Thursday, January 24, 2008

എസ്.ബി.ടി.യെ രക്ഷിക്കുക

1916 -ല്‍ മഹാനായ ലെനിന്‍ 'സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം' എന്ന കൃതിയില്‍ ഇങ്ങനെ പറയുകയുണ്ടായി.

........'ഇവിടെ വലിയ ബാങ്കുകള്‍ ചെറിയ ബാങ്കുകളെ ഞെക്കി പുറത്താക്കുകയാണ് '.......'ബാങ്കിംഗ് പ്രവര്‍ത്തനം വികസിച്ച് ചുരുക്കം ചില സ്ഥാപനങ്ങളില്‍ കേന്ദ്രീകരിക്കുന്നതോടെ ബാങ്കുകള്‍ എളിയ ഇടനിലക്കാരുടെ നിലവിട്ട് സുശക്തന്മാരായ കുത്തകകളായി വളരുന്നു '.........'എണ്ണത്തില്‍ വളരെപ്പേര്‍ വരുന്ന എളിയ ഇടനിലക്കാര്‍ ഒരുപിടി കുത്തകക്കാരായി ഇങ്ങനെമാറുന്നത്, മുതലാളിത്തം മുതലാളിത്ത സാമ്രാജ്യത്വമായി വളരുന്ന ഗതിക്രമത്തിലെ മൌലികമായ പ്രക്രിയകളിലൊന്നാണ്. അതുകൊണ്ട് ബാങ്കിംഗ് പ്രവര്‍ത്തനത്തിന്റെ കേന്ദ്രീകരണം നമുക്ക് ആദ്യമേതന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു '......

ലെനിന്‍ ദീര്‍ഘദൃഷ്ടിയോടു കൂടി ചൂണ്ടികാട്ടിയപോലെ ആഗോള ബാങ്കിംഗ് രംഗത്ത് ഇന്ന് കേന്ദ്രീകരണം (consolidation) ശക്തിപ്പെട്ടിരിക്കുന്നു. ലോകത്താകമാനം ബാങ്കുകളില്‍ ഊറികിടക്കുന്ന ജനങ്ങളുടെ സമ്പാദ്യം തങ്ങളുടെ വരുതിയില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ മൂലധന ശക്തികള്‍ കണ്ടെത്തിയിട്ടുളള മാര്‍ഗ്ഗങ്ങളാണ് ബാങ്ക് 'സ്വകാര്യ വല്‍ക്കരണവും ', 'ലയനങ്ങളും പിടിച്ചടക്കലുകളും'( Mergers and acquisitions).

നമ്മുടെ ബാങ്കിംഗ് മേഖല തുറന്നുകൊടുക്കണമെന്ന് സാമ്രാജ്യത്വ ശക്തികള്‍ നാണയനിധി, ലോകബാങ്ക്, ലോകവ്യാപാര സംഘടന എന്നീ സ്ഥാപനങ്ങള്‍വഴി നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് 2009 ഏപ്രില്‍ മുതല്‍ വിദേശ ബാങ്കുകള്‍ക്ക് യഥേഷ്ടം കടന്നുവരാനും നമ്മുടെ ബാങ്കുകളെ ഏറ്റെടുക്കാനും കഴിയത്തക്ക വിധത്തില്‍ റിസര്‍വ്വ് ബാങ്ക് ബാങ്കിംഗ് പരിഷ്ക്കാരങ്ങളുടെ ഒരു റോഡ് മാപ്പ് പ്രഖ്യാപിച്ചിട്ടുളളത്. ഈ പ്രക്രിയക്ക് മുന്നോടിയായി നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ പരസ്പരം ലയിച്ച് നാലഞ്ച് വലിയ ബാങ്കുകളായി മാറണമെന്ന് ധനമന്ത്രി ചിദംബരവും ബാങ്കധികാരികളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

2004 - ല്‍ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ ശ്രമം നടന്നതാണ്. ജീവനക്കാരുടേയും ഇടതുപക്ഷപാര്‍ട്ടികളുടേയും ചെറുത്തു നില്‍പ്പിന്റെ ഫലമായി അന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ലയനനീക്കങ്ങള്‍ സജീവമായിരിക്കുന്നു. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് എസ്.ബി.ടിയടക്കമുളള ഏഴു അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന്റെ തുടക്കമായി ഇവയിലെ ചെറിയതും ഗുജറാത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ സ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാന്‍ ഇരു ബാങ്കുകളുടേയും ബോര്‍ഡുകള്‍ തീരുമാനിക്കുകയും യു.പി.എ സര്‍ക്കാര്‍ അതിന് അംഗീകാരം നല്‍കിയിരിക്കുകയുമാണ്. ജീവനക്കാരുടെ എതിര്‍പ്പ് ഉണ്ടാകാതിരിക്കാന്‍ വേണ്ടി എസ്.ബി.ഐയിലെ എല്ലാ ആനുകൂല്യങ്ങളും അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ക്ക് നല്‍കാമെന്നാണ് ഓഫര്‍. ഈ ഓഫര്‍ തളളിക്കളഞ്ഞുകൊണ്ട് ജീവനക്കാരും ഓഫീസര്‍മാരും സെപ്‌റ്റംബറിലും ഡിസംബറിലുമായി രണ്ടു തവണ പണിമുടക്കുകള്‍ നടത്തുകയുണ്ടായി.

ഇതുവരെ ലയന പ്രക്രിയ അതാത് ബാങ്ക് ബോര്‍ഡുകളുടെ തീരുമാനമാണെന്നും തന്റെ സ്ഥാനം കേവലം പരികര്‍മ്മിയുടേത് മാത്രമാണെന്നും പറഞ്ഞിരുന്ന ധനമന്ത്രി ചിദംബരം ഈയിടെയായി ലയനത്തിനെതിരായ നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് ഭീഷണി പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ വിഷയം നമ്മുടെ സമൂഹത്തില്‍ ഗൌരവകരമായ ചര്‍ച്ചയ്ക്ക് വിഷയീഭവിക്കേണ്ടതുണ്ട്.

ബാങ്ക് ലയനങ്ങളെ എന്തുകൊണ്ടെതിര്‍ക്കുന്നു?

ലോകത്താകെയുളള സമ്പാദ്യം തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ മൂലധനശക്തികള്‍ കണ്ടെത്തിയിട്ടുളള മാര്‍ഗ്ഗങ്ങളാണ് ബാങ്ക് സ്വകാര്യ വല്‍ക്കരണവും ലയനങ്ങളും Bank for International Settlements നെ കൊണ്ട് ബാങ്കുകള്‍ മൂലധനം വര്‍ദ്ധിപ്പിക്കണമെന്ന് Basle II norms പ്രകാരം ആവശ്യപ്പെടുക എന്ന നടപടിയാണവര്‍ ആദ്യം ചെയ്തത്. തുടര്‍ന്ന് ഓരോ രാജ്യത്തിലും പഠനകമ്മിറ്റികളെ നിയോഗിപ്പിച്ചുകൊണ്ട് ആഗോളമായി ബാങ്കിംഗ് മേഖലയെ പൊളിച്ചെഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് നമ്മുടെ രാജ്യത്ത് നരസിംഹം കമ്മിറ്റിയുടേയും ഗുപ്തകമ്മിറ്റിയുടേയും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കപ്പെട്ടത്.

സാധാരണ ഗതിയില്‍ 'ബാങ്ക് ലയനങ്ങള്‍' എന്നല്ല പ്രയോഗിക്കാറ്, 'ബാങ്ക് ലയനങ്ങളും പിടിച്ചടക്കലുകളും' (Bank mergers & Acquisitions) എന്നാണ് പറയാറ്. ഉഭയ സമ്മത പ്രകാരം നടക്കുന്നത് 'ലയനങ്ങള്‍' മറ്റൊരു ബാങ്കിന്റെ ഓഹരികള്‍ വാങ്ങികൂട്ടി അതിനെ നിര്‍ബന്ധിതമായി ലയിപ്പിക്കുന്നത് 'പിടിച്ചടക്കല്‍'. ഈ പ്രക്രിയ വഴി സാമ്രാജ്യത്വശക്തികള്‍ ലോകത്താകെ ബാങ്കുകളെ പിടിച്ചെടുക്കുകയും അവിടത്തെ നിക്ഷേപങ്ങള്‍ തങ്ങളുടെ ഇഷ്ടാനുസരണം വിനിയോഗിക്കുകയുമാണ്.

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തോടെ ഈ പ്രക്രിയ അവസാനിക്കില്ല. അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനു പിന്നാലെ എസ്.ബി.ഐയുടെ സ്വകാര്യ വല്‍ക്കരണം ഉണ്ടാകും. ഓഹരികള്‍ വിദേശികള്‍ക്കും നല്‍കും. ഒടുവില്‍ ഏതെങ്കിലും ഒരു വിദേശ ബാങ്ക് എസ്.ബി.ഐയെ വിഴുങ്ങും വരെ പരിഷ്ക്കാരങ്ങള്‍ തുടരും. പിന്നെ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സംഭവിച്ചതുപോലെ ഈ ബാങ്കിലെ നിക്ഷേപം അവരുടെ ഇഷ്ടാനുസരണം ആഗോള ഓഹരി വിപണിയിലേക്കൊഴുകും. ആ രാജ്യങ്ങളില്‍ ബാങ്കുകള്‍ തകര്‍ന്നതും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായതും നമ്മളെല്ലാം തൊണ്ണൂറുകളില്‍ കണ്ടതാണ്. നമ്മെ കാത്തിരിക്കുന്നതും ഇതുതന്നെയാണ്.

ബാങ്ക് അധികാരികള്‍ മുന്നോട്ടുവക്കുന്ന വാദങ്ങളും യാഥാര്‍ത്ഥ്യവും

ലയനങ്ങള്‍ വഴി നമ്മുടെ ബാങ്കുകളുടെ മൂലധനവും, ആസ്തിയും, മത്സരശേഷിയും, കാര്യക്ഷമതയുമൊക്കെ വര്‍ദ്ധിക്കുമെന്നാണ് ലയനാനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. ഈ വാദഗതിയില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ട് എന്ന് നമുക്ക് പരിശോധിക്കാം. ഇന്ത്യയിലെ 27 പൊതുമേഖലാ ബാങ്കുകളെയും ലയിപ്പിച്ച് ഒറ്റ ബാങ്ക് ആക്കി മാറ്റി എന്നു സങ്കല്‍പ്പിക്കുക. ഇതിന്റെ മൂലധനം കേവലം 12400 കോടി രൂപയേ വരൂ. അതായത് 3 ബില്യണ്‍ ഡോളര്‍മാത്രം. എന്നാല്‍ ഇവിടേക്കു കടന്നു വരുന്ന വിദേശഭീമന്‍ ബാങ്കുകളുടെ മൂലധനം എത്രയാണ് ? അമേരിക്കന്‍ ബാങ്ക് ആയ സിറ്റി ബാങ്കിന്റെ മൂലധനം 63 ബില്യണ്‍ ഡോളറാണ്. ബ്രിട്ടീഷ് ബാങ്ക് ആയ HSBC യുടെ മൂലധനം 69 ബില്യണ്‍ ഡോളറാണ്. മറ്റൊരു ബ്രിട്ടീഷ് ബാങ്ക് ആയ Standard Chartered Bank ന്റെ മൂലധനമാകട്ടെ 65 ബില്യണ്‍ ഡോളറാണ്.

ഇനി ഈ ബാങ്കുകളുടെ ആസ്തിയുടെ വലുപ്പം നമുക്കൊന്ന് പരിശോധിക്കാം. ബ്രിട്ടീഷ് ബാങ്ക് ആയ Barclays ന്റെ ആസ്തി 1592 ബില്യണ്‍ ഡോളറാണ്. സ്വിറ്റ്സര്‍ലണ്ട് ബാങ്ക് ആയ UBS ന്റെ ആസ്തി 1568 ബില്യണ്‍ ഡോളര്‍ വരും. ജപ്പാനിലെ Mitsubishi ബാങ്ക് തൊട്ടുപിറകിലായി 1509 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി നില്‍ക്കുന്നു. മൂലധനകാര്യത്തില്‍ നമ്മള്‍ പരാമര്‍ശിച്ച ബ്രിട്ടീഷ് ബാങ്ക് ആയ HSBC യ്ക്ക് 1502 ബില്യണ്‍ ഡോളറും, J.P മോര്‍ഗന്‍ ചേസിന് 1500 ബില്യണ്‍ ഡോളറും, സിറ്റി ബാങ്കിന് 1494 ബില്യണ്‍ ഡോളറും ആസ്തി വരും. നമ്മുടെ 27 പൊതുമേഖലാ ബാങ്കുകളെയും കൂടി ലയിപ്പിച്ചുണ്ടാക്കുന്ന ബാങ്കിന് കേവലം 300 ബില്യണ്‍ ഡോളര്‍ ആസ്തിയേ ഉണ്ടാകൂ. സ്റേറ്റ് ബാങ്ക് ഗ്രൂപ്പിലെ എട്ടുബാങ്കുകളും കൂടി ലയിപ്പിച്ചാലും 175 ബില്യണ്‍ ഡോളര്‍ ആസ്തിയേ വരൂ. ഈ വിശകലനത്തില്‍ നിന്നും നമ്മുടെ ബാങ്കുകള്‍ വിദേശബാങ്കുകളുമായി മൂലധനത്തിന്റെയും ആസ്തിയുടേയും കാര്യത്തില്‍ മത്സരശേഷി കൈവരിക്കുമെന്ന വാദം പൊളളയാണെന്ന് തെളിയുന്നു. യഥാര്‍ത്ഥത്തില്‍ മൂലധനവും ബാങ്കുകളുടെ കാര്യക്ഷമതയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മൂലധന പര്യാപ്തത ഏറെയുണ്ടായിരുന്ന ബെയറിംഗ്സ് ബാങ്ക്, BCCI തുടങ്ങിയ ബാങ്കുകളുടെ തകര്‍ച്ചകള്‍ ഇത് അടിവരയിട്ട് വ്യക്തമാക്കുന്നു.

ലയനം കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നാണ് പിന്നെത്തെ വാദഗതി. ആഗോളതലത്തില്‍ നടന്നിട്ടുളള ബാങ്ക് ലയനങ്ങളെക്കുറിച്ച് പഠിച്ച് KPMG എന്ന ബഹുരാഷ്ട്ര മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തിയിട്ടുളള വിശകലനത്തില്‍ ഈ വാദഗതി അസ്ഥാനത്താണ് എന്നാണ് പറഞ്ഞിട്ടുളളത്. 75% ലയനങ്ങളിലും പിടിച്ചെടുക്കലുകളിലും ഓഹരിയുടമകള്‍ക്ക് മൂല്യവര്‍ദ്ധനയുണ്ടായിട്ടില്ലെന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എക്കണോമിക് & പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രൊഫ. ടി.ടി. രാം മോഹന്‍ എഴുതിയ ലേഖനത്തിലും സമാനമായ കണ്ടെത്തലുകളാണ് ഉളളത്. മറിച്ച് ലയനങ്ങള്‍ സേവനങ്ങളുടെ നിലവാരം ഇടിച്ചുവെന്നും, വന്‍തോതില്‍ ശാഖകള്‍ അടച്ചുപൂട്ടിയതിന്റെ ഫലമായി സാധാരണക്കാര്‍ക്ക് ബാങ്കിംഗ് സേവനം പ്രാപ്യമല്ലാതായി എന്നും, സര്‍വ്വീസ് ചാര്‍ജുകള്‍ വര്‍ദ്ധിച്ചുവെന്നും, ചെറുകിട വായ്പകള്‍ നിലച്ചു എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഏറ്റവും വലിയ ആഘാതമുണ്ടായത് ജീവനക്കാര്‍ക്കാണ് , ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 2001 ല്‍ ILO നടത്തിയ ഒരു പഠനത്തില്‍ ബാങ്ക് ലയനങ്ങളുടെ ഫലമായി ആഗോളാടിസ്ഥാനത്തില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടമായിട്ടുണ്ട് എന്നു പറയുന്നുണ്ട്.

മറ്റൊരു വാദഗതി ലയനം വഴി ബാങ്കുകളുടെ ചിലവ് കുറക്കാനാവും എന്നതാണ്. എങ്ങനെയാണിവര്‍ ചിലവ് കുറക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം. Administrative Office കളുടെ എണ്ണം കുറയ്ക്കുന്നു, ഒരേ പ്രദേശത്തുളള ഒന്നില്‍കൂടുതല്‍ ശാഖകള്‍ അടച്ചുപൂട്ടുന്നു, അതോടൊപ്പം ലാഭകരമല്ല എന്നുപറഞ്ഞ് ഗ്രാമീണശാഖകള്‍ അടക്കുന്നു, ബാങ്കുജോലികള്‍ പുറംകരാര്‍ നല്‍കുന്നു, ജീവനക്കാരെ കുറക്കുന്നു, സ്ഥിരജീവനക്കാര്‍ക്ക് പകരം താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയും ജീവനക്കാരെ പറഞ്ഞയച്ചും കൂലി കുറച്ചുമാണിവര്‍ ചിലവ് കുറയ്ക്കാമെന്ന് പറയുന്നത്. യഥാര്‍ത്ഥത്തില്‍ പുറം കരാര്‍ പണി ബാങ്ക് സേവനങ്ങളുടെ നിലവാരമിടിക്കുകയും ബാങ്ക് ഇടപാടുകളുടെ രഹസ്യ സ്വഭാവം നഷ്ടമാക്കുകയുമാണ് ചെയ്യുന്നത്. ഇതെല്ലാം ഇന്ത്യന്‍ സാമൂഹ്യജീവിതത്തില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും.

ഇന്നും ആയിരക്കണക്കിനു ഗ്രാമങ്ങളില്‍ ബാങ്കുസേവനം ലഭ്യമായിട്ടില്ലാത്ത ഇന്ത്യയില്‍ ബാങ്കുശാഖകള്‍ അടച്ചുപൂട്ടുക എന്നുപറഞ്ഞാല്‍ ഗ്രാമീണ ജനതയേയും കര്‍ഷകരേയും വട്ടിപ്പണക്കാര്‍ക്ക് കൊളളയടിക്കാന്‍ വിട്ടുകൊടുക്കലാണ്. അതുകൊണ്ടാണ് പ്രൊഫ. ടി.ടി.രാംമോഹന്‍ 'ഇന്ത്യയില്‍ ബാങ്കുകളുടെ ജൈവവളര്‍ച്ചയ്ക്കുളള (organic growth) സാധ്യതയെ അടിസ്ഥാനപ്പെടുത്തി മാത്രമേ ലയനങ്ങളുടെ ന്യായാന്യായത പരിശോധിക്കാന്‍ കഴിയൂ' എന്ന് അഭിപ്രായപ്പെട്ടിട്ടുളളത്.

എസ്.ബി.ടിയുടെ തിരോധാനമുയര്‍ത്തുന്ന പ്രശ്നങ്ങള്‍

കേരളീയര്‍ നെഞ്ചേറ്റിയ ബാങ്കാണ് എസ്.ബി.ടി. നൂറുകണക്കിനു സ്വകാര്യബാങ്കുകള്‍ തകര്‍ന്നടിഞ്ഞപ്പോഴും എസ്.ബി.ടി വിശ്വസ്തതയുടെ പര്യായം പോലെ സേവനങ്ങള്‍ വിപുലപ്പെടുത്തി നിലനിന്നു. തിരുവിതാംകൂര്‍ രാജകുടുംബം 1946 ജനുവരി 17 നാണ് ഈ ബാങ്ക് സ്ഥാപിച്ചത് . അതിന്റെ പേര് ' ദി ട്രാവന്‍കൂര്‍ ബാങ്ക് 'എന്നായിരുന്നു. 1955 ല്‍ കേന്ദ്രസര്‍ക്കാര്‍ ഇംപീരിയല്‍ ബാങ്കിനെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൊണ്ടുവരുകയും സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പേരുനല്‍കുകയും ചെയ്തു. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സബ്‌സിഡയറി ആക്ട് നിലവില്‍ വന്നതോടുകൂടി 1960 ജനുവരി 1-ആം തീയതി മുതല്‍ ഈ ബാങ്ക് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ആയി മാറി. കേരള സര്‍ക്കാരിന് കൂടി ഓഹരി ഉടമസ്ഥതയുളള, കേരളത്തില്‍ ആസ്ഥാനമുളള ഏക പൊതുമേഖലാ ബാങ്കാണിത്. ഇതോടൊപ്പം തന്നെ മറ്റ് ആറ് അസോസിയേറ്റ് ബാങ്കുകള്‍ കൂടി സര്‍ക്കാര്‍ രൂപം നല്‍കി.

അറുപതുകളുടെ തുടക്കത്തില്‍ കേരളത്തില്‍ മുപ്പതുകളിലെ ബാങ്കുതകര്‍ച്ചകളെ അനുസ്മരിപ്പിക്കത്തക്കവിധത്തില്‍ നിരവധി ബാങ്കുകള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് ഇടപാടുകാരെ കണ്ണീരിലാഴ്ത്തികൊണ്ട് പാലാ സെന്‍ട്രല്‍ ബാങ്ക് തകര്‍ന്നത് 1960 ആഗസ്റ്റ് 8 നാണ്. മാസങ്ങള്‍ക്കുളളില്‍ കേരളത്തിലെ 3 പ്രധാന ബാങ്കുകളില്‍ മോറട്ടോറിയം പ്രഖ്യാപിക്കുകയുണ്ടായി. ദി ട്രാവന്‍കൂര്‍ ഫോര്‍വേര്‍ഡ് ബാങ്ക് ലിമിറ്റഡ്, ദി കോട്ടയം ഓറിയന്റ് ബാങ്ക് ലിമിറ്റഡ്, ദി ബാങ്ക് ഓഫ് ന്യൂ ഇന്ത്യാ ലിമിറ്റഡ് എന്നിവയായിരുന്നു ആ ബാങ്കുകള്‍. ആറുമാസത്തെ മോറട്ടോറിയത്തിന് ശേഷം ഈ 3 ബാങ്കുകളെയും എസ്.ബി.ടിയില്‍ ലയിപ്പിച്ചു. പാലാ സെന്‍ട്രല്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് നിക്ഷേപം നഷ്ടമായപ്പോള്‍ ഈ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് നിക്ഷേപം നഷ്ടമായില്ല.

തുടര്‍ന്നുളള കാലയളവില്‍ ആറുബാങ്കുകളെ കൂടി എസ്.ബി.ടിയില്‍ ലയിപ്പിക്കുകയുണ്ടായി. ദി വാസുദേവ വിലാസം ബാങ്ക് ലിമിറ്റഡ്, ദി കൊച്ചിന്‍ നായര്‍ ബാങ്ക് ലിമിറ്റഡ്, ദി ലാറ്റിന്‍ ക്രിസ്‌റ്റ്യന്‍ ബാങ്ക് ലിമിറ്റഡ്, ദി ചമ്പക്കുളം കാത്തലിക് ബാങ്ക് ലിമിറ്റഡ്, ബാങ്ക് ഓഫ് ആലുവ ലിമിറ്റഡ്, ദി കാല്‍ഡിയന്‍ സിറിയന്‍ ബാങ്ക് ലിമിറ്റഡ് എന്നിവയായിരുന്നു ആ ബാങ്കുകള്‍. ഈ ബാങ്കുകളിലെ ജീവനക്കാരെ ഉള്‍പ്പെടെയാണ് എസ്.ബി.ടി ഏറ്റെടുത്തത്. ലക്ഷക്കണക്കിന് ഇടപാടുകാരേയും ആയിരക്കണക്കിന് ജീവനക്കാരേയും കണ്ണീരിലാഴ്ത്താതെ എസ്.ബി.ടി ഒരു രക്ഷകനായി മാറി. ഇതോടെ എസ്.ബി.ടിയുടെ ശാഖകള്‍ കേരളത്തിലാകെ വ്യാപിച്ചു. കേരളീയര്‍ സമൃദ്ധിയിലും ഇല്ലായ്മകളിലും ഈ ബാങ്കില്‍ ഓടിയെത്തി. എസ്.ബി.ടി ആരേയും നിരാശരാക്കിയില്ല. കേരളത്തിലെ പ്രധാന വ്യാപാരികളുടേയും വ്യവസായികളുടേയും കര്‍ഷകരുടേയും കൈത്തൊഴിലുകാരുടേയും സ്വയംതൊഴില്‍ ചെയ്യാന്‍ തയ്യാറായി വന്ന ചെറുപ്പക്കാരുടേയും ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ എസ്.ബി.ടി ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

കേരള സര്‍ക്കാരിന്റെ ബിസിനസ്സും എസ്.ബി.ടി ചെയ്തുകൊടുത്തു. എസ്.ബി.ടി ജീവനക്കാര്‍ മെച്ചപ്പെട്ട സേവനവും പ്രദാനം ചെയ്തു. ഈ ബന്ധത്തില്‍ നിന്നും കരുത്താര്‍ജ്ജിച്ച് എസ്.ബി.ടി വളര്‍ന്നു. മറ്റു സംസ്ഥാനങ്ങളിലേക്കും ഈ ബാങ്കിന്റെ ബിസിനസ്സ് വ്യാപിപ്പിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരി, നാഗര്‍കോവില്‍ ജില്ലകളില്‍ ഇന്നും എസ്.ബി.ടി യാണ് പ്രധാനബാങ്ക്. ഇന്ന് എസ്.ബി.ടി ഇന്ത്യയില്‍ ആകെ 706 ശാഖകളും 32902 കോടി രൂപ നിക്ഷേപവും 27332 കോടി രൂപയുടെ വായ്പയുമുളള ഒരു വലിയ ബാങ്കായി വളര്‍ന്നിരിക്കുന്നു. മിക്ക സ്വകാര്യബാങ്കുകളെക്കാളും ബിസിനസ്സുളള ബാങ്കായി എസ്.ബി.ടി വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. ബിസിനസ്സ്, മൂലധന പര്യാപ്തത, Business per Employee , Profit per Employee, Net NPA to credit, Return on Assets,തുടങ്ങിയ മാനദണ്ഡങ്ങള്‍ വച്ചുനോക്കിയാല്‍ ഇന്ത്യയില്‍ ഏതൊരുബാങ്കിനോടും കിടപിടിക്കാവുന്ന ബാങ്കായി എസ്.ബി.ടി മാറിയിരിക്കുന്നു.

എസ്.ബി.ടി .യുടെയും സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും കേരളത്തിലെ ബിസിനസ്സിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ഇവയുടെ നയ സമീപനം വ്യക്തമാകും. SBI യ്ക്ക് ഒരു ദേശീയ കാഴ്ച്ചപ്പാടാണ് ഉളളത്. എസ്.ബി.ടി യാകട്ടെ കേരളത്തിലെ ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് വായ്പാ പദ്ധതികള്‍ രൂപീകരിക്കുകയും വായ്പ നല്‍കുകയും ചെയ്യുന്നു. മാത്രവുമല്ല കേരള സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ബോണ്ടുകളും കടപത്രങ്ങളും പുറപ്പെടുവിച്ചപ്പോഴെല്ലാം അവയില്‍ ഏറ്റവുമധികം നിക്ഷേപം നടത്തിയിട്ടുളളത് എസ്.ബി.ടി യാണ്. 2007 ഡിസംബര്‍ 24 ന് ചേര്‍ന്ന SLBC ( State Level Bankers' Committee) യോഗത്തില്‍ കഴിഞ്ഞവര്‍ഷം കേരളത്തില്‍ വിതരണം ചെയ്തിട്ടുളള വിദ്യാഭ്യാസ വായ്പയുടെ സിംഹഭാഗവും എസ്.ബി.ടി യാണ് വിതരണം ചെയ്തിട്ടുളളത് എന്ന് വിലയിരുത്തിയിട്ടുണ്ട്.

മുകളില്‍ കൊടുത്തിട്ടുളളത് കേരളത്തിലെ മുന്‍ഗണനാ വായ്പയുടെ വിതരണത്തിന്റെ ചാര്‍ട്ടാണ്. ഏകദേശം ഇരട്ടിയോളം ശാഖകള്‍ ഉളള എസ്.ബി.ടി , വിവിധ വിഭാഗങ്ങള്‍ക്കായി എസ്.ബി.ഐ നല്‍കിയതിന്റെ മൂന്നിരട്ടി മുതല്‍ അഞ്ചിരട്ടി വരെ വായ്പ വിതരണം ചെയ്തിട്ടുളളതായി കാണാന്‍ കഴിയും. ഈ താരതമ്യത്തില്‍ നിന്നു തന്നെ എസ്.ബി.ടിയുടെ തിരോധാനം കേരളത്തിന് എത്രമാത്രം ആഘാതമാകുമെന്നത് വ്യക്തമാകുന്നു.

അസോസിയേറ്റ് ലയനങ്ങളെ ചെറുത്തു തോല്‍പ്പിക്കുക

ഇതേ പ്രത്യഘാതം തന്നെയാണ് ഓരോ അസോസിയേറ്റ് ബാങ്ക് അപ്രത്യക്ഷമാകുമ്പോഴും അതാത് പ്രദേശങ്ങളില്‍ സംഭവിക്കുക. പഞ്ചാബ്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുളള കര്‍ഷകര്‍, ചെറുകിട വ്യവസായികള്‍, വ്യാപാരികള്‍, കൈതൊഴിലുകാര്‍, സ്വയം തൊഴില്‍ വായ്പ എടുക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാ തുറയിലുളളവര്‍ക്കും ഈ ലയനങ്ങള്‍ വലിയ ആഘാതമാണുണ്ടാക്കുക. എഴുപതിനായിരത്തോളം വരുന്ന അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും ലയനം ഭാവിയില്‍ ആപത്കരമായി തീരും എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ Business Process Re-engineering എന്ന പേരില്‍ മെക്കന്‍സി ശുപാര്‍ശ പ്രകാരം പരിഷ്കാരങ്ങള്‍ നടപ്പിലാക്കി വരുകയാണ്. ശാഖകളുടെ എണ്ണം കുറയ്ക്കല്‍, ജീവനക്കാരെ കുറയ്ക്കല്‍, ബാങ്ക് ജോലികള്‍ പുറം കരാര്‍ പണി നല്‍കല്‍, പോസ്റ്റ് ഓഫീസുകളെ net work ചെയ്തുകൊണ്ട് ശാഖകളിലെ ജോലികള്‍ ഏല്‍പ്പിക്കല്‍ തുടങ്ങിയ നടപടികള്‍ ഇതിന്റെ ഭാഗമായി കൊണ്ടുവരപ്പെടുകയാണ്. എസ്.ബി.ഐയിലെ ജീവനക്കാരെ വന്‍തോതില്‍ കുറയ്ക്കാനാണ് മെക്കന്‍സി ശുപാര്‍ശ. പിന്നെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.

ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ഈ നടപടികള്‍ക്കെതിരെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ 2 തവണ സമരം നടത്തിക്കഴിഞ്ഞു. ഈ വരുന്ന ജനുവരി 25 നും ഫെബ്രുവരി 25, 26 തിയതികളിലും ബാങ്ക് ജീവനക്കാര്‍ വീണ്ടും ദേശവ്യാപകമായി പണി മുടക്കുകയാണ്.

-സജി വര്‍ഗീസ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളീയര്‍ നെഞ്ചേറ്റിയ ബാങ്കാണ് എസ്.ബി.ടി. നൂറുകണക്കിനു സ്വകാര്യബാങ്കുകള്‍ തകര്‍ന്നടിഞ്ഞപ്പോഴും എസ്.ബി.ടി വിശ്വസ്തതയുടെ പര്യായം പോലെ സേവനങ്ങള്‍ വിപുലപ്പെടുത്തി നിലനിന്നു. തിരുവിതാംകൂര്‍ രാജകുടുംബം 1946 ജനുവരി 17 നാണ് ഈ ബാങ്ക് സ്ഥാപിച്ചത് . അതിന്റെ പേര് ' ദി ട്രാവന്‍കൂര്‍ ബാങ്ക് 'എന്നായിരുന്നു. 1955 ല്‍ കേന്ദ്രസര്‍ക്കാര്‍ ഇംപീരിയല്‍ ബാങ്കിനെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൊണ്ടുവരുകയും സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പേരുനല്‍കുകയും ചെയ്തു. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സബ്‌സിഡയറി ആക്ട് നിലവില്‍ വന്നതോടുകൂടി 1960 ജനുവരി 1-ആം തീയതി മുതല്‍ ഈ ബാങ്ക് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ആയി മാറി. കേരള സര്‍ക്കാരിന് കൂടി ഓഹരി ഉടമസ്ഥതയുളള, കേരളത്തില്‍ ആസ്ഥാനമുളള ഏക പൊതുമേഖലാ ബാങ്കാണിത്.

ഇന്നിപ്പോള്‍ എസ് ബി റ്റി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെയെല്ലാം എസ് ബി ഐ യില്‍ ലയിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ഈ നടപടികള്‍ക്കെതിരെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ 2 തവണ സമരം നടത്തിക്കഴിഞ്ഞു. ഈ വരുന്ന ജനുവരി 25 നും ഫെബ്രുവരി 25, 26 തിയതികളിലും ബാങ്ക് ജീവനക്കാര്‍ വീണ്ടും ദേശവ്യാപകമായി പണി മുടക്കുകയാണ്.ഈ സംഭവങ്ങള്‍ക്കു പിന്നിലെ കാര്യങ്ങളെപ്പറ്റി
ശ്രീ.സജി വര്‍ഗീസ് എഴുതിയ ലേഖനം