Friday, February 14, 2014

മോഡിത്വത്തിന്റെ പൈതൃകം

ക്വിറ്റ് ഇന്ത്യാസമരത്തെ കമ്യൂണിസ്റ്റുകാര്‍ ഒറ്റുകൊടുത്തു എന്നാണ് നരേന്ദ്രമോഡി കഴിഞ്ഞദിവസം തിരുവനന്തപുരത്തു വന്ന് ആക്ഷേപിച്ചത്. ക്വിറ്റ് ഇന്ത്യാസമരവുമായി ബന്ധപ്പെട്ട ചരിത്രത്തെക്കുറിച്ച് സമ്പൂര്‍ണ അജ്ഞതയുണ്ടെങ്കില്‍ മാത്രമേ ഇങ്ങനെ പറയാന്‍ കഴിയൂ. കമ്യൂണിസ്റ്റുകാര്‍ക്ക് ചേരുന്ന തൂവലല്ല മോഡി കൊണ്ടുവരുന്നത്. അതു ചേരുക അദ്ദേഹത്തിന്റെ തന്നെ പ്രസ്ഥാനത്തിനാണ്.

യഥാര്‍ഥത്തില്‍, ഇന്നത്തെ ബിജെപിയുടെ പൂര്‍വരൂപമായിരുന്ന ഹിന്ദുമഹാസഭ അന്ന് എന്താണ് ചെയ്തത്? 1942ല്‍ ആയിരുന്നല്ലോ ക്വിറ്റ് ഇന്ത്യാ സമരം. ആ സെപ്തംബര്‍ ഒന്നിന് അടല്‍ ബിഹാരി വാജ്പേയി ധീരദേശാഭിമാനികളായ രണ്ടു സ്വാതന്ത്ര്യസമരസേനാനികളെ സാമ്രാജ്യത്വത്തിന്റെ കഠിനതടവിനും ഒരു ഗ്രാമത്തെ അപ്പാടെ വലിയ പിഴശിക്ഷയ്ക്കും വിട്ടുകൊടുത്തുകൊണ്ട് സ്വയം മാപ്പെഴുതികൊടുത്തു രക്ഷപ്പെടുകയായിരുന്നു. ജനസംഘത്തിന്റെ സ്ഥാപകനായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി അന്ന് ബ്രിട്ടീഷുകാരാല്‍ നോമിനേറ്റ്ചെയ്യപ്പെട്ട മന്ത്രിസഭയില്‍ അംഗമായിരുന്നുകൊണ്ട് ബംഗാളിലെ കോണ്‍ഗ്രസുകാരെയും കമ്യൂണിസ്റ്റുകാരെയും ഒരുപോലെ സാമ്രാജ്യത്വത്തിനുവേണ്ടി വേട്ടയാടിപ്പിടിക്കുകയായിരുന്നു. ഹിന്ദുരാഷ്ട്രസ്ഥാപനത്തിനുള്ള തിസീസ് ആയ "ഹിന്ദുത്വ" രചിച്ച സവര്‍ക്കര്‍ ആകട്ടെ, നേരത്തേതന്നെ ആന്തമാനിലെ ജയിലില്‍നിന്ന് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തു രക്ഷപ്പെട്ടുപോയിരുന്നു (ആ സവര്‍ക്കറുടെ ചിത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ അലങ്കരിച്ചു സ്ഥാപിച്ചത്).

ഒറ്റുകൊടുക്കലിന്റെയും വഞ്ചനയുടെയും മാപ്പെഴുതിക്കൊടുക്കലിന്റെയും പൈതൃകമുള്ളത് ബിജെപിക്കാണ്; സിപിഐ എമ്മിനല്ല. നേതാജി സുഭാഷ് ചന്ദ്രബോസിനെ കമ്യൂണിസ്റ്റുകാര്‍ പിന്തുണച്ചില്ല എന്നതാണ് നരേന്ദ്രമോഡിയുടെ മറ്റൊരു ആക്ഷേപം. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയ്ക്ക് നാസിസ്റ്റ് ജര്‍മനിയുമായി കൈകോര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഗാന്ധിജിയുടെ പ്രസ്ഥാനത്തില്‍നിന്ന് അകന്ന നേതാജി. ദേശീയ സ്വതന്ത്ര്യത്തില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചെങ്കിലും ഹിറ്റ്ലറുമായും മുസോളിനിയുമായും ചേര്‍ന്ന് സ്വാതന്ത്ര്യം നേടാമെന്ന ചിന്തയിലേക്ക് നേതാജി വ്യതിചലിക്കുകയാണുണ്ടായത്. അതിനോട് കമ്യൂണിസ്റ്റുകാര്‍ക്ക് യോജിപ്പില്ലായിരുന്നു. ഫാസിസത്തിനും നാസിസത്തിനും ഒപ്പം നില്‍ക്കണമായിരുന്നോ കമ്യൂണിസ്റ്റുകാര്‍? നേതാജിയുടെ തീവ്രരാഷ്ട്രീയ ലൈനിനൊപ്പം ജനങ്ങള്‍ പോകുന്നു എന്നതുകണ്ടാണ് അതുവരെ കാര്യമായി ഒന്നുംചെയ്യാതിരുന്ന കോണ്‍ഗ്രസ് അതു തടയാന്‍ പെട്ടെന്ന് 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചത്. അത് ബ്രിട്ടീഷുകാര്‍ക്കെതിരെ എന്നതിനേക്കാള്‍ നേതാജിക്കെതിരെ ആയിരുന്നു. അതിനപ്പുറത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്നതായിരുന്നു ആ സമരത്തിന്റെ ആത്യന്തിക ലക്ഷ്യമെങ്കില്‍ 1943ല്‍, അതായത് തൊട്ടടുത്തവര്‍ഷംതന്നെ എന്തിനാണ് അത് പിന്‍വലിച്ചത്?

ക്വിറ്റ് ഇന്ത്യാ സമരത്തെയും അതിനോടുള്ള നിലപാടിനെയും അന്നത്തെ സാര്‍വദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിലേ വിലയിരുത്താന്‍ പറ്റൂ. 1939 ആയപ്പോഴേക്കും ലോകത്തു രണ്ടു വിരുദ്ധ സാമ്രാജ്യത്വ ശക്തികേന്ദ്രങ്ങള്‍ രൂപമെടുത്തു. ജര്‍മനിയും ഇറ്റലിയും ജപ്പാനും ഉള്‍പ്പെട്ട അച്ചുതണ്ടുശക്തി കള്‍ ഒരുവശത്ത്. ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെട്ട സഖ്യശക്തികള്‍ മറുവശത്ത്. അന്ന് ലോകത്ത് ആകെ ഒരു സോഷ്യലിസ്റ്റ് രാജ്യമേ ഉണ്ടായിരുന്നുള്ളൂ- സോവിയറ്റുയൂണിയന്‍. ലോകത്തെമ്പാടുമായി നിരവധി രാജ്യങ്ങളെ കോളനികളാക്കി വച്ചുകൊണ്ടിരുന്ന ഇരുശക്തികള്‍ക്കും ലോകത്ത് ഏറ്റവുമധികം പ്രകൃതിവിഭവങ്ങളുള്ള സോവിയറ്റുയൂണിയനെ കീഴ്പ്പെടുത്തണമെന്ന തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. അച്ചുതണ്ടുശക്തികള്‍ സഖ്യശക്തികളെ ആക്രമിച്ചു. അങ്ങനെ 1939ല്‍ രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1941വരെ യുദ്ധം അച്ചുതണ്ട് - സഖ്യശക്തികള്‍ തമ്മിലായിരുന്നു. സോവിയറ്റുയൂണിയന്‍ ഇരു ക്യാമ്പിലുമുണ്ടായിരുന്നില്ല. എന്നാല്‍, "41ല്‍ ജര്‍മനിയുടെ നേതൃത്വത്തിലുള്ള അച്ചുതണ്ടുശക്തികള്‍ യുദ്ധത്തില്‍ മേല്‍ക്കൈ നേടി. അതോടെ സോവിയറ്റുയൂണിയനുമായി ഉണ്ടായിരുന്ന യുദ്ധവിരുദ്ധകരാര്‍ പൊളിച്ച് അച്ചുതണ്ടുശക്തികള്‍ സോവിയറ്റുയൂണിയനെ ആക്രമിച്ചു. ഇതോടെ ഫലത്തില്‍ സഖ്യശക്തികളും സോവിയറ്റുയൂണിയനും ഒരുപോലെ ഫാസിസ്റ്റ് ആക്രമണം നേരിടുന്ന നിലയായി. ഫാസിസം ലോകത്തെ കീഴടക്കുമെന്ന നില. അതിനെ നേരിട്ടു പരാജയപ്പെടുത്തലാണ് അടിയന്തരമായി ചെയ്യേണ്ടത് എന്ന നില. ഫാസിസവും നാസിസവും ജയിച്ചാല്‍ ലോകത്തിലെ ഏക സോഷ്യലിസ്റ്റ് രാജ്യം തകരും; ലോകമാകെ ജര്‍മനിയുടെ, ഹിറ്റ്ലറുടെ നാസിസത്തിന്റെ കാല്‍ക്കീഴിലാകും എന്ന അവസ്ഥ.

ലോകത്ത് ബോധത്തെളിമയുള്ള ഏവരും നാസിസത്തെയും ഫാസിസത്തെയും തകര്‍ക്കലാണ് അടിയന്തരകടമ എന്നു ചിന്തിച്ച ഘട്ടം. ആ ഘട്ടത്തിന്റെ പൊതുലോകവികാരം ഏറ്റവും നന്നായി പ്രകടിപ്പിച്ചത് മഹാത്മാഗാന്ധിതന്നെയാണ്. അദ്ദേഹം എഴുതി ""ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ഇന്ത്യയുടെ മോചനത്തെക്കുറിച്ചല്ല, അതു നടക്കുകതന്നെ ചെയ്യും. ഇന്ത്യ മോചിതമായാല്‍ത്തന്നെയും ഫാസിസത്തിനുമുന്നില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും വീണുപോയാല്‍ ആ മോചനത്തിന് എന്തര്‍ത്ഥം? എന്റെ അനുഭാവം ഈ ഘട്ടത്തില്‍ ഇംഗ്ലണ്ടിനോടാണ്. ഞാന്‍ അത് ബ്രിട്ടീഷ് വൈസ്രോയി ലെന്‍ലിത് ഗോവിനോട് പറഞ്ഞു."" മഹാത്മാഗാന്ധിയുടെ സമാഹൃതകൃതികളില്‍നിന്ന് ഗാന്ധിജിയുടെ ഈ വാക്കുകള്‍ ആര്‍ക്കും വായിക്കാം. 1943ല്‍ ക്വിറ്റ് ഇന്ത്യ സമരം പിന്‍വലിക്കുന്നതിനു പ്രേരിപ്പിച്ചതുതന്നെ ഈ വികാരമല്ല എന്ന് ആരുകണ്ടു? ഗാന്ധിജിയുടെ ഇതേ കാഴ്ചപ്പാടായിരുന്നു ക്വിറ്റ് ഇന്ത്യാസമരഘട്ടത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കും. എന്നാല്‍, ബ്രിട്ടീഷുകാരോട് അനുഭാവം എന്ന തലത്തിലേക്ക് പോയിരുന്നില്ലതാനും. ബ്രിട്ടനെ ക്ഷീണിപ്പിക്കേണ്ടതാണ്; അവര്‍ക്കെതിരെ സമരംചെയ്യേണ്ടതുമാണ്. പക്ഷേ, ബ്രിട്ടന്‍ സോവിയറ്റുയൂണിയനൊപ്പം നിന്ന് ഫാസിസത്തെ ചെറുക്കുന്ന വേളയിലല്ല അതു ചെയ്യേണ്ടത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഫാസിസം വിജയിച്ചാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്താവും? പൊരുതാന്‍പോലും കഴിയാത്തവിധം ഫാസിസത്തിന്റെ ബൂട്ട്സിനുകീഴില്‍ ഇന്ത്യയടക്കം ലോകമാകെ ഞെരിഞ്ഞമര്‍ന്നുപോകും. പിന്നെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ചിന്തിച്ചിട്ടു കാര്യമില്ല.

ലോകത്ത് ആദ്യമായി ഉണ്ടായ സോഷ്യലിസ്റ്റ് രാഷ്ട്രം ഫാസിസ്റ്റ് ആക്രമണത്തില്‍ ഇല്ലാതായാല്‍ സോഷ്യലിസത്തിന്റെ ഭാവിതന്നെ അപകടത്തിലാകും. അതുകൊണ്ട് ഇന്ത്യയുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടണമെങ്കില്‍പ്പോലും സോവിയറ്റുയൂണിയന്റെ രക്ഷയ്ക്കൊപ്പം നില്‍ക്കണം. ഈ ചിന്തയില്‍ അധിഷ്ഠിതമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരകാലത്തു കമ്യൂണിസ്റ്റുകാരുടെ നിലപാട്. ഗാന്ധിജി ഇത് ശരിയാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാവണമല്ലോ "43 ല്‍ ക്വിറ്റ് ഇന്ത്യാസമരം നിര്‍ത്തിവച്ചത്. കമ്യൂണിസ്റ്റുകാരുടെ ഈ നിലപാടിനെ ബ്രിട്ടീഷുകാരെ തുണയ്ക്കുന്ന നിലപാട് എന്ന് ആക്ഷേപിക്കുന്ന നരേന്ദ്രമോഡി, ബ്രിട്ടീഷ്ഭരണത്തിന്റെ മിക്കവാറും എല്ലാ ഘട്ടത്തിലും കമ്യൂണിസ്റ്റുപാര്‍ടി നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നുവെന്നും, ആ ഘട്ടങ്ങളിലൊക്കെ മോഡിയുടെ പൈതൃക പ്രസ്ഥാനമായ ഹിന്ദുമഹാസഭയ്ക്ക് ബ്രിട്ടീഷുകാര്‍ ഒരു വിലക്കും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും ഓര്‍മിക്കണം. അപ്പോള്‍ ആരായിരുന്നു ബ്രിട്ടന്റെ മിത്രം? ആഗ്രയിലെ ബ്രിട്ടീഷ് മജിസ്ട്രേട്ടിനുമുന്നില്‍ മാപ്പ് എഴുതിക്കൊടുത്തു വാജ്പേയി സ്വാതന്ത്ര്യംനേടിയപ്പോഴും ആന്തമാന്‍ ജയിലില്‍നിന്ന് സവര്‍ക്കര്‍ മാപ്പുപറഞ്ഞിറങ്ങിയപ്പോഴും ബംഗാളില്‍ ശ്യാമപ്രസാദ് മുഖര്‍ജി ബ്രീട്ടീഷുകാര്‍ക്കുവേണ്ടി കമ്യൂണിസ്റ്റുകാരെ പിടിച്ചുകൊടുത്തുകൊണ്ടിരുന്നപ്പോഴും കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടന്റെ ജയിലുകളില്‍കിടന്ന് നരകിക്കുകയായിരുന്നു. പെഷവാര്‍- കാണ്‍പൂര്‍- മദ്രാസ്- മീററ്റ്- ലാഹോര്‍ എന്നിങ്ങനെ തുടരെത്തുടരെ ബ്രിട്ടീഷ് ഭരണം ഗൂഢാലോചനക്കേസുകള്‍ കെട്ടിച്ചമച്ച് കമ്യൂണിസ്റ്റുകാരെ വലയ്ക്കുകയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിനു വളരെ മുമ്പുതന്നെ ഹിന്ദുത്വശക്തികളുടെ ബ്രിട്ടീഷ് ചാരപ്പണിയും വിധേയത്വവും ആരംഭിച്ചിരുന്നു. സവര്‍ക്കര്‍ ആന്തമാന്‍ ജയിലില്‍നിന്നു മാപ്പെഴുതിയിറങ്ങുമ്പോള്‍ മാപ്പെഴുതിക്കൊടുക്കാന്‍ വിസമ്മതിച്ചതിന് ബ്രിട്ടീഷുകാര്‍ കുതിരവണ്ടിയില്‍ കെട്ടിവലിച്ചു നരകിപ്പിക്കുകയായിരുന്നു

അതേ ജയിലില്‍ ദേശാഭിമാനികളെ. ചൈനായുദ്ധസമയത്ത് കമ്യൂണിസ്റ്റുകാര്‍ കൈക്കൊണ്ട നിലപാടിനെയും ആക്ഷേപിക്കുന്നുണ്ട് നരേന്ദ്രമോഡി. അന്ന് ഇ എം എസ് ആവശ്യപ്പെട്ടത് യുദ്ധത്തിലൂടെയല്ല, സമാധാനപരമായ മുഖാമുഖചര്‍ച്ചയിലൂടെയാണ് അതിര്‍ത്തിപ്രശ്നം തീര്‍ക്കേണ്ടത് എന്നാണ്. ഇ എം എസ് പറയുന്നിടത്തേക്കുതന്നെ മോഡിയുടെ നേതാവായ വാജ്പേയിവരെ വന്നുവെന്നതാണ് ചരിത്രം. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന വേളയില്‍ ചൈന സന്ദര്‍ശിച്ചു. യുദ്ധം പ്രശ്നത്തിനു പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെയേ അതിര്‍ത്തിപ്രശ്നം തീര്‍ക്കാനാകൂ എന്നും ബെയ്ജിങ്ങില്‍ ചെന്നുനിന്നു പ്രഖ്യാപിച്ചു. പലതലങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് അരങ്ങൊരുക്കുകയും അതു തുടര്‍ന്ന് പുരോഗമിക്കുകയുംചെയ്തു. പറയുന്നത് ഇ എം എസ് ആണെങ്കില്‍ കുഴപ്പം; വാജ്പേയിയാണെങ്കില്‍ ഗംഭീരം. ഇതാണോ മോഡിയുടെ നിലപാട്? ഒരു കാര്യംമാത്രം പറയട്ടെ, ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുന്നതിനുമുമ്പ് ഇന്ത്യയുടെ ചരിത്രം എന്താണ് എന്നത് അറിയാന്‍ ശ്രമിക്കുകയെങ്കിലും വേണം. അത് അറിഞ്ഞിരുന്നെങ്കില്‍ മോഡി കേരളത്തില്‍ വന്ന് ഈ വിധത്തില്‍ പ്രസംഗിക്കുമായിരുന്നില്ല.

*
പ്രഭാവര്‍മ

No comments: