ത് വിളമ്പാന്‍ നടക്കുന്നവര്‍ സ്വയം അപഹാസ്യരാവുകയാണ് ചെയ്യുക.

*
ഇ എം രാധ കടപ്പാട് ചിന്ത വാരിക

8 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇ എം എസിന്റെ ജന്മശതാബ്ദിവേളയില്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തില്‍ (പുസ്തകം 31, ലക്കം 922, 2009 ജൂണ്‍ 16 ചൊവ്വ) 'ഗവേഷകനും ചരിത്രാധ്യാപകനു'മായ ഡോ. എം.എസ് ജയപ്രകാശ് എഴുതിയ 'ഇ എം എസ് ഭക്തര്‍ വിളമ്പുന്ന നുണക്കഥ' എന്ന ലേഖനം ഗവേഷണ ചരിത്രവിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതിനു തുല്യമാണ്. വസ്തുതകള്‍ക്ക് തീരെ വിരുദ്ധമായ കാര്യങ്ങളാണ്, ശുദ്ധ നുണയാണ്, ജയപ്രകാശ് "വീക്ഷണ''ത്തില്‍ വിളമ്പുന്നത്. വീക്ഷണം വായനക്കാര്‍ക്ക് രസിക്കാവുന്നവിധത്തിലെഴുതാന്‍ പത്രാധിപര്‍ നിര്‍ദ്ദേശിച്ചിട്ടാവുമോ ഇതെഴുതിയത് എന്നു മാത്രമെ അറിയാനുള്ളൂ.....

ഇ എം രാധ എഴുതുന്നു.....

ശൂന്യന്‍ said...

ഇ എം എസിനെതിരായ വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹം ജനിച്ച സമുദായവുമായി ബന്ധപ്പെടുത്തിയുള്ളതാണ്, തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ സാമുദായിക പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നു. മുഖ്യ ധാരയില്‍ എത്തിയതിനു ശേഷവും സമൂഹ മാറ്റത്തിനുള്ള ഉപാധി എന്ന നിലയില്‍ സാമുദായിക പരിഷ്കരണ ശ്രമങ്ങളെ ഇ എം എസ് അപ്രധാനമായി കണ്ടിരുന്നില്ല എന്നതിന് ചരിത്രം സാക്ഷി,

ഫ്യൂഡല്‍ മേല്‍കോയ്മാ ബോധത്തിന്റെ തടവില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ലാത്ത സവര്‍ണ ബുദ്ധിജീവി തമ്പുരാക്കന്മാരുടെ ഇ എം എസ് വിമര്‍ശം, ബ്രാഹ്മണ്യത്തിന്റെ ചൂഷണങ്ങളെ പൊളിച്ചു കാട്ടിയതില്‍ തുടങ്ങി ഭൂപരിഷ്കരണം അടക്കമുള്ള അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള സഹജമായ അമര്‍ഷത്തില്‍ നിന്നുണ്ടാവുന്നതാണ്.
ചൂഷിതവര്‍ഗ്ഗത്തിന്റെ മോചനത്തിനായുള്ള പോരാട്ടത്തില്‍ നേതൃത്വം വഹിച്ച കുലദ്രോഹിയെ തുറന്നെതിര്‍ക്കുക എന്നത് മേല്‍ പറഞ്ഞ വര്‍ഗ്ഗത്തിന്റെ വര്‍ഗപരമായ കടമയാണ്.
കീഴാള ലേബലൊട്ടിച്ച ബുദ്ധിജീവികളുടെ ഇ എം എസ് വിമര്‍ശങ്ങളുടെ ലോജിക്‌ " ഹേയ്.. ഒരു നമ്പൂരി നല്ലോനാവാന്‍ യാതൊരു വഴീല്യ" എന്ന മുന്‍ വിധിയാണ്. ഇവര്‍ നിര്‍മ്മിച്ച സവര്‍ണ ബ്രാഹ്മണ്യത്തിന്റെ അച്ച്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ദത്ത്‌പുത്രന് പാകമാവില്ല എന്നത് തിരിച്ചറിയാതിടത്തോളം ഇത്തരം വിമര്‍ശനപ്രബന്ധങ്ങള്‍ പിറക്കും.

കുറെ നാളുകള്‍ക്കു മുന്‍പ് ഡോ: കാഞ്ച ഇളയ്യയുടെ വകയായി ഗംഭീര പൂരപ്രബന്ധമൊന്നു പുറത്തു വന്നിരുന്നു, മൂപ്പര് കാഞ്ചി ആഞ്ഞു വലിച്ചെങ്കിലും പൊട്ടിയതൊക്കെ ഉണ്ടയില്ലാ വെടികളായിരുന്നു.

ഇതാ ഒരു സാമ്പിള്‍ വെടി : കീഴാളരുടെ കുടിലുകളില്‍ താമസിച്ചിരുന്നു എന്നതൊക്കെ ഇ എം എസ്സിന്റെ അടവുകളില്‍ ചിലത് മാത്രമാണ്, അദ്ദേഹം ഒരിക്കലും മത്സ്യ മാംസാദികള്‍ ഭക്ഷിച്ചിരുന്നില്ല, തന്റെയുള്ളില്‍ അടിയുറച്ച ബ്രാഹ്മണ്യത്തെ അദ്ദേഹം ഇങ്ങനെ ത്രിപ്തിപ്പെടുതിയിരുന്നു
( വരികളില്‍ മാറ്റമുണ്ടാവാം)
കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഒളിവുകാല പ്രവര്‍ത്തന ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും ജ്ഞാനം ഉണ്ടായിരുന്നെങ്കില്‍ ഇളയ്യ ഇതെഴുന്നള്ളിക്കുമായിരുന്നില്ല. മാംസാഹാരത്തിന്റെ കാര്യത്തിലാണെങ്കില്‍ ഇ എം എസ്സിന്റെ ഭക്ഷണക്രമത്തില്‍ മത്സ്യമാംസാദികള്‍ ഉള്‍പ്പെട്ടിരുന്നു എന്നത് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നവര്‍ക്കെല്ലാം അറിയുന്ന വസ്തുത...
ഇങ്ങനെ ഊഹിച്ചെഴുതിയ പോയന്റുകള്‍ ഒന്നല്ല, ഒരായിരമുണ്ടായിരുന്നു പ്രസ്തുത (വി)കൃതിയില്‍ .
വര്‍ഗ്ഗ രാഷ്ട്രീയത്തിന് ബദലായി എഴുന്നള്ളിക്കപ്പെടുന്ന ക്ഷുദ്ര-പ്രത്യയശാസ്ത്രങ്ങള്‍ എന്തുമാത്രം പ്രതിലോമകരമാണെന്നു ബോധ്യപ്പെടാനെന്കിലും ഇവ ഉപകരിക്കും.

*free* views said...

Sorry to bring up Pinarayi again, but this is about a certain person, so let me do it once more.

Can you tell the same about Pinarayi?

Read a news that Pinarayi wrote in a file that a secretary need to be checked my a psychiatrist. How do people work with his arrogance? It is good that he is party secretary and not a minister.

Anonymous said...

പിണറായി വടക്കനാണല്ലോ കണ്ണൂറ്‍ക്കാരുടെ ഒരു പ്റത്യേകത അവറ്‍ ഒളിവും മറയുമില്ലാതെയാണു ഇടപെടുക പറയാനുള്ളതു പറയും ശരിയെന്നു തനിക്കുതോന്നുന്നത്‌ അപ്പോള്‍ തന്നെ ചെയ്യും, വരദാചാരിയെ പറ്റി ഈ കമണ്റ്റ്‌ എഴുതിയത്‌ ലാവലിന്‍ കേസിലല്ല മറിച്ചു സഹകരണ വകുപ്പിലായിരുന്നു എന്നു ഇപ്പോള്‍ പറയുന്നു, അച്യുതാനന്ദന്‍ അങ്ങിനെയല്ല പാരയാണു കൂടുതല്‍ , ലാവലിന്‍ തെറ്റായ തീരുമാനം ആയാലും പിണറായിക്കു കൂസലില്ല സുറ്‍ജിത്തിണ്റ്റെ മക്കള്‍ അദ്ദേഹത്തെ തെറ്റി ധരിപ്പിച്ചു അവരിപ്പോള്‍ പിക്ചറില്‍ ഇല്ല താനും താന്‍ വിശ്വസിക്കുന്ന പാറ്‍ട്ടിക്കു അല്ലെങ്കില്‍ ആള്‍കള്‍ക്കു ഫേവറ്‍ ചെയ്തു അത്റെയുള്ളു, കോടതിയില്‍ പോയാല്‍ അഴിമതി ഒന്നുമില്ല പക്ഷെ ആരോ അഡ്വൈസര്‍മാറ്‍ അദ്ദേഹത്തെ നാറ്റാനായി കൊടതിയില്‍ നിന്നും ഒളിച്ചോടാന്‍ ശ്റമിക്കുന ഒരു ഇമേജാക്കി കരുണാകരണ്റ്റെ മറ്റൊരു പതിപ്പാണു പിണറായി കൂടെ നിന്നവരെ ചതിക്കില്ല ധീരമായി തീരുമാനം എടുക്കും അതില്‍ ഉറച്ചു നില്‍ക്കും

ശൂന്യന്‍ said...

@ free views,

you should feel sorry, not in bringing up Pinarayi but in mugging up what anti-communist forces and media are spreading

ശൂന്യന്‍ said...

ഇ എം എസ്സിനെക്കുറിച്ച് പറഞ്ഞതൊക്കെ പിണറായിയെക്കുറിച്ചും ആവാമോ എന്നതാണ് free views ന്റെ ചോദ്യം.

മുടുക്കന്‍ !!!

ഇ.എം.എസ്സ് കണ്ണട വെച്ചിരുന്നല്ലോ, പിണറായിയെന്താ വെക്കാത്തെ,
സുന്ദരയ്യയുടെത് വള്ളിചെരിപ്പായിരുന്നല്ലോ, എ.കെ.ജിയുടെ കോളറിനു ഇതിലും നീളമുണ്ടായിരുന്നല്ലോ...
ചോദ്യങ്ങള്‍ എത്ര വേണേലുമുണ്ട്...

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ കേരളത്തില്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇ.എം.എസ് ത്യജിച്ച ഭൌതികസുഖങ്ങളില്‍ ചെറിയൊരുഭാഗം മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബസ്വത്ത്‌.
തന്റെ മേധയും ആരോഗ്യവും തനിക്കുള്ളതെല്ലാം ഇ. എം. എസ് പാര്‍ട്ടിക്ക് സമര്‍പ്പിച്ചിരുന്നു.

അടിയന്തരാവസ്തക്കാലത്തുള്ള പിണറായി വിജയന്‍റെ ജയില്‍വാസം, അതിനു മുന്‍പും ശേഷവുമുള്ള പ്രവര്‍ത്തന‍ചരിത്രം ഇതൊക്കെ ഒന്ന് പഠിക്കുകയാണെങ്കില്‍ ഉത്തരം ലഭിക്കും --- free views ചോദിച്ച ചോദ്യത്തിനുള്ളതല്ല, അത്തരം ചോദ്യങ്ങള്‍ എന്തുമാത്രം യുക്തിശൂന്യമാണ് എന്നതിനുള്ള ഉത്തരം.

ശൂന്യന്‍ said...

കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ജീവിതദുരിതങ്ങള്‍ക്ക് അല്പമെങ്കിലും ആശ്വാസം പകരുന്നതില്‍ സഹകരണപ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക്, കേരളത്തെക്കുറിച്ച് മിനിമം പരി‌ജ്ഞാനമുള്ള ആര്‍ക്കും അറിയാവുന്നതാണ്. അതിനെ അവമതിക്കുന്ന തീട്ടൂരങ്ങള്‍, അതേതു IAS പ്രഭുവില്‍ നിന്നായാലും ആര്‍ജ്ജവമുള്ള കമ്യൂണിസ്ടുകാരന്‍ പ്രതികരിക്കും, ഏറ്റവും ശക്തമായ ഭാഷയില്‍ തന്നെ..

Calicocentric കാലിക്കോസെന്‍ട്രിക് said...

നുണയെന്തും വെള്ളം കൂട്ടാതെ വിഴുങ്ങാന്‍ പ്രാപ്തിയുണ്ടെന്നു കുറച്ചുപേര്‍ ഇവിടെ കാണിച്ചിരിക്കുന്നു. 1948-52 കാലത്ത് 27 മാസം ഒളിവില്‍പ്പോയി എന്നു കാണുന്നതു പോലും ഇവര്‍ക്കൊന്നും പ്രശ്നമല്ല. 1937 ല്‍ കല്യാണം. 40-42 ലാണ് ആദ്യത്തെ ഒളിവു ജീവിതം. ഇ എം രാധയുടെ ഓര്‍മ്മ ഇങ്ങനെയൊക്കെ തെറ്റുമോ? പിന്നെ പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചത്. അത് ഇവിടെ മാത്രമല്ല, വേറെ ചിലയിടത്തും കണ്ടിട്ടുണ്ട്. നൂറു ക കൂടിക്കൂടി അവസാനം 1000 ക ആയതായി വള്ളിക്കുന്നു പറയുന്നുണ്ട്. പതിനായിരം വരെ കൂടിയിരുന്നോ അത്?