Monday, February 3, 2014

കണ്ടള സമരം: നവോത്ഥാനത്തിന്റെ കാഹളനാദം

കണ്ടള ലഹളയെന്നും തൊണ്ണൂറാമാണ്ട് ലഹളയെന്നുമൊക്കെ അറിയപ്പെടുന്ന കീഴാളവര്‍ഗ മുന്നേറ്റം സവര്‍ണചരിത്ര രചനാ വൈദഗ്ധ്യത്താല്‍ മാഞ്ഞുപോയ ഒന്നാണ്. തെക്കന്‍ തിരുവിതാംകൂറിലെ നെയ്യാറ്റിന്‍കര താലൂക്കിലെ മാറനല്ലൂരില്‍ കണ്ടള ഏലാ കേന്ദ്രീകരിച്ച് രൂപപ്പെട്ടിരുന്ന ഒരു സമൂഹമുണ്ടായിരുന്നു. കണ്ണെത്താദൂരം പരന്നുകിടക്കുന്ന ഏലാകളും (നെല്‍വയലും) കരഭൂമിയുമൊക്കെ അനുഭവിച്ചിരുന്നൊരു വിഭാഗം ജന്മിമാര്‍. ഭൂസ്വത്ത് കൈവശം വന്നത് പ്രധാനമായും ക്ഷേത്രങ്ങള്‍ വഴിയായിരുന്നു. ക്ഷേത്രംവക വസ്തുക്കള്‍ പാട്ടത്തിന് ലഭിച്ച ജന്മിമാര്‍ ഉല്‍പാദനത്തില്‍ തുച്ഛമായൊരു വിഹിതം ക്ഷേത്രത്തിന് നല്‍കി ഭൂമി കൈവശം വച്ചനുഭവിച്ചിരുന്നു. ആ ഭൂമിയില്‍ കാര്‍ഷികവൃത്തിക്കു മാത്രമായി ജീവിച്ചിരുന്ന അധ:സ്ഥിത വിഭാഗത്തില്‍പെട്ട മനുഷ്യരുടെ അവകാശങ്ങളെ മാനിച്ചിരുന്നില്ല.

ദൈവവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ചങ്ങലപ്പൂട്ടില്‍ തളയ്ക്കപ്പെട്ടിരുന്ന കര്‍ഷകത്തൊഴിലാളികള്‍ രാജാവിനെ ആപത്തുകാലത്ത് കാത്തതുവഴി അപ്രതീക്ഷിതമായി ഭൂസ്വത്തിനുടമകളായി തീര്‍ന്ന മറ്റൊരു വിഭാഗവുമുണ്ടായിരുന്നു. എടുത്തിടംമുതല്‍ ഇറക്കിയിടംവരെയായിരുന്നു അവര്‍ക്ക് സിദ്ധിച്ച ഭൂമിയുടെ അതിരുകളായി കരണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ശത്രുക്കളാല്‍ ആക്രമിക്കപ്പെടുമ്പോള്‍ ചുമലിലേറ്റിക്കൊണ്ടു നടന്ന് സുരക്ഷിതമായി ഇറക്കിവിടുന്നതുവരെയുള്ള ഭൂമി എഴുതി നല്‍കിയിരുന്നുവത്രെ. ഇങ്ങനെ ഭൂഉടമകളായവരും പണ്ടാരംവക ഭൂമിയുടെ ജന്മിമാരുടെ മാതൃകതന്നെയാണ് സ്വീകരിച്ചിരുന്നത്. നിലമുഴുന്ന കന്നുകാലികള്‍ക്കൊപ്പം പരിഗണിച്ചിരുന്ന മനുഷ്യക്കോലങ്ങളെ മനഃശാസ്ത്രപരമായി താഴ്ത്തി ജന്മിമാര്‍ അടിമകളാക്കിയിരുന്നു. ഇതിനെതിരായ സംഘടിതമായ പ്രതിരോധങ്ങളുയര്‍ന്നിരുന്നതായി കാണാനാകുന്നില്ല. എന്നാല്‍ അത്ഭുതമായ ചെങ്കൊടികെട്ടി സമരം 18-ാം നൂറ്റാണ്ടില്‍ നടന്നത് ചരിത്രത്തില്‍ കുറിയ്ക്കപ്പെട്ടിട്ടുണ്ട്. ആദിത്യവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്നകാലത്ത് (1718-1721) കുടിയാന്മാര്‍ ഉദ്യോഗസ്ഥന്‍മാരുടെയും കങ്കാണിമാരുടെയും ചൂഷണത്തിനെതിരെ കല്‍കുളം കൊട്ടാരത്തില്‍ ചെന്നു പരാതി പറഞ്ഞുവത്രെ. പരാതിക്ക് പരിഹാരമുണ്ടാകാതെ വന്നപ്പോള്‍ കുടിയാന്‍മാരുടെ ഒരു വലിയ സംഘം തിരുവനന്തപുരത്തെത്തി പത്മനാഭസ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരത്തില്‍ ചുവന്ന കൊടി ഉയര്‍ത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധമായിട്ടാലും പരിദേവനമായിട്ടാലും അധികാര കേന്ദ്രത്തിലുയര്‍ത്തിയത് ചുവന്ന കൊടിയായിരുന്നുവെന്നതും അത് 18-ാം നൂറ്റാണ്ടിലായിരുന്നുവെന്നതും ചരിത്രത്തിലെ അര്‍ത്ഥപൂര്‍ണ്ണമായ ഒരു വിസ്മയംതന്നെ. ജന്മിത്വം അതിന്റെ എല്ലാ സവിശേഷതകളോടുംകൂടി മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യരെ ചൂഷണംചെയ്യുന്നതിനെതിരായി വിവിധ ഘട്ടങ്ങളില്‍ പ്രതിഷേധങ്ങളുയര്‍ന്നിരുന്നത് കാണാനാകും. മുലക്കരം പിരിക്കാന്‍വന്ന ജന്മി ഭൃത്യന്മാരുടെ മുന്നില്‍ മുലമുറിച്ചു പ്രതികാരംചെയ്ത മാധവി എന്ന കര്‍ഷകത്തൊഴിലാളി സ്ത്രീയും ആറാട്ടുപുഴയിലെ വേലായുധപണിക്കരുമൊക്കെ അയിത്തത്തിനും അത്യാചാരങ്ങള്‍ക്കുമെതിരായി ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നതായി കാണാം. സംഘടിതമായൊരു പ്രതിഷേധം വൈകുണ്ഠസ്വാമികളുടെ നേതൃത്വത്തില്‍ ഉടലെടുത്തിരുന്നു. സമത്വസമാജം എന്ന് പേരുനല്‍കി ചൂഷണത്തിനെതിരായ മുന്നേറ്റത്തിനൊരുങ്ങിയിരുന്നു. മാറുമറയ്ക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് നേടാനായി.പലയിടത്തായി ചിതറിയ രൂപങ്ങളില്‍ ഉയരുകയും കെട്ടടങ്ങുകയും ചെയ്യുന്ന തരത്തിലാണ് ഉച്ചനീചത്വങ്ങള്‍ക്കെതിരായ ശബ്ദങ്ങളുയര്‍ന്നത്.

1848ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടു. ആ ചിന്താധാര ഉയര്‍ത്തിവിട്ട ഓളങ്ങള്‍ ലോകത്ത് പലയിടത്തും പ്രതിധ്വനിച്ചിരുന്നു. 1869ല്‍ ചിക്കാഗോ വെടിവെയ്പ് അദ്ധ്വാനവര്‍ഗം നടത്തിയ ഐതിഹാസിക മുന്നേറ്റത്തിനു ഗതിവേഗം പകര്‍ന്നു. കപ്പല്‍കയറി വിദേശത്തെത്തുന്ന കച്ചവടക്കാരിലൂടെയും മറ്റും ക്രമേണ ലോകത്തെമ്പാടും ഉയര്‍ന്ന പുതിയ ആശയങ്ങള്‍ തിരുവിതാംകൂറിലുമെത്തിയിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ദൃഷ്ടിയില്‍പെട്ടാല്‍പോലും ദോഷമുള്ളതുമായ കാലമായിരുന്നു അക്കാലം. രാജാവിനെ പ്രജകളായ കറുത്തവര്‍ക്ക് കാണാന്‍പോലും അവകാശമില്ലാതിരുന്നു. 1907ല്‍ സാധുജനപരിപാലനസംഘം അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ രൂപീകൃതമായി. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഒരു സമുദായ സംഘടനയല്ല-തനിക്ക് ജന്മം നല്‍കിയ ജാതി വിഭാഗത്തിന്റെ സംഘടനയല്ല-അയ്യന്‍കാളി രൂപീകരിച്ചത്. മേലാളവിഭാഗത്തിന്റെ അത്യാചാരങ്ങളില്‍പെട്ട് കൊടിയ ചൂഷണത്തിനിരയായ പാവപ്പെട്ട മനുഷ്യരുടെയാകെ-സാധുക്കളുടെയാകെ സംഘടനയായിരുന്നു. ഇക്കാലത്തുതന്നെയാണ് പൊയ്കയില്‍ യോഹന്നാനും സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചത്. സാധുജന പരിപാലനസംഘത്തിന് 24 വകുപ്പുകളുള്ള ഭരണഘടന എഴുതിയുണ്ടാക്കി. വിദ്യാഭ്യാസ സ്വാതന്ത്ര്യം പ്രധാന ഇതിവൃത്തമായി. ആഴ്ചയില്‍ ആറുദിവസം മാത്രമേ കര്‍ഷകത്തൊഴിലാളികള്‍ പണിചെയ്യാവൂ എന്നും ഞായറാഴ്ച വിശ്രമദിവസമാകണമെന്നും സാധുജന പരിപാലനസംഘം തീരുമാനിച്ചു. അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 1910ല്‍ കീഴ്ജാതിക്കാര്‍ക്കും പള്ളിക്കൂടങ്ങളില്‍ പഠിക്കാമെന്ന നിയമം പിറന്നു. എന്നാല്‍ ഏതു നിയമവും തങ്ങളുടെ പ്രമാണിത്തത്തിന് മുകളിലല്ല എന്നു കരുതിയ ജന്മിത്വം അധഃസ്ഥിതരുടെ മക്കളെ പള്ളിക്കൂടങ്ങളില്‍ കയറ്റാന്‍ തയ്യാറായില്ല: വെങ്ങാനൂരില്‍ അദ്ദേഹം സ്ഥാപിച്ച പള്ളിക്കൂടം തീയിട്ടു നശിപ്പിച്ചു. കുട്ടികളെ പഠിപ്പിക്കാന്‍ തിരുവനന്തപുരത്തുനിന്നും മഞ്ചലിലേറ്റി ചുമന്നുകൊണ്ട് അധ്യാപകനെ കൊണ്ടുവന്നിരുന്നു. മേല്‍ജാതിക്കാരനായ ആ അധ്യാപകന് ജാതിഭ്രഷ്ട് കല്‍പിച്ചുവത്രെ.

ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന സുഭാഷിണി പത്രാധിപരായിരുന്ന കരമന വി കെ ഗോവിന്ദപ്പിള്ള സാധുജന പരിപാലന സംഘം ഉന്നയിച്ച പരാതികള്‍ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ടു. അദ്ദേഹം നല്‍കിയ ശുപാര്‍ശകളുടെ ഭാഗമായാണ് അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ അംഗമായത്. 1912 ഫെബ്രുവരി 26ന് ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം സഭയെ നിശബ്ദമാക്കി. നാട്ടില്‍ പ്രകമ്പനം സൃഷ്ടിച്ചു. തിരുവിതാംകൂറിലെ പല പ്രദേശങ്ങളിലുമുള്ള പുതുവല്‍ഭൂമി കര്‍ഷകത്തൊഴിലാളികള്‍ക്ക് പതിച്ചുനല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലയാള വര്‍ഷം 1090 കലാപങ്ങളുടെ കാലമായിരുന്നു. 1914 ജൂണ്‍ 16ന് തെന്നൂര്‍കോണം സ്വദേശി പൂജാരിഅയ്യന്റെ മകള്‍ പഞ്ചമിയേയും സഹോദരന്‍ കൊച്ചൂട്ടിയെയും കൂട്ടി അയ്യന്‍കാളി കണ്ടള കുടിപ്പള്ളിക്കൂടത്തില്‍ എത്തിച്ചേര്‍ന്നു. കുടിപ്പള്ളിക്കൂടത്തിനുടമകളായ ജന്മിമാര്‍ സര്‍ക്കാര്‍ നിയമം പാസാക്കിയിട്ടും അധഃസ്ഥിത വിദ്യാര്‍ത്ഥികളെ പള്ളിക്കൂടത്തില്‍ പ്രവേശിപ്പിക്കാത്ത കാലമായിരുന്നു. കുട്ടികളെ ക്ലാസിനുള്ളില്‍ കയറ്റിയിരുത്തണമെന്ന ആവശ്യത്തോട് ധിക്കാരപൂര്‍വമായാണ് പ്രതികരിച്ചത്. അയ്യന്‍കാളി ബലംപ്രയോഗിച്ച് പഞ്ചമിയെ ക്ലാസിനുള്ളില്‍ കയറ്റിയിരുത്തി. ജന്മിത്വം സ്തബ്ധമായിപ്പോയ നിമിഷമായിരുന്നു അത്. സ്കൂളുടമയായ ജന്മി ആക്രോശിച്ചു ""അയിത്തജാതിക്കാരി തീണ്ടിയ പള്ളിക്കൂടമിനി ഈ നാട്ടില്‍ വേണ്ട"" അന്നു രാത്രിതന്നെ പള്ളിക്കൂടത്തിനു തീകൊളുത്തി.

സ്കൂള്‍ കത്തിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം നെയ്യാറ്റിന്‍കര താലൂക്കിലെമ്പാടും അധഃസ്ഥിതര്‍ക്കെതിരായ ആക്രമണമായി പരിണമിച്ചു. വിവിധ ജാതികളില്‍പെട്ട സമ്പന്നരായ ഭൂവുടമകള്‍ അധഃസ്ഥിതരെ പള്ളിക്കൂടത്തില്‍ കയറ്റാന്‍ പാടില്ലെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു. ആ ഘട്ടത്തിലാണ് അയ്യന്‍കാളിയുടെ ഉഗ്ര പ്രഖ്യാപനം വരുന്നത്. ""ഞങ്ങളുടെ ചോരയില്‍ പിറന്ന കുട്ടികള്‍ക്ക് അക്ഷരം നിഷേധിച്ചാല്‍ നിങ്ങളുടെ വയലിലിറങ്ങാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല. കളപറിക്കാനും കറ്റകൊയ്യാനും ഞങ്ങളില്ല. കാണായ വയലുകളിലൊക്കെ മുട്ടിപ്പുല്ല് കിളിക്കും."" ആ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി. പഠനാവകാശത്തിനായി കര്‍ഷകത്തൊഴിലാളികള്‍ ആദ്യമായി പണിമുടക്കി. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും വിലയറിയാന്‍ ജന്മിത്വം ഇടയായപ്പോഴാണ് അധ:സ്ഥിത വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പള്ളിക്കൂടങ്ങളിലിടം നേടാനായത്. അദ്ധ്വാനിക്കുന്ന തൊഴിലാളി അദ്ധ്വാനശേഷി ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചാല്‍, ഉല്‍പാദനം നിലച്ചാല്‍ മേലാള വിഭാഗത്തിന് മുട്ടുമടക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കണ്ടല ഏലായില്‍ നടന്ന കര്‍ഷകത്തൊഴിലാളി പണിമുടക്ക്. ഈ പണിമുടക്ക് കാലത്ത് പട്ടിണിയിലായ കര്‍ഷകത്തൊഴിലാളികളെ സഹായിക്കാന്‍ വഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ എത്തിയെന്നത് അദ്ധ്വാനിക്കുന്നവരുടെ ഒരുമയുടെ ദൃഷ്ടാന്തവുമായി. അതേസമയം കര്‍ഷകത്തൊഴിലാളികളുടെ അധ്വാനശേഷി ഉപയോഗിച്ച് പത്തായപ്പുരകള്‍ നിറച്ചിരുന്ന ജന്മിത്വത്തിന് കീഴടങ്ങല്‍ മാത്രമായിരുന്നു മുന്നിലുയര്‍ന്ന പരിഹാരമാര്‍ഗം. സ്കൂള്‍ പ്രവേശനം, സഞ്ചാര സ്വാതന്ത്ര്യം ഇക്കാര്യങ്ങളില്‍ ജന്മിമാര്‍ കീഴടങ്ങിക്കൊണ്ട് 1914 മെയ് മാസത്തില്‍ കര്‍ഷകത്തൊഴിലാളി പണിമുടക്ക് ഒത്തുതീര്‍ന്നു. അന്നത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് ആയിരുന്ന നാഗന്‍പിള്ളയാണ് മധ്യസ്ഥനായത്. വിദ്യാഭ്യാസാവകാശത്തിനായി തുടങ്ങിയ പണിമുടക്ക് കൂലി കൂടുതല്‍ എന്ന ആവശ്യംകൂടി അധികമായി അനുവദിക്കപ്പെട്ടാണ് അവസാനിച്ചത്.

തുടര്‍ന്ന് വെങ്ങാനൂരില്‍, നെടുമങ്ങാട്, പള്ളിച്ചല്‍, ബാലരാമപുരം, നെയ്യാറ്റിന്‍കരയില്‍ ഓലത്താന്നി, മണക്കാട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ലഹളകള്‍ തുടങ്ങി. കൊല്ലത്ത് പെരിനാട്ടും വലിയ സമരങ്ങളുയര്‍ന്നുവന്നു. കല്ലയും മാലയും ബഹിഷ്കരിച്ചത് ആ സമരത്തിന്റെ തുടര്‍ച്ചയായാണ്. തിരുവിതാംകൂറിലെ സാമൂഹ്യാന്തരീക്ഷത്തെ മാറ്റിമറിച്ചതിന് ഇടയാക്കിയ കണ്ടള സമരം ഒരു തുടക്കമായിരുന്നു. പക്ഷേ ഇടയ്ക്ക് നിലച്ച കര്‍ഷകത്തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് വീണ്ടും ഗതിവേഗം കൈവരുന്നത് കമ്യൂണിസ്റ്റ്പാര്‍ടി രൂപീകരണത്തോടെയാണ്. കുടിയൊഴിപ്പിക്കലിനെതിരായും ഭൂമിക്കുവേണ്ടിയും നടന്ന പോരാട്ടങ്ങള്‍ക്കുമുന്നില്‍ ചെങ്കൊടിയാണുയര്‍ന്നിരുന്നത്. ചങ്ങമ്പുഴയുടെ വാഴക്കുലയിലൂടെ വരച്ചുകാണപ്പെട്ട അടിയാള ദൈന്യത കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏറ്റുവാങ്ങുകയായിരുന്നു. ഇതിന്റെയെല്ലാം സ്വാഭാവിക പരിണതികൂടിയായിരുന്നു 1957ല്‍ അധികാരമേറിയ ഇ എം എസ് നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍. അധികാരത്തിന്റെ ഏഴാംദിനം കുടിയിറക്കു നിരോധന നിയമം പിന്നീട് കാര്‍ഷികബന്ധ നിയമം, വിദ്യാഭ്യാസബില്‍... കണ്ടള ലഹളയുടെ സന്ദേശത്തിന് നിലയ്ക്കാത്ത പോരാട്ടങ്ങളിലൂടെയും നിയമനിര്‍മ്മാണത്തിലൂടെയും ആവിഷ്കാരം നല്‍കിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ""ചാത്തന്‍ പൂട്ടാന്‍പോട്ടെ ചാക്കോ നാടുഭരിക്കട്ടെ""-വിമോചന സമരകാലത്ത് ഉയര്‍ന്ന മുദ്രാവാക്യങ്ങളിലൊന്നാണിത്. അധഃസ്ഥിത വിഭാഗത്തില്‍പെട്ട പി കെ ചാത്തന്‍ മന്ത്രിയായതിലുള്ള അസഹിഷ്ണുതയാണ് വിമോചന സമരക്കാര്‍ വിളിച്ചുകൂവിയതില്‍ പ്രതിഫലിച്ചത്. കമ്യൂണിസ്റ്റുപാര്‍ടിയും സര്‍ക്കാരും മണ്ണില്‍ പണിയെടുക്കുന്നവരോടൊപ്പം നിലകൊള്ളുന്നതില്‍ അസഹിഷ്ണുക്കളായവര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാരും നിലകൊണ്ടു. കമൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. പക്ഷേ മണ്ണിലിടംതേടിയ കര്‍ഷകത്തൊഴിലാളികളെ ഇറക്കിവിടാനായില്ല. കാലപ്രവാഹത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കൈവരിച്ച കരുത്തായിരുന്നു അതിന്റെ കാരണം. വിമോചന സമരത്തിലൂടെ മനുഷ്യമുഖമുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തില്‍നിന്നും ഇറക്കിവിട്ട മേലാള മനസ്സുകള്‍ ഇന്നും കേരളത്തിലധികാരത്തിലിരിക്കുകയാണ്.

പഠനാവകാശം നിഷേധിച്ച പഞ്ചമിയുടെ ദൈന്യത കേരളത്തില്‍ പുനരവതരിക്കപ്പെടുന്നു. ജാതീയമായ അയിത്തം സാമ്പത്തിക അയിത്തത്തിന്റെകൂടി രൂപത്തില്‍ അവതരിക്കപ്പെടുന്നു. സാമൂഹ്യനീതി നിഷേധം വിദ്യാഭ്യാസമേഖലയില്‍ നടപ്പാകുന്നകാലത്താണ് കണ്ടളലഹള ഓര്‍മ്മിക്കപ്പെടുന്നത്. ഭൂസമരത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ മടിക്കുന്നൊരു സര്‍ക്കാരിനെതിരായ പുതിയ പ്രക്ഷോഭങ്ങളുടെ അനിവാര്യതയും ഓര്‍മ്മിക്കപ്പെടുന്നു. കണ്ടള സമരത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ കണ്ടളയില്‍ 2014 ജനുവരി 12ന് നടന്ന സ്മൃതിസന്ധ്യയോടെ ആരംഭിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം ജില്ലയില്‍ ആയിരം വീട്ടുമുറ്റ കൂട്ടായ്മകള്‍, നവോത്ഥാന സ്മൃതി സായാഹ്നങ്ങള്‍, അയ്യന്‍കാളി പുസ്തക ശിഖാ പ്രയാണം, കര്‍ഷക - സാംസ്കാരിക-പുസ്തകപ്രദര്‍ശനം തുടങ്ങി നവോത്ഥാന മൂല്യങ്ങളെ പുതിയ തലമുറയെ പരിചയപ്പെടുത്തുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

*
ഐ ബി സതീഷ് ചിന്ത വാരിക

No comments: