Monday, February 24, 2014

ഫാസിസത്തിന്റെ നാലാം ചുവടുവെപ്പ്

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സംഘപരിവാരം അധികാരത്തില്‍ വരുമെന്ന പ്രതീതി ഇതിനകംതന്നെ അതിശക്തമായി സൃഷ്ടിക്കപ്പെട്ടിരിക്കയാണല്ലോ. ഇത്തരമൊരു പ്രതീതി നിര്‍മിതിയിലേക്ക് നയിച്ച രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ എന്തൊക്കെയാണ്? പ്രാഥമികമായും അത് ഒരു മാധ്യമനിര്‍മിതി ആയിരുന്നു. ലാഭാന്വേഷികളായ മധ്യവര്‍ഗവും ഫാസിസ്റ്റ് പ്രവണതയുള്ള രാഷ്ട്രീയ രൂപീകരണങ്ങളും അവസരവാദികളായ വ്യാപാരി-വ്യവസായി വിഭാഗങ്ങളും ആണ് ഇന്ത്യന്‍ ജനതയെ പ്രതിനിധാനം ചെയ്യുന്നത് എന്ന് വിശ്വസിച്ചുപോരുന്ന മാധ്യമങ്ങളാണ് ഈ ബിംബ നിര്‍മിതിയില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ളത്. എല്ലാ സൂചികകള്‍ അനുസരിച്ചും - സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, ശിശു മരണം, താഴെക്കിടയല്‍ ഉള്ളവരുടെ വരുമാനം, ന്യൂനപക്ഷ സുരക്ഷ - മോഡിയുടെ ഗുജറാത്ത് ഇന്ത്യയില്‍ ഏറ്റവും പിന്നില്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണെന്ന സത്യം സമര്‍ഥമായി മറച്ചുവയ്ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഒപ്പം വിമര്‍ശനങ്ങളെപ്പോലും പ്രശംസകള്‍ ആക്കി മാറ്റാനും. മോഡിയുടെ സ്വന്തം പരസ്യഏജന്‍സിയും മോഡിയെ - കേദാര്‍നാഥിനെക്കുറിച്ചുള്ള കെട്ടുകഥയില്‍ എന്നപോലെ- അമാനുഷിക പ്രഭാവശാലിയാക്കാന്‍ സഹായിച്ചു. എന്നാല്‍ ഇപ്പോള്‍ ആ തിളക്കം പോയിരിക്കുന്നു.

ഈ ഗൂഢാലോചനയില്‍ പങ്കാളികളാകാന്‍ വിസമ്മതിച്ച മാധ്യമങ്ങള്‍ മോഡിയുടെ യഥാര്‍ഥ കഥകള്‍ പുറത്തുകൊണ്ടുവന്നു. ഒപ്പം ഡല്‍ഹിയിലെ പരാജയം മറ്റൊരു ബദല്‍ സാധ്യമാണെന്ന പ്രത്യാശ ജനങ്ങള്‍ക്ക് നല്‍കി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മോഡിഫിക്കേഷന്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ നിര്‍ണായകമായ ഒരു ചുവടുവെപ്പായി വിലയിരുത്താമോ? മോഡിയുടെ ഉദയം, ഗാന്ധിവധത്തിനും ബാബറി മസ്ജിദ് തകര്‍ക്കലിനും ഗുജറാത്തിലെ ഗോധ്രാനന്തര വംശഹത്യക്കും ശേഷം ഫാസിസത്തിന്റെ ഒരു നാലാം ചുവടുവെപ്പാണ്. വാജ്പേയി, അദ്വാനി കാലത്തുനിന്നും മോഡിയിലേക്കെത്തുമ്പോള്‍ സംഘപരിവാരത്തിനുണ്ടാവുന്ന ഭാവ മാറ്റങ്ങള്‍ എന്തൊക്കെയാണ്? വാജ്പേയിയും അദ്വാനിയും അവരുടെ തെറ്റായ രാഷ്ട്രീയ പ്രയോഗത്തിന്നിടയിലും അവര്‍ക്ക് ലഭിച്ച ലിബറല്‍ വിദ്യാഭ്യാസത്തിന്റെ കൂടി ഫലമായിട്ടാകാം, ലിബറല്‍ രാഷ്ട്രീയ മാന്യതയുടെ ചില അതിര്‍ത്തികള്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ അത് മോഡിയില്‍നിന്ന് പ്രതീക്ഷിക്കുകവയ്യ. കുട്ടിക്കാലം മുതലേ ശാഖാപ്രവര്‍ത്തകനായിരുന്ന മോഡിക്ക് ലഭിച്ചിട്ടുള്ള ഒരേ ഒരു വിദ്യാഭ്യാസം ആര്‍എസ്എിന്റെ ലഘുലേഖകളില്‍നിന്നുള്ളതാണ്. വിദ്വേഷത്തിന്റെ വിഷം വമിക്കുന്ന പ്രതിലോമ വര്‍ഗീയ രാഷ്ട്രീയം എന്നര്‍ഥം. അദ്വാനി, ജിന്നയെപ്പോലെ തന്നെ, ഒരു നിരീശ്വരവാദി ആയിരുന്നു.

ബിജെപിയില്‍ പല തരം ആളുകള്‍ ഉണ്ട്. അവര്‍ക്ക് പൊതുവായുള്ളത് ഹിന്ദു സാംസ്കാരിക ദേശീയവാദം മാത്രമാണ്. അക്കൂട്ടത്തില്‍ ഏറ്റവും അപകടകരമായ നിലപാടുകള്‍ ഉള്ള ഒരാളാണ് നരേന്ദ്ര മോഡി. തികഞ്ഞ ഒരു ഫാസിസ്റ്റ് വ്യക്തിത്വം. നരേന്ദ്രമോഡി ഗുജറാത്തിലെ മുഖ്യമന്ത്രി എന്ന നിലയില്‍നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയിലേക്കുയര്‍ന്നാല്‍ ഇന്ത്യ ഒന്നടങ്കം ഗുജറാത്ത് ആവര്‍ത്തിക്കപ്പെടും (അതായത് ഗുജറാത്തില്‍ നടന്നതുപോലുള്ള വംശഹത്യകള്‍ ആവര്‍ത്തിക്കപ്പെടും) എന്ന ഭീതി അതിശക്തമായി നിലനില്‍ക്കുന്നുണ്ട്. അതോടൊപ്പംതന്നെ ഇത്തരമൊരു ഭീതി അതിശയോക്തിപരമായ ഒന്നാണ് എന്ന മറുവാദവും നിലനില്‍ക്കുന്നുണ്ട്. താങ്കളുടെ അഭിപ്രായം എന്താണ്? ഇന്ത്യ ഭാഗ്യവശാല്‍ ഗുജറാത്ത് അല്ല. ഗുജറാത്തില്‍ മോഡി ചെയ്തതൊന്നും അതേപടി ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ നമ്മുടെ ഉറച്ച ജനാധിപത്യം സമ്മതിക്കാന്‍ ഇടയില്ല. അതേസമയം അത്തരം ചെയ്തികള്‍ക്ക് ഭരണകുടം സംരക്ഷണം നല്‍കാന്‍ ശ്രമിക്കും എന്ന് ഉറപ്പാണ്. അതും ഭയപ്പെടേണ്ടതുതന്നെ. ഇന്ത്യന്‍ മതനിരപേക്ഷതയുടെ അതിജീവന സാധ്യതകള്‍ എന്തൊക്കെയാണ്? ഇന്ത്യന്‍ മതനിരപേക്ഷതയുടെ അടിത്തറ ഉറച്ചതാണ് എന്ന് ഞാന്‍ കരുതുന്നു. ഒന്നാമതായി ഭക്തി-സൂഫി പാരമ്പര്യം മുതല്‍ ഗാന്ധിവരെ നീളുന്ന ഒരു ആത്മീയ പാരമ്പര്യം ഇന്ത്യക്കുണ്ട്. ഇത് മത സങ്കുചിതത്വങ്ങള്‍ക്കെതിരായി നില്‍ക്കുന്ന ഒന്നാണ്. രണ്ടാമതായി ഭരണകൂടം മതാതീതമായി നിലനില്‍ക്കുക എന്നത് നമ്മുടെ ബഹു-മത രാഷ്ട്രത്തിന്റെ നിലനില്‍പ്പിനുതന്നെ അനിവാര്യമാണ്.

മൂന്നാമതായി നമ്മുടെ സാധാരണ ജനങ്ങള്‍ പൊതുവെ മതവിശ്വാസികള്‍ ആയിരിക്കെ തന്നെ അന്യമതവിദ്വേഷികള്‍ അല്ല. ഇന്ത്യയില്‍ മതേതരത്വം എന്നാല്‍ രണ്ട് അര്‍ഥങ്ങളാണ് ഉള്ളത്: ഒന്ന്, പൗരസമൂഹത്തില്‍ എല്ലാ മതങ്ങളുടെയും മതേതര വിശ്വാസങ്ങളുടെയും സഹവര്‍ത്തിത്വം, രണ്ട്, ഭരണകൂടവും അതിന്റെ നിയമവ്യവസ്ഥയും മതങ്ങള്‍ക്കെല്ലാം അതീതമായി സമദൃഷ്ടി പുലര്‍ത്തല്‍. കോണ്‍ഗ്രസിനെയും സംഘപരിവാരത്തെയും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു മതനിരപേക്ഷ ബദല്‍ - അത്തരമൊരു രാഷ്ട്രീയ കൂട്ടായ്മക്കുള്ള സാധ്യതകള്‍ എന്തെല്ലാമാണ്. പൊതുവായ ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ വലതുപക്ഷം ഒഴികെയുള്ള കക്ഷികളുടെ ഒരു കൂട്ടായ്മ മാത്രമേ അതിനു വഴിയായി കാണുന്നുള്ളൂ. ഈ പരിപാടിയുടെ പ്രധാന ഘടകങ്ങള്‍ ന്യൂനപക്ഷ (വിശേഷിച്ചും മുസ്ലിം, ആദിവാസി, ദളിത് വിഭാഗങ്ങള്‍) സംരക്ഷണം ഉറപ്പാക്കുന്ന മതേതരത്വം, സമത്വോന്മുഖവും (അതിനാല്‍തന്നെ സാമാന്യജനാനുകൂലവും കുത്തകവിരുദ്ധവും) പരിസ്ഥിതി സൗഹാര്‍ദപരവും സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുന്നതുമായ വികസനം, മുകള്‍ മുതല്‍ അടിത്തട്ടുവരെയുള്ള ജനാധിപത്യം, പൊതു വിദ്യാഭ്യാസത്തിലും സൗജന്യമായ ചികിത്സയിലും പൊതുജനാരോഗ്യ സംരക്ഷണത്തിലുമുള്ള ഊന്നല്‍, അഴിമതിമുക്തമായ ഭരണം ഇവയായിരിക്കണം. ആം ആദ്മി കക്ഷിയുടെ അത്ഭുതകരമായ വളര്‍ച്ചയും ജനപ്രിയതയും കാണിക്കുന്നത് ഒരു ബദലിനുവേണ്ടി ജനങ്ങള്‍ ദാഹിക്കുന്നു എന്നുതന്നെയാണ്. വ്യവസ്ഥാപിത ഇടതുപക്ഷത്തിനും (എക്സിസ്റ്റിങ് ലെഫ്റ്റ്) വിമര്‍ശക ഇടതുപക്ഷത്തിനും (ക്രിട്ടിക്കല്‍ ലെഫ്റ്റ്) ഇത്തരം ഒരു രൂപീകരണത്തില്‍ പങ്കുവഹിക്കാന്‍ കഴിയേണ്ടതാണ്. ബീഹാറിലെ നിധീഷിനെപ്പോലെ ജനാനുകൂല ഭരണം അഴിമതി കൂടാതെ നടത്തുന്നവര്‍ക്കും ഇതില്‍ ഒരു പങ്കുവഹിക്കാന്‍ കഴിയണം. ശരിയായ ഫെഡറലിസത്തിനുവേണ്ടി നിലകൊള്ളുന്ന പ്രാദേശിക കക്ഷികള്‍ക്കും ദളിത് - മുസ്ലിം പ്രതിനിധാനങ്ങള്‍ക്കും ഇതിന്റെ ഭാഗമാകാന്‍ കഴിയും. കോണ്‍ഗ്രസ്-ബിജെപി മുന്നണികള്‍ മടുത്ത ജനങ്ങള്‍ ഏതായാലും തികച്ചും പുതിയ ഒരു രൂപീകര ണത്തെ കാത്തിരിക്കുകയാണ്.

*
സച്ചിദാനന്ദന്‍ ദേശാഭിമാനി വാരിക

No comments: