Friday, February 14, 2014

ആയിരം ദിവസം ആഘോഷിക്കുമ്പോള്‍

കേരള രക്ഷാമാര്‍ച്ചിന്റെ പതിനൊന്നാം ദിവസത്തെ ആദ്യപരിപാടി ഏറ്റുമാനൂരിലായിരുന്നു. രാവിലെ പത്രങ്ങളില്‍ കണ്ടത്, യുഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിവസത്തെ വാഴ്ത്തുന്ന കൂറ്റന്‍ പരസ്യമാണ്. പാലായില്‍ വാര്‍ത്താസമ്മേളനത്തില്‍ സ്വാഭാവികമായും അതുതന്നെയാണ് പറയേണ്ടിവന്നത്. കേരളം ഒന്നാമത് എന്നാണ് ആ പരസ്യത്തിന്റെ തലക്കെട്ട്. ഏതിനത്തിലാണ് ഒന്നാമതെത്തിയത്, യുഡിഎഫ് സര്‍ക്കാര്‍ എത്തിച്ചത് എന്നതിനെക്കുറിച്ച് പക്ഷേ, മിണ്ടാട്ടമില്ല. രാജ്യത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് കേരളം ഒന്നാമതെത്തിയിട്ടുണ്ട്- ആ ഒന്നാംസ്ഥാനം തല്ലിത്തകര്‍ക്കുന്നവരാണ്, 4837 മന്ത്രിസഭാ തീരുമാനങ്ങളാണ് തങ്ങളുടെ നേട്ടമെന്നും അങ്ങനെയാണ് തങ്ങള്‍ "ഒന്നാമത്" എത്തിയതെന്നും ലക്ഷങ്ങള്‍ മുടക്കി പരസ്യംചെയ്യുന്നത്.

സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിന്റെയും വി എം സുധീരന്റെ സ്ഥാനാരോഹണത്തിന്റെയും വാര്‍ത്തയ്ക്കൊപ്പം നിലമ്പൂരിലെ കോണ്‍ഗ്രസുകാര്‍ നടത്തിയ കൊലപാതകത്തിന്റെ വാര്‍ത്തയും പത്രങ്ങളിലുണ്ട്. കോണ്‍ഗ്രസ് ഓഫീസില്‍ ഒരു സ്ത്രീയെ ബലാത്സംഗംചെയ്ത് കൊന്ന് ചാക്കിലാക്കി കല്ലുകെട്ടി കുളത്തില്‍ തള്ളിയ സംഭവമാണത്. സംസ്ഥാനത്തെ ക്രമസമാധാനം എവിടെയെത്തി നില്‍ക്കുന്നു, സ്ത്രീകള്‍ എത്രമാത്രം സുരക്ഷിതരാണ് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നിലമ്പൂര്‍ സംഭവത്തിലുണ്ട്.

ആയിരം ദിവസംകൊണ്ട് അഴിമതിയിലും തട്ടിപ്പിലും വിലക്കയറ്റത്തിലും കെടുകാര്യസ്ഥതയിലും ക്രമസമാധാനത്തകര്‍ച്ചയിലുമാണ് കേരളം ഒന്നാമതെത്തിയത്. വികസനമില്ല; വളര്‍ച്ചയില്ല. തൊഴിലില്ല; തൊഴിലാളി ക്ഷേമമില്ല. പരമ്പരാഗത വ്യവസായങ്ങളെ പട്ടിണി വ്യവസായങ്ങളാക്കി. കൃഷിഭൂമി മാഫിയകള്‍ക്ക് തീറെഴുതുന്നു. കര്‍ഷകര്‍ക്ക് കടഭാരത്തിന്റെ മരണക്കയറാണ്. കേന്ദ്രം വിലക്കയറ്റംകൊണ്ട് ഞെക്കിഞെരുക്കുമ്പോള്‍ കേരളഭരണം അമിത നികുതിഭാരം ജനങ്ങളുടെ മുതുകില്‍വയ്ക്കുന്നു. കള്ളക്കടത്തുകാരും തട്ടിപ്പുകാരും ദല്ലാള്‍മാരും ഭരണത്തിന്റെ ഇടനാഴികളില്‍ അഴിഞ്ഞാടുന്നു.

സംസ്ഥാനത്ത് ഒരു കോണ്‍സ്റ്റബിളിനെ ഭയന്ന് ജനങ്ങള്‍ ജീവിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ചോദിച്ചത് പ്രതിപക്ഷമല്ല- ഹൈക്കോടതിയാണ്. ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജോ മുഖ്യമന്ത്രി എന്നു ചോദിച്ചതും ഹൈക്കോടതി തന്നെ. എല്ലാ പാപവും മൂടാന്‍ ജനസമ്പര്‍ക്ക പരിപാടി എന്ന ധൂര്‍ത്ത് മതി എന്ന് ധരിക്കുകയാണ് മുഖ്യമന്ത്രി. യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ നശിപ്പിക്കുകയാണ്, നേട്ടങ്ങള്‍ തകര്‍ക്കുകയാണ്. ജാതി-മത സങ്കുചിത താല്‍പ്പര്യങ്ങള്‍ അരങ്ങുതകര്‍ക്കുന്നു. ഇങ്ങനെയൊരു ഭരണം ഇതുവരെ ഉണ്ടായിട്ടില്ല. ഈ വസ്തുത സ്വന്തം ജീവിതത്തില്‍ അനുഭവിക്കുന്ന ജനങ്ങളോടാണ്, മന്ത്രിസഭാ തീരുമാനങ്ങളുടെ എണ്ണം കാണിച്ച് ഞങ്ങള്‍ കേമന്മാരാണ് എന്ന് സര്‍ക്കാര്‍ പറയുന്നത്. തീരുമാനമെടുക്കാന്‍ ആര്‍ക്കും കഴിയും- അത് നടപ്പാക്കുന്നതിലാണ് കാര്യം. എടുത്ത തീരുമാനങ്ങള്‍ എത്രയെണ്ണം പ്രാവര്‍ത്തികമാക്കി എന്നാണ് ഉമ്മന്‍ചാണ്ടി പറയേണ്ടത്.

"വികസിത കേരളം" എന്നത് കേരള രക്ഷാമാര്‍ച്ചിന്റെ പ്രധാന മുദ്രാവാക്യമാണ്. അത് വിശദീകരിക്കുമ്പോള്‍, യുഡിഎഫ് സര്‍ക്കാര്‍ കേരളത്തോടുചെയ്യുന്ന പാതകങ്ങള്‍ അക്കമിട്ട് നിരത്തേണ്ടിവരും. വാര്‍ത്താസമ്മേളനത്തിലും ജാഥാംഗങ്ങളുടെ പ്രസംഗത്തിലും അക്കാര്യം ദീര്‍ഘമായിത്തന്നെ പരാമര്‍ശിക്കപ്പെട്ടു. ഏറ്റുമാനൂരില്‍ തുടങ്ങി കടുത്തുരുത്തിക്കുശേഷം വൈക്കവും പിന്നിട്ട് കോട്ടയം ജില്ലയില്‍നിന്ന് എറണാകുളത്തേക്കാണ് മാര്‍ച്ച് ചൊവ്വാഴ്ച കടന്നത്. എറണാകുളം ജില്ലയിലെ പിറവവും തൃപ്പൂണിത്തുറയുമായിരുന്നു വൈകിട്ടത്തെ സ്വീകരണകേന്ദ്രങ്ങള്‍. എല്ലായിടത്തും ആവേശകരമായ വരവേല്‍പ്പ്; വന്‍ ജനക്കൂട്ടം. അപ്പര്‍കുട്ടനാടിന്റെ ഭാഗങ്ങള്‍ അടങ്ങുന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍. കര്‍ഷകത്തൊഴിലാളികളും കര്‍ഷകരുമടക്കമുള്ളവരാണ് മാര്‍ച്ചിനെ സ്വീകരിക്കാനെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ പര്യടനങ്ങള്‍ ഏറെയും മലയോരമേഖലയിലായിരുന്നുവെങ്കില്‍, ചൊവ്വാഴ്ച മലയോരവും തീരദേശവും ഒരുപോലെ താണ്ടി. സഖാവ് കൃഷ്ണപിള്ളയുടെ ജന്മനാടാണ് വൈക്കം. അത്യുജ്വല സ്വീകരണമാണ് അവിടെ ലഭിച്ചത്. വൈക്കം സത്യഗ്രഹത്തിന്റെ ഓര്‍മകള്‍ ഉണര്‍ന്നിരിക്കുന്ന ക്ഷേത്രത്തിനടുത്ത സ്വീകരണപ്പന്തലിലേക്ക് കയറുമ്പോള്‍, ജാതിക്കോയ്മയുടെയും ജാതീയമായ വിവേചനങ്ങളുടെയും പുതിയ രൂപങ്ങളെയാണ് ഓര്‍മ വന്നത്. രണ്ട് മന്ത്രിമാരുടെ മണ്ഡലങ്ങളാണ് പിറവവും തൃപ്പൂണിത്തുറയും. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വിജയിപ്പിച്ച പിറവത്തിന്റെ മനസ്സ് പാടേ മാറിയതിന്റെ പ്രതിഫലനമായിരുന്നു ആ പട്ടണം തിങ്ങിനിറഞ്ഞ ജനാവലിയില്‍ കണ്ട ആവേശം. സമാപന കേന്ദ്രമായ തൃപ്പൂണിത്തുറയിലും സമാനമായ അനുഭവമാണുണ്ടായത്.

വാര്‍ത്താസമ്മേളനത്തില്‍ വന്ന ഒരു ചോദ്യം, മാര്‍ച്ചിന്റെ "ഫോക്കസ്" മാറിപ്പോകുന്നുണ്ടോ എന്നായിരുന്നു. ജാഥാംഗങ്ങളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാതെ, സ്വീകരണത്തിനെത്തുന്ന ജനക്കൂട്ടങ്ങളെ "കാണാതെ" ഇത്തരം അഭിപ്രായം പ്രകടിപ്പിക്കുന്നവരോട്, അവരുടെ കണ്ണും കാതും തുറന്നുവയ്ക്കൂ എന്നേ പറയാനാവൂ. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലേക്ക് കടക്കുമ്പോള്‍ കാവിക്കൊടിവച്ച നിരവധി വാഹനങ്ങള്‍ നരേന്ദ്രമോഡിയെ സ്വീകരിക്കാന്‍ പോവുന്നത് കണ്ടു. സംസ്ഥാനാടിസ്ഥാനത്തില്‍ ആളുകളെ സംഘടിപ്പിച്ചാണ് മോഡിയെ സ്വീകരിച്ചത്. ഇവിടെ സിപിഐ എം നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് ജാഥാ സ്വീകരണങ്ങള്‍ സംഘടിപ്പിക്കുന്നത്. ഓരോ സ്ഥലത്തും എത്തുന്ന ജനക്കൂട്ടം തലസ്ഥാനത്ത് മോഡിയെ സ്വീകരിക്കാനെത്തിയവരുടെ എണ്ണത്തോട് മത്സരിക്കുന്നതുതന്നെയാണ്. ആ ജനക്കൂട്ടം കാണിക്കുന്ന ആവേശവും അര്‍പ്പിക്കുന്ന വിശ്വാസവുമാണ് സിപിഐ എമ്മിന്റെ കരുത്ത്. അതാണ് പാര്‍ടിയുടെ "ഫോക്കസ്".

*
പിണറായി വിജയന്‍

No comments: