Saturday, February 1, 2014

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

ബാങ്ക്‌ ദേശസാൽക്കരണത്തിനു ശേഷം ഇരുപത്തിരണ്ട്‌ വർഷങ്ങൾ കഴിഞ്ഞാണ്‌ പുത്തൻ സാമ്പത്തിക നയങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്‌.  ഈ നയങ്ങൾ നടപ്പാക്കിയതിനു ശേഷം ഇരുപത്തിരണ്ട്‌ വർഷങ്ങൾ കടന്നുപോയിരിക്കുന്നു.  അതായത്‌,  ബാങ്കിംഗ്‌ ചരിത്രത്തെ ദേശസാൽകൃത ബാങ്കിംഗ്‌ കാലഘട്ടമെന്നും, ആഗോളീകരണാനന്തര കാലഘട്ടമെന്നും തരംതിരിച്ച്‌ ആഴത്തിലുള്ള പരിശോധന നടത്താൻ, ഗുണദോഷങ്ങളെ സംബന്ധിച്ച്‌ വിമർശനാത്മകവും വസ്തുനിഷ്ഠവുമായ വിശകലനം നടത്താനും ഏറ്റവും ശരിയാത സമയമായിരിക്കുന്നുവെന്നർത്ഥം.  നവഉദാരീകരണ നയങ്ങളും പരിഷ്കാരങ്ങളും ഏറ്റവുമധികം അടിച്ചേൽപ്പിക്കപ്പെട്ട മേഖലയെന്ന നിലയിൽ ഇത്തരമൊരു പരിശോധന അത്യന്തം നിർണ്ണായകമാണ്‌.

ദേശസാൽകൃത ബാങ്കിംഗിന്റെ രണ്ട്‌ പതിറ്റാണ്ടുകൾ

1969-ൽ ബാങ്കുകൾ ദേശസാൽക്കരിക്കപ്പെടുമ്പോൾ ബാങ്കിംഗ്‌ വ്യവസായം തീർത്തും വരേണ്യവർഗ്ഗ സംവിധാനം മാത്രമായിരുന്നു.  നഗരങ്ങളിലെ ഉപരിവർഗ്ഗത്തിനുമാത്രം ലഭ്യമായിരുന്ന ഒന്നായിരുന്നു ബാങ്കിംഗ്‌ സേവനം.  ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടിരുന്ന പണം മുഴുവനായിത്തന്നെ അവയുടെ ഉടമസ്ഥത കയ്യാളിയിരുന്ന ഒരു പറ്റം കുത്തക ബിസിനസ്‌ കുടുംബങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്കു  വേണ്ടിയായിരുന്നു വിനിയോഗിക്കപ്പെട്ടിരുന്നത്‌.   സാധാരണക്കാർക്ക്‌ ബാങ്കിംഗ്‌ സേവനങ്ങളും വായ്പകളും സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ല.  വട്ടപ്പലിശക്കാരുടെ നീരാളിപ്പിടിത്തത്തിൽ ഞെരിഞ്ഞു തകരുകയായിരുന്നു അവരുടെ ജീവിതം.

സ്വപ്നസന്നിഭമായ മാറ്റങ്ങളാണ്‌ ദേശസാൽക്കരണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക്‌ ആനയച്ചത്‌.  ബാങ്കുകളിലെ നിക്ഷേപങ്ങൾ സമൂഹത്തിന്റെ പൊതുസ്വത്തായി മാറിയതോടെ, അവയുടെ കൂടുതൽ സന്തുലിതവും, ജനാധിപത്യപരവുമായ വിനിയോഗം സാദ്ധ്യമായി എന്നതാണ്‌ ദേശസാൽക്കരണത്തിന്റെ ഏറ്റവും വലിയ നേട്ടം.  സമ്പദ്‌വ്യവസ്ഥയുടെ പുറംമ്പോക്കൂകളിൽ കഴിഞ്ഞിരുന്ന എത്രയോ ജനവിഭാഗങ്ങളെയും, വ്യവസായങ്ങളെയും, ഉപജീവന വ്യവസ്ഥകളെയും അതിന്റെ മുഖ്യധാരയിലേക്ക്‌ എത്തിക്കാൻ ഈ നടപടി പര്യാപ്തമായി.  കൃഷി, മത്സ്യബന്ധനം, കാലിവളർത്തൽ, പരമ്പരാഗത വ്യവസായങ്ങൾ, കൈത്തൊഴിലുകൾ, കരകൗശലം, ചെറുകിട കച്ചവടം, കുടിൽ വ്യവസായങ്ങൾ എന്നിങ്ങനെ സമസ്തമേഖലകളിലേക്കും വായ്പകൾ പ്രവഹിക്കുകയും, ഇന്ത്യയിലെ ആയിരക്കണക്കിന്‌ ഗ്രാമങ്ങളിൽ ബാങ്ക്‌ ശാഖകൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തതോടെ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ മുഖശോഭ മെച്ചപ്പെടാൻ തുടങ്ങി.1971-75 കാലത്ത്‌ കേവലം 3.40 ശതമാനമായിരുന്ന ഇന്ത്യയുടെ ദേശീയ വളർച്ചാ നിരക്ക്‌ 1986-90 ആയപ്പോഴേക്കും 7.01 ശതമാനമായി വളർന്നതിൽ ബാങ്ക്‌ ദേശസാൽക്കരണം വഹിച്ച പങ്ക്‌ നിസ്സീമമാണ്‌. 

തൊഴിൽ മേഖലയിലും ദേശസാൽക്കരണം നിർണ്ണായകമായ മാറ്റങ്ങൾക്ക്‌ വഴിതെളിച്ചു.  ദേശസാൽക്കരണത്തിനു ശേഷമുള്ള ആദ്യ പതിറ്റാണ്ടിൽ ലക്ഷക്കണക്കിന്‌ യുവാക്കൾക്ക്‌ ബാങ്കുകളിൽ നിയമനം ലഭിച്ചു.  കാർഷിക, ചെറുകിട വ്യവസായ മേഖലകളിലും സ്വയം സംരംഭക മേഖലയിലുമായി ദശലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്‌ ഇതിന്‌ പുറമെയാണ്‌.  ചുരുക്കത്തില്‍, ദേശസാൽക്കരണത്തിനു ശേഷമുള്ള കാലയളവിൽ ബാങ്കിംഗ്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക്‌ മുതിപ്പേകുന്ന ഊർജ്ജ സ്രോതസ്സായി മാറി എന്നർത്ഥം.

ആഗോളീകരണത്തിന്റെ വരവ്‌
   
1990-ലെ വിദേശവ്യാപാര പ്രതിസന്ധിയുടെ മറപറ്റിയാണ്‌ ആഗോളീകരണം ഇന്ത്യയിലേക്ക്‌ നടന്നെത്തിയത്‌.  യഥാർത്ഥത്തിൽ മുതലാളിത്തം ആഗോളതലത്തിൽ അഭിമുഖീകരിച്ച അതിഗുരുതരമായ പ്രതിസന്ധിയെ മറികടക്കുന്നതിന്‌ അത്‌ കണ്ടെത്തിയ പുത്തൻ തന്ത്രമായിരുന്നു നവഉദാരീകരണ സാമ്പത്തിക നയങ്ങൾ  സമസ്ത മേഖലകളിൽ നിന്നും സർക്കാരിനെയും സർക്കാർ നിയന്ത്രണ സംവിധാനങ്ങളെലും ഒഴിവാക്കിക്കൊണ്ട്‌ സ്വകാര്യ മൂലധനത്തിന്‌ മേൽക്കൈ നൽകുക എന്നതായിരുന്നു ഈ നയത്തിന്റെ സത്ത.  അങ്ങനെ എല്ലാം മേഖലകളിലും ആധിപത്യം സ്ഥാപിച്ചുകൊണ്ട്‌ സ്വന്തം ലാഭം പെരുപ്പിക്കുന്നതിനാൽ മുതലാളിത്തം ലക്ഷ്യമിട്ടത്‌.  സ്വാഭാവികമായും ഇന്ത്യയിലെ പൊതുമേഖല പുതിയ സാമ്പതിക നയത്തിന്റെ ഒരു മുഖ്യലക്ഷ്യമായി മാറി.  ബാങ്കിംഗ്‌ വ്യവസായമായിരുന്നു അവരുടെ ആദ്യത്തെ ടാർജറ്റ്‌.  അത്‌ സ്വാഭാവികമായിരുന്നു.  രണ്ട്‌ പതിറ്റാണ്ട്കൊണ്ട്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നാഡീവ്യവസ്ഥയായി രൂപപ്പെട്ട പൊതുമേഖലാ ബാങ്കുകൾ നിക്ഷേപങ്ങളുടെയും വായ്പകളുടെയും ശാഖാ ശൃംഖലയുടെയും ഇടപാടുകാരുടെ എണ്ണത്തിന്റെയും വലിപ്പംകൊണ്ട്‌ ലോകത്തെ തന്നെ ഏറ്റവും അടിയുറപ്പുള്ള ഒരു ബാങ്കിംഗ്‌ സംവിധാനമായി ഇതിനോടകം മാറിക്കഴിഞ്ഞിരുന്നു.

മുതലാളിത്ത കേന്ദ്രീകൃതമായ മുതലാളിത്ത ബാങ്കിംഗ്‌ സംവിധാനത്തിലേക്ക്‌ സാമൂഹ്യാധിഷ്ഠിതമായ ഇന്ത്യൻ ബാങ്കിംഗിനെ പറിച്ചുനടാനാണ്‌ അവർ ശ്രമിച്ചത്‌.  നരസിംഹം കമ്മറ്റി റിപ്പോർട്ടായിരുന്നു അതിന്‌ മാർഗ്ഗ നിർദ്ദേശം നൽകിയത്‌.  ബാങ്കിംഗ്‌ വ്യവസായത്തെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കുന്നതിനും, മൂലധനാടിത്തറ ശക്തപ്പെടുത്തുന്നതിന്റെ പേര്‌ പറഞ്ഞ്‌ വിദേശ-സ്വകാര്യ മൂലധനത്തെ ആനയിക്കുന്നതിനുമുള്ള തന്ത്രങ്ങളാണ്‌ അവർ മെനഞ്ഞത്‌.  അങ്ങനെ വരുന്ന മൂലധനത്തിന്‌ ലാഭം കൂടുതൽ കൂടുതലായി നൽകണമെങ്കിൽ ബാങ്കുകൾ കൂടുതൽ ലാഭം ഉണ്ടാക്കിക്കൊണ്ടേയിരിക്കണം.  അതിനുവേണ്ടി ലാഭാധിഷ്ഠിതമല്ലാത്ത മേഖലകളിൽ വായ്പ കൊടുക്കുന്നത്‌ ഒഴിവാക്കണമെന്നും നരസിംഹം കമ്മറ്റി നിഷ്കർഷിച്ചു.  രണ്ടാം നരസിംഹം കമ്മറ്റി,  ജെ.എസ്‌. വർമ്മ കമ്മറ്റി, താതാപ്പൂർ കമ്മറ്റി എന്നിങ്ങനെ ഏറ്റവും  ഒടുവിൽ രഘുറാം രാജൻ, ഖണ്ഡേൽവാൾ കമ്മറ്റികൾ വരെ കമ്മറ്റികളുടെ ഒരു പ്രളയമായിരുന്നു പിന്നീടുള്ള വർഷങ്ങളിൽ ബാങ്ക്‌ വ്യവസായം കണ്ടത്‌.  എല്ലാ കമ്മറ്റികളുടെയും ദൗത്യം ഒന്നുതന്നെയായിരുന്നു.  പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ മൂലധനത്തിന്‌ വിട്ടുകൊടുക്കുകയും, നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ പണവിഭവങ്ങളെ അവരുടെ താല്പര്യത്തിന്‌ അടിയറവെക്കുകയും ചെയ്യുക എന്നത്‌.  മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനെന്നു പറഞ്ഞ്‌ ഒരു പറ്റം പുതിയ സ്വകാര്യ ബാങ്കുകൾക്ക്‌ ലൈസൻസ്‌ കൊടുത്തതിന്റെയും, ലോക്കൽ ഏരിയാ ബാങ്കുകൾ പോലെയുള്ള വികൃതമായ പരീക്ഷണങ്ങൾ നടത്താൻ തുനിഞ്ഞതിന്റെയും പിന്നിലുള്ള യഥാർത്ഥ അജണ്ട ഇതുതന്നെയായിരുന്നു.  എന്നാൽ ബാങ്ക്‌ മേഖലയിലെ സംഘടനകൾ ഈ അപകടങ്ങൾ ദീര്‍ഘവീക്ഷണത്തോടെ തിരിച്ചറിയുകയുവ, ബാങ്കുകളുടെ പൊതുമേഖലാ സ്വഭാവം നിലനിർത്തുന്നതിനുവേണ്ടി അതിശക്തമാഇ പോരാടുകയും ചെയ്തതോടെ മുതലാളിത്തത്തിന്‌ അവരുടെ അജണ്ട അവരാശിച്ച രീതിയിൽ നേടാൻ കഴിയാതെ പോയി.

പക്ഷേ മുതലാളിത്തത്തിന്റെ ദുര അടങ്ങുന്നില്ല.  ഇന്ത്യൻ ബാങ്ക്‌ മേഖലയെ സ്വന്തം വരുതിയിലാക്കാൻ എല്ലാ കുതന്ത്രങ്ങളും അവർ പ്രയോഗിക്കുകയാണ്‌.  രാജ്യത്തെ ഭരണവർഗ്ഗങ്ങൾ അവര്‍ക്ക്‌ എല്ലാ ഒത്താശയും സഹായവും നൽകുകയും ചെയ്യുന്നു.   ബാങ്ക്‌ മേഖലയുടെ നിയന്താവും കാവലാളുമായ റിസർവ്‌ ബാങ്കിൽ സ്വന്തം ആളെ പ്രതിഷ്ഠിച്ചുകൊണ്ടാണ്‌ പുതിയ ആക്രമണങ്ങൾക്ക്‌ മുതലാളിത്തം കോപ്പ്‌ കൂട്ടുന്നത്‌.  ?കള്ളനെ കാവലേല്പിക്കുക? എന്ന പഴഞ്ചൊല്ല്‌ അന്വർത്ഥമാക്കുന്ന വിധത്തിലാണ്‌ ഇപ്പോൾ കാര്യങ്ങൾ.  റിസർവ്‌ ബാങ്കിനെ ദുർബലപ്പെടുത്താനുള്ള നീക്കമാണ്‌ ഇപ്പോൾ നടക്കുന്നത്‌.  ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ആന്റ്‌ ഡവലപ്മെന്റ്‌ കൗൺസിൽ (FSDC) എന്ന ഒരു പുതിയ സംവിധാനത്തെ പ്രതിഷ്ഠിക്കുകയും, റിസർവ്‌ ബാങ്കിനെ അതിന്റെ കീഴിലുള്ള ഒരു സ്ഥാപനം മാത്രമാക്കി മാറ്റുകയും ചെയ്യുക എന്നതാണ്‌ തന്ത്രം.  അതിനെ അനുകൂലിക്കുന്ന ആളിനെ റിസർവ്‌ ബാങ്കിന്റെ തലപ്പത്ത്‌ പ്രതിഷ്ഠിക്കുമ്പോൾ കാര്യങ്ങൾ എളുപ്പമാകുമെന്നാണ്‌ അവർ കണക്ക്‌ കൂട്ടുന്നത്‌. 

പുതിയ സ്വകാര്യ ബാങ്കുകൾക്കും  വിദേശ ബാങ്കുകൾക്കും ലൈസൻസ്‌ കൊടുക്കലാണ്‌ മറ്റൊരു പുതിയ തന്ത്രം.  അമേരിക്കയിൽപോലും ഇല്ലാത്തരീതിയിൽ കോർപ്പറേറ്റ്‌ കമ്പനികൾക്ക്‌ ബാങ്ക്‌ ലൈസൻസ്‌ നൽകാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.  അതോടൊപ്പം പരിഗണന  നൽകിക്കൊണ്ട്‌ അവരാഗ്രഹിക്കുന്ന സമസ്ത സ്ഥലങ്ങളിലും ശാഖകൾ തുറക്കുന്നതിന്‌ അനുമതി കൊടുക്കാനുള്ള നീക്കവും പുരോഗമിക്കുകയാണ്‌.  ബിസിനസ്‌ ഫസിലിറ്റേറ്റർ, ബിസിനസ്‌ കറസ്പോണ്ടന്റ്‌ കിയോസ്ക്‌ ബാങ്കിംഗ്‌ തുടങ്ങിയ പുതിയ മാതൃകകൾ വഴി പൊതുമേഖലാ ബാങ്കുകളിൽ സ്വകാര്യ മൂലധനത്തിന്‌ കൂടുതൽ ഇടം നൽകുന്നതിനുള്ള നിർദ്ദേശങ്ങളും വൻതോതിൽ നടപ്പാക്കപ്പെടുകയാണ്‌.  കൂടുതൽ ജനങ്ങളെ ബാങ്കിംഗിലേക്ക്‌ ഉൾച്ചേർക്കുക എന്ന പേര്‌ പറഞ്ഞാണ്‌ ഇതൊക്കെ നടക്കുന്നതെന്നാണ്‌ ഏറെ വിരോധാഭാസം.  ജനകീയ ബാങ്കിംഗ്‌ സമ്പ്രദായത്തിലൂടെ കോടിക്കണക്കിന്‌ ജനങ്ങളെ സമ്പദ്‌വുവസ്ഥയുടെ മുഖ്യധാരയിലെത്തിച്ചത്‌ പൊതുഉടമസ്ഥതയിലുള്ള ബാങ്കുകളാണ്‌.  അവയെ സ്വകാര്യ മൂലധനത്തിന്‌ വിട്ടുകൊടുക്കാൻ കച്ചകെട്ടിയ അതേ ആളുകളാണ്‌ ജനങ്ങളെ ഉൾച്ചേർക്കാൻ എന്ന പേരിൽ ഇപ്പോൾ സ്വകാര്യ-വിദേശ ബാങ്കുകളെ നിർല്ലജ്ജം പ്രോത്സാഹിപ്പിക്കുന്നത്‌.  ഇത്‌ തട്ടിപ്പല്ലാതെ മറ്റൊന്നുമല്ല.

സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും ശാക്തീകരിക്കുന്ന സമീകരണ സമീപനമായിരുന്നു ദേശസാൽക്കരണ ബാങ്കിംഗ്‌ എങ്കിൽ, മുഴുവൻ വിഭവങ്ങളെയും ഏതാനും ബിസിനസ്‌ കുത്തകകൾക്ക്‌ അടിയറവെക്കുകയും ഭൂരിപക്ഷം ജനങ്ങളെ ബാങ്കിംഗ്‌ പ്രവർത്തനങ്ങൾക്ക്‌ പുറത്തുനിർത്തുകയും ചെയ്യുന്ന അസമത്വ ശൈലിയാണ്‌ മുതലാളിത്ത ബാങ്കിംഗ്‌.  ഇതിലേതാണ്‌ ഇന്ത്യൻ ജനതക്ക്‌ അഭികാമ്യം എന്നതാണ്‌ ചോദ്യം.

ഇന്ത്യൻ ബാങ്കിംഗിന്റെ നാഡിമിഡിപ്പ്‌ അറിയുന്ന ബാങ്ക്‌ ജീവനക്കാരായ ഞങ്ങൾ പറയുന്നു.  ജനാധിത്യം പുലരണമെങ്കിൽ, ഇന്ത്യൻ ജനതയുടെ സാമ്പത്തിക ശാക്തീകരണം സാക്ഷാല്‍ക്കരിക്കപ്പെടണമെങ്കിൽ, രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തണമെങ്കിൽ നമുക്ക്‌ വേണ്ടത്‌ പൊതുമേഖലാ ബാങ്കിംഗ്‌ മാത്രമാണ്‌.  അതിനെ തകര്‍ക്കുന്നതിനുള്ള ഓരോ നീക്കവും സമസ്ത ശക്തിയും ഉപയോഗിച്ച്‌ ചെറുക്കപ്പെടുക തന്നെ വേണം.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്

അധികവായനയ്ക്

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു 

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ 

No comments: