Thursday, February 13, 2014

വ്യവസായനഗരത്തിന്റെ ഐക്യദാര്‍ഢ്യം

എറണാകുളം ജില്ലയുടെ നഗരത്തിരക്കിലൂടെയായിരുന്നു ബുധനാഴ്ച കേരളരക്ഷാ മാര്‍ച്ചിന്റെ പര്യടനം. കളമശേരിയില്‍ ആരംഭിച്ച് മറൈന്‍ഡ്രൈവില്‍ സമാപിച്ച യാത്രയില്‍, സ്വീകരണത്തിന് എത്തിയവര്‍ക്കുപുറമെ അതിന്റെ എത്രയോ മടങ്ങ് ജനങ്ങളെ അഭിസംബോധന ചെയ്യാനായി. വഴിനീളെ ജനക്കൂട്ടം. കുടുംബസമേതം വീടുകളില്‍നിന്ന് പുറത്തിറങ്ങി അഭിവാദ്യം ചെയ്യുന്നവര്‍. തൊഴില്‍സ്ഥാപനങ്ങളില്‍നിന്ന് പുറത്തിറങ്ങി അനുഭാവപൂര്‍വം കൈവീശി ഐക്യദാര്‍ഢ്യം അറിയിക്കുന്നവര്‍. തീര്‍ച്ചയായും ആവേശകരമായ സ്വീകരണമാണ് എറണാകുളം നഗരവാസികള്‍ മാര്‍ച്ചിന് നല്‍കിയത്.

പൊതുമേഖലാ വ്യവസായങ്ങളുടെയും സ്ഥാപനങ്ങളുടെയും നാടാണ് എറണാകുളം. അവയുടെ തകര്‍ച്ച ഈ നഗരത്തെയും തകര്‍ത്തു. കേരളത്തിന്റെ അഭിമാനസ്ഥാപനങ്ങളായി നാം കാണാറുള്ള ഫാക്ട്, എച്ച്എംടി, കൊച്ചി തുറമുഖം, കപ്പല്‍ശാല, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് എന്നിവയുടെയൊന്നും വര്‍ത്തമാനം സുഖകരമല്ല. ഫാക്ടില്‍ അമോണിയം പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നു. നേരത്തെ കാപ്രോലാക്ടം, യൂറിയ പ്ലാന്റുകള്‍ നിര്‍ത്തിയിരുന്നു. നാഫ്തയ്ക്കു പകരം എല്‍എന്‍ജി വന്നപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞതുപോലെ സുവര്‍ണകാലമല്ല, കഷ്ടകാലമാണുണ്ടായത്. നാഫ്തയ്ക്കുള്ള സബ്സിഡി എല്‍എന്‍ജിക്ക് നിഷേധിച്ചു. വാറ്റ് നികുതി മൂന്നിരട്ടി ഉയര്‍ത്തി. സ്ഥാപനത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലാണ്. തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തില്‍. പരിഹാസമെന്നപോലെ 6779 കോടിയുടെ സഹായം പ്രഖ്യാപിച്ച കൊച്ചിക്കാരനായ കേന്ദ്രമന്ത്രിയുടെ കഥ പലരും പറഞ്ഞു. ഒരു ടണ്‍ വളം ഉല്‍പ്പാദിപ്പിക്കാന്‍ 6779 രൂപ സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നതിനെയാണ് അത്രയും കോടി രൂപയുടെ പദ്ധതിയായി ആ നേതാവ് വിശേഷിപ്പിച്ചുകളഞ്ഞത്. ഇപ്പോള്‍ പ്രതിസന്ധിയുടെ ഘട്ടത്തില്‍ അദ്ദേഹം നിശബ്ദനാണ്.

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ 2013ല്‍ ലാഭത്തിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു. 1700 കോടി രൂപ അടിസ്ഥാനസൗകര്യവികസനത്തിന് ചെലവിട്ട ടെര്‍മിനല്‍ നഷ്ടം കുറയ്ക്കാനുള്ള വഴിപോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷം കിട്ടിയത് 53.39 കോടി രൂപയാണ്. ഡ്രഡ്ജിങ്ങിനു മാത്രം ചെലവിട്ടത് 125 കോടി രൂപ. ജീവനക്കാരുടെ ശമ്പളം പോലും കൊച്ചി പോര്‍ട്ട് ട്രസ്റ്റിന് കൃത്യമായി നല്‍കാനാകുന്നില്ല. വല്ലാര്‍പാടത്തേക്ക് കൂടുതല്‍ ചരക്ക് എത്തിക്കാനുള്ള ശ്രമങ്ങളുമില്ല. കൊച്ചി കപ്പല്‍ശാലയുടെ അപചയം ഭിന്നമല്ല. രാജ്യത്തെ തദ്ദേശീയമായ ആദ്യ വിമാനവാഹിനിക്കപ്പല്‍ നിര്‍മിച്ച മേനിയുണ്ട്. പക്ഷേ, പ്രതിരോധമേഖലയില്‍ നിന്നുള്ള പുതിയ ഓര്‍ഡറുകള്‍ നിഷേധിക്കുന്നു. ഇതിനു പുറമെയാണ് കപ്പല്‍ശാല സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം. ലാഭത്തിന്റെ തുടര്‍ച്ചയായ ചരിത്രമെഴുതിയ കപ്പല്‍ശാലയും നഷ്ടക്കണക്കിലേക്കു വീഴുന്നു. ഇതാണ് പൊതുമേഖലാസ്ഥാപനങ്ങളുടെ പൊതുവായ ചിത്രം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയവൈകല്യത്തിന്റെ ഫലമാണ് ഇത്. വ്യവസായമേഖലയില്‍ ഇത്തരം മങ്ങിയ രംഗങ്ങളാണെങ്കില്‍ മത്സ്യബന്ധനമേഖലയുടെ സ്ഥിതിയും മറ്റൊന്നല്ല. കടബാധ്യതമൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര ആശ്വാസമെത്തിക്കാന്‍ ആരംഭിച്ച മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്റെ പ്രവര്‍ത്തനം കടലാസില്‍ ഒതുങ്ങി. കമീഷന്‍ ശുപാര്‍ശചെയ്ത കടബാധ്യത ഒഴിവാക്കലിന് പണംനല്‍കാതെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളെയാണ് യുഡിഎഫ് സര്‍ക്കാര്‍ വഞ്ചിച്ചത്. ധനസ്ഥാപനങ്ങള്‍ വായ്പാ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ജപ്തി നടപടികളടക്കം തുടങ്ങിയതോടെ പല കുടുംബങ്ങളുടെയും ജീവിതം വഴിമുട്ടിയിരിക്കയാണ്. മത്സ്യത്തൊഴിലാളികളെ അലട്ടുന്ന മറ്റു പ്രശ്നങ്ങള്‍ക്കു പുറമെയാണിത്.

ഡല്‍ഹിയിലും രാജസ്ഥാനിലും കോണ്‍ഗ്രസ് പരാജയമടഞ്ഞതിനു കാരണം വിലക്കയറ്റമാണെന്ന് അവിടങ്ങളിലെ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പറഞ്ഞിരുന്നു. ആ വിലക്കയറ്റം രാജ്യത്തെ പൊതുവിതരണസമ്പ്രദായം തകര്‍ത്തതിന്റെ ഫലംകൂടിയാണ്. അതില്‍ എന്തെങ്കിലും ചെയ്യേണ്ടിയിരുന്ന ആളാണ് എറണാകുളത്തുകാരുടെ പ്രതിനിധിയായി കേന്ദ്രമന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണവകുപ്പ് കൈകാര്യം ചെയ്യുന്നത് എന്നത് കൗതുകകരംതന്നെ. രാവിലത്തെ രണ്ടു സ്വീകരണയോഗങ്ങളില്‍ വിലക്കയറ്റമടക്കമുള്ള ജനങ്ങളുടെ ദുരിതങ്ങള്‍ വിവരിച്ചെങ്കില്‍ ഉച്ചയ്ക്കുശേഷമുള്ള കേന്ദ്രങ്ങളില്‍ വരാനിരിക്കുന്ന കൊടിയ മറ്റൊരു ദുരിതത്തെക്കുറിച്ചുകൂടി പറയേണ്ടിവന്നു. കോണ്‍ഗ്രസ് മന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍ബജറ്റ് റെയില്‍ യാത്രക്കൂലിയെയും കമ്പോളനിലവാരത്തിന് വിടുന്നതാണ്. പെട്രോളിന്റെ വിലപോലെ ഇടയ്ക്കിടയ്ക്ക് യാത്ര-ചരക്കുകൂലികള്‍ കൂട്ടാനുള്ള നയമാണ് ബജറ്റിലുളളത്. അതിനര്‍ഥം എല്ലാ മേഖലയിലുമുള്ള വിലക്കയറ്റം ഇനിയും വര്‍ധിക്കുമെന്നുതന്നെയാണ്. കേരളത്തില്‍നിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാര്‍ സമ്മര്‍ദം ചെലുത്തിയിട്ടും സംസ്ഥാനത്തിന് അവഗണന മാത്രമാണ് നേടാനായത്. യുപിഎ സര്‍ക്കാരിന്റെ കേരളവിരുദ്ധ സമീപനവും യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടും മനസ്സിലാക്കാന്‍ കൂടുതല്‍ ഉദാഹരണം വേണ്ടതില്ല. മാര്‍ച്ചില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുടെ പ്രസക്തി കൂടുതല്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ് റെയില്‍ ബജറ്റിലടക്കം പുതുതായി വരുന്ന ഓരോ നടപടിയും. ഇതാണ് ഞങ്ങള്‍ പൊതുവില്‍ സ്വീകരണയോഗങ്ങളില്‍ വിശദീകരിച്ചത്. സാധാരണയില്‍ കവിഞ്ഞ ശ്രദ്ധയോടെയാണ് ജനങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രവിക്കുന്നത്. സമാപനസമ്മേളനം നടന്ന മറൈന്‍ഡ്രൈവില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, പ്രൊഫ. എം കെ സാനു, ഡോ. സി കെ രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ള ബഹുമാന്യവ്യക്തിത്വങ്ങള്‍ ഞങ്ങളെ അഭിവാദ്യം ചെയ്യാന്‍ സന്നിഹിതരായിരുന്നു. അവിടെ ഒത്തുകൂടിയ ജനങ്ങള്‍ അറബിക്കടലിന് സമാന്തരമായി മറ്റൊരു മനുഷ്യക്കടല്‍ തീര്‍ക്കുന്ന അനുഭവമായി.

*
പിണറായി വിജയന്‍

No comments: