Thursday, February 27, 2014

ചിദംബരം എങ്ങനെ ധനപ്രതിസന്ധി മറികടന്നു?

തിരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റാണിത്. സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള ശോഭനമായ ചിത്രം വരച്ചുകാണിക്കണം. ജനങ്ങളെ മയക്കാനുള്ള മോഹന വാഗ്ദാനങ്ങള്‍ വേണം. പക്ഷേ ഇതൊന്നും ചെയ്യാനുള്ള പരുവത്തിലല്ല രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിഗതികള്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണ്. 2013-14ല്‍ സമ്പദ്ഘടന 4.9 ശതമാനം മാത്രമേ വളര്‍ന്നുള്ളു. രണ്ടക്ക സാമ്പത്തികവളര്‍ച്ചയുടെ പെരുമ്പറ മുഴക്കത്തോടെയാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ ഭരണം അവസാനിപ്പിച്ചതെങ്കില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ഭരണമൊഴിയുന്നത് മുന്‍കാല റെക്കോര്‍ഡിന്റെ പകുതി ലക്ഷ്യംപോലും കൈവരിക്കാനാകാതെയാണ്. ഇതോടൊപ്പം വിലക്കയറ്റവും രൂക്ഷമാണ്. ഉപഭോക്തൃ വിലസൂചിക 9 ശതമാനമാണ്.

സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടുമ്പോള്‍ കുറച്ചൊക്കെ വിലക്കയറ്റവും അനിവാര്യമാണെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ചിദംബരം വിശദീകരിച്ചത്. രണ്ട് തെറ്റുണ്ട് ഈ വാദത്തില്‍. ഒന്ന് സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ് ഇന്നത്തെ വിലക്കയറ്റം. രണ്ട് ഇന്ത്യയേക്കാള്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ന്ന ചൈനയില്‍ വിലക്കയറ്റം നമ്മുടെ പകുതിയേ വരൂ. രൂപയുടെ മൂല്യം ഇടിയുകയാണ്. 2008ല്‍ ഒരു ഡോളറിന് 44 രൂപയായിരുന്നു. ഇന്ന് ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 62 രൂപ നല്‍കണം. അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് ഡോളര്‍ സുലഭമായി അച്ചടിച്ച് ഇറക്കുന്ന നയം തിരുത്തുകയാണ്. സാമ്പത്തിക മാന്ദ്യത്തിനു പ്രതിവിധിയായി പ്രതിമാസം ധനകാര്യ സ്ഥാപനങ്ങളുടെ ഏതാണ്ട് 8500 കോടി ഡോളര്‍ വിലയുള്ള കടപ്പത്രങ്ങള്‍ വാങ്ങുന്ന നയം അവര്‍ പടിപ്പടിയായി ചുരുക്കാന്‍ തീരുമാനിച്ചതുമൂലം ഇന്ത്യയിലേക്കുള്ള ഡോളറിന്റെ ഒഴുക്ക് കുറഞ്ഞു. ഡോളറിന് പ്രിയം ഏറി. രൂപയുടെ മൂല്യം ഇടിഞ്ഞു. ഈ പ്രവണത ഇനിയും തുടരും.

വിദേശ വ്യാപാരക്കമ്മിയാണ് രാജ്യം ഇന്നഭിമുഖീകരിക്കുന്ന മറ്റൊരു ഗൗരവമേറിയ പ്രശ്നം. ഇറക്കുമതി ഉദാരവല്‍ക്കരണംമൂലം വിദേശനാണയ ചെലവ് ഏറി. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെ മാന്ദ്യംമൂലം കയറ്റുമതി വര്‍ധിച്ചില്ല. ഇതിന്റെ ഫലമായി വിദേശവ്യാപാര കമ്മി അടിക്കടി വര്‍ധിച്ച് 8,000 കോടി ഡോളറിലെത്തി. സ്വര്‍ണ ഇറക്കുമതിയുടേയും മറ്റും മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് വിദേശ വ്യാപാരകമ്മി ഇപ്പോള്‍ 5500 കോടി ഡോളറായി ചുരുങ്ങിയിട്ടുണ്ട്. പക്ഷേ അപകടമേഖല ഇനിയും തരണംചെയ്തിട്ടില്ല. മേല്‍പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജിതമായി സാമ്പത്തിക മേഖലയില്‍ ഇടപെടണം. സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ത്തി വളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ത്തണം. സബ്സിഡി നല്‍കി വിലക്കയറ്റത്തിന് കടിഞ്ഞാണിടണം. ആവശ്യക്കാര്‍ക്ക് കൂടുതല്‍ വിദേശനാണയം റിസര്‍വ്ബാങ്ക്വഴി ലഭ്യമാക്കണം. പക്ഷേ ഈ നടപടികള്‍ സ്വീകരിക്കാന്‍ ചിദംബരത്തിനാവില്ല. കരണം സര്‍ക്കാരിന്റെ കമ്മി വളരെ വലുതാണ്. കമ്മി ഇനിയും കൂടിയാല്‍ വിലക്കയറ്റം രൂക്ഷമാകാം. ധനക്കമ്മി കുറച്ചില്ലെങ്കില്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തുമെന്ന് വിദേശ ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുകയാണ്. അങ്ങനെവന്നാല്‍ വിദേശ മൂലധനം ഇന്ത്യയില്‍നിന്നു പിന്‍വാങ്ങും. വിദേശനാണയ പ്രതിസന്ധി രൂക്ഷമാകും. എങ്ങനെയാണ് ചിദംബരം ഈ ഊരാക്കുടുക്കില്‍നിന്ന് രക്ഷപെട്ടത്. എല്ലാവരും കരുതിയത് 2013-14ലെ ധനകമ്മി 5 ശതമാനത്തിലേറെ വരുമെന്നാണ്. ഇത് 4.6 ശതമാനമാക്കിയതാണ് ഈ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. ഈ ചെപ്പടിവിദ്യ എന്ത്?

ധനക്കമ്മി എന്നാല്‍ സര്‍ക്കാരിന്റെ മൊത്തം ചെലവും വായ്പയൊഴികെയുള്ള വരുമാനവും തമ്മിലുള്ള വ്യത്യാസമാണ്. വായ്പയെടുത്താണ് ഈ കമ്മി നികത്തുക. ഈ തുകയെ ദേശീയ വരുമാനംകൊണ്ട് ഹരിക്കുമ്പോള്‍ കമ്മിയുടെ നിരക്ക് ലഭിക്കുന്നു. അങ്ങനെ ധനക്കമ്മി കണക്കുകൂട്ടുന്നതിന് മൂന്നു ഘടകങ്ങളെ കണക്കിലെടുക്കണം: വരുമാനം, ചെലവ്, ദേശീയ വരുമാനം. ഇതുസംബന്ധിച്ച കണക്കുകളില്‍ തിരിമറി നടത്തിയാണ് 2013-14ലെ കമ്മി 4.6 ശതമാനമായി താഴ്ത്തിയത്. ആദ്യം ചെലവിന്റെ കാര്യത്തില്‍ ചിദംബരം സ്വീകരിച്ച നടപടികള്‍ പരിശോധിക്കാം. ഒന്ന്: ചെലവുകള്‍ രണ്ടുതരമുണ്ട്. പദ്ധതിച്ചെലവും പദ്ധതിയേതര ചെലവും. പദ്ധതിയേതര ചെലവെന്നാല്‍ ശമ്പളം, പെന്‍ഷന്‍, പലിശ, സബ്സിഡി തുടങ്ങിയവയാണ്. സാധാരണഗതിയില്‍ ഇവ കുറയ്ക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് ചെലവുകുറയ്ക്കാന്‍ ചിദംബരം കണ്ടെത്തിയ എളുപ്പമാര്‍ഗം പദ്ധതിച്ചെലവുകള്‍ വെട്ടിച്ചുരുക്കുകയെന്നാണ്.

2013-14 ധനകാര്യവര്‍ഷത്തെ പദ്ധതിച്ചെലവുകള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിരുന്നത് 5.6ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കണക്കുപ്രകാരം പദ്ധതിക്കായി 4.8 ലക്ഷം കോടി രൂപയേ ചെലവഴിക്കുവാന്‍ ഉദ്ദേശിക്കുന്നുള്ളൂ. 80,000 കോടി രൂപയാണ് പദ്ധതിച്ചെലവില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. അവസാന കണക്കുവരുമ്പോള്‍ പദ്ധതി ചെലവ് ഇതിലും കുറയാനാണ് സാധ്യത. കഴിഞ്ഞവര്‍ഷം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഏറ്റവും കൈയടി നേടിയ സന്ദര്‍ഭം പദ്ധതിച്ചെലവ് 34 ശതമാനം ഉയര്‍ത്തുന്നു എന്ന് പ്രഖ്യാപിച്ചപ്പോഴാണ്. അതാണിപ്പോള്‍ പ്രസംഗത്തില്‍ ഒരു വിശദീകരണവും നല്‍കാതെ വെട്ടിക്കുറച്ചിരിക്കുന്നത്. കുടിവെള്ളത്തിനുള്ള വകയിരുത്തല്‍ 21 ശതമാനമാണ് കുറച്ചത്. ആരോഗ്യത്തിനുള്ള വകയിരുത്തല്‍ 20 ശതമാനം കുറച്ചു. റോഡ് വകുപ്പിന്റെ ബജറ്റ് 18 ശതമാനവും ഗ്രാമവികസന വകുപ്പിന്റെ ബജറ്റ് 23 ശതമാനവും വെട്ടിക്കുറച്ചു. മൂലധനച്ചെലവില്‍ 91,000 കോടി രൂപയുടെ കുറവാണ് വരുത്തിയത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റുകളില്‍ 1.4 ലക്ഷം കോടി രൂപയില്‍നിന്ന് 1.2 ലക്ഷം കോടി രൂപയായി കുറച്ചു. രണ്ട്: മൊത്തത്തില്‍ പദ്ധതിയേതര ചെലവിന് 11.1 ലക്ഷം കോടി രൂപയാണ് 2013-14ല്‍ വകയിരുത്തിയിരുന്നത്. ഇത് 11.2 ലക്ഷം കോടി രൂപയായി ചെറിയതോതിലേ അധികരിക്കൂ എന്നാണ് ചിദംബരം പറയുന്നത്. പദ്ധതി ചെലവ് വെട്ടിക്കുറച്ചതിനെ കള്ളക്കണക്ക് എന്നു പറയാനാവില്ല. എന്നാല്‍ പദ്ധതിച്ചെലവ് താഴ്ത്തിനിര്‍ത്താന്‍ അദ്ദേഹം ചെയ്യുന്നത് കള്ളക്കണക്കെഴുതുന്നതിന് തുല്യമാണ്. പദ്ധതിയേതര ചെലവില്‍ ഒരു മുഖ്യ ഇനം സബ്സിഡികളാണ്. എണ്ണക്കമ്പനികള്‍, വളം നിര്‍മാണ വ്യവസായശാലകള്‍, ഫുഡ്കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ് ഈ സബ്സിഡികളുടെ സിംഹപങ്കും നല്‍കേണ്ടത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്ന പത്രം ഇതുസംബന്ധിച്ച വിശദമായ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. 2013-14ല്‍ ഇവയ്ക്ക് മൂന്നിനുംകൂടി 2.6 ലക്ഷം കോടി രൂപ സബ്സിഡി ഇനത്തില്‍ നല്‍കണം. എന്നാല്‍ ഇതില്‍ 1.23 ലക്ഷം കോടി രൂപ അടുത്തവര്‍ഷമേ നല്‍കൂ. ഈ വര്‍ഷം നല്‍കാനുള്ള പണം ബജറ്റില്‍ ഇല്ല. തല്‍ക്കാലം ഈ സ്ഥാപനങ്ങള്‍ ബാങ്കില്‍നിന്ന് കടമെടുത്തു കാര്യങ്ങള്‍ നടത്തുകയേ നിര്‍വാഹമുള്ളൂ. 1.2 ലക്ഷം കോടി രൂപയെന്നുപറഞ്ഞാല്‍ ദേശീയ വരുമാനത്തിന്റെ 1 ശതമാനം വരും. ഈ സബ്സിഡി മുഴുവന്‍ നടപ്പുവര്‍ഷംതന്നെ നല്‍കിയിരുന്നെങ്കില്‍ ധനകമ്മി 4.6 ശതമാനമല്ല 5.6 ശതമാനം ആയി ഉയര്‍ന്നേനെ. അടുത്തതായി നമുക്ക് വരുമാനത്തിന്റെ കാര്യത്തില്‍ ചിദംബരം സ്വീകരിച്ച സൂത്രവിദ്യകള്‍ ഏവയെന്ന് നോക്കാം. ഒന്ന്: പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ഭീമമായ തുക ഡിവിഡന്റായി വാങ്ങി. ഉദാഹരണത്തിന് പൊതുമേഖലാ ബാങ്കുകള്‍ 27,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് ഡിവിഡന്റായി നല്‍കിയത്. ബാങ്കുകള്‍ എല്ലാം കിട്ടാക്കടംമൂലം പ്രതിസന്ധിയാലാണ്. ഈ നഷ്ടം നികത്താന്‍ അവരുടെ പുതിയ മൂലധനമായി 14,000 കോടി രൂപ കൊടുത്തു. 14,000 കൊടുത്തിട്ട് 27,000 തിരിച്ചുവാങ്ങുക. ഇടതുകൈകൊണ്ട് കൊടുക്കുന്നത് വലതുകൈകൊണ്ട് പിടിച്ചുപറിക്കുന്ന ഈ സമ്പ്രദായം ബാങ്കുകളെ നാളെ പ്രതിസന്ധിയിലാക്കും. ഇതുപോലെ കോള്‍ ഇന്ത്യ ലിമിറ്റഡ് 18,000 കോടി രൂപയാണ് ലാഭ വിഹിതമായി നല്‍കിയത്. പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് വായ്പയെടുപ്പിച്ച് ലാഭവിഹിതമായി കൈപ്പറ്റുന്ന സൂത്രപ്പണിയാണിത്. രണ്ട്: സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം 2 ജി സ്പെക്ട്രം ലേലംചെയ്തപ്പോള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 62,000 കോടി രൂപയാണ്. ഇത് ഒരു ദശാബ്ദംകൊണ്ട് ലഭിക്കേണ്ട തുകയാണ്. പക്ഷേ ചിദംബരം ഈ വര്‍ഷംതന്നെ അഡ്വാന്‍സായി ഏതാണ്ട് 18,000 കോടി രൂപ വാങ്ങിയിരിക്കുകയാണ്. ഇങ്ങനെയാണ് ചിദംബരം ധനകമ്മി പ്രതിസന്ധി മറികടന്നത്.

ഇത് 2013-14ലെ സ്ഥിതി. 2014-15ല്‍ ധനകമ്മി 4.1 ശതമാനം വീണ്ടും ചുരുക്കിക്കൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചതെങ്ങനെ? ഒന്ന്: വരുമാനം പെരുപ്പിച്ചുകാട്ടി. 2014-15ല്‍ റവന്യു വരുമാനം 19 ശതമാനം ഉയരും എന്നാണ് കണക്കുകൂട്ടല്‍. ഈ പ്രതീക്ഷകള്‍ അതിശയോക്തിപരമായിരിക്കും. നികുതിപിരിവ് ലക്ഷ്യത്തിലെത്തുകയില്ല. കാരണം 6 ശതമാനമേ യഥാര്‍ഥ സാമ്പത്തിക വളര്‍ച്ചയുണ്ടാവൂവെന്ന് പ്രതീക്ഷിക്കുന്നുള്ളൂ. വിലക്കയറ്റം 7.5 ശതമാനവും. മൊത്തം വിലക്കയറ്റമടക്കം 13.5 ശതമാനം സാമ്പത്തിക വളര്‍ച്ച. എങ്ങനെയാണ് നികുതി 19 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കാനാവുക? രണ്ട്: 57,000 കോടി രൂപ പൊതുമേഖലാ ഓഹരി വില്‍പനയിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പകുതി മാത്രമേ 2013-14ല്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളു എന്നോര്‍ക്കണം. മൂന്ന്: സബ്സിഡിയായി നല്‍കാന്‍ 2.5 ലക്ഷം കോടിയേ വകയിരുത്തിയിട്ടുള്ളു. ഇതുതന്നെയാണ് 2013-14ഉം വകയിരുത്തിയിട്ടുള്ളത്.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഫലമായി സബ്സിഡി ഗണ്യമായി ഉയരുമെന്നാണ് കരുതുന്നത്. എണ്ണവില ഉയരില്ലെന്നും രൂപയുടെ കൂടുതല്‍ മൂല്യശോഷണം ഉണ്ടാവില്ലെന്നുമുള്ള അനുമാനത്തിലാണ് സബ്സിഡി തുക വകയിരുത്തിയിട്ടുള്ളത്. സബ്സിഡി ഗണ്യമായി ഉയരാനാണ് സാധ്യത. പിന്നെ ഈ വര്‍ഷത്തെ 1.2 ലക്ഷം കോടി രൂപയുടെ സബ്സിഡി അടുത്ത വര്‍ഷത്തേക്ക് നീക്കിയിരിക്കുകയാണല്ലോ. 2013-14ല്‍ സ്വീകരിച്ച അതേ അടവുതന്നെയാണ് 2014-15ലേക്ക് സ്വീകരിച്ചിരിക്കുന്നത്. വരുമാനം ഊതി വീര്‍പ്പിക്കുക, ചെലവ് ചുരുക്കി കാണിക്കുക. അങ്ങനെ കമ്മി കൃത്രിമമായി താഴ്ത്തി കാണിക്കുക. എത്രനാള്‍ ഈ കളിപ്പീരുപണി തുടരാനാകും? എന്താണ് ഈ ബജറ്റ് ഉറപ്പാക്കുന്നത്?

സാമ്പത്തിക മാന്ദ്യം തുടരും. അടുത്തവര്‍ഷവും സാമ്പത്തികവളര്‍ച്ച ലക്ഷ്യത്തിലെത്താന്‍ പോകുന്നില്ല. കാരണം പദ്ധതിച്ചെലവും മൂലധനചെലവും വെട്ടിച്ചുരുക്കിക്കൊണ്ട് കമ്മി കുറയ്ക്കാനാണല്ലോ ചിദംബരം ശ്രമിക്കുന്നത്. 2013-14 ല്‍ പദ്ധതിച്ചെലവ് 5.6 ലക്ഷം കോടി ലക്ഷ്യമിട്ടെങ്കിലും 4.7 ലക്ഷം കോടിയേ ചെലവായുള്ളൂ. 2014-15ല്‍ പദ്ധതിയടങ്കലായി വകയിരുത്തിയിട്ടുള്ളത് കഴിഞ്ഞവര്‍ഷത്തെ 5.6 ലക്ഷം കോടി രൂപതന്നെയാണ്. 6-7 ശതമാനമെങ്കിലും വിലകള്‍ ഉയരുമല്ലോ. ആ വര്‍ധനപോലും പദ്ധതിയടങ്കലില്‍ വരുത്താന്‍ തയ്യാറല്ല. വിലക്കയറ്റവും കൂടി കണക്കിലെടുത്താല്‍ പദ്ധതിയടങ്കല്‍ മുന്‍വര്‍ഷത്തേക്കാള്‍ താഴ്ന്നതാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് യുപിഎ സര്‍ക്കാരിന്റെ കീഴില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി പദ്ധതി അടങ്കല്‍ മരവിച്ചു നില്‍കയാണ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം എന്തെന്ന് വളരെ വ്യക്തമാണ്.

കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി ഇളവുകള്‍ റദ്ദാക്കുക. 4-5 ലക്ഷം കോടി രൂപയാണ് നികുതി ഇളവുകളുടെ രൂപത്തില്‍ സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത്. അതുപോലെതന്നെ ചുളുവിലയ്ക്ക് രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നു. ഇവ സുതാര്യമായ രീതിയില്‍ ലേലം വിളിച്ചു നല്‍കാന്‍ തയ്യാറായാല്‍ എത്ര വരുമാനം ലഭിക്കും എന്നതിന്റെ സൂചനയാണ് 2 ജി സ്പെക്ട്രത്തിന്റെ ലേലംവിളി. 9,000ത്തില്‍പരം കോടി രൂപയ്ക്ക് വിറ്റ സ്പെക്ട്രത്തിന് 3 ജി സ്പെക്ട്രത്തിന്റെ കാലത്ത് 62,000 കോടി രൂപ കിട്ടി. എന്നാല്‍ കോര്‍പ്പറേറ്റ് ദാസന്മാര്‍ക്ക് ഇത്തരം പോംവഴികള്‍ സ്വീകാര്യമല്ല. കാരണം ഈ ഇളവുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഇളവുകളായിട്ടാണ് കാണുന്നത്. അതേ സമയം ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യങ്ങള്‍ സബ്സിഡികളായും. സബ്സിഡി വെട്ടിക്കുറയ്ക്കണം. നിക്ഷേപകര്‍ക്കുള്ള പ്രചോദനങ്ങള്‍ ഉയര്‍ത്തണം. ഇതാണ് ജനവിരുദ്ധ നിയോലിബറല്‍ നയം.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

No comments: