Wednesday, February 5, 2014

പീറ്റ് സീഗര്‍ സംഗീതത്തിന്റെ ശക്തി

അടിച്ചമര്‍ത്തപ്പെടുന്നവരുടെ മോചനത്തിനായി സംഗീതത്തിന്റെ ശക്തിയും സൗന്ദര്യവും സമര്‍പ്പിച്ച മഹാഗായകന്‍ പീറ്റ് സീഗര്‍ ഓര്‍മയായി (മെയ് 3, 1919 - ജനുവരി 27, 2014). ഒമ്പതര പതിറ്റാണ്ട് നീണ്ട ജീവിതം. രണ്ട് നൂറ്റാണ്ടുകളിലായി കാല്‍ ചവിട്ടിനിന്ന ആ സുദീര്‍ഘ ജീവിതം ഉടനീളം സംഗീതസാന്ദ്രമായിരുന്നു. അച്ഛനമ്മമാര്‍ സംഗീതജ്ഞര്‍. രണ്ടാനമ്മയും. സംഗീതത്തെ വിശേഷിച്ച് നാടന്‍ പാട്ടുകളെ എങ്ങനെ ജനതയുടെ ഉണര്‍ത്തുപാട്ടും പോരാട്ടസംഗീതവുമാക്കാം എന്നതിന്റെ പഠനവും പ്രയോഗവുമായിരുന്നു പീറ്റ് സീഗറുടെ ജീവിതം. "" നമ്മള്‍ അതിജീവിക്കും"" എന്ന പൗരാവകാശ- സമാധാന പ്രസ്ഥാന ഗാനത്തെ അതിപ്രശസ്തമാക്കുന്നതില്‍ സീഗര്‍ക്ക് വലിയ പങ്കുണ്ട്. മാത്രമല്ല. ഇംഗ്ലീഷില്‍ ""വി വില്‍ ഓവര്‍കം"" എന്ന് പാടിയിരുന്നത് ഭേദഗതി വരുത്തി പിന്നീട് ലോകവ്യാപകമായി പ്രചാരം നേടിയ ""വി ഷാല്‍ ഓവര്‍ കം" എന്ന രൂപത്തില്‍ ചിട്ടപ്പെടുത്തി പുതിയ സംഗീതഭംഗിയും വശ്യതയും ആലാപനശക്തിയും പകര്‍ന്നത് പീറ്റ് സീഗറാണ്.

പ്രതിഷേധ സമരഗാനങ്ങളും നാടന്‍ പാട്ടുകളും സമാധാന-യുദ്ധവിരുദ്ധ ഗാനങ്ങളും അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള ബന്ധവും മക്കാര്‍ത്തിയന്‍ വേട്ടയാടലും ജയില്‍ശിക്ഷയും അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. ന്യൂയോര്‍ക്ക് നഗരത്തില്‍ മാന്‍ഹാട്ടനിലാണ് പീറ്റ് സീഗര്‍ ജനിച്ചത്. അച്ഛന്റെ മുന്‍മുറക്കാരനായ കാള്‍ ലുഡ്വിഗ് സീഗര്‍ ജര്‍മനിയില്‍നിന്ന് അമേരിക്കന്‍ വിപ്ലവകാലത്ത് കുടിയേറി, 1780 കളില്‍ ന്യൂഇംഗ്ലണ്ടിലെ ഒരു കുടുംബത്തില്‍നിന്ന് വിവാഹം കഴിച്ചു. സീഗറിന്റെ അച്ഛന്‍ ചാള്‍സ് ലൂയി സീഗര്‍ (ജൂനിയര്‍) മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ നഗരത്തിലാണ് ജനിച്ചത്. അദ്ദേഹമാണ് അമേരിക്കയില്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ ആദ്യത്തെ സംഗീത പാഠ്യപദ്ധതിക്ക് രൂപം നല്‍കിയത്. അമേരിക്കന്‍ മ്യൂസിക്കോളജി സൊസൈറ്റി സ്ഥാപിച്ചതും എത്നോ മ്യൂസിക്കോളജി എന്ന പഠനവിഭാഗം രൂപപ്പെടുത്തുന്നതിന് മുന്‍കൈ എടുത്തതും അദ്ദേഹമാണ്. സീഗറിന്റെ അമ്മ കോണ്‍സ്റ്റാഗ്സ്ഡി ക്ലിവര്‍ എട്സണ്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ടുണീഷ്യയില്‍ വളര്‍ന്ന് പാരീസ് സംഗീത ആസ്ഥാനത്ത് പഠിച്ച വയലിന്‍ വാദകയും സംഗിത അധ്യാപികയുമായിരുന്നു. അച്ഛന്‍ സംഗീതജ്ഞനായി പരിശീലനം നേടിയത് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലായിരുന്നു. കൗമാരകാലം മുതല്‍ സീഗറെ വളര്‍ത്തിയ രണ്ടാനമ്മ റൂത്ത് ക്രാഫോര്‍ഡ് ആകട്ടെ നാടന്‍ പാട്ടുകളില്‍ അഗാധ സ്വാധീനവും താല്‍പ്പര്യവുമുള്ള സംഗീതജ്ഞയായിരുന്നു.

ആധുനിക സംഗീതജ്ഞര്‍ക്കിടയില്‍ ഏറ്റവും പ്രഗത്ഭയായ ഒരു മഹതി എന്ന പ്രശസ്തിയും റൂത്ത് ക്രാഫോര്‍ഡിനുണ്ടായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍തന്നെ സംഗീത ഇതിഹാസമായി മാറി ലോകം ആദരിക്കുന്ന പ്രതിഭാശാലിയായി വളര്‍ന്ന പീറ്റ് സീഗര്‍ രൂപപ്പെട്ടത് അന്നത്തെ സവിശേഷമായ ലോകസാഹചര്യവും അമേരിക്കയിലെ അന്തരീക്ഷവും നിമിത്തം മാത്രമായിരുന്നില്ല. പല ഭൂഖണ്ഡങ്ങളുമായുള്ള ബന്ധംകൊണ്ടുകൂടിയായിരുന്നു. യൂറോപ്പും ലാറ്റിന്‍ അമേരിക്കയും ആഫ്രിക്കയും ഉള്‍പ്പെടെയുള്ള ഭൂപ്രദേശങ്ങളുമായും ലോകത്തിന്റെ പല കോണുകളില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരുമായും നടന്ന അന്യോന്യത്തിലൂടെ കൈമാറിക്കിട്ടിയ സാംസ്കാരികധാരകളും ജീവിതവീക്ഷണവും പീറ്റ് സീഗറുടെ വ്യക്തിസത്തയെയും സംഗീതബോധത്തെയും കരുപ്പിടിപ്പിച്ചു. അച്ഛനമ്മമാരുടെ ശാസ്ത്രീയസംഗീത പാരമ്പര്യവും രണ്ടാനമ്മ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭയായ സംഗീതജ്ഞകളില്‍ ഒരാളായി കണക്കാക്കപ്പെടുന്നതും സീഗറെ അഗാധമായി സ്വാധീനിച്ചു എന്നത് ശരിതന്നെ. പക്ഷേ, തന്റെ സ്വന്തം സംഗീതബോധ്യങ്ങളിലേക്കാണ് അച്ഛനമ്മമാരുടെ ശാസ്ത്രീയ സംഗീത സമ്പ്രദായത്തെ സീഗര്‍ വിളക്കിച്ചേര്‍ത്തത്.

റൂത്തിന്റെ അഗാധമായ നാടന്‍പാട്ട് താല്‍പ്പര്യവും സീഗറുടെ സംഗീത സ്വരൂപത്തെ വികസിപ്പിച്ചെടുക്കുന്നതില്‍ നിസ്സീമമായ സ്വാധീനം ചെലുത്തി. സീഗറിന്റെ രാഷ്ട്രീയ വീക്ഷണത്തെ തുടക്കത്തില്‍ സ്വാധീനിച്ചത് അച്ഛന്‍ ചാള്‍സ് സീഗറിന്റെ യുദ്ധവിരുദ്ധ നിലപാടുകളായിരുന്നു. ബര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സംഗീതവിഭാഗം സ്ഥാപിക്കുന്ന ജോലിക്ക് 1912 ല്‍ ചാള്‍സ് സീഗര്‍ നിയമിതനായെങ്കിലും 1918 ല്‍ ആ ജോലി രാജിവയ്ക്കേണ്ടി വന്നത് ഒന്നാം ലോക മഹായുദ്ധത്തിനെതിരെ അദ്ദേഹം പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാലായിരുന്നു. അച്ഛന്റെ അനുഭവത്തിനു പുറമെ സീഗറിന്റെ കവിയായിരുന്ന അമ്മാവന്‍ അല്ലന്‍ സീഗറിന്റെ യുദ്ധഭൂമിയിലെ മരണവും (ഒന്നാം ലോക മഹായുദ്ധത്തില്‍ ഏറ്റവും ആദ്യം കൊലചെയ്യപ്പെട്ട അമേരിക്കന്‍ സൈനികരില്‍ ഒരാളായിരുന്നു അദ്ദേഹം) വെട്ടിപ്പിടിത്ത യുദ്ധങ്ങളുടെയും സാമൂഹിക സംഘര്‍ഷങ്ങളുടെയും കാരണങ്ങളെപ്പറ്റി സൂക്ഷ്മമായി ചിന്തിക്കാന്‍ സീഗറെ പ്രേരിപ്പിച്ചു.

""എനിക്ക് മരണവുമായി ഒരു കൂടിക്കാഴ്ചയുണ്ട്"" എന്ന അമ്മാവന്റെ കവിത അദ്ദേഹത്തിന്റെ ജീവിതസത്യമായി അത്രവേഗം മാറുമെന്ന് സീഗര്‍ ചിന്തിച്ചുകാണില്ല. എന്നാല്‍, മരണാനന്തരം അമ്മാവന്റെ നഷ്ടത്തിനിടയാക്കിയ യുദ്ധത്തെപ്പറ്റി സീഗര്‍ ആഴത്തില്‍ ചിന്തിച്ചിട്ടുണ്ടാവുമെന്നതില്‍ സംശയമില്ല. 1943 ല്‍ തോഷി അലിന്‍ ഓട്ടോയെ സീഗര്‍ വിവാഹം കഴിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസം മരിക്കുന്നതുവരെ സീഗറിന്റെ ജീവിതത്തിന്റെ ആന്തരികബലമായിട്ടാണ് തോഷി വര്‍ത്തിച്ചത്. പിന്‍തലമുറയില്‍ ചെറുമകനായ താവോ മാത്രമാണ് സീഗറിന്റെ സംഗീതപാതയിലൂടെ സഞ്ചരിച്ച് പ്രശസ്തി നേടിയിട്ടുള്ളത്. അച്ഛനമ്മമാരും രണ്ടാനമ്മയും ശാസ്ത്രീയസംഗീതജ്ഞരായിരുന്നെങ്കിലും, അതേ പാതയിലൂടെ സഞ്ചരിക്കാന്‍ അവര്‍ നിര്‍ബന്ധപൂര്‍വം സമ്മര്‍ദം ചെലുത്തിയില്ല. എന്നതിനാലാവണം ഉക്കുലേല എന്ന നാടന്‍ ഗിത്താറാണ് സീഗര്‍ ആദ്യമായി പഠിച്ചത്.

അച്ഛനും രണ്ടാനമ്മയുമൊത്ത് വടക്കന്‍ കരോലീനയില്‍ നാടന്‍കലോത്സവും പര്‍വതനൃത്തവും കാണാന്‍ പോയപ്പോള്‍ അഞ്ച് തന്ത്രികളുള്ള ബാന്‍ജോ സംഗീതം ആദ്യമായി ശ്രവിച്ചു. വിശാലമായ പ്രകൃതിയുടെ മടിത്തട്ടില്‍, കുന്നിന്‍ചെരുവില്‍ നാടന്‍ പാട്ടിന്റെ നൈസര്‍ഗികതയും ഉന്മേഷവും അനിര്‍വചനീയമായ അനുഭവമാണ് പകര്‍ന്നുതന്നതെന്ന് സീഗര്‍ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചുതന്ത്രി ബാന്‍ജോയിലും നാടന്‍പാട്ടിലും കൂടുതല്‍ അഗാധമായ പരിജ്ഞാനം നേടാനാണ് സീഗര്‍ പിന്നീട് ശ്രമിച്ചത്. സഞ്ചരിക്കുന്ന ഒരു പാവകളി സംഘവുമായി സഹകരിച്ചും പ്രവര്‍ത്തിച്ചു. യാത്രയ്ക്കിടയില്‍ കൃഷിക്കാരുടെ വീടുകളില്‍ താമസിച്ച് അവരുടെ ഭക്ഷണം കഴിച്ച് ജീവിതാനുഭവങ്ങള്‍ പങ്കിട്ടത് വിലപ്പെട്ട അനുഭവമായി. ഭാവിരാഷ്ട്രീയം രൂപപ്പെടുത്തിയ ചര്‍ച്ചകളും ഇതിന്റെ ഭാഗമായി ഉണ്ടായി. യുഎസ് കോണ്‍ഗ്രസ് ലൈബ്രറിയുടെ അമേരിക്കന്‍ നാടന്‍പാട്ടുശേഖരവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ ഇതിനിടെ സീഗറിന് അവസരം ലഭിച്ചു.

1940-41 ല്‍ കൊളംബിയ പ്രക്ഷേപണ പരിപാടിയില്‍ പ്രശസ്ത ഗായകന്‍ വുഡി ഗുത്റിയുമായി ചേര്‍ന്ന് പരിപാടി നടത്താന്‍ കഴിഞ്ഞത് ഒരു വഴിത്തിരിവായി. "അല്‍മാനക് ഗായകര്‍", "വീവേഴ്സ്" എന്നീ രണ്ട് ഗായകസംഘങ്ങളിലൂടെയാണ് സീഗര്‍ ഏറ്റവും പ്രശസ്തി നേടിയത്. അച്ഛന്റെ സര്‍ക്കാര്‍ജോലിക്ക് പ്രശ്നമുണ്ടാകാതിരിക്കാന്‍ പീറ്റ് ബോവേഴസ് എന്ന പേരിലാണ് തൊഴിലാളിസംഘങ്ങള്‍ക്ക് വേണ്ടിയും മറ്റും പ്രതിഷേധ ഗാനങ്ങള്‍ സീഗര്‍ ആലപിച്ചത്. "വീവേഴ്സിന്റെ" ഭാഗമായി പാടിയ ""ഗുഡ്നൈറ്റ് ഇറീന്‍"" എന്ന ഗാനം 13 ആഴ്ചക്കാലം ഏറ്റവും സ്വീകാര്യതയുള്ള പാട്ടായി ചാര്‍ട്ടുകളില്‍ അംഗീകാരം നേടി. 1950 കളിലെ മക്കാര്‍ത്തിയന്‍ വേട്ടയാടല്‍ സീഗറിന്റെ സംഗീതസംഘത്തെയും ബാധിച്ചു. 1955 ല്‍ പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ സീഗറിന്റെ നിലപാട് ധീരമായിരുന്നു. തന്റെ നിലപാടുകള്‍ പാര്‍ലമെന്റ് സമിതിക്ക് മുമ്പാകെ വിശദീകരിക്കാന്‍ സാധ്യമല്ല; അതെന്റെ വിശ്വാസപ്രമാണങ്ങളാണ്, ആ സ്വാതന്ത്ര്യം അടിയറ വയ്ക്കാനാവില്ല എന്ന സമീപനം അദ്ദേഹം സ്വീകരിച്ചു. 10 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിക്കപ്പെട്ടത്. എന്നാല്‍, 1962 ല്‍ അപ്പീല്‍കോടതി വിധി റദ്ദാക്കി.

വിയറ്റ്നാം യുദ്ധത്തിന് എതിരെയും നിരായുധീകരണത്തിന് വേണ്ടിയും വര്‍ണവിവേചനത്തിന് എതിരായും സീഗര്‍ പാടി. സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ കമ്യൂണിസ്റ്റ് പോരാളികള്‍ക്കൊപ്പവും ആ ഗാനം ഉയര്‍ന്നു. പാരിസ്ഥിതിക പ്രശ്നങ്ങളും സീഗറിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. ഹഡ്സണ്‍ നദിയുടെ സംരക്ഷണത്തിന് സീഗര്‍ നേതൃത്വം നല്‍കിയ ഒരു സമിതിതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ബാന്‍ജോ, ഗിത്താര്‍ എന്നീ സംഗീതോപകരണങ്ങളില്‍ സ്വന്തമായ ചില കൂട്ടിച്ചേര്‍ക്കലുകളും സീഗര്‍ നടത്തി. നവസംഗീതാസ്വാദകരുടെ ഹരമായ ബോബ് ഡിലന്‍ സീഗറിന്റെ വാത്സല്യവും പ്രോത്സാഹനവും അനുഭവിച്ചാണ് വളര്‍ന്നത്. 1965 ല്‍ ന്യൂപോര്‍ട്ട്ഫോക്ക് സംഗീതോത്സവത്തില്‍ ബോബ് ഡിലനും സംഘവും പരിപാടി അവതരിപ്പിച്ചപ്പോള്‍ അസ്സഹനീയമായ ഉച്ചത്തില്‍ ശബ്ദം കൂട്ടിവച്ചതിനെതിരെ സീഗര്‍ ഇടപെട്ടത് സംബന്ധിച്ച് പലതരം കഥകള്‍ പ്രചരിക്കുന്നുണ്ട്.

സംഗീതോത്സവത്തിന്റെ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളായ സീഗര്‍, ഡിലന്റെ മാനേജരോട് ശബ്ദം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടു. അത് ചെവിക്കൊള്ളാതിരുന്നപ്പോള്‍, ""എന്റെ കൈയില്‍ ഒരു കോടാലി കിട്ടിയിരുന്നെങ്കില്‍ ഈ കേബിള്‍ ഇപ്പോള്‍ മുറിച്ചുകളയുമായിരുന്നു"" എന്ന് സീഗര്‍ തറപ്പിച്ചു പറയുകയുണ്ടായി. പാട്ടില്‍ വാക്കുകള്‍ വ്യക്തമാകാത്ത വിധം സംഗീതോപകരണങ്ങള്‍ ശബ്ദമുണ്ടാക്കരുത് എന്ന പക്ഷക്കാരനായിരുന്നു സീഗര്‍. അമേരിക്കയിലെ "യുവകമ്യൂണിസ്റ്റ് ലീഗില്‍" സീഗര്‍ അംഗമായി. തുടര്‍ന്ന് 1942 ല്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലും. പക്ഷേ 1940 കളുടെ അവസാനത്തോടെ പാര്‍ടിയില്‍ സജീവപ്രവര്‍ത്തനം അദ്ദേഹം മതിയാക്കി. എന്നാല്‍, 1995 ല്‍ അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു: ""ഞാന്‍ എന്നെ ഇപ്പോഴും ഒരു കമ്യൂണിസ്റ്റ് എന്ന് വിളിക്കും. കാരണം ക്രൈസ്തവത പള്ളി ചെയ്യുന്നതല്ലല്ലോ"" കമ്യൂണിസം റഷ്യയില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ അല്ലല്ലോ എന്നാണ് സീഗര്‍ അര്‍ഥമാക്കിയത്. 1996 ല്‍ പീറ്റ് സീഗര്‍ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായപ്പോള്‍ ചുച്ചുന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന മേജര്‍ ജയ്പാല്‍സിങ്ങിന്റെ മകനും പത്രപ്രവര്‍ത്തകനുമായ രാഹുല്‍ വര്‍മയും ഭാര്യ ബിശാഖയും ആ പരിപാടി ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായവരാണ്. ""വന്ദനമേരാ....."" എന്ന പ്രശസ്തമായ ക്യൂബന്‍ ഗാനം ഇവര്‍ അഭ്യര്‍ഥിച്ചതിനെ ത്തുടര്‍ന്ന് പീറ്റ് സീഗര്‍ പാടിയകാര്യം അഭിമാനപൂര്‍വം അവര്‍ ഓര്‍മിക്കുന്നു.

2011 ഒക്ടോബറില്‍ 92 വയസ്സുകാരനായ പീറ്റ് സീഗര്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊളംബസ് സര്‍ക്കിള്‍വരെ നടത്തിയ മാര്‍ച്ചിന് നേതൃത്വം കൊടുത്തു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 21 നാണ് സീഗര്‍ അവസാനമായി പൊതുവേദിയില്‍ പാടുന്നത്. ""ഈ ഭൂമി നിങ്ങളുടെ ഭൂമിയാണ്"" എന്ന ഗാനം അദ്ദേഹം പാടി. അതിന് ഒരുമാസം മുമ്പ് ആഗസ്ത് 9 ന് (ഭാര്യ മരിച്ച് ഒരു മാസമായപ്പോള്‍) അദ്ദേഹം "ജനാധിപത്യം ഇപ്പോള്‍" എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ""ഞാന്‍ വന്ന് ഓരോ പടിവാതില്‍ക്കലും നില്‍ക്കുന്നു"" എന്ന് പാടിയിട്ട് പറഞ്ഞു: "ഹിരോഷിമ, നാഗസാക്കി" ബോംബിങ്ങിന്റെ 68-ാം വാര്‍ഷികമാണെന്നതിനാലാണ് ഞാന്‍ ഈ വരികള്‍ ഓര്‍മിച്ചത്"". മറവിക്കു നേരെയുള്ള ഓര്‍മയുടെ സംഗീതപോരാട്ടംകൂടിയാണ് സീഗര്‍ നടത്തിയത്.

*
എം എ ബേബി

No comments: