Wednesday, February 5, 2014

കൈത്തറി ദയാവധത്തിന്

""കൈത്തറി വ്യവസായം, കായികശേഷികൊണ്ടു തിരിക്കുന്ന തറികള്‍ ഉപയോഗിച്ച് തുണിത്തരങ്ങള്‍ നെയ്യുന്ന ഒരു പ്രാങ് മുതലാളിത്ത, പ്രാങ് കമ്പോള വ്യവസായമാണ്""എന്ന പ്രസ്താവനയോടെയാണ് വികസന പരിപ്രേക്ഷ്യം 2030 ഈ മേഖലയെക്കുറിച്ചുളള ചര്‍ച്ചയ്ക്കു തുടക്കം കുറിക്കുന്നത്. ഈ പ്രസ്താവന തികച്ചും അടിസ്ഥാനരഹിതമാണ്. കൈത്തറിയില്‍ സ്വന്തം ഉപയോഗത്തിനോ സ്വന്തം ഗ്രാമത്തിന്റെ ഉപയോഗത്തിനോ വേണ്ടിയുളളവയല്ല. എത്രയോ പതിറ്റാണ്ടുകളായി കമ്പോളത്തിനു വേണ്ടിയുളള ഉത്പാദനമാണ്.

നൂലിന്റെ കമ്പോളത്തിലും ഉല്‍പന്ന കമ്പോളത്തിലുമുളള സമ്മര്‍ദങ്ങളാണ് ഇന്നത്തെ പ്രതിസന്ധിയ്ക്കു കാരണം. വ്യവസായം മുതലാളിത്ത പൂര്‍വ അവസ്ഥയിലുമല്ല. സ്വാതന്ത്ര്യത്തിനുമുമ്പു തന്നെ മുതലാളിത്ത ബന്ധങ്ങള്‍ കൈത്തറി മേഖലയില്‍ വ്യാപിച്ചുകഴിഞ്ഞിരുന്നു. അല്ലാതുളള ഒറ്റത്തറിക്കാരാകട്ടെ, കച്ചവടമൂലധനത്തിനു കീഴ്പ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. വ്യവസായത്തിന്റെ ഇന്നത്തെ സ്വഭാവത്തെക്കുറിച്ചുളള തികച്ചും തെറ്റായ ധാരണയാണ് മുകളില്‍ ഉദ്ധരിച്ച പ്രസ്താവന. ""സര്‍ക്കാരിന്റെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് കൈത്തറി വ്യവസായം നിലനില്‍ക്കുന്നത് എന്നാണ് പൊതുവിശ്വാസം"". സര്‍വതലസ്പര്‍ശിയായ ഒരു നീണ്ടനിര സ്കീമുകള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിവരുന്നുണ്ട് എന്നു പറഞ്ഞുകൊണ്ട് കൈത്തറി മേഖലയിലുളള സ്കീമുകളുടെ നീണ്ടപട്ടിക റിപ്പോര്‍ട്ടില്‍ കൊടുക്കുന്നുണ്ട്. പരിപ്രേക്ഷ്യക്കാര്‍ മറന്നുപോകുന്ന ഒരു കാര്യം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ കൈത്തറി മേഖലയ്ക്കുളള സര്‍ക്കാര്‍ പിന്തുണ ആഗോളവത്കരണ പരിഷ്കാരങ്ങളുടെ ഭാഗമായി ഗണ്യമായി വെട്ടിക്കുറയ്ക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യമാണ്.

നെഹ്രുവിന്റെ സംരക്ഷണനയം

കൈത്തറിയുടെയും ഖാദിയുടെയും സംരക്ഷണം സ്വാതന്ത്ര്യസമരത്തിന്റെ സുപ്രധാന മുദ്രാവാക്യമായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൈത്തറി സംരക്ഷണത്തിനു ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 1954ല്‍ നിത്യാനന്ദ് കനുംഗോ കമ്മിറ്റിയെ നിയോഗിച്ചു. കൈത്തറി മേഖലയെ ആസ്പദമാക്കി, വര്‍ദ്ധിച്ചുവരുന്ന തുണിയുടെ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നതിനുളള തന്ത്രമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. കൈത്തറി സഹകരണാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുക, കൈത്തറി ഉല്‍പന്നങ്ങള്‍ക്കുളള സംവരണം, റിബേറ്റ് എന്നിവയൊക്കെ ഈ കമ്മിറ്റിയുടെ ശുപാര്‍ശകളായിരുന്നു. എന്നാല്‍ കൈത്തറിമേഖലയുടെ ഉല്‍പാദനക്ഷമത ഉയര്‍ത്തുന്നതിന് നിയന്ത്രിതമായി പവര്‍ലൂമുകളും സ്ഥാപിക്കാം എന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. രണ്ടാം പദ്ധതിക്കാലത്ത് കനുംഗോ കമ്മിറ്റി പ്രകാരമുളള പവര്‍ലൂം സ്കീം അംഗീകരിച്ചത് ഒട്ടേറെ ഉപാധികളോടെയായിരുന്നു. സഹകരണ മേഖലയിലായിരിക്കണം ഇവ സ്ഥാപിക്കേണ്ടത്. ഇതില്‍ നിലവിലുളള കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.

പരമ്പരാഗത നെയ്ത്തുകാര്‍ക്കേ പവര്‍ലൂം അനുവദിക്കൂ തുടങ്ങിയ കര്‍ശന നിബന്ധനകളുണ്ടായിരുന്നു. പക്ഷേ, നടന്നതു മറ്റൊന്നാണ്. പവര്‍ലൂമിന്റെ അനിയന്ത്രിതമായ വളര്‍ച്ചയുടെ വേഗത അത്ഭുതകരമായിരുന്നു. 1953ല്‍ 20000 പവര്‍ലൂം തറിയുണ്ടായിരുന്നത് 1982 ആയപ്പോഴേയ്ക്കും 7.6 ലക്ഷമായി ഉയര്‍ന്നു. ഇവയില്‍ 1.6 ലക്ഷം അനധികൃതമായി സ്ഥാപിക്കപ്പെട്ടവയായിരുന്നു. പവര്‍ലൂമുകളുടെ വര്‍ധന കൈത്തറിക്കു വേണ്ടിയുളള നൂലിനെ അപഹരിച്ചുവെന്നു മാത്രമല്ല, കൈത്തറിയുടെ ഉല്‍പന്ന കമ്പോളത്തെയും പ്രതികൂലമായി ബാധിച്ചു. കൈത്തറി തുണിയോടു സാമ്യമുളള ഉല്‍പന്നങ്ങളാണ് പലപ്പോഴും പവര്‍ലൂമില്‍ നെയ്യുന്നത്. പവര്‍ ലൂമിന്റെ ഉല്‍പാദനക്ഷമത കൈത്തറിയെ അപേക്ഷിച്ച് ഉയര്‍ന്നതാണെന്നതിനാല്‍ വിലയും കുറവായിരിക്കും. കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് കമ്പോളത്തില്‍ മത്സരിക്കുക കൂടുതല്‍ കൂടുതല്‍ ശ്രമകരമായി. സര്‍ക്കാര്‍ അവകാശപ്പെട്ടതുപോലെ കൈത്തറിക്ക് അനുകൂലമായിട്ടല്ല, വെല്ലുവിളിയായിട്ടാണ് പവര്‍ലൂം വളര്‍ന്നത്. കച്ചവടക്കാര്‍, പുതുതായി വ്യവസായത്തിലേക്കു കടന്നുവന്ന സംരംഭകര്‍ തുടങ്ങിയവരായിരുന്നു പവര്‍ലൂമുകളുടെ ഉടമസ്ഥര്‍; പരമ്പരാഗത നെയ്ത്തുകാരല്ല. 70 ശതമാനം പവര്‍ലൂമുകള്‍ മൂന്നു സംസ്ഥാനങ്ങളില്‍ പത്തോളം പട്ടണങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നു. ഈ പട്ടണങ്ങള്‍ ഒന്നും പരമ്പരാഗതമായി കൈത്തറി വ്യവസായ കേന്ദ്രങ്ങളായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. പില്‍ക്കാലത്ത് സര്‍ക്കാര്‍ നിയോഗിച്ച ശിവരാമന്‍ കമ്മിറ്റി പവര്‍ലൂം പ്രോത്സാഹന നയങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചു.

അദ്ദേഹത്തിന്റെ കണക്കു പ്രകാരം പവര്‍ലൂം മേഖലയില്‍ പുതിയതായി തൊഴില്‍ ലഭിക്കുന്ന ഓരോ തൊഴിലാളിയ്ക്കും പകരം 12 കൈത്തറി തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നു.

രാജീവ് ഗാന്ധിയുടെ ചതി

പക്ഷേ, രാജീവ്ഗാന്ധി ചിന്തിച്ചത് നേരെ മറിച്ചായിരുന്നു. ഉദാരവത്കരണ പരീക്ഷണങ്ങള്‍ക്കു വേണ്ടി അദ്ദേഹം തിരഞ്ഞെടുത്ത മേഖലകളിലൊന്ന് കൈത്തറിയായിരുന്നു. നാട്ടുകാര്‍ക്കു ജോലി നല്‍കാനുള്ള ബാധ്യത മുഴുവന്‍ ടെക്സ്റ്റൈല്‍ വ്യവസായത്തിനുമേല്‍ കെട്ടിയേല്‍പ്പിക്കുന്നത് അഭിലഷണീയമല്ല എന്നാണ് 1985ല്‍ അദ്ദേഹം പ്രഖ്യാപിച്ച ടെക്സ്റ്റൈല്‍ നയത്തില്‍ പറഞ്ഞത്. ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതുപോലെ മാറുന്ന അഭിരുചികളോട് വ്യവസായം പ്രതികരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യസമ്പാദനത്തിനു ശേഷം കൈത്തറിയ്ക്കു നല്‍കിയ പ്രോത്സാഹനനയം സമൂലമായി തിരുത്തപ്പെട്ടു. തുണിമില്ലുകളുടെ ഉല്‍പാദനശേഷിയുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കം ചെയ്തു. മാത്രമല്ല തുണിമില്ലുകളുടെ നവീകരണത്തിനായി വന്‍തോതില്‍ ധനസഹായവും വാഗ്ദാനം ചെയ്തു. പവര്‍ലൂമുകളുടെ എണ്ണത്തിനുമേലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തു. കൈത്തറിയുടെ സംരക്ഷണത്തിനുളള മുഖ്യ ഉപാധിയായി കണ്ടത് ചില ഉല്‍പന്നങ്ങള്‍ കൈത്തറിക്കായി റിസര്‍വ് ചെയ്തതാണ്. ഇതില്‍ കണ്‍ട്രോള്‍ തുണിത്തരങ്ങള്‍ കൈത്തറി മേഖലയ്ക്കു വേണ്ടി നീക്കിവെച്ചതില്‍ മില്‍മേഖലയ്ക്ക് സന്തോഷമേ ഉണ്ടായുള്ളൂ. അതുവരെ ഈ ഭാരം ചുമന്നിരുന്നത് മില്ലുകളായിരുന്നു. ലാഭം കുറവുള്ള ഈ താഴ്ന്നതരം തുണി ഉല്‍പാദിപ്പിക്കുന്നതില്‍ അവര്‍ക്കു താല്‍പര്യമില്ലായിരുന്നു. നൂലിന്റെ ദൗര്‍ലഭ്യം കൈത്തറിമേഖലയെ വേട്ടയാടി. നൂലിന് ഖാദിയിലൊഴികെ കൈത്തറി മേഖല പൂര്‍ണമായും ആശ്രയിക്കുന്നത് യന്ത്രമില്ലുകളെയാണ്. കൈത്തറി മില്ലുകള്‍ക്കാവശ്യമായ ഹാങ്ക് യാണ്‍ ഉല്‍പാദിപ്പിക്കുന്നതിന് മില്ലുകള്‍ക്ക് താല്‍പര്യമില്ല. പവര്‍ലൂം യന്ത്രത്തറി മില്ലുകള്‍ക്കും കയറ്റുമതിക്കും വേണ്ടിയുള്ള കോണ്‍ യാണ്‍ ഉല്‍പാദിപ്പിക്കുന്നതാണ് മില്ലുകള്‍ക്ക് ലാഭകരം. അതുകൊണ്ട് കൈത്തറി മേഖലയ്ക്കു നൂല്‍ ഉറപ്പുവരുത്തുന്നതിനു വേണ്ടി മില്ലുല്‍പാദനത്തിന്റെ അമ്പതു ശതമാനം ഹാങ്ക് യാണ്‍ ആയിരിക്കണമെന്ന് നിയമവ്യവസ്ഥയുണ്ട്. സഹകരണ മേഖല മാത്രമേ പൂര്‍ണമായും ഈ വ്യവസ്ഥ പാലിക്കാറുള്ളൂ എന്നതാണ് സത്യം.

ബിജെപിയും ആഗോളവത്കരണ നയങ്ങളും

തുടര്‍ന്നുവന്ന നരസിംഹറാവു സര്‍ക്കാര്‍ ആഗോളവത്കരണ പരിഷ്കാരങ്ങള്‍ക്കു തുടക്കം കുറിച്ചു. ബിജെപി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. അവര്‍ നിലവിലുണ്ടായിരുന്ന റിസര്‍വേഷന്‍ ആക്ട് നിര്‍ത്തലാക്കി. ലോക ടെക്സ്റ്റൈല്‍ വിപണി സമ്പൂര്‍ണായി സ്വതന്ത്രമാക്കപ്പെടുമെന്നും ഇതു വലിയ കയറ്റുമതി സാധ്യത തുറക്കുമെന്നുമാണ് ബിജെപിയുടെ ടെക്സ്റ്റൈല്‍ നയത്തിന്റെ ആമുഖത്തില്‍ പറഞ്ഞത്. അന്തര്‍ദേശീയ മത്സരശേഷി നേടുന്നതിന് കാര്യക്ഷമത ഉയര്‍ത്തണം. ടെക്സ്റ്റൈല്‍ മേഖലയിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഏതാണ്ടെല്ലാം നീക്കം ചെയ്യപ്പെട്ടു. ഹാങ്ക് യാണ്‍ വ്യവസ്ഥ പ്രായോഗികമായി ഇല്ലാതായി. ഇത് കൈത്തറി നൂലിന്റെ വിലയില്‍ ഗണ്യമായ വര്‍ധന വരുത്തി. ആഗോളവത്കരണ പരിഷ്കാരങ്ങള്‍ ആരംഭിച്ചതിനു ശേഷം നൂലിന്റെ വില കുതിച്ചു കയറുകയുണ്ടായി. ഇന്ത്യയിലെ നൂലിന്റെ ആവശ്യം പരിഗണിക്കാതെ വിദേശത്തേയ്ക്ക് പഞ്ഞി കയറ്റുമതി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതു മൂലമാണ് ഇതു സംഭവിച്ചത്. നൂലിന്റെ വിലവര്‍ധനവിന് തുടക്കം കുറിച്ച കൈത്തറി പ്രതിസന്ധിയാണ് ഇന്ത്യയിലുടനീളം കൈത്തറിക്കാരുടെ ആത്മഹത്യകള്‍ക്കു വഴിയൊരുക്കിയത്.

കേരളത്തിലെ സ്പിന്നിംഗ് മില്ലുകളിലെ അമ്പതു ശതമാനം കപ്പാസിറ്റി കൈത്തറിക്ക് നീക്കിവെച്ചാല്‍ നമ്മുടെ നൂലാവശ്യം ഏതാണ്ടു തൃപ്തിപ്പെടുത്താനാവും. എന്നിട്ടും നൂലിന് ദൗര്‍ലഭ്യം നിലനില്‍ക്കുന്നതിന് രണ്ടുകാരണങ്ങളുണ്ട്. ഒന്നാമത്തേത്, അമ്പതു ശതമാനം എന്ന നിബന്ധന കേരളത്തിലും പാലിക്കപ്പെടുന്നില്ല. രണ്ടാമത്തേത്, കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന നൂലിന്റെ കൗണ്ട് ചേരുവ നമ്മുടെ കൈത്തറി മേഖലയ്ക്കു ചേരുന്നതല്ല. ഇതുമൂലം കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന നൂലില്‍ നല്ലൊരുപങ്കും കേരളത്തിനു പുറത്തേക്കാണ് പോയത്. റിബേറ്റ് പടിപടിയായി ഇല്ലാതാക്കപ്പെട്ടു. 2000-2001 സാമ്പത്തിക വര്‍ഷം വരെ വിവിധ ഉല്‍സവ കാലയളവിലായി 78 ദിവസം കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് റിബേറ്റ് ലഭിച്ചിരുന്നു. ഇതുവഴിയാണ് കൈത്തറി സംഘങ്ങളുടെ ഉല്‍പന്നങ്ങളുടെ 80 ശതമാനവും വിറ്റഴിച്ചിരുന്നത്. 2002 ആയപ്പോള്‍ ബക്രിദ്, വിഷു, സ്ക്കൂള്‍ വര്‍ഷാരംഭം എന്നീ ഘട്ടങ്ങളില്‍ റിബേറ്റ് അനുവദിച്ചില്ല. ആകെ അനുവദിച്ച റിബേറ്റ് 15 ദിവസത്തേക്കു മാത്രം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് റിബേറ്റൊന്നും ലഭിച്ചില്ല. കച്ചവടം തകരുമെന്ന ഘട്ടത്തില്‍ ചില സംഘങ്ങള്‍ സ്വന്തം നിലയില്‍ വില കുറച്ച് വിറ്റു. ഇവര്‍ കടുത്ത പ്രതിസന്ധിയിലായി. പ്രാഥമിക സംഘങ്ങള്‍ക്ക് സഹായം നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടുമൂലം ഒട്ടേറെ സംഘങ്ങള്‍ അടച്ചുപൂട്ടി. കേന്ദ്ര സര്‍ക്കാര്‍ റിബേറ്റ് നിര്‍ത്തിയിട്ട് വര്‍ഷമേറെയായി. അതിനുശേഷം മാര്‍ക്കറ്റ് ഡെവലപ്പ്മെന്റ് അസിസ്റ്റന്റ്സ് ആയി പത്തുശതമാനം നല്‍കിയിരുന്നു. ബാക്കി പത്തുശതമാനം സംസ്ഥാന സര്‍ക്കാരും നല്‍കിയാണ് 2001 മാര്‍ച്ചുവരെ 20 ശതമാനം റിബേറ്റ് കേരളത്തില്‍ നല്‍കിയത്. 2000ത്തോടെ കേന്ദ്രസര്‍ക്കാര്‍ മാര്‍ക്കറ്റ് ഡെവലപ്പ്മെന്റ് അസിസ്റ്റന്റ് നിര്‍ത്തി മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവാക്കി. ഇതിലൊരു മാറ്റം വരുത്തിയത് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരായിരുന്നു. ഇപ്പോള്‍ വീണ്ടും പഴയപടിയായി.

കൈത്തറിക്കു ദയാവധം

1998ല്‍ ബിജെപി സര്‍ക്കാര്‍ നിയോഗിച്ച സത്യം കമ്മിറ്റി കൈത്തറി തൊഴിലാളികളെ തുണിയുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിച്ചു. ഒന്നാമത്തെ വിഭാഗം ഉയര്‍ന്ന വിലയുള്ള സവിശേഷവും അന്യാദൃശവുമായ തുണിത്തരങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന നെയ്ത്തുകാരാണ്. രണ്ടാമത്തെ വിഭാഗം അത്ര മേന്മയേറിയ കൗണ്ടു നൂലുകളില്‍ നിന്നല്ലാതെ ഇടത്തരം വിലയും ഗുണവുമുള്ളതുണികള്‍ ഉല്‍പാദിപ്പിക്കുന്നവര്‍. മൂന്നാമത്തെ വിഭാഗം, ചെലവു കുറഞ്ഞതും പരുക്കനുമായ തുണിത്തരങ്ങള്‍ നിര്‍മിക്കുന്നവര്‍. ഇന്ന് മൂന്നാമത്തെ വിഭാഗത്തിലാണ് ഭൂരിഭാഗം കൈത്തറിക്കാരും എന്നതില്‍ സംശയമില്ല. അവരെ സംരക്ഷിക്കാനാവില്ല എന്നതാണ് സത്യം കമ്മിറ്റി സ്വീകരിച്ച നിലപാട്. ഇവരുടെ വൈദഗ്ധ്യ പോഷണത്തിന് ഊര്‍ജിത നടപടികള്‍ സ്വീകരിക്കുകയോ മറ്റു തൊഴില്‍ മേഖലകളിലേക്ക് മാറുകയോ ചെയ്യണം എന്നാണ് കമ്മിറ്റി സ്വീകരിച്ച നിലപാട്. സത്യം കമ്മിറ്റിയുടെ സമീപനം അംഗീകരിച്ചുകൊണ്ട് പുതിയ ടെക്സ്റ്റയില്‍ നയത്തില്‍ പറയുന്നത് ഇതാണ്;

""ആഗോളവത്കരണത്തെ തുടര്‍ന്ന് കമ്പോള മത്സരത്തെ അതിജീവിക്കാന്‍ കഴിയാതെ പോകുന്ന പരുക്കന്‍ തുണിത്തരങ്ങളുടെ നെയ്ത്തുകാര്‍ക്കുവേണ്ടി പ്രത്യേക പരിശീലന പരിപാടികള്‍ തയ്യാറാക്കും. അതുവഴി അവരുടെ വൈദഗ്ധ്യത്തെ ഉയര്‍ത്തിക്കൊണ്ട് ടെക്സ്റ്റയില്‍ മേഖലയില്‍ തന്നെയോ അനുബന്ധ മേഖലകളില്‍ത്തന്നെയോ ബദല്‍ തൊഴില്‍ കണ്ടെത്താന്‍ അവരെ സഹായിക്കും"".

ഇപ്പോള്‍തന്നെ നാട്ടിന്‍പുറങ്ങളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നില്ലെന്നതാണ് അവസ്ഥ. അത്രയ്ക്കു രൂക്ഷമാണ് കാര്‍ഷിക തകര്‍ച്ച. അപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കൈത്തറിക്കാര്‍ക്ക് ഏതു പുതിയ തൊഴില്‍മേഖലയിലാണ് തൊഴില്‍ ലഭിക്കുക? പുതിയ നയം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നു കേരളമാണ്. കേരളത്തിലെ കൈത്തറി വ്യവസായത്തിന്റെ പ്രധാന സവിശേഷതയും ന്യൂനതയും വൈവിദ്ധ്യവത്കരണത്തിന്റെ അഭാവമാണ്. കേരളം മൊത്തത്തിലെടുത്താല്‍ കൈത്തറി വ്യവസായം വില കുറഞ്ഞ പരുക്കന്‍ സാധാരണ ഉപഭോക്തൃ ഉല്‍പന്നങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നു കാണാം. കേരളത്തിലെ കൈത്തറി വ്യവസായത്തിന്റെ എഴുപതു ശതമാനത്തോളം മുണ്ട്, ലുങ്കി, തോര്‍ത്ത് എന്നീ മൂന്നിനങ്ങളാണെന്നു കാണാം. ഇന്ത്യ മൊത്തത്തിലെടുത്താല്‍ ഈ മൂന്നിനങ്ങളുടെ വിഹിതം അമ്പത്തൊന്നു ശതമാനമേ വരൂ. കേരളത്തിന്റെ ഉല്‍പാദനത്തില്‍ അഞ്ചു ശതമാനമേ സാരി വരുന്നുളളൂ. ഇന്ത്യയിലെ ശരാശരിയാകട്ടെ 25 ശതമാനമാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ മാറ്റി നിര്‍ത്തിയാല്‍ കൈത്തറി ഉല്‍പാദനം ചില മാമൂല്‍ തുണിത്തരങ്ങളായി മാത്രം ഒതുങ്ങി നില്‍ക്കുന്നതായി കാണാം. തിരുവനന്തപുരത്തെ സഹകരണസംഘങ്ങള്‍ തോര്‍ത്ത്, മുണ്ട്, സെറ്റുമുണ്ട് എന്നിവയേ കാര്യമായി നെയ്യുന്നൂളളൂ. ബേസല്‍ മിഷന്റെയുമെല്ലാം പാരമ്പര്യവും പുറംകമ്പോളങ്ങളിലുളള ഊന്നലും കണ്ണൂര്‍ മേഖലയിലെ ഉല്‍പന്ന ഘടന കൂടുതല്‍ വൈവിദ്ധ്യപൂര്‍ണമാക്കിയെങ്കിലും അടുത്തകാലത്തായി മാമൂല്‍ ഉല്‍പന്നങ്ങളിലേക്കു കേന്ദ്രീകരിക്കുന്ന പ്രവണത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഈ ഉല്‍പന്ന പ്രവണതയുടെ ഫലം കൈത്തറി വ്യവസായം കൂടുതല്‍ കൂടുതല്‍ പ്രാദേശിക പരമ്പരാഗത അഭിരുചി കമ്പോളത്തെ ഏതാണ്ട് പൂര്‍ണമായും ആശ്രയിക്കേണ്ടി വരുന്നു എന്നുളളതാണ്.

ഇതിന്റെ ഫലമായി കേരളത്തിലെ കൈത്തറി അതിവേഗത്തില്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പരിപ്രേക്ഷ്യം 2030ല്‍ പറയുന്നതുപോലെ ഇന്ത്യയിലെ കൈത്തറി വ്യവസായത്തില്‍ കേരളത്തിന്റെ സ്ഥാനം വളരെ ചെറുതാണ്. മൊത്തം തറികളുടെ 0.6 ശതമാനവും (13097) തൊഴിലെടുക്കുന്നവരുടെ 0.3 ശതമാനവുമേ (14679) കേരളത്തിലുളളൂ . സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുപ്രകാരം 50,000 പേരാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഈ മേഖലയില്‍ നില്‍ക്കുന്ന രൂക്ഷമായ തൊഴിലില്ലായ്മ ആയിരിക്കാം ഈ കണക്കുകള്‍ തമ്മിലുളള വ്യത്യാസത്തിന്റെ അടിസ്ഥാനം. 2030 ആകുമ്പോഴേക്കും കൈത്തറി വ്യവസായം ഏതാണ്ട് നാമാവശേഷമാകുമെന്നാണ് രേഖ കണക്കാക്കുന്നത്. അപൂര്‍വമായ ഒരു പൈതൃകം എന്ന നിലയില്‍ വളരെ ഗുണമേന്മയേറിയ തുണിത്തരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ചെറുവ്യവസായമായി കൈത്തറി ചുരുങ്ങുന്നു. ഈ രീതിയിലുള്ള നിലനില്‍പ്പുപോലും ഉറപ്പുവരുത്തണമെങ്കില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്.

ഇതിനായി ആദ്യം ചെയ്യേണ്ടതായി പറഞ്ഞിരിക്കുന്നത് മത്സരശേഷി ഉയര്‍ത്തുന്നതിനു വേണ്ടി ""സംഘടനാപരമായ രൂപാന്തരത്തെ പ്രോത്സാഹിപ്പിക്കുക"" എന്നതാണ്. ആശയം വളരെ ലളിതമാണ്. ഇന്ന് കേരളത്തിലെ 85 ശതമാനം കൈത്തറി ഉല്‍പാദനവും നടക്കുന്നത് സഹകരണ മേഖലയിലാണ്. പക്ഷേ, ഒരു ചെറു സ്വകാര്യമേഖലയുമുണ്ട്. റിപ്പോര്‍ട്ടില്‍ കൊടുത്തിരിക്കുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്ന കാര്യം 2008 വരെ സഹകരണ മേഖലയിലായിരുന്നു ഉത്പാദനക്ഷമത ഉയര്‍ന്നത്. 2008ല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയിലെ ഉല്‍പാദനം കുത്തനെ ഇടിഞ്ഞു. ഈ പ്രതിഭാസത്തെ വളരെ പ്രതീക്ഷാപൂര്‍വമാണ് റിപ്പോര്‍ട്ടു നോക്കിക്കാണുന്നത്. സ്വകാര്യമേഖലയുടെ ഊര്‍ജസ്വലതയുടെ നിദര്‍ശനമാണുപോലും ഇത്. സഹകരണ മേഖലയെക്കാള്‍ ചെലവു കുറയ്ക്കുന്നതിനും കമ്പോള ആവശ്യത്തിനുല്‍പ്പാദിപ്പിക്കുന്നതിനും സ്വകാര്യമേഖലയ്ക്കാണു കഴിയുക. അതുകൊണ്ട് റിപ്പോര്‍ട്ട് എത്തിച്ചേരുന്ന നിഗമനം ഇതാണ്; ""ഇത് ബിസിനസിനോടുളള സംരംഭകത്വ മനോഭാവത്തിന്റെ സാധ്യതകളിലേയ്ക്കാണു വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ താഴെ പറയുന്നതു ചെയ്യണമെന്നാണ് ഞങ്ങളുടെ നിര്‍ദേശം. മാസ്റ്റര്‍ വീവറുടെ സ്വകാര്യ സ്ഥാപനങ്ങളെയും പ്രൊഡ്യൂസര്‍ കമ്പനികളെയുമാണ് പ്രോത്സാഹിപ്പിക്കേണ്ടത്"". പരിപ്രേക്ഷ്യം 2030ല്‍ സഹകരണ മേഖലയ്ക്കു സ്ഥാനമില്ല. ഇന്നുള്ള നെയ്ത്തുകാരെ എങ്ങനെ സംരക്ഷിക്കും? കൈത്തറി വ്യവസായമേഖലയുടെ നവീകരണത്തിന് കൈത്തറി ഗ്രാമങ്ങള്‍ക്കു രൂപം നല്‍കുക, ഇവിടെ നാനാവിധത്തിലുള്ള സഹായങ്ങള്‍ പാക്കേജായി ലഭ്യമാക്കുക, മാര്‍ക്കറ്റു വികസിപ്പിക്കുക, ഉല്‍പന്ന വൈവിദ്ധ്യവത്കരണത്തിന് ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുക, നെയ്ത്തുകാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, തൊഴില്‍സ്ഥലം ആധുനികവത്കരിക്കുക എന്നു തുടങ്ങി പരിപ്രേക്ഷ്യം 2030ല്‍ വെയ്ക്കുന്ന നിര്‍ദേശങ്ങളോട് ആര്‍ക്കും എതിര്‍പ്പുണ്ടാകാനിടയില്ല. പക്ഷേ, റിബേറ്റിനെക്കുറിച്ച് മിണ്ടാട്ടമില്ല. അങ്ങനെ സബ്സിഡിയൊന്നുമില്ലാതെ കൈത്തറി മത്സരിച്ചു മുന്നേറണം എന്നാണ് കാഴ്ചപ്പാട്.

അഭ്യസ്തവിദ്യരായ പുതിയ തലമുറ കൈത്തറി മേഖലയിലേക്കു കടന്നു വരണമെന്നില്ല. നവീകരണമേഖലയില്‍ ഭാവിയില്‍ തൊഴില്‍ലഭിക്കുന്നവരുടെ എണ്ണവും കുറഞ്ഞേയ്ക്കും. പക്ഷേ, ഇന്ന് ആ മേഖലയില്‍ പണിയെടുക്കുന്ന പട്ടിണിപ്പാവങ്ങള്‍ എന്തുചെയ്യണം? തൊഴിലുറപ്പിന്റെ കൂലിപോലുമില്ലാതെ പണിയെടുക്കുന്നവരാണ് ഖാദി മേഖലയിലുള്ളവര്‍. മിനിമം കൂലി പ്രായോഗികമായി ഇന്ന് കൈത്തറി മേഖലയില്‍ നടപ്പില്ല. എന്നിട്ടും ഇവിടെ തൊഴിലെടുക്കാന്‍ തയ്യാറായ ഒരു സന്നദ്ധ വിഭാഗം ഉണ്ട്. അവരുടെ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടേ നവീകരിച്ച ഭാവിയെക്കുറിച്ച് ചിന്തിക്കാനാവൂ. ഇത്തരമൊരു സമീപനം പരിപ്രേക്ഷ്യം 2030 കൈക്കൊള്ളുന്നില്ല എന്നാണ് കൈത്തറിമേഖലയുള്‍പ്പെടെ എല്ലാ പരമ്പരാഗത മേഖലകളെയും സംബന്ധിച്ചുള്ള പരിപ്രേക്ഷ്യം 2030 ന്റെ അടിസ്ഥാന വൈകല്യം. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ നിലപാടു വിശദീകരിക്കാം.

ഒരുകാലത്ത് 40000 തൊഴിലാളികള്‍ പണിയെടുത്തിരുന്ന ദിനേശ് ബീഡി സഹകരണസംഘം ഇന്നു രോഗാവസ്ഥയിലാണ്. ആളുകള്‍ ബീഡിവലി നിര്‍ത്തി എന്നതാണ് മുഖ്യകാരണം. ഏതാനും ആയിരം പേര്‍ക്കുള്ള പണിയേ ഉള്ളൂ. ബാക്കിയുള്ളവര്‍ എന്തുചെയ്യും? ഇതിനു കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ച നടപടി 45-ാം വയസില്‍ ഇവിടെത്തെ തൊഴിലാളികളെ റിട്ടയര്‍ ചെയ്യാന്‍ അനുവദിക്കുക എന്നുള്ളതാണ്. അവര്‍ക്ക് മറ്റു പണിക്കു പോയാലും ബീഡി ക്ഷേമനിധിയില്‍ നിന്നുള്ള പെന്‍ഷന് അര്‍ഹതയുണ്ടാകും. ഈ ദിശയിലുള്ള മുദ്രാവാക്യമാണ് കയര്‍ തുടങ്ങിയ മേഖലകളിലും ഇതിനകം യൂണിയനുകള്‍ ഉയര്‍ത്തിയിട്ടുള്ളത്.

ഒന്നുകില്‍ പണിയെടുക്കാന്‍ തയ്യാറുള്ളവര്‍ക്കെല്ലാം മിനിമം കൂലി ഉറപ്പുവരുത്തിക്കൊണ്ട് തൊഴില്‍നല്‍കുക. ഇതിനായി വരുമാന ഉറപ്പു പദ്ധതിയെ പ്രയോജനപ്പെടുത്തുക. ഇതിനു കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പണിയില്ലാത്തവര്‍ക്ക് തൊഴിലില്ലായ്മ വേതനം എന്ന നിലയില്‍ പെന്‍ഷന്‍ തുകയെങ്കിലും അനുവദിക്കുക. ഇത്തരമൊരു പരിഷ്കാരം ഫലപ്രദമായി നടത്തുന്നതിന് സഹകരണസംഘ സംവിധാനം അത്യന്താപേക്ഷിതമാണ്. സമ്പൂര്‍ണ സാമൂഹ്യസുരക്ഷയുടെ ചട്ടക്കൂട് സഹകരണമേഖലയായിരിക്കും. എന്നാല്‍ സഹകരണ മേഖലയെ പൊളിക്കാനാണ് പരിപ്രേക്ഷ്യക്കാരുടെ ലക്ഷ്യം. ഇത്തരമൊരു സമീപനം സാമൂഹ്യസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കും. വികസനലക്ഷ്യങ്ങള്‍ തകിടം മറിയും.

*
ഡോ. ടി. എം. തോമസ് ഐസക്. ചിന്ത വാരിക

No comments: