Thursday, February 27, 2014

"നയം" വ്യക്തമാക്കി എഎപി

ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ അടുത്തിടെ ഡല്‍ഹിയില്‍ സിഐഐ യോഗത്തില്‍ സംസാരിക്കവെ പാര്‍ടിയുടെ സാമ്പത്തികനയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശദീകരിക്കുകയുണ്ടായി. ആം ആദ്മി പാര്‍ടിക്ക് സമ്പൂര്‍ണ സാമ്പത്തിക നയരേഖ ഇല്ലാത്തതുകൊണ്ടുതന്നെ പ്രസംഗത്തിനിടയില്‍ കെജ്രിവാള്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ടിയുടെ പ്രത്യയശാസ്ത്രവും നയപരമായ സമീപനങ്ങളും എന്താണെന്നറിയാന്‍ ഉപകരിക്കും.

"ബിസിനസില്‍ സര്‍ക്കാരിന് ഒരു കാര്യവുമില്ലെന്ന്" കെജ്രിവാള്‍ പറഞ്ഞു. "സര്‍ക്കാര്‍ ഒരിക്കലും ബിസിനസ് നടത്തരുത്. ഇതെല്ലാം സ്വകാര്യമേഖലയ്ക്ക് നല്‍കണം" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്പെക്ടര്‍രാജിനും ലൈസന്‍സ്രാജിനും തങ്ങള്‍ എതിരാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

വ്യവസായികളുടെ സദസ്സിനെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത് എന്നതുകൊണ്ടുതന്നെ അവിടെ പറഞ്ഞ കാര്യങ്ങള്‍ ആം ആദ്മി പാര്‍ടിയുടെ സാമ്പത്തിക വീക്ഷണത്തിന്റെ അടിസ്ഥാനമായി കരുതുന്നത് ശരിയല്ലെന്ന് ചിലര്‍ പറയുന്നുണ്ട്. കുറച്ചുമുമ്പ് കെജ്രിവാള്‍ ഇങ്ങനെ പറഞ്ഞിരുന്നു- "സാമ്പത്തികനയത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ മുതലാളിത്തവാദികളോ സോഷ്യലിസ്റ്റോ ഇടതുപക്ഷമോ അല്ല. ഞങ്ങള്‍ വെറും ആം ആദ്മി (സാധാരണക്കാര്‍) മാത്രമാണ്. ഞങ്ങള്‍ക്ക് ഏതെങ്കിലും പ്രത്യയശാസ്ത്രവുമായി ബന്ധമില്ല. എത് പ്രത്യയശാസ്ത്രത്തില്‍നിന്നും, അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും പ്രശ്നപരിഹാരം സാധ്യമെങ്കില്‍ ഞങ്ങള്‍ കടംകൊള്ളും. പക്ഷേ, ഒരുകാര്യം ഞങ്ങള്‍ ഉറപ്പിച്ചുപറയുന്നു. സര്‍ക്കാരിന് ബിസിനസില്‍ ഒരു കാര്യവുമില്ല. ബിസിനസ് പൂര്‍ണമായും സ്വകാര്യവ്യക്തികള്‍ക്ക് കൈമാറണം". അവസാനം പറഞ്ഞ ഈ വാക്കുകള്‍ ലോകത്തെമ്പാടും നിലവിലുള്ള കൃത്യമായ നവലിബറല്‍ കാഴ്ചപ്പാടാണ്. ഈ മാനദണ്ഡമനുസരിച്ച് എല്ലാ മേഖലയിലെയും ബിസിനസും സാമ്പത്തിക പ്രവര്‍ത്തനങ്ങളും സ്വകാര്യവ്യക്തികളുടെ കൈവശമായിരിക്കണം. കമ്പോളമായിരിക്കണം അതിനെ ഭരിക്കേണ്ടത്. അടിസ്ഥാനസേവനങ്ങളായ വൈദ്യുതി, ജലവിതരണം, പൊതുഗതാഗതം എന്നിവ സ്വകാര്യമേഖലയാണ് നടത്തേണ്ടതെന്നര്‍ഥം.

സിഐഐ യോഗത്തില്‍ കെജ്രിവാള്‍ പറഞ്ഞത്, "ബിസിനസ് സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാവശ്യമായ നല്ല നിയന്ത്രണസംവിധാനങ്ങളാണ് രാജ്യത്തിന് ആവശ്യം; അതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്" എന്നാണ്. ഇതും നവലിബറല്‍ മാതൃകയാണ്. വന്‍കിട ബിസിനസുകാര്‍ക്ക് അനുകൂലമായി ചട്ടങ്ങള്‍ രൂപീകരിക്കലാണ് നിയന്ത്രണ ഏജന്‍സികള്‍ ചെയ്യുന്നത്. ഡല്‍ഹിയില്‍ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനെ എതിര്‍ത്ത കാര്യം കെജ്രിവാള്‍ തന്നെ മറന്നുകാണും. കെജ്രിവാള്‍ ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ വെള്ളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയുള്ള വിഷന്‍ ഡോക്യുമെന്റിലെ നയത്തിനെതിരാണ്.

കെജ്രിവാളിന്റെ സിഐഐ പ്രസംഗത്തില്‍ പറഞ്ഞ മറ്റൊരു കാര്യം താന്‍ ചങ്ങാത്ത മുതലാളിത്തത്തിന് എതിരാണ്. എന്നാല്‍, മുതലാളിത്തത്തിന് എതിരല്ലെന്നാണ്. അംബാനിയുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ വൈദ്യുതിവിതരണ കമ്പനിക്കെതിരെയും റിലയന്‍സിന്റെ വാതകവിലയ്ക്കെതിരെയുമുള്ള പോരാട്ടം ചങ്ങാത്ത മുതലാളിത്തത്തിന് എതിരെയുള്ളതാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇവിടെ കെജ്രിവാളും ആം ആദ്മി പാര്‍ടിയും പ്രധാന വിഷയം അവഗണിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുകയാണ്. ചങ്ങാത്ത മുതലാളിത്തത്തെ വന്‍തോതില്‍ വളര്‍ത്തുകയെന്നത് നവലിബറല്‍ ക്രമത്തിന്റെ സ്വഭാവമാണ്. വന്‍കിട ബിസിനസുകാര്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാനും കൊള്ളലാഭം നേടാനും അവസരമൊരുക്കുക എന്നത് നവലിബറല്‍ക്രമത്തിന്റെ സഹജമായ സ്വഭാവമാണ്.

ഖനപ്രശ്നം തന്നെയെടുക്കാം. ഖനമേഖല സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതു മുതല്‍ എല്ലാവിധ ഖന കമ്പനികളും കൊള്ളലാഭം നേടുകയാണ്. നവലിബറല്‍ ക്രമത്തില്‍ സര്‍ക്കാരും വന്‍കിട ബിസിനസുകാരും തമ്മിലുള്ള കൂട്ടുകെട്ട് തന്നെയാണ് ചങ്ങാത്ത മുതലാളിത്തം. കെജ്രിവാളിന്റെ വാദമനുസരിച്ച് ഇത്തരം ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആവശ്യമുള്ളത് ഒരു നിയന്ത്രകനും ഗ്രാമസഭയുടെ അനുവാദവുമാണ്! "സര്‍ക്കാരിന് ബിസിനസില്‍ ഒരു കാര്യവുമില്ലെന്" കെജ്രിവാളിന്റെ ധാരണയനുസരിച്ച് ധാതുലവണങ്ങളുടെ ഖനം തുടര്‍ന്നും സ്വകാര്യമേഖലയില്‍ തന്നെ നിലനിര്‍ത്തണം. സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും വാദിക്കുന്നത് ധാതുലവണങ്ങളുടെ ഖനം പൊതുമേഖലയിലായിരിക്കണമെന്നാണ്. ഇടതുപക്ഷത്തിന്റെ ഈ നിലപാടിനെ, യോഗേന്ദ്രയാദവിനെ പോലുള്ള ആം ആദ്മി പാര്‍ടി നേതാക്കള്‍ "ബുദ്ധിപരമല്ലാത്ത സാമ്പത്തികശാസ്ത്ര"മാണെന്നു പറഞ്ഞ് തള്ളിക്കളയുകയാണ്.

ആംആദ്മി പാര്‍ടി നേതാക്കള്‍ ആവര്‍ത്തിച്ചുവാദിക്കുന്നത് തങ്ങള്‍ ഇടതന്മാരോ വലതന്മാരോ അല്ലെന്നാണ്. സാമ്പത്തിക വീക്ഷണത്തെക്കുറിച്ച് അവര്‍ ഇങ്ങനെ പറയുന്നു- "ഇടതോ വലതോ അല്ല. ഏതൊരു നല്ല ആശയത്തെയും അത് പുതിയതായാലും പഴയതായാലും ഇന്ത്യന്‍ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതാണെങ്കില്‍ പിന്തുണയ്ക്കും." ആം ആദ്മി പാര്‍ടിയുടെ സൈദ്ധാന്തികനായ യോഗേന്ദ്രയാദവ് പറയുന്നതു നോക്കൂ- "ഇടത്- വലത് സ്പെക്ട്രം ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും അര്‍ഥമില്ലാത്തതാണ്". ഒരു സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്ന ആളില്‍നിന്നാണ് ഈ പ്രസ്താവന. ഇടതോ വലതോ അല്ലാത്ത പ്രത്യയശാസ്ത്രരാഹിത്യം നവലിബറല്‍ നയങ്ങളുടെ ചട്ടക്കൂടിന് പുറത്തുപോകാതെയുള്ള അവിയല്‍ നയങ്ങള്‍ക്ക് മറയിടാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇത്തരമൊരു കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന ആം ആദ്മി പാര്‍ടി നേതാക്കളുടെ ഇടതുപക്ഷത്തോടുള്ള സമീപനത്തില്‍ അത്ഭുതപ്പെടാനില്ല. അടുത്തിടെ മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യോഗേന്ദ്രയാദവ് പറഞ്ഞത് ഇങ്ങനെയാണ്- "ഇടതുപക്ഷത്തിന്റെ അതേ പ്രത്യയശാസ്ത്ര- രാഷ്ട്രീയ ഇടമാണ് ഞങ്ങളും പങ്കുവയ്ക്കുന്നത് എന്ന ആശയം ശരിയല്ല. എപ്പോഴൊക്കെ കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷ സര്‍ക്കാര്‍ വന്നോ അപ്പോഴൊക്കെ മറ്റ് പാര്‍ടികളുടേതു മാതിരിയാണ് അവരും പെരുമാറിയത്". യോഗേന്ദ്രയാദവിനെ സംബന്ധിച്ച്, ഈ രണ്ടു സംസ്ഥാനത്തും ഇടതുപക്ഷഭരണകാലത്ത് ഭൂപരിഷ്കരണം നടപ്പാക്കിയതും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചതും അധികാരവികേന്ദ്രീകരണം നടപ്പാക്കിയതും ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞതും ഒരു പ്രാധാന്യവുമില്ലാത്ത കാര്യങ്ങളാണ്. എന്തായാലും ഇതെല്ലാം ഇടതുപക്ഷഭരണത്തിന്റെ നേട്ടങ്ങളാണ്.

സാര്‍വത്രിക പൊതുവിതരണസമ്പ്രദായം സംബന്ധിച്ച ഇടതുപക്ഷവീക്ഷണത്തിന് എതിരാണ് യോഗേന്ദ്രയാദവ്. മുംബൈയില്‍ നടന്ന ഒരു നിക്ഷേപകസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്, "ഭക്ഷ്യ സബ്സിഡി നല്‍കരുത്. വ്യക്തികള്‍ക്ക് നേരിട്ട് ഭക്ഷണം നല്‍കി പാവങ്ങളെ സേവിക്കുന്നത് ഫലപ്രദമല്ലാത്തതും ചെലവേറിയതുമായ നടപടിയാണ്" എന്നാണ്. യാദവിന്റെ വിടുവായത്തം ഇങ്ങനെ തുടരുന്നു- "കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മാത്രമല്ല, ഇടതുപക്ഷത്തിനുമെതിരെയുള്ള ബദലാണ് ഞങ്ങള്‍ക്ക് ആവശ്യം". ആം ആദ്മി പാര്‍ടി മുന്നോട്ടുവയ്ക്കുന്ന ബദല്‍ എന്താണെന്ന് ദിനംതോറും തെളിഞ്ഞുവരികയാണെന്നര്‍ഥം. നവലിബറല്‍ നയങ്ങള്‍ക്ക് ഒരു ബദലും ആം ആദ്മി മുന്നോട്ടുവയ്ക്കുന്നില്ല.

ആം ആദ്മി പാര്‍ടി നേതാക്കള്‍ സിപിഐ എമ്മിനെക്കുറിച്ച് പറയുന്നത് തനി അഹങ്കാരവും അറിവില്ലായ്മയുമാണ്. "രാഷ്ട്രീയ അധികാരവര്‍ഗത്തിന്റെ" ഭാഗമായി "അധഃപതിച്ചുവെന്ന്" പറഞ്ഞാണ് അവര്‍ പാര്‍ടിയെ ആക്രമിക്കുന്നത്. അതിനുശേഷം അരവിന്ദ് കെജ്രിവാള്‍ വി എസ് അച്യുതാനന്ദനെ ആം ആദ്മി പാര്‍ടിയിലേക്ക് ക്ഷണിച്ചു. ശേഷം ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും സിപിഐ എം നേതാക്കളെ മറ്റൊരു ആം ആദ്മി പാര്‍ടി നേതാവ് സമീപിച്ച് അവരുടെ പാര്‍ടി ടിക്കറ്റില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ടിയുടെ സ്ഥാനാര്‍ഥികളാകാന്‍ ഏറ്റവും ഉചിതരായ ആളുകളാണെന്ന് പറഞ്ഞായിരുന്നു ഇത്. ആം ആദ്മി പാര്‍ടിയുടെ കാപട്യമാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. "കമ്യൂണിസ്റ്റുകാര്‍ മോശവും വിലകെട്ടവരുമാണ്". പക്ഷേ, അവരുടെ നേതാക്കള്‍ നല്ലവരും സത്യസന്ധരും ആം ആദ്മി പാര്‍ടിയുടെ അംഗങ്ങളും സ്ഥാനാര്‍ഥികളുമാകാന്‍ പറ്റിയവരുമാണ്! രാജ്യത്തെ ചീഞ്ഞളിഞ്ഞ ബൂര്‍ഷ്വാ നവലിബറല്‍ ക്രമത്തിനെതിരെയുള്ള ഏക ബദല്‍ ഇടതുപക്ഷവേദിയാണെന്ന് മനസ്സിലാക്കാന്‍ ഇനിയെങ്കിലും ആം ആദ്മി പാര്‍ടി നേതൃത്വം തയ്യാറാകണം.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി

No comments: