Saturday, June 29, 2013

ഹിമാലയന്‍ അവാര്‍ഡ് തട്ടിപ്പ്

"വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും ഗള്‍ഫിലെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ പൊതുജന സേവനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനാ പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റുവാങ്ങി. യുഎന്‍ സാമൂഹിക, ധനകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ വു ഹോങ്ങ്ബോ ആണ് പുരസ്കാരം സമ്മാനിച്ചത്."- മലയാള മനോരമ ഒന്നാംപുറത്ത് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ്. ആവേശം കൊണ്ട് ഭാഷാശുദ്ധി മനോരമ മറന്നു. അത്തരം പാളിച്ചയില്ലാതെ മാതൃഭൂമി, ""കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസഭാ പുരസ്കാരം ഏറ്റുവാങ്ങി"" എന്നെഴുതി. സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്രങ്ങള്‍ക്ക് നല്‍കിയ വര്‍ണ പരസ്യത്തില്‍, "ഓരോ മലയാളിക്കും അഭിമാനിക്കാം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പൊതുജന സേവനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അവാര്‍ഡ്" എന്നും "ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് ആദ്യമായി ഈ അംഗീകാരം" എന്നുമാണുള്ളത്. സര്‍ക്കാര്‍ പരസ്യത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അവാര്‍ഡ് സമ്മാനിക്കുന്നു എന്നാണ്. ബാന്‍ കി മൂണ്‍ ബഹ്റൈനിലേക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടേയില്ല എന്നാണ് പക്ഷെ, യുഎന്‍ വൃത്തങ്ങള്‍ പറയുന്നത്.
സര്‍ക്കാരും സര്‍ക്കാര്‍ വിലാസം പത്രങ്ങളും രണ്ടുകാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒന്ന്- അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ളതാണ്. രണ്ട്- അത് പൊതുജന സേവനത്തിനുള്ളതാണ്. രണ്ടും തെറ്റാണ്. Preventing and Combating Corruption in the Public Service വിഭാഗത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചത്. അതായത്, "പൊതു സേവനരംഗത്തെ അഴിമതി തടയുകയും അതിനെതിരെ പൊരുതുകയും ചെയ്തതിന്". അതല്ലാതെ പൊതുജനസേവനത്തിനുള്ള അംഗീകാരമല്ല അത്. കേരളത്തില്‍ ഇന്നു നടക്കുന്ന സമര വേലിയേറ്റത്തിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ അഴിമതി ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ വേണം ഇതിനെ കാണാന്‍. അഴിമതിയുടെ ചെളിക്കുണ്ടില്‍ മുങ്ങി നില്‍ക്കുന്ന ഒരാള്‍ അഴിമതിക്കെതിരെ "യുദ്ധം ചെയ്ത"തിന് അവാര്‍ഡ് വാങ്ങുന്നു! ആ നാണക്കേട് മറയ്ക്കാനാണ്, "പൊതുജന സേവനം" എന്ന മുഖംമൂടി അവാര്‍ഡിന് വച്ചുകൊടുത്തത്.

ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരെ വിട്ട് അന്വേഷിപ്പിച്ച്, ഉമ്മന്‍ചാണ്ടി എന്നൊരു മുഖ്യമന്ത്രി കേരളത്തിലുണ്ടെന്നും അദ്ദേഹം നാടുനീളെ സഞ്ചരിച്ച് "ജനസമ്പര്‍ക്കം" നടത്തി അഴിമതിയെ ചെറുക്കുന്നുണ്ടെന്നും കണ്ടെത്തി വന്ന അവാര്‍ഡല്ല ഇത്. മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടി മികച്ച അഴിമതി നിര്‍മാര്‍ജന നീക്കമാണെന്ന് ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് രേഖയുണ്ടാക്കി ചില ഇടനിലക്കാരുടെ സഹായത്തോടെ ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സര്‍വീസ് ഫോറത്തിലേക്ക് അവാര്‍ഡിന് അപേക്ഷിച്ചു. അത് അംഗീകരിച്ച്, അഞ്ച് അവാര്‍ഡ് വിഭാഗങ്ങളില്‍ ഒന്നായ "അഴിമതി തടയലി"ല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പെടുത്തുകയാണുണ്ടായത്. ആഫ്രിക്ക, എഷ്യാ- പസിഫിക്ക്, യൂറോപ്പും വടക്കേ അമേരിക്കയും ലാറ്റിനമേരിക്കയും കരീബിയയും പടിഞ്ഞാറന്‍ ഏഷ്യ എന്നിങ്ങനെ ലോകത്തെ അഞ്ചാക്കി തിരിച്ചാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഇതേ അവാര്‍ഡുകള്‍ മറ്റു നാല് സ്ഥാപനങ്ങള്‍ക്ക് വേറെ കിട്ടിയിട്ടുണ്ട്. ഇന്നുവരെ ഈ അവാര്‍ഡ് ഒരു വ്യക്തിക്ക് ലഭിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിക്ക് അവാര്‍ഡ് എന്ന പ്രചാരണം പച്ചക്കള്ളമെന്നര്‍ഥം.

വാദത്തിനായി, മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിക്കല്ലേ അവാര്‍ഡ് എന്നു ചോദിച്ചാലും രക്ഷയില്ല. ആ പരിപാടിയില്‍ എവിടെയാണ് "അഴിമതി വിരുദ്ധ പോരാട്ടം" എന്ന് കേരളത്തിലെ ജനങ്ങളോടെങ്കിലും വിശദീകരിക്കേണ്ടിവരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ആയിരവും രണ്ടായിരവും കൊടുത്തതാണല്ലോ ബഹുജന സമ്പര്‍ക്കപരിപാടിയുടെ ഏറ്റവും "വലിയ" നേട്ടം. ദുരിതാശ്വാസ വിതരണത്തില്‍ എന്തഴിമതിയാണ് മുമ്പ് നടന്നിരുന്നത്? ഏത് അഴിമതിയെയാണ് ഉമ്മന്‍ചാണ്ടി ചെറുത്ത് തോല്‍പ്പിച്ചത്?

മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച അംഗീകാരം മുഖ്യമന്ത്രിക്കുതന്നെ എന്നു പറയാനാകുമോ? എങ്കില്‍, ആ ഓഫീസിനെതിരെ വന്ന ആക്ഷേപങ്ങളും ഉമ്മന്‍ചാണ്ടി ഏറ്റെടുക്കേണ്ടതല്ലേ? സഹായികളായ ജോപ്പനും ജിക്കുമോനും സലിംരാജും ഗിരീഷും ഇപ്പോള്‍ പുറത്താണ്. അവര്‍ നിരന്തരം ബന്ധം പുലര്‍ത്തിയതായി തെളിഞ്ഞ സരിത എസ് നായര്‍ എന്ന തട്ടിപ്പുകാരി പൊലീസ് കസ്റ്റഡിയിലും. സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണനുമായി അടച്ചിട്ടമുറിയില്‍ "കുടുംബകാര്യം" ചര്‍ച്ചചെയ്തു എന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ തട്ടിപ്പുകളില്‍നിന്ന് ഉമ്മന്‍ചാണ്ടിക്കുമാത്രം ഒഴിഞ്ഞു നില്‍ക്കാനാകുമോ? അവാഡ് വന്നാല്‍ എനിക്ക്, ആരോപണം വന്നാല്‍ ആരാനും എന്ന ന്യായം "പുരസ്കൃത പൊതുജന സേവന"ത്തിന്റെ പട്ടികയില്‍ വരുമോ?

പൊതുസേവനം ജനങ്ങള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാക്കിയതിന് ഉത്തര്‍പ്രദേശിലെ ആരോഗ്യം എന്ന ജില്ലാ ഹെല്‍ത്ത് സൊസൈറ്റിക്കാണ് കഴിഞ്ഞ വര്‍ഷം ഈ അവാര്‍ഡ് കിട്ടിയത്. അതിനു മുമ്പത്തെ വര്‍ഷം ഡല്‍ഹിയിലെ സാമാജിക് സുവിധാ സംഘത്തിനും സ്വന്‍ ചേതന്‍ സൊസൈറ്റി എന്ന എന്‍ജിഒയ്ക്കും. 2009ല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട പദ്ധതിക്കായിരുന്നു പുരസ്കാരം. അതിനുമുമ്പ് നാഗാലാന്‍ഡ് സര്‍ക്കാരിനും ആന്ധ്രാപ്രദേശിലെ ഐടി വകുപ്പിനുമൊക്കെ ഇത്തരം പുരസ്കാരം കിട്ടിയിട്ടുണ്ട്. അന്നൊന്നും ഷീലാ ദീക്ഷിതോ മറ്റാരെങ്കിലുമോ നരേന്ദ്രമോഡിപോലുമോ വ്യക്തിപരമായ നേട്ടമായി അതിനെ കാണുകയോ കൊട്ടിഘോഷിക്കുകയോ അതിശയോക്തി പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. മുനിസിപ്പാലിറ്റികള്‍ക്ക്, വിവിധ വകുപ്പുകള്‍ക്ക്, സംഘടനകള്‍ക്ക്, പൊതുകര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്ന സ്ഥാപനങ്ങള്‍ക്ക്- അവാര്‍ഡിനായി ഇവര്‍ക്കെല്ലാം അപേക്ഷിക്കാം. അതിന് ശുപാര്‍ശവേണം. മാനേജ്മെന്റ് വേണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ സമര്‍പ്പിച്ച് ലോബിയിങ്ങ് നടത്തി സംഘടിപ്പിച്ച അവാര്‍ഡിന് ഇല്ലാത്ത മഹത്വം ചാര്‍ത്തി ഉമ്മന്‍ചാണ്ടി ഞെളിയുമ്പോള്‍, കണ്ടുനില്‍ക്കുന്ന എല്ലാവരെയും പൊട്ടന്‍മാരാക്കുകയല്ലേ? ഈ അവാഡിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഇന്റര്‍നെറ്റ് തപ്പിയാല്‍ ആര്‍ക്കും ലഭിക്കുമെന്നിരിക്കെയാണ് ഈ തട്ടിപ്പ് എന്നത്, മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും അമ്പരപ്പിക്കുന്ന തൊലിക്കട്ടിയെ സൂചിപ്പിക്കുന്നു.

അഴിമതിയാരോപണങ്ങളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ദുരൂഹ ബന്ധങ്ങളുടെയും ഊരാക്കുരുക്കില്‍ ശ്വാസംമുട്ടുന്ന ഉമ്മന്‍ചാണ്ടിക്കുള്ള ഓക്സിജന്‍ സിലിണ്ടറായാണ് ഈ അവാര്‍ഡിനെ മലയാള മനോരമയടക്കമുള്ള മാധ്യമങ്ങള്‍ എഴുന്നള്ളിച്ചത്. അത് അവരുടെ ജന്‍മോദ്ദേശ്യമെന്ന് കരുതി സമാധാനിക്കാം. എന്നാല്‍, ഖജനാവില്‍ കയ്യിട്ടുവാരി ഈ അവാഡ് നാടകത്തിന് നല്‍കിയ പ്രചാരണ ഘോഷത്തെ അങ്ങനെ തള്ളിക്കളയാനാകില്ല. പരസ്യങ്ങള്‍ക്കും ഫ്ളക്സ് ബോഡുകള്‍ക്കും ഉമ്മന്‍ചാണ്ടിയുടെ സഹായികളായി ബഹ്റൈനില്‍ പോയ മന്ത്രി കെ സി ജോസഫടക്കമുള്ളവരുടെ ധൂര്‍ത്തിനും ജനങ്ങളോട് കണക്കുപറയേണ്ടിവരും. മുഖ്യമന്ത്രിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിതന്നെ വലിയ തട്ടിപ്പാണ്. ആ തട്ടിപ്പിനുമേല്‍ മറ്റൊരു ഹിമാലയന്‍ തട്ടിപ്പാണ് ഇപ്പോള്‍ നടന്നത്. കഴുത്തിനു പിടിച്ചുനിര്‍ത്തി ജനങ്ങള്‍ സമാധാനം പറയിക്കേണ്ട തോന്ന്യാസമാണിത് എന്നതില്‍ സംശയമില്ല.

നരേന്ദ്ര മോഡി തന്റെ പ്രാമാണിത്തം തെളിയിച്ച് അധികാരമുറപ്പിക്കാന്‍ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി മനുഷ്യക്കുരുതിയാണ് നടത്തിയത്. ഇവിടെ ഉമ്മന്‍ചാണ്ടി അഴിമതിക്കുരുക്കില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ സര്‍ക്കാരിന്റെ മുതല്‍ എടുത്ത് കള്ളപ്രചാരണം നടത്തുന്നു. ആദ്യത്തേത് ക്രൂരനായ ഫാസിസ്റ്റിന്റെ ശൈലിയെങ്കില്‍ രണ്ടാമത്തേത് നുണപറച്ചിലില്‍ നിലനില്‍പ്പ് കണ്ടെത്തുന്ന ബൂര്‍ഷ്വാരാഷ്ട്രീയക്കാരന്റെ രീതി. ഉമ്മന്‍ചാണ്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും സ്നേഹവുമൊന്നും ഇന്ന് നിലനില്‍ക്കുന്ന കാര്യങ്ങളല്ല. അതാക്കെ പഴങ്കഥ. നുണ പറയുന്നവനും നുണകള്‍ക്ക് കാതുകൊടുക്കുന്നവനും തന്റെയുള്ളിലുള്ളതോ, തനിക്കു ചുറ്റുമുള്ളതോ ആയ നേരിനെ തിരിച്ചറിയാനാകാത്ത വിധത്തിലാകുകയും തന്നോടോ, അന്യരോടോ മതിപ്പില്ലാത്ത ഒരാളായിപ്പോകുകയും ചെയ്യുമെന്ന ഫിയോദര്‍ ദസ്തയേവ്സ്കിയുടെ വാക്കുകള്‍ ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ നൂറുശതമാനം ശരിയാവുകയാണ്.


*
പി എം മനോജ്

No comments: