Sunday, February 23, 2014

ഉന്നം... ഉന്നമനം

ടോഡിഷാപ്പ് നമ്പ്ര് 32ല്‍ നാണുക്കുട്ടന്‍ എന്ന വിളമ്പുകാരന്‍ യൂണിഫോമില്‍ മാറ്റം വരുത്തി. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു മാറ്റം. മുറിക്കൈയന്‍ ബനിയന്‍, കളളിമുണ്ട്, തലയില്‍ കെട്ടിയ പഴയ തോര്‍ത്ത്് എന്നിവ അഴിച്ചുമാറ്റി. പകരം കാവിനിറമുള്ള സില്‍ക്കിന്റെ ഷര്‍ട്ടും, അതിനു തക്ക കരയില്‍ നെയ്തെടുത്ത മുണ്ടും സ്ഥാനം പിടിച്ചു. കഴുത്തില്‍ ഒരു നീണ്ട ഷാള്‍ ചുറ്റി അലങ്കരിച്ചു.

കഴുത്തില്‍നിന്ന് നീട്ടിയാല്‍ ഫാനില്‍ മുട്ടും. അതാണ് നീളം. വീതിക്ക് നിശ്ചിത മാനദണ്ഡമില്ല. പദവിക്കനുസരിച്ചാവാം. മേക്കപ്പും കാലാനുസൃതമാക്കി. മുളകുചാറ് പുരണ്ട കൈത്തലം കഴുകി വൃത്തിയാക്കി. വിയര്‍പ്പ് നാറുന്ന ശരീരം കുളിച്ച് ശുദ്ധിയാക്കി. തിരശ്ചീനമായി നെറ്റിയില്‍ നീന്തിയിരുന്ന ചന്ദനക്കുറി കുത്തിനിവര്‍ത്തി. അതിന് നടുക്ക് ഒരു കുങ്കുമച്ചാലും കീറി. മീശ കറുപ്പിച്ചു. ശബ്ദം കനപ്പിച്ചു. ലേശം തടിച്ച പോലെയും തോന്നിപ്പിച്ചു.

വേഷപ്പകര്‍ച്ചയില്‍ ഉപഭോക്താക്കള്‍ അമ്പരന്നു. "ഇതെന്ത് വേഷോണ്?" തീരദേശഭാഷയുടെ ഉച്ചാരണസുകൃതത്തിലേക്ക് വീണവരെ നോക്കി വടക്കന്‍കാറ്റു പോലെ നാണു ചിരിച്ചു. "നീയെന്ത്ഡാ ഇങ്ങന ചിരിക്കണ?"- നിഷ്ക്കളങ്ക ഗ്രാമീണഭംഗി വീണ്ടും ചോദ്യരൂപത്തില്‍, ആ സന്ധ്യയില്‍ അവിടെ ലാലസിച്ചു. നാണു പറഞ്ഞു- "ഈ ചിരിയുടെ രാഷ്ട്രീയമാനം നിങ്ങള്‍ മനസ്സിലാക്കണം." "എന്ത് മാനോടാ അത്. നീയെന്തഡാ ഇംഗ്ലീഷ് പറഞ്ഞ് കളിക്കണാ. ഞങ്ങക്ക് ബോധിക്കണ ഭാഷേപ്പറയഡ."

നാണു വിനയം കൊണ്ടു- "ഇതാണ് വികസനച്ചിരി." "അപ്പ വികസിക്കാത്ത ചിരീണ്ടാഡാ.... ചുണ്ട് വികസിക്കുമ്പ്ളാണല്ലാ ചിരി.... ഇവന് വട്ടായാ?" ചിരിയെക്കുറിച്ച് ഇവരോട് എന്ത് പറയാന്‍? നാം ഇടപെടുന്നവര്‍ ശരാശരി വൈജ്ഞാനിക നിലവാരം പുലര്‍ത്തിയില്ലെങ്കില്‍ നാം സ്വയം ലജ്ജിച്ച് തലതാഴ്ത്തേണ്ടി വരും. വാചകം നീണ്ടുപോയെങ്കിലും ഫുള്‍സ്റ്റോപ്പു വരെ തടസ്സം കൂടാതെ നാണു നീട്ടിക്കൊണ്ടുപോയി.

ചിരികള്‍ പലതരമുണ്ട്. ഹാസം മുതല്‍ അട്ടഹാസംവരെ പതിനെട്ടെണ്ണം. ഇതില്‍ അര്‍ഥമുള്ളതും അര്‍ഥമില്ലാത്തതുമുണ്ട്. കാലയാപനം നടത്താന്‍ ചിരിക്കുന്നവരും, സ്വന്തം ഗതികേടുകൊണ്ട് ചിരിക്കുന്നവരും ഉണ്ട്. ജന്മനാ കിട്ടുന്ന ചിരിയും, അഭ്യസിച്ച് നേടേണ്ടതും ഉണ്ട്. ചടങ്ങിനു വേണ്ടിയും ചടങ്ങവസാനിപ്പിക്കാനും ചിരിയുണ്ട്. വേഷം കെട്ടാനും വേഷം അഴിക്കാനും ചിരിയുണ്ട്. ചിരി ഒരു ക്ഷണിക്കലാണെന്ന് ചിലര്‍. അല്ല, ക്ഷണം പിന്‍വലിച്ചതാണെന്ന് അനുഭവസമ്പന്നര്‍. എന്നാല്‍ വികസനച്ചിരി പുതിയ കാലഘട്ടത്തിന്റെ ചിരിയാണ്.

ഓരോ കാലഘട്ടവും അതിന്റേതായ ഫലിതങ്ങളും തരും. അത് ഫലപ്രദമായി അവതരിപ്പിക്കാനുള്ള കോമാളികളെയും തരും. ഓരോ കാലത്തിനും നായകന്മാര്‍ ഉള്ളതുപോലെ വില്ലന്മാരും ഉണ്ട്. ഇത് ചരിത്രത്തിന്റെ തിരക്കഥയാണ്. നാണു ഉപഭോക്തൃ സമൂഹത്തോട് മുഴങ്ങുന്ന രീതിയില്‍ ചോദിച്ചു- "നിങ്ങള്‍ക്ക് ചരിത്രമറിയാമോ?" ചോദ്യം തീരും മുമ്പെ ഉപഭോക്താക്കളില്‍ ഒരുവന്‍ ഒറ്റച്ചിരി.

"...ഭ്ാ...ാ...ാ..." ശബ്ദമല്ല, വാതകമാണ് പുറത്തുവന്നത്. "എഡ ജ്വോപ്പാ.... (അത് മറ്റൊരു ഉപഭോക്താവിന്റെ പേരാണ്.) നീ കേട്ടാ... മ്മക്ക് ചരിത്രോറിയാമ്പാടില്ലാന്ന്.... ഡാ... മ്മക്കറിയണത്രേം ചരിത്രം ആര്‍ക്കറിയാഡാ...? ആരെണ്ടേലും നീ കൊണ്ടാഡാ... മ്മക്കൊന്ന് നോക്കാഡാ..."

അമ്പരന്ന് പോയി നാണു. ഗ്രാമത്തിലെ ദരിദ്രവാസികള്‍ക്ക് ചരിത്രത്തില്‍ ഇത്ര ആത്മവിശ്വാസമോ? തെറ്റിദ്ധരിച്ചതാവും. മറ്റൊന്നിന്‍ സാദൃശ്യത്തില്‍ അത് താനല്ലയോ ഇതെന്ന് വര്‍ണ്യത്തിലാശങ്ക വന്നാലും ഇത്തരം ലക്ഷണം കാണിക്കുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. "..ഡാ... ചരക്കും കൊണ്ട് വാഡാ..." ഉപഭോക്താവ് വിടുന്ന മട്ടില്ല.

നാണു ചോദിച്ചു- "നിങ്ങള്‍ ഉദ്ദേശിക്കുന്നത്...?" "ങ്ഹാ... ഇപ്പ ഞങ്ങട ഉദ്ദേശത്തിനാണാ കൊഴപ്പം. വാക്ക് മാറണേണാ... ഞങ്ങ ചരിത്രം കൊറെ കണ്ടതാണ് കെട്ടാ..." ഉപഭോക്താവ് പെട്ടെന്ന് ദുഃഖിതനായി, ഒരു പ്രകോപനവുമില്ലാതെ. പ്രാതഃസ്മരണകള്‍ ഇരമ്പി.
ങ്ഹാ....!" പിന്നെ ഒരു നെടുവീര്‍പ്പിനു ശേഷം തുടങ്ങി. "...ഈ ജ്വോപ്പനും മറ്റ്വക്ക എന്തോരം ചരിത്രോണ് കുടിച്ചേക്കണേന്ന് നെനക്കറിയാവാ...? ഒടുക്കത്ത ഒരു നിരോധനം കൊണ്ടുവന്ന് എല്ലാം തീര്‍ത്തില്ലേ..." നാണുവിന് പിടികിട്ടി. ചെറിയ പ്രൂഫ് മിസ്റ്റേക്കിലാണ് വിഷയം കത്തിയത്. നാണു തിരുത്തി- "ബഹുമാനപ്പെട്ട ഉപഭോക്താവെ നിങ്ങള്‍ പറയുന്നത് ചാരായത്തെക്കുറിച്ചാണ്..." "ങ്ഹാ... കൊള്ളാല്ലാ... ഇപ്പ ഞങ്ങളപ്പടിപ്പിക്കേണാ...!

ഞങ്ങ കൊളരാത്തോരായാ...! ഞങ്ങക്ക് വല്യ പടിപ്പൊന്നുമില്ലേരിക്കും. പക്ഷെ... ചരിത്രോം ചാരായോം നീ ഞങ്ങളപ്പടിപ്പിക്കാന്‍ നിക്കണ്ട... വേണങ്കി ഞങ്ങ പറഞ്ഞുതരാ.... നീട്ടി വാറ്റണത് ചാരായം. കുറുക്കി വാറ്റണത് ചരിത്രം. അതിത്തിരി സൂക്ഷിക്കണം. അടീപ്പിടിക്കും." ഉപഭോക്താവ് എത്ര ശരിയാണ്!

രണ്ടും വാറ്റുന്നത് തന്നെ. ഒന്ന് ഭൂതകാലം. മറ്റൊന്ന് കരിപ്പെട്ടി. രണ്ടിലും ചേരുവകളുണ്ട്. കലര്‍പ്പില്ലാതെ വാറ്റില്ല. കലര്‍പ്പാണ് ലഹരി. ഉപഭോക്താവിന്റെ വിജ്ഞാനത്തിനു മുന്നില്‍ നാണു നാവടക്കി. ഉപഭോക്താവ് വിട്ടില്ല. ചില ഇനങ്ങള്‍ അങ്ങനെയാണ്. ഉടുമ്പ് പിടിച്ച പോലിരിക്കും. "നിന്റെ വികസനച്ചിരി പറയഡാ..." നാണു, ത്രിദോഷങ്ങളില്‍ ഒന്നിനെ മുരടനക്കി തൊണ്ടയില്‍നിന്ന് യാത്രയയച്ചു. പ്രസംഗത്തിന്റെ തുടക്കത്തിലുള്ള ഗണപതിക്ക് കുറിക്കലാണ് അത്. തുടങ്ങി.

"...സ്വാമി റൊണാള്‍ഡ് റീഗനാനന്ദനും, മാതാ മാര്‍ഗരറ്റ് താച്ചറമ്മയും ചേര്‍ന്ന് രചിച്ച നവലിബറലോപനിഷത്തിന്റെ പാരായണത്തിന് സമയമായി. പറഞ്ഞുവരുമ്പോള്‍ ഇവര്‍ക്ക് രണ്ടു പേര്‍ക്കും ആര്‍ഷഭാരത സംസ്ക്കാരവുമായി അടുത്ത ബന്ധമുണ്ട്. മരുമക്കത്തായ സമ്പ്രദായം പാലിക്കുന്ന ഇവരുടെ അമ്മാവന്റെ പൂര്‍വികന്മാരുടെ തറവാട് സിന്ധുനദീതട തീരത്തായിരുന്നു. ഹാരപ്പയില്‍ നിന്നും മൊഹഞ്ചദാരോവില്‍ നിന്നും കിട്ടിയ പ്രതിമകളില്‍ ചിലതിന് റീഗനുമായി സാമ്യമുണ്ടെന്ന് പുരാവസ്തുവകുപ്പിന്റെ നിരീക്ഷണമുണ്ട്. അമേരിക്ക ഇറാഖിലേക്ക് ജീവകാരുണ്യപ്രവര്‍ത്തനത്തിന് പോയപോലെയല്ലെ ലാല്‍ജി കൃഷ്ണന്‍ജി അദ്വാന്‍ജി വടക്കുനിന്ന് തെക്കോട്ടേക്കിറങ്ങിയത്. ലക്ഷ്യം ഒന്നുതന്നെ. വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍!

മാതാ താച്ചറമ്മയെ "ഉരുക്കു വനിത" എന്ന് വിളിച്ചത് പണ്ട് കോളനിരാജ്യമായ ആര്‍ഷഭാരതത്തിലെ ധാതുസമ്പത്ത് കണ്ടിട്ടാണ്. അഹം ബ്രഹ്മാസ്മിയുടെ വിദേശപ്പതിപ്പുകളാണ് റീഗനാനന്ദനും താച്ചറമ്മയും. ഇന്ത്യയുടെ പുരോഗതിക്ക് അടിത്തറയായത് ഗംഗയെ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവന്നതാണ്. എത്ര ദൂരക്കഴ്ചയുള്ളവരാണ് നമ്മുടെ ഋഷിപുംഗവന്മാര്‍!

യഥാര്‍ഥത്തില്‍ വികസനത്തിന്റെ രൂപരേഖ തയ്യാറാക്കിയത് നമ്മുടെ പൂര്‍വീകരാണ്. നമ്മുടെ യമുനാതീരം പ്രസിദ്ധമായത് എങ്ങനെയാണ്? ഫലപ്രദമായി ക്ഷീരവികസന പദ്ധതി നടപ്പാക്കിയതു കൊണ്ടല്ലെ? അറിയപ്പെടാതിരുന്ന ഈ സ്ഥലത്തുനിന്നാണ് ഭഗവാന്‍ കൃഷ്ണന്‍ "ധവളവിപ്ലവ"ത്തിന് തുടക്കം കുറിച്ചത്. ഇന്ന് ഐ ടി ക്യാപിറ്റല്‍ ഉണ്ടായതുപോലെ പണ്ടത്തെ ക്ഷീരതലസ്ഥാനമായിരുന്നു യമുന. ഗോകുലം മാര്‍ക്കറ്റില്‍ ഹിറ്റായി. ക്ഷീരകൃഷി സവിസ്തരം വര്‍ണിക്കുന്ന "ഗീതാഗോവിന്ദം" എന്ന കൃതിയുടെ പുതിയ പതിപ്പുകള്‍ വീണ്ടും വീണ്ടും അടിക്കുന്നു. എല്ലാം നമ്മളാണ് തുടങ്ങിയത്. ഇവിടെനിന്ന് ഇനിയും നമുക്ക് മുന്നേറണം. നമുക്ക് റോഡ് വേണ്ടേ, വെളിച്ചം വേണ്ടേ, അണക്കെട്ട് വേണ്ടേ, വൈദ്യുതിനിലയം വേണ്ടേ, തുറമുഖം വേണ്ടേ, വിമാനത്താവളം വേണ്ടേ, ഗോള്‍ഫ് കളിക്കണ്ടേ, മര്‍മ്മാണിച്ചികിത്സ വേണ്ടേ, തിരുമ്മു കേന്ദ്രങ്ങള്‍ വേണ്ടേ, മഷി നോട്ടം വേണ്ടേ, ജാതകം നോക്കണ്ടേ.... അതിനു നാം പതിയ ചിരി കണ്ടെത്തിയേ തീരൂ.

ഉപഭോക്താക്കളെ ഈ കളളുഷാപ്പിന്റെ സ്ഥിതി തന്നെ നോക്കൂ. എത്ര ദയനീയം! നമ്മുടെ സമീപനത്തിന്റെ നല്ല ഉദാഹരണമാണ് ഇത്. വാഷിങ്ടണിലെ കള്ള്ഷാപ്പ് ഇതുപോലെയാണോ? പാരീസിലെ കള്ളുഷാപ്പ് ഇതുപോലെയാണോ? ബെര്‍ലിനിലെ കള്ളുഷാപ്പ് ഇതുപോലെയാണോ? ഞാന്‍ എന്റെ ചോദ്യം ചെയ്യല്‍ നീട്ടിക്കൊണ്ടുപോവുന്നില്ല. പിന്നോക്കരാജ്യമായ ശ്രീലങ്കയില്‍പോലും ഇതിലും നല്ല കള്ളുഷാപ്പുകള്‍ ഉണ്ടെന്നറിയുമ്പോഴാണ് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നാം എത്ര ചെറുതാണെന്ന് മനസ്സിലാവുക. നോക്ക് ഉപഭോക്താവേ നോക്ക്. ഇവിടെ ഇളകാത്ത ഒരു ബെഞ്ചുണ്ടോ? സിമന്റ് പൊളിയാത്ത തറയുണ്ടോ? ഫാനുണ്ടോ? വാഷ് ബേസിനുണ്ടോ? യൂറോപ്യന്‍ ക്ലോസെറ്റുണ്ടോ? കംപ്യൂട്ടറുണ്ടോ? എങ്ങനെ ഇവിടെ വിദേശികള്‍ വരും? അതുകൊണ്ട് ഉപഭോക്താക്കളെ നാം മാറിച്ചിന്തിച്ചേ പറ്റൂ. അതിനുള്ള എന്റെ എളിയ സംരംഭമാണ് ഈ വികസനച്ചിരി.

ഈ ചിരി അധഃസ്ഥിതവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ചിരിയാണ്. അവര്‍ക്കുള്ള വികസനപാതയാണ്. അധികാരത്തോടുള്ള ആര്‍ത്തിയാണ് ഈ ചിരി എന്ന് പറയുന്നവരുണ്ട്. അതെ. ആര്‍ത്തി തന്നെ. അത് പക്ഷേ എനിക്കു വേണ്ടിയല്ല. എന്നോടൊപ്പംനില്‍ക്കുന്ന അധഃസ്ഥിതരുടെ ഉന്നമനത്തിനാണ്. അന്നന്ന് കാണുന്നവനെ വാഴ്ത്തുന്ന ചിരിയാണ് ഇതെന്ന് പരിഹസിക്കുന്നവരുണ്ട്. അതെ. വാഴ്ത്തല്‍ തന്നെയാണ് ഇത്. പക്ഷേ എനിക്കു വേണ്ടിയല്ല. എന്നോടൊപ്പംനില്‍ക്കുന്ന അധഃസ്ഥിതരുടെ ഉന്നമനത്തിനാണ്. ഇത്തരം വിമര്‍ശനമൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യുന്നില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഇവിടം വരെ എത്തില്ലായിരുന്നു. ഞാന്‍ മാത്രമല്ല എന്നോടൊപ്പം നില്‍ക്കുന്ന അധഃസ്ഥിതരും ഇത്രത്തോളം എത്തുമായിരുന്നില്ല. എന്റെ ചിരിയില്‍ ഞാന്‍ കാണുന്നത് എന്റെ പിന്നില്‍ അണിനിരക്കുന്ന അധഃസ്ഥിതരെയാണ്. അവര്‍ തുള്ളി വെള്ളം കുടിച്ചുകിടക്കണമെന്നു മാത്രമേ എനിക്ക് ആഗ്രഹമുള്ളൂ. അവര്‍ക്ക് വേണ്ടിയാണ് ഈ ചിരി." നാണുവിനെ ഗദ്ഗദം തടഞ്ഞു.

ഒരു ഉപഭോക്താവ് ഒരു ഗ്ലാസ് നീട്ടി. ഇറക്കി. തുടച്ചു, ചുണ്ടും കണ്ണീരും. "ഒന്നേ എനിക്ക് പറയാനുള്ളൂ. ഞാന്‍ ചിരിക്കുന്നത് എനിക്ക് വേണ്ടിയല്ല. ഞാന്‍ നന്നാവുന്നത് എനിക്കു വേണ്ടിയല്ല. ഞാന്‍ ചിരിക്കുമ്പോള്‍ നിങ്ങളും ചിരിക്കുന്നു. ഞാന്‍ നന്നാവുമ്പോള്‍ നിങ്ങളും നന്നാവുന്നു. സമര്‍പ്പിത ജീവിതമാണ് എന്റേത്. ഞാന്‍ എന്ന നാണു കച്ചോടക്കാരനാണ്. അത് എനിക്ക് നന്നായറിയാം. കച്ചവടക്കാരന്റെ രക്തത്തില്‍ എന്നും കച്ചോടമുണ്ടാവും. എനിക്ക് ലാഭം കിട്ടിയാല്‍ ഒരു വീതം നിങ്ങള്‍ക്കുമുണ്ടാവും. മതമേതായാലും മനുഷ്യന്‍ മോടിയാകണമെന്നേ എനിക്ക് പറയാനുള്ളൂ. മോടിയായി ജീവിക്കണമെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. സത്യമറിയാന്‍ വൈകിപ്പോയി

ഉപഭോക്താക്കളെ.... അന്ധനായ എന്റെ കണ്ണു തുറന്നു.... ഹായ്...എന്തു വെളിച്ചം! ആ കാലില്‍ വീണ് എനിക്ക് മാപ്പ് ചോദിക്കണം.... ആ കൈ പിടിച്ച് എനിക്ക് ആകാശത്തേക്ക് ഉയര്‍ത്തണം... അപ്പോള്‍ കൊച്ചി കായലിലെ കാറ്റ് ഞങ്ങളെ തലോടും. ഉറക്കെയുറക്കെ ഞാന്‍ ദൈവദശകം പാടും..." "ആഴമേറും നിന്‍ മഹസ്സാ- മാഴിയില്‍ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം."

*
എം എം പൗലോസ്

No comments: