Thursday, February 6, 2014

തകരുന്ന സഹകരണമേഖല

സഹകരണമേഖലയെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് വരുത്തി തീര്‍ക്കുകയും പുരോഗതി കൈവരിക്കാന്‍ ലക്ഷ്യം വയ്ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുമ്പോഴും യാഥാര്‍ഥ്യം മറ്റൊന്നാണ്. സഹകരണമേഖലയെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് ഭരണതലത്തില്‍നിന്നുള്‍പ്പെടെ അരങ്ങേറുന്നത്. 97-ാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്തെ സഹകരണമേഖല കരുത്താര്‍ജിക്കുകയും അതുവഴി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ കഴിയുന്ന നിലയിലേക്ക് വളരുന്നു എന്നൊക്കെയാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. സംഭവിക്കുന്നതാകട്ടെ മറിച്ചും. ആഗോളമൂലധനശക്തികളും ഉദാരവല്‍ക്കരണത്തിന്റെ പ്രയോക്താക്കളും രാജ്യത്ത് ശക്തമായ സഹകരണമേഖലയെ ഇഷ്ടപ്പെടുന്നില്ല. ഇന്ത്യയിലെ ബാങ്കിങ് പ്രവര്‍ത്തനരംഗത്ത് സഹകരണമേഖല ഏറ്റവും ശക്തമായും ഫലപ്രദമായും പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കാന്‍ ഒരു മടിയും കാട്ടാത്ത കേന്ദ്ര ഭരണാധികാരികള്‍ മൂലധനശക്തികള്‍ക്കായി കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരും ഇതിന് കൂട്ടുനില്‍ക്കുന്നു.

സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര- സംസ്ഥാന നടപടികളില്‍ അവസാനത്തേതാണ് ആദായനികുതി വകുപ്പിന്റെ നീക്കം. എല്ലാ നിയമപരിരക്ഷകളെയും കാറ്റില്‍പറത്തി കേരളത്തിലെ സഹകരണമേഖലയിലെ നിക്ഷേപവിവരങ്ങള്‍ ശേഖരിക്കാന്‍ ആദായവകുപ്പ് അധികൃതര്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. സഹകരണബാങ്കുകളിലെ നിക്ഷേപങ്ങള്‍ കള്ളപ്പണമാണ് എന്ന പ്രതീതി ജനിപ്പിച്ച്, നിക്ഷേപകരില്‍ ഭീതി വളര്‍ത്തി സഹകരണസ്ഥാപനങ്ങളുടെ സാമ്പത്തികഭദ്രത തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിന് പിന്നില്‍. കള്ളപ്പണം ആരെങ്കിലും സൂക്ഷിക്കുന്നുവെങ്കില്‍ അതിനെതിരെ നിയമം അനുശാസിക്കുന്ന പ്രകാരമുള്ള നടപടികള്‍ ആദായനികുതി വകുപ്പ് കൈക്കൊള്ളുന്നതില്‍ സഹകരണമേഖല എതിരല്ല. എന്നാല്‍, ഇവിടെ 1961ലെ ഇന്‍കംടാക്സ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം സിദ്ധിക്കാത്ത അധികാരങ്ങള്‍ ഉപയോഗിച്ച് സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങളുടെമേല്‍ പുകമറ സൃഷ്ടിക്കാനും സഹകരണജീവനക്കാരെ പീഡിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നു. ആദായനികുതി വകുപ്പിന്റെ ഗൂഢോദ്ദേശ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല.

കേന്ദ്ര ഗ്രാമീണ വികസന ഏജന്‍സിയായ നബാര്‍ഡ് മുമ്പോട്ടുവച്ച നിര്‍ദേശവും കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്നതാണ്. കേരളത്തിലെ ത്രീ ടയര്‍ സഹകരണശൃംഖലയുടെ അടിസ്ഥാനഘടകമായ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, ബാങ്കിങ് ബിസിനസുകള്‍ നടത്താന്‍ പാടില്ല- നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ വായ്പ നല്‍കുകയോ ചെയ്യരുത്- ആസ്തി, ബാധ്യതകള്‍ ജില്ലാ ബാങ്കുകള്‍ക്ക് കൈമാറി അവയുടെ ബിസിനസ് കറസ്പോണ്ടന്റായി പ്രവര്‍ത്തിക്കുകയല്ലാതെ മറ്റ് യാതൊരുവിധ സാമ്പത്തിക ഇടപാടുകളിലും പങ്കാളികളാകുവാന്‍ പാടില്ല- എന്നെല്ലാമുള്ള നിര്‍ദേശമായിരുന്നു നബാര്‍ഡിന്റേത്. എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ദേശം മരവിപ്പിച്ചെങ്കിലും എപ്പോള്‍ വേണമെങ്കിലും വീണ്ടും നടപ്പാക്കാം. കാരണം നബാര്‍ഡ് നിര്‍ദേശം റിസര്‍വ് ബാങ്ക് 2012-13 സാമ്പത്തികവര്‍ഷം നടപ്പാക്കേണ്ട സാമ്പത്തികപരിഷ്കാരങ്ങള്‍ സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് നിയോഗിച്ച നബാര്‍ഡ് ചെയര്‍മാന്‍ ഡോ. പ്രകാശ് ബക്ഷി കമീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. റിപ്പോര്‍ട്ട് റിസര്‍വ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും അംഗീകരിച്ചിട്ടുമുണ്ട്.

സംസ്ഥാന സഹകരണബാങ്കിന്റെ 20 ശാഖകളും 14 ജില്ലാ സഹകരണബാങ്കുകളുടെ എഴുനൂറോളം ശാഖകളും 1600ലധികം വരുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും അവയുടെ മുന്നൂറോളം ശാഖകളും അടക്കം 4000നടുത്ത് സഹകരണസ്ഥാപനങ്ങളാണ് കേരളത്തില്‍ ക്രെഡിറ്റ്മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ, ആരോഗ്യ, കണ്‍സ്യൂമര്‍, ക്ഷീര, മത്സ്യ, കയര്‍, ടൂറിസം, ഭവന, പട്ടികജാതി/പട്ടികവര്‍ഗ, വനിതാസംഘങ്ങള്‍ അടക്കം ആയിരക്കണക്കിന് സഹകരണപ്രസ്ഥാനങ്ങള്‍ വേറെയുമുണ്ട്. കേരളത്തിന്റെ സഹകരണമേഖലയില്‍ ഇന്ന് ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപ നിക്ഷേപമായുണ്ട്. ഇതില്‍ 90 ശതമാനവും വായ്പയായി നല്‍കപ്പെട്ടിട്ടുണ്ട് എന്നതും ഒരുലക്ഷത്തോളം പേര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുവെന്നുള്ളതും സഹകരണമേഖലയുടെ പങ്കും പ്രാധാന്യവും വെളിവാക്കുന്നു. സാമ്പത്തികമാന്ദ്യം അടക്കം ലോകസമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകുന്ന കയറ്റിറക്കങ്ങളുടെ ആഘാതത്തില്‍നിന്ന് ഒരു പരിധിവരെ കേരളത്തിന്റെ ഗ്രാമീണമേഖലയെ സംരക്ഷിക്കുന്നതും ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണനയങ്ങളുടെ ദോഷങ്ങളില്‍നിന്ന് കേരളത്തിലെ സാധാരണക്കാരെയും തൊഴിലാളികളെയും സംരക്ഷിച്ചുനിര്‍ത്തുന്നതും സഹകരണമേഖലയാണ്. അതുകൊണ്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ബാങ്കിങ് പ്രവര്‍ത്തനരംഗത്തും വലിയ പങ്കാളിത്തം ഉള്ള കേരളത്തിലെ സഹകരണമേഖലയെ മുരടിപ്പിക്കേണ്ടത് കോര്‍പറേറ്റ് ശക്തികളുടെ ആവശ്യമാണ്. ഒരേസമയം ഉദാരവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ ശക്തമായി കേരളത്തില്‍ നടപ്പാക്കുന്നതിന് സാഹചര്യം ഒരുക്കുകയും ഒപ്പം സഹകരണമേഖലയിലെ കനത്ത നിക്ഷേപം വഴിതിരിച്ച് വാണിജ്യബാങ്കുകളിലും പുതുതലമുറ ബാങ്കുകളിലും എത്തിച്ച് ആ പണം കുത്തകകള്‍ക്ക് കൈമാറുന്നതിന് കേന്ദ്രം അവസരമൊരുക്കുകയും ചെയ്തു.

സഹകരണമേഖലയില്‍ മുമ്പുതന്നെ സര്‍വീസ് ടാക്സ് ഏര്‍പ്പെടുത്തല്‍, ആദായനികുതിയിളവ് എടുത്തുകളയല്‍ തുടങ്ങി ഒട്ടേറെ ഞെരുക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. ഇതിനെയെല്ലാം നീതിന്യായകോടതികളിലൂടെയാണ് സഹകരണമേഖല അതിജീവിച്ചത്. 1990ലെ ബ്രഹ്മപ്രകാശ് കമ്മിറ്റി മുതല്‍ വൈദ്യനാഥന്‍, രഘുറാം രാജന്‍, പ്രകാശ് ബക്ഷി കമീഷന്‍ റിപ്പോര്‍ട്ടുകള്‍വരെ എല്ലാം കേരളത്തിന്റെ സഹകരണമേഖലയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവും ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് വളമേകുന്നതും മൂലധനശക്തികളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യംവച്ചുള്ളതുമാണ്. സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന്‍ കീഴിലാക്കാനും അതുവഴി ഇല്ലായ്മപ്പെടുത്താനും ബോധപൂര്‍വമായ നീക്കങ്ങളും നടക്കുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാന സഹകരണബാങ്കിന്റെയും ജില്ലാ സഹകരണബാങ്കുകളുടെയും മൂലധന പര്യാപ്തത അനുപാതം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 7 ശതമാനം ആയി ഉയര്‍ത്തി ജനുവരി ഏഴിന് ഉത്തരവിട്ടത്. ഇതിന്റെ ഫലമായി ഇനി സംസ്ഥാന സഹകരണ ബാങ്കും, 14 ജില്ലാ സഹകരണ ബാങ്കുകളും അവയുടെ മൊത്തം ആസ്തികളുടെ 7 ശതമാനം ഓഹരി മൂലധനമായി മാറ്റിവയ്ക്കുകയും അത് ലാഭത്തില്‍നിന്ന് റിസര്‍വ് ആയി കണക്കാക്കി മാറ്റേണ്ടിയും വരും. മുന്‍പ് മൂലധന പര്യാപ്തത 4 ശതമാനം ആയി റിസര്‍വ് ബാങ്ക് നിജപ്പെടുത്തിയപ്പോള്‍ അത് പാലിക്കാന്‍ കഴിയാതിരുന്ന സഹകരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞ സ്ഥിതി ഉണ്ടായിരുന്നു. ഇത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 200 കോടിയോളം രൂപ ധനസഹായം നല്‍കിയാണ് ബാങ്കുകളെ കരകയറ്റിയത്. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് മൂലധന പര്യാപ്തത കുത്തനെ കൂട്ടിയിയത് സഹകരണ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വാണിജ്യബാങ്കുകള്‍ക്കുള്ള അളവുകോലുകള്‍വച്ച് സഹകരണസ്ഥാപനങ്ങളെയും വരുതിയിലാക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമം നടത്തുമ്പോള്‍, സാധാരണക്കാരന്റെ അത്താണിയായ സഹകരണസ്ഥാപനങ്ങളുടെ തകര്‍ച്ചയായിരിക്കും അത്യന്തികഫലം. സംസ്ഥാന സര്‍ക്കാരിന്റെ പല നടപടികളും സഹകരണമേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. സഹകരണമേഖലയിലൂടെ പലപ്പോഴും പ്രഖ്യാപിക്കുന്ന ഇളവുകളുടെ ബാധ്യത, സര്‍ക്കാര്‍ വഹിക്കും എന്ന ഉത്തരവുകള്‍ ജലരേഖയായി. കഴിഞ്ഞ വര്‍ഷം "ആശ്വാസ് 2013" പ്രകാരം കുടിശ്ശികക്കാര്‍ പലിശ ഇളവ് നല്‍കിയത് സര്‍ക്കാര്‍, സഹകരണബാങ്കുകള്‍ക്ക് നല്‍കും എന്നുള്ള വാഗ്ദാനം നാളിതുവരെ പാലിച്ചിട്ടില്ല. മുന്‍പ് "ഉണര്‍വ് സ്കീം" പ്രകാരമുള്ള ഇളവുകളുടെ ബാധ്യതയും സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറായിട്ടില്ല. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരുടെ വായ്പകള്‍ എഴുതിത്തള്ളിയപ്പോള്‍ സര്‍ക്കാര്‍ നടത്തിയ വാഗ്ദാനങ്ങളും ഇന്നും ജലരേഖയാണ്. സര്‍ക്കാര്‍ ഉത്തരവുകള്‍ വിശ്വസിച്ച് ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്ന സഹകരണസ്ഥാപനങ്ങളാകട്ടെ സര്‍ക്കാരിന്റെ വാഗ്ദാനലംഘനങ്ങള്‍മൂലം കടക്കെണിയിലാകുന്നു. സംസ്ഥാന ബജറ്റിലും സഹകരണമേഖലയെ രക്ഷിക്കാനുള്ള ഒരു നടപടിയുമില്ല. സഹകരണ ബാങ്കുകളില്‍നിന്ന് വായ്പ എടുക്കുന്നവര്‍ ബാങ്കിന് നല്‍കുന്ന ഈട് വസ്തു ഗഹാന്‍ രീതിയില്‍ പണയപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്നതിന് ബജറ്റിലൂടെ ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ അധിക ചെലവുകള്‍, കൂടിവരുന്നതോടെ സഹകരണ ബാങ്കുകളിലെ വായ്പയ്ക്ക് സ്വകാര്യ ബാങ്കുകളിലേക്കാള്‍ അധിക നിരക്കില്‍ പലിശ നല്‍കേണ്ടിവരും.

2004ല്‍ ഏര്‍പ്പെടുത്തിയ ഗഹാന്‍ സമ്പ്രദായത്തിന്റെ ഗുണഫലവും ഇല്ലാതാകും. ഇപ്രകാരം പല നടപടികളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹകരണമേഖലയ്ക്ക് ഇരുട്ടടി ആകുന്നു. സഹകരണമേഖലയുടെ തകര്‍ച്ചയുടെ ആത്യന്തികഫലം, കേരളത്തിലെ കാര്‍ഷികമേഖലയുടെ തകര്‍ച്ചയായിരിക്കും. അതുപോലെ സഹകരണമേഖലയിലെ നിക്ഷേപങ്ങള്‍ പിന്‍വലിഞ്ഞ് അത് വാണിജ്യബാങ്കുകള്‍ വഴി കുത്തകകളിലേക്ക് എത്തുന്നത് വിഭവ കേന്ദ്രീകരണത്തിന് ഇടവരുത്തുകയും സാമൂഹ്യപുരോഗതിക്ക് വിഘാതമാകുകയും ചെയ്യും. കേരളത്തിന്റെ ശക്തമായ സഹകരണമേഖലയെ സംരക്ഷിക്കാന്‍ എല്ലാ സഹകാരികളും ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങണം.

*
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ദേശാഭിമാനി

No comments: