Friday, February 14, 2014

പ്രാകൃതത്വത്തിന്റെ പൊലീസ്

പൊലീസ് എന്ന മര്‍ദനോപാധിയുടെ സഹജമായ നരനായാട്ടുസ്വഭാവം കേരളത്തില്‍ ഉമ്മന്‍ചാണ്ടിഭരണത്തില്‍ അതിപ്രാകൃതത്വത്തിലേക്ക് കടന്നു. പ്രക്ഷോഭരംഗത്തുള്ള നിരായുധരെ പിടികൂടി ജനനേന്ദ്രിയം തകര്‍ക്കുകയെന്നത് കേരളത്തില്‍മാത്രമല്ല, ഇന്ത്യയിലും പുറത്തും കേട്ടുകേള്‍വിയില്ലാത്തതാണ്. ലോക്കപ്പ് മുറിയില്‍ ഉരുട്ടല്‍ തുടങ്ങിയ പ്രാകൃതരീതികള്‍ അടിയന്തരാവസ്ഥയിലും മറ്റും അരങ്ങേറിയിരുന്നു. ലോക്കപ്പിനകത്തെ ഭേദ്യംചെയ്യല്‍ സ്വാതന്ത്ര്യസമരകാലത്ത് അരങ്ങേറി പതിറ്റാണ്ടുകളിലൂടെ തഴമ്പിച്ചുവന്നിട്ടുണ്ട്. ഭരണാധികാരികള്‍ പൊലീസിനെ എപ്പോഴൊക്കെ കയറൂരി വിട്ടിട്ടുണ്ടോ അപ്പോഴൊക്കെ അവര്‍ തനിനിറം കാട്ടാറുമുണ്ട്. കേരളം നന്മയുടേതെന്നപോലെ ഇത്തരം തിന്മകളുടെയും പരീക്ഷണശാലയായിട്ടുണ്ട്.

മലബാര്‍ സ്പെഷ്യല്‍ പൊലീസ് (എംഎസ്പി) സ്വാതന്ത്ര്യസമരത്തെയും കമ്യൂണിസ്റ്റുകാരെയും അടിച്ചമര്‍ത്താന്‍ ഏതറ്റംവരെയും പോയ സംഘമായിരുന്നു. പിന്നീട് അടിയന്തരാവസ്ഥയുടെ നാളുകളിലാണ് പൊലീസ് പുതിയ മര്‍ദനപരീക്ഷണങ്ങള്‍ നടത്തിയത്. ഡല്‍ഹിയില്‍ സഞ്ജയ്ഗാന്ധി പൊലീസ് സേനയെ ഉപയോഗിച്ച് നിര്‍ബന്ധിത വന്ധ്യംകരണം നടത്തി. ഇക്കാലയളവിലാണ് "ഉരുട്ടല്‍" കേരള പൊലീസ് സംഭാവനചെയ്തത്. ഇതിനു തൊട്ടുമുമ്പ് വര്‍ഗീസിന്റെ കണ്ണ് ചൂഴ്ന്ന് വെടിവച്ച് കൊന്നിരുന്നു. ഇതെല്ലാം പൊലീസ് ചെയ്തത് ഒരു ചെറുവിരലിന്റെയെങ്കിലും മറവിലായിരുന്നു. മര്‍ദകഭരണം അവസാനിച്ച് പിന്നീട് പുറംലോകമറിഞ്ഞ കാര്യങ്ങള്‍. ഇപ്പോള്‍ തെരുവില്‍ ജനക്കൂട്ടത്തിനിടയില്‍തന്നെ പുതിയ പരീക്ഷണങ്ങള്‍ അരങ്ങേറുന്നു; മുമ്പൊരിക്കലും കേരളം കാണാത്ത രീതിയില്‍. ജനക്കൂട്ടം നോക്കിനില്‍ക്കെ പ്രക്ഷാഭകനെ പിടിച്ചുവച്ച് ജനനേന്ദ്രിയം പിടിച്ചുതകര്‍ക്കുക എന്നത് കേരള പൊലീസില്‍നിന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്ന നടപടിയാണോ!

പക്ഷേ, ഇത് നിത്യസംഭവമായി മാറുകയാണ്. വടകരയില്‍ ബുധനാഴ്ച ദേശീയപാത സ്ഥലമെടുക്കലിനെതിരെ പ്രതിഷേധിച്ച കര്‍മസമിതി പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്ത ദൃശ്യം മലയാളിയുടെ മനഃസാക്ഷിക്കുനേരെ കൊഞ്ഞനം കുത്തുകയാണ്. അറുപതുവയസ്സുകഴിഞ്ഞ വിമുക്തഭടന്‍ നാരായണന്‍നായരോട് വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സി സുഭാഷ്ബാബുവിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം പൊലീസുകാര്‍ചെയ്ത ക്രൂരത കേരള പൊലീസിന് തീരാക്കളങ്കമാണ്. സ്ത്രീകളും കുട്ടികളുമടങ്ങിയ സമരക്കാരെ ക്രൂരമായി തല്ലിയോടിച്ചശേഷമാണ് "പിന്നെയും പൊലീസ് മുന്നോട്ടു"പോയത്. ജനനേന്ദ്രിയം തകര്‍ന്ന് നിലത്തുവീണ വിമുക്തഭടനെ വലിച്ചിഴച്ച് വാനില്‍ കയറ്റി മര്‍ദനം തുടര്‍ന്നു. കൊലയാളിയല്ല, ക്രിമിനലല്ല, നാടിന്റെ അതിര്‍ത്തി കാക്കാന്‍ യൗവനം ഹോമിച്ച് തിരിച്ചെത്തി സ്വസ്ഥജീവിതം നയിക്കുന്ന ഒരു ഉത്തമ പൗരനോടാണ് വടകര പൊലീസിന്റെ ഈ നരനായാട്ട്. ചന്ദ്രശേഖരന്‍ കേസ് അന്വേഷണത്തിന്റെ "ഹാങ് ഓവര്‍" മാറാത്ത പൊലീസുകാരായിരിക്കാം ഇവര്‍. ജനനേന്ദ്രിയം തകര്‍ക്കല്‍ കേരള പൊലീസ് തെരുവുമുറയായി സ്വീകരിച്ചത് സോളാര്‍ അഴിമതിക്കെതിരായ പ്രക്ഷോഭത്തിനുനേരെ തിരുവനന്തപുരത്താണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ സമാധാനപരമായി കരിങ്കൊടി കാട്ടിയ ജയപ്രസാദ് എന്ന സിപിഐ എം പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം ലാത്തികൊണ്ട് കുത്തി തകര്‍ക്കുകയായിരുന്നു. തുമ്പ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയദാസായിരുന്നു ഈ മര്‍ദകസംഘത്തിന്റെ നേതാവ്. വടകരയില്‍ ഗ്രേഡ് കൂടിയ സിഐ ലാത്തി ഉപേക്ഷിച്ച് സ്വന്തം കൈകൊണ്ടുതന്നെയാണ് നാരായണന്‍നായരുടെ ജനനേന്ദ്രിയം പിടിച്ചുടച്ചത്. തുമ്പയിലെ മര്‍ദകവീരന്മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരുവഞ്ചൂരിന്റെ പൊലീസ് അന്ന് തയ്യാറായില്ല.

തിരുവഞ്ചൂര്‍ മാറി ചെന്നിത്തല ആഭ്യന്തരവകുപ്പ് ഏറ്റെടുത്തപ്പോള്‍ നേരിയ വ്യത്യാസമെങ്കിലും പ്രതീക്ഷിച്ചിരുന്ന ശുദ്ധാത്മാക്കള്‍ ഇപ്പോള്‍ പരിതപിക്കുന്നുണ്ടാവാം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണല്ലോ. ഭരണം യുഡിഎഫിന്റേതു തന്നെയാണല്ലോ. യുഡിഎഫിന്റെ പൊലീസ് നയമാണല്ലോ നടപ്പാക്കുന്നത്. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അധികാരമേറ്റയുടന്‍ അവരുടെ പൊലീസ്നയം കോഴിക്കോട്ട് വ്യക്തമാക്കപ്പെട്ടു. എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ സമരത്തിനുനേരെ എസിപി രാധാകൃഷ്ണപിള്ള സര്‍വീസ് റിവോള്‍വറെടുത്ത് നാലു റൗണ്ട് വെടിയുതിര്‍ത്തു, 2011 ഒക്ടോബര്‍ 10ന്. വിദ്യാര്‍ഥികളുടെ നെഞ്ചിനുനേരെ ഉതിര്‍ത്ത വെടി ഉന്നംതെറ്റിയതുകൊണ്ടുമാത്രം മരണം സംഭവിച്ചില്ല. രാധാകൃഷ്ണപിള്ളയ്ക്ക് അയല്‍ജില്ലയിലേക്ക് നേരിയ ഒരു സ്ഥലംമാറ്റം നല്‍കി അക്രമം തുടരാന്‍ ഉമ്മന്‍ചാണ്ടി പൊലീസിന് പച്ചക്കൊടി വീശി. പിന്നീട് വിദ്യാര്‍ഥികള്‍ക്കും പ്രക്ഷോഭകര്‍ക്കുംനേരെ അരങ്ങേറിയ നരനായാട്ട് എണ്ണമറ്റതാണ്. അതിര്‍ത്തിയില്‍ ശത്രുസൈന്യത്തിനുനേരെ ഉപയോഗിക്കുന്ന ഗ്രനേഡുകളാണ് തലസ്ഥാനത്തുള്‍പ്പെടെ പ്രക്ഷോഭകര്‍ക്കുനേരെ പ്രയോഗിച്ചുവരുന്നത്. ഇതിന്റെ ഫലമായി ജീവച്ഛവമായത് അനേകംപേര്‍. മലദ്വാരത്തില്‍ ബയണറ്റ് കയറ്റി ചോദ്യംചെയ്യുന്ന ഡിവൈഎസ്പിമാര്‍ വളരുന്ന നാടായി കേരളത്തെ ഉമ്മന്‍ചാണ്ടി മാറ്റിത്തീര്‍ത്തു. ഇതിന്റെ ക്രമാനുഗതമായ വളര്‍ച്ചയാണ് പൊലീസ് ഇന്ന് നേരിടുന്നത്.

അടുത്തിടെ പത്രങ്ങളില്‍വന്ന തലക്കെട്ടുകള്‍ ശ്രദ്ധിച്ചാല്‍മാത്രം ഈ പോക്ക് എങ്ങോട്ടാണെന്ന് മനസിലാകും. "വീട് വളഞ്ഞ് അറസ്റ്റ്; ഗൃഹനാഥനും ഭാര്യയും മകളും ജീവനൊടുക്കി" (കഴക്കൂട്ടം, 28.1.14), "പൊലീസ്സ്റ്റേഷനില്‍ ദളിത് യുവതിക്ക് ക്രൂരമര്‍ദനം; മുടി മുറിച്ചു" (പത്തനാപുരം, 10.1.14), "കള്ളക്കേസ്: യുവാക്കള്‍ ട്രെയിനിന് തലവച്ച് മരിച്ചു" (തിരുവനന്തപുരം, 30.1.14), "പൊലീസ് മര്‍ദനം: പരിക്കേറ്റ യുവാവ് മരിച്ചു" (എടപ്പാള്‍, 29.1.14) ഇങ്ങനെ പൊലീസ് അതിക്രമങ്ങള്‍ എത്രയെത്ര. ക്രിമിനലുകളെ പിടിക്കാന്‍ പുകള്‍പെറ്റവരാണ് കേരള പൊലീസ്. എന്നാല്‍, ഇപ്പോള്‍ ക്രിമിനലുകളുടെ സംരക്ഷകരായി അവര്‍ മാറി. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ മൂലയിലാകുന്നു. ക്രിമിനലുകളും ക്രിമിനലുകളുടെ സംരക്ഷകരും രംഗം കൈയടക്കുന്നു. യുഡിഎഫ് ഭരണത്തില്‍ കൊലപാതകവും കവര്‍ച്ചയും സ്ത്രീപീഡനവും കുതിച്ചുയര്‍ന്നെന്ന് നിയമസഭാരേഖകള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. കേരളം തട്ടിപ്പുകാരുടെ താവളമായി മാറിയിരിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുതന്നെ സഭയില്‍ സമ്മതിക്കേണ്ടിവന്നു. എല്‍ഡിഎഫ് ഭരണകാലത്ത് ഇങ്ങനെയായിരുന്നില്ല. അന്ന് ജനമൈത്രി പൊലീസായിരുന്നു. ഇന്ന് "വരിയുടയ്ക്കല്‍ പൊലീസ്" എന്ന അപഖ്യാതി കേള്‍ക്കേണ്ട ഗതികേടുണ്ടായിരിക്കുന്നു. അധികാരം തലയ്ക്കുപിടിച്ച് പായുന്ന ഒരു മുഖ്യമന്ത്രിക്കു കീഴിലല്ലാതെ ഇത്രമേല്‍ നീചവും മനുഷ്യത്വരഹിതവുമായ കിരാതത്വം അരങ്ങേറില്ല.

*
Deshabhimani Editorial

No comments: