Thursday, February 6, 2014

‘ചിറ്റിലപ്പിള്ളിമാര്‍ ‘ നിങ്ങളോട് പറയാതെ പോകുന്നത്...

"നിലവിലുള്ള ബൂർഷ്വാ ഉല്പാദന സാഹചര്യങ്ങളിൽ സ്വാതന്ത്ര്യം എന്നതിന്റെ അർത്ഥം സ്വതന്ത്രവ്യാപാരമെന്നാണ്, സ്വതന്ത്രമായ ക്രയവിക്രയമെന്നാണ്."

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

വാക്കുകൾ ചരിത്രത്തിൽ ഏതുവിധേനയാണ് ജീവിക്കുക എന്നത് യാതൊരു നിശ്ചയവുമില്ലാത്ത കാര്യമാണെന്ന് സുനിൽ പി. ഇളയിടം ഒരു പ്രസംഗത്തിനിടയ്ക്ക് പറഞ്ഞതോർമ്മ വരുന്നു. ആ പ്രസംഗത്തിനിടയ്ക്ക് എന്നെ ഒരുപാടാകർഷിച്ച ഒരു ആശയമായിരുന്നത്.

"സ്വാശ്രയം എന്നൊരാശയം ഇന്നെവിടെ ബാക്കിയുണ്ടെന്നു ചോദിച്ചാൽ 50 ലക്ഷവും 60 ലക്ഷവും കൈക്കൂലി കൊടുത്താൽ അഡ്മിഷൻ കിട്ടുന്ന കോളേജിന്റെ പേരിലല്ലാതെ വേറെയെവിടെയുമില്ല. ഇതു വാക്കിനു സംഭവിക്കുന്ന ഒരു വഴിത്തിരിവാണു. ഇങ്ങനെ തിരിഞ്ഞു തിരിഞ്ഞു പോകും ഇതു ചരിത്രത്തിൽ. ആഗോളീകരണം എന്നു മലയാളത്തിൽ ആദ്യം എഴുതിയതു കേസരി ബാലകൃഷ്ണപിള്ളയാണു. മുണ്ടുടുത്ത മലയാളികൾ പാരീസിന്റെ തെരുവിലൂടെ ആത്മാഭിമാനപൂർവ്വം തലയുയർത്തി നടക്കുന്ന കാലമായിരിക്കും ആഗോളീകരണത്തിന്റെ കാലം എന്നദ്ദേഹം പറഞ്ഞത്. ഇപ്പോ, എന്തായീ സ്ഥിതി എന്നും നമുക്കറിയാലോ. ഇതുപോലെ തിരിഞ്ഞു പോയൊരു വാക്കാണു നവോത്ഥാനം. എല്ലാവരും നവോത്ഥാനം എന്നു പറയും. അതോടെ നവോത്ഥാനം എന്താണെന്ന് ആകെ കണ്‍ഫ്യൂഷനാകും. കാരണം വി.ടി. നമ്പൂതിരിപ്പാടാണോ നവോത്ഥാനം, കാന്തപുരം അബൂബക്കറാണോ നവോത്ഥാനം എന്ന് ചോദിച്ചാൽ നമ്മൾ കുടുങ്ങിയത് തന്നെ. അതിങ്ങനെ മാറി വരും." ആ ആശയത്തെ അദ്ദേഹം തുടർന്നിങ്ങനെ വിശദീകരിക്കുകയുണ്ടായി.

എന്നാലും അതെങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള ചൂണ്ടുപലകയായി നിൽക്കുന്നു ആദ്യം ഉദ്ധരിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ നിന്നുള്ള വാചകം. ഒരു വാക്കിന്റെ, നാം പോലുമറിയാതെ നമ്മുടെ ബോധത്തിലുറയ്ക്കുന്ന അർത്ഥം വ്യവസ്ഥിതിയുടെ അധീശത്വം കൈമുതലായുള്ളവൻ അതിനെ സ്വന്തം ആവശ്യപ്രകാരം എങ്ങനെ പരുവപ്പെടുത്തിയെടുക്കും എന്നതനുസരിച്ചായിരിക്കും. സ്വാതന്ത്ര്യം എന്ന് അവർ പറയുമ്പോൾ, അത് മനുഷ്യന്റെ സ്വാതന്ത്ര്യമല്ല, മറിച്ച് വിപണിയുടെ സ്വാതന്ത്ര്യമാണെന്നത് നമ്മൾക്ക് തിരിച്ചറിയാനാകാതെ പോകുന്നുണ്ടെങ്കിൽ, നമ്മളെയങ്ങനെ പരുവപ്പെടുത്തിയെടിത്തിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അടിമത്വത്തിന്റെ അതിലേറെ അന്ധമായ വിധേയത്വത്തിന്റെ ചങ്ങലകളാൽ ബന്ധിതരാണ് നാമെന്ന സത്യമാണ് അത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മുതലാളിത്ത വിപണിയുടെ അന്തമില്ലാത്ത ലാഭക്കൊതിയുടെ സ്വതന്ത്ര്യവിഹാരത്തിനെതിരെ ഒരു ചെറിയ തടയിണ ഉയരുമ്പോൾ തന്നെ നാം സ്വാതന്ത്ര്യത്തെക്കുറിച്ച് വേവലാതി കൊള്ളും. തൊഴിലാളി സമരങ്ങൾ സ്വാതന്ത്ര്യമെന്ന വാക്കിനെ മനുഷ്യനു വേണ്ടി വീണ്ടെടുക്കാനുള്ള പോരാട്ടങ്ങളാണെന്ന് നാം മനസ്സിലാക്കാതെ പൊകും. അവയെ നിർലജ്ജം അവഗണിക്കും. അത്തരത്തിൽ അവഗണിക്കപ്പെട്ട ഒരു സമരമാണ് ആലുവയ്ക്കടുത്തുള്ള വാഴക്കുളം പഞ്ചായത്തിലെ ചുമട്ടുതൊഴിലാളികൾ വി-സ്റ്റാർ ക്രിയേഷൻസ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ നടത്തുന്നത്. സമരം ആരംഭിച്ചിട്ട് 650 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. പക്ഷേ, നമ്മളിലെത്ര പേർ അതറിഞ്ഞു?

നമ്മളറിഞ്ഞത് കൊച്ചൗസേപ്പ് പറഞ്ഞ കഥകളാണ്. കലൂർ പുതുക്കലവട്ടത്തെ ഗോഡൗണിൽ, സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ലോഡിറക്കാൻ ചുമട്ടുതൊഴിലാളികൾ അനുവദിക്കാതിരിക്കുകയും, തുടർന്ന് അയാൾ സ്വയം ചുമടിറക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. നോക്കുകൂലിക്കെതിരെ ചിറ്റിലപ്പിള്ളിയുടെ ഒറ്റയാൾ പോരാട്ടം എന്ന് 'സ്വതന്ത്ര'മാധ്യമങ്ങൾ തലക്കെട്ടുകൾ പടച്ചു. നോക്കുകൂലി എന്ന് വാർത്തകൾക്കിടെ തിരുകിക്കയറ്റിയാൽ ജനവികാരം തൊഴിലാളികൾക്കെതിരെയാക്കാൻ ബുദ്ധിമുട്ടുണ്ടാകിലെന്ന് ചിറ്റിലപ്പിള്ളിക്കും അയാൾക്ക് വേണ്ടി വാർത്തയൊരുക്കുന്ന മാധ്യമങ്ങൾക്കും നന്നായറിയാമായിരുന്നു. വാസ്തവത്തിൽ, കൊച്ചൗസേപ്പിന്റെ ഗോഡൗണിൽ, അത് മുൻപുയോഗിച്ചിരുന്ന വ്യക്തിക്ക് വേണ്ടി ന്യായമായ കൂലി വാങ്ങി ചുമട്ടിറക്കു ചെയ്തിരുന്നത് അതേ തൊഴിലാളികളായിരുന്നു. കൊച്ചൗസേപ്പ് അത് വാടയ്കക്കെടുക്കുകയും അവർക്ക് തൊഴിൽ നിഷേധിക്കുകയും അങ്ങനെ ആ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്തത്. ഒരു ദിവസം രാവിലെ തൊഴിലിടത്തിലെത്തുമ്പോൾപുറത്താക്കപ്പെട്ടു എന്നറിഞ്ഞാൽ പിന്നെ മറ്റെന്ത് ചെയ്യണം? തൊഴിൽ ചെയ്യാനും അതിൽ നിന്ന് നേടുന്ന വരുമാനമുപയോഗിച്ച് കുടുംബം പുലർത്താനുമുള്ള തൊഴിലാളിയുടെ മാനുഷികമായ അവകാശവും, അവരുടെ അധ്വാനം സൃഷ്ടിക്കുന്ന മൂലധനത്തിൽ മുതലാളിക്കുള്ള നിയമപരമായ അധീശത്വത്തിന്റെ അഹന്തയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. അവർ ചോദിച്ചത് നോക്കുകൂലിയായിരുന്നില്ല. തൊഴിലായിരുന്നു. ആ സംഘർഷത്തിൽ, ഭൂരിഭാഗവും തൊഴിലാളികളായ ഒരു സമൂഹം ആരോടൊപ്പം നിന്നു എന്നത് സ്വാതന്ത്ര്യത്തിന്റെ അർഥം നമ്മളെങ്ങനെ മനസ്സിലാക്കി വച്ചിരിക്കുന്നു എന്നതിന് അടിവരയിടുകയാണ്. അന്ന് തൊഴിൽ നിഷേധിക്കാനുള്ള കാരണമായി കൊച്ചൗസേപ്പ് പറഞ്ഞതും കോടതിയെ ധരിപ്പിച്ചതും, അവിടെ ഇറക്കുന്ന വസ്തുക്കളെ സൂക്ഷമതയോടെ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം ആ തൊഴിലാളികൾക്കില്ല എന്നായിരുന്നു. അതിന് തൊട്ടു മുൻപ് ദിവസം വരെ, അതേ ഗോഡൗണിൽ ഗ്ലാസ്, ബാറ്ററി പോലുള്ള ഉല്പന്നങ്ങൾ ഇറക്കിയിരുന്ന തൊഴിലാളികൾക്കാണ്, വിസ്റ്റാർ ക്രിയേഷൻസിന്റെ അടിവസ്ത്രങ്ങളും, മറ്റു ഗാർമെന്റ് ഉല്പന്നങ്ങളും ഇറക്കാനുള്ള വൈദഗ്ധ്യമില്ല എന്ന് കൊച്ചൗസേപ്പ് പറയുന്നത്!! പക്ഷേ, നോക്കുകൂലി ചോദിക്കുന്നു എന്ന് നുണപറഞ്ഞ് കള്ളനെന്ന് ചാപ്പകുത്തിയാൽ പിന്നെ അവർ പറയുന്നതാരു വിശ്വസിക്കാൻ!

ഇതേ സമയം, ആലുവ പെരുമ്പാവൂർ റൂട്ടിൽ വാഴക്കുളം എം.ഇ.എസ് ജങ്ക്ഷനരികിൽ വി-സ്റ്റാർ ക്രിയേഷൻസിന്റെ സ്വന്തം ഗോഡൗണിന്റെ പണി പുരോഗമിക്കുന്നുണ്ടായിരുന്നു. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്ന, (നോക്കുകൂലി വാങ്ങിയിട്ടല്ല, ചുമടിറക്കിയിട്ട്) ചുമട്ടു തൊഴിലാളികൾക്കും പണിതീർന്നപ്പോൾ കൊച്ചൗസേപ്പ് അതിനിടയ്ക്ക് കോടതിയിൽ നിന്നും സമ്പാദിച്ച അനുകൂല വിധിയുടെ ബലത്തിൽ തൊഴിൽ നിഷേധിക്കുകയാണ് ചെയ്തത്.ഏഷ്യൻ പെയിന്റ്സ്, മിസ്റ്റർ. ബട്ട്ലർ, റിലയൻസ്, തുടങ്ങി ഒരുപാട് വലിയ കമ്പനികളുടെ ഗോഡൗണുകൾ ഉള്ള ഒരു മേഖലയാണത്. അവിടങ്ങളിലെല്ലാം നിയമാനുസൃതമായ കൂലിയിൽ തൊഴിൽ ചെയ്തിരുന്ന, ഇത്രയും കാലവും ഒരു പരാതിയും കേൾപ്പിക്കാത്ത തൊഴിലാളികൾക്കാണ് തൊഴിൽ നൽകാതിരിക്കുന്നത്. ഒരു ദിവസം മറ്റു ഗോഡൗണുകളിലും ഇതേരീതിയിൽ തൊഴിൽ നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന അവസ്ഥ അചിന്തനീയമാണ്. അതിനെതിരെ പ്രതികരിക്കാതിരിക്കാനാകാത്തതിനാൽ സഖാവ് ബീരാൻ കുഞ്ഞിന്റെയും, എം എ അബ്ദുൾ കരീമിന്റേയും നേതൃത്വത്തിൽ, സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി തൊഴിലാളികൾ സംയുക്തമായി സമരമാരംഭിച്ചു. നോക്കുകൂലിക്ക് വേണ്ടിയല്ല, തൊഴിലിന് വേണ്ടിയുള്ള സമാധാനപൂർണ്ണമായ ആ സമരം 650 ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. ചുമട്ട് തൊഴിലാളി ക്ഷേമബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുള്ള പ്രദേശത്ത് അവർക്ക് തൊഴിൽ നൽകണമെന്ന ചുമട്ട് തൊഴിലാളി നിയമത്തിനെതിരായാണ് ചിറ്റിലപ്പിള്ളി കോടതിയെ സമീപിച്ച് വിധി സമ്പാദിച്ചത്. മുതലാളിയുടെ സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് മുതലാളിത്ത നിയമവ്യവസ്ഥയുടെ ആവശ്യമാണല്ലോ. അതിൽ നമുക്കും പ്രശ്നം തോന്നില്ല. തൊഴിലാളി തൊഴിലെടുക്കാനും ജീവിക്കാനുമുള്ള അവന്റെ അവകാശത്തിന് വേണ്ടി ഉയർത്തുന്ന ശബ്ദമാണ് അസഹനീയമായി നമുക്കനുഭവപ്പെടുന്നത്.

സംഘടിതരായ തൊഴിലാളികളെ അസംഘടിതരും നിർവീര്യരുമാക്കുക, അങ്ങനെ അധ്വാനത്തിന്റെ ചൂഷണത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്ന മുതലാളിത്തത്തിന്റെ യുക്തിയാണ് കൊച്ചൗസേപ്പ് സമർഥമായി പ്രാവർത്തികമാക്കുന്നത്. സംഘടിതരായ ചുമട്ട് തൊഴിലാളികൾക്കു പകരം അയാൾ തമിഴ് നാട്ടിൽ നിന്നും മറ്റും കൊണ്ടു വന്ന പാവപ്പെട്ട തൊഴിലാളികളെ ലേബർ നിയമങ്ങളും ചുമട്ട് തൊഴിലാളി നിയമങ്ങളും പാലിക്കാതെയാണ് തൊഴിലെടുപ്പിക്കുന്നതെന്ന്, സമര സഖാക്കൾക്ക് വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകൾ വെളിപ്പെടുത്തുന്നു. നോക്കുകൂലി വാങ്ങുന്ന് എന്ന് നാം കുറ്റം പറയുന്ന ചുമട്ട് തൊഴിലാളികളെപ്പോലെയല്ല അദ്ദേഹം. വിദ്യാസമ്പന്നനാണ്, സംസ്കാരസമ്പന്നനാണ്, സമ്പന്നനുമാണ്. സർവോപരി കേരളമംഗീകരിച്ച പുണ്യാളന്മാരിലൊരാളാണ്. അതുകൊണ്ട് നമുക്കതിൽ തരക്കേടൊന്നും തോന്നണമെന്നില്ല.

നാട് കട്ടുമുടിക്കുന്ന ഒരു പാടു മുതലാളിമാരും, അഴിമതിയിൽ മുങ്ങിയ സിവിൽ സെർവീസും, കൂട്ടിവായ്ക്കാൻ പോലുമറിയില്ലെങ്കിലും കുട്ടികളെ പഠിപ്പിച്ച് വഷളാക്കുന്ന ഒരു പാട് അധ്യാപകരും, മരുന്നു കമ്പനികൾക്ക് വേണ്ടി മരുന്ന് കുറിക്കുന്ന വലിയ ശതമാനം ഡോക്ടർമാരും, സകലതു വിറ്റു തുലച്ചുകൊണ്ട് നാടു തന്നെ പണയം വയ്ക്കുന്ന് ഭരണാധികാരികളും ഒക്കെയുണ്ടായിട്ടും ആ വര്‍ഗങ്ങള്‍ക്കൊന്നുമില്ലാത്ത ഒരു വില്ലൻ വാർപ്പുമാതൃക സംഘടിത തൊഴിലാളികളായ ചുമട്ട് തൊഴിലാളികൾക്ക് വേണ്ടീ ആരു പണിതെടുത്തു എന്ന് നാം ആലോചിക്കേണ്ടതുണ്ട്. എക്സപ്ഷൻസ് എടുത്ത് ചുമട്ട് തൊഴിലാളികളുടെ കാര്യത്തിൽ സാമാന്യവൽക്കരിക്കുമ്പോൾ, മേല്പറഞ്ഞ കൂട്ടങ്ങളിൽ ഭൂരിഭാഗവും എങ്ങനെയെന്നും അവർ സമൂഹത്തോടെന്ത് ചെയ്യുകയാണെന്നും നാം ചിന്തിക്കേണ്ടതുണ്ട്.

തൊഴിലാളി സമരങ്ങൾ മനുഷ്യന്റെ അടിമത്തിൽ നിന്നുള്ള വിമോചനമാണ് ലക്ഷ്യമാക്കുന്നത്. അത് സ്വാതന്ത്ര്യത്തിന്റെ ബൂർഷ്വാസങ്കല്പത്തെ പുതുക്കിപ്പണിയുകയാണ്. ബീരാൻക്കായുടേയും സഖാക്കളുടേയും പോരാട്ടത്തിന് വിപ്ലവാഭിവാദ്യങ്ങൾ. തൊഴിലാളികൾക്ക് സ്വന്തം ചങ്ങലക്കെട്ടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല. അവ്ർക്ക് നേടാനോ ഒരു ലോകമുണ്ട് താനും. സര്‍വരാജ്യതൊഴിലാളികളേ, സംഘടിക്കുവിൻ!

*
അമതന്‍ ഫേസ്‌ബുക്കില്‍ എഴുതിയത്

1 comment:

മുക്കുവന്‍ said...

തൊഴിൽ ചെയ്യാനും അതിൽ നിന്ന് നേടുന്ന വരുമാനമുപയോഗിച്ച് കുടുംബം പുലർത്താനുമുള്ള തൊഴിലാളിയുടെ മാനുഷികമായ അവകാശവും...

are the comrades do any work other than holding the flags?