Thursday, February 13, 2014

ബാങ്ക് സമരം കണ്ടില്ലെന്നു നടിക്കരുത്

പണമിടപാട് മേഖല പൂര്‍ണമായും നിശ്ചലമാകാന്‍ ഇടവരുത്തിയ ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും രണ്ടു ദിവസത്തെ പണിമുടക്ക് സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. ഫെബ്രുവരി 10നും 11നും ദേശവ്യാപകമായി നടന്ന പണിമുടക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്നതാണ്. 7,40,000 കോടി രൂപയുടെ 10 ലക്ഷം ചെക്ക് കൈകാര്യംചെയ്യുന്നത് രണ്ടുദിവസം സ്തംഭിച്ചു. ചെന്നൈയില്‍ കുടുങ്ങിയത് 90 ലക്ഷം ചെക്ക് എന്നാണ് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതുമൂലം 60,000 കോടിയിലധികം രൂപയുടെ കൈമാറ്റം സ്തംഭിച്ചെന്നാണ് ഒരു നേതാവ് വെളിപ്പെടുത്തിയത്. 27 പൊതുമേഖലാ ബാങ്കുകളുടെ അമ്പതിനായിരത്തോളം ശാഖകളിലെ എട്ടു ലക്ഷം ജീവനക്കാര്‍ പണിമുടക്കി എന്നാണ് കാണുന്നത്. 10 ലക്ഷം എന്നും റിപ്പോര്‍ട്ടുണ്ട്. അതെന്തായാലും പണിമുടക്ക് പൂര്‍ണമായിരുന്നു എന്നതാണ് സത്യം. ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടന്നത്. കേരളത്തിലെ സഹകരണബാങ്ക് ജീവനക്കാരെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. റിസര്‍വ് ബാങ്ക് ജീവനക്കാരും നബാര്‍ഡ് ജീവനക്കാരും പണിമുടക്കിയിരുന്നില്ല.

ബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് ഏഴു വര്‍ഷംമുമ്പാണ് കരാര്‍ ഒപ്പിട്ടത്. സ്വകാര്യ കോര്‍പറേറ്റുകള്‍ക്കും വിദേശകുത്തകകള്‍ക്കും പൊതുമേഖലാ ബാങ്കുകള്‍ തീറെഴുതി കൊടുക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും ശമ്പളം കൂട്ടി നിശ്ചയിക്കണമെന്നുമാണ് പണിമുടക്കിയവര്‍ ഉന്നയിച്ച ആവശ്യം. ഏഴുവര്‍ഷംമുമ്പ് 17.5 ശതമാനം തുകയാണ് ശമ്പളം വര്‍ധിപ്പിച്ച് കരാര്‍ ഒപ്പിട്ടത്. അതിനുശേഷം ജീവിതച്ചെലവ് അനേകം മടങ്ങ് വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ ശമ്പളത്തില്‍ 30 ശതമാനം വര്‍ധന വേണമെന്നാണ് ആവശ്യം. 10 ശതമാനം വര്‍ധിപ്പിക്കാമെന്ന മാനേജ്മെന്റിന്റെ നിര്‍ദേശം ജീവനക്കാര്‍ തള്ളുകയാണുണ്ടായത്. ഇപ്പോള്‍ ഉന്നയിച്ച ആവശ്യം നേടുന്നതിനായി 2012 ല്‍ ബാങ്ക് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. അതിനെത്തുടര്‍ന്ന് എട്ടുവട്ടം കൂടിയാലോചന നടന്നു. ആവശ്യം അംഗീകരിക്കാതെ ചര്‍ച്ച വഴിമുട്ടിയ സാഹചര്യത്തിലാണ് പണിമുടക്ക് അനിവാര്യമായത്. ബാങ്കുകളുടെ ലാഭത്തില്‍ 250 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ടെന്നും ലാഭം ഏഴു വര്‍ഷംമുമ്പുള്ള 19,680 കോടി രൂപയില്‍നിന്ന് 4,87,000 കോടിയായി വര്‍ധിച്ചിട്ടുണ്ടെന്നുമാണ് സമരക്കാരുടെ ഐക്യവേദി ചൂണ്ടിക്കാട്ടിയത്. കൂടാതെ, ഇന്ത്യയിലെ മുഴുവന്‍ പൗരന്മാരെയും ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ നിര്‍ബന്ധിക്കുമെന്ന് മാനേജ്മെന്റും സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നു. ബാങ്കിങ് മേഖലയുടെ പുരോഗതിയിലും വളര്‍ച്ചയിലും ജീവനക്കാര്‍ തല്‍പ്പരരാണെന്ന കാര്യത്തില്‍ സംശയമില്ല. സഹകരിക്കാന്‍ അവര്‍ തയ്യാറാണെന്ന് ഇതിനകം തെളിയിച്ചതുമാണ്. 50 കോടി അക്കൗണ്ടുകള്‍ പുതുതായി ആരംഭിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ജോലിഭാരം ഇനിയും വര്‍ധിക്കാനിടവരും. താല്‍ക്കാലിക ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും നിയമിക്കാനുള്ള നീക്കം ഗുണകരമല്ല.

ധനമന്ത്രി ചിദംബരം ഒത്തുതീര്‍പ്പിന് തടസ്സംനില്‍ക്കുന്ന രീതിയില്‍ ഇടപെടുന്നതായി ജീവനക്കാര്‍ക്ക് ആക്ഷേപമുണ്ട്. ലാഭം വര്‍ധിച്ചു എന്ന് ചിദംബരവും സമ്മതിക്കുന്നു. ലാഭവര്‍ധന ഡിവിഡന്റിനും ശമ്പളവര്‍ധനയ്ക്കും മാത്രമുള്ളതല്ല, മൂലധനം വര്‍ധിപ്പിക്കാന്‍ ലാഭംവിഹിതം നിക്ഷേപിക്കണമെന്ന് ചിദംബരം വാദിക്കുന്നു. ജീവനക്കാര്‍ ഉന്നയിച്ച ആവശ്യം അന്യായമാണെന്നു പറയാന്‍ ആര്‍ക്കും ആകില്ല. പണിമുടക്കില്‍ ഉന്നയിച്ച ആവശ്യങ്ങളെപ്പറ്റി ക്രിയാത്മകമായ ചര്‍ച്ച നടത്തണം. സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടും പിടിവാശിയും ഉപേക്ഷിച്ച് ആവശ്യം അംഗീകരിക്കലാണ് വേണ്ടത്. ജീവനക്കാരുടെ ഐക്യം അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണെന്നാണ് ഞങ്ങള്‍ കാണുന്നത്. ധനമേഖലയുടെ രക്തധമനിയാണ് ബാങ്കിങ്മേഖല എന്ന കാര്യം മറന്നുകൂടാ. പണിമുടക്കിന്റെ പാഠമുള്‍ക്കൊണ്ട് എത്രയും പെട്ടെന്ന് സംഘടനകളുമായി ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ജീവനക്കാരെ അനിശ്ചിതകാല പണിമുടക്കിലേക്ക് തള്ളിവിടുന്നത് ആപല്‍ക്കരമായിരിക്കും. ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും പണിമുടക്ക് ഒറ്റപ്പെട്ട സംഭവമല്ല. "ബാങ്ക് പണിമുടക്ക് ഫലത്തില്‍ മൂന്നരദിവസം: വ്യാപാരമേഖലയ്ക്ക് നഷ്ടം 400 കോടി" എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. ബാങ്ക്, പെട്രോള്‍പമ്പ് സമരത്തിനു പിന്നാലെ കേന്ദ്രജീവനക്കാരുടെ പണിമുടക്കും എന്നാണ് മറ്റൊരു പത്രത്തില്‍ കാണുന്നത്. യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ എല്ലാവരും അസന്തുഷ്ടരാണ്. തൊഴിലാളികളുടെ കൈയിലുള്ള ആയുധം കൂട്ടായി വിലപേശാനുള്ള ശക്തിയും ഐക്യവും സംഭരിക്കലും, ഗത്യന്തരമില്ലാത്ത ഘട്ടത്തില്‍ പണിമുടക്കാനുള്ള അവകാശം ഉപയോഗിക്കലുമാണ്. ബാങ്ക് ജീവനക്കാര്‍ വിപുലമായ ഐക്യം കെട്ടിപ്പടുക്കുന്നതില്‍ വിജയിച്ചു. പണിമുടക്കിയ ജീവനക്കാരെയും ഓഫീസര്‍മാരെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: