Monday, June 22, 2009

രാജാവ് നഗ്നനാണ് അഥവാ ഭാസ്കരപട്ടേലരും തൊമ്മിമാരും

1969ലാണ് സംസ്ഥാന ചലചിത്ര അവാര്‍ഡ് കൊടുത്തു തുടങ്ങിയത്. 1972ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് 'പണി തീരാത്ത വീടി'നായിരുന്നു. മികച്ച രണ്ടാമത്തെ സിനിമ 'ചെമ്പരത്തി'യും മൂന്നാമത്തേത് 'ആരോമലുണ്ണി'യും. അന്ന് സംസ്ഥാന അവാര്‍ഡ് കമ്മിറ്റിയിലുണ്ടായിരുന്ന ഹമീദ് ബിന്‍ മുഹമ്മദും, പി.കെ. നായരും പരസ്യമായി തന്നെ ഈ തീരുമാനങ്ങളോട് വിയോജിച്ചു. ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഈ മൂന്ന് ചിത്രങ്ങളും ലിസ്റ്റിലില്ല. മികച്ച ചിത്രം 'സ്വയംവരം'. ആ വര്‍ഷത്തെ അവാര്‍ഡുകള്‍ തെരഞ്ഞെടുത്ത സംസ്ഥാന ജൂറി ചരിത്രത്തില്‍ ഇല്ലെന്ന് നമുക്കറിയാം. പക്ഷെ ദേശീയ അവാര്‍ഡ് ലഭിച്ചതിനാല്‍ സ്വയംവരം ചരിത്രത്തിന്റെ ഭാഗമായി. പിന്നീട് മലയാള നവസിനിമയിലെ Trend Setter ആയി സ്വയംവരം മാറിയതായി വിലയിരുത്തപ്പെട്ടു. (?) ഒരു ചിത്രം അവാര്‍ഡിനായി മത്സരിക്കുമ്പോള്‍ അത് സൃഷ്ടിക്കുന്ന സ്വാധീനപരിസരം പ്രധാനമാണെന്ന് കാണാം. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെതന്നെ ആദ്യത്തെ ഫിലിം കോപ്പറേറ്റീവ് മൂവ്മെന്റായ ചിത്രലേഖയുടെ നാമധേയം, ഡല്‍ഹി ഇന്‍ഫര്‍മേഷനില്‍ ഉദ്യോഗസ്ഥനായരുന്ന ഹമീദ് ബിന്‍ മുഹമ്മദ് കേരള ജൂറിയിലെടുത്ത നിലപാടുകള്‍ എന്നിവയെല്ലാം ദേശീയ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമായിരുന്നിരിക്കണം. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയ സമയത്ത് പൂര്‍ണ്ണമായും തഴയപ്പെട്ട പല സിനിമകളും പിന്നീട് ദേശീയ അവാര്‍ഡ് നേടുകയും ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയതിട്ടുണ്ട്. സംസ്ഥാന അവാര്‍ഡിലും ദേശീയ അവാര്‍ഡിലും ഒരുപോലെ തഴയപ്പെട്ടതും എന്നാല്‍ മലയാള സിനിമാചരിത്രത്തില്‍നിന്ന് ഒരിക്കലും മാറ്റി നിര്‍ത്താനാവാത്തതുമായ 'അതിഥി' (കെ.പി. കുമാരന്‍) പോലുള്ള ചലചിത്രങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. അതിഥി സംസ്ഥാന അവാര്‍ഡിനായി മത്സരിച്ചപ്പോള്‍ അരവിന്ദന്റെ ' ഉത്തരായനം' 11 പ്രധാന അവാര്‍ഡുകള്‍ വാരിക്കൂട്ടി. ആ വര്‍ഷത്തെ കേന്ദ്ര ജൂറിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അംഗമായിരുന്നതാണോ, കെ.പി. കുമാരന്റെ പ്രഥമ സിനിമയായ അത്ഥി പൂര്‍ണ്ണമായും തമസ്കരിക്കപ്പെട്ടതിനു കാരണം എന്ന സംശയം അവശേഷിക്കുകയാണ്.

വസ്തുനിഷ്ഠമായ വിലയിരുത്തലില്‍ ലോക സിനിമാ ഭൂപടത്തില്‍ ഒരു കുന്നിക്കുരുവിന്റെ ഇടം പോലും മലയാളസിനിമക്ക് ലഭിക്കുമോ എന്ന് സംശയമാണ്. മരിച്ചു പോകാന്‍ ഇടയുള്ള ഭാഷാ പട്ടികയില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്ന മലയാളത്തിന്റെ മണ്ണില്‍ (കൊച്ചുകേരളം എന്ന പ്രയോഗം എത്ര ശരി) ഓസ്കാര്‍ പോലെ അഞ്ചും ഏഴും പത്തും പുരസ്കാരങ്ങള്‍ വാരിക്കോരി നല്‍കുന്നത് എത്രത്തോളം അപകടകരമാണ് എന്നൊരു ആലോചന എന്നോ ഇവിടെ നടക്കേണ്ടതായിരുന്നു. അന്തിമ വിധിയെഴുത്തിനപ്പുറം ഒരു പ്രോത്സാഹനത്തിന്റെ റോള്‍ അവാര്‍ഡുകള്‍ക്കുണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും മികച്ച പ്രതിബദ്ധത പ്രകടിപ്പിക്കുകയും സാങ്കേതികമായും മാധ്യമപരമായും ഔന്നത്യം പുലര്‍ത്തുകയും സാമ്പത്തികമായി വലിയ റിസ്കുകള്‍ എടുക്കുകയും ചെയ്യുന്ന ചിത്രങ്ങളും അവയുടെ സംവിധായകരും നിര്‍മ്മാതാക്കളും പ്രോത്സാഹിപ്പിക്കപ്പെടണമെന്നതില്‍ തര്‍ക്കമില്ല. ചരിത്രത്തില്‍ അവ അടയാളപ്പെടുത്തപ്പെടേണ്ടത് സാംസ്കാരിക കേരളത്തിന്റെ ആവശ്യമാണ്. ജൂറി മക്കള്‍ക്ക് (പ്രയോഗത്തിന് എസ്. സഞ്ജിവിനോട് കടപ്പാട്) ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സാംസ്കാരിക വകുപ്പ് നല്‍കേണ്ടതുണ്ട്.
ഫീച്ചര്‍ സിനിമ എന്ന ഗണത്തില്‍ പരിഗണിക്കപ്പേടേണ്ട രചനകള്‍ക്ക് എഴുപത് മിനുട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യം വേണം എന്നതുപോലെ ചില വിശദാംശങ്ങള്‍ കൂടി തീരുമാനക്കേണ്ടതുണ്ട്. (ജൂറിയുടെ യോഗ്യത, നിലവാരം, അവര്‍ക്ക് സിനിമയുമായുള്ള ബന്ധം എന്നിവയെല്ലാം വ്യക്തമായും പരിഗണിക്കപ്പെടേണ്ടതാണ്.)

ഈ വര്‍ഷത്തെ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ക്കര്‍ഹമായ 'ഒരുപെണ്ണും രണ്ടാണും', കഴിഞ്ഞവര്‍ഷം സിനിമ എന്ന നിര്‍വ്വചനത്തില്‍തന്നെ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്ന് ജൂറിയാല്‍ വിലയിരുത്തപ്പെട്ട 'നാലു പെണ്ണുങ്ങള്‍' എന്നീ രചനകളെ (ടി.വി. ചന്ദ്രന്‍ സീരിയല്‍ എന്നു വിളിച്ചതും ശ്യാമപ്രസാദ് Anthology എന്നു വിശേഷിപ്പിച്ചതുമായ) ഫീച്ചര്‍ സിനിമകളില്‍ പെടുത്താനാകുമോ എന്ന ഒരു ചര്‍ച്ചക്ക് സാംസ്കാരിക വകുപ്പും ചലചിത്ര അക്കാദമിയും തുടക്കമിടണം. നോവലുകളുടെ ഒരു മത്സരത്തില്‍ ചെറുകഥകളുടെ സമാഹാരത്തിന് മത്സരിക്കാന്‍ കഴിയുമോ എന്ന് എം. മുകുന്ദനോടോ, മറ്റേതെങ്കിലും സാഹിത്യ അക്കാദമി ഭാരവാഹികളോടോ ചലചിത്ര അക്കാദമിയോ , സാംസ്കാരിക വകുപ്പോ തീര്‍ച്ചയായും കണ്‍സള്‍ട്ട് ചെയ്യേണ്ടതായിരുന്നു. പ്രത്യേകിച്ചും അടൂരിന്റെ ആരാധകനും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയറുമായ ജാനു ബറുവയുടെ കമ്മിറ്റി നാലുപെണ്ണുങ്ങള്‍ എന്ന സിനിമയെ സുപ്രധാന അവാര്‍ഡുകളില്‍നിന്ന് തള്ളിയപ്പോള്‍. എന്തെങ്കിലും നിവര്‍ത്തിയുണ്ടായിരുന്നെങ്കില്‍ ആ ആസാമി നാലുപെണ്ണുങ്ങള്‍ക്ക് കുറഞ്ഞത് നാലു അവാര്‍ഡുകളെങ്കിലും കൊടുക്കുമായിരുന്നു. മറ്റൊരു പൂനെ പൂര്‍വ്വ വിദ്യാര്‍ത്ഥി വന്ന് ഒരു പെണ്ണും രണ്ടാണും എന്ന സിനിമക്ക് അഞ്ച് അവാര്‍ഡുകള്‍ നല്‍കിയതിലും അത്ഭുതമില്ല. ഒരു നിര്‍ദ്ദിഷ്ട സിനിമക്ക് അവാര്‍ഡുകള്‍ നല്‍കാന്‍ അതിനുചിതമായ ജൂറിയെ നിശ്ചയിക്കാനാകും എന്നത് ഒരു വസ്തുതയാണ്. ജാനു ബറുവയും ഗിരീഷ് കാസറവള്ളിയും എല്ലാ അര്‍ത്ഥത്തിലും അടൂരിന്റെ 'സ്കൂള്‍' ആണെന്നത് അറിയാന്‍ ഫെലോഷിപ്പ് വാങ്ങിക്കൊണ്ട് ഒരു ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യമൊന്നുമില്ല. ജൂറികള്‍ക്കനുസൃതമായി അവാര്‍ഡുകള്‍ മാറിക്കൊണ്ടിരിക്കും. അത് പ്രിയനന്ദനന് നന്നായറിയാം. സംസ്ഥാന അവാര്‍ഡ് പരിഗണനയില്‍ പൂച്ചയായി പതുങ്ങിപ്പോയ പ്രിയന്റെ സിനിമ 'പുലിജന്മ' മെടുത്ത് കേന്ദ്രത്തില്‍ ഉണര്‍ന്നലറിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടില്ല. ഇതില്‍നിന്നൊക്കെ മനസ്സിലാക്കാനാവുന്നത് ജൂറി പുലര്‍ത്തേണ്ട ഒരു ബാലന്‍സാണ്.

അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു 'സ്വതന്ത്ര സിനിമ' നിര്‍മ്മിക്കാനും വിതരണം ചെയ്യാനും കഷ്ടപ്പെടുന്ന ഈ കാലത്ത് ഒരു വര്‍ഷം രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത ടി.വി. ചന്ദ്രന്റെ കരളുറപ്പിനുതന്നെ വേണം ഒരു പ്രത്യേക അവാര്‍ഡ്. അഞ്ചോ ആറോ വര്‍ഷത്തിലൊരിക്കല്‍ ഒരു സിനിമയെടുത്ത് ലോകത്തെ ഒരു ഫെസ്റ്റിവലും വിട്ടുപോകാതെ കിട്ടാവുന്നതും വാങ്ങാവുന്നതുമായ എല്ലാ അവാര്‍ഡുകളും വാരിക്കൂട്ടുന്ന ഷെവലിയര്‍മാര്‍ക്കും ഓണററി ഡിലിറ്റുകാര്‍ക്കും ഇടയില്‍ ടി.വി.ചന്ദ്രന്‍ ഒരപൂര്‍വ്വ ജന്മമാണ്. മികച്ച സിനിമ, മികച്ച സംവിധായകന്‍ എല്ലാം ഒന്നേ യുള്ളൂവെന്ന് ടി.വി. ചന്ദ്രനറിയാം. ഒന്ന് 2008ലും ഒന്ന് 2009ലും സെന്‍സര്‍ ചെയ്യാന്‍ ടി.വി.ചന്ദ്രനറിയാഞ്ഞിട്ടുമല്ല. പക്ഷെ അതല്ല അദ്ദേഹത്തന്റെ concern. മികച്ച കഥ, മികച്ച നടി എന്നിവയുള്‍പ്പെടെ നാല് അവാര്‍ഡുകള്‍ ലഭിച്ച 'വിലാപങ്ങള്‍ക്കപ്പുറം', മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്ത 'ഭൂമിമലയാളം' എന്നിങ്ങനെ ജൂറിക്കുതന്നെ തള്ളിക്കളയാനാകാത്ത രണ്ട് സിനിമകള്‍ പരിഗണിക്കപ്പെടുമ്പോള്‍ ടി.വി. ചന്ദ്രന്‍ എന്ന പ്രതിഭാശാലിയായ കലാകാരന് പ്രധാനപ്പെട്ട ഒരവാര്‍ഡ് നല്‍കപ്പെട്ടില്ല എന്നത് ഗുരുതരമായ തെറ്റുകളുടെ തുടര്‍ച്ചയിലെ ഏറ്റവും പുതിയ അധ്യായമാണ്. കഴിഞ്ഞ വര്‍ഷം ജൂറിയിലെ ചില പിടിവലികള്‍ക്കൊടുവില്‍ 'അടയാളങ്ങള്‍'ക്ക് (എം. ജി.ശശി) ഏറ്റവും പ്രധാനപ്പെട്ട അഞ്ച് അവാര്‍ഡുകള്‍ നല്‍കപ്പെട്ടപ്പോള്‍ നിഷ്കാസിതമായത് 'ആകാശഗോപുരം' പോലൊരു വേറിട്ട ചിത്രമാണ്. ഇബ്സന്റെ മാസ്റ്റര്‍ ബില്‍ഡര്‍ എന്ന സങ്കീര്‍ണ്ണമായ നാടകത്തിന് മലയാളത്തിന് തീര്‍ത്തും അപരിചിതമായ പശ്ചാത്തലത്തില്‍ ഒരു സിനിമാഭാഷ്യം നല്‍കിയതിന് ഏറ്റവും കുറഞ്ഞത് സിനിമാട്ടൊഗ്രഫി പോലെയുള്ള ചില വ്യക്തിഗത അവാര്‍ഡുകളെങ്കിലും നല്‍കേണ്ടതായിരുന്നു. മികച്ച നടന് മോഹന്‍ലാലിന് അവാര്‍ഡ് 'പരദേശി'യില്‍ (പി.ടി. കുഞ്ഞുമുഹമ്മദ്) നല്‍കിയപ്പോള്‍ ആകാശഗോപുരത്തിന്റെ പേര് പരാമര്‍ശിക്കാന്‍പോലും ജൂറി തയ്യാറായില്ല എന്നത് വൈരാഗ്യത്തെ സൂചിപ്പിക്കുന്നു.

പണ്ട് ഷാജി. എന്‍. കരുണ്‍ ചലചിത്ര അക്കാദമി ചെയര്‍മാനായിരുന്നപ്പോള്‍ തന്റെ സംവിധാനസഹായിയായിരുന്ന ശരതിന്റെ 'സായാഹ്ന'ത്തിന് കുറെയധികം അവാര്‍ഡുകള്‍ ഒപ്പിച്ചുകൊടുത്തപ്പോള്‍ പുറത്തായത് 'ശയന'മാണ്. (എം.പി. സുകുമാരന്‍നായര്‍). ഷാജി ചെയര്‍മാനായ കാലത്തുതന്നെയാണ് മികച്ച ചലചിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് 'എം.ടി. ഒരനുയാത്ര' എന്ന പുസ്തകത്തിന് ജോണ്‍പോളിനു ലഭിച്ചത്. ജോണ്‍പോളിന്റേതായി ഒരു വാക്ക് പോലുമില്ലാത്ത എം.ടി.യുമായുള്ള അഭിമുഖമാണ് ഈ പുസ്കത്തിന്റെ ഉള്ളടക്കം. ചലചിത്ര അക്കാദമിതന്നെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ശശി പറവൂരിന്റെ ഹരജിയില്‍ ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ഹൈക്കോടതി ആദ്യമേ സ്റ്റേ ചെയ്തിരുന്നു. എണ്‍പത് വര്‍ഷത്തെ മലയാള സിനിമാചരിത്രത്തില്‍ ആദ്യമായി ഒരു വനിത കഥയും തിരക്കഥയും സംഭാഷണവും രചിച്ച (ദീദി ദാമോദരന്‍) 'ഗുല്‍മോഹറി'നെ പരിഗണിക്കാന്‍ എം.എ. ബേബിയുടെ വനിതാ സംവരണ നിര്‍ബന്ധബുദ്ധിക്കുപോലും കഴിഞ്ഞില്ലെന്നത് പരിതാപകരമാണ്. ഒ.വി. ഉഷയും ബി.എം. സുഹറയും കവിതയിലും, കഥയിലും മാത്രം ഒതുങ്ങിനില്‍ക്കാതെ ഇനിയെങ്കിലും കൊല്ലത്തില്‍ ഒരു ഫിലിം ഫെസ്റ്റിവലിലെങ്കിലും പങ്കെടുക്കുന്നത് അവര്‍ക്കോ, സിനിമാസമൂഹത്തിനോ ഗുണകരമാകാന്‍ സാധ്യതയുണ്ട്. ജൂറിമെമ്പറായ റോഷന്‍ ആന്‍ഡ്രൂസ് അവാര്‍ഡ് പ്രഖ്യാപനശേഷം നാലുപെണ്ണുങ്ങളെ ന്യായീകരിക്കുന്നതിനിടയില്‍, സംവിധായകന്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണെന്നാണ് പറഞ്ഞത്. തീന്‍ കന്യ (സത്യജിത് റായ്), ഡ്രീംസ് (കുറസോവ), ദി ഡേ ഐ ബികേം എ വുമണ്‍ (മര്‍സിയ മെഷ്കിനി), ദി സര്‍ക്കിള്‍ (ജാഫര്‍ പനാഹി) എന്നിങ്ങനെ നിരവധി സംവിധായകര്‍ അലഞ്ഞുതേഞ്ഞ ഈ ഭൂമി പുതിയ മേച്ചില്‍പുറങ്ങള്‍ ആകുന്നത് എങ്ങിനെയാണാവോ? സര്‍ക്കിളിന്റെ സംവിധായകന്‍ മുഹ്സിന്‍ മഖ്മല്‍ബഫ് ആണെന്ന കണ്ടുപിടുത്തവും ആ 'താരം' ചാനലില്‍ അവതരിപ്പിച്ചു.

പല തട്ടുകളില്‍നിന്നാണ് ഓരോ ഫിലിം മേക്കറും അവാര്‍ഡിനായി മത്സരിക്കുന്നത്. എം.ടി.യുടെ തിരക്കഥ.യുള്ളപ്പോള്‍ മറ്റേതെങ്കിലും തിരക്കഥക്കോ, ഒ.എന്‍.വി.യുടെ ഗാനങ്ങളുള്ളപ്പോള്‍ മറ്റാരുടെയെങ്കിലും വരികള്‍ക്കോ അവാര്‍ഡ് നല്‍കാന്‍ സാധ്യമല്ലാതാകുന്ന മുന്‍വിധികള്‍ തീര്‍ച്ചയായും മാറേണ്ടതാണ്. എം.ടി തിരക്കഥയെഴുതിയ സിനിമയുടെ ലൊക്കേഷനില്‍ ഒരു giant ആയി എം.ടി. ഇരിക്കുമ്പോള്‍ സംവിധായകന്‍ തൊട്ടടുത്ത് നില്‍ക്കുകയോ, കൂടിവന്നാല്‍ കസേരയില്‍ ഒരു ജോക്കിയെപ്പോലെയുള്ള പോസില്‍ ഇരിക്കുകയോ ചെയ്യുന്ന കാഴ്ച അപൂര്‍വ്വമല്ല. ‘എം.ടി. ഉള്ളപ്പോള്‍ പത്മരാജനോ‘ എന്ന പഴയ ഫോബിയ ‘അടൂരുള്ളപ്പോള്‍ ടി.വി.ചന്ദ്രനോ‘ എന്ന മാറ്റത്തോടെ 2009ലും തുടരുകയാണ്. പൊന്തന്‍മാട മത്സരിച്ച വര്‍ഷം വിധേയന് അവാര്‍ഡ് കൊടുത്ത തീരുമാനത്തെക്കുറിച്ച് അന്നത്തെ സാംസ്കാരിക വകുപ്പ് സെക്രട്ടറിയായ ഡി. ബാബുപോളിന്റെ പ്രസ്താവന ഇതിന്റെ എഴുതപ്പെട്ട സാക്ഷ്യമാണ്. നാലുപെണ്ണുങ്ങളുടെ മേന്മയായി പല സുഹൃത്തുക്കളും എടുത്തുകാട്ടിയത് അത് 48 വിദേശ ചലചിത്രമേളകളില്‍ കാണിച്ചു എന്നുള്ളതാണ്. ഫിലിം സര്‍ക്യൂട്ടുകളില്‍ ഒരു സിനിമ ഇടം നേടുന്നത് ആ സിനിമയുടെ മാത്രം നിലവാരംകൊണ്ടല്ല എന്ന് ആര്‍ക്കുമറിയാം. ഒരു വിദേശ മേളയില്‍ അടൂര്‍ ഗോപാലകൃഷ്ണനെന്ന സംവിധായകനാണ് പരിഗണിക്കപ്പെടുന്നത്. നിരവധി മാസ്റ്റര്‍ ഡയരക്ടര്‍മാരുടെ നിലവാരം കുറഞ്ഞതും അവസാനകാലത്തേതുമായ ചിത്രങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന അന്താരാഷ്ട്രമേളകളില്‍ നാം കണ്ടുവരാറുണ്ട്. ആ ചിത്രത്തിന്റെ നിലവാരമല്ല ഈ അവസരങ്ങളില്‍ പരിഗണിക്കപ്പെടുന്നത്. 1998ല്‍ തിരുവന്തപുരത്ത് അന്താരാഷ്ട്രചലചിത്രമേള നടന്നപ്പോള്‍ അടൂര്‍ തന്റെ വീട്ടില്‍വെച്ച് വിദേശപ്രതിനിധികള്‍ക്കായി നടത്തിയ സല്‍ക്കാരംപോലും ഈ 48ഉം, 84ഉം മേളകളുടെ കണക്കില്‍പ്പെടുമെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കുമോ? ദല്‍ഹിയിലും മറ്റും അന്താരാഷ്ട്ര ചലചിത്രമേളകള്‍ നടക്കുമ്പോള്‍ അടൂര്‍ തന്റെ പുതിയ ചിത്രങ്ങളുടെ പ്രിവ്യു വിദേശപ്രതിനിധികള്‍ക്കായി സംഘടിപ്പിക്കാറുണ്ട്. മലയാളപത്രപ്രവര്‍ത്തകര്‍ക്കുപോലും അവിടെ പ്രവേശനമില്ല. മലയാളികളെങ്ങാനും അത് കണ്ടുപോയാല്‍ അവാര്‍ഡുകള്‍ക്കും മറ്റും പരിഗണിക്കപ്പെടുന്നതിനുമുമ്പ് ഒരു പ്രതികൂല അഭിപ്രായം രൂപീകരിച്ചാലോ എന്ന ചിന്ത തന്നെയാണ് അതിനുപിന്നില്‍. 'ഗുലാബി ടാക്കീസ്' നല്ല സിനിമയാണെങ്കില്‍പോലും വിദേശ അവാര്‍ഡുകള്‍ ലഭിക്കാന്‍ ഇത്തരം പരസ്പര സഹായങ്ങള്‍ ആവശ്യമാണെന്ന് ഗിരീഷ് കാസറവള്ളിക്ക് നല്ലപോലെ അറിയാം.

അതുകൊണ്ട് ശവദാഹത്തിനുമുമ്പ് ജൂറിമാര്‍ അല്‍പമെങ്കിലും ചിന്തിക്കുക- ചരിത്രത്തെ ഇത്ര വികലമാക്കാമോ എന്ന്. അതേ സമയം കേരളത്തിലെ പ്രതിഭാധനരായ സിനിമാസംവിധായകര്‍ ശ്രദ്ധിക്കുക. അടൂരിന്റെ സിനിമയുള്ള വര്‍ഷം നിങ്ങളുടെ സിനിമ സെന്‍സര്‍ ചെയ്യരുത്. അഥവാ അങ്ങനെ ഒരു തെറ്റ് പറ്റിയാല്‍തന്നെ അവാര്‍ഡ് പ്രതീക്ഷിക്കരുത്.

കുടുംബാസൂത്രണത്തെക്കുറിച്ചുള്ള മുഴുനീള പരസ്യചിത്രമെടുത്തുകൊണ്ടാണ് അടൂര്‍ തന്റെ ചലചിത്ര ജീവിതം ആരംഭിച്ചതെങ്കിലും അടൂരിലേക്കുള്ള ഡോര്‍ തുറക്കുമ്പോള്‍ ആദ്യം കാണുക സ്വയംവരം തന്നെയാണ്. സ്വയംവരത്തിന്റെ തിരക്കഥ, സംവിധാന പ്രവര്‍ത്തനങ്ങളില്‍ കൂടെ പ്രവര്‍ത്തിച്ചിരുന്ന കെ.പി.കുമാരനെ അതിന്റെ ക്രെഡിറ്റുകളില്‍നിന്ന് അദൃശ്യനാക്കുന്ന ബ്ളാക്ക് മാജിക് അടൂര്‍ അന്നുതന്നെ കാണിക്കുകയുണ്ടായി. സ്വയംവരത്തിന്റെ നിര്‍മ്മാണത്തോടനുബന്ധിച്ചുതന്നെ നിര്‍മ്മിക്കപ്പെട്ടതും കെ.പി.കുമാരന്‍ സംവിധാനം ചെയ്തതുമായ 'റോക്ക് ' എന്ന ഹ്രസ്വചിത്രം നിരവധി അന്താരാഷ്ട്ര ചലചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഏകദേശം 36 വര്‍ഷങ്ങള്‍ക്കുശേഷം അടൂര്‍ ഒരഭിമുഖത്തില്‍ പ്രഖ്യാപിച്ചത് അത് താന്‍തന്നെ സംവിധാനം ചെയ്തതാണെന്നും സംവിധാനം എന്ന ടൈറ്റിലില്‍ കെ.പി.കുമാരന്റെ പേര്‍ വെച്ചുവെന്ന് മാത്രമേയുള്ളൂവെന്നുമാണ്. ഈ ഔദാര്യവും സ്നേഹവും 'ആതിഥി' ദേശീയ അവാര്‍ഡിനായി മത്സരിക്കുമ്പോള്‍ അദ്ദേഹം കാണിച്ചില്ല എന്നതുകൊണ്ടുതന്നെ ഈ പ്രഖ്യാപനത്തിലെ കുടിലത ആര്‍ക്കും ബോധ്യപ്പെടും. ഒരു സംവിധായകന്‍ വളര്‍ന്നുവരുന്നതിലോ, അംഗീകരിക്കപ്പെടുന്നതിലോ ഉള്ള അസഹിഷ്ണുത അദ്ദേഹം തന്റെ ചലചിത്രജീവിതത്തിലുടനീളം പുലര്‍ത്തിപ്പോരുന്നതായും നിരീക്ഷിക്കാന്‍ പ്രയാസമില്ല. ഡല്‍ഹി അന്താരാഷ്ട്ര ചലചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയില്‍ എം. എ. റഹ്മാന്റെ 'ബഷീര്‍ ദ മാന്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച വേളയില്‍ അന്ന് 25 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന റഹ്മാനോട് അടൂര്‍ നടത്തിയ ശകാരവര്‍ഷം റഹ്മാനെ തളര്‍ത്തിയ അനുഭവം അദ്ദേഹം തന്നെ എപ്പോഴെങ്കിലും വിശദമായി രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'നിഴല്‍കുത്ത്' എന്ന സിനിമയെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജി.പി.രാമചന്ദ്രന്‍ നിരൂപണം ചെയ്തപ്പോള്‍ അടൂര്‍ എഴുതിയ മറുപടിയുടെ ഭാഷ ആ മനസ്സിന്റെ ചെറുപ്പം തുറന്നുകാട്ടിയിരുന്നു. 'ജി. പി. രാമചന്ദ്രന്‍ ആരാണ്? ക്ളാസിക് ചലചിത്രങ്ങളുടെ മുന്നില്‍ അന്തിച്ച് നഖം കടിച്ചുനില്‍ക്കുന്ന കുട്ടി' എന്നാണ് അദ്ദേഹം ജി.പി.രാമചന്ദ്രനെ വിശേഷിപ്പിച്ചത്. (രാജാവ് നഗ്നനാണ്.) സിനിമ ഒരു രാഷ്ട്രീയ പ്രയോഗമാണെന്ന കാഴ്ചപ്പാടിലൂടെ ആനുകാലികങ്ങളില്‍ നിരന്തരമായി എഴുതുന്ന ജി.പി.രാമചന്ദ്രന്‍ മികച്ച ചലചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആളാണ് എന്ന വസ്തുത പോലും വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത കാരണം അദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞില്ല. (മികച്ച ചലചിത്ര നിരൂപണത്തിനുള്ള ദേശീയ അവാര്‍ഡും പിന്നീട് ജി.പി.രാമചന്ദ്രന് ലഭിക്കുകയുണ്ടായി.) സ്തുതിപാഠകരായ നിരൂപകശിഖണ്ഡികളേയാണ് അദ്ദേഹത്തിന് പഥ്യം. എന്ന് അനുഭവങ്ങള്‍ കാണിക്കുന്നു. അടൂര്‍ തുപ്പിയതും ഛര്‍ദ്ദിച്ചതും മാത്രം പകര്‍ത്തിയെഴുതിയ നിരൂപകര്‍ മലയാളത്തില്‍ ഇന്നും മാന്യന്മാരായി വിലസുന്നുണ്ട്. ചലചിത്ര അക്കാദമി ചെയര്‍മാനായ കാലത്ത് പി.എന്‍. മേനോനെ ഒഴിവാക്കി ആറന്മുള പൊന്നമ്മക്ക് ജെ.സി.ഡാനിയല്‍ അവാര്‍ഡ് നല്‍കാനായി അടൂര്‍ കാണിച്ച സര്‍ക്കസ്സുകള്‍ അക്കാദമിയുടെ ഇടനാഴികളില്‍ പ്രസിദ്ധമാണ്. ജി. കാര്‍ത്തികേയന്‍ എന്ന അന്നത്തെ സാംസ്കാരിക വകുപ്പുമന്ത്രിയുടെ ഇടപെടല്‍മൂലമാണ് മലയാളത്തിന്റെ യഥാര്‍ത്ഥ trend setter ആകേണ്ടിയിരുന്ന ഓളവും തീരവും എന്ന സിനിമയുടെ സംവിധായകനും മികച്ച ചിത്രകാരനുമായിരുന്ന പി.എന്‍.മേനോന് അവാര്‍ഡ് ലഭിച്ചത്. ഈ വിവാദത്തിനൊടുവില്‍ ചലചിത്രഅക്കാദമിയില്‍നിന്ന് അടൂര്‍ ഇറങ്ങുന്നതിനുമുമ്പ് രേഖകള്‍ മുഴുവനും ആറന്മുള പൊന്നമ്മക്ക് അനുകൂലമായി തിരുത്തിയതിന് അന്നത്തെ ചലചിത്ര അക്കാദമി ജീവനക്കാര്‍ സാക്ഷികളാണ്. പിന്നീട് അടൂര്‍ ചെയര്‍മാനായ കമ്മിറ്റിയാണ് ജെ.സി.ഡാനിയല്‍ അവാര്‍ഡ് ആറന്മുള പൊന്നമ്മക്ക് വെച്ചുനീട്ടിയത്. അടൂരിന്റെ ചലചിത്രങ്ങളുടെ എക്കാലത്തേയും ഛായാഗ്രാഹകനായിരുന്ന മങ്കട രവിവര്‍മ്മക്ക് ജെ.സി. ഡാനിയല്‍ അവാര്‍ഡ് നല്‍കാന്‍ കെ.പി.കുമാരന്‍ ചെയര്‍മാനായ ഒരു കമ്മിറ്റി വേണ്ടിവന്നു എന്നത് അടൂരിന് അപമാനകരമാണ്.

ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസ്ഥാനഅവാര്‍ഡിനായി ഇന്നും ഉല്‍ക്കടമായി ആഗ്രഹിക്കുന്നത്, ഡോക്ടറേറ്റ് നേടിയ ഒരു വിദ്വാന്‍ മറ്റൊരു വിഷയത്തില്‍ ബിരുദപരീക്ഷയെഴുമ്പോള്‍ റാങ്ക് കിട്ടണമെന്ന് ശഠിക്കുന്നതുപോലെയാണ്.

സക്കറിയയുടെ കഥയിലും അടൂരിന്റെ സിനിമയിലും ഒടുവില്‍ തൊമ്മി ഭാസ്കരപട്ടേലരെ വെടിവെച്ചുകൊല്ലുകയാണ്. അതെന്തിനാണ് ഇത്ര വൈകിയത് എന്നതാണ് ആ കഥയുടെ സാരം.

വാല്‍ക്കഷ്ണം :

'നാലുപെണ്ണുങ്ങളു'ടെ സ്റ്റില്‍ ഫോട്ടോ പത്രമാധ്യമങ്ങളില്‍ വന്നപ്പോള്‍ ഒരു സുഹൃത്ത് ചോദിക്കുകയുണ്ടായി 'സ്വയവര'ത്തിലെ ശാരദയുടെ ജാക്കറ്റിന്റെ കൈയ്യിന്റെ നീളത്തേക്കാള്‍ അരയിഞ്ചെങ്കിലും നീളം നാലുപെണ്ണുങ്ങളില്‍ കാവ്യാമാധവന്റെ ജാക്കറ്റിന്റെ കൈയ്യിന് കൊടുക്കാത്തതെന്തേ?

*
മധു ജനാര്‍ദ്ദനന്‍. ചിത്രഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം

6 comments:

വര്‍ക്കേഴ്സ് ഫോറം said...

1969ലാണ് സംസ്ഥാന ചലചിത്ര അവാര്‍ഡ് കൊടുത്തു തുടങ്ങിയത്. 1972ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് 'പണി തീരാത്ത വീടി'നായിരുന്നു. മികച്ച രണ്ടാമത്തെ സിനിമ 'ചെമ്പരത്തി'യും മൂന്നാമത്തേത് 'ആരോമലുണ്ണി'യും. അന്ന് സംസ്ഥാന അവാര്‍ഡ് കമ്മിറ്റിയിലുണ്ടായിരുന്ന ഹമീദ് ബിന്‍ മുഹമ്മദും, പി.കെ. നായരും പരസ്യമായി തന്നെ ഈ തീരുമാനങ്ങളോട് വിയോജിച്ചു. ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഈ മൂന്ന് ചിത്രങ്ങളും ലിസ്റ്റിലില്ല. മികച്ച ചിത്രം 'സ്വയംവരം'. ആ വര്‍ഷത്തെ അവാര്‍ഡുകള്‍ തെരഞ്ഞെടുത്ത സംസ്ഥാന ജൂറി ചരിത്രത്തില്‍ ഇല്ലെന്ന് നമുക്കറിയാം. പക്ഷെ ദേശീയ അവാര്‍ഡ് ലഭിച്ചതിനാല്‍ സ്വയംവരം ചരിത്രത്തിന്റെ ഭാഗമായി. പിന്നീട് മലയാള നവസിനിമയിലെ Trend Setter ആയി സ്വയംവരം മാറിയതായി വിലയിരുത്തപ്പെട്ടു. (?) ഒരു ചിത്രം അവാര്‍ഡിനായി മത്സരിക്കുമ്പോള്‍ അത് സൃഷ്ടിക്കുന്ന സ്വാധീനപരിസരം പ്രധാനമാണെന്ന് കാണാം. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെതന്നെ ആദ്യത്തെ ഫിലിം കോപ്പറേറ്റീവ് മൂവ്മെന്റായ ചിത്രലേഖയുടെ നാമധേയം, ഡല്‍ഹി ഇന്‍ഫര്‍മേഷനില്‍ ഉദ്യോഗസ്ഥനായരുന്ന ഹമീദ് ബിന്‍ മുഹമ്മദ് കേരള ജൂറിയിലെടുത്ത നിലപാടുകള്‍ എന്നിവയെല്ലാം ദേശീയ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമായിരുന്നിരിക്കണം. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയ സമയത്ത് പൂര്‍ണ്ണമായും തഴയപ്പെട്ട പല സിനിമകളും പിന്നീട് ദേശീയ അവാര്‍ഡ് നേടുകയും ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയതിട്ടുണ്ട്. സംസ്ഥാന അവാര്‍ഡിലും ദേശീയ അവാര്‍ഡിലും ഒരുപോലെ തഴയപ്പെട്ടതും എന്നാല്‍ മലയാള സിനിമാചരിത്രത്തില്‍നിന്ന് ഒരിക്കലും മാറ്റി നിര്‍ത്താനാവാത്തതുമായ 'അതിഥി' (കെ.പി. കുമാരന്‍) പോലുള്ള ചലചിത്രങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. അതിഥി സംസ്ഥാന അവാര്‍ഡിനായി മത്സരിച്ചപ്പോള്‍ അരവിന്ദന്റെ ' ഉത്തരായനം' 11 പ്രധാന അവാര്‍ഡുകള്‍ വാരിക്കൂട്ടി. ആ വര്‍ഷത്തെ കേന്ദ്ര ജൂറിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അംഗമായിരുന്നതാണോ, കെ.പി. കുമാരന്റെ പ്രഥമ സിനിമയായ അത്ഥി പൂര്‍ണ്ണമായും തമസ്കരിക്കപ്പെട്ടതിനു കാരണം എന്ന സംശയം അവശേഷിക്കുകയാണ്......

മധു ജനാര്‍ദ്ദനന്‍ ചിത്രഭൂമിയില്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.

Anoop M said...

http://workersforum.blogspot.com/2009/06/blog-post_07.html

ഈ ലിങ്കില്‍ കാണുന്നത് പ്രസിദ്ധീകരിച്ചിടത്ത് തന്നെ ഇത് വന്നത് നന്നായി.

Roby said...

കുറെ ഊഹാപോഹങ്ങളും ആരോപണങ്ങളും...മേമ്പൊടിക്ക് അല്പം വിവരക്കേടും. ഇതൊക്കെ പ്രസിദ്ധീകരിക്കേണ്ട കാര്യം വർക്കേഴ്സ് ഫോറത്തിനുണ്ടോ?

ഷോർട്ട് ഫിലിമുകളെയും ഫീച്ഛർ ഫിലിമുകളെയും അത്രയെളുപ്പം നോവലും ചെറുകഥയുമായി താരത‌മ്യം ചെയ്യാനാകില്ല. കുറെ സംവിധായകർ ഉപയോഗിച്ചു എന്നു കരുതി ഒരു സങ്കേതം തേഞ്ഞതാകുന്നതെങ്ങനെ? അറുപതുകളിൽ തന്നെ പസോളിനി ആന്തോളജി ഫിലിം എടുത്തിരുന്നു. എന്നു കരുതി അതിനു ശേഷം പലരും ആ സങ്കേതം ഉപയോഗിച്ചപ്പോഴൊന്നും ഈ സങ്കേതം തേഞ്ഞിരുന്നില്ലേ? ഇപ്പോൾ അടൂർ ഉപയോഗിക്കുമ്പോഴാണോ തേഞ്ഞത്?

നാലുപെണ്ണുങ്ങളുടെയൊക്കെ പ്രശ്നം ഘടനാപരമല്ല. പാളിച്ചകൾ ഘടനാപരമെന്നു പറയുന്നത് സിനിമയെ വേണ്ടരീതിയിൽ മനസ്സിലാക്കാത്തതു കൊണ്ടോ കൂടുതൽ ഗൌരവമുള്ള പ്രശ്നങ്ങൾ കണ്ടില്ല എന്നു നടിക്കുന്നതു കൊണ്ടോ ആണ്.

അതെ, സിനിമാ അവാർഡ് നിർത്തിയിട്ട് കരളുരപ്പിനോ മസിലുറപ്പിനോ ഒക്കെ അവാർഡ് കൊടുത്തു തുടങ്ങണം.

suresh said...

ടീ വി ചന്ദ്രന്റേതായി ആകപ്പാടെ ഒരു 'പോന്തന്‍ മാട' ഉണ്ട് എടുത്തുപറയാനായി. മികച്ച പത്തു മലയാളചിത്രങ്ങള്‍ എടുത്താല്‍ അതില്‍ പെടും. അടൂരിന്റെ പല ചിത്രങ്ങളേയും അതിശയിക്കുകയും ചെയ്യും. അത്ര തന്നെ.

പിന്നെ, കാര്യമായ adaptation ഒന്നുമില്ലാതെ തന്നെ ചെറിയ സ്ക്രീനിലോ വലിയ സ്ക്രീനിലോ കാണിക്കാവുന്ന പടങ്ങള്‍ ഉണ്ട്. ഉദാ: കീസ്‌ലോവ്സ്കിയുടെ ചില പടങ്ങള്‍. അതൊക്കെ പ്രമേയം, ട്രീറ്റ്മെന്റ് എന്നിവയൊക്കെ അനുസരിച്ചിരിക്കും.

അവാര്‍ഡ് കുരു ഇന്നല്ലെങ്കില്‍ നാളെ എല്ലാവര്‍ക്കും വരും എന്നല്ലേ പ്രമാണം. കുത്തിപ്പൊട്ടിക്കാഞ്ഞാല്‍ മതി.

Unknown said...

നാലു പെണ്ണൂങ്ങൾ നല്ല സിനിമയൊന്നുമല്ല...
പക്ഷേ സീരിയലിനോടും ചെറുകഥാസമാഹാരത്തിനോടും ഉപമിച്ചത് കടന്ന കൈയായി പോയി... കുറസോവയുടെ ഡ്രീംസ് കൊണ്ടാടപ്പെടാമെങ്കിൽ അടൂരിനെന്തുകൊണ്ടായിക്കൂടാ?

വര്‍ക്കേഴ്സ് ഫോറം said...

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി

ചിത്രഭൂമിയില്‍ ഒഴിവാക്കപ്പെട്ട ചില പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ ലേഖനം പൂര്‍ണ്ണരൂപത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
:)