Sunday, June 21, 2009

ഓന്ത്

അവാര്‍ഡ് കിട്ടാനായി മനുഷ്യജന്മത്തില്‍ ഇനി ഞാന്‍ മാത്രമെയുള്ളു എന്ന് സംഭാഷണമധ്യേ വികാരപരവശനായി കള്ളന്‍ പറഞ്ഞപ്പോള്‍ ചാനല്‍സുന്ദരി എന്ന ചാരി ഇത്രയും പ്രതീക്ഷിച്ചില്ല.

അപ്രതീക്ഷിതമായവ അസംഭാവ്യമല്ലെന്ന് ചാരിക്ക് ബോധ്യമായി. മനുഷ്യന്‍ പട്ടിയെ കടിച്ചും ന്യൂസ് എഡിറ്റര്‍ സബ് എഡിറ്ററെ കടിച്ചും വാര്‍ത്തയുണ്ടാക്കുന്ന കാലമാണ് ഇത്.

കള്ളനും കിട്ടി തലക്കെട്ട്.

പ്രഥമ രാജാ ഹരിശ്ചന്ദ്ര അവാര്‍ഡിന് കള്ളന്‍ അര്‍ഹനായി. പതിനായിരത്തിയൊന്ന് രൂപയുടെ വണ്ടിച്ചെക്കും അനുശോചന സന്ദേശവും അടങ്ങിയതാണ് അവാര്‍ഡ്. ഹരിശ്ചന്ദ്രന്റെ ചുടല ഭരണ ശതവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാംസ്കാരിക നായകരും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഇത്. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.

അതിന് സാക്ഷിയാകേണ്ടി വന്ന ചാരി അത്ഭുതവും പരതന്ത്രവും ഒന്നിച്ച് ബാധിച്ച് കള്ളനെ വിളിച്ചു. ലൈനില്‍ കിട്ടി.

"കേള്‍ക്കുന്നത് സത്യമോ?''

"സത്യമല്ലാത്തത് കേട്ട് ശീലിച്ച നിനക്ക് സത്യം കേള്‍ക്കുമ്പോഴുണ്ടാകുന്ന ഇത്തരം പരിഭ്രാന്തി പ്രതീക്ഷിച്ചതാണ്.''

"കള്ളന്‍ നീയിതെങ്ങനെ സംഘടിപ്പിച്ചു ?''

"അര്‍ഹതക്കുള്ള അംഗീകാരമായി കണക്കാക്കിയാല്‍ മതി''

"എന്നോടെങ്കിലും സത്യം പറയൂ''

"നിന്നോട് പറയാന്‍ മാത്രം ഒരു സത്യമില്ല. എല്ലാവരോടും പറയാനുള്ള സത്യം മാത്രമെ എന്റെ കയ്യിലുള്ളു.''

"എന്നാല്‍ ആ സത്യം പറയൂ''

"വാര്‍ത്താസമ്മേളനത്തില്‍ ജൂറിയംഗങ്ങള്‍ പ്രസംഗിച്ചത് നീ കേട്ടില്ലേ..?''

"ഒറ്റ വാക്കു പോലും വിടാതെ, ആര്‍ത്തിയോടെ''

"എന്നാല്‍ അവ പുനഃപ്രക്ഷേപണം ചെയ്യൂ''

"ത്യാഗസുരഭിലമായിരുന്നു നിന്റെ ജീവിതമെന്നും അത് മറ്റുള്ളവര്‍ക്കായി ആയുര്‍വേദ വിധി പ്രകാരം ഉഴിഞ്ഞ് വെച്ചതാണെന്നും നിസ്വാര്‍ഥമായ നിന്റെ ജീവിതം മാതൃകയാക്കിയാല്‍ അന്നേ ദിവസം മുതല്‍ സമൂഹം രക്ഷപ്പെടുമെന്നും അവര്‍ ആമുഖമായി പറഞ്ഞു.''

"ആമുഖം കേട്ടിട്ടും പഠിക്കാത്തവര്‍ക്കായി പിന്നീട് എന്ത് പറഞ്ഞു..?''

"നീ ചെയ്ത സേവനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. അവശരുടെ കണ്ണീരൊപ്പാന്‍ നീ വാങ്ങിക്കൊടുത്ത തുണിക്ക് മീറ്ററിന് നൂറ്റിനാല്‍പ്പത് രൂപയാണെന്ന് പറഞ്ഞു. ആനയേക്കത്തിനും അമ്പെഴുന്നുള്ളിപ്പിനും നീ നല്‍കിയ തുകകള്‍ തങ്കലിപികളിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പറഞ്ഞു. അശരണരെ ആവോളം ആശ്വസിപ്പിക്കുന്ന നിന്റെ കരവിരുതിനെ മുക്തകണ്ഠം പ്രശംസിച്ചു. മറ്റുള്ളവരെക്കുറിച്ച് മാത്രം ചിന്തിക്കുന്ന നിന്റെ രാത്രികള്‍ ആ ഒറ്റക്കാരണംകൊണ്ടുതന്നെ നിദ്രാവിഹീനങ്ങളാണെന്നും, സൂര്യനെ അസ്തമിക്കാന്‍ അനുവദിക്കാതെ രാത്രികളെ നീ പകലുകളാക്കുകയാണെന്നും അവര്‍ ആരോപിച്ചു.''

"എന്റെ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും പറഞ്ഞില്ലേ?''

"ധാരാളം. കലയിലും സാഹിത്യത്തിലും നിനക്കുള്ള അറിവ് അപാരമാണത്രെ!. ചെറുപ്പത്തില്‍ കവിതയെഴുതുമായിരുന്നെന്നും നാട്ടുവൈദ്യനാണ് ചികിത്സിച്ച് ഭേദമാക്കിയതെന്നും പറഞ്ഞു. എഴുത്തുകാരന്റെ മാര്‍ക്കറ്റ് റേറ്റുകള്‍ നിനക്ക് കാണാപ്പാഠമാണ്.ധിക്കാരികളെയാണ് കൂടുതലിഷ്ടം. അവര്‍ എളുപ്പം വളയും.''

"എങ്ങനെയാണ് ഉപസംഹാരം..?''

"ഉപസംഹാരത്തിലൂന്നിയത് നിന്റെ ലാളിത്യത്തിലാണ്. മൂന്നു നേരവും മൂക്ക് മുട്ടെ തിന്നുന്ന നിനക്ക് ലളിത ജീവിതം നയിക്കാന്‍ സമയമെവിടെ കള്ളന്‍..?''

"ഒരു നേരം ഭക്ഷിച്ചാല്‍ പിന്നെ അടുത്തനേരം വരെ കടുത്ത ലാളിത്യമാണ്.''

"യാത്രക്ക് സ്സോഡയോ, ഇന്നോവയോ വേണമെന്ന് നിര്‍ബന്ധിക്കുന്ന നീ..?''

"പ്രഭാത സവാരിക്ക് ഞാന്‍ ഇതൊന്നും ഉപയോഗിക്കാറില്ല. അക്കാര്യത്തില്‍ എനിക്ക് കാല്‍നട നിര്‍ബന്ധമാണ്. ആരൊക്കെയായിരുന്നു ജൂറിയംഗങ്ങള്‍?. ഇനിയും മരിക്കാത്ത രണ്ടുപേര്‍ ഉണ്ടായിരുന്നില്ലേ..?''

"അവരെക്കൂടാതെ ഒരു അനാഗത ശ്മശ്രുവും ഉണ്ടായിരുന്നു. അവനെ നീ എങ്ങനെ സംഘടിപ്പിച്ചു?. എന്താണ് അതിന്റെ പിന്നിലുള്ള ഹിഡന്‍ അജണ്ട..?''

"അത് മാധ്യമങ്ങളുമായി പങ്കുവെക്കുന്നില്ല. അവനെന്തായിരുന്നു പണി?''

"ആസന്നമരണര്‍ പറയുന്ന കാര്യങ്ങള്‍ മലയാളത്തിലാക്കി ഉച്ചത്തില്‍ ഉച്ചരിക്കുന്നത് അവനാണ്. അവനെന്താണ് പ്രതിഫലം..?''

"ഭാവിയുടെ വാഗ്ദാനമാണ് അവന്‍. വാഗ്ദാനത്തിനനുസരിച്ച് പ്രതിഫലം.''

"ഏത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണ് കള്ളന്‍ നിനക്ക് ഈ അവാര്‍ഡ്..?''

"നേരില്‍ കാണുമ്പോള്‍ പറയാം''

"എങ്കില്‍ എനിക്ക് നിന്നെ ഇപ്പോള്‍ തന്നെ കാണണം.''

"എന്തിനാണ് അടിയന്തര സന്ദര്‍ശനം?''

"എന്നിലെ ഫെമിനിസ്റ്റ് തോറ്റുപോകുന്നു. നിന്റെ ശബ്ദം എന്റെ ശിരസ്സിനു മീതെ വെന്നിക്കൊടി പാറിക്കുന്നു. എന്റെ ചരമഗീതത്തിലൂടെ ഞാന്‍ നിനക്ക് സ്തുതി അര്‍പ്പിക്കുന്നു.''

"നിനക്കും ശോഭനമായ ഭാവിയുണ്ട്. ഡ്രെസ് മാറാന്‍ അനുവദിക്കുമെങ്കില്‍ കാല്‍ മണിക്കൂറിനകം വരും''

"അര മണിക്കൂര്‍ കൂടി തരാം. കുളിക്കുക കൂടി ചെയ്തോളൂ. ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതികരണം കൂടി വേണ്ടി വരും. ഒരാഴ്ചയായി പ്രതികരണക്കാര്‍ സമരത്തിലാണ്.''

"കലാപത്തിന് കാരണം?''

"പ്രബുദ്ധകേരളത്തിന് വഴികാട്ടുന്ന അവരെ അവഗണിക്കുന്നു എന്നാണ് പരാതി. ജോലിയില്‍ സ്ഥിരപ്പെടുത്തണം എന്നതാണ് പ്രധാന ആവശ്യം. പി എഫ്, പെന്‍ഷന്‍ എന്നിവയുമുണ്ട്.നരച്ചവര്‍ക്ക് മുന്‍ഗണന നല്‍കുക, എഴുപത് കഴിഞ്ഞവര്‍ക്ക് ചാരുകസേര കൊടുക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.''

കള്ളന്‍ കുളിക്കാന്‍ കയറി.

ചാരി കാത്തിരുന്നു.

കള്ളനെത്തിയപ്പോള്‍ ചാരിക്ക് വിശ്വസിക്കാനായില്ല.

അടിമുടി മാറി. കത്തി പച്ചയായി. ചീകിയൊതുക്കിയ മുടി. ക്ളീന്‍ ഷേവ്്, വെളുത്ത മുണ്ട്, വെളുത്ത ജുബ്ബ. ആലോചിച്ചുറച്ച ഹ്രസ്വ ചിരി. ഇമവെട്ടിയാല്‍ കാണില്ല. ആഴത്തില്‍ ചിന്തിച്ച് പെറുക്കിയെടുത്ത വാക്കുകള്‍ ഒട്ടിച്ച് വെക്കുന്ന പോലുള്ള ഉച്ചാരണം.

ചാരിക്ക് അതിശയം സഹിക്കാനായില്ല.

"കള്ളന്‍ നിനക്ക് എന്തു ഭവിച്ചു?''

"ഒന്നും മനപ്പൂര്‍വമല്ല. ഞാന്‍ വെറുതെ നിന്നുകൊടുക്കുന്നു എന്നു മാത്രം. കാലം എന്നില്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഇതെല്ലാം. എന്റെ പോലും സമ്മതമില്ലാതെ മാറ്റങ്ങള്‍ എന്നെ മാറ്റുകയാണ്. ഞാന്‍ നിസ്സഹായനാണ് ചാരി. സമൂഹം എന്നെ ഏറ്റെടുത്ത് ചരിത്രത്തിന്റെ മടിത്തട്ടില്‍ കിടത്തിയിരിക്കുന്നു. ഞാന്‍ ഒരു യുഗ പുരുഷനായത് എന്റെ തെറ്റാണോ ചാരി..?''

കള്ളന്‍ വിനയംകൊണ്ട് കരഞ്ഞുപോയേക്കും എന്ന് തോന്നിയപ്പോള്‍ ചാരി ചോദിച്ചു.

" ഇനി കാലയാപനം തത്വചിന്തകൊണ്ടാണോ..?''

" രാത്രി കളവും പകല്‍ പ്രഭാഷണവും. സമൂഹത്തിന് നേരെ ഒരു ദ്വിമുഖ ആക്രമണത്തിനാണ് ഞാന്‍ തയ്യാറെടുക്കുന്നത്...''

"ഒരേ നാണയത്തിന്റെ രണ്ടു വശം..അല്ലേ?''

"ഉറങ്ങുന്നവനെയും, ഉറങ്ങാത്തവനെയും ഒന്നുപോലെ കബളിപ്പിക്കാനുള്ള എന്റെ കഴിവില്‍ നീയെന്താണ് മതിപ്പ് രേഖപ്പെടുത്താത്തത്.?''

"ഇതാ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നു. എന്താണ് നിന്റെ പ്രഭാഷണ വിഷയം?''

"യഥാര്‍ഥ പ്രഭാഷകന്‍ വിഷയത്തെക്കുറിച്ച് വേവലാതിപ്പെടാറില്ല. വിഷയം ഏതായാലും മനുഷ്യന്‍ ഓടാതിരുന്നാല്‍ മതി.''

"ആറ്റില്‍ കളഞ്ഞാലും വിഷയം നോക്കി കളയണം എന്നല്ലെ പ്രമാണം.''

"മരത്തിന്റെ പേരന്വേഷിച്ചല്ല അണ്ണാന്‍ കയറുന്നത്. ഫലം വേണം. അത്രേയുള്ളു.''

"പ്രതിഫലം എങ്ങനെ?''

"വാശിയില്ല. പണമെങ്കില്‍ പണം, പദവിയെങ്കില്‍ പദവി. രണ്ടും സ്വീകരിക്കും.''

"കള്ളന്‍ എനിക്ക് അത്ഭുതം തോന്നുന്നു. നീ എങ്ങനെ ഈ വാചകഘടന സ്വന്തമാക്കി ?''

"കള്ളനോടാണോ കളി!. ഓട് പൊളിച്ചും ജനല്‍ കമ്പി വളച്ചും കളവു നടത്തുന്ന എനിക്കോ നാല് ഡയലോഗടിച്ചു മാറ്റാന്‍ പ്രയാസം..!ഓരോ ആവാസ വ്യവസ്ഥയും വ്യക്തിയിലടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദമാണ് ഈ ഡയലോഗുകള്‍..എങ്ങനെയുണ്ട്?''

"ഗംഭീരം. മനസ്സിലായില്ലെന്ന് പറഞ്ഞാല്‍ എന്റെ ബുദ്ധിക്കുറവില്‍ നീ സഹതപിക്കരുത്.സോദാഹരണം പറയാമോ..?'

'നിനക്കു വേണ്ടി മാത്രം പറയാം.''

"പറയൂ''

"ഓന്ത്..''

"ഓന്ത് പണ്ഡിതഗണത്തില്‍ പെടുമോ?''

"സംശയമെന്ത്?.തുറിച്ചുള്ള നോട്ടം, കുത്തനെയുള്ള ഓട്ടം, ഒളിഞ്ഞുകൊണ്ടുള്ള നിരീക്ഷണം. എല്ലാം ഒരു തികഞ്ഞ പണ്ഡിതന്റേതല്ലെ!.അഭിപ്രായം ഇരുമ്പൊലക്കയല്ലെന്ന് സ്വന്തം നിറംകൊണ്ടുതന്നെ നിരന്തരം തെളിയിക്കുന്നില്ലേ..''

"ഈ അവാര്‍ഡ് നീയെങ്ങനെ ആഘോഷിക്കും?''

"വഴി നീളെ ഫ്ളെക്സ് ബോര്‍ഡുകള്‍, വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍, എന്റെ സംഭാവനകളെക്കുറിച്ചുള്ള സെമിനാറുകള്‍, ഞാന്‍ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള സിമ്പോസിയങ്ങള്‍, കഴിയുമെങ്കില്‍ എന്റെ ലളിത ജീവിതത്തെക്കുറിച്ചൊരു ഡോക്യുമെന്ററിയും..''

"നീയപ്പോള്‍ ഉയര്‍ന്ന് പോകുകയാണ് അല്ലെ?''

"സംശയമെന്ത്?. ഒരു നക്ഷത്രമാവുകയാണ്.''

"നക്ഷത്രമെ എന്താണ് നിന്റെ അടുത്ത പരിപാടി?''

"ഈ രണ്ട് ബാഗുകള്‍ കണ്ടില്ലെ. അത് ലക്ഷ്യസ്ഥാനത്ത് എത്തിക്കണം.''

"എന്താണ് അതില്‍''

"ഒന്നില്‍ ദശമൂലാരിഷ്ടം. മറ്റൊന്നില്‍ കൊട്ടന്‍ചുക്കാദി.'

'എന്തിന്?''

"ഒരു ജൂറിക്ക് ആഴ്ചതോറും ദശമൂലാരിഷ്ടം എത്തിക്കാമെന്നാണ് കരാര്‍. മറ്റവന്‍ ക്രൂരന്‍. അയാള്‍ക്ക് നടുവേദന. കൊട്ടന്‍ചുക്കാദി ചൂടാക്കി തിരുമ്മിയാല്‍ കുറവുണ്ടാകുമത്രെ''

"എണ്ണ എത്തിച്ചാല്‍ മതിയോ?''

"പോരാ. തിരുമ്മിക്കൊടുക്കണം''

*
എം എം പൌലോസ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അവാര്‍ഡ് കിട്ടാനായി മനുഷ്യജന്മത്തില്‍ ഇനി ഞാന്‍ മാത്രമെയുള്ളു എന്ന് സംഭാഷണമധ്യേ വികാരപരവശനായി കള്ളന്‍ പറഞ്ഞപ്പോള്‍ ചാനല്‍സുന്ദരി എന്ന ചാരി ഇത്രയും പ്രതീക്ഷിച്ചില്ല.

അപ്രതീക്ഷിതമായവ അസംഭാവ്യമല്ലെന്ന് ചാരിക്ക് ബോധ്യമായി. മനുഷ്യന്‍ പട്ടിയെ കടിച്ചും ന്യൂസ് എഡിറ്റര്‍ സബ് എഡിറ്ററെ കടിച്ചും വാര്‍ത്തയുണ്ടാക്കുന്ന കാലമാണ് ഇത്.

കള്ളനും കിട്ടി തലക്കെട്ട്.

പ്രഥമ രാജാ ഹരിശ്ചന്ദ്ര അവാര്‍ഡിന് കള്ളന്‍ അര്‍ഹനായി. പതിനായിരത്തിയൊന്ന് രൂപയുടെ വണ്ടിച്ചെക്കും അനുശോചന സന്ദേശവും അടങ്ങിയതാണ് അവാര്‍ഡ്. ഹരിശ്ചന്ദ്രന്റെ ചുടല ഭരണ ശതവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാംസ്കാരിക നായകരും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഇത്. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.