Thursday, January 10, 2008

വേതാള കഥകള്‍ 2008

(വിക്രമാര്‍ക്കന്റെ തോളത്തുകിടന്ന് വേതാളം, ശരി ഉത്തരം പറഞ്ഞില്ലെങ്കില്‍ തലപൊട്ടിച്ചിതറുമെന്ന പതിവ് വാണിംഗോടെ കഥയുടെ ഫോര്‍മാറ്റിലുള്ള ക്വിസ്പ്രോഗ്രാം ആരംഭിച്ചു)


കേരളപുരി എന്ന ദേശത്ത് ഒരു കുമാരന്‍ കുട്ടിയും കുട്ടിയുടെ ഭാര്യയും വസിച്ചിരുന്നു. യഥാകാലം അവര്‍ക്ക് ഒരു കുഞ്ഞുജനിച്ചു. പെണ്‍കുഞ്ഞ്. പരമ്പരാഗതവിദ്യാഭ്യാസത്തിനുപുറമെ ഏതെങ്കിലും സുകുമാരകലയിലും തങ്ങളുടെ മകള്‍ ശോഭിക്കണമെന്ന പിതൃമാതൃസഹജമായ താല്‍പര്യം അവര്‍ക്കുണ്ടായി. തങ്ങളുടെ മകളെ ഒരു പാട്ടുകാരിയാക്കണമെന്ന് അവര്‍ ഉറച്ചു. മകള്‍ക്ക് അഞ്ചുവയസ്സ് തികഞ്ഞപ്പോള്‍ മിസ്റ്റര്‍ കുട്ടിയും മിസിസ് കുട്ടിയും തങ്ങളുടെ കുട്ടിയുമായി സംഗീതാധ്യാപകന്റെ ഭവനത്തില്‍ ചെന്നു. ആഗ്രഹം ഉണര്‍ത്തിച്ചു. "ഫീസ് പ്രശ്നമല്ല. ഇവളെ ഒരു പാട്ടുകാരിയാക്കിത്തരണം. സംഗീതത്തിന്റെ അപാരതകള്‍ ഇവള്‍ കീഴടക്കുന്നതു കണ്ടുവേണം ഞങ്ങള്‍ക്ക് കണ്ണടയ്ക്കാന്‍''. നിറകണ്ണോടെ കുട്ടി പറഞ്ഞു. "ഇവളെ പാട്ടുകാരിയാക്കാം. അതിനായി ഇവളെ ഡാന്‍സ് പഠിപ്പിച്ചിട്ടുവരൂ''. അധ്യാപകന്‍ പറഞ്ഞു. "ഡാന്‍സല്ല, പാട്ടാ പഠിപ്പിക്കേണ്ടത്. പാട്ട്. ഇവള്‍ പാട്ടുകാരിയായാല്‍ മതി'' ഗുരുവിന് കേള്‍വിക്കുറവുണ്ടോ എന്ന സന്ദേഹത്തില്‍ അല്‍പം ഉറക്കെത്തന്നെയാണ് കുട്ടി പറഞ്ഞത്. "അതെ, പാട്ടുകാരിയാക്കാന്‍ വേണ്ടിയാ പറഞ്ഞത് ആദ്യം ഡാന്‍സുകാരിയാക്കാന്‍''. അധ്യാപകന്‍ ആത്മീയ മന്ദഹാസത്തോടെ പറഞ്ഞു. അമ്പരപ്പോടെ കുട്ടി ചോദിച്ചു. "അല്ല പാട്ടുകാരിയാവാന്‍ ഡാന്‍സ് പഠിക്കുന്നതെന്തിനാണ്''.

അതിനുത്തരമായി ഒന്നു പൊട്ടിച്ചിരിക്കുകയാണ് സംഗീതാചാര്യന്‍ ചെയ്തത്. ഗുരുനിര്‍ദേശിച്ചതുപോലെ മകളെയുംകൊണ്ട് കുമാരന്‍കുട്ടി ഡാന്‍സ് മാസ്റ്ററുടെ വീട്ടില്‍പോയി. "പാട്ടുപഠിയ്ക്കാന്‍ വന്നതാണല്ലേ. ശരി ഡാന്‍സ് പഠിപ്പിക്കാം. അതിനുമുമ്പ് കോസ്റ്റ്യൂം ഡിസൈനറെ കണ്ടിട്ടുവരൂ...''

ഒന്നും പിടികിട്ടാതെ, എന്തോ ചോദിക്കാന്‍ തുടങ്ങിയ കുട്ടിയെ തടഞ്ഞ് ഡാന്‍സ് മാസ്റ്റര്‍ പറഞ്ഞു "ഇങ്ങോട്ട് ചോദ്യം വേണ്ട''.

മകളെയുംകൊണ്ട് കോസ്റ്റ്യൂം ഡിസൈനറുടെ മുന്നിലെത്തിയ കുട്ടിയോട് കോസ്റ്റ്യൂം ഡിസൈനര്‍ ചോദിച്ചു "ങാ. പാട്ടുപഠിയ്ക്കണം അല്ലേ. പോയി മനശ്ശാസ്ത്രജ്ഞനെ കണ്ടിട്ടുവരൂ''.

കഥ പകുതിയില്‍ നിര്‍ത്തിയിട്ട് വേതാളം ചോദിച്ചു.

"അല്ലയോ മഹാരാജന്‍ പാട്ടുപഠിക്കാന്‍ ചെന്നവരോട് എന്തിനാണ് ഡാന്‍സ് മാസ്റ്ററെ കാണാന്‍ പറഞ്ഞത്. ഡാന്‍സ് മാസ്റ്റര്‍ എന്തിനാണ് കോസ്റ്റ്യൂമറുടെ അടുത്തയച്ചത്. അവിടുന്ന് മനശ്ശാസ്ത്രജ്ഞന്റെ അടുത്തേയ്ക്കയച്ചതെന്തിനാണ് - പറയുന്ന ഉത്തരം ശരിയല്ലെങ്കില്‍ പിന്നെ തലയായിരിക്കും ഉത്തരം പറയുന്നത്''.

ഒന്നുചിരിച്ച് വിക്രമാര്‍ക്കന്‍ പറഞ്ഞു,

"അല്ലയോ വേതാളമേ രണ്ടായിരത്തി ഏഴുമുതല്‍ 'ഗായിക' അല്ലെങ്കില്‍ 'ഗായകന്‍' എന്നുവച്ചാല്‍ റിയാലിറ്റിഷോയില്‍ പാട്ടുപാടുന്നവര്‍ എന്നാണര്‍ത്ഥം. ഇപ്പോള്‍ പാട്ടുകള്‍ക്ക് നിരവധി റൌണ്ടുകളാണ്. ഡ്യൂവറ്റ് റൌണ്ട്, പെര്‍ഫൊമന്‍സ് റൌണ്ട്, ഫോക്ക് റൌണ്ട്...അങ്ങനെ വട്ടംചുറ്റിക്കുന്ന റൌണ്ടുകളാണ്. പാട്ടുനന്നായി പാടിയതുകൊണ്ട് ഒരു കാര്യവുമില്ല. കോസ്റ്റ്യൂമും ഗെറ്റപ്പും നോക്കി മാര്‍ക്കിടാന്‍ സെലിബ്രിറ്റി ഗസ്റ്റ് ഉണ്ടാകും. പാട്ടിന്റെ താളം പിഴച്ചാലും ഡാന്‍സിന്റെ ചുവടുപിഴച്ചാല്‍ മാര്‍ക്ക് താഴേയ്ക്കുവരും. അതുകൊണ്ടാണ് ബുദ്ധിമാനായ സംഗീതഗുരു ശിഷ്യയാകാന്‍വന്ന പെണ്‍കുട്ടിയെ ആദ്യം ഡാന്‍സിന് പറഞ്ഞയച്ചത്. പാട്ടില്‍ കോസ്റ്റ്യൂമും ഒരു ഘടകമായി മാറിയ കാലമായതുകൊണ്ടാണ് ഡാന്‍സ് ഗുരു കോസ്റ്റ്യൂമറെ കാണാന്‍ പറഞ്ഞയച്ചത്. പാട്ടിന്റെ ഓരോ റൌണ്ടും ഇപ്പോള്‍ മാനസിക ടെന്‍ഷനും പിരിമുറുക്കവും നിറഞ്ഞുനില്‍ക്കുന്നതാണ്. പൊട്ടിക്കരച്ചില്‍, വിതുമ്പല്‍, ബോധംകെട്ടുവീഴല്‍ തുടങ്ങി നിരവധി അവസ്ഥകളെ അതിജീവിക്കണമെന്നതിനാലാണ് ആദ്യം മനശ്ശാസ്ത്രജ്ഞനില്‍നിന്ന് തുടങ്ങാന്‍വേണ്ടി അവരെ അങ്ങോട്ടേയ്ക്കയച്ചത്. പാട്ടുഹോളില്‍ അച്ഛനും അമ്മയും നിര്‍ബന്ധിത വസ്തുക്കളാകയാല്‍ അവര്‍ക്കും ഇപ്പോള്‍ സ്പെഷ്യല്‍ കോഴ്സും കോച്ചിംഗും ഒക്കെയുണ്ട് വേതാളമേ. പണ്ടത്തെ ത്യാഗരാജസ്വാമികള്‍ പാടാന്‍വന്നാല്‍ അദ്ദേഹവും പാസാകണം പെര്‍ഫോമന്‍സ് റൌണ്ടും ഡ്യുവറ്റ് റൌണ്ടുമൊക്കെ.

വിക്രമാര്‍ക്കന്റെ ഉത്തരംകേട്ട് വേതാളം സംപ്രീതനായി. ശരി. എന്നാല്‍ നേരം പോകാന്‍ വേണ്ടി അടുത്ത കഥ എന്നുപറഞ്ഞ് വേതാളം മറ്റൊരു കഥയിലേക്ക് കടന്നു.

സ്ഥലം കേരളപുരിതന്നെ. അവിടെ ഒരു ശരാശരി വരുമാനക്കാരനായ ജോണിക്കുട്ടി പത്രപരസ്യംകണ്ട് മോഹിച്ച് ഒരു കാറെടുത്തു. ബാങ്ക് ലോണ്‍ വഴിയാണ് എടുത്തത്. കാറെടുക്കുന്നതിന്റെ തലേന്ന് ജോണിക്കുട്ടി ക്രെഡിറ്റ് കാര്‍ഡും എടുത്തിരുന്നു.

തൊട്ടടുത്ത ദിവസം ജോണിക്കുട്ടിയും കുടുംബവും നോക്കുമ്പോള്‍ പിറകുവശത്തെ മതില്‍പൊളിച്ച് അവിടെ ഒരു ഗേറ്റ് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ജോണിക്കുട്ടിയുടെ പിതാവായ മത്തായിച്ചനാണ് അവിടെ ഗേറ്റ് സ്ഥാപിച്ചത്. "ഹാ! എന്തിനാണപ്പച്ചാ വീടിന്റെ പിറകുവശത്ത് ഇങ്ങനെയൊരു ഗേറ്റ്. അപ്പച്ചനെന്താ സ്ഥിരബുദ്ധി നഷ്ടപ്പെട്ടോ'' ജോണിക്കുട്ടി അപ്പച്ചനോട് ചൂടായി.

കഥ അവസാനിപ്പിച്ച് വേതാളം വിക്രമാര്‍ക്കനോട് ചോദിച്ചു

"മഹാരാജന്‍, വീടിന്റെ മുന്നില്‍ വലിയൊരു ഗേറ്റുള്ളപ്പോള്‍ എന്തിനാണ് ജോണിക്കുട്ടിയുടെ അപ്പച്ചന്‍ വീടിനുപിന്നിലും ഗേറ്റ് പണികഴിപ്പിച്ചത്?''

"ലോകാനുഭവം കൂടുതലുള്ളതുകൊണ്ടാണ് ജോണിക്കുട്ടിയുടെ അപ്പച്ചന്‍ വീടിനുപിന്നിലും ഗേറ്റുണ്ടാക്കിയത്. ജോണിക്കുട്ടി ഒരു ഇടത്തരം വരുമാനക്കാരനാണെന്നു പറഞ്ഞല്ലോ. ജീവിതച്ചെലവുകള്‍തന്നെ കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്നവരുടെ കണ്‍മുന്നിലാണ് അയ്യായിരം രൂപ അടച്ചാല്‍ കാര്‍ സ്വന്തമാക്കാം, ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കൂ, ലക്ഷം രൂപയ്ക്കുവരെ പര്‍ച്ചേസ് ചെയ്യൂ എന്നൊക്കെയുള്ള പരസ്യവാചകങ്ങള്‍ വന്നുവീഴുന്നത്. വീട്ടുകാരുടെ സമ്മര്‍ദവുംകൂടി ആകുമ്പോള്‍ അവര്‍ വരവുനോക്കാതെ ചിലവിന് ഒരുങ്ങിയിറങ്ങുന്നു. കാറും കാര്‍ഡുകളും എടുക്കുന്നു. ആഹാരം ഫാസ്റ്റ്ഫുഡില്‍ നിന്നാക്കുന്നു. അടുക്കളയില്‍ ജോലിചെയ്യുന്ന ഭാര്യയെ ഹോളിലിരുന്ന് മൊബൈലിലൂടെ വിളിച്ചു സംസാരിക്കുന്നു. ചുരുക്കത്തില്‍ സാമ്പത്തിക അച്ചടക്കം ഇല്ലാതാകുന്നു. കടം കയറുന്നു. കാറിന്റെയും മൊബൈലിന്റെയും പേഴ്സണല്‍ ലോണിന്റെയുമൊക്കെ കുടിശ്ശിക പിരിക്കാന്‍ ബാങ്ക് സ്പോണ്‍സര്‍ ചെയ്ത ഷര്‍ട്ട് ഇന്‍ ചെയ്ത ഗുണ്ട വരുന്നു. അതുമുതലാണ് കളി കാര്യമാകുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ സംജാതമാകുമ്പോള്‍ വീടിനുപുറകുവശത്തുകൂടി രക്ഷപ്പെടാന്‍ വേണ്ടിയാണ് ജോണിക്കുട്ടിയുടെ അപ്പച്ചന്‍ അവിടെ ഒരു ഗേറ്റ് ഒരുക്കിയത്. കടക്കാരെ പേടിച്ച് പുറത്തേക്കും അകത്തേക്കുമുള്ള യാത്രകള്‍ ജോണിക്കുട്ടിമാര്‍ പിന്നാമ്പുറത്തുകൂടെയാണ് നടത്തുന്നത്''.

വീണ്ടും ശരിയുത്തരം ലഭിച്ച സന്തോഷത്തില്‍ വേതാളം പുതിയ കഥ പറയാനുള്ള ഒരുക്കം തുടങ്ങി. വേതാളത്തിന്റെ വെയ്റ്റും താങ്ങി തന്റെ തലയുടെ ഭാവിയോര്‍ത്ത് ആകുലപ്പെട്ട് വിക്രമാര്‍ക്കന്‍ പുതിയ കഥ കേള്‍ക്കാന്‍ ചെവി വട്ടംപിടിച്ചു.

(ലേഖകന്‍: ശ്രീ. കൃഷ്ണ പൂജപ്പുര. കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ആധുനിക കേരള സമൂഹത്തിന്റെ പൊങ്ങച്ചങ്ങളുടെ നേര്‍ക്ക് നിശിതമായ ശരങ്ങള്‍ തൊടുക്കുന്ന
പുത്തന്‍ വേതാള കഥകള്‍.. കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന

ഒരു “ദേശാഭിമാനി” said...

യ്‌യ്‌യ്‌ യ്യാ‍ാ‍ാ‍ാ‍ാ.......

സത്യം നര്‍മ്മത്തില്‍ പൊതിയ്മ്പോല്‍ ......
(വളരെ കാലിക പ്രസക്തിയുള്ള വിഷയവും)