Tuesday, February 25, 2014

ആം ആദ്മി പാര്‍ടി മുതലാളിത്ത ചേരിയില്‍

ആം ആദ്മി പാര്‍ടിയെപ്പറ്റിയുള്ള ഒരു പ്രധാന വിമര്‍ശനം അത് ദേശീയപ്രശ്നങ്ങളില്‍ നയം വ്യക്തമാക്കുന്നില്ലെന്നതായിരുന്നു; പ്രത്യേകിച്ച് സാമ്പത്തികനയം. ഇനി ആ വിമര്‍ശനത്തിന് സ്ഥാനമില്ല. "ആപ്പ്" സാമ്പത്തികനയം വ്യക്തമാക്കിയിരിക്കുന്നു; ഫെബ്രുവരി 17ന് നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ(സിഐഐ) നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍. ആപ്പ് മുതലാളിത്തത്തെയും സ്വകാര്യവല്‍ക്കരണത്തെയും ആശ്ലേഷിക്കുന്നു, മുതലാളിത്തചേരിയിലെന്ന് പ്രഖ്യാപിക്കുന്നു.

വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ടികളെ അമ്പരപ്പിച്ചാണ് ആപ്പിന്റെ വളര്‍ച്ചയും നേട്ടങ്ങളും. അരാഷ്ട്രീയക്കാരായ മധ്യവര്‍ഗത്തിന്റെ ഒരു വിഭാഗത്തെ ആപ്പ് രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ചു. ആദര്‍ശവാദികളായ യുവജനങ്ങള്‍ സജീവ രാഷ്ട്രീയത്തിലേക്ക് വന്നു. രാഷ്ട്രീയ ദോഷൈകദൃക്കുകള്‍ക്ക് മനംമാറ്റമുണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ പ്രതിഭാസത്തില്‍ ആയിരക്കണക്കിനാളുകള്‍ പ്രതീക്ഷ അര്‍പ്പിച്ചു. ഒരു ദേശീയ ബദല്‍ ഉയര്‍ന്നതായി അവകാശപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുറെ സര്‍ഗാത്മക ചലനങ്ങളുണ്ടായി എന്നത് വാസ്തവം. എന്നാല്‍, ആദ്യംമുതല്‍തന്നെ ഈ പ്രസ്ഥാനത്തില്‍ അടിസ്ഥാനപ്രശ്നങ്ങളും വൈരുധ്യങ്ങളും പ്രകടമായിരുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. പലതിനും ആപ്പിന്റെ നേതാക്കള്‍ക്ക് ഉത്തരമില്ലായിരുന്നു. 2011ലെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിലാണ് ഇതിന്റെ തുടക്കം. ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടി അണ്ണാ ഹസാരെ നടത്തിയ പ്രക്ഷോഭം മധ്യവര്‍ഗത്തിലെ ഒരു നല്ല വിഭാഗത്തിന്റെ പിന്തുണ നേടി. അഴിമതിവിരുദ്ധതയില്‍മാത്രം കേന്ദ്രീകരിച്ച പ്രസ്ഥാനത്തിന് അധികകാലം നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. അരവിന്ദ് കെജ്രിവാളും മറ്റും രാഷ്ട്രീയകക്ഷി രൂപീകരിച്ചപ്പോള്‍, ഡല്‍ഹിയിലെ ചില ജനകീയപ്രശ്നങ്ങളുടെ കാര്യത്തില്‍ വലിയ പിന്തുണ നേടാന്‍ കഴിഞ്ഞു. അതാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ വിജയം നേടി അധികാരത്തിലെത്താന്‍ കഴിഞ്ഞത്. പരമ്പരാഗത രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിനപ്പുറത്തെന്ന് അവകാശപ്പെട്ടവര്‍ക്ക് ആ ചട്ടക്കൂടിന്റെ പരിമിതികള്‍ക്കെതിരെ അധികാരത്തില്‍ ഇരുന്നുകൊണ്ട് പ്രക്ഷോഭം നടത്തേണ്ടിവന്നു.

ജന്‍ ലോക്പാലിന്റെ പേരില്‍ രാജിവച്ചു. കെജ്രിവാളിന്റെ ഭരണം ഉത്തരവാദിത്തപൂര്‍ണമായിരുന്നോ എന്നത് ഇപ്പോള്‍ വിവാദവിഷയമാണ്. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പാര്‍ടിയുടെ നയങ്ങളിലുള്ള അവ്യക്തതയും വൈരുധ്യങ്ങളും പ്രത്യക്ഷപ്പെട്ടു. അഴിമതിവിരുദ്ധതയുടെ പ്ലാറ്റ്ഫോമിലേക്കു വന്നവര്‍ മറ്റു കാര്യങ്ങളില്‍ വിഭിന്നാഭിപ്രായക്കാരായിരുന്നു. അഭിപ്രായവൈരുധ്യങ്ങളുടെ ഒരു കൂടാരമാണ് ആപ്പ്; പ്രത്യേകിച്ചും സമ്പദ്ക്രമത്തിന്റെയും മതനിരപേക്ഷതയുടെയും കാര്യത്തില്‍. ഡല്‍ഹിയിലെ വര്‍ധമാനമായ വൈദ്യുതിനിരക്കായിരുന്നു ആപ്പ് ആദ്യം ഏറ്റെടുത്ത ജനകീയപ്രശ്നങ്ങളിലൊന്ന്. ഡല്‍ഹിയില്‍ വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിച്ചിരിക്കുകയാണ്. വൈദ്യുതി കമ്പനികളുടെ അമിതലാഭത്തിലൂടെയുള്ള ചൂഷണമാണ് പ്രശ്നം. വൈദ്യുതി സ്വകാര്യവല്‍ക്കരിക്കപ്പെട്ടിടത്തൊക്കെ, ഇന്ത്യയിലും പുറത്തും ഈ പ്രശ്നമുണ്ട്. അന്ന് ഒരു ചോദ്യം ഉന്നയിക്കപ്പെട്ടു. അടിസ്ഥാന സേവനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തെപ്പറ്റി ആപ്പിന്റെ നിലപാടെന്താണ്? നവലിബറല്‍ നയങ്ങളുമായി ഇതിനു ബന്ധമില്ലേ? വന്‍തോതിലുള്ള അഴിമതിയുടെ കാരണം എന്തായിരിക്കുമെന്ന അന്വേഷണം ആപ്പ് നടത്തിയതായി തോന്നുന്നില്ല. നടത്തിയിരുന്നെങ്കില്‍ ഉന്നതതല, സ്ഥാപനവല്‍കൃത അഴിമതി നവലിബറല്‍ സംവിധാനവുമായി ആഴത്തില്‍ ബന്ധപ്പെട്ടതാണെന്നു കാണുമായിരുന്നു. ഈ നിഗമനത്തിലെത്തുമെന്നതുകൊണ്ട് അന്വേഷണം വേണ്ടെന്നുവച്ചതാണെന്നോ, പാതിവഴിയില്‍ ഉപേക്ഷിച്ചതാണെന്നോ വരാം. സാമ്പത്തികനയം വ്യക്തമാക്കുന്നില്ലെന്ന പരാതി ആപ്പിനെപ്പറ്റി ഇനിയും പറയാനാവില്ല. അത്ര സുവ്യക്തമായിരുന്നു സിഐഐയുടെ യോഗത്തില്‍ കെജ്രിവാള്‍ ചെയ്ത പ്രസ്താവന. ""ഒരു ഗവണ്‍മെന്റിന്റെ പങ്ക് എന്താണെന്ന് നിര്‍വചിക്കാന്‍ സമയമായി"". ""ബിസിനസിലായിരിക്കാന്‍ ഗവണ്‍മെന്റിന് കാര്യമില്ല. ഗവണ്‍മെന്റ് ഭരിക്കുകയാണ് വേണ്ടത്"". ""രാജ്യത്തിന്റെ എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളും സ്വകാര്യ കരങ്ങളിലായിരിക്കണം"". ""ഞങ്ങള്‍ മുതലാളിത്തത്തിനെതിരല്ല, ചങ്ങാത്ത മുതലാളിത്തത്തിനാണെതിര്"". ""നമ്മുടെ രാഷ്ട്രീയത്തെ കൊള്ളയടിക്കുന്ന ബിസിനസുകാര്‍ക്കെതിരെയാണ് ഞങ്ങള്‍""... ""തന്റെ പാര്‍ടിക്ക് ബിസിനസിനെ എതിര്‍ക്കാന്‍ സാധ്യമല്ല. കാരണം സാകല്യവളര്‍ച്ച തുടങ്ങിയ ആവശ്യങ്ങള്‍, തൊഴിലവസരങ്ങള്‍ ഉണ്ടാക്കി, നേടാന്‍ ബിസിനസ് ആണ് ഏറ്റവും ബോധ്യമായിട്ടുള്ളത്"". ഈ പ്രസ്താവന പരിശോധന അര്‍ഹിക്കുന്നു. നവലിബറല്‍ മാതൃകതന്നെയാണ് കെജ്രിവാളിന്റെ സാമ്പത്തികനയം. മുമ്പൊരിക്കല്‍ "ലാറ്റിന്‍ അമേരിക്കയില്‍ ഉയര്‍ന്നുവരുന്ന ഒരു മെച്ചപ്പെട്ട മാതൃക"യെ കെജ്രിവാള്‍ പ്രശംസിക്കുകയുണ്ടായി. നവലിബറലിസത്തെയും സാമ്രാജ്യത്വത്തെയും തിരസ്കരിക്കുന്നതാണ് ലാറ്റിന്‍ അമേരിക്കന്‍ മാതൃകയെന്ന് ഇപ്പോഴെങ്കിലും കെജ്രിവാളിന് അറിയാമോ? ഗവണ്‍മെന്റിന്റെ പങ്ക് നിര്‍വചിക്കണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം. അദ്ദേഹം ബുദ്ധിമുട്ടണമെന്നില്ല; ലോകബാങ്കും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും ഗവണ്‍മെന്റ് എന്തുചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. "നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുക; അത്യാവശ്യ സേവനങ്ങള്‍ നിര്‍വഹിക്കുക; നിക്ഷേപ കാലാവസ്ഥ ഉണ്ടാക്കി, നിലനിര്‍ത്തുക". ഗവണ്‍മെന്റിന്റെ കടമകളെപ്പറ്റി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ നിര്‍വചനമാണിത്. അത്യാവശ്യ സേവനങ്ങളില്‍ കുടിവെള്ളവും വൈദ്യുതിയും ഉള്‍പ്പെടുമോയെന്നു വ്യക്തമല്ല. ഏതായാലും വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടുകയില്ല. നിക്ഷേപകാലാവസ്ഥയെന്നു പറഞ്ഞാല്‍ ക്രമസമാധാനം പാലിക്കുകയും തൊഴിലാളികളെ നിയന്ത്രിക്കുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയുമെന്നാണ് അര്‍ഥം.

ആഗോളവല്‍ക്കരണത്തിലെ മുഖ്യഘടകമായ സ്വകാര്യവല്‍ക്കരണം കെജ്രിവാള്‍ പൂര്‍ണമായി സ്വീകരിക്കുന്നു. മുതലാളിത്തത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു. മുതലാളിത്തത്തെ ആഘോഷിക്കുന്നുവെന്ന് പ്രഖ്യാപനം നടത്തുന്ന വേറൊരു പാര്‍ടി ഇന്ത്യയിലുണ്ടോയെന്ന് സംശയമാണ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം അതാണെങ്കിലും അവര്‍ അതു പറയാറില്ല. ഭരണഘടനയുടെ പീഠികയില്‍ ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാണ്; അതും ഇപ്പോള്‍ അധികമാരും പറയാറില്ല. "സാകല്യവളര്‍ച്ച" നേടിയെടുക്കാന്‍ ബിസിനസിന് കഴിയുമെന്നാണ് കെജ്രിവാള്‍ പ്രസ്താവിച്ചത്. അബദ്ധജടിലമാണ് ഈ പ്രസ്താവന. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയാണ് സാകല്യവളര്‍ച്ച. മന്‍മോഹന്‍സിങ് തന്നെ ഈ പദപ്രയോഗം തുടങ്ങിയിട്ട് അധികം നാളായില്ല. ആഗോളവല്‍ക്കരണ വികസനമാതൃകയില്‍ സാകല്യവളര്‍ച്ച സാധ്യമല്ല. ഈ നവലിബറല്‍ മാതൃകയില്‍ വളര്‍ച്ചയേ ഉള്ളൂ. നീതിയില്ല. നീതിയില്ലാത്ത വളര്‍ച്ച സാകല്യമല്ല. വളര്‍ച്ചയോടൊപ്പം നീതിപൂര്‍വകമായ വിതരണവും വേണം.

നവലിബറല്‍ സാമ്പത്തികമാതൃക ജനങ്ങളില്‍ ഭൂരിപക്ഷത്തെയും പിന്തള്ളുകയോ, പുറന്തള്ളുകയോ ചെയ്യുന്നു. അതിന് എല്ലാ ജനങ്ങളെയും ഉള്‍ക്കൊള്ളാനോ, ഉള്‍പ്പെടുത്താനോ കഴിയുകയില്ല. ആരുടെ പക്ഷത്താണ് കെജ്രിവാള്‍? ആരുടെ താല്‍പ്പര്യങ്ങള്‍ക്കായാണ് ആപ്പ് നിലകൊള്ളുന്നത്? ജനപക്ഷത്തല്ല, കോര്‍പറേറ്റുകളുടെ പക്ഷത്താണ്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കല്ല, കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്കാണ്. മേധാ പട്കറും സാറാ ജോസഫുമൊക്കെ ആപ്പിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രം അംഗീകരിച്ചുവോ? ഒരു പ്രധാന കാര്യത്തില്‍ കൂടെ ആപ്പ് നയം വ്യക്തമാക്കണം. ബിജെപി നേതാക്കളെ, മോഡിയെ ഉള്‍പ്പെടെ കെജ്രിവാളും കൂട്ടരും അഴിമതിക്കാരെന്ന് വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെയുള്ള പ്രസ്താവനകളില്‍ വര്‍ഗീയതയ്ക്കെതിരെയുള്ള നിലപാടോ, ഹിന്ദുത്വ അജന്‍ഡയ്ക്കെതിരെയുള്ള വിമര്‍ശനമോ കാണുന്നില്ല. മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കാന്‍ ആപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആം ആദ്മി പാര്‍ടി കോണ്‍ഗ്രസിനും ബിജെപിക്കും ബദലല്ല. ആ കക്ഷികള്‍ ഒരുമിച്ച് സംരക്ഷിക്കുന്ന നവലിബറല്‍ ക്യാമ്പില്‍തന്നെയാണ് ആപ്പ് ഇടം കണ്ടെത്തിയിരിക്കുന്നത്. കോര്‍പറേറ്റ് പക്ഷത്തുള്ള ആപ്പ് ജനപക്ഷത്തുള്ള ഇടതുപക്ഷത്തിന് വെല്ലുവിളിയല്ല.

*
നൈനാന്‍ കോശി

No comments: