Thursday, January 10, 2008

`കയറ്റുമതിയിലൂടെ വളര്‍ച്ച‘ - തന്ത്രം പാളുന്നു

സാര്‍വ്വദേശീയ സംഭവവികാസങ്ങളെ പൊതുവിലെടുക്കുമ്പോള്‍ ലോകം വീണ്ടുമൊരു മാറ്റത്തിലേക്ക് നടന്നുനീങ്ങുകയാണെന്ന് കാണാം. 17 വര്‍ഷങ്ങള്‍ക്ക്മുന്‍‌പ്-1990 കളില്‍ ഇത്തരം ഒരു മാറ്റം നാം കണ്ടതാണ്. സോവിയറ്റ് യൂണിയന്‍ ശിഥിലമാകുകയും അവിടെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസം തകരുകയും മുതലാളിത്തം വീണ്ടും പുന:സ്ഥാപിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അമേരിക്ക ഏക വന്‍‌ശക്തിയായി മാറി. 1980 മുതല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ കൂട്ടായ്മ തുടര്‍ന്നുവന്ന നവ ഉദാരവല്‍‌ക്കരണ നയങ്ങള്‍ ( ആഗോളവല്‍‌ക്കരണ നയങ്ങള്‍) പൂര്‍വാധികം ശക്തിയായി നടപ്പാക്കാന്‍ അവര്‍ മുതിര്‍ന്നു. ലോകരാഷ്ട്രീയ ബലാബലത്തില്‍ സാമ്രാജ്യത്വത്തിന് അനുകൂലമായ മാറ്റം വന്നതിനെത്തുടര്‍ന്നാണിത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ അതിവേഗം മാറിവരികയാണ്. അതിന്റെ അലയടികള്‍ ലോകസമ്പദ്‌വ്യവസ്ഥയിലും സാമൂഹ്യരംഗങ്ങളിലും രാഷ്ട്രീയതലങ്ങളിലും കാണാം.

അമേരിക്കയുടെ നേതൃത്വത്തില്‍ ആഗോള പുന: സംഘടനക്കായി എടുത്ത നാനാനടപടികള്‍ ലോകസമ്പദ്‌വ്യവസ്ഥയെത്തന്നെ ഒരു കുഴപ്പത്തിലെത്തിച്ചിരിക്കയാണ്. പുന: സംഘടനക്കായി 1990 കളില്‍ അവര്‍ മുന്നോട്ട് വച്ച `കയറ്റുമതിയിലൂടെ വളര്‍ച്ച നേടുക‘ (Export oriented growth)എന്ന തന്ത്രം ഇപ്പോള്‍ പൊട്ടിപ്പൊളിഞ്ഞിരിക്കയാണ്. അതിനെതിരായി വിവിധ രാജ്യങ്ങളിലെ ജനതകള്‍ നടത്തിയ പോരാട്ടങ്ങളും, പ്രസ്തുത നയത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളുമാണ് ഇതിനു കാരണം. `കയറ്റുമതിയിലൂടെ വളര്‍ച്ച നേടുക‘ എന്ന നയം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്ക പറഞ്ഞത് , ഇറക്കുമതികള്‍ക്ക് തങ്ങളുടെ ആഭ്യന്തര കമ്പോളം തുറന്നു കൊടുക്കാന്‍ അവര്‍ സന്നദ്ധരാണ് എന്നാണ്. നവ സ്വതന്ത്ര രാജ്യങ്ങളും ഇപ്രകാരമൊരു സമീപനം എടുക്കണമെന്ന നിര്‍ദ്ദേശവും അവര്‍ മുന്നോട്ട് വച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് സാമ്രാജ്യത്വ ശക്തികള്‍ക്ക് താല്‍ക്കാലികമായി മേല്‍ക്കൈ കിട്ടിയ സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ അവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുകയും ചെയ്തു. ഈ നയമാറ്റങ്ങള്‍ വികസിത-അവികസിത വ്യത്യാസമില്ലാതെ ഒട്ടുമിക്ക രാജ്യങ്ങള്‍ടെയും സമ്പദ്‌വ്യവസ്ഥക്കും ജനങ്ങള്‍ക്കും നാശം വരുത്തിയെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.

2006-ല്‍ ഐ.എം.എഫ് , ലോകബാങ്ക്, തുടങ്ങിയ സ്ഥാപനങ്ങള്‍ `കയറ്റുമതിയിലൂടെ വികസനം‘ എന്ന തന്ത്രം ഉപേക്ഷിച്ചതായി കാണാം. ഇപ്രകാരമൊരു ഔദ്യോഗിക പ്രഖ്യാപനമൊന്നും അവര്‍ ചെയ്തിട്ടില്ല. എന്നാല്‍ അവരുടെ സാമ്പത്തിക വിദഗ്ദര്‍ എഴുതിയ ലേഖനങ്ങളില്‍ “ആഭ്യന്തര വളര്‍ച്ചയില്‍ അധിഷ്ഠിതമായ വികസന”(Domestic oriented growth) തന്ത്രത്തെപ്പറ്റി പറയാന്‍ തുടങ്ങിയിരിക്കുന്നു. കയറ്റുമതിയിലൂടെ വളരുകയെന്ന നയം നടപ്പാക്കുന്നതിനുവേണ്ടി വിവിധ ഗവണ്‍‌മെന്റുകള്‍ സ്വീകരിച്ച ഒട്ടേറെ തീരുമാനങ്ങളും നിലപാടുകളും പുന:പരിശോധിച്ച് തിരുത്താതെ “ആഭ്യന്തര വളര്‍ച്ചയിലൂടെ വികസന”മെന്ന തന്ത്രം നടപ്പാക്കാന്‍ കഴിയില്ലെന്നു കാണാം. വിവിധ രാജ്യങ്ങളുടെ സാമൂഹ്യ രംഗത്ത് പഴയ നയങ്ങള്‍ നടപ്പാക്കിയതുമൂലം ഉണ്ടായിട്ടുള്ള കുഴപ്പങ്ങളും ദുരിതങ്ങളും ചെറുതല്ല. സമ്പത്തിന്റെ കേന്ദ്രീകരണം, ധനിക -ദരിദ്ര വ്യത്യാസം വര്‍ദ്ധിച്ചത്, വികസിത-അവികസിത രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചത്, ഭീമമായ തൊഴിലില്ലായ്‌മ, കാര്‍ഷിക രാജ്യങ്ങളിലെ കൃഷിക്കാരുടെ തകര്‍ച്ച, വ്യവസായങ്ങളുടെ തകര്‍ച്ച എന്നിങ്ങനെ പലതും.

ലാറ്റിനമേരിക്കയിലും, പൂര്‍വേഷ്യയിലും, ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലും ഇപ്പൊള്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ പുതിയൊരു മാറ്റത്തിലേക്ക് ലോകം നീങ്ങുന്നുവെന്ന് കാണാം. സാമ്പത്തികതലത്തിലാവട്ടെ അമേരിക്ക ഏറ്റവും കൂടുതല്‍ കടമുള്ള രാജ്യമായി മാറി. അമേരിക്കന്‍ ഡോളറിന്റെ അന്തര്‍ദ്ദേശീയ പദവി, യൂറോ, യെന്‍, പവന്‍, റൂബിള്‍ തുടങ്ങിയ നാണയങ്ങളാല്‍ വെല്ലുവിളിക്കപ്പെടുകയാണ്. ഈ മാറ്റങ്ങളാണ് സര്‍വ്വദേശീയ ബന്ധങ്ങളില്‍ തുടര്‍ന്നുള്ള മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ബുഷിന്റെ തീവ്ര വലതു പക്ഷ നയങ്ങള്‍ക്ക് ലഭിക്കുന്ന തിരിച്ചടി തൊഴിലാളിവര്‍ഗ ജനാധിപത്യ ശക്തികള്‍ക്ക് മുന്നേറാനുള്ള അവസരങ്ങളാണ്. ഇക്കാര്യത്തില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്.

(ലേഖകന്‍: ശ്രീ. കെ എന്‍ രവീന്ദ്രനാഥ്. കടപ്പാട്: പീപ്പിള്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...