Monday, June 17, 2013

മാലിന്യം വേണം, ത്രിതല സംസ്കരണ പദ്ധതി

സമകാലിക കേരളം നേരിടുന്ന അതിരൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ് മാലിന്യപ്രശ്നം. നമ്മുടെ നഗരങ്ങളെല്ലാം മാലിന്യംകൊണ്ട് വീര്‍പ്പുമുട്ടുന്നു. ഗ്രാമങ്ങളും ചെറു പട്ടണങ്ങളും മാലിന്യപ്രശ്നം പരിഹരിക്കാനാകാതെ വലയുന്നു. തെരുവോരങ്ങളും വയലേലകളും വെളിമ്പ്രദേശങ്ങളുമെല്ലാം മാലിന്യ കൂമ്പാരങ്ങളായി മാറി. നമ്മുടെ പുഴകളും നീര്‍ച്ചാലുകളും തുറന്ന ജല സ്രോതസ്സുകളായ കുളങ്ങളുമെല്ലാം മാലിന്യങ്ങള്‍ തള്ളാനുള്ള കുപ്പത്തൊട്ടികളായാണ് പലരും കണക്കാക്കുന്നത്. അങ്ങനെ നമ്മുടെ ജലപരിസരവും കരപരിസരവും പലതരം രോഗങ്ങളുടെ പ്രഭവകേന്ദ്രങ്ങളായി മാറുന്നത് നാം വേദനയോടെ കാണുന്നു. മഴക്കാലം തുടങ്ങുന്നതിനുമുമ്പ് ഒരു മുന്നൊരുക്കവും സുരക്ഷാ നടപടിയും ഇല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന ഒരു നാടായി ഈ "സുന്ദരകേരളം" മാറുന്നു എന്നത് നമ്മെ ഏറെ ലജ്ജിപ്പിക്കുന്നു. നാം നാടുകടത്തിയ രോഗങ്ങളെല്ലാം തിരിച്ചുവരികയാണ്. പുതിയവ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു. ദിനംപ്രതി മാലിന്യജന്യ രോഗങ്ങളാല്‍ മരിച്ചുവീഴുന്നവരുടെ എണ്ണവും കൂടിക്കൂടി വരുന്നു.

മഴ തുടങ്ങി രണ്ടാം ദിവസമായപ്പോള്‍ 20 പേരാണ് ഡെങ്കി പനിപിടിച്ച് മരിച്ചത്. പരിഷ്കൃത ലോകത്തെവിടെയും ഇങ്ങനെ ഉണ്ടാവില്ല. ആധുനിക ഉപഭോഗ സംസ്കാരമാണ്. ഈ മാലിന്യ പ്രസരണത്തിന്റെ മൂലകാരണമെന്ന് നമുക്കറിയാം. ഉല്‍പാദന പ്രവര്‍ത്തനങ്ങളേക്കാളേറെ ഉപഭോഗം സൃഷ്ടിക്കുന്ന മാലിന്യമാണ് ഇന്ന് നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. പരമാവധി ഉപഭോഗമെന്ന മുതലാളിത്തത്തിന്റെ വികസന കാഴ്ചപ്പാട് പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ കൊള്ളയിലേക്കും പരിസരത്തില്‍ അനിയന്ത്രിതമായ മാലിന്യ വിക്ഷേപത്തിലേക്കും നയിക്കുന്നു. ഉപഭോഗത്തിന്റെ പരമകാഷ്ഠ മാലിന്യത്തിന്റെ പരമകാഷ്ഠ കൂടിയായി മാറുന്നു. ഉപഭോഗമാവട്ടെ, ഓരോരോ വ്യക്തിയിലേക്കും കുടുംബത്തിലേക്കും ചെറുചെറു സാമൂഹ്യ സംവിധാനത്തിലേക്കും വികേന്ദ്രീകരിക്കപ്പെട്ടു നടക്കുന്ന ഒന്നാണെന്ന് നമുക്കറിയാം. മാലിന്യസംസ്കരണത്തിലെ ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ മാര്‍ഗ്ഗം വികേന്ദ്രീകൃത സംസ്കരണം അഥവാ ഉറവിട മാലിന്യ സംസ്കരണമാണ്. എവിടെയാണ് മാലിന്യം ഉല്‍പാദിപ്പിക്കപ്പെടുന്നത്, അവിടങ്ങളില്‍വെച്ചുതന്നെ സംസ്കരിക്കപ്പെടണം എന്ന പൊതു ബോധത്തിലേക്ക് നാമിനിയും മൊത്തത്തില്‍ എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കുറെയേറെ മുന്നേറാന്‍ കഴിഞ്ഞ ഒരു നഗരമാണ് കോഴിക്കോട്. ഒരുകാലത്ത് നിത്യേന 250 മുതല്‍ 300 ടണ്‍ വരെ മാലിന്യങ്ങള്‍ കോഴിക്കോട്ടെ സംസ്കരണ കേന്ദ്രമായ ഞെളിയന്‍പറമ്പില്‍ എത്തിയിരുന്നു. ഇത്രയും ഭീമമായ അളവ് സംസ്കരിക്കാനോ കൈകാര്യംചെയ്യാന്‍പോലുമോ ഞെളിയന്‍പറമ്പിന് കഴിഞ്ഞിരുന്നില്ല. തത്ഫലമായി, നഗരവാസികള്‍ക്കും ഞെളിയന്‍പറമ്പ് സ്ഥിതിചെയ്യുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ദേശവാസികള്‍ക്കും അതൊരു തീരാദുരിതമായിരുന്നു. ഒരു പ്രദേശമാകെ ദുര്‍ഗന്ധപൂരിതമായി. സംസ്കരണ പ്രക്രിയയില്‍നിന്നും സംസ്കരിക്കാന്‍ കഴിയാതെ കിടക്കുന്ന വന്‍ കൂനകളില്‍നിന്നും ഒലിച്ചിറങ്ങുന്ന (ലീച്ചേറ്റ് എന്ന് വിളിക്കപ്പെടുന്ന) ദ്രവമാലിന്യം പ്രദേശത്താകെ പരന്നൊഴുകി കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്തി. സംസ്കരണം പൂര്‍ണമാകാത്തതിനാല്‍ ജൈവവളവും ആര്‍ക്കും വേണ്ടാതായി. പരിഹരിക്കാനാകാതെ വര്‍ഷങ്ങളോളം ഈ പ്രശ്നം നഗരസഭയ്ക്കും ജന സമൂഹത്തിനും സൃഷ്ടിച്ചിരുന്ന തലവേദന ചെറുതൊന്നുമായിരുന്നില്ല.

മാലിന്യം പരിഹരിക്കാനാകാത്തവിധം ഭീമാകാരംപൂണ്ടതും അശാസ്ത്രീയമായ സംസ്കരണ സംവിധാനങ്ങളുമായിരുന്നു പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. പ്രശ്നം സഹിക്കവയ്യാതായപ്പോള്‍ ദേശവാസികള്‍ സംഘടിച്ചു മാലിന്യം അവിടേക്ക് വരുന്നത് തടഞ്ഞു. അത് സ്വാഭാവികം മാത്രം. ഒരു സമൂഹത്തിനും അത് താങ്ങാന്‍ കഴിയുമായിരുന്നില്ല. സംസ്കരണ കേന്ദ്രത്തിലെത്തിച്ചാലും സംസ്കരിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ മാലിന്യങ്ങള്‍ തെരുവോരങ്ങളെ കീഴടക്കിത്തുടങ്ങി. ഇത്തരമൊരു സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനും നഗരത്തിലെ പൗരസമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍തന്നെ സംസ്കരിക്കാന്‍ വലിയൊരളവുവരെ നേതൃത്വം നല്‍കാന്‍ കോഴിക്കോട് കോര്‍പ്പറേഷന് കഴിഞ്ഞിട്ടുണ്ട്. പൊതുബോധവത്കരണം, വികേന്ദ്രീകൃതമായ ശേഖരണം, സ്രോതസ്സില്‍വെച്ചുതന്നെ സംസ്കരിക്കല്‍, പൊതുജന പങ്കാളിത്തം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഞെളിയിന്‍പറമ്പില്‍ മാലിന്യമെത്തുന്നത് ദിനംപ്രതി 60-70 ടണ്ണായി കുറയ്ക്കാന്‍ കഴിഞ്ഞു. വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ പൊതുബോധം, പരിമിതമായിട്ടാണെങ്കിലും ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെയൊക്കെ നേട്ടം ഇന്ന് നഗരത്തില്‍ ദൃശ്യമാണ്. എന്നാല്‍ ഞെളിയന്‍പറമ്പിലെ സംസ്കരണം ഇനിയും ശാസ്ത്രീയവും കുറ്റമറ്റതുമാക്കേണ്ടതുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി അവിടെ കുമിഞ്ഞുകൂടിയിട്ടുള്ളതും ഇപ്പോള്‍ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് സര്‍ക്കാര്‍ ചില പദ്ധതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും വേണ്ടവിധമുള്ള ഏകോപനം ഇല്ലാത്തത് മൂലവും സര്‍ക്കാര്‍ തലത്തിലെ ഇച്ഛാശക്തിയുടെ അഭാവത്തിലും പ്രശ്നം വീണ്ടും ഗുരുതരമാവുകയാണ്. അതോടൊപ്പം മാലിന്യ സംസ്കരണ പ്രക്രിയയും ദ്രവമാലിന്യ (ലീച്ചേറ്റ്) സംസ്കരണവും ഇനിയും കുറ്റമറ്റതാക്കേണ്ടതുമുണ്ട്. ഞെളിയന്‍പറമ്പില്‍ അനുവര്‍ത്തിച്ചുപോരുന്ന വിന്‍ഡ്രോസ് കമ്പോസ്റ്റിങ് രീതിയുടെ വലിയ നേട്ടം അവിടെ 20-25 ടണ്‍ ജൈവവളം നിത്യേന ഉല്‍പാദിപ്പിക്കുന്നു എന്നതാണ്. ഈ ജൈവവളം നമ്മുടെ കാര്‍ഷികമേഖലയ്ക്ക് നല്ല ഉത്തേജനം നല്‍കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അതോടൊപ്പം നഗരസഭയ്ക്ക് നല്ലൊരു വരുമാനമാര്‍ഗ്ഗവും ആയിരിക്കുമത്. എന്നാല്‍ ഈ സംവിധാനം കുറ്റമറ്റതാകണമെങ്കില്‍ ഉറവിട മാലിന്യ സംസ്കരണവും മാലിന്യവുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ നിലപാടുകളും കൂടുതല്‍ ക്രിയാത്മകമാകേണ്ടതുണ്ട്. മാലിന്യത്തിന്റെ പ്രശ്നം വരുമ്പോള്‍ പൗര സമൂഹം എടുക്കുന്ന ഒരു നിലപാടുണ്ട്. നഗരസഭകളേയും പഞ്ചായത്തുകളേയുമാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അത് ശരിതന്നെ. എന്നാല്‍ അത് ഭാഗികമായേ ശരിയാകുന്നുള്ളു. ത്രിതല പഞ്ചായത്ത് സംവിധാനത്തിന് അവരുടെ ചുമതല ഭംഗിയായി നിര്‍വഹിക്കണമെങ്കില്‍ അതിന് അനുപൂരകമായ ഒരു പൗരസമൂഹവും ഉണ്ടായിരിക്കണം. ഉറവിടത്തില്‍വെച്ചുതന്നെ മാലിന്യങ്ങള്‍ വേര്‍തിരിക്കപ്പെടണം. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേര്‍തിരിക്കണം. ഇവയ്ക്കോരോന്നിനും സംസ്കരണ രീതി വ്യത്യസ്തമാണല്ലോ. അജൈവമാലിന്യങ്ങളുടെ സംസ്കരണത്തിന് പലതിനും പല മാര്‍ഗങ്ങളാണ്. ഒരു ഭരണ സംവിധാനത്തിനും ഇത് വീടുകളിലോ മറ്റ് മാലിന്യ ഉല്‍പാദന കേന്ദ്രങ്ങളിലോ പോയി നിര്‍വഹിക്കാനാവില്ല. പൗരസമൂഹം അത് കുടുംബാടിസ്ഥാനത്തിലോ അയല്‍പക്കാടിസ്ഥാനത്തിലോ ചെയ്തേ പറ്റൂ. ഭീമാകാരമായ അളവാണല്ലോ സംസ്കരണ പ്രക്രിയയിലെ മറ്റൊരു കീറാമുട്ടി.

കേന്ദ്രീകൃത സംസ്കരണം ഫലപ്രദമായും ദക്ഷതയോടെയും ചെയ്യണമെങ്കില്‍ പരമാവധി കുറച്ച് മാത്രം അവിടങ്ങളില്‍ എത്തണം. ഇവിടെയാണ് ഉറവിട മാലിന്യ സംസ്കരണം അഥവാ വികേന്ദ്രീകൃത സംസ്കരണ സംവിധാനത്തിന്റെ അനിവാര്യത നിര്‍ണായകമാകുന്നത്. ഓരോ വീട്ടിലും കടകമ്പോളത്തിലും ഉണ്ടാകുന്ന മാലിന്യങ്ങള്‍ അവിടെവെച്ചുതന്നെ സംസ്കരിക്കാമല്ലോ. ഇതും പരമാവധി പൗരസമൂഹംതന്നെ ഏറ്റെടുത്ത് നടപ്പാക്കാന്‍ ശ്രമിക്കണം. ഇതിന് ആവശ്യമായ സാങ്കേതികവിദ്യയും സംവിധാനങ്ങളും ഒരുക്കികൊടുക്കേണ്ട ചുമതല ത്രിതല പഞ്ചായത്തുകള്‍ക്കാണ്. ഇതൊരുക്കിയെടുക്കാന്‍ കഴിയാത്ത ദരിദ്രവിഭാഗത്തിന് അതൊരുക്കിക്കൊടുക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് ചുമതലയുണ്ട്. അവരത് ചെയ്യണം. മാലിന്യങ്ങള്‍ മിക്കപ്പോഴും പ്ലാസ്റ്റിക് സഞ്ചികളില്‍ കെട്ടി പൊതുസ്ഥലത്തേക്കും വഴിയോരങ്ങളിലേക്കും വലിച്ചെറിയുന്ന സാമൂഹ്യ വിരുദ്ധര്‍ നമ്മുടെ ഇടയിലുണ്ട്. അവരിലെ പൗരബോധമുണര്‍ത്തണം. തന്റെ മാലിന്യങ്ങള്‍ അന്യരുടെ ഇടയിലേക്ക്, പൊതു സ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നത് സംസ്കാരശൂന്യമായ നടപടിയാണെന്ന് അവര്‍ മനസ്സിലാക്കണം. എന്നിട്ടും അവര്‍ പ്രവര്‍ത്തന ശൈലി മാറ്റുന്നില്ലെങ്കില്‍ അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കാന്‍ ഭരണ സംവിധാനത്തിന് കഴിയണം. അത്തരം ആള്‍ക്കാരെ സാമൂഹ്യവിരുദ്ധരായി പ്രഖ്യാപിച്ച് സമൂഹത്തിന്റെമുമ്പില്‍ കൊണ്ടുവരാന്‍ പ്രാദേശിക കൂട്ടായ്മയകളും യുവജന - പൗരപ്രസ്ഥാനങ്ങളും ശ്രമിക്കുകയും വേണം. ത്രിതല പഞ്ചായത്തുകളും പൗരസമൂഹവും തമ്മിലുണ്ടാകേണ്ട അഭൂതപൂര്‍വ്വമായ ഒരു കൂട്ടായ്മയിലൂടെ മാത്രമേ ഇവയെല്ലാം നടക്കൂ. ഉറവിട മാലിന്യ സംസ്കരണത്തിന് പ്രത്യേകിച്ച് വികേന്ദ്രീകൃത-ഗാര്‍ഹിക നിലവാരത്തിന് ഇന്ന് ധാരാളം മാതൃകകളുണ്ട്. ഒറ്റയൊറ്റ ഫ്ളാറ്റുകള്‍ക്ക് പറ്റിയതാണ് വെര്‍മി കമ്പോസ്റ്റിങ്. ഫ്ളാറ്റു സമുച്ചയങ്ങള്‍ക്കും ധാരാളം അംഗങ്ങളും ഇത്തിരി സ്ഥലവും ഒക്കെയുള്ള വീടുകള്‍ക്കും പറ്റിയതാണ് ഗാര്‍ഹിക ബയോ ഗ്യാസ് പ്ലാന്റുകള്‍. കല്യാണ മണ്ഡപങ്ങള്‍, ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, വ്യാപാരസമുച്ചയങ്ങള്‍, അറവുശാലകള്‍ എന്നിവയ്ക്ക് പറ്റിയ ബയോ കമ്പോസ്റ്റിങ് യൂണിറ്റുകളും ഇന്ന് വ്യാപകമായി പ്രയോഗിച്ചുവരുന്നുണ്ട്. ഏതാനും സെന്റ് സ്ഥലം മാത്രമുള്ള ചെറിയ വീടുകള്‍ക്ക് പറ്റിയതാണ് പൈപ്പ് കമ്പോസ്റ്റിങ്, പോട്ട് കമ്പോസ്റ്റിങ്, റിങ് കമ്പോസ്റ്റിങ് എന്നിവ. എല്ലാ വീടുകളിലും അവര്‍ക്കനുയോജ്യമായ ഒരു മാലിന്യ സംസ്കരണ സംവിധാനം ഉണ്ടായിരിക്കണം എന്നത് എല്ലാവരും കൈവരിക്കേണ്ട ഒരു സാമൂഹ്യ ലക്ഷ്യമായി കാണണം. ഇപ്പോള്‍ ഏതാണ്ട് എല്ലാ വീടുകളിലും ഒന്നോ രണ്ടോ അതിലധികമോ ടോയ്ലറ്റുകളും മല സംസ്കരണത്തിന് സെപ്റ്റിക് ടാങ്കും ഉണ്ടല്ലോ. ഇത് വളരെ വലിയ ഒരു പുരോഗതിയാണ്. ഇവയ്ക്കുവേണ്ട ചെലവിന്റെ പത്തില്‍ ഒന്നുപോലും വേണ്ട ഒരു മാലിന്യ സംസ്കരണ സംവിധാനം വീട്ടില്‍ ഒരുക്കാന്‍. അത്രയും ചെലവഴിക്കാന്‍ പറ്റാത്തവരുണ്ടാകും. അവര്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ അവ ഒരുക്കിക്കൊടുക്കണം. സംസ്കരണം ഒരു സാമൂഹ്യ ആവശ്യം കൂടിയാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. കമ്പോസ്റ്റിങ് രീതി പ്രയോഗിക്കുമ്പോള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം മാത്രമല്ല നടക്കുന്നത്. അതോടൊപ്പം ഒന്നാംതരം ജൈവവള ഉല്‍പാദനംകൂടി നടക്കുന്നുണ്ട്. ബയോഗ്യാസ് പ്ലാന്റുകളിലാകട്ടെ മാലിന്യസംസ്കരണത്തോടൊപ്പം ഒന്നോ രണ്ടോ മണിക്കൂര്‍ കത്തിക്കാനുള്ള പാചകവാതകംകൂടി കിട്ടും. പാചകവാതകത്തിന് വന്‍ വിലയും റേഷനിങ്ങും ഒക്കെ ഏര്‍പ്പെടുത്തുന്ന ഈ കാലത്ത് വലിയ ഒരനുഗ്രഹം ആണ് ബയോഗ്യാസ് പ്ലാന്റുകള്‍. ദിവസേന നാലഞ്ച് കിലോ എങ്കിലും ജൈവ മാലിന്യങ്ങള്‍ ഉണ്ടായിരിക്കണം എന്നുമാത്രം. ഉറവിട മാലിന്യ സംസ്കരണം ഇപ്രകാരം വ്യാപകമായാല്‍, പിന്നീട് കേന്ദ്രീകൃതമായി ഓരോ നഗരസഭയ്ക്കും കൈകാര്യം ചെയ്യേണ്ട മാലിന്യം വളരെ പരിമിതവും അതിനാല്‍ ആ കടമ ലളിതവും ആയിത്തീരും. അതോടൊപ്പം കേന്ദ്രീകൃത സംസ്കരണം ആവശ്യമായ മാലിന്യത്തിന്റെ കടത്ത് ശാസ്ത്രീയമാക്കണം. അത്തരം ലോറികളും മറ്റും ദുര്‍ഗന്ധംവമിക്കുന്ന ഇന്നത്തെ അവസ്ഥ മാറണം. ഈ സാഹചര്യത്തില്‍ 50-60 ടണ്‍വരെ നിത്യേന ഏതൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും എളുപ്പം കേന്ദ്രീകൃതമായി സംസ്കരിക്കാം. ശാസ്ത്രീയമായ വിന്‍ഡ്രോ കംപോസ്റ്റിങ്ങാണ് ഏറ്റവും അഭികാമ്യവും സാങ്കേതിക ജഡിലത ഇല്ലാത്തതും. ഈ സംവിധാനം ഒരു ജൈവവള ഫാക്ടറി കൂടിയായി മാറും. മണ്ണിലേക്ക് തിരിച്ചു നല്‍കേണ്ട ജൈവ സമ്പത്തിനെ അങ്ങനെ തിരിച്ചുനല്‍കിക്കൊണ്ട് മണ്ണിന്റെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും അതുവഴി അതൊരു പാരിസ്ഥിതിക സംതുലന ഏര്‍പ്പാടായിത്തീരുകയും ചെയ്യുന്നു. മണ്ണില്‍ നിന്നെടുത്തത് മണ്ണിലേക്കുതന്നെ നല്‍കിക്കൊണ്ട് പോഷക ചക്രം പൂര്‍ത്തിയാക്കുക എന്ന പാരിസ്ഥിതിക ധര്‍മ്മമാണത്. വീടുകളില്‍ സംസ്കരിക്കാന്‍ പറ്റാത്ത ഖരമാലിന്യങ്ങളാണ് പ്ലാസ്റ്റിക്കും അനുബന്ധ സാമഗ്രികളും. ഇവയുടെ ഉത്തരവാദിത്വം ഭരണ സംവിധാനവും പ്രാദേശിക അയല്‍ക്കൂട്ടങ്ങളും ഏറ്റെടുക്കണം. പുനഃചംക്രമണമാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗ്ഗം. ഓരോ നഗരത്തിലും ആവശ്യമായത്ര പുനഃചംക്രമണ യൂണിറ്റുകളുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം അതത് ഭരണസമിതികള്‍ ഏറ്റെടുക്കുകതന്നെ വേണം. അതുപോലെതന്നെ മറ്റ് ഖരവസ്തുക്കളുടെ പ്രശ്നവുമുണ്ട്. ലോഹങ്ങള്‍, ഗ്ലാസ്, കമ്പ്യൂട്ടറുകളും ആശുപത്രികളുമായി ബന്ധപ്പെട്ട മാലിന്യങ്ങള്‍, കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട പാഴ്വസ്തുക്കള്‍ തുടങ്ങിയ ഒട്ടനവധി ഖരമാലിന്യങ്ങള്‍. ഇവയ്ക്ക് ഓരോന്നിനും സമുചിതമായ സംസ്കരണ രീതികളുണ്ട്. ഈ ഉത്തരവാദിത്വവും നഗരസഭകളുടേയും മുനിസിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടെയുമാണ്. എന്നാല്‍ ത്രിതല പഞ്ചായത്തുകളുടെ ഉത്തരവാദിത്വം അവര്‍ക്ക് നിര്‍വഹിക്കാന്‍ കഴിയണമെങ്കില്‍ അതിനാവശ്യമായ ഏകോപനവും സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. ഇതെല്ലാം ത്രിതല പഞ്ചായത്തുകളുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞുകൊണ്ട് കയ്യുംകെട്ടി നില്‍ക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും അവലംബിക്കുന്നുണ്ട്. ഈ ഏകോപനമില്ലായ്മയും നിസ്സംഗതയും നിരുത്തരവാദിത്വവുമാണ് തിരുവനന്തപുരം വിളപ്പില്‍ശാലാ പ്രശ്നത്തെ ഇത്ര രൂക്ഷമാക്കിയത്.

പല നഗരസഭകളും മുനിസിപ്പാലിറ്റികളും ഈ നയംമൂലം ഇരുട്ടില്‍ തപ്പുന്ന സ്ഥിതിവിശേഷമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കുതന്നെ വേണം. ഇന്നത്തെ നിസ്സംഗതയും നിരുത്തരവാദിത്വവും അപകടകരമാണെന്ന് പറയാതെ വയ്യ. നഗരത്തില്‍ പ്രയോഗിക്കേണ്ട പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിനും അതിനാവശ്യമായ മുതല്‍മുടക്ക് നടത്തുന്നതിനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയില്ല എന്നതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ജെഎന്‍എന്‍യുആര്‍എം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാന്‍ തുടങ്ങിയത് എന്നുകൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്.

മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ പൊതുവെ ഇന്നൊരു പരസ്പര കുറ്റാരോപണത്തിന്റെ സ്വരമാണ് കേള്‍ക്കുന്നത്. ഇത് മാറ്റണം. ഒരു ത്രിതല പാരസ്പര്യവും സംയോജനവും അത്യാവശ്യമാണ്. പൗരസമൂഹം, ത്രിതല പഞ്ചായത്തുകള്‍, സര്‍ക്കാര്‍ ഇവ ഓരോന്നും അവരവരുടെ ഉത്തരവാദിത്വം ചുമതലാബോധത്തോടെ പൂര്‍ണ്ണമനസ്സാലേ ചെയ്താലേ ഇന്ന് കേരളം നേരിടുന്ന പ്രതിസന്ധി മുറിച്ചുകടക്കാനാകു. പൗരസമൂഹം ഉയര്‍ന്ന സാംസ്കരിക അവബോധത്തോടെ തങ്ങളുടെ ചുമതല നിര്‍വഹിക്കണം. ഗ്രാമ-നഗര ഭരണസമിതികള്‍ അവരുടെ കടമ നിര്‍വഹിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനുമുണ്ട് ചുമതല എന്ന് നാം കണ്ടു. ഈ ത്രിതല സംസ്കരണ സംവിധാനമാണിന്ന് കുറ്റമറ്റതാക്കേണ്ടത്. പകരം പസ്പരം കുറ്റാരോപണം ചൊരിഞ്ഞ് താന്താങ്ങളുടെ ഉത്തരവാദിത്വം മറക്കുകയോ മറച്ചുവെയ്ക്കുകയോ ചെയ്യുന്നു. നാടും നഗരവും നാശത്തിന്റെ വക്കിലേക്കു വഴുതിവീഴുന്ന ഇന്നത്തെ അവസ്ഥയ്ക്ക് അടിയന്തിരമായി പരിഹാരം കാണേണ്ടതുണ്ട്.

*
പ്രൊഫ. കെ ശ്രീധരന്‍ ചിന്ത വാരിക

No comments: