Tuesday, January 8, 2008

ബുദ്ധനും ബസുവും പറഞ്ഞതും പറയാത്തതും

കമ്യൂണിസം മാനവസമുദായത്തിന്റെ മഹാസ്വപ്നമാണെന്നും സാമ്രാജ്യത്വത്തിനും മുതലാളിത്തവ്യവസ്ഥയ്ക്കും എതിരായ ഏക ബദല്‍ സോഷ്യലിസമാണെന്നും പറഞ്ഞുവന്നവര്‍ തന്നെ ഇപ്പോള്‍ വഴിമാറി നടക്കുന്നു. സോഷ്യലിസ്റ്റ് ബദല്‍ മാതൃകകള്‍ പ്രത്യക്ഷത്തില്‍ മനോഹരമാണെന്നു തോന്നുമെങ്കിലും അവ പ്രായോഗികമല്ലെന്ന തിരിച്ചറിവിലെത്തിയ ഇന്ത്യയിലെ രണ്ടു പ്രമുഖ മാര്‍ക്സിസ്റ്റ് നേതാക്കളാണു ജ്യോതി ബസുവും ബുദ്ധദേവ് ഭട്ടാചാര്യയും. ബംഗാളിനെ വലത്തോട്ടു നയിച്ചതു ജ്യോതി ബസു മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ബുദ്ധദേവ് ഭട്ടാചാര്യയാകട്ടെ സ്വകാര്യ മൂലധനത്തിന്റെ ശക്തനായ കാവല്‍ക്കാരനായി നിലകൊള്ളുകയും ചെയ്തു.

മനോരമ

പശ്ചിമ ബംഗാളിനെ വ്യവസായവത്കരിക്കാന്‍ മുതലാളിത്തപാത സ്വീകരിക്കണമെന്ന മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിലപാടിന് മുതിര്‍ന്ന സി.പി.എം നേതാവ് ജ്യോതിബസു പിന്തുണ നല്കി. ഇന്നത്തെ കാലത്ത് സോഷ്യലിസം അത്ര പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി ഘടകകക്ഷികള്‍ ബുദ്ധദേവിന്റെ ശൈലിയെ എതിര്‍ക്കുന്നതില്‍ ബസു അത്ഭുതം പ്രകടിപ്പിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''രാജ്യത്തും വിദേശത്തും നിന്നുള്ള മൂലധനം നമുക്ക് ആവശ്യമുണ്ട്. എന്തൊക്കെയായാലും മുതലാളിത്ത വ്യവസ്ഥിതിയിലാണ് നമ്മള്‍ ജീവിക്കുന്നത്. സോഷ്യലിസം ഇക്കാലത്ത് സാധ്യമല്ല. സോഷ്യലിസം വിദൂരത്താണ്''_ ബസു പറഞ്ഞു.

''വര്‍ഗരഹിത സമൂഹം പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, അത് വളരെ മുമ്പാണ്. സോഷ്യലിസം തന്നെയാണ് നമ്മുടെ രാഷ്ട്രീയ അജന്‍ഡ. ഇക്കാര്യം പാര്‍ട്ടി രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മുതലാളിത്തം ഭാവികാലത്തേക്കുള്ള പ്രേരകശക്തിയായി തുടരും''_ പൊളിറ്റ്ബ്യൂറോ അംഗമായ ബസു അഭിപ്രായപ്പെട്ടു. രാജ്യത്ത് സി.പി.എം മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ് അധികാരത്തിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍സോഷ്യലിസം നടപ്പാക്കുമെന്ന് പറയാനാകുമോ എന്നാല്‍, വ്യവസായത്തിനായി സ്വകാര്യമൂലധനം ക്ഷണിക്കുമ്പോള്‍ തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കപ്പെടണം. അദ്ദേഹം പറഞ്ഞു.

മാതൃഭൂമി

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്കു പിന്നാലെ മുതിര്‍ന്ന സി.പി.എം നേതാവ് ജ്യോതി ബാസുവും മുതലാളിത്ത വ്യവസ്ഥിതിക്കു പിന്തുണയുമായി രംഗത്ത്. സോഷ്യലിസം നിലവില്‍ അസംഭവ്യമാണെന്നാണു ബാസുവിന്റെ അഭിപ്രായം.

'സോഷ്യലിസം ഞങ്ങളുടെ രാഷ്ട്രീയ അജന്‍ഡയാണ്. അതു പാര്‍ട്ടി രേഖയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, ഭാവിക്ക് ആവശ്യം കാപ്പിറ്റലിസമാണ്'-ബാസു പറഞ്ഞു.

'നമുക്ക് ആവശ്യം ആഭ്യന്തരവും വിദേശവുമായ മൂലധനമാണ്. മുതലാളിത്ത വ്യവസ്ഥിതിക്കു കീഴിലാണു നാം പ്രവര്‍ത്തിക്കുന്നതെന്നതാണു വസ്തുത. സോഷ്യലിസം ഇപ്പോള്‍ പ്രായോഗികമല്ല'-ബാസു അഭിപ്രായപ്പെട്ടു. വേര്‍തിരിവുകളില്ലാത്ത സമൂഹസൃഷ്ടിയെക്കുറിച്ചാണു തങ്ങള്‍ പറയുന്നതെങ്കിലും അതു സാധ്യമാക്കാന്‍ ഏറെ സമയം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദീപിക

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ജ്യോതിബസുവും നടത്തിയ ചില പ്രസ്താവനകള്‍ ചൂടുപിടിച്ച വിവാദങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മുകളിലെ വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്നതിന്റെ ചെറിയൊരു അംശം മാത്രം. ബ്ലോഗിലും ഇതിന്റെ പുറത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, ഇനിയും നടന്നേക്കും. ഇക്കാര്യത്തില്‍ സി.പി.ഐ.എം ന് എന്താണ് പറയാനുള്ളത് ? അവരുടെ ഭാഗത്തുനിന്നുള്ള വ്യാഖ്യാനങ്ങള്‍ക്കും പ്രസക്തിയുണ്ടെന്ന് തോന്നുന്നു.

അതിനാല്‍ ശ്രീ. പി.രാജീവ് എഴുതിയ ബംഗാളും മുതലാളിത്തവും എന്ന ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

മുതലാളിത്തത്തെയും മൂലധനത്തെയും സംബന്ധിച്ച ജ്യോതിബസുവിന്റെയും ബുദ്ധദേവിന്റെയും അഭിപ്രായങ്ങള്‍ മലയാളമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. കഴിഞ്ഞദിവസത്തെ പ്രധാനപത്രങ്ങളുടെ ലീഡ് വാര്‍ത്തയാണ് ഇത്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നിരീക്ഷകന്‍ മാതൃഭൂമിയില്‍ അവലോകനവും നടത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ബംഗാളില്‍ സോഷ്യലിസം കെട്ടിപ്പടുക്കാന്‍ സിപിഐ എം നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയായിരുന്നെന്നും അത് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നുവെന്ന ധ്വനിയാണ് വാര്‍ത്തകളിലുള്ളത്.

'മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്കകത്താണ് നാം ഇന്നു പ്രവര്‍ത്തിക്കുന്നതെന്നും കമ്യൂണിസത്തിന്റെ അടിസ്ഥാനശിലമായ വര്‍ഗസമരസിദ്ധാന്തത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ട് ബസു പറഞ്ഞു' എന്നും മനോരമ എഴുതിയിട്ടുണ്ട്. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്കകത്താണ് ഇന്ന് ബംഗാളും കേരളവും ഉള്‍പ്പെടുന്ന ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന യാഥാര്‍ഥ്യം വെളിപാടുപോലെ ബസുവിന് ഇപ്പോഴുണ്ടായി എന്നതാണല്ലോ ഇതിന്റെ അര്‍ഥം. എത്രമാത്രം അബദ്ധമായ ധാരണകളാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്ളത്. ഇന്ത്യയില്‍ മുതലാളിത്തമാണെന്നതുകൊണ്ട് വര്‍ഗസമരസിദ്ധാന്തം തള്ളിക്കളയപ്പെടുന്നത് എങ്ങനെ?

മുതലാളിത്തത്തിന് അതിന്റേതായ ഇടമുണ്ടെന്ന് ജ്യോതിബസു പറഞ്ഞതായാണ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുതലാളിത്തത്തിന്റെ പ്രസക്തിയെ കേവലമായി നിഷേധിക്കുകയല്ല മാര്‍ക്സിസവും ചെയ്യുന്നത്. മുതലാളിത്തപൂര്‍വ സാമൂഹ്യവ്യവസ്ഥകളുമായി താരതമ്യംചെയ്യുമ്പോള്‍ പുരോഗമനപരമാണ് മുതലാളിത്തമെന്നും മാര്‍ക്സ് തന്നെ വിശദമാക്കിയിട്ടുണ്ട്. എന്നാല്‍, സോഷ്യലിസവുമായി താരതമ്യംചെയ്യുമ്പോള്‍ അതു പിന്തിരിപ്പനാണ്.

'ഇന്ത്യ ഒരു ഫെഡറല്‍ രാജ്യമാണ്. അതിനകത്തെ സംസ്ഥാനങ്ങള്‍ മാത്രമാണ് ബംഗാളും കേരളവും ത്രിപുരയും. ഇവിടെ മാത്രമായി എങ്ങനെയാണ് സോഷ്യലിസം നടപ്പാക്കുക' എന്നു ജ്യോതിബസു പറഞ്ഞതില്‍ എന്താണ് പിശകുള്ളത്. എന്നാല്‍, തെറ്റായ വ്യാഖ്യാനങ്ങള്‍ ചമച്ച് മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ വിശദീകരണം അത്യാവശ്യമാണ്.

മുതലാളിത്ത വികസനപാത നടപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഭരണവര്‍ഗമാണ് ഇന്ത്യന്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നതെന്ന യാഥാര്‍ഥ്യബോധം നിറഞ്ഞ നിലപാട് പാര്‍ടി പരിപാടിയില്‍ സിപിഐ എം വിശദമാക്കുന്നുണ്ട്. ഏതെങ്കിലും സംസ്ഥാനത്തിനകത്ത് രാഷ്ട്രീയാധികാരം ലഭിച്ചുകഴിഞ്ഞാല്‍ അതോടെ അവിടെ സോഷ്യലിസ്റ്റ് നിര്‍മാണം ആരംഭിക്കാമെന്ന അബദ്ധധാരണ ഒരുകാലത്തും സിപിഐ എമ്മിന് ഇല്ല. ബംഗാളിലും കേരളത്തിലും ത്രിപുരയിലും അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ ദൌത്യവും സോഷ്യലിസം കെട്ടിപ്പടുക്കലല്ല. ഇതു നിരീക്ഷകന്‍ സാര്‍വദേശീയ സാഹചര്യങ്ങളെ വിലയിരുത്തി എത്തിയ സോഷ്യലിസ്റ്റ് തിരിച്ചടിയില്‍നിന്നുണ്ടായ പരിഷ്കരണവുമല്ല. 1957ല്‍ രാജ്യത്ത് ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റു സര്‍ക്കാരിനെ നയിക്കുമ്പോള്‍തന്നെ പാര്‍ടി വ്യക്തമാക്കിയിട്ടുള്ളതാണ്.

"ഞാന്‍ രൂപീകരിക്കാന്‍ പോകുന്ന സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള അടിയന്തര പരിപാടി നടപ്പില്‍ വരുത്തുന്ന ഗവണ്‍മെന്റായിരിക്കും. അല്ലാതെ ഒരു കമ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കുന്ന ഗവണ്‍മെന്റായിരിക്കുകയില്ല. ഞാന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസം സ്ഥാപിക്കുന്നതിനാണ്. എന്നാല്‍, ഈ ഗവണ്‍മെന്റ് അത്തരത്തിലുള്ള ഒരു സമുദായം സ്ഥാപിക്കാന്‍ ശ്രമിക്കുകയില്ല.''

1957 ഏപ്രില്‍ നാലിന് അധികാരത്തിലേറുംമുമ്പാണ് ഇ എം എസ് ഇത് വ്യക്തമാക്കിയത്. നയപ്രഖ്യാപനത്തിലും ഈ സമീപനം തെളിഞ്ഞുകാണാം. നെഹ്റുവിന്റെ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷ പരിപാടി നടപ്പില്‍ വരുത്താനാണ് പാര്‍ടി ശ്രമിക്കുകയെന്നും ഇ എം എസ് വ്യക്തമാക്കിയിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ടി നയിക്കുന്ന സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണകൂടഘടനയ്ക്കകത്താണ് പ്രവര്‍ത്തിക്കുന്നത്. മുതലാളിത്തം നടപ്പാക്കുന്ന കാര്യത്തില്‍നിന്ന് ഈ സര്‍ക്കാരുകള്‍ക്ക് മാത്രമായി മാറിനില്‍ക്കാന്‍ കഴിയില്ല. ഇതുതന്നെയാണ് തന്റെ സര്‍ക്കാര്‍ മുതലാളിത്തമാണ് നടപ്പാക്കുന്നതെന്ന് സമീപകാലത്തെ ബുദ്ധദേവിന്റെ പ്രസ്താവനയിലും പ്രതിഫലിക്കുന്നത്. ഇ എം എസോ ജ്യോതിബസുവോ എന്നല്ല, കാറല്‍ മാര്‍ക്സ് സംസ്ഥാന സര്‍ക്കാരിനെ നയിച്ചാലും ഇതുതന്നെയാണ് സംഭവിക്കുക. എന്നാല്‍, ഈ പരിമിതിക്കകത്തുനിന്ന് സാധ്യമായ ബദല്‍നയങ്ങള്‍ ആവിഷ്കരിക്കാനും നടപ്പാക്കാനുമാണ് പാര്‍ടി ശ്രമിക്കുന്നത്. അതിന് ആവശ്യമായ സ്വാധീനം ഉള്ളിടങ്ങളില്‍ മാത്രമേ സിപിഐ എം അധികാരത്തില്‍ പങ്കാളിയാകൂ എന്ന് നിഷ്കര്‍ഷിക്കുന്നതും ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്.

1957ലെ സര്‍ക്കാര്‍ ഭൂപരിഷ്കരണത്തിനു തുടക്കമിട്ടു. വിപ്ലവകരമായ പ്രവര്‍ത്തനമായാണ് രാജ്യം ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍, സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ കടമയുടെ നിര്‍വഹണമായിരുന്നു അതെന്ന അബദ്ധധാരണയൊന്നും കമ്യൂണിസ്റ്റുകാര്‍ക്ക് ഇല്ല. ലോകത്ത് മുതലാളിത്തമാണ് ഭൂമി പിടിച്ചെടുക്കലും വിതരണംചെയ്യലും ആദ്യം നടപ്പാക്കിയത്. സ്വകാര്യസ്വത്ത് ഉടമസ്ഥരാക്കി ഭൂരിപക്ഷത്തെയും മാറ്റാന്‍ ശ്രമിക്കുന്നത് സ്വകാര്യസ്വത്തിനെ ഇല്ലാതാക്കലല്ലല്ലോ. സ്വന്തമായി ഭൂമി ലഭിക്കുന്നവന്റെ വാങ്ങല്‍ശേഷി വര്‍ധിക്കുമെന്നും അത് അഭ്യന്തരകമ്പോളത്തെ വിപുലപ്പെടുത്തുമെന്നും മുതലാളിത്തത്തിന് അറിയാം. കമ്പോളത്തിനുവേണ്ടി ഉല്‍പ്പാദനം നടത്തുന്ന മുതലാളിത്തവ്യവസ്ഥയ്ക്ക് പിടിച്ചുനില്‍ക്കാനും മുന്നോട്ടുപോകാനും ഇത് അത്യാവശ്യമാണ്. എന്നാല്‍, ഇന്ത്യന്‍ ബൂര്‍ഷ്വാസി ജന്മിത്വവുമായി നടത്തിയ സന്ധിചെയ്യല്‍ ഈ കടമയില്‍നിന്ന് പിന്തിരിപ്പിച്ചു. ആ ദൌത്യമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അധികാരം ലഭിച്ച സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ടി നടപ്പാക്കാന്‍ ശ്രമിച്ചത്.

മൂലധനം വ്യവസായ വികസനത്തിന് അനിവാര്യമാണെന്ന ധാരണയും കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം പുതിയതല്ല. 57ലെ ഇ എം എസിന്റെ സര്‍ക്കാര്‍ മാവൂര്‍-ഗ്വാളിയോര്‍ റയോണ്‍സ് ആരംഭിക്കാന്‍ ബിര്‍ലയെയാണ് ആനുകൂല്യങ്ങള്‍ നല്‍കി ക്ഷണിച്ചുകൊണ്ടുവന്നത്. ടാറ്റായ്ക്കും ബിര്‍ലയ്ക്കും ഗോയങ്കയ്ക്കുമെതിരെ അതിശക്തമായി മുദ്രാവാക്യം മുഴക്കുന്ന കാലത്തുതന്നെയായിരുന്നു അത്. എന്നു മാത്രമല്ല സ്വകാര്യ വ്യവസായ സംരംഭകരെ സഹായിക്കാന്‍ അവര്‍ ആരംഭിക്കുന്ന വ്യവസായങ്ങളില്‍ സര്‍ക്കാര്‍ ഓഹരി എടുക്കാനും തയ്യാറാണെന്ന് 1957ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അച്യുതമേനോന്‍ പ്രഖ്യാപിച്ചു. ഇ എം എസിന്റെയും എ കെ ജിയുടെയും കാലത്തെ പാര്‍ടിപ്രവര്‍ത്തകര്‍ക്ക് ആലോചിക്കാന്‍പോലും കഴിയാത്ത കാര്യങ്ങളാണ്' എന്ന് എഴുതിവിടുന്ന നിരീക്ഷകന്‍ ഇത്തരം ചരിത്രം അറിഞ്ഞില്ലെന്നുനടിക്കുന്നു.

നിരീക്ഷകന് ഇക്കാര്യങ്ങളിലുള്ള മാര്‍ക്സിസ്റ്റ് ജ്ഞാനം വ്യക്തമാക്കുന്നതിന് അവലോകനത്തിലെ ഒരു വാചകം ധാരാളമാണ്:

'അന്താരാഷ്ട്ര സമ്മര്‍ദത്തിനുവഴങ്ങി കോണ്‍ഗ്രസ്‌ പാര്‍ടി സോഷ്യലിസ്റ്റുപാത ഉപേക്ഷിക്കുന്നു' അപ്പോള്‍ എന്താണ് സോഷ്യലിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൌലികധാരണ? സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് സോഷ്യലിസമാണെന്നു ധരിച്ചയാളുകളും പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ടിയെ ആ ഗണത്തില്‍ കൂട്ടേണ്ടതില്ല. 'ഓരോരുത്തരും അവനവന്റെ കഴിവിനനുസരിച്ച് അധ്വാനിക്കുകയും ഓരോരുത്തര്‍ക്കും അവരവരുടെ അധ്വാനത്തിന് അനുസരിച്ച് ലഭിക്കുകയും ചെയ്യുന്ന' സാമൂഹ്യക്രമമായ സോഷ്യലിസമാണ് പൊതുമേഖലയിലൂടെയും ബാങ്ക്ദേശസാല്‍ക്കരണത്തിലൂടെയും കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതെന്നും കരുതാന്‍ ശാസ്ത്രീയ വിശകലനരീതി പിന്തുടരുന്ന പ്രസ്ഥാനത്തിനു കഴിയില്ലല്ലോ. വന്‍ മുതല്‍മുടക്ക് ആവശ്യമുള്ള അടിസ്ഥാന വ്യവസായങ്ങളില്‍ മൂലധനമിറക്കാന്‍ ശേഷിയില്ലാതിരുന്ന ഇന്ത്യന്‍ മുതലാളിത്തത്തിന് വളര്‍ച്ചയ്ക്ക് പരിസരമൊരുക്കാനാണ് ആ നടപടികളിലൂടെ ശ്രമിച്ചത്. രണ്ടാം ലോകയുദ്ധശേഷം ആധിപത്യം ലഭിച്ച കെയ്‌നീഷ്യന്‍ സാമ്പത്തിക ചിന്തയുടെ പ്രചോദനം കൂടിയായിരുന്നു അത്. സാമൂഹ്യക്ഷേമമണ്ഡലങ്ങളിലെ സര്‍ക്കാര്‍ ഇടപെടലും ഇതിന്റെ മറ്റൊരു മുഖമാണ്. സോവിയറ്റ് യൂണിയന്‍ നെഹ്റുവിനെ ആകര്‍ഷിച്ചിരുന്നുവെന്നത് വസ്തുതയാണെങ്കിലും വര്‍ഗസമീപനം ഇതുതന്നെയാണ്. ആഗോളവല്‍ക്കരണവും ഭീമാകാരംപൂണ്ട ഇന്ത്യന്‍ കുത്തകകളുടെ താല്‍പ്പര്യവും ഈ നയങ്ങളില്‍നിന്നുപോലും പിന്‍വലിയാന്‍ ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തിനു മടിയില്ലാതായിരിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, അത് 'സോഷ്യലിസ്റ്റ് പാതയില്‍നിന്നുള്ള വ്യതിചലനമാണെന്ന അങ്ങേയറ്റം അബദ്ധമായ 'നിരീക്ഷക'ധാരണ സിപിഐ എമ്മിന് ഇല്ല.

സോഷ്യലിസ്റ്റ് നിര്‍മാണമല്ല സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നതെന്ന വെളിപ്പെടുത്തലില്‍ ഹാലിളകുന്ന സ്വയംപ്രഖ്യാപിത മാര്‍ക്സിസ്റ്റ് നിരീക്ഷകര്‍ക്ക് 'ഞെട്ടലുളവാക്കുന്ന' മറ്റൊരു കാര്യം സിപിഐ എം പരിപാടി വായിച്ചാല്‍ ലഭിക്കും. രാജ്യത്ത് സോഷ്യലിസ്റ്റ് വിപ്ലവം അടിയന്തരവിപ്ലവ കടമയായി പാര്‍ടി പരിപാടി കാണുന്നില്ല. ഇന്നത്തെ മൂര്‍ത്തമായ ഇന്ത്യന്‍ സാഹചര്യത്തില്‍ ജനകീയ ജനാധിപത്യ വിപ്ളവമാണ് പാര്‍ടി വിഭാവനംചെയ്യുന്നത്. മുതലാളിത്തം ചെയ്യേണ്ട ജനാധിപത്യകടമകളാണ് അതിലൂടെ പൂര്‍ത്തിയാക്കുന്നത്. ബൂര്‍ഷ്വാസി നയിക്കുന്ന ജനാധിപത്യവിപ്ലവത്തില്‍നിന്ന് മൌലികമായി വ്യത്യസ്തമായിരിക്കും തൊഴിലാളിവര്‍ഗം നയിക്കുന്ന ജനാധിപത്യവിപ്ലവം. ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ പരിപാടിയും പാര്‍ടി വ്യക്തമാക്കിയിട്ടുണ്ട്. അവിടെയും സ്വകാര്യ മൂലധനത്തിന് സ്ഥാനമുണ്ടായിരിക്കും. വിദേശമൂലധനത്തിന് നിരോധനവുമുണ്ടാകില്ല. നിയന്ത്രണം ഉറപ്പായും ഉണ്ടായിരിക്കുകയും ചെയ്യും. സംസ്ഥാനത്ത് അധികാരം ലഭിക്കുമ്പോള്‍തന്നെ സ്വകാര്യമൂലധനം ഇല്ലായ്മ ചെയ്യുമെന്നു കരുതുന്നവര്‍ സിപിഐ എമ്മിന്റെ പരിപാടിയെങ്കിലും വായിക്കേണ്ടേ? കാള പെറ്റെന്നു കേട്ടു കയറെടുക്കുന്നതാണ് ചില ഇടതുപക്ഷപാര്‍ടികളുടെ നിലപാടും.

മാര്‍ക്സിസത്തിന്റെ ഹൃദയം മൂര്‍ത്ത സാഹചര്യങ്ങളുടെ മൂര്‍ത്ത വിശകലനമാണ്. സാഹചര്യങ്ങളുടെ വസ്തുവിഷ്ഠതയാണ് ഏതു വിശകലനത്തിന്റെയും പ്രധാന ഘടകം - എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ദശകങ്ങള്‍ക്കുമുമ്പ് ലെനിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അനുസരിച്ചുതന്നെയാണ് പാര്‍ടി പരിപാടി ആവിഷ്കരിച്ചതും അതതു കാലത്തിന്റെ അടവുകള്‍ കൈക്കൊള്ളുന്നതും. മുതലാളിത്ത ഭരണകൂടഘടനയ്ക്കകത്ത് പ്രവര്‍ത്തിക്കുകയും അതേസമയം അതിനെ തകര്‍ത്തെറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ വൈരുധ്യാത്മകപ്രയോഗം പാര്‍ടിയെക്കുറിച്ച് അല്‍പ്പജ്ഞാനം എങ്കിലുമില്ലാത്തവര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല. '57ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി അതാണ് ചെയ്തത്.

പരിമിതികള്‍ക്കകത്തുനിന്ന് സാധ്യമായ ബദല്‍നയങ്ങള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ വര്‍ഗസമരത്തെ ശക്തിപ്പെടുത്താനുള്ള ഉപകരണംകൂടിയാണ്. കാലത്തിന്റെ സവിശേഷതകള്‍ക്ക് അനുസരിച്ച് കാലികമായി ഈ സമീപനം പുതുക്കുകയും ചെയ്യുന്നുണ്ട്. എവിടെയെങ്കിലും കുറച്ചുനാള്‍ അധികാരത്തിലിരുന്നാല്‍ കമ്യൂണിസം തന്നെ സ്ഥാപിക്കണമെന്നു ശഠിക്കാന്‍ പലര്‍ക്കും അവകാശമുണ്ട്. അത് ആത്മനിഷ്ഠാ സമീപനമാണ്; ആത്മീയ കമ്യൂണിസമാണ്. ശാസ്ത്രീയ സോഷ്യലിസ്റ്റ് ധാരണയുള്ളവര്‍ക്ക് ഈ പ്രചാരണം അസംബന്ധമാണെന്നു തിരിച്ചറിയാന്‍ കഴിയും. ഇല്ലാത്ത തര്‍ക്കങ്ങള്‍ യാഥാര്‍ഥ്യമെന്ന രീതിയില്‍ അവതരിപ്പിക്കുന്ന മാധ്യമങ്ങളും നിരീക്ഷകരും ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. 57ല്‍ ഇ എംഎസ് പറഞ്ഞതും ഇപ്പോള്‍ ജ്യോതിബസുവും ബുദ്ധദേവും പറഞ്ഞതും സിപിഐ എമ്മിന്റെ നയങ്ങളും തമ്മില്‍ വ്യത്യാസം ഇല്ലെന്നു തിരിച്ചറിയാന്‍ ചിന്തിക്കുന്ന സമൂഹത്തിനു കഴിയും.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സോഷ്യലിസ്റ്റ് നിര്‍മാണമല്ല സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നതെന്ന വെളിപ്പെടുത്തലില്‍ ഹാലിളകുന്ന സ്വയംപ്രഖ്യാപിത മാര്‍ക്സിസ്റ്റ് നിരീക്ഷകര്‍ക്ക് 'ഞെട്ടലുളവാക്കുന്ന' മറ്റൊരു കാര്യം സിപിഐ എം പരിപാടി വായിച്ചാല്‍ ലഭിക്കും. രാജ്യത്ത് സോഷ്യലിസ്റ്റ് വിപ്ലവം അടിയന്തരവിപ്ലവ കടമയായി പാര്‍ടി പരിപാടി കാണുന്നില്ല. ഇന്നത്തെ മൂര്‍ത്തമായ ഇന്ത്യന്‍ സാഹചര്യത്തില്‍ ജനകീയ ജനാധിപത്യ വിപ്ളവമാണ് പാര്‍ടി വിഭാവനംചെയ്യുന്നത്. മുതലാളിത്തം ചെയ്യേണ്ട ജനാധിപത്യകടമകളാണ് അതിലൂടെ പൂര്‍ത്തിയാക്കുന്നത്. ബൂര്‍ഷ്വാസി നയിക്കുന്ന ജനാധിപത്യവിപ്ലവത്തില്‍നിന്ന് മൌലികമായി വ്യത്യസ്തമായിരിക്കും തൊഴിലാളിവര്‍ഗം നയിക്കുന്ന ജനാധിപത്യവിപ്ലവം. ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ പരിപാടിയും പാര്‍ടി വ്യക്തമാക്കിയിട്ടുണ്ട്. അവിടെയും സ്വകാര്യ മൂലധനത്തിന് സ്ഥാനമുണ്ടായിരിക്കും. വിദേശമൂലധനത്തിന് നിരോധനവുമുണ്ടാകില്ല. നിയന്ത്രണം ഉറപ്പായും ഉണ്ടായിരിക്കുകയും ചെയ്യും. സംസ്ഥാനത്ത് അധികാരം ലഭിക്കുമ്പോള്‍തന്നെ സ്വകാര്യമൂലധനം ഇല്ലായ്മ ചെയ്യുമെന്നു കരുതുന്നവര്‍ സിപിഐ എമ്മിന്റെ പരിപാടിയെങ്കിലും വായിക്കേണ്ടേ? കാള പെറ്റെന്നു കേട്ടു കയറെടുക്കുന്നതാണ് ചില ഇടതുപക്ഷപാര്‍ടികളുടെ നിലപാടും, ശ്രീ പി രാജീവ് പറയുന്നു.

ഒരു ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റ് എന്ന് അഭിമാനപൂര്‍വം പറഞ്ഞു നടക്കാന്‍ ധൈര്യം കാട്ടിയവരെ എത്ര വേഗത്തിലാണ് സോഷ്യലിസ്റ്റ് വിരുദ്ധരക്കിയിരിക്കുന്നത്?