Thursday, January 17, 2008

നിരോധിക്കേണ്ടത് പരസ്യങ്ങള്‍ക്കൊപ്പം ക്ലൈമാക്സ് തന്ത്രങ്ങളും

ഔഷധങ്ങളുടെ പരസ്യം നിരോധിക്കുമെന്ന ആരോഗ്യ മന്ത്രി പി കെ ശ്രീമതിയുടെ പ്രസ്താവന അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. അനാവശ്യ മരുന്നുകള്‍ രോഗികള്‍ക്ക് കുറിച്ചു കൊടുക്കുന്നതു തടയാനുള്ള നീക്കവും ശ്ലാഘനീയം. ഈ പറഞ്ഞ രണ്ടു കാര്യങ്ങളിലും ആയുര്‍വേദ ചികിത്സാമേഖല നടത്തുന്ന ചൂഷണം അതിഭയങ്കരമാണ്. ടെലിവിഷന്‍ ചാനലുകള്‍ നിലനില്‍ക്കുന്നതുതന്നെ ആയുര്‍വേദ ഔഷധ നിര്‍മാതാക്കള്‍ നല്‍കുന്ന പരസ്യംകൊണ്ടാണെന്നു തോന്നിപ്പോകും. ഇതിനു സമാന്തരമായി മറ്റൊരു ‘മാധ്യമം’ അരങ്ങു തകര്‍ത്താടുന്നു. ആരോഗ്യസംരക്ഷണത്തെപ്പറ്റി അറിവു വിളമ്പുന്ന മാസികകള്‍ ഇരുതലമൂര്‍ച്ച വാളുപോലെ വായനക്കാരനെ കൈകാര്യംചെയ്യുന്നു.

കേരളത്തിലെ പ്രധാന പത്രങ്ങള്‍ക്കൊക്കെ ആരോഗ്യ മാസികകളുമുണ്ട്. ചില പൊതുസ്ഥാപനങ്ങളും ആരോഗ്യമാസികകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. വായനക്കാരന് ആരോഗ്യ സംബന്ധമായ അറിവു നല്‍കണമെന്ന് നിഷ്കര്‍ഷയുള്ള പ്രസിദ്ധീകരണങ്ങള്‍ ഇല്ലാതില്ല. ശാസ്ത്രീയ സംവാദങ്ങളും കാണാറുണ്ട്. എന്നാല്‍, ചില ആരോഗ്യമാസികകളുടെ പല പേജുകളും ലൈംഗികാഭാസലേഖനങ്ങളാല്‍ നിറഞ്ഞിരിക്കും. ഇത് മാസിക ചൂടപ്പംപോലെ വിറ്റഴിക്കാനുള്ള തന്ത്രമാണ്. ഇവയില്‍ പലതും ഡോക്ടര്‍മാര്‍ എഴുതുന്നതാവണമെന്നില്ല. ഇത്തരം ലേഖനങ്ങള്‍ മാസികയിലുണ്ടെന്നറിയിക്കാന്‍ സാമാന്യം വലുപ്പത്തില്‍ത്തന്നെ മുഖചിത്രമടങ്ങുന്ന കവര്‍പ്പേജില്‍ ലേഖനത്തിന്റെ തലക്കെട്ട് അച്ചടിച്ചിരിക്കും.

ഇനി ഇവയില്‍ വരുന്ന പരസ്യങ്ങളുടെ കാര്യമെടുക്കാം. കുറഞ്ഞതു നാല്‍പ്പതു പരസ്യങ്ങളെങ്കിലും ഇത്തരം പ്രസിദ്ധീകരണങ്ങളിലുണ്ടാകും. പലതും മുഴുപേജ് പരസ്യങ്ങള്‍. സൌന്ദര്യ ചികിത്സയിലും വന്ധ്യതാ നിവാരണത്തിലും ശ്രദ്ധിച്ചിരുന്ന ഡോക്ടര്‍ പിന്നീട് ഗവേഷണപഠനങ്ങള്‍ നടത്തി ഹൃദ്രോഗ ചികിത്സകനായി മാറിയതിന്റെ കഥ വിവരിക്കുന്നതാണ് ഒരു ഫുള്‍പ്പേജ് പരസ്യം. ബൈപ്പാസ് സര്‍ജറി വിധിക്കപ്പെട്ട മുപ്പതിനായിരത്തില്‍പ്പരം രോഗികളെ ഇദ്ദേഹം ഇതിനകം ചികിത്സിച്ചു ഭേദമാക്കിയെന്ന വിശേഷണംകൂടി വായിക്കുന്നതോടെ നാം നെഞ്ചില്‍ കൈവച്ചുപോകും. ചികിത്സ ആയുര്‍വേദമാണെന്നു തിരിച്ചറിയുമ്പോള്‍ വായനക്കാരന്റെ ഹൃദയമിടിപ്പുപോലും നിന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. ആദിവാസി വൈദ്യത്തില്‍നിന്ന് കണ്ടെടുത്ത മരുന്ന്, ദ്രാവിഡ പാരമ്പര്യ ചികിത്സ എന്നിങ്ങനെ മരുന്നിന്റെ മഹത്വം വര്‍ണിക്കുന്ന പരസ്യങ്ങളുമുണ്ട്.

അമിതാഭ് ബച്ചന്‍ മുതല്‍ മോഹന്‍ലാല്‍വരെ സാക്ഷ്യപ്പെടുത്തുന്ന മരുന്നുപരസ്യങ്ങളുണ്ട്. ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നു നിര്‍മാതാക്കള്‍ തമ്മിലുള്ള കോടതിക്കേസിന്റെ സംക്ഷിപ്തം തന്നെ ഒരു കമ്പനി പരസ്യമാക്കി നല്‍കുന്നു. മീന്‍ചന്തയില്‍ മത്സ്യങ്ങള്‍ക്ക് വില്‍പ്പനക്കാര്‍ നടത്തുന്ന മത്സരവിളികള്‍പോലെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രസിദ്ധീകരിക്കുന്ന ഔഷധങ്ങളുടെ പരസ്യ ജല്‍പ്പനങ്ങള്‍ അസ്സഹനീയംതന്നെ.

ആയുര്‍വേദം മഹത്തായ ഒരു ശാസ്ത്രമാണ്. അതിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളും ഔഷധമൂലികകളുടെ വിശകലനങ്ങളും അന്യൂനമാണെന്നുതന്നെ പറയാം. ഈ ശാസ്ത്രത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം ഗര്‍ഹണീയ വ്യാപാരങ്ങള്‍ക്ക് തീര്‍ച്ചയായും അറുതി വരുത്തണം. ഇല്ലെങ്കില്‍ അമൂല്യമായ ആ ശാസ്ത്രത്തിന്റെ വിശ്വാസ്യതയ്ക്കാണ് ഭംഗം വരിക. പണ്ടുമുതലേ ആയുര്‍വേദ ഔഷധങ്ങള്‍ പരസ്യത്തിന്റെ കാര്യത്തില്‍ മുന്‍നിരയിലാണെങ്കില്‍, ഇപ്പോള്‍ അലോപ്പതിയും ഒട്ടും മോശമല്ലാത്ത സ്ഥിതിയില്‍ ഒപ്പമുണ്ട്.‘ഓപ്പറേഷനോ അനസ്തേഷ്യയോ ഇല്ലാതെ വൃക്കകളിലെയും മൂത്രനാളികളിലെയും കല്ലും വൃക്കകള്‍തന്നെയും നീക്കം ചെയ്യുന്നുവെന്നുള്ള’ പരസ്യവും ഒരു അലോപ്പതി ആശുപത്രിയുടേതാണ്. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് ‘ലോവസ്റ് റേറ്റ്’ എന്നു പരസ്യംചെയ്യുന്ന സ്ഥാപനവുമുണ്ട്.

ഏതു വൈദ്യശാസ്ത്രം കൈകാര്യംചെയ്യുന്നവരും പാലിക്കേണ്ട മെഡിക്കല്‍ എത്തിക്സ് കേരളത്തില്‍ വേണ്ടത്ര പാലിക്കപ്പെടുന്നില്ല എന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ് ഇത്തരം പരസ്യങ്ങള്‍. ഇത്തരം പരസ്യങ്ങള്‍ നിരോധിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന വന്നതിനു തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ, കേരളത്തിനു കോടിക്കണക്കിനു രൂപയുടെ നികുതിവരുമാനം ഉണ്ടാക്കിത്തരുന്ന ആയുര്‍വേദ മേഖലയെ തകര്‍ക്കാനും ആ രംഗത്തെ വിദേശ നിക്ഷേപങ്ങളും ആര്‍വേദ ടൂറിസം വികസനവും ഇല്ലാതാക്കാനും ഇതു വഴിവയ്ക്കും എന്ന വിലാപവുമായി പരസ്യ ഏജന്‍സികള്‍ രംഗത്തു വന്നിരിക്കുന്നുവെന്നതുതന്നെ ആയുര്‍വേദ രംഗത്ത് നടക്കുന്ന പരസ്യതേര്‍വാഴ്ചയുടെ ഭീകരത എടുത്തു കാണിക്കുന്നു; നിരോധനത്തിന്റെ അനിവാര്യതയും.

ചികിത്സാ സ്ഥാപനത്തിന്റെയോ, ഔഷധത്തിന്റെയോ ഗുണമേന്മയുടെ പ്രചാരകര്‍ അതിനുവിധേയരാകുന്നവര്‍ തന്നെയാകണം എന്ന ഒരു ആരോഗ്യ സംസ്കാരത്തിലേക്ക് കേരളത്തെ തിരിച്ചു കൊണ്ടുപോകാന്‍ ആരോഗ്യവകുപ്പു മന്ത്രിയുടെ ഈ നടപടികൊണ്ടു കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുകയാണ്.

(ലേഖകന്‍: ഡോ.കെ.ജ്യോതിലാല്‍ കടപ്പാട്: ദേശാഭിമാനി)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ പ്രധാന പത്രങ്ങള്‍ക്കൊക്കെ ആരോഗ്യ മാസികകളുമുണ്ട്. ചില പൊതുസ്ഥാപനങ്ങളും ആരോഗ്യമാസികകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. വായനക്കാരന് ആരോഗ്യ സംബന്ധമായ അറിവു നല്‍കണമെന്ന് നിഷ്കര്‍ഷയുള്ള പ്രസിദ്ധീകരണങ്ങള്‍ ഇല്ലാതില്ല. ശാസ്ത്രീയ സംവാദങ്ങളും കാണാറുണ്ട്. എന്നാല്‍, ചില ആരോഗ്യമാസികകളുടെ പല പേജുകളും ലൈംഗികാഭാസലേഖനങ്ങളാല്‍ നിറഞ്ഞിരിക്കും. ഇത് മാസിക ചൂടപ്പംപോലെ വിറ്റഴിക്കാനുള്ള തന്ത്രമാണ്.

ആരോഗ്യമാസികകള്‍ അനുവര്‍ത്തിക്കുന്ന അത്ര ആരോഗ്യകരമല്ലാത്ത പ്രവണതകള്‍ ഡോ. കെ ജ്യോതിലാല്‍ ചൂണ്ടിക്കാട്ടുന്നു.

Anonymous said...

യു ടൂ...വര്‍ക്കിങ്ങ് ഫോറം....
ഈ ആഗോളവല്‍ക്കരണാനന്ത കാലത്തില്‍ (പ്രയോഗം ശരിയല്ലേ?)പിടിച്ചു നില്‍ക്കാന്‍ ഇത്തിരി തരികിടയില്ലെങ്കില്‍ പറ്റില്ലെന്ന് അറിയില്ലേ?