Friday, February 14, 2014

തൊഴിലിടങ്ങള്‍ പറയുന്നു തളര്‍ച്ചയുടെ കഥ

എഫ്എസിടിയിലെ തൊഴിലാളികള്‍ നടത്തുന്ന സഹനസമരവേദിയില്‍ ചെന്ന് അഭിവാദ്യം ചെയ്തശേഷമാണ് വ്യാഴാഴ്ചത്തെ പര്യടനം തുടങ്ങിയത്. ഇന്നലെ ഈ പംക്തിയില്‍ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി സൂചിപ്പിച്ചിരുന്നു. സേവ് ഫാക്ട് സമരം തൊഴിലാളികളുടെ എന്തെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കുവേണ്ടിയല്ല. വ്യവസായ സ്ഥാപനം തകരാതിരിക്കാനാണ്.

ഓഹരി വിറ്റുതുലച്ച് പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതാണ് ആഗോളവല്‍ക്കരണ ശക്തികള്‍ മുന്നോട്ടുവയ്ക്കുന്ന നയം. ഇടതുപക്ഷത്തിന്റെ ഇടപെടലും ചെറുത്തുനില്‍പ്പും ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ പല പൊതുമേഖലാ സ്ഥാപനങ്ങളും എന്നേ വിറ്റുപോകുമായിരുന്നു. സ്വകാര്യവല്‍ക്കരണ നയത്തിന് ബദല്‍ ഉയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഈ മേഖലയില്‍ വലിയ ഉണര്‍വാണുണ്ടാക്കിയത്.

ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും പുനരുജ്ജീവനത്തിന് പ്രത്യേക പാക്കേജുകള്‍ രൂപപ്പെടുത്തി. ആ പാക്കേജുകള്‍ നടപ്പാക്കാനുളള ധനസഹായം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നല്‍കി. നഷ്ടം കുമിഞ്ഞ് പൂട്ടിപ്പോകുമെന്ന് പ്രചരിപ്പിക്കപ്പെട്ടവയുള്‍പ്പെടെ ഏതാണ്ട് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ആ സര്‍ക്കാരിന്റെ അവസാനവര്‍ഷം പൊതുമേഖലയുടെ മൊത്തം ലാഭം 300 കോടി രൂപയായി. 56 കോടി രൂപ നഷ്ടത്തില്‍നിന്നാണ് അഞ്ചുകൊല്ലം തികയുംമുമ്പ് ഈ നേട്ടമുണ്ടാക്കിയത്. പൊതുമേഖല ആകമാനം അടച്ചുപൂട്ടാന്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ തിരുത്തിയാണ് ഈ മുന്നേറ്റം എന്നുകൂടി ഓര്‍ക്കണം. പൊതുമേഖലയുടെ ലാഭവും വായ്പയും കൂടി ഉപയോഗപ്പെടുത്തി എട്ടു പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് എല്ലാം തിരിച്ചുപോവുകയാണ്. നഷ്ടത്തിന്റെയും ഓഹരി വില്‍പ്പനയുടെയും കഥകള്‍ വീണ്ടും കേള്‍ക്കുകയാണ്. ആ നയം തിരുത്തിക്കാനാണ് തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരംചെയ്യുന്നത്. ആ സമരത്തോടൊപ്പമാണ് സിപിഐ എം.

എറണാകുളം ജില്ലയില്‍ കേരള രക്ഷാമാര്‍ച്ച് കടന്നുവന്ന എല്ലാ കേന്ദ്രങ്ങളിലും തൊഴിലാളികളുടെ ആവേശകരമായ സാന്നിധ്യമുണ്ടായിരുന്നു. നിര്‍മാണമേഖലയിലെ പ്രതിസന്ധിയാണ് എടുത്തുപറയേണ്ട മറ്റൊരു വിഷയം. വന്‍തോതില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എത്തിക്കൊണ്ടിരുന്ന പ്രദേശങ്ങളിലൂടെയായിരുന്നു വ്യാഴാഴ്ചത്തെ പര്യടനം. 75 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് നിര്‍മാണ മേഖല. അവിടെ ജോലികള്‍ നടക്കുന്നില്ല. അന്യസംസ്ഥാനത്തൊഴിലാളികള്‍ തിരിച്ചുപോവുകയോ മറ്റു തൊഴില്‍ തേടുകയോ ചെയ്യുന്നു. നിര്‍മാണമേഖലയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്നില്ല. ഒപ്പം വിലക്കയറ്റവും. ഇത്തരം പ്രശ്നങ്ങള്‍ യഥാവിധി കൈകാര്യംചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ല.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മലമ്പുഴ അണക്കെട്ടില്‍നിന്ന് മണല്‍ ശേഖരിക്കുന്നതിന് അനുമതി നല്‍കി. യുഡിഎഫ് അധികാരത്തിലെത്തിയതോടെ അത്തരത്തിലുള്ള ഇടപെടലെല്ലാം ഇല്ലാതായി. വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ പറ്റുന്ന മണല്‍ ഡാമുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇവ ഖനം ചെയ്യുന്നത് പരിസ്ഥിതിപ്രശ്നം ഉണ്ടാക്കില്ലെന്നു മാത്രമല്ല, അണക്കെട്ടുകളില്‍ കൂടുതല്‍ ജലം സംഭരിക്കുന്നതിന് സഹായകമാകുകയും ചെയ്യും. അങ്ങനെയൊന്നും ചിന്തിക്കാതെ, ഇന്നാട്ടുകാരും അല്ലാത്തവരുമായ നിര്‍മാണത്തൊഴിലാളികളെ തൊഴിലിലില്ലായ്മയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍. യുഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തിക അരാജകത്വത്തെയും ക്രമസമാധാനപാലനത്തിലെ ഗുരുതരവീഴ്ചയെയുംകുറിച്ചാണ് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചത്.

ആലുവയില്‍ തുടങ്ങി കോലഞ്ചേരി, പെരുമ്പാവൂര്‍, അങ്കമാലി എന്നിവിടങ്ങളിലെ സ്വീകരണത്തോടെ എറണാകുളം ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചിത്രീകരിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വീകരണമാണ് പെരുമ്പാവൂരില്‍ ഒരുക്കിയത്. ബസ് കാത്തുനിന്ന അനേകമാളുകളുള്‍പ്പെടെ താല്‍പര്യപൂര്‍വം പ്രസംഗം ശ്രവിക്കുന്ന ദൃശ്യമായിരുന്നു അങ്കമാലിയില്‍. സ്വീകരണകേന്ദ്രങ്ങളിലല്ലാതെയും ജാഥ കടന്നുപോകുമ്പോള്‍ കെട്ടിടത്തിനുമുകളിലും പാതയോരത്തും മറ്റുമായി വലിയ ജനക്കൂട്ടംതന്നെ അഭിവാദ്യം ചെയ്ത് നില്‍പ്പുണ്ടായിരുന്നു. അത് ഈ മാര്‍ച്ചില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളോട് പൊതുസമൂഹത്തിനുള്ള സ്വീകാര്യത തന്നെയാണ് കാണിക്കുന്നത്. എറണാകുളത്തെ പര്യടനം പൂര്‍ത്തിയാക്കിയ മാര്‍ച്ച് തൃശൂര്‍ ജില്ലയിലേക്ക് കടന്നു. ചാലക്കുടിയിലായിരുന്നു തൃശൂരിലെ ആദ്യ സ്വീകരണം.

*
പിണറായി വിജയന്‍

No comments: