Monday, February 17, 2014

ലക്ഷങ്ങളെ അണിനിരത്തി നെല്ലറ പറഞ്ഞത്

അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ഏക ആശ്രയമായി കാണുന്ന പ്രസ്ഥാനമാണ് സിപിഐ എം എന്ന് ആവര്‍ത്തിച്ച് വിളിച്ചോതുന്ന അത്യുജ്വല സ്വീകരണങ്ങളുടെ ആവേശവുമായാണ് കേരളരക്ഷാ മാര്‍ച്ച് പാലക്കാട് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ഞായറാഴ്ച പര്യടനം പൂര്‍ത്തിയാക്കിയത്. തരൂരില്‍ തുടങ്ങി ആലത്തൂരും നെന്മാറയും ചിറ്റൂരും പിന്നിട്ട് പാലക്കാട് കോട്ടമൈതാനിയിലെത്തുമ്പോള്‍ അഞ്ച് മഹാസമ്മേളനങ്ങളെയാണ് ഞങ്ങള്‍ അഭിസംബോധനചെയ്തത്. തരൂരില്‍ മൈതാനിയുടെ പരിമിതിയില്‍ ഒട്ടുമിക്ക ജനങ്ങളും പുറത്തുനില്‍ക്കേണ്ടിവന്നു. ആലത്തൂരില്‍ സ്ത്രീകളുടെ വര്‍ധിച്ച സാന്നിധ്യമുണ്ടായിരുന്നു. നെന്മാറ പഞ്ചായത്ത് പാര്‍ക്ക് മൈതാനി നിറഞ്ഞുകവിഞ്ഞ് പട്ടണത്തിലാകെ പരന്നു ജനക്കൂട്ടം. ചിറ്റൂര്‍ അണിക്കോട് ജങ്ഷനില്‍ ജനസഹസ്രങ്ങള്‍ മാര്‍ച്ചിനെ വരവേറ്റു. യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന ചിറ്റൂര്‍ മണ്ഡലത്തില്‍, സിപിഐ എം ആര്‍ജിച്ച അന്യൂനമായ കരുത്തിന്റെ പ്രകടനംതന്നെയായി ആ ജനസഞ്ചയം. പാലക്കാട് കോട്ടമൈതാനത്തും ജില്ലാതല റാലിയുടെ പ്രതീതി.

ഞായറാഴ്ച വയലേലകളുടെ മധ്യത്തിലൂടെയായിരുന്നു യാത്ര ഏറെയും. വിളഞ്ഞുനില്‍ക്കുന്നതും കതിരിട്ടുനില്‍ക്കുന്നതുമായ പാടങ്ങള്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എട്ടു കര്‍ഷകര്‍ കടംകയറി ആത്മഹത്യചെയ്ത ജില്ലയാണ് പാലക്കാട്. അവസാനമായി, കഴിഞ്ഞ ചൊവ്വാഴ്ച ചിറ്റൂര്‍ ആര്‍വിപി പുതൂരിലാണ് പച്ചക്കറിക്കര്‍ഷകനായ മുത്തുകുമാര്‍ (31) ആത്മഹത്യചെയ്തത്. കാര്‍ഷികമേഖലയുടെ പൊതുവായ അവസ്ഥ കര്‍ഷകനെ മരണത്തിലേക്ക് തള്ളിവിടുന്നതാണ്.

രാസവളം, ട്രാക്ടര്‍ വാടക, കടത്തുകൂലി, കൊയ്ത്തുയന്ത്ര വാടക ഇവയെല്ലാംകൂടി ഒരേക്കര്‍ കൃഷിചെയ്യാന്‍ 24,000 രൂപ ചെലവുവരും. യഥാസമയം വെള്ളം ലഭിക്കുകയും വിളനാശമില്ലാതെ കൊയ്തെടുക്കാനും സാധിച്ചാല്‍ കര്‍ഷകന് 1750 കിലോ നെല്ല് കിട്ടും. ഇത് സിവില്‍ സപ്ലൈസ് കോര്‍പറേഷന് കൊടുത്താല്‍ കിലോയ്ക്ക് 18 രൂപ നിരക്കില്‍ ലഭിക്കുന്നത് 31,500 രൂപ. നാലുമാസത്തെ അധ്വാനത്തിന് കര്‍ഷകന്റെ കുടുംബത്തിന് ലഭിക്കുന്നത് 6500 രൂപ. 350 രൂപയുണ്ടായിരുന്ന രാസവളംവില 880 രൂപയായി. പൊട്ടാഷിന്റെ വില 800 കടന്നു. ഡീസല്‍ വിലവര്‍ധനയെതുടര്‍ന്ന് ട്രാക്ടറിന്റെയും കൊയ്ത്തുയന്ത്രത്തിന്റെയും വാടക കൂട്ടി.

ഒന്നാംവിള നെല്ല് കൊയ്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷന് നല്‍കിയ കര്‍ഷകര്‍ക്ക് നാലുമാസത്തിനുശേഷമാണ് സംഭരണവില നല്‍കിയത്. രാസവള സബ്സിഡി, പെന്‍ഷന്‍ എന്നിവ നല്‍കുന്നതിലും കാലതാമസം വരുത്തുന്നു. നെല്‍ക്കര്‍ഷകര്‍ കടുത്തപ്രയാസം അനുഭവിച്ചാണ് കൃഷി മുന്നോട്ടുകൊണ്ടുപോകുന്നത്. കേരളത്തിന്റെ നെല്ലറയെ ഈവിധത്തിലാക്കിയ യുഡിഎഫ് സര്‍ക്കാരിനെതിരെ ഉയരുന്ന ജനവികാരം പാലക്കാട് ജില്ലയില്‍ അലയടിക്കുന്നുണ്ട്. കാര്‍ഷികമേഖലയില്‍ ആശങ്ക വേറെയുമുണ്ട്. ഈ വര്‍ഷം മഴ ആവശ്യത്തിന് ലഭിച്ചതിനാല്‍ ഒന്നാംവിളയില്‍ വലിയ പ്രശ്നങ്ങളുണ്ടായില്ല. രണ്ടാംവിളയില്‍ വെള്ളക്ഷാമത്തിന് സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷം രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ജലസ്രോതസ്സുകളായ കുളങ്ങള്‍, കിണറുകള്‍ എന്നിവ സംരക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുവരെ ഒന്നും നടന്നില്ല. ഈ വേനലില്‍ വരള്‍ച്ച രൂക്ഷമാകുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭീതി ഇതിനുപുറമേയാണ്. മണ്ണാര്‍ക്കാട്, അട്ടപ്പാടി, മലമ്പുഴ ഭാഗത്ത് 32,000 ഹെക്ടറിലായി റബര്‍കൃഷിയുണ്ട്. ഒന്നരലക്ഷം റബര്‍കര്‍ഷകര്‍ പാലക്കാട് ജില്ലയിലുണ്ടെന്നാണ് കണക്ക്. റബര്‍ വിലയിടിവ് ഈ കുടുംബങ്ങളുടെ താളംതെറ്റിച്ചിരിക്കുന്നു.

തങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നവും യുഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ പരിഹരിക്കപ്പെടുമെന്ന് ജനം കരുതുന്നില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ജീവിതപ്രശ്നങ്ങളില്‍ സ്വീകരിച്ച സമീപനം അവരുടെ മനസ്സിലുണ്ട്. ആ താരതമ്യമാണ്, യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍നിന്നുള്ളവര്‍പോലും സിപിഐ എമ്മിലേക്ക് ഒഴുകിയെത്താന്‍ ആവേശം കാണിക്കുന്നതിന്റെ പൊരുള്‍. ചിറ്റൂരിലും പാലക്കാട്ടും ഞങ്ങളെ സ്വീകരിക്കുകയും അഭിവാദ്യംചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്ത ജനാവലി, സിപിഐ എമ്മിന് അനുകൂലമായ വലിയ മാറ്റത്തിന്റെ സൂചകങ്ങള്‍തന്നെയാണ്. വിവാദങ്ങള്‍ സൃഷ്ടിച്ചും ഉപജാപങ്ങളിലൂടെയും വഴിതിരിച്ചുവിടാനാകുന്നതല്ല സിപിഐ എമ്മിനോടുള്ള ജനങ്ങളുടെ സ്നേഹവും വിശ്വാസവുമെന്ന് എല്ലാ ഉപജാപകരെയും ബോധ്യപ്പെടുത്താനുതകുന്നതാണ് ഈ വര്‍ധിച്ച ജനപിന്തുണ.

*
പിണറായി വിജയന്‍

No comments: