Monday, June 29, 2009

പൊതുവിദ്യാലയങ്ങള്‍ക്ക് വര്‍ണരാജിയുടെ ധന്യത

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രമെന്നത് നമ്മുടെ നാടിന്റെ സാമൂഹ്യചരിത്രം കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഏതെല്ലാം വിധം മാറിയെന്നതിന്റെ ചരിത്രം തന്നെയാണ്. ജീവിതത്തിന്റെ നാനാ മേഖലയിലും നാം പടുത്തുയര്‍ത്തിയ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ആരൂഢങ്ങള്‍ക്കൊപ്പമാണ് വിദ്യാഭ്യാസ സംവിധാനങ്ങളും വളര്‍ന്നു വന്നത്.

വളര്‍ച്ചയുടെ പടവുകള്‍

സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ വിദ്യാഭ്യാസത്തെ പ്രധാന മുദ്രാവാക്യമാക്കി മാറ്റിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ എയ്‌ഡഡ് സ്‌കൂളുകളില്‍ കുട്ടികളെ പ്രവേശിപ്പിക്കാനുമുള്ള ശക്തമായ സമ്മര്‍ദ്ദം ഉയര്‍ന്നുവന്നു. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമുണ്ടായ വ്യവസായ വളര്‍ച്ച സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ നേടിയെടുക്കാന്‍ ആധുനിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് വന്നു. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനവും തൊഴിലാളികളുടേയും കര്‍ഷകരുടേയും ബഹുജന പ്രസ്ഥാനങ്ങളും വിദ്യാഭ്യാസം വിമോചന മാര്‍ഗ്ഗമാണെന്ന ബോധം വളര്‍ത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധനസഹായവും പാശ്ചാത്തല സൌകര്യവും നല്‍കാന്‍ സര്‍ക്കാരുകളും തയ്യാറായി. കീഴാള ജനവിഭാഗങ്ങളിലേക്കും സ്ത്രീകളിലേക്കുമെല്ലാം അതിന്റെ സ്വാധീനം വ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ സാക്ഷരതാ നിരക്ക് അഭിമാനകരമാം വളര്‍ന്നതിന്റെ പാശ്ചാത്തലമിതാണ്.

ഉപരിവര്‍ഗ്ഗത്തിന്റെ ജാഗരൂകത

മതസാമുദായിക ശക്തികളും സ്വന്തം താല്‍പര്യ സംരക്ഷണത്തിനായി ഇതേ സമയം വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാനാരംഭിച്ചു. 1945ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്വകാര്യ പ്രൈമറി വിദ്യാലയങ്ങള്‍ ഏറ്റെടുക്കാന്‍ നടത്തിയ ശ്രമങ്ങളും തിരുവിതാംകൂര്‍ കൊച്ചിയില്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ കൊണ്ടുവന്ന പ്രൈവറ്റ് സെക്കണ്ടറി സ്‌കൂള്‍ നിയമവും സ്‌കൂള്‍ മാനേജര്‍മാരുടെ ശക്തമായ എതിര്‍പ്പ് മൂലം പരാജയപ്പെട്ടു. കേരളപ്പിറവിക്ക് ശേഷം വിദ്യാഭ്യാസ രംഗത്തുണ്ടായ സമഗ്രമായ നിയമ നിര്‍മ്മാണ സന്ദര്‍ഭത്തിലും ഇതേ ശക്തികള്‍ തന്നെ അതിനെ അട്ടിമറിക്കാനായി രംഗത്തുവന്നു. കേരള വിദ്യാഭ്യാസ നിയമത്തിലെ ശക്തമായ എതിര്‍പ്പിന് വിധേയമായത് രണ്ടു വ്യവസ്ഥകളായിരുന്നു. ഒന്ന് : എയ്‌ഡഡ് സ്‌കൂളുകളടക്കം എല്ലാ സ്‌കൂളുകളിലും അദ്ധ്യാപക നിയമനം നടത്തേണ്ടത് പബ്ളിക് സര്‍വ്വീസ് കമ്മീഷനാണ്. രണ്ട് : നിയമത്തിലെ പൊതു മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന മാനേജര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. ഇതിനെ മറ്റു പ്രശ്നങ്ങളുമായി കൂട്ടിയിണക്കി അവര്‍ നടത്തിയ സമരമാണ് വിമോചന സമരമായി മാറിയതും 1959ലെ മന്ത്രിസഭയുടെ പിരിച്ചു വിടലിന് കാരണമായതും. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ആദ്യമായി ഒരു പൊതു മാനദണ്ഡത്തിന് കീഴില്‍ കൊണ്ടുവരാനിടയാക്കിയ വിദ്യാഭ്യാസ നിയമം കേരളീയ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാനമായ കാല്‍വെപ്പായിരുന്നു.

തിന്മയുടെ ശക്തികള്‍ കരുത്താര്‍ജിക്കുന്നു

അറുപതുകളിലെ വിദ്യാഭ്യാസ വ്യാപനം, എഴുപതിലെ ഭൂപരിഷ്കരണം എന്നിവ വിദ്യാഭ്യാസ രംഗത്തെ പിന്നെയും വളര്‍ത്തി. എന്നാല്‍ ഈ രംഗത്ത് ഉന്നതനിലവാരം ഉറപ്പു വരുത്തുന്നതില്‍ ഭരണാധികാരികള്‍ പലപ്പോഴും അനാസ്ഥ കാണിച്ചു. പാഠ്യപദ്ധതി പരിഷ്കരണവും അധ്യാപക പരിശീലനങ്ങളും അവഗണിക്കപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ കച്ചവട താല്‍പര്യക്കാര്‍ ഈ അവസ്ഥ ശരിക്കും മുതലെടുത്തു. ഉയര്‍ന്ന ഫീസ് ഈടാക്കിയും വിജയ ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ചില കോച്ചിംഗ് തന്ത്രങ്ങള്‍ സ്വീകരിച്ചും അവര്‍ വ്യാപകമായ അണ്‍ എയ്‌ഡഡ് വിദ്യാലയങ്ങളാരംഭിച്ചു. മധ്യവര്‍ഗ്ഗ രക്ഷിതാക്കളെ അവ എളുപ്പം ആകര്‍ഷിച്ചു. തൊണ്ണൂറുകളോടെ വിദ്യാഭ്യാസ കച്ചവടം കേരളത്തില്‍ വ്യാപകമായി. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും പുത്തന്‍ സാമ്പത്തിക നയങ്ങളുടെ പിന്‍തുണയോടെ അവ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഭീഷണിയായി മാറി. വിദ്യാഭ്യാസം സര്‍ക്കാരിന്റെ ബാധ്യതയല്ലെന്ന നിലപാടും ശക്തിപ്പെടാന്‍ തുടങ്ങി. സേവന മേഖലയില്‍ നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റം കൂടി ആരംഭിച്ചതോടെ ഈ രംഗത്ത് അരാജകത്വപരമായ സാഹചര്യങ്ങള്‍ വളര്‍ന്നു വന്നു.

സാമൂഹ്യനീതിക്ക് പൊതുവിദ്യാഭ്യാസം

പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം പൊതുവിദ്യാഭ്യാസം ഏറെ അവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഉപരിവര്‍ഗം പണംകൊണ്ട് നേടിയെടുക്കുന്ന വിദ്യാഭ്യാസ അവസരങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസത്തിന് കഴിഞ്ഞു. സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ട് അത്തരം സാമൂഹ്യ ബാധ്യത ഏറ്റെടുക്കാനുള്ള ബാധ്യത ഭരണ കൂടങ്ങളെക്കൊണ്ട് നിര്‍വ്വഹിപ്പിക്കാന്‍ കേരളത്തിലെ സാമൂഹ്യ ഇടപെടലുകള്‍ക്ക് സാധ്യമായി. ഇത് പൊതു വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള പോരാട്ടവും അധഃസ്ഥിതരുടെ മോചനത്തിനായുള്ള പോരാട്ടവും രണ്ടല്ല എന്ന നിഗമനത്തില്‍ നമ്മെ എത്തിക്കുന്നു.

'പിടിയരി പ്രസ്ഥാനം' എന്തിനായിരുന്നു?

'വിമോചന' സമരത്തിനും അര നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. മത സാമുദായിക ശക്തികളുടെ ഏകീകരണം നമ്മുടെ നാട്ടിലെ ഉപരിവര്‍ഗ്ഗം സാധിച്ചെടുത്തത് ഈ സമരാഭാസത്തിലൂടെയാണ്. അതിനവര്‍ക്ക് കരുത്തേകിയത് മൂലധന ശക്തികള്‍ക്ക് മുന്‍തൂക്കമുള്ള കേരളത്തിലെ വിദ്യാഭ്യാസ മേഖലയാണ്. പൊതുവിദ്യാഭ്യാസ മേഖല കരുത്താര്‍ജ്ജിക്കുന്നതിനെ അവര്‍ ഭീതിയോടെയാണ് ദര്‍ശിക്കുന്നത്. പുതിയ പാഠ്യപദ്ധതി നടപ്പില്‍ വരുത്തിയതിനെയടക്കം അവര്‍ അസഹിഷ്ണുതയോടെ ആക്ഷേപിക്കുകയാണ്. വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള വിദ്യാര്‍ത്ഥിയുടേയും അധ്യാപകന്റേയും രക്ഷിതാക്കളുടേയും പൊതു സമൂഹത്തിന്റേയും സമീപനത്തില്‍ ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സാഹചര്യങ്ങള്‍ ഒരുക്കേണ്ടതാണെന്നും ശാസ്ത്ര സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ക്ളാസ്സ് മുറികളിലും കടന്നു വരണമെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ആക്ടിവിറ്റി കോര്‍ണറും വായനാ സൌകര്യവും ഇന്റര്‍നെറ്റ് അടക്കമുള്ള വിവര സാങ്കേതികവിദ്യയും സ്‌കൂളുകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. ഇതെല്ലാം എല്ലാ വിദ്യാലയങ്ങള്‍ക്കും ഒരുക്കിക്കൊടുക്കാന്‍ ആര്‍ക്കു കഴിയും? പഞ്ചനക്ഷത്ര അണ്‍ എയ്‌ഡഡ് വിദ്യാലയങ്ങള്‍ക്കല്ലാതെ ഇത് സാധ്യമാവുമോ? മുമ്പ് ക്ളാസ്സ് മുറികളില്‍ ബഞ്ചും ഡസ്കും ബ്ളാക്ക് ബോര്‍ഡുമില്ലാത്ത കാലത്ത് 'പിടിയരി' ശേഖരിച്ച് അതെല്ലാം സാധ്യമാക്കിയവരാണ് കേരളത്തിലെ പൊതുസമൂഹം. ഇന്നതെല്ലാം സാധ്യമാവുമെന്നത് ഏതെങ്കിലും 'സ്ളം ഡോഗി'ന്റെ 'മില്യണയര്‍' സ്വപ്നങ്ങളല്ലേ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. ഈ 'കോഴിക്കോടന്‍ വീരഗാഥ' അതിനൊരുത്തരമാണ്.

പൊതുവിദ്യാലയങ്ങളില്‍ വസന്തം

വേണമെങ്കില്‍ പൊതുവിദ്യാലയങ്ങള്‍ക്കും നക്ഷത്രത്തിളക്കം നല്‍കാനാവുമെന്ന് പ്രയോഗത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കയാണ് കോഴിക്കോട് ഒന്നാം നിയോജക മണ്ഡലത്തിലെ നിയമസഭാ സാജികനായ എ. പ്രദീപ് കുമാര്‍. 'മാറി നിന്ന് വിമര്‍ശിക്കുക' എന്ന മലയാളിയുടെ പതിവു രീതിക്ക് പകരം 'ഇടപെട്ടു തിരുത്താനാണ്' അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. വായില്‍ വെള്ളമൂറുന്ന വാഗ്ദാനങ്ങള്‍ നല്‍കി സമ്മതിദായകരെ കബളിപ്പിക്കുന്ന രാഷ്ട്രീയക്കാരെ ഏറെ പരിചയമുണ്ട് നമുക്ക്. അത്തരമൊരു വാചക 'വീര'നല്ല ഈ ജനപ്രതിനിധി. കേരളത്തിലെ പല നിയമസഭാ സാമാജികരും ഈ മാതൃകയുടെ ഭിന്ന രൂപങ്ങള്‍ തങ്ങളുടെ മേഖലകളില്‍ നടപ്പിലാക്കുന്നുണ്ടാവാം. ഇത് പക്ഷേ കുറേക്കൂടി സമഗ്രമായ ഒരിടപെടലായി നമുക്ക് കാണാം. അദ്ദേഹത്തിന്റെ പ്രോജക്ടിന്റെ പേരു തന്നെ 'പ്രാദേശിക വികസന ഫണ്ട് വിദ്യാഭ്യാസ ഗുണമേന്മക്ക് ' എന്നാണ്. വിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള ദിശാബോധം ആമുഖത്തില്‍ തന്നെ വിളംബരം ചെയ്യുന്നു.

"കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമാണ് സംഭവിച്ചത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന പൊതുവായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് വിദ്യാഭ്യാസ മേഖല''. പ്രാദേശിക കൂട്ടായ്മകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് വിദ്യാഭ്യാസത്തിന്റെ ബാഹ്യ ഘടനയിലും ആന്തരിക ഘടനയിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് തിരിച്ചറിയുന്ന ഈ പ്രോജക്ട് അറിവിന്റെ നിര്‍മ്മിതിക്ക് അനുസൃതമായ പഠന സാഹചര്യങ്ങളും പരിസരവും സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കുമ്പോള്‍ പലപ്പോഴും ഇല്ലാതെ പോകുന്ന ശാസ്ത്രീയമായൊരു കാഴ്ചപ്പാട് ഈ പദ്ധതിരേഖ പുലര്‍ത്തുന്നു. 'പാഠ്യപദ്ധതി വിനിമയം ചെയ്യുന്ന ഒരു പഠനാനുഭവകേന്ദ്രം' എന്നതാണ് ഈ രേഖയിലെ വിദ്യാലയ നിര്‍വ്വചനം. 'പെഡഗോജി പാര്‍ക്ക് ' എന്ന ആശയത്തിന്റെ പൂര്‍ണമായ അര്‍ത്ഥവും അതുതന്നെ. ആഴ്ചവട്ടം ഗവണ്‍മെന്റ് എ.എല്‍.പി. സ്‌കൂളിലെ 'പെഡഗോജി പാര്‍ക്കി'ന്റെ ഉദ്ഘാടന വേളയില്‍ വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പുമന്ത്രി ആ വാക്കിനെ അതിമനോഹരമായി മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. 'ബോധനോദ്യാനം'! അഞ്ചു വര്‍ഷത്തിനുള്ളില്‍ കോഴിക്കോട് മണ്ഡലത്തിലെ അമ്പത്തിഒമ്പത് വിദ്യാലയങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

'വിത്തനാഥ'ന്മാരുടെ പഞ്ചനക്ഷത്ര വിദ്യാലയപരസ്യങ്ങളില്‍ കുതിര സവാരിയും നീന്തല്‍ക്കുളങ്ങളും പലപ്പോഴും ഇടം നേടാറുണ്ട്. അതെന്തിനാണെന്ന് ചോദിച്ചാല്‍ പദവി ചിഹ്നം അഥവാ സ്റാറ്റസ് സിംബല്‍ എന്നു മാത്രമായിരിക്കും അവരുടെ മറുപടി. ബോധനോദ്യാനത്തില്‍ ഓരോന്നിനും വിശാലവും സമഗ്രവുമായ ലക്ഷ്യമുണ്ട്. അത് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞ ആഴ്ചവട്ടം എല്‍. പി. സ്‌കൂളിലെ ക്ളാസ് മുറിയെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിവരിച്ചത് ഈ വിധമാണ്. 'കഥകളും കവിതകളും വര്‍ണ ചിത്രങ്ങളുമായി പൂത്തു വിരിഞ്ഞു നില്‍ക്കുന്ന ചുമരുകള്‍, ഊഞ്ഞാലിലും സിസോയിലും ചാടി മറിഞ്ഞു കളിക്കുന്ന കുട്ടികള്‍, ചരിത്ര മുഹൂര്‍ത്തനങ്ങള്‍ തുടിച്ചു നില്‍ക്കുന്ന ദൃശ്യവിന്യാസങ്ങള്‍, മുറ്റത്ത് ആമ്പല്‍പൊയ്ക, ഇരിക്കാന്‍ കുഞ്ഞു ഫൈബര്‍ കസേരകള്‍, പഠിക്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനമുള്ള സ്മാര്‍ട്ട് ക്ളാസ്സ് റൂം...' ഈ അത്ഭുതലോകം ആലീസിന്റേതല്ല, ഒരു സര്‍ക്കാര്‍ പ്രൈമറി വിദ്യാലയത്തിന്റെ നേര്‍ചിത്രമാണ്. മറ്റു വിദ്യാലയങ്ങളും ഇപ്പോള്‍ ബോധനോദ്യാനമായി അണിഞ്ഞൊരുങ്ങുകയാണ്. എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിദ്യാലയങ്ങള്‍ക്കെല്ലാം വ്യത്യസ്ഥമായ കര്‍മ്മ പദ്ധതികളുണ്ട്.
ഹൈസ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ളാസ്സ് റൂം, യു.പി. ക്ക് സയന്‍സ് ലാബ്, എല്‍.പി.ക്ക് ബോധനോദ്യാനം എന്നിങ്ങനെ.

ലോകനിലവാരം തേടുന്ന 'പ്രിസം'

ഇതോടൊപ്പം മൂന്നു ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള 'പ്രിസം' എന്ന പേരിലുള്ള 450 ലക്ഷം രൂപയുടെ വികസന പദ്ധതിക്കും ഈ ജനപ്രതിനിധി കേരള സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുത്തിരിക്കുന്നു. സര്‍ക്കാരിന് പുറമെ കുന്ദമംഗലത്തെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, പൊതുമരാമത്ത് വകുപ്പ്, സ്പോര്‍ട്സ് കൌണ്‍സില്‍, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവ സംയുക്തമായാണ് ഈ സംരഭത്തിന് നേതൃത്വം നല്‍കുന്നത്. ഉദാരമതികളായ സ്വകാര്യ സംരഭകരുടെ സഹായവും ഇതിനായി സ്വീകരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്കാര സമ്പന്നമായ ഏതു സമൂഹത്തിന്റെയും പ്രഥമ പരിഗണന 'നല്ലതെല്ലാം കുഞ്ഞുങ്ങള്‍ക്ക് നല്‍കുക' എന്നതായിരിക്കണമെന്ന മഹദ്‌വചനം ഇവിടെ യാഥാര്‍ത്ഥ്യമാവുകയാണ്. ഏറെ അഭിമാനിക്കാന്‍ വകയുണ്ട് ഈ ജനപ്രതിനിധിക്ക്, ഒപ്പം ഇത്തരമൊരു പോരാളിയെ പൊതുസമൂഹത്തിന് സമ്മാനിച്ച പുരോഗമന വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിനും. 'മനുഷ്യന്‍ സ്വപ്നം കാണണമെന്ന' ലെനിന്റെ വാക്കുകള്‍ ഭൌതിക യാഥാര്‍ത്ഥ്യവുമായി ഇവിടെ പൂര്‍ണത തേടുന്നു.

***

വി.ടി. സുരേഷ്, കടപ്പാട് :യുവധാര

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രമെന്നത് നമ്മുടെ നാടിന്റെ സാമൂഹ്യചരിത്രം കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഏതെല്ലാം വിധം മാറിയെന്നതിന്റെ ചരിത്രം തന്നെയാണ്. ജീവിതത്തിന്റെ നാനാ മേഖലയിലും നാം പടുത്തുയര്‍ത്തിയ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ആരൂഢങ്ങള്‍ക്കൊപ്പമാണ് വിദ്യാഭ്യാസ സംവിധാനങ്ങളും വളര്‍ന്നു വന്നത്....

വി ടി സുരേഷ് എഴുതുന്നു...